ശിവമല്ലിക്കാവിലെ സ്വർണ്ണനാഗം: ഭാഗം 10

Share with your friends

എഴുത്തുകാരി: ജീന ജാനഗി

“അഞ്ഞൂറ് ശിരസ്സുള്ള നാഗമോ ? ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ ?” ദത്തൻ ചോദിച്ചു…. മറുപടിയായി വാമദേവൻ പറഞ്ഞു തുടങ്ങി… “ഇത് വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും കാര്യമല്ല. ഭക്തിയുടെ കാര്യമാണ്….. ഇനി പാതാളത്തിലേക്ക് വന്നാൽ ഇവിടെയും ഭരണം വാസുകിക്ക് തന്നെയാണ്. എങ്കിലും ഇതിന്റെ മൂലസ്ഥാനത്തായി ഈരേഴു പതിനാലു ലോകങ്ങളെക്കാളും ആയിരമിരട്ടി വിസ്താരത്തിൽ വാസുകിയുടെ ജ്യേഷ്ഠനായ അനന്തനാഗം വസിക്കുന്നുണ്ട്..

ഈ സ്ഥാനത്തിനെ അനന്തകല എന്നറിയപ്പെടുന്നു…… വിഷ്ണുവിന്റെ ശയ്യയായ അനന്തനാഗം വലിയൊരു സുവർണ്ണപർവ്വതം പോലെ ആയിരം ഫണങ്ങളുമായി ഇവിടെ സർവ്വലോകത്തേയും താങ്ങിക്കൊണ്ടു വസിക്കുന്നു എന്നാണ് വിശ്വാസം….. നാഗങ്ങളുടെയും സർപ്പങ്ങളുടെയും രാജാവായ വാസുകിക്ക് അനന്തനോളം വലിപ്പമുണ്ടെങ്കിലും അദ്ദേഹം അനന്തൻ വഹിക്കുന്ന ലോകങ്ങളെ പാലിക്കുക മാത്രമാണ് ചെയ്യുന്നത്…….. വാസുകി ലോകങ്ങളെ തന്റെ പ്രാണശക്തിയാൽ അടുക്കും ചിട്ടയുമൊടെ നിലനിറുത്തുന്നു….

വാസുകിക്ക് എണ്ണൂറ് ഫണങ്ങളുണ്ട് . അനന്തനോളം നീളവുമുണ്ട് . പാതാളത്തിൽ നാഗത്താന്മാരായ ധനഞ്ജയൻ , ശംഖപാലൻ , ധൃതരാഷ്ട്രർ തുടങ്ങിയവരുണ്ട്… ഈ നാഗങ്ങൾക്ക് നൂറും , ഇരുന്നൂറും , എഴുന്നൂറും ശിരസ്സുകളുണ്ട്…. ഇവരെല്ലാം ഈശ്വരാംശങ്ങളാണ്……” “ഇതൊക്കെ കേൾക്കുമ്പോൾ ഏതോ ഫാന്റസി ഫിലിം കാണുന്നത് പോലുണ്ട്……” അർജ്ജുൻ പറഞ്ഞു…. വാമദേവൻ ഒന്ന് ചിരിച്ചു…. “കാണുന്നതിനും കേൾക്കുന്നതിനും അതീതമാണ് ചില സത്യങ്ങൾ… മഹാവിഷ്ണു നാഗത്തിൽ ശയിക്കുന്നു;

