അത്രമേൽ: ഭാഗം 9

അത്രമേൽ: ഭാഗം 9

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“നീ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേ നേരമായോ?” ഫോണിൽ നിറഞ്ഞിരിക്കുന്ന വിവാഹമംഗളാശംസാ സന്ദേശങ്ങൾക്ക് മറുപടി നൽകുമ്പോളായിരുന്നു ദർശൻ മുറിയിലേക്ക് കടന്നു വന്നത്… “ഇല്ല ദർശേട്ടാ…ഇപ്പൊ വന്നതേയുള്ളൂ…ദർശേട്ടൻ എവിടെയായിരുന്നു? ഞാൻ കരുതി ഫുഡ്‌ കഴിച്ചിങ്ങ് വന്നെന്ന്… ” അവനെ കണ്ടതോടെ ഫോൺ മാറ്റി വയ്ച്ചു വർഷയും എഴുന്നേറ്റു… “ഞാനും അച്ഛനും താഴെ ഉമ്മറത്ത് ഇരിപ്പുണ്ടായിരുന്നു… നീ കണ്ടില്ലേ?” “ഇല്ല ” “ഹാ…അത് ഞങ്ങൾക്കൊരു പതിവാ എന്നും അത്താഴം കഴിഞ്ഞ് ഉമ്മറത്തിരുന്ന് ചുമ്മാ സംസാരിക്കും…എ ഫ്രണ്ട്‌ലി ടോക്ക്…

പഴയതും പുതിയതുമായ കാര്യങ്ങൾ… അല്ലെങ്കിൽ അന്നന്നത്തെ വിശേഷങ്ങൾ….ഇടയ്ക്ക് അമ്മയും കൂടും…അതൊരു രസാ…” “ആഹാ…എങ്കിൽ ഞാനും വന്നേനെ…എന്താ എന്നെ കൂടെ കൂട്ടിക്കൂടെ…” “അതിനെന്താ… അടുത്ത തവണ തന്നേം… ഗോപുനേം ഒക്കെ കൂട്ടാം… എന്താ പോരെ?” ഗോപുവിന്റെ പേര് കേട്ടതോടെ വർഷയുടെ മുഖം മങ്ങി… അത് ദർശൻ ശ്രദ്ധിക്കുകയും ചെയ്തു… “എന്താടോ പെട്ടെന്ന് മുഖം വാടിയത്… തന്നെ കൂട്ടാത്തത്തിലുള്ള പരിഭവം ആണോ?… എങ്കിൽ അങ്ങനൊന്നും വേണ്ട കേട്ടോ ഭാര്യേ…” അവളുടെ ഇരുചുമലിലും കൈ ചേർത്ത് വയ്ച്ചവൻ തനിക്ക് നേരെ നിർത്തി..

“ആക്ച്വലി ഈ തവണ ഞാൻ വന്നപ്പോൾ രാത്രിയുള്ള ഈ സംസാരങ്ങൾ ആണ് ഏറ്റവും അധികം മിസ്സ്‌ ചെയ്തത്… അച്ഛന് കുറച്ചു നാളായി എന്തോ ടെൻഷൻ ഉള്ള പോലെയാ… ചോദിക്കുമ്പോൾ ഒന്നും വിട്ടു പറയില്ല….കല്യാണത്തിന്റെ ടെൻഷൻ ആണെന്നാ അമ്മ പറയുന്നേ..രാത്രി അത്താഴവും കഴിഞ്ഞ് ഒരൊറ്റ പോക്കാ കിടക്കാൻ…ചെന്ന് വിളിച്ചാലും സുഖമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറും.. കുറേ കാലത്തിനു ശേഷം ഇന്ന് അച്ഛൻ ഉമ്മറത്തു ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ടപ്പോൾ ചെറിയൊരു കൊതി തോന്നി…ഇത്തിരി നേരം അടുത്തിരുന്നു സംസാരിച്ചു… അത്രേ ഉളളൂ…”

