സഹയാത്രികയ്ക്ക് സ്‌നേഹ പൂർവം: ഭാഗം 12

Share with your friends

എഴുത്തുകാരി: ഗൗരി ലക്ഷ്മി

ജിഷ്ണു.. കിച്ചു അവന്റെ തോളിൽ കയ്യമർത്തി.. പക്ഷെ ആശ്വസിപ്പിക്കലിനുമൊക്കെ അപ്പുറത്തായി ഭദ്രയുടെയും വിച്ചുവിനെയും അന്നത്തെ അവസ്ഥയുടെ ഷോക്കിലായിരുന്നു അവൻ അപ്പോഴും.. ജിഷ്ണു.. കിച്ചു ഒരിക്കൽ കൂടി വിളിച്ചു . ജിഷ്ണു അവനെ നോക്കി.. ഭദ്ര..കുഞ്ഞിലെ മുതൽ എന്റെ കയ്യിൽ തൂങ്ങി വളർന്ന കുട്ടിയാണ്.. എന്തിനും ഏതിനും ഞാൻ വേണമായിരുന്നു.. ആ അവളാണ് ഇന്നിങ്ങനെ.. വെറുപ്പാണ് അവൾക്ക് എല്ലാവരോടും . ഈ നാട്ടിലെ ഓരോ മുഖങ്ങളെയും വെറുക്കാൻ ഉള്ള ശേഷി അവളുടെ മനസ്സിനുണ്ട്.. കാരണം അതിലേയ്ക്ക് ഈ നാട്ടുകാർ ഏൽപ്പിച്ച മുറിവുകൾ അത്രമേൽ വലുതായിരുന്നു കിച്ചൂ..

താൻ മുൻപ് പറഞ്ഞിരുന്നില്ലേ എന്തൊക്കെ തെറ്റു ചെയ്‌തെങ്കിലും പ്രായത്തിനെ ബഹുമാനിക്കണം എന്നു.. ഈ സ്ത്രീയെ എങ്ങനെ അവൾ ബഹുമാനിക്കും.. സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു കാമുകനൊപ്പം പോകുന്നവരെ കുറിച്ചു ഞാനും കേട്ടിട്ടുണ്ട്. പക്ഷെ എന്റെ വിച്ചു.. ജിഷ്ണുവിന്റെ തൊണ്ട ഇടറി.. പാവമാടോ അവൾ.. വെറും പാവം.. ആരെയും അവൾ ഇന്നുവരെ നുള്ളി പോലും വേദനിപ്പിച്ചിട്ടില്ല . ഒരു നോട്ടം കൊണ്ടുപോലും ആരോടും അവൾ ദേഷ്യപ്പെട്ടിട്ടില്ല.. എന്നിട്ടും ആ പാവത്തെ അയാൾക്ക് മുന്നിൽ എറിഞ്ഞു കൊടുത്ത ആ സ്ത്രീയോട് ഭദ്ര അങ്ങനെ ചെയ്തതിൽ എന്താണ് തെറ്റ്..

ജിഷ്ണു വല്ലാത്ത അവസ്ഥയിൽ ആണെന്ന് തോന്നി.. വിമൽ അവനിലേക്ക് ചേർന്നിരുന്നു. കിച്ചുവും വിമലും അവന്റെ തോളിൽ ഇരുവശത്തുമായി കൈ ചേർത്തു.. പിന്നീട് എന്താ ഉണ്ടായത്.. വിമൽ ചോദിച്ചു.. ജിഷ്‌ണു അവനെ നോക്കി. ശേഷം തെളിഞ്ഞൊഴുകുന്ന അരുവിയിലേയ്ക്കും.. അന്ന് ഭദ്രയ്ക്ക് 18 വയസ്സ് കഴിഞ്ഞിട്ടേയുള്ളൂ.. 18 വയസ്സിന് മുകളിൽ ആയതുകൊണ്ട് തന്നെ അവളെ കുട്ടികളുടെ ജയിലിലേക്ക് അയയ്ക്കാൻ പറ്റില്ല.. എന്തെങ്കിലും വഴിയുണ്ടോ അവളെ പുറത്തിറക്കാൻ എന്നാണ് ഞങ്ങൾ ആലോചിച്ചത്.. അതിനിടയിൽ ഞങ്ങൾ അന്നുവരെ കണ്ട നാട്ടുകാർ ഒരുപാട് മാറിപ്പോയി. മാഷിന്റെ കുടുംബത്തെപ്പറ്റി കിട്ടിയ ന്യൂസ് അവർ പരമാവധി ആഘോഷിച്ചു..

അന്നുവരെ നാട്ടിലെ ഓരോ കുടുംബത്തിലും എന്തെങ്കിലും പ്രശ്നമുണ്ടായാൽ മറ്റൊരാൾ അരിയും മുൻപേ പരിഹരിച്ചു കൊടുക്കുന്ന മാഷ് ഈ നാട്ടിലെ സംസാര വിഷയമായി.. ഭദ്രയെ അറസ്റ്റ് ചെയ്തതും വിച്ചുവിനെ ഞങ്ങൾ വീട്ടിൽ കൊണ്ടുപോയി.. അവൾ അതേപിന്നെ ഒരാളോടും സംസാരിച്ചില്ല.. ‘അമ്മ നിർബന്ധിച്ചു അവളുടെ കീറി പറിഞ്ഞ വേഷം മറിച്ചു.. അവളുടെ ദേഹത്തും ചോര ഉണ്ടായിരുന്നു.. അതൊക്കെ തുടച്ചു മാറ്റി ‘അമ്മ അവളെ മോളെപോലെ ചേർത്തുപിടിച്ചു.. മാഷാണേൽ എങ്ങോട്ടാണ് പോയതെന്ന് പോലും ആർക്കും അറിയില്ല..

ഭദ്രയുടെ അവസ്ഥയായിരുന്നു കഷ്ട്ടം.. അവൾ പോലീസ് സ്റ്റേഷനിൽ ആയതുകൊണ്ട് തൽക്കാലം അവൾക്ക് മാറ്റാനുള്ള ഡ്രെസ്സും മറ്റുമായി ഞാനും ശിവേട്ടനും സ്റ്റേഷനിലേക്ക് പോയി.. ജിഷ്ണുവിന്റെ കണ്ണിൽ ഒരു പിടപ്പ് അനുഭവപ്പെട്ടു.. അവന്റെ കണ്ണിൽ ഭദ്രയുടെ രൂപം തെളിഞ്ഞു.. ********** സർ എനിക്ക് ഇന്നിങ്ങോട്ട് കൊണ്ടുവന്ന ഭദ്രയെ ഒന്നു കാണണമായിരുന്നു.. ജിഷ്ണു പറഞ്ഞു.. ശിവേട്ടാ . ഇങ്ങു പോരെ.. എസ് ഐ ശശി സർ പറഞ്ഞു.. ശിവേട്ടനും ജിഷ്ണുവും അകത്തേയ്ക്ക് കയറി.. ആ കൊച്ചു ദേ ആ ബെഞ്ചിൽ ഇരിപ്പുണ്ട്. ഇവിടെ വന്നേ പിന്നെ ഒരു തുള്ളി വെള്ളം ഇറക്കിയിട്ടില്ല..

