ഹരി ചന്ദനം: ഭാഗം 16

ഹരി ചന്ദനം: ഭാഗം 16

എഴുത്തുകാരി: ശ്രുതി കൃഷ്ണ

ഞാൻ വാതിൽ തുറന്നതും അയാൾ ഹെൽമെറ്റ്‌ എടുത്തു മാറ്റിയതും ഒരുമിച്ചായിരുന്നു.ഒത്ത നീളവും വണ്ണവും ഉള്ള ചെമ്പൻ മുടിയുള്ള ഒരു ചെറുപ്പക്കാരൻ.ലെൻസ്‌ വച്ചതു പോലെ വെള്ളാരം കണ്ണുകൾ.ഷർട്ടിന്റെ ആദ്യ ബട്ടണുകൾ അലസമായി തുറന്നിട്ടിരിക്കുന്നു.കഴുത്തിൽ കട്ടിയുള്ള ഗോൾഡ് ചെയിൻ. കയ്യിൽ ഇടിവള.ആള് ആകെ മൊത്തം ഒരു മസിൽമാൻ ആണ്.ഞാൻ ആളേ ആകെ മൊത്തം ഒന്ന് വീക്ഷിച്ചു.അയാളും എന്നെ നന്നായി സൂം ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നി. “ആരാണ്? മനസ്സിലായില്ല. ” “ഞാൻ ദിയയുടെ ഫ്രണ്ട് ആണ്. ദിയ ഇവിടെ ഇല്ലേ? ” “ആഹ് ഉണ്ടല്ലോ… കടന്നു വരൂ. ”

ഞാൻ ആളേ അകത്തേക്ക് ക്ഷണിച് ഇരിക്കാൻ അനുവാദം കൊടുത്തു.ഞാൻ രാവിലെ അവളോടൊപ്പം കണ്ട ആള് തന്നെയാണോ എന്ന് എനിക്ക് മനസ്സിലായില്ല. രാവിലെ ദൂരെ നിന്നു കണ്ടതല്ലേ. പിന്നെ മുഖം ഒട്ടും കണ്ടതും ഇല്ല.അപ്പോഴേക്കും ആരാണെന്നു അറിയാൻ അമ്മയും പുറകെ എത്തിയിരുന്നു. “ആരാ മോളെ? ” “ഇതു ദിയയുടെ ഫ്രണ്ട് ആണ് അമ്മേ. ” “നമസ്കാരം അമ്മേ…. ” “നമസ്കാരം… മോൻ ഇവിടെ അടുത്തുള്ളതാണോ? ” “അതെ അമ്മേ… ഞാൻ ഇവിടെ തന്നെ ഉള്ളതാ.. ടൗണിൽ തന്നെയാ വീട്. ദിയയുടെ സീനിയർ ആയിരുന്നു. ” “ആണോ… ഇങ്ങനെ ഒരാളെ കുറിച്ച് അവൾ ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.അതു കൊണ്ട് ചോദിച്ചതാ. ” “ഞങ്ങൾ ഇന്ന് ടൗണിൽ വച്ചു കണ്ടിരുന്നു.

പിരിയുമ്പോൾ ഇടയ്ക്ക് ഇങ്ങോട്ടൊക്കെ ഇറങ്ങാൻ അവൾ പറഞ്ഞിരുന്നു.എനിക്ക് ഇപ്പോൾ അത്യാവശ്യമായി ഇവിടെ അടുത്തു വരെ വരേണ്ട കാര്യം ഉണ്ടായിരുന്നു.എങ്കിൽ പിന്നെ ഇവിടെ കൂടെ കയറിയിട്ട് പോവാമെന്നു കരുതി. ” “അതിനെന്താ… മോനിരിക്കു…ഇങ്ങനൊരാളെ കണ്ടുവെന്ന് അവൾ പറഞ്ഞിരുന്നു. ” അമ്മ അങ്ങനെ പറഞ്ഞതും അവൻ തിരിഞ്ഞു എന്നെ ഒന്ന് നോക്കി.ആ നോട്ടത്തിൽ എന്തോ വശപ്പിശകില്ലേ?എന്തായാലും രാവിലെ കണ്ട ആളാണ് അതെന്നു ഞാൻ ഉറപ്പിച്ചു.ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വന്നേക്കുവാ ആളേ കൺഫ്യൂഷൻ ആക്കാൻ. “ഞാൻ ദിയ മോളെ വിളിച്ചിട്ട് വരാം…. അയ്യോ അമ്മ ചോദിക്കാൻ വിട്ടു മോന്റെ പേരെന്താ?? ” “അർജുൻ…. ” ആ അശരീരി വന്നത് മുകളിൽ നിന്നായിരുന്നു.

