അദിതി : ഭാഗം 8

അദിതി : ഭാഗം 8

എഴുത്തുകാരി: അപർണ കൃഷ്ണ

ഒന്നിൽ നിന്നും രണ്ടിലേക്കു…..പത്തിലേക്ക് നൂറിലേക്കു…. അത് പിന്നെ…. ആയിരങ്ങളിലേക്കു അങ്ങനെ കോളേജ് മൊത്തം അദിതിയുടെ വൺമാൻ ഷോയെ പറ്റി അറിഞ്ഞിരുന്നു….. അത്ഭുതം, ആകാംഷ, സന്തോഷം തുടങ്ങി ഒരുപാടു ഭാവങ്ങൾ വികാരങ്ങൾ മനസിലൂടെ കടന്നു പോയി. ആ കമ്പു അന്ന് അവളുടെ തലയിൽ വീണിരുന്നെങ്കിൽ അത് ഗുരുതരമായ പരിക്കിൽ കലാശിക്കുമായിരുന്നു. എന്നാൽ നിമിഷ നേരം കൊണ്ട് സംഗതി ആകെ മാറി മറിഞ്ഞു. അവളുടെ കരങ്ങൾ തീർത്ത മായാജാലം….

അദിതി കോളേജിൽ ഒരു മിന്നും താരമായെന്നു പറയാം. അവളെ കാണുമ്പോൾ ഇപ്പോൾ കണ്ണുകളിൽ ആരാധന നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ അദിതി അതൊന്നും ശ്രദ്ധിക്കാതെ ഒരു നേർത്ത പുഞ്ചിരിയോടെ കടന്നു പോകും. ക്ലാസ്സിൽ വന്നപ്പോൾ ഉണ്ടായ സ്ഥിതിയും വ്യത്യസ്തമല്ലായിരുന്നു. എല്ലാവരും അവൾക്കു ചുറ്റും കൂടി. എന്തൊക്കെയോ ചോദിക്കുന്നുണ്ട്. ഞാൻ ഇതൊക്കെ കണ്ടു അല്പം മാറി ഇരിക്കുകയായിരുന്നു. ഇടയ്ക്കിടെ അദിതിയുടെ നോട്ടം എന്റെ മുഖത്തേക്ക് പാറി വീഴുന്നുണ്ട്.

ഒരുപക്ഷേ ഞാൻ ആ സംഭവത്തിനെ പറ്റി ഒന്നും ചോദിക്കാത്ത കൊണ്ടാകാം. അവളുടെ നോട്ടത്തിനു നേർത്ത ഒരു പുഞ്ചിരി ഞാൻ നൽകിയപ്പോൾ അവിടന്നും അതുപോലെ മനോഹരമായ ഒരു പുഞ്ചിരി തിരികേ ലഭിച്ചു…….എനിക്കെന്തോ അവളോട് അതിനെ പറ്റി ഒന്നും ചോദിയ്ക്കാൻ തോന്നിയില്ല എന്നതായിരുന്നു സത്യം…….. ഈ കാണുന്നതൊന്നുമല്ല അദിതി എന്ന് മനസ്സിൽ ഇരുന്നു ആരോ പറയും പോലെ. അദിതി മഹേശ്വർ രാജ്പുത്…. എനിക്കറിയേണ്ടത് ചോദിക്കാതെ തന്നേ ഞാൻ അറിയും. ഇത് അങ്ങനെ ഒന്നും തഴുകി കടന്നു പോകുന്ന മാരുതൻ അല്ല.

ചുഴറ്റിഎറിയാൻ തക്ക കരുത്തുള്ള ഒരു കൊടുങ്കാറ്റാണ്, നോക്കട്ടെ എവിടം വരെ പോകും എന്ന്……. പലരും അവളുടെ മുന്നിൽ ചെന്ന് നിന്ന് മാജിക് കാണിച്ചു തരാമോ? പഠിപ്പിക്കാമോ? എന്നൊക്കെ ചോദിക്കുമായിരുന്നു. അതിൽ നിന്ന് എന്തെങ്കിലും ഒക്കെ പറഞ്ഞു ഒഴിഞ്ഞു മാറി അവൾ അകന്നു പോകും. എങ്കിലും കറുത്ത കുതിരകൾ എന്ന പേരിൽ കോളേജിനെ ആകെ നാണക്കേടിൽ താഴ്ത്തിയിരുന്ന, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ തലവേദന ആയിരുന്ന ആ ഗാങിനെ നല്ല രീതിയിൽ അപമാനകരമായിരുന്നു അവളുടെ അന്നത്തെ പ്രവർത്തി.

എല്ലാവരും അവളെ പ്രകീർത്തിക്കുമ്പോൾ അദിതിയോടുള്ള ദേഷ്യം പുകയുന്ന മനസുമായി നിക്കുവായിരുന്നു അവർ. ഇത്രയും കാലത്തിനിടയിൽ കുട്ടികൾ അവരെ അപമാനിക്കത്തക്ക വിധത്തിൽ അല്ലെങ്കിൽ കോളേജിന് നടുവിൽ കൂകി നാണം കെടുന്ന തരത്തിൽ ഒരു സംഭവം ആദ്യമായിരുന്നു…… എല്ലാവരും ഭയപ്പെടുത്തുന്നവർ, അപമാനിക്കുന്നവർ സ്വയം അപമാനിതരായ അവസ്ഥ……… ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി വച്ച് കോളേജിൽ നിന്ന് സസ്പെന്ഷന് വാങ്ങി പോകുമ്പോൾ പോലും തല ഉയർത്തി ബഹുമതി ലഭിച്ചത് പോലെ പോകുന്ന അവർക്ക്, തല കുനിക്കേണ്ടി വന്ന അവസരം, അതും പോരാഞ്ഞിട്ട് കുട്ടികളുടെ അമർത്തിയ ചിരിയിൽ തെളിഞ്ഞു നിൽക്കുന്ന പരിഹാസം.