ആ വെട്ടുകത്തി പോലും താഴെ വെച്ചിട്ടില്ല.. അയാൾ ശിവേട്ടനോട് പറഞ്ഞു.. ജിഷ്ണു ഭദ്രയെ നോക്കി.. കുഞ്ഞനിയത്തിയെ പോലെ കൈ വിരലിൽ തൂങ്ങി നടന്ന കുട്ടിയാണ്.. അവളുടെ ആ രൂപം അവനെ വല്ലാതെ ഭ്രാന്തെടുപ്പിച്ചു.. ശരീരം മുഴുവൻ ചോരയാണ്.. നീണ്ടു മുഖത്തേയ്ക്ക് പാറി വീണു കിടക്കുന്ന മുടിയിഴകളിൽ വരെ ചോര തുള്ളികൾ.. കയ്യിൽ ചോര പുരണ്ട വെട്ടുകത്തി മുറുകെ പിടിച്ചിട്ടുണ്ട്. ഒരു ഭ്രാന്തിയെ പോലെയുള്ള ഇരിപ്പ്.. മോളെ ഭദ്രേ.. ജിഷ്ണു വിളിച്ചുപോയി.. അവന്റെ ശബ്ദം നേർത്തിരുന്നു… സർ.. അവൾക്ക് മാറാനുള്ള ഡ്രെസ്സും ഒക്കെ ഞാൻ കൊണ്ടുവന്നിട്ടുണ്ട്.. ശിവേട്ടൻ പറഞ്ഞു..

അതിനോട് മാറാൻ പറയ്.. പുറത്ത് വനിതാ പോലീസുകാർക്ക് ഒരുമുറിയുണ്ട്.. അന്നാമ്മോ.. ഈ കൊച്ചിനോട് ആ ചോരയൊക്കെ കഴുകി കളയാൻ പറയ്.. ശിവൻ സർ പറഞ്ഞു.. 40നടുത്തു പ്രായം വരുന്ന വനിതാ കൊണ്സ്റ്റബിൾ മുൻപോട്ട് വന്നു.. അവർ ഭദ്രയ്ക്കരികിൽ ചെന്നു.. എടി കൊച്ചേ. എണീക്ക്… വാ.. അവർ വിളിച്ചതും ഒന്നും മിണ്ടാതെ ഭദ്ര എഴുന്നേറ്റു.. ദേ ഈ ഡ്രെസ്സ് കൂടെ കൊണ്ടുപോയ്ക്കോ.. എസ് ഐ പറഞ്ഞു..അന്നമ്മ ആ ഡ്രെസ്സ് അടങ്ങിയ കവർ കൊയ്ഡ് വാങ്ങിക്കൊണ്ട് അകത്തേയ്ക്ക് നടന്നു..ഒപ്പം ആരെയും നോക്കാതെ ഭദ്രയും.. ജിഷ്ണുവിന്റെ നെഞ്ചു പിടഞ്ഞു.. ഇന്നിപ്പോൾ ഞായറാഴ്ച അല്ലെ..

കോടതി അവധിയാണ്.. ഇനിയിപ്പോൾ ജാമ്യത്തിന് അപേക്ഷിക്കണേലും നാളെ ആകണം.. ഏതെങ്കിലും നല്ല വക്കീലന്മാരെ വെച്ചു നോക്ക്.. ജാമ്യം കിട്ടാനുള്ള സാധ്യത ഒന്നുമില്ല.. ആ തള്ളേടേം അയാളുടേം ജീവന്റെ കാര്യത്തിൽ ഇതുവരെ ഡോക്ടർമാർ ഉറപ്പ് പറഞ്ഞില്ല.. എസ് ഐ പറഞ്ഞു.. ജിഷ്ണുവും ശിവേട്ടനും പരസ്പരം നോക്കി.. കൊച്ചു പെണ്ണാ സാറേ.. രക്ഷിക്കാൻ എന്തെങ്കിലും വഴിയുണ്ടോ.. ശിവേട്ടനും ചോദിച്ചു.. ഇതിലിപ്പോ ഞാനെന്താ ശിവേട്ടാ ചെയ്യ. എനിക്കും മാഷിനെ അറിയാം. ആ തള്ള ചെയ്ത പണിക്ക് പെങ്കൊച്ചു ചെയ്തു പോയതാണെന്നും അറിയാം. പക്ഷെ അതുകൊണ്ട് കാര്യം ഇല്ലല്ലോ..

അവർ ചത്താൽ ഒരു രക്ഷേമില്ല.. ജീവനോടെ ഇരുന്നാൽ പരാതി ഇല്ല എന്നെഴുതി തന്നാൽ ചിലപ്പോൾ കേസ് ഒക്കെ തേഞ്ഞു പൊക്കോളും.. പിന്നെ ഇനി ആകെ വല്ലോം ചെയ്യാൻ പറ്റുന്നത് വക്കീലിനാ.. കൊച്ചിന്റെ അവസ്ഥയും ജീവനും മാനവും രക്ഷിക്കാൻ ശ്രമിച്ചതും ഒക്കെ പറഞ്ഞാൽ ചിലപ്പോൾ ജാമ്യം കിട്ടും. ഏതായാലും നാളെ ജാമ്യം കിട്ടാൻ സാധ്യത തീരെ കുറവാ ശിവേട്ടാ. 14 ദിവസം റിമാൻഡ് ചെയ്യുമായിരിക്കും..അതിനിടയിൽ എന്തെങ്കിലും ചെയ്യണം.. എസ് ഐ പറഞ്ഞു.. പ്രതീക്ഷകൾ ഓരോന്നായി അസ്തമിച്ചു പോകുകയായിരുന്നു.. *******

മാഷ് ഇതുവരെ വന്നില്ലല്ലോ ശ്രീധരൻ മാഷേ . ശിവൻ ചോദിച്ചു.. ഞാനെന്താ ശിവാ പറയുക. എങ്ങോട്ടാ പോകുന്നത് എന്നു പോലും മാഷ് പറഞ്ഞില്ല.. ശ്രീധരൻ മാഷ് പറഞ്ഞു.. സ്റ്റേഷനിൽ നിന്നും പോയി വകജീലിനെയും കണ്ടിട്ട് എല്ലാം ഏർപ്പാടാക്കി വന്നതായിരുന്നു ജിഷ്ണുവും ശിവനും.. ആശുപത്രിയിൽ ആരെങ്കിലും ഉണ്ടോ മാഷേ.. അല്ല അവരുടെ അവസ്ഥ.. ശിവൻ ചോദിച്ചു.. വനജയുടെ ജീവന് കുഴപ്പമൊന്നും ഇല്ല.. പക്ഷെ വെട്ടേറ്റ് ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിട്ടുണ്ട്. സദാശിവന്റെ കാര്യം ഇതുവരെ ഒന്നും പറഞ്ഞില്ല.. നട്ടെല്ലിനും കഴുത്തിന്റെ താഴെയും വയറ്റിലും കാലിലും കയ്യിലും ഒക്കെ വെട്ടേറ്റിട്ടുണ്ട്..