ശിവന് നാഗം കണ്ഠാഭരണം; ഗണപതിക്ക് പൂണൂൽ, ദുർഗയ്ക്ക് ഒരായുധം, കാളിക്ക് വള, സൂര്യന് ഏഴ് കുതിരകളെ തന്റെ രഥത്തിൽ പൂട്ടാനുള്ള കയർ; ദക്ഷിണാമൂർത്തിക്ക് തോൾവള, ത്വരിതാദേവിക്ക് കുണ്ഡലം, സരസ്വതിക്ക് മാല, ശ്രീകൃഷ്ണന് ഒരു സന്ദർഭത്തിൽ കാളിയ ഫണങ്ങൾ നടനവേദി, ഗരുഡന് അത് ആഭരണം, വരാഹിമാതാവിന്റെ ഇരിപ്പിടം ശേഷനാഗം, വരുണന് പാമ്പിൻപത്തി കുട……. നാം ദിവസവും പ്രാർത്ഥിക്കുന്ന ദൈവങ്ങളും നാഗങ്ങളും ഇപ്രകാരം ബന്ധപ്പെട്ടിരിക്കുന്നു…”

“നാഗങ്ങളെ ആരാധിക്കുവാൻ മുഖ്യ കാരണം ഇതൊക്കെയാണോ ?” ദത്തൻ തന്റെ സംശയം തുറന്നു ചോദിച്ചു…. “താന്ത്രികവിദ്യയിൽ കുണ്ഡലിനി ശക്തിയെ പെൺപാമ്പായാണ് സങ്കല്പിച്ചിരിക്കുന്നത്…. മൂലാധാരത്തിൽ കിടന്നുറങ്ങുന്ന കുണ്ഡലിയുടെ ശക്തി, അതിൽ അടങ്ങിയിരിക്കുന്നത് സർപ്പശക്തിയാണ്. അതിനെ ഉണർത്താനായി ആരംഭിച്ച ആരാധനാസമ്പ്രദായത്തിന്റെ ആദ്യപടിയാണ് നാഗാരാധന.” “എന്തൊക്കെ ദോഷനിവാരണങ്ങൾക്കാണ് നാഗാരാധന നടത്തുന്നത് ?” അർജ്ജുൻ ചോദിച്ചു……

“ജ്യോതിഷപരമായി രാഹുദോഷങ്ങൾക്കാണ് പരിഹാരമായിട്ടാണ് സർപ്പസംബന്ധമായ വഴിപാടുകൾ നടത്തി വരുന്നത്. രാഹുവിന്റെ ദേവത നാഗമാണ്. ആയില്യം നക്ഷത്രത്തിന്റെ ദേവതയും നാഗമാണ്. ദത്തന്റെ ദേവതയും നാഗം തന്നെ……. ജീവനുള്ള ദൈവാംശങ്ങളാണ് നാഗങ്ങൾ….. ശിവമല്ലിക്കാവിന് ഏകദേശം ഒരു നൂറ്റാണ്ട് പഴക്കമുണ്ട്…….. അതിവിശിഷ്ടമായ ചിത്രകൂടക്കല്ല് കൊണ്ടുവന്നു മാസങ്ങളോളം മന്ത്രതന്ത്രങ്ങൾ നടത്തിയാണ് അവിടെയുള്ള പ്രതിഷ്ഠയെ ആവാഹിച്ചത്…….

കണ്ടതിൽ വച്ചേറ്റവും ഉഗ്രമൂർത്തിയായി നാഗയക്ഷി വസിക്കുന്ന കാവ്……” ദത്തന്റെയും അർജ്ജുന്റെയും നേർക്ക് വാമദേവൻ ഒരു താൾ മറിച്ച് കാട്ടി….. കയ്യിലൊരു തിളങ്ങുന്ന കല്ലുമായി പകുതി നാഗരൂപമുള്ളൊരു സ്ത്രീരൂപം….. “തിരുമേനി ഇത്…… ഇത്….. ആരാണ് ?” ദത്തൻ ഒരു പരിഭ്രമത്തോടെ ചോദിച്ചു…. “ശിവസമ്പത്തായ നാഗമാണിക്യമാണിത്……” “ഇതോ ? അപ്പോൾ ഈ രൂപം…. ” “അതാണ് സ്വർണ്ണനാഗം….. അവളുടെ മുഖം ആരും ദർശിച്ചിട്ടില്ല. ഇതിലും അവ്യക്തമാണ്… അവളുടെ നാമവും ഗോപ്യമാണ്…..