അത് അവരുടെ മനസ്സിൽ അദിതിയോടുള്ള ദേഷ്യം ആളിക്കത്തിക്കുന്ന തരത്തിൽ ആയിരുന്നു എന്ന് ആരും അറിഞ്ഞില്ല…… ഞാൻ ഈ സംഭവങ്ങൾ ഒക്കെ പോയി അമ്മയോടും അപ്പയോടും ഒക്കെ വിശദീകരിച്ചു പറഞ്ഞപ്പോളും അമ്മയുടെ ആശങ്ക അദിതിയെ ഓർത്തു തന്നെ ആയിരുന്നു. ഇതിനകം അപ്പ ആ കഞ്ചാവ് പിള്ളേരുടെ ഡീറ്റെയിൽസ് മൊത്തം അറിഞ്ഞു കഴിഞ്ഞിരുന്നു. ഇത്രയും ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ള പിള്ളേരെ കോളേജിൽ വച്ച് പുലർത്തുന്നതിൽ അപ്പ രോഷാകുലനായിരുന്നു.

ഇതുവരെ കണ്ടിട്ടില്ലെങ്കിലും ഞാൻ പറഞ്ഞു അദിതി എന്റെ അപ്പാക്കും അമ്മയ്ക്കും പരിചിതയായ വ്യക്തി ആയിരുന്നു. അവളെ പറ്റി ലേശം ആവേശത്തോടെ ഞാൻ സംസാരിക്കുമ്പോൾ അത് ഒരു ചെറു ചിരിയോടെ അവർ കേട്ടിരിക്കും…… ഇപ്പോൾ ഞായറാഴ്ചകളെ ‘അമ്മ ഒരുപാടു ഇഷ്ടപ്പെടുന്നുണ്ട്……….. കാരണം എന്റെ പീക്കിരികൾ ആണ്. അവമ്മാര് നേരം വെളുക്കുബോളെക്കും കുളിച്ചു കുട്ടപ്പന്മാരായി വീട്ടിൽ ഹാജരാകും, എന്നിട്ടു അമ്മയോടും അപ്പയോടും ഒപ്പം പള്ളിൽ പോകും, പോയി വന്ന ശേഷം വയ്പ്പും കഴിപ്പും ഒക്കെ ആയി ഒരു മേളം ആണ്.

സത്യം പറയാല്ലോ ഈ കാര്യത്തിൽ തെണ്ടികൾ എനിക്ക് വല്ലാത്ത പാര ആണ്. ഞായറാഴ്ച പള്ളിയിൽ കൂടെ പോകാതെ മുങ്ങുന്നതിനു എനിക്ക് അമ്മേടെ കയ്യിൽ നിന്ന് ഇടക്കും മുറക്കും നല്ല പോലെ വഴക്കു കേൾക്കാറുണ്ട്. ഇതിപ്പോ ഇവന്മാരും കൂടെ എന്നെ ഉപദേശിക്കാൻ തുടങ്ങി…… ആഹ്ഹ അങ്ങനെ ഉപദേശിച്ചാല് നന്നാകുമായിരുന്നേൽ ഞാൻ എന്നെ നന്നായി പോയേനെ. ഇതൊന്നും നമക്ക് പറ്റിയ പണി അല്ലാന്നേ. എന്തൊക്കെ ആയാലും അമ്മയും അപ്പയും പീക്കിരികളെ പുത്രമാരായി സ്വീകരിച്ചു കഴിഞ്ഞു. എനിക്കിരുപത്തി ഒന്നാം വയസിൽ അനിയമ്മാരെയും അമ്മയ്ക്കും അപ്പാക്കും മക്കളെയും കിട്ടി.

അതും ഒന്നും രണ്ടും ഒന്നും അല്ല അഞ്ചേണ്ണം. മതിയോ? എല്ലാ കുരുത്തക്കേടും കാണിക്കാൻ കൂടെ നിന്നിട്ട് അത് അമ്മയോട് പറയും എന്ന് പറഞ്ഞു ഭീഷണിപെടുത്തലാണ് അവമ്മാരുടെ പുതിയ പരിപാടി. ഹും അതും എന്നെയാണ് പേടിപ്പിക്കുന്നത്, എനിക്കാണേൽ പണ്ടേ പേടി എന്ന് പറയുന്ന സാധനം അടുത്തൂടെ പോയിട്ടില്ല. പ്രതേകിച് അമ്മേനെ. എന്തായാലും ഇതിന്റെ പേരിൽ പീക്കിരികൾ ക്യാന്റീനിൽ കേറി എന്നെ ഇടയ്ക്കിടെ വെളുപ്പിക്കാറുണ്ട്. പേടി ഉള്ളത് കൊണ്ടല്ല പാവങ്ങൾ അല്ലെ, അത് കൊണ്ട് ഞാൻ മേടിച്ചു കൊടുക്കും. പാവം ഞാൻ. ……………… കോളേജിൽ ഇലക്ഷൻ സമയം ആയിരുന്നു. അതിന്റെ ചൂടും വീറും വാശിയും ഒക്കെ അവിടത്തെ അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു.