ശ്രീധരൻ മാഷ് പറഞ്ഞു.. എന്നാലും ഒരു സ്ത്രീയ്ക് ഇങ്ങനൊക്കെ ആകാൻ പറ്റുമോ മാഷേ . സുമ അവരുടെ അടുത്തേയ്ക്ക് ചില്ല് ഗ്ലാസ്സിൽ കട്ടൻ ചായയുമായി വന്നുകൊണ്ട് ചോദിച്ചു.. ഇങ്ങനെയും കുറെയെണ്ണം.. വിച്ചു എന്തു പറയുന്നു.. ശിവേട്ടൻ ചോദിച്ചു.. ഒന്നും മിണ്ടിയിട്ടില്ല ഈ നേരം വരെ . ഞാൻ കെട്ടിപ്പിടിച്ചപ്പോൾ കുറച്ചു കരഞ്ഞു . അത്ര തന്നെ.. നല്ലോണം പേടിച്ചു പോയി ന്റെ കുട്ടി.. ഭദ്ര അവിടെ ചെന്നില്ലായിരുന്നെങ്കിൽ… ചിലപ്പോൾ ഇന്നവൾ ജീവനോടെ കാണില്ലായിരുന്നു.. സുമ നിറകണ്ണുകളോടെ പറഞ്ഞു.. ജിഷ്ണുവിന്റെ നെഞ്ചോന്നു കലങ്ങി.. ശ്രീധരൻ മാഷ് അവനെ നോക്കി.

അവന്റെ തോളിൽ കയ്യമർത്തി.. നീ ചെന്നു ഫ്രഷാക്.. മാഷ് പറഞ്ഞു.. അച്ഛാ ഭദ്ര.. അവൻ പറഞ്ഞു.. മാഷ് ഒന്നും മിണ്ടിയില്ല. അവനെ ഒന്നു നോക്കി.. മറുപടിയില്ലാത്ത ഒരുപാട് ചോദ്യങ്ങൾ അവർക്ക് മുൻപിൽ നിറഞ്ഞു.. ********* മോളെ.. എന്റെ മോളെവിടെ ശ്രീധരാ. രാഘവൻ മാഷ് പൊട്ടിക്കരയുകയായിരുന്നു.. മാഷേ.. കരയല്ലേ. വിച്ചു അകത്തുണ്ട്.. എല്ലാം കൊണ്ടും തകർന്നിരിക്കുകയാ.. ശ്രീധരൻ മാഷ് പറഞ്ഞു.. എന്റെ ദേവ.. അവളെന്തിയെ മാഷേ. രാഘവൻ മാഷ് ചോദിച്ചു.. ഇപ്പോൾ സ്റ്റേഷനിൽ ആണ്.. നാളെ കോടതിയിൽ ഹാജരാക്കും.. ശ്രീധരൻ മാഷ് പറഞ്ഞു.. എനിക്കെന്റെ മോളെ കാണണം.. ഇപ്പൊ കാണണം.. വാ മാഷേ.. രാഘവൻ മാഷ് പറഞ്ഞു.. ഇപ്പൊ രാത്രി ഏറെ വൈകിയില്ലേ മാഷേ.

ഇനി വേണ്ട. നാളെ പോകാം. ശിവേട്ടനും സമാധാനിപ്പിക്കാൻ ശ്രമിച്ചു. എന്റെ കുഞ്ഞു.. അവളൊറ്റയ്ക്ക്.. രാഘവൻ മാഷ് വേദനയോടെ അവരെ നോക്കി.. എന്തിനാ മാഷേ ഇത്രേമായിട്ടും എല്ലാവരിൽ നിന്നുമെല്ലാം മറച്ചു വെച്ചത്.. ജിഷ്ണു ചോദിച്ചു.. മാഷിന്റെ തല താഴ്ന്നു.. അറിഞ്ഞില്ല മോനെ അവൾ അവളിത്രേം അധഃപതിച്ചു പോയത്.. എന്റെ മോളെ പോലും… സദാശിവൻ.. അവനെയും ഞാൻ വിശ്വസിച്ചു പോയി മോനെ.. ആരോ അവളെ കാണാൻ ഇടയ്ക്ക് അവിടെ വരുന്നുണ്ട് എന്നറിഞ്ഞപ്പോഴും അത് ചോദ്യം ചെയ്തപ്പോഴും അങ്ങനെ ഒരാൾ ഉണ്ടാകരുതെ എന്നു തന്നെയായിരുന്നു മനസ്സിൽ.

അത് ചോദിച്ചു വഴക്ക് തുടങ്ങിയപ്പോൾ അവൾ ഒന്നുമില്ല മാഷേ എന്നു പറയുമെന്ന് കരുതി.. പക്ഷെ അന്നവൾ പറഞ്ഞതത്രയും എന്റെ കുറ്റങ്ങൾ ആയിരുന്നു.. 0എന്നിട്ടും ഞാൻ മിണ്ടാതിരുന്നത് എന്റെ മക്കളെ ഓർത്താ മോനെ.. കെട്ടുപ്രായമായ മക്കളുള്ള ഒരച്ഛന്റെ വേദന കൂടി ആയിരുന്നു അത്.. അവരുടെ കല്യാണം വരെയെങ്കിലും ആരുമൊന്നും അറിയാതിരിക്കാൻ ഞാൻ പ്രാർത്ഥിച്ചു.അതുകൊണ്ടാ ഞാൻ ക്ഷമിച്ചത്.. എന്നിട്ടും മാഷ് ഇന്നലെ പറഞ്ഞപ്പോൾ ഞാനൊരു വക്കീലിനെ കാണാൻ പോയതാ.. എന്റെ പേരിലുള്ള എല്ലാമെന്റെ മക്കളുടെ പേരിലാക്കി രെജിസ്റ്റർ ചെയ്യാൻ..