ദർശന്റെ പെരുമാറ്റത്തിൽ നിന്ന് അമ്മാവൻ ഒന്നും വിട്ടുപറഞ്ഞിട്ടില്ലെന്ന് മനസ്സിലായെങ്കിലും അവർ സംസാരിച്ചതെന്താണെന്ന് അറിയാൻ വർഷയ്ക്ക് ആകാംഷ തോന്നി… “ആഹാ…. എന്നിട്ട് എന്തൊക്കെ സംസാരിച്ചു അച്ഛനും മോനും കൂടി…കേൾക്കട്ടെ…” “ഏയ്… അത്ര കാര്യമായിട്ട് ഒന്നും ഇല്ലെടോ… അധികവും ഗോപുവിനെക്കുറിച്ചാ പറഞ്ഞത്… അവളുടെ ട്രീറ്റ്മെന്റിന്റെ കാര്യം…” ദർശന്റെ സംസാരം കേൾക്കെ വർഷയുടെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി… “ഗോ… ഗോപുന്റെ ട്രീറ്റ്മെന്റോ…മനസ്സിലായില്ല…” “മനസ്സിലാക്കിത്തരാം… അതിന് മുൻപ് ഞാൻ ഒന്ന് കുളിച്ച് വരുന്നതിന് പ്രശ്നമുണ്ടോ…?”

ചിരിയോടെ അത്രയും ചോദിച്ചു അലമാരയിൽ നിന്നും ഒരു ബാത്ത്ടവലും ഡ്രെസ്സും എടുത്ത് ദർശൻ ബാത്‌റൂമിലേക്ക് നടന്നു… അവൻ കുളിക്കുന്ന സമയം മുഴുവൻ അവൻ പറഞ്ഞു വച്ചത് മുഴുമിപ്പിക്കാതെ പോയ ടെൻഷനിൽ വെരുകിനെ പോലെ മുറിയിലൂടെ സ്വസ്ഥതയില്ലാതെ നടക്കുകയായിരുന്നു വർഷ… ഇനിയുള്ള നാളുകൾ പൊരുതിനിൽക്കാൻ വേണ്ട പദ്ധതികൾ അവളും കണക്കുകൂട്ടുന്നുണ്ടായിരുന്നു… കുളി കഴിഞ്ഞ് ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുമ്പോൾ വർഷ കണ്ണാടിക്കുമുൻപിൽ നിന്ന് മുടി ചീകിയൊതുക്കുന്നുണ്ടായിരുന്നു…

നേരത്തെ ധരിച്ചിരുന്ന സെറ്റും മുണ്ടും മാറ്റി പകരം ശരീരത്തോട് ഒട്ടി നിൽക്കുന്ന ഒരു നൈറ്റ്‌ ഗൗൺ ധരിച്ചിരുന്നു…അവളെ ആ വേഷത്തിൽ ഒട്ടും പ്രതീക്ഷിക്കാത്തതിനാൽ അവനും വല്ലാതായി… “എന്താ… ഇങ്ങനെ നോക്കുന്നത്?” ചിരിയോടെ വിരൽ ഞൊടിച്ചു വർഷ ചോദിച്ചപ്പോളാണ് അവനും പരിസരബോധം ഉണ്ടായത്… “ഏയ്… ഒന്നുല്ല… താൻ എന്തെ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തേ?” “ഓഹ് അതാണോ… ഒന്നും പറയേണ്ട എന്റെ ദർശേട്ടാ ഈ സാരിയൊക്കെ ഉടുത്ത് നിൽക്കാൻ വലിയ പാടാണെന്നെ…അത് ഉടുക്കുന്നവരെ സമ്മതിക്കണം…പോരാത്തതിന് മീറ്റർ കണക്കിന് നീളവും…