രണ്ടു പാർട്ടികളിൽ നിന്നും മത്സരിക്കണം എന്ന് പറഞ്ഞു ആളുകൾ വന്നു. എന്നാൽ ഞാൻ പതിയെ എസ്‌കേപ്പ് ആയി. ഈ പാർട്ടിപ്രവർത്തനം ഒന്നും എനിക്ക് പറ്റിയ പണി അല്ല. പാർട്ടികളിൽ അല്ല മറിച്ചു വ്യക്തികളിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. കൂടാതെ എന്റെ സുഹൃത്തുക്കൾ രണ്ടു പക്ഷങ്ങളിലും ഉണ്ട്. എന്തിനാ വെറുതെ ഉള്ള സൗഹൃദം കളയുന്നത്. ആർട്സ് ക്ലബ് സെക്രെട്ടറി ആയി വിനുക്കുട്ടൻ മത്സരിക്കുന്നുണ്ട്. ഫസ്റ്റ് പിജി റെപ് ആയി റോയിച്ചനും സെക്കന്റ് പിജി റെപ് ആയി പ്രീതിച്ചേച്ചിയും അപ്പോൾ പിന്നെ ഇലക്ഷൻ അങ്ങ് ആഘോഷിക്കാം എന്ന് വച്ചു.

തീപ്പൊരി ചിതറുന്ന വാക്കുകളും പരസ്പരം കത്തിക്കയറുന്ന വാക്കുകളും വാഗ്ദാനങ്ങളും ഒക്കെ ഞാൻ നന്നേ ആസ്വദിച്ചു……….. ഇളകി മറിയുന്ന ആവേശകടലിന്റെ ഒരു ഭാഗം ആയതു പോലെ. പാർട്ടി ഒന്നും ഇല്ലാതെ കുട്ടികൾ മത്സരിച്ചു വിജയിക്കുന്നവർ ഒരു യൂണിയൻ ആയി പ്രവർത്തിക്കുന്നത് ആണ് എന്റെ മുന്നത്തെ കോളേജിൽ ഉള്ള സിസ്റ്റം………. ഇവിടെ വന്നപ്പോളാണ് ശെരിക്കും പറഞ്ഞാൽ ഒരു ഇലക്ഷൻ ഫീൽ ഒക്കെ കിട്ടുന്നത്. തോരണങ്ങളും ബാനറുകളും കോളേജ് നിറഞ്ഞു കഴിഞ്ഞു. പരിസ്ഥിതി സൗഹാർദ്ദം എന്ന അജണ്ട മുൻനിർത്തി പേപ്പറിൽ ആണ് പോസ്റ്റർ ഒക്കെ ചെയ്തേക്കുന്നത്.

എവിടെ തിരിഞ്ഞങ്ങു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം എന്നു പറഞ്ഞ പോലെ ഇപ്പോൾ എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം വോട്ട് ചോദിക്കുന്നവർ മാത്രം ആണ്, എന്തായാലും സംഗതി കൊള്ളാം…… ഇലക്ഷൻ കഴിഞ്ഞത് വിനുക്കുട്ടന്റെ കണ്ണുനീർ വീഴ്ത്തിക്കൊണ്ടായിരുന്നു. രണ്ടു കയ്യും കവിളിൽ കൊടുത്തു എന്തോ നഷ്ടപെട്ടവനെ പോലെ അവൻ വിദൂരതയിലേക്ക് നോക്കി ഇരുന്നു. അവന്റെ ഈ ലീലാവിലാസങ്ങൾ ഒക്കെ കണ്ടാൽ നമുക്ക് തോന്നു എട്ടു നിലയിൽ പൊട്ടിയിട്ടു ഇരിക്കുവാണെന്നു….. ചെക്കൻ വൻഭൂരിപക്ഷത്തോടെ ആണ് ജയിച്ചത്.

പാര്ട്ടിക്കാര് കുറച്ചു പോസ്റ്റർ ഒട്ടിച്ചതൊഴിച്ചാൽ വിനുക്കുട്ടൻ കാര്യമായ പ്രചാരണം ഒന്നും നടത്തിയിരുന്നില്ല. ഇലക്ഷന്റെ പേര് പറഞ്ഞു പുറത്തു ചാടിയിട്ട് പഴയ പോലെ ഫുൾ ടൈം ഞങ്ങളുടെ ഒപ്പം കറക്കമായിരുന്നു……..അല്ലെങ്കിലും തോൽക്കാൻ വേണ്ടി മത്സരിച്ചാൽ പിന്നെ ആരാ പ്രചാരണത്തിന് ഇറങ്ങുന്നത്. എന്നാൽ അവന്റെ പ്രതീക്ഷയെ തകർത്തു കൊണ്ട് ജയിക്കുകയായിരുന്നു. പിന്നെ രണ്ടു ദിവസം അതിന്റെ ദുഃഖാചരണമായിരുന്നു ഞങ്ങൾ, ക്യാന്റീനിൽ നിന്ന് വിനുവിന്റെ ചെലവിൽ കുറെ വടയും ചായയും ഐസ്ക്രീമും ഒക്കെ കേറ്റി. ദിവസങ്ങൾ കടന്ന് പോയിക്കൊണ്ടിരുന്നു.