കുറച്ചു ദിവസങ്ങളായി ഞാൻ അതിന്റെ പുറകിൽ ആയിരുന്നു.. ഇന്ന് ഞാൻ ഡിവോഴ്സിനെ പറ്റി അന്വേഷിച്ചിട്ട് വരുന്ന വഴിയാ. . അതിനിടയിൽ അവളെന്റെ കുഞ്ഞുങ്ങളെ… അറിഞ്ഞില്ല. അറിഞ്ഞിരുന്നേൽ ഞാൻ തന്നെ കൊന്നേനെ.. രണ്ടിനേം.. മാഷ് പൊട്ടിക്കരഞ്ഞു.. ആ കരച്ചിലിൽ എല്ലാം തകർന്നുപോയ ഒരു മനുഷ്യന്റെ വേദന മുഴുവൻ നിറഞ്ഞിരുന്നു.. ********** പിറ്റേ ദിവസം ഭദ്രയെ കോടതിയിൽ കൊണ്ടുപോയി. പ്രതീക്ഷിച്ച പോലെ ജാമ്യം കിട്ടിയില്ല.. 14 ദിവസം റിമാൻഡ് ചെയ്തു.. പിന്നെയും വിചാരണയും ഒക്കെയായി ഒന്നു രണ്ടു മാസങ്ങൾ.. ആകെ തകർന്നു പോയ ഒരു കുടുംബം.

വനജ ആന്റിക്ക് പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.. നല്ല മുറിവുണ്ടായിരുന്നു.. അയാൾ മരണത്തിൽ നിന്നും രക്ഷപെട്ടു.. പക്ഷെ വലതുവശം അനക്കാൻ സാധിക്കാത്ത അവസ്ഥയിൽ ആയി.. ദിവസങ്ങൾ കടന്നുപോയി.. ഞങ്ങൾ മിക്കപ്പോഴും ഭദ്രയെ എങ്ങനെ രക്ഷിക്കാം എന്നുള്ള ആലോചനയിൽ ആയിരുന്നു.. അതിനിടയിൽ അതിലും വലിയൊരു ചതി നടന്നത് ആരും അറിഞ്ഞില്ല.. രാജന്ദ്രൻ ചേട്ടൻ മാഷിന്റെ ചെക്ക് ഉപയോഗിച്ചു കാശ് പിൻവലിച്ചു.. അത് അറിഞ്ഞത് ഉത്സവ കമ്മറ്റി ഫണ്ട് അമ്പലത്തിന്റെ പേരിൽ അകൗണ്ട് തുടങ്ങി അതിൽ ഇടാൻ ശ്രമിച്ചപ്പോഴാണ്..

മാഷിനു അത് വലിയ ഷോക്ക് ആയി. മാഷ് ചെക്ക് ബുക്ക് അയാളെ ഏല്പിച്ചതൊക്കെ എല്ലാവരോടും പറഞ്ഞു. പക്ഷെ അയാളത് നിഷേധിച്ചു.. അതോടെ മാഷിനെ നാട്ടുകാർ പൂർണമായും ഒറ്റപ്പെടുത്തി.. മാഷ് ആകെ തകർന്നുപോയി.. വീണ്ടും അറ്റാക്കിന്റെ രൂപത്തിൽ മാഷേ ദുരന്തം തേടി വന്നു.. ഒരു വശം തളർന്നുപോയി.. ജിഷ്ണു പറഞ്ഞു നിർത്തി.. കിച്ചുവും വിമലും പരസ്പരം നോക്കി.. മാഷിനെതിരേ കമ്മറ്റിക്കാർ കേസ് കൊടുത്തു.. ബാങ്ക് ജീവനക്കാർ ഒക്കെ മാഷിന് എതിരെ പറഞ്ഞു. കുറച്ചു നാൾ മുൻപല്ലേ.. കോർപ്പറേറ്റിവ് ബാങ്കും.. ക്യാമറ ഒന്നും ഇല്ല.. ബാങ്കിലെ സ്റ്റാഫുകളെ രാജേന്ദ്രൻ സ്വാധീനിച്ചു..

എല്ലാവരും മാഷിന് എതിരായി.. അതിനിടയിൽ വക്കീൽ പറഞ്ഞതനുസരിച്ചു കോടതിയിൽ ഭദ്രയുടെ മാനസികാവസ്ഥ ശെരിയായിരുന്നില്ല എന്നും സ്വബോധത്തോടെയല്ല അവളത് ചെയ്തതെന്നും ഞങ്ങൾ വരുത്തി തീർത്തു.. അതിനായി ഞങ്ങൾ എല്ലാവരും ചേർന്ന് ഭ്രാന്തി എന്നൊരു പദവി കൂടി അവൾക്ക് ചാർത്തി കൊടുത്തു..അതുകൊണ്ട് തന്നെ കേസിൽ നിന്നും അവൾ ഒഴിവായി.. ജിഷ്ണു കണ്ണു തുടച്ചു.. ജയിലിൽ നിന്ന് വന്ന ഭദ്ര തീർത്തും മറ്റൊരാൾ ആയിരുന്നു.. കളിയില്ല ചിരിയില്ല.. കരച്ചിലും ഇല്ല.. എപ്പോഴും ഒരു നിസ്സംഗ ഭാവം.. ദിവസങ്ങൾ കടന്നു പോയി.. മാഷിനോട് ഭദ്ര ഒരക്ഷരം മിണ്ടിയില്ല.

വിച്ചുവും ആരോടും മിണ്ടിയില്ല.. ആ വീട്ടിൽ 3 ജന്മങ്ങൾ.. ആരും ആരോടും മിണ്ടാതെ.. ആർക്കോ വേണ്ടി ജീവിതം.. മാഷ് ആരോടും മിണ്ടാതെ ആ മുറിയിൽ ഒതുങ്ങി..ഞാനോ അച്ഛനോ ശിവേട്ടനോ ഇടയ്ക്ക് പോകും.. ഞങ്ങളോട് കുറെ കരഞ്ഞു പറയും.. ദിവസങ്ങൾ ഓരോന്നായി കടന്നുപോയി.. എത്ര പറഞ്ഞിട്ടും ഉൾക്കൊള്ളാതെ നാട്ടുകാർ അവരുടെ വീട്ടിൽ കയറി പ്രശ്നമുണ്ടാക്കി തുടങ്ങി.. കള്ളൻ എന്നു വരെ മാഷേ വിളിച്ചു..വീട്ടിൽ വന്നു കേട്ടാൽ അറയ്ക്കുന്ന തെറികൾ വിളിച്ചു.. പ്രശ്നങ്ങൾ ദിവസങ്ങൾ കഴിയുംതോറും കൈവിട്ടു പൊയ്ക്കൊണ്ടിരുന്നു..

