സ്‌നേഹതീരം: ഭാഗം 16

Share with your friends

എഴുത്തുകാരി: ശക്തികലജി

“നീയെന്താ പോകാഞ്ഞത് “ഗിരിയേട്ടൻ ശിഖയോടു ചോദിച്ചു… ” ഞാനവിടെ പോയിട്ടെന്ത് ചെയ്യാനാ…. ഗിരിയേട്ടൻ മോനെ ഞങ്ങളുടെ കൂടെ വിടില്ലല്ലോ ” എന്ന് ശിഖ പറഞ്ഞു….. ” നിൻ്റെ കാമുകനാണ് കള്ളൻ….. അവൻ പോലീസ് സ്റ്റേഷനിലുണ്ട്”…. നീയവിടെ ഉണ്ടെന്ന് കരുതി വന്നതാണോ ” എന്ന് ഗിരി ചോദിക്കുമ്പോൾ ശിഖയുടെ മുഖം താഴ്ന്നു പോയി…. അവൾ മറുപടിയൊന്നും പറയാതെ അകത്തേക്ക് പോയി.. ” ഗിരിയേട്ടാ വേഗം ഒരുങ്ങിക്കേ.. നമ്മുക്ക് രാവിലെ ആശുപത്രിയിൽ പോയിട്ട് വരാം.. “ആദ്യം പോയി കഴിച്ചേ.. ഞാൻ മേശയിൽ എല്ലാം എടുത്ത് വച്ചിട്ടുണ്ട്… ” എന്ന് ഞാൻ പറഞ്ഞു..

“എന്നാൽ ചന്ദ്രയും കൂടി വാ.. അമ്മയേയും കുഞ്ഞിനെയും കൂടി വിളിക്ക്.. നമ്മുക്ക് ഒരുമിച്ച് കഴിക്കാം” എന്ന് ഗിരിയേട്ടൻ പറഞ്ഞു.. “ശരി ഞാൻ മോനെ കുളിപ്പിച്ചിട്ട് കൊണ്ട് വരാം” എന്ന് പറഞ്ഞ് ഞാൻ അപ്പൂസിനെ വിളിച്ച് കൊണ്ട് പോയി പല്ലു തേപ്പിച്ച് കുളിപ്പിച്ച് വേറെ വസ്ത്രം മാറ്റി ഹാളിൽ ഗിരിയേട്ടൻ്റെ അമ്മയുടെ അടുത്ത് കൊണ്ടിരിത്തി.. അപ്പോഴാണ് അലക്കാനുള്ള തുണിയുടെ കാര്യം ഓർത്തത്.. എല്ലാരുടെ തുണിയും കൂടി എടുത്ത് കൊണ്ട് പോയി അലക്കി വിരിച്ചിട്ട് വന്നപ്പോഴേക്ക് ഗിരിയേട്ടൻ്റെ അമ്മ അപ്പൂസിന് ദോശ കൊടുക്കുന്നുണ്ടായിരുന്നു.. “മോന് മല്ലിയില ചമ്മന്തി ഇഷ്ട്ടപ്പെട്ടു കേട്ടോ “..

ഒരു ദോശ മുഴുവൻ കഴിച്ചു “ദാ ഇത് രണ്ടാമത്തെ ദോശയാ “ഗിരിയേട്ടൻ്റെ അമ്മ സന്തോഷത്തോടെ പറഞ്ഞു.. ” മിടുക്കനായല്ലോ അപ്പൂസ് ” എന്ന് പറഞ്ഞു കൊണ്ട് ഞാൻ കുഞ്ഞിൻ്റെ കവിളിൽ തൊട്ടു… മറുപടിയായി അപ്പൂസ് പുഞ്ചിരിച്ചു.. ഗിരിയേട്ടൻ വന്നപ്പോൾ ഞാൻ ദോശയും ചമ്മന്തിയും പ്ലേറ്റിൽ വിളമ്പി… “ശിഖ കഴിച്ചോ അമ്മേ ” ഞാൻ ചോദിച്ചു.. “കുറച്ച് മുൻപ് വന്ന് കഴിച്ചിട്ട് പോയി ” എന്ന് ഗിരിയേട്ടൻ്റെ അമ്മ മറുപടി പറഞ്ഞു… ഗിരിയേട്ടൻ വേഗം കഴിച്ച് എഴുന്നേറ്റു.. “മല്ലിയില ചമ്മന്തി സൂപ്പറാണ്.. ” ഞാൻ പോയി ഒരുങ്ങട്ടെ.. വേഗം കഴിച്ച് റെഡിയായിരിക്ക് ” എന്ന് പറഞ്ഞ് ഗിരിയേട്ടൻ പോയി..