ആദ്യം ഒക്കെ അപ്പ എന്നെ കോളേജിൽ കൊണ്ട് വിടുമായിരുന്നു, എന്നാൽ ഇപ്പോൾ ഞാൻ ബസിൽ ആണ് പോകേം വരേം ഒക്കെ ചെയ്യുന്നത്. വഴിൽ വച്ച് ഓരോ സ്റ്റോപ്പുകളിൽ നിന്നായി പീക്കിരികളും കേറും. പിന്നെ ബസിൽ യാത്ര ചെയ്ത് അതിന്റെ സുഖം പിടിച്ചപ്പോൾ ഞാൻ അതങ്ങു സ്ഥിരമാക്കി. അങ്ങനെ ഒരു ശനിയാഴ്ച്ച എക്സ്ട്രാ ക്ലാസിനു വേണ്ടി ഞാൻ കോളേജിലേക്ക് പോകുകയായിരുന്നു. പീക്കിരികൾക്കു ക്ലാസ്സില്ല……. സൈഡ് സീറ്റിൽ ചെവിയിൽ ഹെഡ്സെറ്റും തിരുകി ഞാൻ ആ യാത്ര ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു. പുറംകാഴ്ചകളിൽ കണ്ണുകൾ മേഞ്ഞു കൊണ്ടിരിക്കവേ ആണ് എനിക്ക് ആരോ ശ്രദ്ധിക്കുന്നു എന്ന ഒരു ഫീൽ തോന്നിയത്.

ഞാൻ പതിയെ തല തിരിച്ചു ബസ്സിനുള്ളിൽ ഒന്ന് പരതി. അധികം തിരക്കില്ല വളരെ കുറച്ചു ആളുകളാണ് നിൽക്കുന്നത്. ആ കൂട്ടത്തിൽ യെല്ലോ ആൻഡ് ബ്‌ളാക്ക് കളർ ചെക്ക് ഷർട്ട് ഇട്ട ഒരാൾ എന്നെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു……. എനിക്ക് വീണ്ടും ജീസസിനെ ഓർമ വന്നു. ഞാൻ കണ്ടെന്നു മനസിലായപ്പോൾ പെട്ടന്ന് മുഖം മാറ്റി. ആ മുഖത്തു ഒരു ചെറിയ ചമ്മൽ ഉണ്ടോ എന്നെനിക്കു തോന്നി. ഞാൻ പുള്ളിയെ തന്നെ നോക്കി ഇരിക്കവെ വീണ്ടും ആ മുഖം എന്റെ നേർക്ക് തിരിഞ്ഞു. വീണ്ടും ചമ്മാൻ ഒരു അവസരം കൊടുക്കാതെ ഞാൻ ആ മുഖത്ത് നോക്കി പരിചിത ഭാവത്തിൽ ചിരിച്ചു, കൈവീശി കാണിച്ചു. പുള്ളിയുടെ മുഖത്ത് നിന്നും ഒരു പുഞ്ചിരിയുണ്ടായി.

ചിരിക്കുമ്പോൾ ഇങ്ങേരെ കാണാൻ എന്ത് ക്യൂട്ട് ആണ്. ഞാൻ ചിന്തിച്ചു പോയി. അലസമായ മുടി നെറ്റിയിൽ വീണു കിടക്കുന്നു. മീശയും താടിയും ഒക്കെ ഡ്രീം ചെയ്തേക്കുവാന്നു, അതുകൊണ്ടു തന്നെ ആ മുഖത്ത് ചെറിയൊരു കുട്ടിത്തം ഉണ്ട്. കണ്ണുകൾക്ക് വല്ലാത്ത മനോഹാരിതയുണ്ട്. ചെമ്പൻ മിഴികൾ, നിറയെ പീലികൾ നിറഞ്ഞവ. … എന്തൊക്കെയോ ഓർത്തു കൊണ്ട് ഞാൻ വീണ്ടും എന്റെ നോട്ടം ബസിനു പുറത്തേക്കു തിരിച്ചു. ഡേവിച്ചനെ കോളേജിൽ കൂടി അലഞ്ഞു നടക്കുമ്പോൾ പലപ്പോഴും കണ്ടു മുട്ടാറുണ്ട്, എന്നാലും പരിചയം കാട്ടാതെ പതിയെ അകന്നു പോകുകയാണ് പതിവ്.

സീനിയർസും ജൂനിയർസുമായി ഇനി പരിചയപ്പെടാൻ ആ കോളേജിൽ ആരും ബാക്കി ഇല്ല എങ്കിലും എന്തോ ഡേവിഡ്… അയാളെ നേരിടാൻ എനിക്കിതുവരെ പറ്റിയിരുന്നില്ല. എന്റെ തനിസ്വഭാവം പുള്ളിയോട് കാട്ടാൻ പറ്റാത്ത കൊണ്ടാകണം ഒഴിഞ്ഞു മാറുന്നത്, പലപ്പോഴും എനിക്ക് നേരെ നിശബ്ദം നീളുന്ന മിഴികളെ അവഗണിച്ചു, അലമ്പ് കാണിച്ചു നടന്നു. വയ്യ ഇനി ഒരിക്കൽ കൂടി. ……………. കോളേജിലേക്ക് ബസിൽ ഏകദേശം ഒരു മണിക്കൂറിൽ അധികം യാത്ര ഉണ്ട്. ഇടയ്ക്കു എന്റെ അടുത്തിരുന്ന ആന്റി എഴുന്നേറ്റു പോയി. അടുത്ത് മറ്റാരോ വന്നിരുന്നിട്ടും ശ്രദ്ധിക്കാതെ ഞാൻ എന്റെ തന്നെ ലോകത്തായിരുന്നു.