കിച്ചുവും വിമലും അവനെ നോക്കി. അവനിപ്പോഴും ആ പ്രശ്നങ്ങൾക്ക് നടുവിൽ ആണെന്ന് തോന്നി..അവന്റെ ഭാവം പോലും എത്രത്തോളം ആ പ്രശ്നങ്ങൾ അവരെ ഉലച്ചു എന്നു വ്യക്തമാക്കുന്നതായിരുന്നു.. അവസാനം മാഷിന്റെ ശമ്പളം പോലും നാട്ടുകാർ പിടിച്ചു വാങ്ങി തുടങ്ങി.. അവരുടെ കാശാണത്രെ.. മാഷ് കട്ടെടുത്തത്.. ആ സമയത്തൊന്നും ഭദ്രയോ വിച്ചുവോ ആരോടും ഒന്നും മിണ്ടിയില്ല… വീട്ടിൽ അടുപ്പ് പുകയാതെ ആയി.. ശെരിക്കും പട്ടിണിയായി..ഈ നാട്ടിലെ ഒരു പ്രമുഖരും ആ കുടുംബത്തിന്റെ വേദന കണ്ടില്ല.. നിസ്സഹായത കണ്ടില്ല.. മിക്കവാറും ഞങ്ങളായിരുന്നു ഭക്ഷണം അവിടേയ്ക്ക് എത്തിച്ചിരുന്നത്..

ഒരു ദിവസം മാഷ് അതും വിലക്കി . മരുന്നും കഴിക്കാതെ ആയി..എങ്കിലും അച്ഛനും ശിവേട്ടനും മാഷേ വിട്ടു കളയാൻ പറ്റില്ലായിരുന്നു.. ഞങ്ങൾക്ക് ആർക്കും അതു സഹിക്കാൻ പറ്റുമായിരുന്നില്ല.. ഞങ്ങൾ മാഷേകൊണ്ട് രാജേന്ദ്രനെതിരെ കൊടുത്ത കംപ്ലൈന്റ് ഞാനായിട്ട് ഒന്നുകൂടി കുത്തിപൊക്കി..അപ്പോഴേയ്ക്കും ഞാനും ജോലിയിൽ കയറിയിരുന്നു.. മേലുദ്യോഗസ്ഥരെ കണ്ടു കാര്യങ്ങൾ പറഞ്ഞു.. കേസ് അന്വേഷണം കുറച്ചു കൂടി ഗൗരവത്തിലായി.. മാസങ്ങൾക്ക് ശേഷം ആ കേസ് തെളിഞ്ഞു.. ബാങ്കിലെ സ്റ്റാഫിനെ എടുത്തിട്ട് കുടഞ്ഞു..

അതോടെ രാജേന്ദ്രനെ പോലീസ് കസ്റ്റഡിയിൽ എടുത്തു..ചോദ്യം ചെയ്യലിൽ എന്റെ കൈക്കരുത്തിൽ അയാൾ കുറ്റം സമ്മതിച്ചു . കോടതിയിൽ നിന്നും ആ കാശ് അയാളുടെ സ്വത്തുവകകൾ ജപ്തി ചെയ്തു ഈടാക്കാൻ ഉത്തരവ് വന്നു.. സത്യത്തിൽ അതൊരു വലിയ ചതിയായിരുന്നു.. സദാശിവനും രാജേന്ദ്രനും ഒന്നിച്ചു നാട്ടുകാരെ പറ്റിക്കുകയായിരുന്നു.. അവർ ഒന്നിച്ചു കക്കും. ഒരാളുടെ തലയിൽ കുറ്റം ചാർത്തും.. പിന്നെ പരസ്പരം പോരടിക്കും.. നാട്ടുകാരുടെ കണ്ണിൽ പൊടിയിട്ട് അവസാനം എല്ലാം ഒതുക്കി തീർക്കും.. നാട്ടുകാർക്ക് കാര്യങ്ങൾ വ്യക്തമായി.. അതോടെ മാഷിനോടും കുടുംബത്തോടും ചെയ്തു പോയതിന്റെ ആഴം നാട്ടുകാർക്ക് മനസ്സിലായി..പക്ഷെ അതുകൊണ്ട് എന്തു കാര്യം..

ചെയ്തതും പറഞ്ഞതും കുറ്റബോധം കൊണ്ട് മാഞ്ഞു പോകുമോ.. നാട്ടുകാരിൽ പലരും മാഷേ കാണാൻ അവിടേയ്ക്ക് ചെല്ലാൻ തുടങ്ങി.. ഒരിക്കൽ കള്ളൻ എന്നു മുദ്ര കുത്തി കേട്ടാൽ അറയ്ക്കുന്ന തെറികൾ വിളിച്ചു നടന്നവർ വീണ്ടും സൗഹൃദത്തിന്റെ മുഖംമൂടി അണിഞ്ഞു.. അന്നായിരുന്നു ഞങ്ങൾ ഭദ്രയുടെ മറ്റൊരു മുഖം കണ്ടത്.. ഒരിക്കൽ കൂടി അവൾ ആ വാക്കത്തി കയ്യിൽ എടുത്തു.. ഒരൊറ്റയൊരണ്ണത്തെ അവൾ ആ ഗേറ്റ് കടത്തിയില്ല..ആട്ടി പായിച്ചു.. അതോടെ എല്ലാവരും ചേർന്ന് അവളെ ഭ്രാന്തി ആയി മുദ്രകുത്തി.. പിന്നെ സഹതാപം.. പുച്ഛം.. ഭദ്ര അടക്കം തകർന്നു പോകുമോ ആത്മഹത്യ ചെയ്യുമോ എന്നൊക്കെ ആയിരുന്നു ആദ്യമൊക്കെ ഞങ്ങൾക്ക് പേടി..

പക്ഷെ അവൾ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു.. ഒരു ദിവസം രാവിലെ ഫുഡ് കൊണ്ടു കൊടുക്കാൻ പോയ ‘അമ്മ കാണുന്നത് ബോധമില്ലാതെ കിടക്കുന്ന ഭദ്രയെയാണ്.. ഞങ്ങൾ അവളെ ഡോക്ടറെ കാണിച്ചു.. അപ്പോഴാ അറിഞ്ഞത് അവൾ ദിവസങ്ങളായി ഭക്ഷണം പോലും കഴിക്കുന്നില്ലായിരുന്നു എന്നു.. പിന്നെ ‘അമ്മ അവളോടൊപ്പം ആയിരുന്നു.. മിക്കപ്പോഴും ഞങ്ങൾ അവിടെ പോകും.. ഭദ്രയെ കൂടെ ഇരുത്തി ഭക്ഷണം കഴിപ്പിക്കും..രാത്രി അവർ ഉറങ്ങില്ല എന്നറിയാവുന്നതുകൊണ്ട് പകൽ ചെല്ലുമ്പോൾ എന്റമ്മയുടെ ഇരു വശത്തുമായി വിച്ചുവിനെയും ഭദ്രയെയും കിടത്തി ‘അമ്മ കൂടെ കിടക്കും.. കൗണ്സിലിംഗും കാര്യങ്ങളുമായി കുറച്ചു നാൾ..