പക്ഷേ നീയവളെ കാണും ദത്താ…… വൈകാതെ തന്നെ…….” ദത്തന്റെ നെഞ്ചിലൊരു പെരുമ്പറ മുഴങ്ങി…. താൻ പേടിക്കേണ്ടടോ ? അവൾ തന്നെ അപകടപ്പെടുത്തില്ല…. കാരണം അവൾക്ക് തന്റെ സഹായമില്ലാതെ നാഗമാണിക്യം വീണ്ടെടുക്കാൻ കഴിയില്ല… മാത്രമല്ല അവൾക്ക് തീരാത്ത പക വല്യത്താനോടാണ്….” പക്ഷേ ആ വാക്കുകൾക്ക് ഒന്നും തന്നെ ദത്തന്റെ ഉള്ളിലെ വേലിയേറ്റത്തെ നിയന്ത്രിക്കാൻ പ്രാപ്തിയുള്ളവ ആയിരുന്നില്ല…. രക്തബന്ധവും ജീവിതലക്ഷ്യവും തമ്മിലൊരു യുദ്ധം തന്നെ അരങ്ങേറി… ഒന്ന് ധർമ്മമാണ് മറ്റേത് അധർമ്മവും… ജയം എന്നും ധർമ്മത്തിനായിരിക്കും…..

അതിനിടെ അർജ്ജുൻ തന്റെ മനസ്സിൽ തോന്നിയ സംശയം തുറന്നു ചോദിച്ചു…. “തിരുമേനി, ഈ അഷ്ടനാഗങ്ങളുടെ പ്രത്യേകത എന്താണ് ? ” “നാഗങ്ങളിൽ വച്ച് കൂടുതൽ പ്രാധാന്യമുള്ളവ. അതിൽ പ്രഥമ സ്ഥാനം ആദിശേഷന്….. അനന്തൻ , ശേഷനാഗം , നാഗശയനൻ എന്നെല്ലാം അറിയപ്പെടുന്നത് ആദിശേഷനാണ്. അഷ്ടനാഗങ്ങൾ എട്ടെണ്ണം… ശേഷനാഗത്തിന് ആയിരം തലകളാണ് ഉള്ളത്. മഹാവിഷ്ണു ശയനം ചെയ്യുന്ന നാഗമാണിത്. പിന്നീട് വരുന്നതാണ് വാസുകി. ദേവന്മാരും അസുരന്മാരും വാസുകിയെ കയറാക്കിയാണ് മന്ദര പര്‍വ്വതം കൊണ്ട് പാലാഴി കടഞ്ഞത്. പരമശിവന്റെ കഴുത്തിലാണ് വാസുകിയുടെ സ്ഥാനം.

നാഗങ്ങളുടെ രാജാവാണ് വാസുകി. ഐതിഹ്യമാലയിലും വാസുകിയെപ്പറ്റി പരാമര്‍ശമുണ്ട്. മൂന്നാമത് വരുന്നത് തക്ഷകൻ. കുരുവംശത്തിലെ പരീക്ഷിത് രാജാവ് തക്ഷകന്റെ കടിയേറ്റു മരിക്കുമെന്ന് ഒരു മഹര്‍ഷി ശപിക്കുന്നു. ഇതറിഞ്ഞു ഭയന്ന രാജാവ് തക്ഷകന്റെ കടിയേല്‍ക്കാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തി. അവസാനം പുഴുവിന്റെ രൂപത്തില്‍ വന്ന് തക്ഷകന്‍ രാജാവിനെ കൊല്ലുന്നു എന്നാണ്. നാലാമൻ കാർക്കോടകൻ… കാട്ടുതീയില്‍ അകപ്പെട്ട കാര്‍ക്കോടകനെ നളന്‍ രക്ഷിക്കുന്നു.