എനിക്ക് ഒട്ടും ശീലമില്ല…വൈകീട്ട് അമ്മായി നിർബന്ധിച്ചപ്പോൾ ഉടുത്തന്നെ ഉളളൂ…” അവൾ വലിയ എന്തോ കാര്യം പോലെ പറഞ്ഞു. “തനിക്ക് സാരി നന്നായി ഇണങ്ങുന്നുണ്ടായിരുന്നു… മാറ്റേണ്ടിയിരുന്നില്ല… നല്ല ഐശ്വര്യം ഉണ്ടായിരുന്നു കാണാൻ…” അവൻ സന്തോഷത്തോടെ പറഞ്ഞപ്പോൾ വർഷയ്ക്ക് പുച്ഛമാണ് തോന്നിയത്… “എന്റെ ദാർശേട്ടാ…നിങ്ങളിതേതു ലോകത്താ ജീവിക്കുന്നെ… നിങ്ങൾക്ക് പഴയ നൂറ്റാണ്ടിൽ നിന്നിങ്ങോട്ട് വണ്ടിയൊന്നും കിട്ടിയില്ലേ…” കളിയായിപറഞ്ഞവൾ തന്നെ കളിയാക്കുകയാണെന്ന് ദർശനും തോന്നി… “ആ… അങ്ങനെ എങ്കിൽ അങ്ങനെ…

ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നെ ഉളളൂ… നിന്റെ ഭർത്താവെന്ന നിലയ്ക്ക് എനിക്ക് അത് പറയാനുള്ള അവകാശം ഉണ്ടല്ലോ…പിന്നേ മാന്യമായ എന്ത് വസ്ത്രവും നിനക്ക് ധരിക്കാം ഞാൻ അതിൽ കൈകടത്തില്ല…” ചിരിയോടെ ചിന്തിപ്പിക്കുന്ന വിധത്തിൽ അവനും പറഞ്ഞു. “അപ്പോൾ ഈ വേഷത്തിൽ മാന്യതയില്ലെന്നാണോ…” സ്വൊയമൊന്നു നോക്കി വിലയിരുത്തി വിട്ടുകൊടുക്കാൻ ഭാവമില്ലാത്ത പോലെ അവൾ ചോദിച്ചു.. “ഈ വേഷത്തിൽ നിനക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ലല്ലോ… അത്രതന്നെ… നമ്മളെന്തിനാ വെറുതെ നല്ലൊരു ദിവസമായിട്ടു അനാവശ്യമായി തർക്കിക്കുന്നത്…”

ആ സംസാരം അവിടെ നിർത്താനായി ദർശൻ തന്നെ മുൻകൈ എടുത്തു..തർക്കിച്ചു ജയിക്കാൻ കാത്തുനിൽക്കുന്ന വർഷയ്ക്ക് അവന്റെ പെട്ടന്നുള്ള കീഴടങ്ങൽ നിരാശയാണ് നൽകിയത്.. “താൻ ആ പാലിങ്ങെടുത്തോ ചടങ്ങ് തെറ്റിക്കണ്ട…” പുഞ്ചിരിയോടെ ദർശൻ പറഞ്ഞതും അവൾ പാൽ ഗ്ലാസ്‌ വയ്ച്ച ടേബിളിനടുത്തേക്ക് നടന്നു…ഗ്ലാസ്‌ കയ്യിലെടുത്തവൾ അതിലേക്കും അവന്റെ മുഖത്തെക്കും ദയനീയമായി ഒന്ന് നോക്കി… “എന്ത് പറ്റി?” “ഇതാകെ തണുത്തു പാട കെട്ടി. ഇനി കുടിക്കാൻ കൊള്ളുമെന്ന് തോന്നുന്നില്ല..” നിരാശയോടെ അവൾ പറഞ്ഞതും അവന് ചിരിയാണ് വന്നത്… പക്ഷെ അത് പുറത്ത് കാട്ടാതെ തന്നെ അവൻ ഗൗരവം നടിച്ചു.