അടുത്തിരുന്ന ആള് എന്തോ ചോദിക്കും പോലെ തോന്നിയപ്പോൾ ഞാൻ തിരിഞ്ഞു നോക്കി. ഡേവിച്ചൻ. പതിയെ ഹെഡ് സെറ്റ് ഞാൻ മാറ്റി. അതും കാതിൽ വച്ചിരുന്നാൽ പിന്നെ ഭൂകമ്പം വന്നാലും അറിയില്ല. പുള്ളി എന്തോ എന്നോട് ചോദിച്ച പോലെ ഉണ്ടായിരുന്നു, കേട്ടില്ല. ഞാൻ കണ്ണും മിഴിച്ചു ഇരിക്കുന്ന കണ്ടപ്പോൾ വീണ്ടും ചോദിച്ചു…. “തനിക്കു എക്സ്ട്രാ ക്ലാസ് ഉണ്ടല്ലേ” “മ്മ്” “എന്റെ ബൈക്ക് വർക്ഷോപ്പിലാ, അതാ ബസ്സിൽ” കുറച്ചു നേരത്തെ ഇടവേളയ്ക്കു ശേഷം.. “തന്റെ പാട്ട് നല്ലതാ കേട്ടോ” “മ്മ്” “താൻ എന്നും ബസിൽ ആണോ പോകുന്നത്” “അതെ” “ആഹ് ഞങ്ങൾക്കും ഉണ്ട് എക്സ്ട്രാ ക്ലാസ്സ്.

കിരൺ സാറിന്റെ നിങ്ങൾക്കാരുടെ ക്ലാസ്സാ” “ശ്രീദേവി മാമിന്റെ” “പഠിത്തം ഒക്കെ എങ്ങനെ പോകുന്നു” “കുഴപ്പില്ല” “ആർക്കു കുഴപ്പമില്ല എന്ന്” അതിനു മറുപടിയായി ഞാൻ ഡേവിച്ചന്റെ മുഖത്ത് നോക്കി വെറുതെ ചിരിച്ചു. എന്നാലും എനിക്കിതു എന്ത് പറ്റി എന്നാ മനസിലാകാത്തെ ആരേലും കത്തി വയ്ക്കാൻ കിട്ടിയാൽ അറഞ്ചം പുറഞ്ചം കഴുത്തറുക്കുന്ന എനിക്ക് എന്താ ഈ മനുഷ്യനോട് സംസാരിക്കാൻ വാക്കുകൾ കിട്ടാത്തെ, കർത്താവെ പതിവ് വില്ലത്തരം ഒന്നും വരുന്നില്ലല്ലോ……..പിന്നെ കുറച്ചു സമയത്തേക്ക് ഞങ്ങൾക്കിടയിൽ മൗനം ആയിരുന്നു. അങ്ങേരോട് എന്തേലും സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ ഒന്ന് ഒക്കെ ആയേനെ. ഇത് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ….

വാക്കുകൾ തൊണ്ടയിൽ കുടുങ്ങിയത് പോലെ. “തനിക്കെന്നോട് ഒന്നും ചോദിക്കാനില്ലേ” ഡേവിച്ചന്റെ ചോദ്യം വീണ്ടും എന്നെ ചിന്തകളിൽ നിന്നും ഉണർത്തി. ആ സമയം ആ കണ്ണുകളിൽ കണ്ട ഭാവം. ആ കുറുമ്പ് നിറഞ്ഞ ഭാവം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല. അതിന്റെ മാസ്മരികതയിൽ പരിസരം മറന്നു ഇരുന്നു പോയി. “താൻ ചോദിച്ചില്ലെങ്കിൽ വേണ്ട ഞാൻ പറയാം, എന്റെ വീട്ടിൽ മമ്മ ആൻഡ് പപ്പാ പിന്നെ ഞങ്ങൾ മൂന്നുപേരാണ് , ഒരു ചേട്ടനും ഒരു അനിയനും ചേട്ടൻ ആൽവിൻ കല്യാണം ഒക്കെ കഴിഞ്ഞു, പുള്ളിയും വൈഫ് അനുചേച്ചിയും കാനഡയിൽ ആണ്.

അനിയൻ റോബർട്ട് ഇപ്പോൾ പ്ലസ്ടുവിന് പഠിക്കുന്നു. പപ്പാ ബിസിനസ് ആണ്, മമ്മ ഹോം മേക്കർ……………………” അങ്ങനെ അങ്ങനെ എന്തൊക്കെയോ ഡേവിച്ചൻ എന്നോട് പറഞ്ഞു. പുള്ളി എന്റെ മനസ്സിൽ അധികം സംസാരിക്കാത്ത ഒരാൾ ആയിരുന്നു. വാചാലനാകുന്നത്, കോളേജിൽ ഓരോ ഫങ്ക്ഷൻസും നടക്കുമ്പോൾ ആണെന്ന് റോയിച്ചൻ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ഇന്ന്. … പുള്ളി എന്നോട് ഇത്രയും ഒക്കെ സംസാരിച്ചു എന്ന് പറഞ്ഞാൽ ഒരുപക്ഷെ പ്രീതിച്ചേച്ചി പോലും വിശ്വസിച്ചു എന്ന് വരില്ല. അത് എന്തോ ആകട്ടെ, പക്ഷെ എനിക്കിതു എന്താണ് പറ്റിയത്.