പിന്നെ ഒരു ദിവസം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവൾ പുറത്തേക്കിറങ്ങി.. മാഷിന്റെ തൊട്ടമൊക്കെ മൊത്തം പോയിരുന്നു.. അവൾ അതൊക്കെ നശിപ്പിച്ചു.. പിന്നെ അവിടമെല്ലാം കിളച്ചു.. അവൾ വിത്തു വിതച്ചു.. ഒന്നൊന്നായി നട്ടു പിടിപ്പിച്ചു.. അതിനിടയിൽ അവളുടെ പഠിപ്പൊക്കെ അവൾ വിട്ടു.. ഞങ്ങൾ നിർബന്ധിച്ചെങ്കിലും അവൾ എക്സാം എഴുതുന്നതെ ഉള്ളു എന്നു പറഞ്ഞു.. ദിവസങ്ങൾ കഴിയുംതോറും ഭദ്ര ഒരുപാട് മാറി.. പതിയെ അച്ഛനോട് സംസാരിച്ചു തുടങ്ങി.. വിച്ചുവിനെ ഉഷാറാക്കി തുടങ്ങി.. അച്ഛനോട് പറഞ്ഞു പശുവിനെ വാങ്ങിപ്പിച്ചു.. മാഷോട് മാത്രമേ അവൾ ചെറിയൊരു അകൽച്ച കാണിച്ചുള്ളൂ.. പക്ഷെ പതുക്കെ അതും ശെരിയായി….

ജീവിതം പുതിയ വഴിയിലേക്ക് തിരിഞ്ഞു.. ഓരോ ദിവസവും ഭദ്ര പുതിയ ആളാകുകയായിരുന്നു.. ഞങ്ങൾക്കൊന്നും പരിചയമില്ലാത്ത ഏതോ ഭദ്ര.. കളിയും ചിരിയും ഇല്ല.. എപ്പോഴും എന്തെങ്കിലും ജോലി ചെയ്യും..നാട്ടുമാരോട് മിക്കവരോടും ദേഷ്യം.. ആരേലും സംസാരിക്കാൻ ചെന്നാൽ ചൂടാകും . ചിലരെ ഉപദ്രവിക്കും.. സ്വബോധമില്ലാത്ത ഒരു ഭ്രാന്തിയായി അതോടെ അവൾ മുദ്രകുത്തപ്പെട്ടു.. പക്ഷെ അവിടെയും അവൾ തെല്ലും പതറിയില്ല. ഭ്രാന്തി എന്നു വിളിച്ചവർക്ക് നേരെ അവൾ പുച്ഛത്തോടെ നോക്കി..പതിയെ ലത്തിയെ ഈ നാട്ടുകാർ അവൾക്ക് ശത്രുക്കളായി.ആരെയും അവൾ വിശ്വസിക്കാതെയായി..

ചിലപ്പോൾ അവൾക്ക് പറ്റുന്നതുപോലെ അവൾ ഉപദ്രവിക്കാനും തുടങ്ങി.. കിച്ചു അവനെ നോക്കി.. ദേഹോപദ്രവം അല്ല.. പക്ഷെ അവളുടെ കയ്യിൽ നിന്ന് കാശ് മേടിച്ചു കൃത്യമായി നൽകിയില്ലെങ്കിൽ അവരുടെ വരുമാനം അവളാദ്യം മുടക്കും.. ചോദിക്കാൻ ചെന്നാൽ അവൾക്ക് തോന്നുന്നതൊക്കെ പറയും. ഒരിക്കൽ വരുമാനമില്ലാതെ മറ്റുള്ളവരുടെ മുൻപിൽ തകർന്നു നിന്നവളുടെ പ്രതികാരം.. ജിഷ്ണു പുച്ഛത്തോടെ ചിരിച്ചു.. ആകെ അവൾ മര്യാദയ്ക്ക് സംസാരിക്കുന്നത് ശിവേട്ടനോടും അച്ഛനോടും എന്നോടുമാ.. അമ്മയോട് അവൾക്ക് വല്യ കാര്യമാണ്. ‘അമ്മ മിക്കവാറും പറയുമായിരുന്നു.

അമ്മേ എന്നു വിളിച്ചോളാൻ. പക്ഷെ അവളാ വിളി വല്ലാണ്ട് വെറുത്തുപോയി..അമ്മയോട് സംസാരിക്കും..’അമ്മ പറഞ്ഞാൽ അനുസരിക്കും.. അത്ര തന്നെ.. ഇതിനിടയിൽ എക്സാം വന്നപ്പോൾ അച്ഛനും മാഷുമ്മാരും ചേർന്നു മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി അവളെ പരീക്ഷ എഴുതിച്ചു. അവൾ പഠിക്കാതെ പരീക്ഷ എഴുതിയതുകൊണ്ട് ഞങ്ങൾക്ക് വലിയ പ്രതീക്ഷ ഒന്നും ഇല്ലായിരുന്നു.. പക്ഷെ റിസൾട്ട് വന്നപ്പോൾ 1200ഇൽ 1200 മർക് വാങ്ങി അവൾ ജയിച്ചു.. ജിഷ്ണു ചെറുപുഞ്ചിരിയോടെ പറഞ്ഞു.. കിച്ചുവും വിമലും അവനെ നോക്കി.. എന്നിട്ട് അവൾ പിന്നെ പഠിക്കാൻ പോയില്ലേ.. കിച്ചു ചോദിച്ചു.. കോളേജിൽ അവളെ ചേർക്കാം എന്നു ഞാനും അച്ഛനും പറഞ്ഞതാ. അവൾ സമ്മതിച്ചില്ല .

പ്രൈവറ്റ് ആയി ഡിഗ്രിക്ക് ചേർന്നു.. വിച്ചു അതേപിന്നെ ആ ഗേറ്റിനു വെളിയിൽ ഇറങ്ങിയിട്ടില്ല. എപ്പോഴും വീട്ടിൽ തന്നെ. മാഷിന്റെ കാര്യങ്ങൾ നോക്കും. വീട്ടിലെ കാര്യങ്ങളും.. ഭദ്രയ്ക്ക് ഈ നാട്ടുകാരോട് വെറുപ്പാണ് ഇപ്പോഴും. അതിനു അവളെ കുറ്റം പറയാൻ ആർക്കും പറ്റില്ല.. കാരണം അവൾ ഇവരിൽ നിന്നൊക്കെ അതുപോലെ അനുഭവിച്ചിട്ടുണ്ട്.. അതിനിടയിൽ വനജ ആന്റി രണ്ടുമൂന്നു തവണ അവിടെ വന്നിരുന്നു. അവർക്ക് വിച്ചുവിനെ കാണണം മാപ്പ് പറയണം എന്നൊക്കെ പറഞ്ഞിട്ട്. ഭദ്ര വല്ലാണ്ട് റിയാക്റ്റ് ചെയ്യും.. കുറച്ചു പ്രശ്‌നങ്ങൾ ആയപ്പോൾ ഞങ്ങൾ കോടതിയിൽ പോയി.