“തുടക്കം തന്നെ പാളിയല്ലോ…അശുഭ ലക്ഷണം..” അവന്റെ കൊള്ളിച്ചുള്ള സംസാരത്തിൽ വർഷയാകെ വിളറി… “ദർശേട്ടന് ഈ വക കാര്യങ്ങളിൽ ഒക്കെ വിശ്വാസമുണ്ടോ…” മുഖം ചുളിച്ചവൾ ചോദിച്ചതും അവൻ ഉണ്ടെന്ന മട്ടിൽ തലയാട്ടി… “എങ്കിൽ ഞാൻ പോയി വേറേ പാലുണ്ടോ എന്ന് നോക്കട്ടെ…” അവൾ പരവേശത്തോടെ പറഞ്ഞതും ആ മുഖഭാവം കണ്ട് അവന് ചിരി പൊട്ടി… “എന്റെ വർഷേ…മണ്ടത്തരം ഒന്നും കാണിക്കല്ലേ….ഞാൻ വെറുതെ പറഞ്ഞതാ…” ചിരിച്ചുകൊണ്ട് തൊഴുകയ്യോടെ അവൻ പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു ഇത്തിരി അവിടെ തന്നെ നിന്നു…

അവൻ പിണക്കം തീർക്കാൻ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതില്ലെന്ന് കണ്ട് അവൾ തന്നെ കട്ടിലിൽ അവന്റെ അടുത്തായി ചെന്നിരുന്നു… “അല്ല നേരത്തെ ഗോപുവിന്റെ എന്തോ കാര്യം പറഞ്ഞല്ലോ…ട്രീറ്റ്മെന്റോ മറ്റോ…” വിഷയം പതിയെ മാറ്റി,മയത്തിൽ അവനോടൊട്ടി നിന്നവൾ കാര്യങ്ങൾ എല്ലാം ചോർത്തിയെടുക്കാനായി തക്കം പാത്തു “ആഹ്… അച്ഛൻ അതിനുള്ള ഏർപ്പാടുകൾ തുടങ്ങിക്കഴിഞ്ഞു… വളരെ ഫേമസ് ആയിട്ടുള്ള ഏതോ ഒരു വൈദ്യൻ ആണ്….” “ആയുർവേദ ചികിത്സ ആണോ…?” “ആഹ്… അച്ഛനാരോ പറഞ്ഞു കൊടുത്തതാ… ഞാൻ പറഞ്ഞതാ ഈ ഉഴിച്ചിലും പിഴിച്ചിലും ഒന്നും വേണ്ടെന്ന്…

അതിനൊന്നും ഗോപു നിന്ന് തരില്ലെന്ന്… കേൾക്കണ്ടേ… മകൻ എംബിബിസ് ഡോക്ടർ ആണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല… അച്ഛനിപ്പോഴും നാട്ടുവൈദ്യത്തിൽ തന്നെയാ വിശ്വാസം…” “എന്നിട്ട് എപ്പഴാ ചികിത്സ തുടങ്ങുന്നേ…?” ആകാംഷയോടെയുള്ള ചോദ്യത്തിന് അവനൊരു ചിരി നൽകി.. “ആഹാ അനിയത്തി ഭേദപ്പെടുന്നത് കാണാൻ ചേച്ചിക്ക് തിടുക്കമായെന്ന് തോന്നുന്നല്ലോ…?” സംതൃപ്തിയോടെയുള്ള അവന്റെ ചോദ്യത്തിന് അവൾ മനോഹരമായൊന്നു പുഞ്ചിരിച്ചു കാണിച്ചു.. “ചികിത്സ എപ്പഴാ തുടങ്ങുന്നതെന്ന് കറക്റ്റ് ആയി പറയാറായിട്ടില്ല…

അന്വേഷിച്ചപ്പോൾ അതൊരു വലിയ സ്ഥാപനം ആണ്.മെയിൻ ഡോക്ടർ ആളൊരു സന്യാസിയാണ്… ഇപ്പോൾ എന്തോ തീർത്ഥയാത്രയിലാണത്രേ…അയാൾ മടങ്ങി വന്ന് കൺസൾട്ട് ചെയ്താൽ മാത്രമേ അവിടെ അഡ്മിഷൻ എടുക്കാനും ചികിത്സ തുടരാനും പറ്റൂ…ഈ സന്യാസിമാരുടെ തീർഥാടനം എന്നൊക്കെ പറയുമ്പോൾ എന്ന് തിരിച്ചെത്തുമെന്ന് കൃത്യമായി പറയാൻ കഴിയില്ല….” പറഞ്ഞു നിർത്തി വർഷയെ നോക്കുമ്പോൾ അവൾ കാര്യമായെന്തോ ചിന്തയിലാണെന്ന് ദർശന് തോന്നി…