വായിൽ ക്ലിപ്പ് ഇട്ടതു പോലെ,ഞാൻ എന്നോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരിക്കുന്ന ഡേവിച്ചനെ നോക്കി ഇരുന്നു. പുള്ളി എന്റെ മുഖത്തു നോക്കാതെ ഇരിക്കുകയാണ്. എന്റെ ഈശോയെ ഇതിപ്പോ ന്താ സംഭവം. …. കോളേജ് എത്തിയതും ബസ്സിൽ നിന്നിറങ്ങി ഡിപ്പാർട്ടുമെന്റിൽ എത്തിയതും ഒക്കെ ഒരു മായ പോലെ കഴിഞ്ഞു. ഗേറ്റിൽ വച്ച് റോയ്ച്ചനേം ദേവൂനേം കിട്ടിയതിനാൽ ഞാൻ അവർക്കൊപ്പം കൂടി. അവർ രണ്ടുപേരും ഡേവിച്ചനോട് കാര്യമായി സംസാരിക്കുന്നുണ്ടായിരുന്നു…….. ശ്രീദേവിമാം ക്ലാസ് എടുക്കുന്നതിന്റെ ഇടയിലും മനസ് പട്ടം പൊട്ടിയത് പോലെ പാറി നടക്കുകയായിരുന്നു.

അതിനും മാത്രം എന്താണ് സംഭവിച്ചത്, ഒന്നുമില്ല. .. എങ്കിലും എനിക്ക് ആകപ്പാടെ ഒരു പരവേശം. ഡേവിച്ചന്റെ പരസ്പരബന്ധമില്ലാതെ ഉള്ള സംസാരം എന്തോ എന്നെ ഭയപ്പെടുത്തുന്നു, നെഞ്ചിനുള്ളിൽ ഒരു ഭാരം പോലെ, ആ കണ്ണുകൾ എന്നോടെന്തൊക്കെയോ പറയാതെ പറഞ്ഞോ? എന്തായാലും ക്ലാസ് കഴിഞ്ഞതും പതിവ് കറക്കത്തിനൊന്നും നിൽക്കാതെ ഞാൻ നേരെ ബസ്‌സ്റ്റോപ്പിലേക്കു ഓടി. എത്രയും പെട്ടന്ന് വീട്ടിൽ എത്തണം. ഒന്ന് ഉറങ്ങി എഴുന്നേറ്റാൽ നഷ്ടപെട്ട അലോഷിയെ തിരിച്ചു കിട്ടും. …… അന്നത്തെ ദിവസത്തിന് ശേഷം കഴിവതും ഞാൻ ഡേവിച്ചന്റെ മുന്നിൽ ചെന്ന് പെടാതെ ഇരിക്കാൻ ശ്രമിച്ചു തുടങ്ങി.

ഫ്രീ പീരീഡ് ഒക്കെ കിട്ടുമ്പോൾ എന്നെ അവരുടെ കൂട്ടായ്മയിലേക്ക് കൊണ്ട് പോകാൻ റോയിച്ചനും പ്രീതിച്ചേച്ചിയും ശ്രമിക്കുന്നത് എന്നെ കൂടുതൽ കുഴക്കി. ഞാൻ അവിടന്ന് എസ്‌കേപ് ആയി പീക്കിരികളോടോപ്പം നടന്നു. അല്ലെങ്കിൽ തനിയെ. ലൈബ്രറിയിലും കോളേജിന്റെ ഇടനാഴികളിലും ക്യാമ്പസ്സിനുള്ളിലും ഒക്കെ എന്നെ അദൃശ്യമായി പിന്തുടരുന്ന കണ്ണുകൾ ലേശം അസ്വസ്ഥയാക്കി, അങ്ങനെ ഒന്ന് ഉണ്ടോ എന്ന് അറിയില്ലെങ്കിൽ പോലും. അദിതി ആയിരുന്നു എനിക്ക് ഇതിൽ നിന്നും സമാധാനം നൽകിയത്. അവളെ കുറിച്ചോർക്കുന്ന വേളയിൽ തന്നെ പ്രഷുബ്ധമായിരിക്കുന്ന ഹൃദയം പതിയെ ശാന്തമാകും.

നീലാംബരി രാഗം കേട്ടതു പോലെ. എന്നാൽ ഇത് വളരെ കുറച്ചു ദിവസത്തേക്ക് മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ ഉള്ളിലെ ആ അലമ്പ് അലോഷി തന്നെ ആണ് എല്ലാത്തിനും ഉള്ള പരിഹാരം എന്നറിയാമായിരുന്നു. അതുകൊണ്ടു തന്നെ വില്ലത്തരം മൊത്തം വീണ്ടും പുറത്തു ചാടി. പിന്നെ പിന്നെ മറ്റുള്ളവരുടെ ഒപ്പം കാണുമ്പോൾ ഡേവിച്ചന്റെ മുന്നിൽ വച്ച് തന്നെ അലമ്പാൻ ഞാൻ മടി കാണിച്ചില്ല. എന്നെ നോക്കുന്ന ആ ചെമ്പൻ മിഴികളെ ബോധപൂർവം ഞാൻ ഒഴിവാക്കി. എന്നാൽ തനിയെ ആകുന്ന അവസരങ്ങളിൽ ആ മുഖം കാണുമ്പോൾ അറിയാതെ ഞാൻ ഹതാശയാകും, എന്തോ ഒന്നുണ്ട്, ആ സാമീപ്യത്തിൽ. അതൊഴിവാക്കാൻ കണ്ടില്ലെന്ന് നടിച്ചു നടന്നു നീങ്ങും……..