ഞാനും കഴിച്ചു… ഗിരിയേട്ടൻ്റെ അമ്മ അപ്പൂസിനെ വാ കഴികിച്ചു ഹാളിലേക്ക് പോയി…. അടുക്കളയിൽ എല്ലാം ഒതുക്കി പാത്രം കഴുകി കമഴ്ത്തിവച്ചു.. ഇന്ന് സ്വീറ്റ്ബോണ്ടാ കൂടി ഉണ്ടാക്കാമെന്ന് ബേക്കറിക്കാരനോട് എറ്റിരുന്നതാണ്… രണ്ടു കിലോ ഗോതമ്പ് പൊടിയും കാൽ കിലോ മൈതയും കുഞ്ഞു സ്പൂൺ സോഡാ പൊടിയും ജീരകവും ചേർത്ത് ഒരു പാത്രത്തിൽ ഇട്ടിളക്കി.. മിക്സിയിൽ പഞ്ചസാരയും ഏലയ്ക്കയും നാല് പഴവും അടിച്ചെടുത്തു.. ആ മിശ്രിതം മാവിൽ ഒഴിച്ചു ചപ്പാത്തി മാവിൻ്റെ പരുവത്തിൽ കുഴച്ചുവച്ചു… നല്ല ഒരു അടപ്പ് എടുത്ത് അടച്ചു വച്ചു… ഇനി രണ്ടു മണിക്കൂർ കഴിഞ്ഞ് വന്ന് ഉണ്ടാക്കിയാൽ മതി…

അപ്പോഴേക്ക് ആശുപത്രിയിൽ പോയിട്ട് വരാം… ഞാൻ പോയി വീട്ടിലെ സാരി മാറ്റി കുറച്ച് നല്ല സാരിയുടുത്തു… ഞാൻ ഒരുങ്ങി മുറിയിൽ നിന്നിറങ്ങിയപ്പോഴേക്ക് ഗിരിയേട്ടനും മോനും ഒരുങ്ങി ഹാളിൽ ഇരുപ്പുണ്ടായിരുന്നു.. അമ്മയോട് യാത്ര പറഞ്ഞ് മുറ്റത്തിറങ്ങി.. ” ഞാൻ സൈക്കിൾ ചവിട്ടിക്കോളാം.. ചന്ദ്രപുറകിൽ ഇരുന്നോ… മോൻ മുൻപിൽ ഇരുന്നോളും ” എന്ന് പറഞ്ഞ് ഗിരിയേട്ടൻ സൈക്കിളിൽ കയറി മോനെ മുൻപിൽ ഇരുത്തി… ഞാൻ പുറകിൽ കയറി… ആശുപത്രിയിലേക്ക് പോകും വഴി ഗിരിയേട്ടൻ അപ്പൂസിനോട് ഉറക്കെ കാര്യം പറയുന്നുണ്ട്…

ആശുപത്രിയിൽ എത്തി ആദ്യത്തെ നമ്പർ ആയത് കൊണ്ട് ഡോക്ടറിനെ വേഗം കാണാൻ പറ്റി… സ്റ്റിച്ച് എടുത്ത് കഴിഞ്ഞാൽ വരണമെന്നില്ല വീട്ടിൽ തന്നെ മരുന്ന് വച്ചാൽ മതിയെന്ന് ഡോക്ടർ പറഞ്ഞു… ഞാൻ അപ്പൂസിനെയും കൊണ്ട് മരുന്ന് വാങ്ങാൻ പോയ സമയം കൊണ്ട് ഗിരിയേട്ടൻ സ്റ്റിച്ച് എടുക്കാൻ പോയി.. ഞങ്ങൾ മരുന്ന് വാങ്ങി വന്നപ്പോഴേക്ക് ഗിരിയേട്ടൻ വന്നിരുന്നു.. തിരികെയുള്ള യാത്രയിൽ കടയിൽ കയറി അപ്പൂസിന് വീട്ടിൽ ഇടാനുള്ള കുറച്ച് വസ്ത്രങ്ങൾ വാങ്ങി… കൂട്ടത്തിൽ എനിക്ക് രണ്ട് നൈറ്റി വാങ്ങി തന്നു.. തിരികെ വീട്ടിൽ വന്നപ്പോൾ ശിഖ മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു…

ഞാൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി.. ഗിരിയേട്ടൻ്റെ അമ്മ ഉറക്കമാണ്.. അത് കൊണ്ട് അങ്ങോട്ടേക്ക് പോയില്ല.. വേഷം മാറ്റി മുറ്റത്തിറങ്ങി.. കുറച്ച് നേരം പറമ്പിൽ പോയി… ഉച്ചയായപ്പോഴാണ് തിരികെ കയറിയത്.. മുഖവും കൈയ്യും കാലും കഴുകി അടുക്കളയിലേക്ക് പോയി.. ഉച്ചയ്ക്കത്തെ ഊണ് എല്ലാരും ഒരുമിച്ചാണ് കഴിച്ചത്… ശിഖ എന്തോ ആലോചനയിലാണ്.. മുഖത്ത് തെളിച്ചമില്ല.. ചോദിച്ചാൽ ചിലപ്പോൾ ദേഷ്യപ്പെട്ടാലോ എന്ന് കരുതി സംസാരിച്ചില്ല.. എല്ലാരും കഴിച്ച് പോയി കഴിഞ്ഞ് ഞാൻ എൻ്റെ ജോലി തുടങ്ങി.. അടുപ്പ് കത്തിച്ച് എണ്ണ ചട്ടി ചൂടാക്കാൻ വച്ചു.. കുഴച്ച് വച്ച മാവ് ഉരുളകളാക്കി ചൂടായ എണ്ണയിൽ ഇട്ട് എടുത്തു….

അവരുടെ തന്നെ മറ്റൊരു ബേക്കറിയിലേക്കും കൂടിയായത് കൊണ്ട് കൂടുതൽ ഉണ്ടാക്കണമായിരുന്നു.. എല്ലാം ഉണ്ടാക്കി വച്ച് ബേക്കറിയിലേക്ക് കൊടുക്കാനുള്ളത് പായ്ക്ക് ചെയ്തു വച്ചു… ഗിരിയേട്ടൻ്റെ അമ്മയോട് പറഞ്ഞിട്ട് ബേക്കറിയിൽ ഉണ്ടാക്കിയാ സ്വീറ്റ് ബോണ്ട കൊണ്ട് കൊടുത്തു.. അന്നന്നുള്ള പൈസ തരുന്നത് കൊണ്ട് പിറ്റേ ദിവസം ഉണ്ടാക്കാനുള്ള പലഹാരത്തിൻ്റെ സാധനങ്ങളും വാങ്ങിയാണ് വീട്ടിലേക്ക് പോകുന്നത്.. വീടിൻ്റെ മുറ്റത്തെത്തിയപ്പോഴേ ഗിരിയേട്ടൻ്റെ ശബ്ദം ഉയർന്ന് കേൾക്കാം.. ഞാൻ അകത്തേക്ക് കയറുമ്പോൾ ഗിരിയേട്ടൻ ഏതോ വിശാലിൻ്റെ കാര്യം ശിഖയോട് ദേഷ്യപ്പെടുന്നതാണ് കണ്ടത്.. വിശാൽ അവളുടെ കാമുകനാവും..

അവൾ കരഞ്ഞ് കൊണ്ട് അകത്തേക്ക് ശ്രമിച്ചതും ഞാൻ ശിഖയുടെ കൈ പിടിച്ച് നിർത്തി…. “എന്തിനാണ് വെറുതെ ഓരോന്ന് പറഞ്ഞ് ആ കുട്ടിയെ വിഷമിപ്പിക്കുന്നത്.. ചിലപ്പോൾ അയാളുമായി ഇപ്പോൾ ഒരു ബന്ധവുമില്ലെങ്കിലോ… “ഞാൻ ചോദിച്ചു… ” അവൾടെ ചേച്ചി ചെയ്ത തെറ്റ് ഇവളും ആവർത്തിക്കുകയാണല്ലോ എന്ന വിഷമമാണ് ചന്ദ്ര… എൻ്റെ ഭാര്യ ശ്വേത വിവാഹത്തിന് മുന്നേ അമ്മാവൻ്റെ മകനുമായി പ്രണയത്തിൽ ആയിരുന്നു… അവനെക്കാൾ നല്ലത് എൻ്റെ ആലോചന വന്നപ്പോൾ അവനെ കളഞ്ഞിട്ട് എന്നെ വിവാഹം കഴിച്ചു…. വിവാഹം കഴിഞ്ഞതിന് ശേഷം അവൾക്ക് ഗവൺമെൻ്റ് ജോലി കിട്ടി കഴിഞ്ഞ് അവനുമായി ബന്ധം തുടർന്നത് ഞാൻ അറിയാൻ വൈകി…