“എന്താടോ ഇത്രയ്‌ക്കൊക്കെ ചിന്തിച്ചു കൂട്ടുന്നത്…?” തന്റെ ആലോചനകൾക്ക് ഭംഗം വരുത്തിയുള്ള ദർശന്റെ ചോദ്യത്തിന് ഒന്നുമില്ലെന്ന് കാണിച്ചുകൊണ്ടവൾ ചുമൽ കൂച്ചി… “നമ്മൾ എന്നാ ദർശേട്ടാ കൽക്കട്ടയ്ക്ക് പോവുന്നത്?” അവനോട് ഒന്ന്കൂടി ഒട്ടി നിന്ന് കൊഞ്ചികൊണ്ടവൾ ചോദിച്ചു. “അത് പറയാൻ മറന്നു… തനിക്കൊരു സർപ്രൈസ് ഉണ്ട്. ഇനി കൽക്കട്ടയ്ക്ക് അടുത്തൊന്നും ഒരു മടങ്ങിപ്പോകില്ല…. ഇവിടെ മിംസ് ഹോസ്പിറ്റലിൽ എനിക്ക് ജോലി ശെരിയായിട്ടുണ്ട്…” ഇടിത്തീപോലെയാണ് അവന്റെ വാക്കുകൾ അവളുടെ ചെവിയിലെത്തിയത്…

ആഞ്ഞുള്ള ഒരു പ്രഹരമേറ്റത് പോലെ ഒരു നിമിഷം അവൾ തറഞ്ഞിരുന്നു… അവളുടെ മനസ്സിലിരിപ്പ് അറിയാതെ ആ മുഖഭാവം കണ്ട് അവൻ ചിരിച്ചുപോയി… “എന്റെ ഭാര്യെ… താനൊന്ന് ശ്വാസം വിട്. ഇതിപ്പോ തുടങ്ങിയല്ലേ ഉളളൂ… ഇനി ഇതുപോലെ എത്രയെത്ര സർപ്രൈസുകൾ എന്റെ പ്രിയതമയെ കാത്തിരിക്കുന്നു…” അവളുടെ കൈകൾ ചേർത്തു പിടിച്ച് അമർത്തി ചുംബിച്ചവൻ സ്നേഹത്തോടെ പറഞ്ഞു…അപ്പോഴും തന്റെ വലിയൊരു സ്വോപ്നം തകർന്നുടഞ്ഞ ഷോക്കിൽ പൊള്ളിയിരിക്കുകയായിരുന്നു വർഷ… “അ… അപ്പൊ… ഇനിയൊരിക്കലും കൽക്കട്ടയ്ക്ക് പോവില്ലേ….?”

വാക്കുകൾ തപ്പിത്തടഞ്ഞു അവനോട് ചോദിക്കുമ്പോൾ ഉള്ളിലുള്ള ഞെട്ടൽ പുറത്ത് വരാതിരിക്കാൻ അവൾ ശ്രദ്ദിക്കുന്നുണ്ടായിരുന്നു… “അതെന്താടോ ഇപ്പോൾ അങ്ങനൊരു ചോദ്യം… മുൻപ് ഫോൺ വിളിക്കുമ്പോൾ ഇങ്ങേയൊന്നുമായിരുന്നില്ലല്ലോ…? ഞാൻ നാട് മിസ്സ്‌ ചെയ്യുന്നുവെന്ന് പറയുമ്പോൾ,കല്യാണം കഴിഞ്ഞ് ഇതൊക്കെ വല്ലാതെ മിസ്സ്‌ ചെയ്യുമെന്ന് താൻ തന്നെയല്ലേ സങ്കടത്തോടെ പറയാറ്… കൽക്കട്ടയ്ക്ക് വരുമ്പോൾ അമ്മയെയും ഗോപുവിനെയും പിന്നേ എന്റെ അച്ഛനെയും അമ്മയെയും എല്ലാവരെയും വിട്ടുപിരിയണമെന്നോർത്ത് എത്ര തവണ താൻ കരഞ്ഞിട്ടുണ്ട്…