എന്നാല്‍ നളനെ കാര്‍ക്കോടകന്‍ ദംശിക്കുന്നു. ഇതു മൂലം ബാഹുകനെന്ന വിരൂപവേഷം ലഭിക്കുന്ന നളന് വേഷപ്രച്ഛന്നനായി ജീവിക്കുവാന്‍ സാധിക്കുന്നു. അഞ്ചാമൻ പത്മൻ……. ദക്ഷിണദിക്ക് കാക്കുന്ന നാഗമാണ് പത്മന്‍. ആറാമൻ കാളിയന്‍….. യമുനാനദിയെ വിഷമയമാക്കുകയും, പിന്നീട് ഭഗവാന്‍ കൃഷ്ണന്‍ കാളിയന്റെ തലയില്‍ ചവിട്ടി നൃത്തമാടിയതിലൂടെ അഹങ്കാരം ശമിച്ച്‌ യമുനാനദി വിട്ടുപോവുകയും ചെയ്ത നാഗമാണ് കാളിയന്‍. ഏഴാമൻ ഗുളികന്‍……. ഒരിക്കല്‍ ഗുളികന്‍ പാതാളത്തില്‍ പോയി പന്ത്രണ്ട് വര്‍ഷം ഒളിച്ചിരിക്കുകയുണ്ടായി.

കാലനില്ലാത്ത ജഗത്തില്‍ എല്ലാവരും വിഷമിക്കുകയും ചെയ്തു. മൂര്‍ത്തിത്രയം ഇടപ്പെട്ടതിനാല്‍ പന്ത്രണ്ട് വിധത്തിലുള്ള ഗുളികന്മാരായി ഗുളികന്‍ ഭൂമിയിലേക്ക് തിരിച്ചുവന്നു. ശിവാംശജാതനായ ഗുളികന്‍ ജീവജാലങ്ങളുടെ മരണസമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണ്. പുറംകാലനെന്നും ഗുളികന് പേരുണ്ട്. കാലന്‍, അന്തകന്‍, യമന്‍, കാലാന്തകന്‍ എന്നീ പേരുകളിലും ഗുളികന്‍ അറിയപ്പെടുന്നു. ജനനം മുതല്‍ മരണം വരെ ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കര്‍മ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടായിരിക്കും…. അവസാനത്തെ നാഗമാണ് മഹാപത്മൻ…

മഹാപത്മനെയാണ് ശിവനും ഗണപതിയും ശരീരത്തില്‍ കുണ്ഡലങ്ങളായി അണിഞ്ഞിരിക്കുന്നത്…….” വാമദേവൻ ഒന്ന് നിവർന്നിരുന്നു. ദത്തന്റെയും അർജ്ജുന്റെയും മനസ്സുകളിൽ നാഗങ്ങളെക്കുറിച്ച് കൂടുതൽ അറിയാനുള്ള ജിജ്ഞാസ വർദ്ധിച്ചു……. “എങ്ങനെയാണ് തിരുമേനി നാഗാരാധനയുടെ ചരിത്രം ?” “പരശുരാമനാണ് കേരളത്തില്‍ നാഗാരാധനയ്ക്ക് തുടക്കം കുറിച്ചത് എന്ന് പഴമക്കാർ പറയുന്നു. കേരളസൃഷ്ടി നിര്‍വഹിച്ച വേളയിൽ അവിടം വാസയോഗ്യമാകാൻ സര്‍പ്പശല്യം ഇല്ലാതാക്കുകയും ജലത്തിലെ ലവണാംശം ഒഴിവാക്കുകയും അനിവാര്യമായിരുന്നു…