ഞാൻ ചോദ്യം ചെയ്തപ്പോൾ മോനേം കൊണ്ടിറങ്ങി പോയി…. ആദ്യമേ അവൻ്റെ കൂടെ വിവാഹം കഴിച്ച് ജീവിച്ചാൽ പോരായിരുന്നോ… എൻ്റെ ജീവിതം ഇല്ലാതാക്കേണ്ട കാര്യമെന്തായിരുന്നു.. ചന്ദ്ര ഒന്നു ചിന്തിച്ചേ… എൻ്റെ കുഞ്ഞിന് വേണ്ടി എന്ന് പറഞ്ഞ് ശിഖയെ വിവാഹം കഴിച്ചാലും അവൾ അവളുടെ പഴയ പ്രണയം തേടി പോയാൽ ഞാൻ വീണ്ടും മണ്ടനാകില്ലേ…” എന്ന് ഗിരിയേട്ടൻ പറഞ്ഞപ്പോൾ എനിക്ക് പറയാൻ മറുപടിയില്ലായിരുന്നു…. “ശരി… ഗിരിയേട്ടൻ എന്നെ വിവാഹം കഴിക്കണ്ട… പക്ഷേ വേറെ വിവാഹം കഴിക്കണം… എൻ്റെ ചേച്ചി കാരണം ഒരുപാട് അനുഭവിച്ചില്ലേ…

“ചേച്ചി ചെയ്ത തെറ്റ് ഞാൻ പരിഹാരo കാണണമെന്ന് തീരുമാനിച്ചതു കൊണ്ടാണ് ഇങ്ങോട്ട് വന്നത് … മരിക്കും മുന്നേ അവൾ കുഞ്ഞിനെ എന്നെ ഏൽപ്പിച്ചിട്ടാണ് പോയത്… ഗിരിയേട്ടനോട് മാപ്പ് പറഞ്ഞുന്നു പറയണം എന്ന് പറഞ്ഞിരുന്നു…. അവൾ ചെയ്ത തെറ്റ് കാരണം അനാഥമായ കുഞ്ഞുമോന് വേണ്ടി ജീവിക്കണം എന്ന് കരുതിയിരുന്നു …അതുകൊണ്ടാണ് എൻ്റെ പ്രണയം ഇഷ്ടം എല്ലാം ഉപേക്ഷിച്ച് ഞാൻ ഇങ്ങോട്ട് വന്നത്… ഫോൺ പോലും കയ്യിൽ എടുത്തിരുന്നില്ല .. വിശാലിനെ ഒരുപാട് ഇഷ്ടമാണ് പക്ഷേ അവൻ എന്നെ വിവാഹം കഴിക്കുകയാണെങ്കിൽ കുഞ്ഞിനെ സ്വീകരിക്കില്ല എന്ന് പറഞ്ഞതു കൊണ്ടാണ് ഞങ്ങൾ തമ്മിൽ തെറ്റിയത് ..

ചേച്ചിയുടെ മരണത്തിനുപോലും ഗിരീയേട്ടൻ വരാത്തത് കൊണ്ടാണ് കുഞ്ഞിനെയും വിട്ടുതരാൻ മനസ്സ് വരാഞ്ഞത്… പക്ഷേ വിശാൽ അവൻ വീണ്ടും വിളിച്ചു.. അവനാണ് പറഞ്ഞത് കുഞ്ഞിനെ തിരികെ ചേട്ടൻ്റെ അടുത്ത് ആക്കി വരാൻ… അതുകൊണ്ടാണ് ഞാനും അച്ഛനും അമ്മയും കൂടെ വന്നത് പക്ഷേ അച്ഛനും അമ്മയും ഇവിടെ വന്നപ്പോൾ കാലുമാറി .. അവർ നേരത്തെ തീരുമാനിച്ചുറപ്പിച്ചത് എൻ്റെയും ഗിരിയേട്ടൻ്റെയും വിവാഹം കാര്യം സംസാരിച്ചു തീരുമാനിക്കണം എന്നാണ് എന്ന് ഞാനറിഞ്ഞില്ല… വിശാലുമായുള്ള ബന്ധം അവർക്ക് അറിയാവുന്നതും ആണ് ..