അതൊക്കെ വെറുതെയായിരുന്നോ?” പെട്ടെന്ന് ഗൗരവത്തോടെ അവൻ ചോദിച്ചപ്പോൾ ഭയം കൊണ്ട് അല്ലെന്നവൾ വെറുതെ തലയാട്ടി… “ഞാൻ… ഞാൻ ചോദിച്ചെന്നെ ഉളളൂ… എനിക്ക് ഇവിടെ തന്നെയാ ഇഷ്ടം…” ഇടയ്ക്കെപ്പോഴോ ഞെട്ടലിൽ അയഞ്ഞു പോയ തന്റെ കൈകൾ അവന്റെ കൈകൾക്കുള്ളിലേക്ക് തന്നെ തിരുകിക്കൊണ്ടവൾ സന്തോഷം നടിച്ചു… “എനിക്കും ഇവിടെ നിൽക്കാനാടോ ഇഷ്ടം…തനിക്കറിയില്ലേ….അനന്തൻ അങ്കിൾ മരിച്ച സമയത്താണ് എനിക്ക് കൽക്കട്ടയിൽ മെഡിസിന് സീറ്റ്‌ റെഡിയാവുന്നത്…സന്തോഷ വാർത്ത ആയിരുന്നെങ്കിലും പോവാൻ ഒട്ടും മനസ്സിലായിരുന്നു..

പിന്നേ അച്ഛനാ പറഞ്ഞത് അങ്കിളും ഒത്തിരി ആഗ്രഹിച്ചതാ ഞാൻ ഡോക്ടർ ആയി കാണാൻ എന്ന്… ശെരിയാ ഒരുപക്ഷെ എന്റെ അച്ഛനെക്കാളേറെ എന്നെക്കുറിച്ച് വേവലാതി ഉണ്ടായിരുന്നു അങ്കിളിന്… അങ്കിൾ കാരണമാണ് ഇന്നീ കാണുന്ന ഡോക്ടർ ദർശൻ സുധാകരൻ ഉണ്ടായത്… അല്ലെങ്കിൽ എന്നെ പട്ടിണി കിടന്ന് മരിച്ചു മണ്ണടിഞ്ഞെനെ….അല്ലെങ്കിൽ ചിലപ്പോൾ എവിടെയെങ്കിലും ഭിക്ഷഎടുത്തു ജീവിക്കുന്നുണ്ടാകും.. അതുമല്ലെങ്കിൽ ഇത്തിരി വിഷത്തിൽ തീർന്നേനെ മൂന്ന് ജന്മങ്ങൾ…

അത്രയ്ക്ക് കഷ്ടപ്പെട്ടിട്ടുണ്ട്…പട്ടിണി കിടന്നിട്ടുണ്ട്… പച്ചവെള്ളം കുടിച് വിശപ്പടക്കിയിട്ടുണ്ട്… കടംമൂത്ത് പലരുടെയും പരിഹാസത്തിനിടയായിട്ടുണ്ട്…പലിശക്കാരുടെ ആട്ടും തുപ്പും സഹിച്ചിട്ടുണ്ട്…അച്ഛൻ ജീവിച്ചിരിക്കെ അമ്മയുടെ മാനത്തിന് വരെ പലരും വിലയിടുന്നത് കേൾക്കേണ്ടി വരുന്ന ഒരു മകന്റെ അവസ്ഥ… അത് പറഞ്ഞു ഫലിപ്പിക്കാൻ ഒരിക്കലും പറ്റാതെ വരും…അത്തരമൊരു ഭീകരാവസ്ഥയിൽ മുങ്ങിത്താഴുമ്പോഴാണ് അങ്കിൾ ഞങ്ങളെ പിടിച്ച് കരകയറ്റിയത്… എന്റെ ജീവനും ജീവിതവും തീറെഴുതി കൊടുത്താലും അങ്കിൾ നൽകിയ ഉപകാരങ്ങളുടെ തട്ട് തന്നെ താഴ്ന്നിരിക്കും…