അവരിൽ നിന്ന് മാഷ് ഡിവോഴ്‌സ് വാങ്ങി.. ആ പ്രശ്നങ്ങൾ കാരണം അതിനു ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല..ഇപ്പോൾ അവർക്ക് ആ വീട്ടിൽ കയറാനുള്ള അനുവാദമില്ല.. പക്ഷെ ഇവിടുള്ളവർക്ക് അവൾ ഇപ്പോഴും ഭ്രാന്തിയാണ്.. ഒരു ഭ്രാന്തി കാണിച്ചു കൂട്ടുന്ന കാര്യങ്ങൾ.. അവൾ കഷ്ടപ്പെട്ടു നേടിയതാ ഇപ്പോഴുള്ളത് ഒക്കെയും..അതൊന്നും ആരും ഓർക്കില്ല.. അവരോട് അവൾ ചെയ്യുന്നത് ഓരോന്നായി വിളിച്ചു പറയുന്ന ഒരാളും ആ കുടുംബത്തോട് അവർ ചെയ്ത ദ്രോഹം പറയില്ല.. ആ വീടും പറമ്പും ഒഴിച്ചാൽ ബാക്കിയൊക്കെ അവളുടെ സമ്പാദ്യമാണ്.. മാഷിന്റെ പേരിൽ കിടന്ന കുറച്ചു വസ്തുക്കൾ അവൾ പണയപ്പെടുത്തി..

രാജേന്ദ്രന്റെ സ്വത്തുക്കൾ അവൾ വാങ്ങി.. അവിടെ കൃഷി ചെയ്തു.. കൃഷി മാത്രമല്ല.. പലിശയ്ക്ക് പണം കൊടുപ്പും പാല് വിൽപ്പനയും അങ്ങനെ കുറെ ഉണ്ട് പരിപാടി.. സത്യത്തിൽ അതെന്തൊക്കെയാണ് എന്നെനിക്ക് തന്നെ അറിയില്ല.. അവൾക്കറിയാത്ത പണികൾ ചുരുക്കം.. തനിയെ പഠിച്ചു ഡിഗ്രി പാസായി.. ഇപ്പോൾ പോസ്റ്റ് ഗ്രാജുവേഷനു പഠിക്കുകയാണ്.. ജിഷ്ണു പറഞ്ഞു… വിമലും കിച്ചുവും അത്ഭുതത്തോടെ നോക്കി.. മറ്റുള്ളവർക്ക് അവൾ തന്റേടി ആണ്. ഭ്രാന്തിയാണ്.. ദുഷ്ട്ടയാണ്.. എല്ലാവരെയും അടക്കി ഭരിക്കുന്നവളാണ്.. പക്ഷെ ഞങ്ങൾക്ക് അവൾ ഞങ്ങളുടെ ചുണ കുട്ടിയാണ്..

അവളാണ് ആ വീടിന്റെ ബലം.. അടിത്തറ.. മാഷിനെയും വിച്ചുവിനെയും പൊന്നുപോലെ അവൾ നോക്കുന്നുണ്ട്. വനജ ആന്റി വരുമ്പോൾ ആ വീടിന്റെ അടുത്തേയ്ക്ക് പോലും എത്തിക്കാത്തത് മാഷ് അത് അറിയാതിരിക്കാനാണ്.. ഒരുപാട് സഹിച്ചിട്ടുണ്ട് കിച്ചു അവൾ.. ആ വേദനകളാണ് ഭദ്ര ഇങ്ങനായി മാറാൻ കാരണം.. ജിഷ്ണു പറഞ്ഞു.. കിച്ചു അവനെ നോക്കി.. തനിക്ക് അവളോടുള്ള ദേഷ്യം അവളുടെ സ്വഭാവത്തിന്റേതാണ്.. അതെനിക്കറിയാം.. ഞാൻ കിച്ചുവിനെ എതിർക്കുന്നില്ല.. അതൊക്കെ ഓരോരുത്തരുടെ ഇഷ്ട്ടമല്ലേ. പക്ഷെ ഒരിക്കലും എന്നോട് അവൾ മോശമാണെന്ന് പറയരുത്..

കാരണം എനിക്കവളോട് സ്നേഹത്തെക്കാൾ ഉപരി ആരാധനയാണ്.. ബഹുമാനമാണ്.. എന്റെ പെങ്ങളാണ് അവൾ എന്നു പറയുമ്പോൾ അഭിമാനമാണ്.. അവൾക്ക് നോവുന്നത് ഞാൻ സഹിക്കില്ല. കാരണം അവളെനിക്ക് അത്രമേൽ പ്രിയപ്പെട്ടവളാണ്.. അവൻ പറഞ്ഞു.. വിമലും കിച്ചുവും അവനെ നോക്കി.. കൂടിപ്പിറപ്പാക്കാൻ കൂടെ പിറക്കണം എന്നില്ല എന്നെന്നെ ആദ്യം പഠിപ്പിച്ചത് ഇവനാ ജിഷ്ണൂ.. കിച്ചു വിമലിനെ നോക്കി പറഞ്ഞു . ഇപ്പൊ അതെനിക്ക് ഒന്നൂടെ ബോധ്യപ്പെടുത്തി തന്നു താൻ.. താനാണ് ശെരി.. ഞാൻ ചെയ്തത് തെറ്റാടോ.. കാര്യങ്ങൾ അറിയാതെ അവളെ അടിക്കാൻ പാടില്ലായിരുന്നു..

ഞാൻ മാപ്പ് പറഞ്ഞോളാം.. കിച്ചു പറഞ്ഞു.. ഹേയ് അതൊന്നും വേണ്ട. അവൾക്കത് നല്ല ശീലമാണ്.. ഒന്നു കൊണ്ടാൽ തിരിച്ചു കൊടുക്കാൻ അവളീ 4,5 കൊല്ലം കൊണ്ട് പഠിച്ചു കഴിഞ്ഞു.. ഇതുപോലെ പലർക്കും അവളുടെ കയ്യിൽ നിന്ന് കിട്ടിയിട്ടും ഉണ്ട്. ജിഷ്ണു അവനെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു.. പക്ഷെ ചുമ്മാതെ നിന്ന അവളെ ചൊറിഞ്ഞു അടി വാങ്ങിയത് ഇവൻ മാത്രമാകും അല്ലെ.. വിമൽ കളിയായി ചോദിച്ചു. ജിഷ്ണുവും കിച്ചുവും ചിരിച്ചു.. ഇതിനിടയിൽ നൃത്തവും സംഗീതവുമൊക്കെ ഭദ്ര പാടെ ഉപേക്ഷിച്ചു.. പകരം മാർഷൽ ആർട്ട്സ് പഠിച്ചു. കുങ് ഫുവും കരാട്ടയും പഠിച്ചു..