അതിനായി പരശുരാമൻ അനന്തനെയും വാസുകിയെയും പ്രത്യക്ഷപ്പെടുത്തി. ശേഷം ഭൂമിയുടെ രക്ഷകരും കാവല്‍ക്കാരും എന്നനിലയില്‍ സര്‍പ്പങ്ങളെ പൂജിക്കുകയും അവര്‍ക്ക് പ്രത്യേക വാസസ്ഥാനം നല്കുകയും ചെയ്യാമെന്ന് ഉറപ്പുകൊടുത്തുവത്രെ. പകരമായിട്ട് സര്‍പ്പങ്ങള്‍ ഉച്ഛ്വാസവായുകൊണ്ട് ജലത്തിലെ ലവണാശം നശിപ്പിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം…..” “തിരുമേനി ഇടയ്കെവിടെയോ നാഗപഞ്ചമി എന്ന വിശേഷദിവസത്തെക്കുറിച്ച് വായിച്ച പോലൊരു ഓർമ്മ. എന്താണീ നാഗപഞ്ചമി ?” “നാഗങ്ങൾക്ക് നമ്മുടെ പാരമ്പര്യവും സംസ്കാരവും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളത്.

നമ്മുടെ നൃത്തകലയില്‍ നാഗനൃത്തം എന്നൊരു സവിശേഷനൃത്തം തന്നെയുണ്ട്. അറിയപ്പെടുന്ന വാദ്യങ്ങളില്‍ ഒന്നാണ് നാഗവീണ. ഇത് നാരദമുനിയാണ് ഉപയോഗിക്കുന്നതെന്ന് പറയപ്പെടുന്നു….. നാഗാസ്ത്രം എന്നൊരു ആയുധസങ്കല്പവും പുരാണങ്ങളിൽ പ്രതിപാദിക്കുന്നു… നിരവധി ഉത്സവങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും നാഗാരാധനയുമായി ബന്ധപ്പെട്ട് നിലനില്ക്കുന്നുണ്ട്… അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ദത്തൻ ചോദിച്ച നാഗപഞ്ചമി……… ചിങ്ങമാസത്തിലെ ശുക്ളപഞ്ചമി ദിവസമാണത്. അന്ന് ഗരുഡനും നാഗങ്ങളും രമ്യതയിലെത്തുമെന്നതാണ് സങ്കല്പം.

കാളീയമര്‍ദനനാളാണ് നാഗപഞ്ചമിയായി ആഘോഷിക്കപ്പെടുന്നതെന്ന് ഒരു വിഭാഗം ജനങ്ങൾ വിശ്വസിക്കുന്നു…… എന്നാൽ മറ്റൊരു ഐതിഹ്യവും പറയപ്പെടുന്നുണ്ട്. തക്ഷകന്റെ കടിയേറ്റു രാജാവായ പരീക്ഷിത്തു കൊല്ലപ്പെട്ടു. ഇതിൽ ക്രോധിതനായ മകൻ ജനമേജയൻ പ്രപഞ്ചത്തിലുള്ള എല്ലാ നാഗങ്ങളെയും ഉന്മൂലനം ചെയ്യുവാനായി സർപ്പ സത്രയാഗം ചെയ്യാൻ തുടങ്ങി. യാഗത്തിലെ അഗ്നികുണ്ടത്തിൽ കോടാനു കോടി നാഗങ്ങൾ എരിഞ്ഞമർന്നു…… എന്നാൽ നാഗവിനാശം സംഭവിക്കാതിരിക്കാൻ അസ്തികൻ യാഗാഗ്നി അണക്കുകയും, തക്ഷകനടക്കം ബാക്കിയുള്ള നാഗങ്ങളെ ആ മഹാവിപത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്തു……..