ശെരിക്കും ഞങ്ങളുടെ ദൈവം തന്നെയായിരുന്നു… അങ്കിളിന്റെ പെട്ടന്നുള്ള മരണം വലിയൊരു ഷോക്കായിരുന്നു എനിക്ക്…ഒരുപക്ഷെ എന്റെ അവസ്ഥ കണ്ട് പേടി തോന്നിയായിരിക്കണം അച്ഛൻ നിർബന്ധപൂർവ്വം എന്നെ ഇവിടെ നിന്നും പറഞ്ഞയച്ചത്.അവിടെ എത്തിയിട്ടും മനസ്സ് ഇവിടുന്ന് വരുന്നില്ലായിരുന്നു….ആ നഗരത്തോടിണങ്ങാൻ പിന്നെയും ഒത്തിരി സമയമെടുത്തു..പിന്നേ എംബിബിസ്… എംഡി…പഠനത്തിന്റെയും ജോലിയുടെയും തിരക്കിട്ട മണിക്കൂറുകൾ….. ശെരിക്കും അവിടം മടുത്തിരുന്നു…ഒരുമാതിരി ശ്വാസം മുട്ടി ജീവിക്കുന്ന അവസ്ഥ…

ആകെ ഒരാശ്വാസം ഇത്തിരി നേരത്തെക്കെങ്കിലും നാട്ടിലെ വിശേഷങ്ങൾ അറിയിച്ചു കൊണ്ടുള്ള നിങ്ങളുടെ ഫോൺ കാളുകൾ മാത്രമായിരുന്നു. ഇടയ്ക്ക് മൂന്ന് നാല് ദിവസം ലീവ് കിട്ടിയാൽ ഇങ്ങോട്ട് ഓടിപ്പിടിച്ചു വരാൻ എന്ത് ഉത്സാഹമായിരുന്നെന്നോ….ഇവിടെയെത്തുമ്പോൾ ആകെയുള്ള ദുഃഖം അങ്കിളിന്റെ വേർപാട് മാത്രമാണ്… അത് എന്നും വലിയൊരു ദുഖമായി അവശേഷിക്കുക തന്നെ ചെയ്യും… ” എങ്ങോ മിഴികൾ നട്ട് പറഞ്ഞു നിർത്തുമ്പോൾ അവൻ വല്ലാതെ കിതച്ചിരുന്നു…

കണ്ണുകൾ ഈറനായിരുന്നു… വർഷയിൽ നിന്നും ആശ്വാസവാക്കുകൾ പ്രതീക്ഷിച്ചെങ്കിലും അവളും അഗാധമായ എന്തോ ചിന്തയിലാണെന്ന് അവന് തോന്നി…വിഷമമുള്ള ഓർമ്മകൾ നെഞ്ചുപൊള്ളിക്കുമ്പോൾ മനസ്സറിഞ്ഞുള്ള പ്രിയപ്പെട്ടൊരാളുടെ ചേർത്തു പിടിക്കലുകൾ എത്ര ആശ്വാസകരമാണ്…തന്നെ അറിയാത്ത ഒരുവൾക്ക് മനസ്സ് തുറന്നു കാട്ടിക്കൊടുക്കുമ്പോൾ താനെന്ന പുസ്തകത്തെ പഠിച്ചു മനഃപ്പാഠമാക്കാൻ കഴിവുള്ള ഒരു പെണ്ണിന്റെ കഥ അവനും അറിയാതെപോയി…🖤..💔.. തുടരും….

അത്രമേൽ: ഭാഗം 8

Share this story