അന്ന് കുറച്ചു നാളുകൾക്കു ശേഷം ഞാൻ അപ്പയോടൊപ്പം ആണ് കോളേജിലേക്ക് പുറപ്പെട്ടത്. കാരണം ഉണ്ടായിരുന്നു. അന്നെനിക്ക് പള്ളിയിൽ പോകണം എന്ന് തോന്നി. ഒരു പുനർജ്ജന്മം ലഭിച്ചിട്ട് രണ്ടാം വാർഷികമാണ്. അമ്മയുടെയും അപ്പയുടെയും മുഖം വാടിയിരുന്നെങ്കിലും എനിക്കെന്തോ അന്ന് ആഘോഷിക്കണം എന്നാണ് തോന്നിയത്. അത് കൊണ്ട് തന്നെ ആണ് അമ്മയോട് കേക്കും ചിക്കൻ ബിരിയാണിയും ഒക്കെ ഉണ്ടാക്കാൻ പറഞ്ഞത്. നേരത്തെ ഉണ്ടാക്കി സ്റ്റോക്ക് ചെയ്ത വൈൻ ഉണ്ട്. എനിക്കിന്ന് ഒന്നാഘോഷിക്കണം. അതിനു മുന്നേ കർത്താവിനോടു പോയി ഒരു നന്ദി കൂടെ പറയണം. അമ്മക്ക് കെട്ടി പിടിച്ചു ഒരു ഉമ്മ കൊടുത്തപ്പോൾ ആ മുഖത്തു കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരി തിളങ്ങി.

പള്ളിയിൽ തിരക്കില്ലാത്തതിനാൽ കർത്താവിനോടു നല്ല സൗകര്യത്തിൽ സല്ലപിക്കാൻ പറ്റി. സന്തോഷത്തോടെ ആണ് ഞാൻ കോളേജിലേക്ക് പോയത്. ചുണ്ടുകളിൽ ഒരു പാട്ടിന്റെ ഈരടി നിറഞ്ഞു നിന്നു. കാറിൽ നിന്നറങ്ങി ഉത്സാഹത്തോടെ അപ്പയോടു ടാറ്റ പറഞ്ഞു ഞാൻ നടന്നു. നേരത്തെ എത്തിയതിനാൽ കോളേജിൽ അധികം തിരക്കില്ല. “അല്ലി മോളെ” പുറകിൽ നിന്ന് അപ്പയുടെ വിളി കേട്ടതും ഞാൻ തിരിഞ്ഞു നിന്നു. അപ്പ പോയിട്ടില്ല. ഞാൻ തിരികെ കാറിനടുത്തേക്ക് നടന്നു. കുറച്ചു നാളുകളായി അപ്പാക്കും ഞാൻ അലോഷി ആയിരുന്നു. വീണ്ടും അല്ലിമോളെ എന്ന വിളികേട്ടപ്പോൾ ശ്വാസം വിങ്ങുന്ന പോലെ, ഒരു സന്തോഷം……. ”

എന്താപ്പായി” കാറിലേക്ക് മുഖം കുനിക്കവേ എന്റെ മുഖം ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരുമ്മ. ആ കണ്ണുകളിൽ നേർത്ത നനവ് കണ്ട് കുറുമ്പൊടെ നോക്കിയപ്പോൾ ചിരിയോടെ അപ്പ കാർ സ്റ്റാർട്ട് ചെയ്ത് കൊണ്ട് പോയി. ഞാൻ വീണ്ടും കോളേജിനുള്ളിലേക്ക് നടന്നു. പൂമരങ്ങൾ മെത്തവിരിച്ച പാതയിലൂടെ നടക്കുമ്പോൾ ലേശം അകലെ സിമെന്റ് ബെഞ്ചിൽ ഒരാൾ ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു. ഇളം ആകാശനീല നിറത്തിൽ ഒരു ചുരിദാർ ഇട്ട പെണ്കുട്ടി കുനിഞ്ഞിരിക്കുകയാണ്. എനിക്കതു അദിതി ആണെന്ന് തോന്നി, ഞാൻ പതിയെ അങ്ങോട്ടേക്ക് നടന്നു. കയ്യ് രണ്ടും മുഖത്തോടു ചേർത്ത് ഏങ്ങലടിക്കുകയാണവൾ.

ഹൃദയം ഒന്ന് നിന്ന പോലെ, എന്തിനെന്നു അറിയാതെ വേദനയോടെ ഞാൻ വിളിച്ചു, “അദിതി…. .. “എന്റെ വിളി കേട്ടതും ആ ഏങ്ങലടി ലേശം കൂടി ശക്തിയാർജിച്ചു. ഞാൻ പതിയെ ആ സിമെന്റ് ബെഞ്ചിൽ അവളോടൊപ്പം ഇരുന്നു. ആ തോളിൽ എന്റെ ഒരു കൈ കൊണ്ട് തലോടി കൊണ്ടിരുന്നു. പതിയെ അവൾ കരഞ്ഞു ശാന്തയായി. എങ്കിലും എന്ത് കൊണ്ടാകും അദിതി കരഞ്ഞത്, ഞാൻ പതിയെ ആലോചിച്ചു കൊണ്ടിരുന്നു. മുഖത്ത് നിന്നും അദിതി പതിയെ കയ്യ് മാറ്റി എന്റെ മുഖത്തേക്ക് നോക്കി. കരഞ്ഞു കണ്ണുനീരിനാൽ കഴുകപ്പെട്ട പീലി തിങ്ങിയ വെള്ളി കണ്ണുകൾ എന്റെ മുഖത്ത് തങ്ങി നിന്നു. മഞ്ഞണിഞ്ഞ പനിനീർപുഷ്പം പോലെ ഒരു മുഖം. കുറച്ചു ദീർഘ ശ്വാസങ്ങൾ എടുത്തു അവൾ സാധാരണ നിലയിലേക്ക് മടങ്ങി വന്നു.