ഇത് സംഭവിച്ച ദിവസ്സം ശ്രാവണമാസം അഥവാ ചിങ്ങമാസത്തിലെ ശുക്ല പക്ഷ പഞ്ചമി ആയിരുന്നുവെന്നും അതുകൊണ്ട് തന്നെ അന്ന് മുതൽ നാഗങ്ങളുടെ ക്ഷേമത്തിനായി നാഗ പഞ്ചമി ആഘോഷിക്കുന്നുവെന്നും പറയപ്പെടുന്നു.. ഇങ്ങനെ പലയിടങ്ങളിലും പല ഐതിഹ്യങ്ങളാണ് പ്രചാരത്തിലുള്ളത്….” വാമദേവൻ ഒരു പണ്ഡിതനെപ്പോലെ അവർക്ക് വിവരങ്ങൾ നൽകിക്കൊണ്ടിരുന്നു…. അർജ്ജുൻ ചോദിച്ചു ; “എങ്ങനെയാണ് ഈ നാഗപഞ്ചമി വ്രതം അനുഷ്ഠിക്കുന്നത് ?” “പ്രാധാന്യമേറിയ പന്ത്രണ്ട് നാഗ ദേവതകളെയാണ് നാഗ പഞ്ചമി ദിവസ്സം പൂജിക്കുന്നത്.

രാവിലെ മുതൽ രാത്രി വരെ നാഗദേവതകളുടെ നാമം ജപിക്കുന്നു. നാഗ പഞ്ചമിയുടെ തലേ ദിവസ്സമായ നാഗചതുർത്ഥി ദിവസ്സമാണ്‌ വിശ്വാസ്സികൾ വ്രതമനുഷ്ടിക്കുന്നത്….. പ്രപഞ്ചത്തിൽ ജീവിക്കുന്ന എല്ലാ പാമ്പുകളുടേയും അധിപദേവതകളേയും ഈ ദിവസ്സം ആരാധിക്കുന്നു………” ദത്തനും അർജ്ജുനും വിസ്മയത്തോടെ പരസ്പരം നോക്കി….. വന്നെത്തിയ സ്ഥാനം പിഴച്ചില്ലെന്ന് ദത്തന് മനസ്സിലായി….. അവന്റെ മനസ്സിൽ അതുവരെ തോന്നാത്ത പല ചോദ്യങ്ങളും ഉരുത്തിരിഞ്ഞു വന്നു… വാമദേവൻ തുടർന്നു…… “സാക്ഷാൽ ശേഷനാഗമാണ് ഭൂമിയെ തന്റെ തലയിൽ ചുമക്കുന്നത് എന്ന് പോലും വിശ്വാസങ്ങളുണ്ട്….

ശാസ്ത്രം ഒരുപാട് പുരോഗമിച്ചിരിക്കുന്നെങ്കിലും ചില വിശ്വാസങ്ങൾ യുക്തിക്കുമതീതമാണ്….. എല്ലാത്തിനുമുപരി നാഗങ്ങൾ ഒരു സത്യവും. എതിരാളിയെ ദംശിച്ച് ഒരു പിടി ചാരമാക്കാൻ പോന്നത്ര ഉഗ്രവിഷവും വഹിച്ചാണ് അവൾ പതിയിരിക്കുന്നത്….. അവളുടെ ആവശ്യവും കർത്തവ്യവും ന്യായമാണ്…… എന്നാലും ദത്താ…… നീ സൂക്ഷിക്കണം…. ഇനി ഏത് നിമിഷവും അവൾ നിന്റെ അരികിലെത്താം…… കാരണം നാഗപഞ്ചമി നാൾ വിദൂരമല്ല….. ആ ദിവസമോ അതിനുള്ളിലോ ആ നാഗമാണിക്യത്തെ അവൾക്ക് വീണ്ടെടുക്കേണ്ടതായുണ്ട്…. അതിനവൾക്ക് കഴിയാത്ത പക്ഷം അത് വല്യത്താന് സ്വന്തമായി മാറും…..