പക്ഷേ ചന്ദ്രേച്ചിയെ കുറിച്ച് നല്ലതൊന്നുമല്ല ഞാൻ ഇവിടെ കേട്ടതും അറിഞ്ഞതും… അവരുടെ മക്കളെ അപകടപ്പെടുത്തിയിട്ട് ആ കുറ്റം ഭർത്താവിൻ്റെ തലയിൽ കെട്ടിവച്ചതാണ് എന്നാണ് എൻ്റെ അമ്മ പറഞ്ഞത്… അങ്ങനെയുള്ളവരുടെ കൂടെ എങ്ങനെ ഞാൻ കുഞ്ഞിനെ നിർത്തും… അവരുടെ കുഞ്ഞിനെ അപകടപ്പെടുത്തിയത് പോലെ കുഞ്ഞിനെയും എന്തെങ്കിലും ചെയ്യുമോ എന്ന് ഭയം എന്നെ വേട്ടയാടി… ഞാൻ ചേച്ചിക്ക് വാക്ക് കൊടുത്തതാണ് കുഞ്ഞിനെ നോക്കിക്കോളമെന്ന്….” ശിഖയുടെ വാക്കുകൾ കേട്ടതും ഞാൻ അവളുടെ കൈവിട്ടു… ശിഖയുടെ വാക്കുകൾ കേട്ട് എൻ്റെ ഹൃദയത്തിനേറ്റ മുറിവിൽ നിന്ന് രക്തം വാർന്നു പോകുന്നത് പോലെ തോന്നി…

“എൻ്റെ കുഞ്ഞിനെ നോക്കാൻ എനിക്കറിയാം… എന്ത് കാര്യമാണെങ്കിലും സത്യവസ്ഥ അറിയാതെ എടുത്ത് ചാടി ഓരോന്ന് പറയരുത്… “.. എന്നാലും നിനക്ക് പകുതി കാര്യങ്ങൾ അറിയാം…. നീ പലതും മറച്ച് വയ്ക്കുന്നതെന്തിനാണ്…. ചന്ദ്രയുടെ ഭർത്താവ് ആരാണെന്ന് അറിയാമോ… നിൻ്റെ അമ്മാവൻ്റെ മകൾ ദിവ്യയുടെ കാമുകൻ.. അവളുടെ ആരുമറിയാത്ത ഭർത്താവ്… ദിവ്യയെ ശരത്തുമായി കറങ്ങി നടക്കുന്നത് ഞാൻ പലയിടത്തും വച്ച് കണ്ടിരുന്നു.. കാണുമ്പോൾ എല്ലാം രണ്ടു പേർക്കും താക്കീതും നൽകിയിരുന്നു… എന്നിട്ടും ആ ബന്ധം തുടർന്നിരുന്നു..

ദിവ്യ ഗർഭിണിയായപ്പോഴാണ് ചന്ദ്രയെയും മക്കളെയും ഇല്ലാതാക്കാൻ അവൻ ശ്രമിച്ചത്… ആ കുറ്റം ചന്ദ്ര ചെയ്തതാണ് വരുത്തി തീർക്കാനാണ് ചെറിയ അളവിൽ അവനും ആ വിഷം കഴിച്ചത്.. ചന്ദ്രയെയും കുഞ്ഞുങ്ങളെയും ഇല്ലാതാക്കാൻ ദിവ്യയ്ക്ക് വിഷം വാങ്ങി കൊടുത്തത് നിൻ്റെ ചേച്ചി ശ്വേതയാണ്….. ആരും അറിയില്ല എന്ന് കരുതി.. പോലീസ് അന്വഷണം ശ്വേതയിൽ എത്തിയപ്പോഴാണ് അവൾ ആത്മഹത്യ ചെയ്തത് എന്നറിഞ്ഞത് കൊണ്ടാണ് ഞാൻ വരാതിരുന്നത്.. അവളെ അത്രയ്ക്ക് വെറുത്തു പോയിരുന്നു… ഈക്കാര്യങ്ങൾ എല്ലാം നിനക്കറിയാം എന്നും എനിക്കറിയാം…