പെണ്ണിന്റെ കയ്യിൽ നിന്നൊരെണ്ണം കിട്ടിയാൽ കിട്ടിയതാണ്.. അതുകൊണ്ട് അധികം അവളുടെ അടുത്ത് പോകേണ്ട എന്നാണ് എന്റെ അഭിപ്രായം.. ജിഷ്ണു പറഞ്ഞു.. വിമലും കിച്ചുവും പരസ്പരം നോക്കി.. പിന്നെ താൻ അടിച്ചെങ്കിൽ അവൾ തിരിച്ചും തന്നില്ലേ.. താൻ മാപ്പ് പറയാൻ അല്ല ഞാൻ ഇത്രയും പറഞ്ഞത്.. ജിഷ്ണു അവനെ നോക്കി പുഞ്ചിരിച്ചു.. ഒന്നുമില്ലാതെ തോറ്റു പോയ ഇടത്തുനിന്നും ഉയർന്നു വന്നതാണ് ഭദ്ര. തന്റെ കാര്യങ്ങൾ വിനയൻ അങ്കിൾ പറഞ്ഞു ഞാൻ അറിഞ്ഞു.. അതു വെച്ചു പറയുവാ.. എല്ലാം വിട്ടുകൊടുത്തു തോറ്റു കൊടുക്കുന്നത് ഭീരുത്വമാണ്.. അവൾക്ക് ചുറ്റും ശൂന്യത ആയിരുന്നെങ്കിൽ തനിക്ക് ചുറ്റും ഒരുപാട് പേരുണ്ട്.

തനിക്ക് ഭദ്രയെക്കാൾ ബലമുണ്ട്.. സപ്പോർട്ട് ചെയ്യാൻ ആളുകളുണ്ട്. പിന്നെന്തിനാടോ വിട്ടു കൊടുക്കുന്നത്.. ജിഷ്ണു ചോദിച്ചു.. കിച്ചു അവനെ നോക്കി.. തന്റെ അച്ഛൻ ഒരു ജന്മം കൊണ്ടുണ്ടാക്കിയത് എല്ലാം വിട്ടുകൊടുത്തു താൻ പോന്നപ്പോൾ അവിടെ നഷ്ടമായത് തന്റെ അച്ഛന്റെ വിയർപ്പിന്റെ വിലയാണ്.. തിരിച്ചു പിടിക്കാൻ ശ്രമിക്ക് കിച്ചൂ.. തോല്പിച്ചവരെ തകർത്തെറിയാൻ ശ്രമിക്ക്.. നമ്മൾ മനുഷ്യരാണ്.. ജീവിക്കാൻ ഈ ഒരൊറ്റ ജന്മമേ ഉള്ളു.. തന്റെ അവകാശങ്ങളാണ് അമ്മയുടെ പാരമ്പര്യ സ്വത്തും അച്ഛന്റെ നഷ്ടമായ സമ്പത്തും.. അത് തനായിട്ട് തിരിച്ചു പിടിക്കണം എന്നാണ് എന്റെ മനസ്സിൽ..

തനിക്ക് അതിനുള്ള കഴിവുണ്ടെടോ.. ആലോചിക്ക്.. അതും പറഞ്ഞു ജിഷ്ണു എഴുന്നേറ്റു.. കിച്ചു ഒഴുകുന്ന അരുവിയിൽ നോക്കി.. പറക്കൂട്ടത്തിൽ ചിന്നി ചിതറി ഒഴുകുന്ന അരുവി.. ഓരോ പാറകൂട്ടവും അതിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്താൻ പോന്നവയാണ്.. എന്നാൽ ആ ജലം തന്റെ ഒഴുക്കിനെ തടസ്സപ്പെടുത്താൻ നിൽക്കുന്ന പറക്കൂട്ടത്തിൽ തന്റെ മാലിന്യങ്ങളെ ഉപേക്ഷിച്ചു കൂടുതൽ തെളിമയോടെ ഒഴുകുന്നു.. ഓരോ പ്രതിബന്ധങ്ങളെയും അതെത്ര കാര്യമായി തന്റെ പ്രതിബന്ധങ്ങളെ മറികടക്കുന്നു.. അവന്റെ മനസ്സിൽ ഭദ്രയുടെ മുഖം നിറഞ്ഞു . ഒരിക്കൽ പോലും പുഞ്ചിരിക്കാത്ത ആ മുഖം..

എത്രത്തോളം പ്രശ്നങ്ങളെ അവൾ നേരിടുന്നു . അവനു അമ്മയെ ഓർമ്മ വന്നു. മക്കൾക്ക് വേണ്ടി തന്റെ എല്ലാ സന്തോഷവും ഉപേക്ഷിച്ചു സ്വന്തം കൂടിപ്പിറപ്പിന്റെ വീട്ടിൽ അടുക്കളക്കാരിയായി ഒതുങ്ങിയ ‘അമ്മ. അപ്പോഴേയ്ക്കും മറ്റൊരു അമ്മയും അവന്റെ മനസ്സിൽ നിറഞ്ഞു . സ്വന്തം മകളെ കാമുകന് മുൻപിൽ എറിഞ്ഞു കൊടുത്ത ഒരമ്മ… അവൻ കണ്ണുകൾ ഇറുക്കി അടച്ചു.. ജിഷ്ണുവിന്റെ വാക്കുകൾ അവൻ ഓർത്തു. തന്റെ അവകാശം.. തന്റെ അച്ഛന്റെ ചോര വിയർപ്പാക്കിയ സമ്പത്ത്. തന്റെ അമ്മയ്ക്ക് കൂടി അവകാശപ്പെട്ട വീട്ടിൽ ആ പാവം ഒരു ജോലിക്കാരിയായി നിന്നത്…

തനിക്ക് കൂടി അവകാശമുള്ള ആ കമ്പനിയിൽ രാപ്പകൽ മാറ്റി ജോലി ചെയ്തിട്ടും മാസാമാസം 5000 രൂപ കയ്യിൽ വാങ്ങുമ്പോൾ തല കുനിച്ചു നിന്നു കൊടുത്തത്… അവന്റെ കണ്ണുകൾക് നല്ല ചൂട് തോന്നി.. തിരിച്ചു പിടിക്കണം.. ഒന്നൊന്നായി.. തോല്പിച്ചവരുടെ മുൻപിൽ ജയിച്ചു കാണിച്ചു കൊടുക്കണം.. ഒരു ദിവസമെങ്കിൽ ഒരു ദിവസം.. അവന്റെ ഭാവം നോക്കി വിമലും ജിഷ്ണുവും പരസ്പരം നോക്കി ഒന്നു പുഞ്ചിരിച്ചു.. അപ്പോഴും അരുവിയിലെ പാറ കൂട്ടത്തിനിടയിലൂടെ ശുദ്ധ ജലം ഒഴുകി പോകുന്നുണ്ടായിരുന്നു.. തന്റെ ലക്ഷ്യത്തിലേക്ക് എത്താനുള്ള ആവേശത്തോടെ കുതിച്ചൊഴുകുകയായിരുന്നു അത്…..തുടരും..

സഹയാത്രികയ്ക്ക് സ്‌നേഹപൂർവം: ഭാഗം 11

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!