ഞങ്ങൾ ഒന്നും മിണ്ടാതെ, ഇരുന്നു………. “ഞാൻ എന്തിനാ കരഞ്ഞത് എന്ന് ചോദിച്ചിക്കുന്നില്ലേ?” പതിഞ്ഞ ശബ്‍ദത്തിൽ അദിതി ചോദിച്ചു, ഞാൻ ഒരു ചെറു ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി, ഉച്ചാരണ പിശക് ഒന്നും ഇല്ലാതെ ശുദ്ധമലയാളത്തിലാണ് അവൾ അത് എന്നോട് ചോദിച്ചത്……. ഒരു ചെറു ചിരിയോടെ ഞാൻ ഇല്ല എന്ന് തലയാട്ടി. “എനിക്ക് മലയാളം അറിയാമെന്നു തനിക്ക് അറിയാമായിരുന്നല്ലേ” അതിനും അതെ എന്ന അർഥത്തിൽ ഒരു തലയാട്ടൽ ആയിരുന്നു എന്റെ മറുപടി. പിന്നെ കുറച്ചു സമയത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല. അദിതി ക്ലാസ്സിൽ ഇരിക്കെ തന്നെ അവളെ പറ്റി മലയാളത്തിൽ മറ്റുള്ളവർ കമന്റ് പറയാറുണ്ട്. പ്രതേകിച്ചു മനു.

അവനു അദിതിയോടു ഒരു താല്പര്യം ഉണ്ട്, അല്ല അവനു എല്ലാരോടും താല്പര്യം ഉണ്ട്. അതവൻ പറയുമ്പോൾ അഭിജിത് അവനോട് അടി വയ്ക്കും. ഇതൊക്കെ കേട്ടിട്ടും ഒരു ഭാവമാറ്റവും ഇല്ലാതെ അദിതി ഇരിക്കുമെങ്കിലും അവൾക്കിതു മനസ്സിലാകുന്നുണ്ട് എന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവും ഇല്ലായിരുന്നു. അദിതി സാധാരണ നില കൈവരിച്ചു കഴിഞ്ഞിരുന്നു. ഞാൻ പിന്നെയും എന്തൊക്കെയോ ഓർമകളിൽ കുടുങ്ങി ഇരിക്കവേ, അവൾ എന്നോട് ചോദിച്ചു “ഞാൻ തന്നെ അല്ലി എണ് വിളിച്ചോട്ടെ” ചെറിയൊരു ചിരിയോടെ അദിതിയുടെ നനവ് തങ്ങുന്ന കണ്ണുകളിലേക്കു ഞാൻ നോക്കി, അപ്പ മാത്രമാണ് എന്നെ അല്ലി എന്ന് വിളിക്കുക, വല്ലപ്പോഴും അമ്മയും. ഇപ്പോൾ അദിതി എന്നോട് ചോദിക്കുന്നു.

ഒരുപക്ഷെ അപ്പ എന്നെ വിളിക്കുന്നത്, അദിതി കേട്ടിരിക്കാം, ആകാംഷ തിങ്ങുന്ന ആ മുഖത്ത് നോക്കി ഞാൻ അതെ എന്ന് തലയാട്ടി. വീണ്ടും ആ കണ്ണുകളിൽ നീര് പൊടിഞ്ഞു. കർത്താവെ എന്തൊരു കഷ്ടമാണ് ഇത് ഞാൻ സ്നേഹിക്കുന്നവരുടെ എല്ലാം കണ്ണുകളിൽ കണ്ണീരു കണ്ട ദിവസമാണല്ലോ ഇന്ന്. ‘അമ്മ അപ്പ അദിതി. … അദിതി പതിയെ എന്റെ നേരെ തിരിഞ്ഞു, എന്നിട്ടു വലംകൈ എന്റെ ഇടം നെഞ്ചിൽ ചേർത്ത് പിടിച്ചു, ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. ഹൃദയമിടിപ്പ് ക്രമാധീതമായി ഉയർന്നു. രക്തം ശരീരം മൊത്തം കുതിച്ചൊഴുകും പോലെ, അടുത്ത നിമിഷം കൈ മാറ്റി അവൾ എന്റെ മുഖത്തെ ചേർത്ത് പിടിച്ചു നെറ്റിയിൽ പതിയെ, ലോലമായി ചുംബിച്ചു.

അത്ഭുതം നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കവേ ആ കൈകൾ അന്തരീക്ഷത്തിൽ ചലിച്ചു, എന്നിട്ടെന്റെ നേരെ കാണിച്ചു , അതിൽ ഒരു വെള്ള നിറമുള്ള പനിനീർ പുഷ്പം ഉണ്ടായിരുന്നു. അദിതി അത് എന്റെ നേരെ നീട്ടി, ഒരു സ്വപ്നത്തിലെന്ന വണ്ണം ഞാൻ അത് വാങ്ങി എന്റെ നെഞ്ചോടു ചേർത്തു. പിന്നെ ഒരു കുസൃതി ചിരി കൂടി സമ്മാനിച്ചിട്ട് അദിതി നടന്നു മറഞ്ഞു. ഞാനോ ഒരു മായാജാലത്തിൽ പെട്ടത് പോൽ അവിടെ തന്നെ തടഞ്ഞിരുന്നു. മനസ് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പായവേ, അതിനു കൂട്ടായി, ഹൃദയം ദ്രുതഗതിയിൽ മിടിച്ചുകൊണ്ടിരുന്നു….. തുടരും

അദിതി : ഭാഗം 7

Share this story