എന്നെങ്കിലും ഈ കാര്യം ചന്ദ്രയറിയുമോ എന്ന ഭയമല്ലേ നിനക്ക്”.. എന്ന് ഗിരിയേട്ടൻ ശിഖയോട് പറഞ്ഞപ്പോൾ ഞാൻ മരവിച്ച മനസ്സോടെ കേട്ടു നിന്നു… ” അതെ ശരിയാണ്.. അങ്ങനെയറിഞ്ഞാൽ എല്ലത്തിനും കൂട്ടുനിന്ന ചേച്ചിയുടെ മകനെ ചന്ദ്രച്ചി ഇല്ലാതാക്കാൻ ശ്രമിക്കുമോ എന്ന് ഭയപ്പെട്ടു.. . “ശിഖ പറഞ്ഞു.. ശിഖയുടെ വാക്കുകൾ ഹൃദയത്തെ ചുട്ടുപൊള്ളിച്ചു.. എനിക്കവിടെ നിൽക്കാൻ തോന്നിയില്ല… ഇനിയും കേൾക്കാൻ നിന്നാൽ ചിലപ്പോൾ തളർന്ന് വീഴും എന്ന് തോന്നി… ഞാൻ തിരിഞ്ഞ് നടന്നു… ഗിരിയേട്ടൻ്റെ അമ്മ തൊട്ടു പുറകിൽ നിൽക്കുന്നത് കണ്ടു..

ആ മിഴികളിൽ സഹതാപം നിറഞ്ഞു നിന്നിരുന്നു… “എനിക്ക് ഒരിക്കലും ഒരു കുഞ്ഞിനെയും നോവിക്കാൻ കഴിയില്ലമ്മേ…. ഞാൻ അവരിൽ കാണുന്നത് ൻ്റെ അപ്പൂസിനെയും മാളൂട്ടിയേയും ആണ് “…. സ്വന്തം മക്കളെ ജീവനെ പോലെ കരുതുന്നവർക്ക് അവരെ കൊല്ലാൻ കഴിയില്ല… ഒരിക്കലും കഴിയില്ല ” എന്ന് ഞാൻ പറഞ്ഞതും ഗിരിയേട്ടൻ്റെ അമ്മ എന്നെ ചേർത്തു പിടിച്ചിരുന്നു… “ഞങ്ങൾക്ക് പറ്റിയ വല്യ തെറ്റായിരുന്നു ശ്വേത… പഠിച്ച് ജോലി നോക്കുന്ന കുട്ടി എന്ന് മാത്രമേ നോക്കിയുള്ളു….. അത് മാത്രം നോക്കിയത് കൊണ്ടാണ് നിന്നെ ഞങ്ങൾ നഷ്ട്ടപ്പെടുത്തി കളഞ്ഞത് ” എന്ന് ഗിരിയേട്ടൻ്റെ അമ്മ പറഞ്ഞപ്പോൾ ഞാൻ ഒരു ഞെട്ടലോടെ മുഖമുയർത്തി നോക്കി…

“അതെ മോളെ ഗിരിയ്ക്ക് നിന്നെ ഇഷ്ട്ടമായിരുന്നു… ആ കുറുമ്പി പെണ്ണിനെ മതിയെന്ന് നിന്നെ കണ്ട അന്ന് തന്നെ വീട്ടിൽ വന്ന് പറഞ്ഞിരുന്നു… പക്ഷേ ഗിരിയുടെ അച്ഛന് വിദ്യാഭ്യാസമുള്ള കുട്ടിയെ മതീന്നായിരുന്നു… ഗിരി ആദ്യം കുറച്ച് വാശി പിടിച്ചെങ്കിലും പിന്നെ അച്ഛൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് ശ്വേതയെ വിവാഹം കഴിച്ചത്…” അവൾ അവനോട് കലഹിക്കുന്നത് കണ്ട് നെഞ്ചു പൊട്ടിയാണ് അദ്ദേഹം മരിച്ചത്… “… എന്ന് ഗിരിയേട്ടൻ്റെ അമ്മ പറഞ്ഞപ്പോൾ ഞാൻ എന്ത് മറുപടി പറയണമെന്നറിയാതെ നിന്നു… ” അമ്മേ കഴിഞ്ഞ കാര്യങ്ങൾ എന്തിനാണ് ഇപ്പോൾ പറയുന്നത്…