അതിനിടയാകാതെ ഇരിക്കാൻ അവളെന്തും ചെയ്യും…. നീ സുക്ഷിക്കണം കുഞ്ഞേ…. നിനക്ക് അപകടം വരാൻ സാധ്യതയുണ്ട്…. അതൊരിക്കലും അവളുകാരണമായിരിക്കില്ല.” ദത്തൻ ഞെട്ടി ; “പിന്നെ….. പിന്നെ…. ആര് കാരണം ? ” “അത് നീ വഴിയേ അറിയും ദത്താ….. കാണുന്നതും കേൾക്കുന്നതും ഒന്നുമാകില്ല സത്യം. നീ സ്വയം കണ്ടെത്തണം. നിനക്ക് വളരെ വലിയൊരു കർത്തവ്യം ഉണ്ട്. അത് നിർവഹിക്കാനാണ് കാതങ്ങൾക്കപ്പുറം ജീവിച്ച നീ ഈ മണ്ണിലേക്ക് വന്നുചേർന്നത്. ഇവിടെ ധർമ്മവും അധർമ്മവും തമ്മിലാണ് യുദ്ധം. പട നയിക്കേണ്ടവൻ നീയാണ്. ബാക്കിയുള്ളവരെല്ലാം ഓരോ കണ്ണികൾ മാത്രം.

സമയമാകുമ്പോൾ സത്യം നിന്റെ മുൻപിൽ മൂടുപടം മാറി ദൃശ്യമാകും. സ്വന്തബന്ധങ്ങൾക്ക് അടിമപ്പെടാതെ ധർമ്മത്തിനൊപ്പം പൊരുതുക. പ്രകൃതി പോലും നിന്നിലേക്ക് അനുഗ്രഹാശുസ്സുകൾ ചൊരിയും. ” വാമദേവൻ നമ്പൂതിരിയുടെ വാക്കുകളുടെ അർത്ഥം മുഴുവനും ദത്തന് മനസ്സിലായില്ല. പകരം മനസ്സ് സമസ്യകളാൽ നിറഞ്ഞു. എവിടെയൊക്കെയോ ഒരു പന്തികേട് തോന്നി. അവർ യാത്ര പറഞ്ഞിറങ്ങിയപ്പോൾ ഉമ്മറം വരെ വാമദേവൻ നമ്പൂതിരിയും അവരെ അനുഗമിച്ചു….. ഇറങ്ങാൻ നേരം ദത്തൻ നമ്പൂതിരിയുടെ കൈകളിൽ പിടിച്ചു കുലുക്കിക്കൊണ്ട് പറഞ്ഞു ;

“ഞങ്ങൾ എന്നാൽ ഇറങ്ങുന്നു. ഇനിയൊരിക്കൽ വരാം…..” വാമദേവൻ ചിരിച്ചുകൊണ്ട് പറഞ്ഞു ; “ഇനിയൊരു കൂടിക്കാഴ്ച അതിനി ഉണ്ടാകുമോ എന്നറിയില്ല. ഒരുപക്ഷേ ഞാൻ ഇത്ര കാലം ജീവിച്ചത് പോലും എനിക്കറിയുന്ന അറിവുകൾ നിനക്ക് പകർന്നു നൽകുവാൻ ആയിരിക്കും. ഇതോടെ എന്റെ ആ നിയോഗം പൂർത്തിയായി. ഇത്രകാലവും ഒത്തിരി ആഗ്രഹിച്ചിട്ടും യമദേവൻ എന്നോട് അലിവ് കാട്ടിയില്ല. ഞാൻ ചെയ്ത പാപത്തിന്റെ ശിക്ഷ ആവോളം അനുഭവിച്ചു….. ഇനിയെനിക്ക് ശാപമോക്ഷം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു…..” ദത്തന്റെ നെഞ്ചിൽ നേരിയൊരു ദുഃഖം തോന്നി. അയാളോട് യാത്ര പറഞ്ഞു ഇരുവരും ജീപ്പിൽ കയറി. അവർ കണ്ണിൽ നിന്നും മറയും വരെ നമ്പൂതിരി ആ നിൽപ് തുടർന്നു…തുടരും

ശിവമല്ലിക്കാവിലെ സ്വർണ്ണനാഗം: ഭാഗം 9

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!