ചന്ദ്ര കൂടുതൽ വിഷമിക്കുകയേയുള്ളു… ഇപ്പോൾ ഉള്ള സൗഹൃദവും അവൾ വേണ്ടെന്ന് വച്ച് കളയും..” ഗിരി വിഷമത്തോടെ പറഞ്ഞു… ” വിധിച്ചതേ നടക്കു അമ്മേ…. “എനിക്ക് കുറച്ച് നേരം തനിച്ചിരിക്കണം” എന്ന് പറഞ്ഞ് എന്നെ തന്നെ നോക്കിയിരിക്കുന്ന കുഞ്ഞിക്കണ്ണുകളെ അവഗണിച്ചു കൊണ്ട് ഞാൻ മുറിയിലേക്ക് നടന്നു… കുറച്ച് നേരം വെറുതെ കിടന്നു… മിഴി നിർ തലയണയെ നനച്ചു കൊണ്ടിരുന്നു.. ഗിരിയേട്ടൻ്റെ മകനെ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നിയിരുന്നു.. അവൻ്റെ കണ്ണുകളിലെ സ്നേഹം… ചുണ്ടിലെ പുഞ്ചിരി…. എല്ലാം മനസ്സിലെ വേദനകളെ ഇല്ലാതാക്കാൻ പോന്നതായിരുന്നു…

പക്ഷേ ശിഖയുടെ മനസ്സിലെ സംശയങ്ങൾ വാക്കുകളായ് കാതുകളിൽ പതിഞ്ഞപ്പോൾ തകർന്നു പോയി.. അവനെന്തെങ്കിലും അറിയാതെ അപകടം പറ്റിയാലും എല്ലാരും കുറ്റപ്പെടുത്തുന്നത് തന്നെയാവും…. അർഹിക്കാത്തത് ആഗ്രഹിക്കാൻ പാടില്ല… ഓരോന്ന് ആലോചിച്ച് കണ്ണടച്ച് കിടന്നു…. രണ്ടു കുരുന്നുകളുടെ ചിരിയും കളികളും അവസാനത്തെ കരച്ചിലും കാതുകളിൽ മുഴങ്ങി കേൾക്കുന്നു…. ഞാൻ അലർച്ചയോടെ ചെവി രണ്ടും പൊത്തി പിടിച്ചു.. കുറെ ആളുകൾ എന്നെ കല്ലെടുത്തെറിയുന്നു.. ഞാൻ ഓടി… ഓടി അവസാനം തളർന്ന് വീണു… ആരെക്കെയോ എൻ്റെ പേര് വിളിക്കുന്നുണ്ട്… പക്ഷേ കണ്ണ് തുറക്കാൻ കഴിയുന്നില്ല… ❤

കുഞ്ഞുകൈയ്യിലെ തണുപ്പ് കവിളിൽ അറിഞ്ഞപ്പോഴാണ് ഞാൻ കണ്ണ് തുറന്ന് നോക്കുന്നത്…. ഞാൻ ചുറ്റും നോക്കി… വീടല്ല ആശുപത്രിയിൽ ആണെന്ന് മനസ്സിലായി.. അപ്പൂസ് എൻ്റെ അടുത്ത് കട്ടിലിൽ ഇരിക്കുന്നുണ്ട്… ഗിരിയേട്ടൻ അപ്പൂസിനെ ചേർത്ത് പിടിച്ചു കൊണ്ട് അരികിൽ നിൽക്കുന്നുണ്ട്… “ചാന്ദ്..മാ.. ” എന്ന് പറഞ്ഞ് കരയുന്നു.. ഞാൻ ഒരു ഞെട്ടലോടെ ഗിരിയേട്ടനെ നോക്കി… വേദനയ്ക്കിടയിലും ഒരു സന്തോഷം എന്നിൽ നിറഞ്ഞു…….തുടരും

സ്‌നേഹതീരം: ഭാഗം 15

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!