ശബ്ദം കേട്ടതോടെ എല്ലാരുടെയും ശ്രദ്ധ അങ്ങോട്ട് പതിഞ്ഞു.ദിയ വെപ്രാളപ്പെട്ട് സ്റ്റെപ് ഇറങ്ങി വരുന്നുണ്ടായിരുന്നു. “ഹായ് ദിയ… ഗുഡ് ഈവെനിംഗ്.. ” “ഹായ്.. ടാ.. ഗുഡ് ഈവെനിംഗ്. ” രണ്ടാളും പരസ്പരം ഷേക്ക്‌ ഹാൻഡ് നൽകി വിഷ് ഒക്കെ ചെയ്തു അവിടെ സോഫയിലായി ഇരുന്നു. “എങ്കിൽ പിന്നെ നിങ്ങൾ സംസാരിക്ക്. ഞാൻ മോന് കുടിക്കാൻ എന്തെങ്കിലും എടുക്കാം. ” അത്രയും പറഞ്ഞു അമ്മ അടുക്കളയിലേക്കു നടന്നു. ഞാൻ നിൽക്കുന്നത് കൊണ്ടാണെന്നു തോന്നുന്നു രണ്ടാൾക്കും സംസാരിക്കാൻ ഒരു വൈക്ലഭ്യം.ഇടയ്ക്കിടെ രണ്ടാളുടെയും നോട്ടം എന്റെ നേരെ പാളി വീണു കൊണ്ടിരുന്നു. ഇത്തിരി നേരം അവരുടെ കൂടെ നിന്നതിൽ പിന്നെ എനിക്കും എന്തോ അസ്വസ്ഥത പോലെ തോന്നി ഞാനും അടുക്കളയിലേക്കു വലിഞ്ഞു. ***********

എല്ലാരും അടുത്ത് നിന്നു മാറി കഴിഞ്ഞപ്പോൾ കൂർപ്പിച്ച നോട്ടത്തോടെ ദിയ അവനെ പിടിച്ചു വലിച്ചു മുറ്റത്തേക്ക് കൊണ്ടു പോയി.പെട്ടന്ന് ആരുടേയും നോട്ടമെത്താത്ത ഒരിടത്ത് അവർ സ്ഥാനമുറപ്പിച്ചു. “എന്താ ദിയക്കുട്ടി എന്നെ ഇത്രേം അടുത്ത് കിട്ടിയിട്ട് ഒരു സന്തോഷം ഇല്ലാത്തത്. ” “നീ എന്തു പണിയാ ക്രിസ്റ്റി കാണിച്ചത്.ഒരു വാക്ക് പോലും പറയാതെ ഇങ്ങനൊരു സന്ദർശനം വേണ്ടിയിരുന്നില്ല. ആരെങ്കിലും നിന്നെ തിരിച്ചറിഞ്ഞെങ്കിലോ? ” “മണ്ടത്തരം പറയാതെ ദിയ….. എന്നെ ജനിപ്പിച്ചവർ പോലും ഇപ്പോൾ എന്നെ കണ്ടാൽ തിരിച്ചറിയില്ല. പിന്നെയാണ് വർഷങ്ങൾക്കു മുൻപേ ഒരു നോക്ക് കണ്ട ഇവര്.” “എന്നാലും ക്രിസ്റ്റി… ” “ക്രിസ്റ്റിയോ ഞാൻ ഇപ്പോൾ അർജുൻ അല്ലെ??”

അതും പറഞ്ഞു അവൻ ഗൂഢമായി ഒന്ന് ചിരിച്ചു. “പിന്നെ ഞാൻ പറയാതെ വന്നതിനാലാണ് നിന്റെ രോഷം എങ്കിൽ നീയും ഇന്നലെ അതു തന്നെയല്ലേ ചെയ്തത്.വേറെ ആരോട് പറഞ്ഞില്ലെങ്കിലും അറ്റ്ലീസ്റ്റ് നിന്റെ പപ്പയോടു പറയാമായിരുന്നു. ” “അതെനിക്ക് ദേഷ്യവും സങ്കടവും എല്ലാം കൂടി വന്നിട്ടല്ലേ.നീ അവിടെ വിട്ടിട്ട് രണ്ടാഴ്ചയായി.ഫോൺ വിളിച്ചാലോ മെസ്സേജ് അയച്ചാലോ മര്യാദയ്ക്ക് റിപ്ലൈ തരില്ല.അവരോട് അന്വേഷിച്ചാലും അങ്ങനെ തന്നെ. നാട്ടിലുണ്ടെന്നു മാത്രം പറഞ്ഞു.എന്നിട്ട് ഇന്ന് രാവിലെ കണ്ടപ്പോളോ ലേറ്റ് ആയി വന്നതും പോരാഞ്ഞിട്ട് ഒന്ന് സംസാരിക്കാൻ കൂടി നിന്നില്ല.ചോദിച്ചാലോ നാടത്ര സേഫ് അല്ല എന്നൊരു എസ്ക്യൂസും.”

“ഞാൻ ഇവിടെ വന്നിരിക്കുന്നത് കുറച്ച് റിസ്ക് ഉള്ള കാര്യത്തിനാണ്. അതാണ്‌ അവരൊന്നും വിട്ടു പറയാതിരുന്നത്.പിന്നെ അറിയാല്ലോ ബാംഗ്ലൂരിൽ നമുക്കുള്ള അത്ര പിടിപാട് ഇവിടെ ഇല്ല. അതുകൊണ്ട് അവിടുത്തെ പോലെ ഇവിടെ ഒന്നും അത്ര എളുപ്പമാകില്ല.” “പിന്നെ എന്തിനാ ഇത്രയും റിസ്ക് എടുത്തു ഇങ്ങോട്ട് വന്നത്. ” “നീ അല്ലെ പറഞ്ഞത് നിന്റെ H.P യുടെ ഭാര്യ നമ്മളെ ഒരുമിച്ചു കണ്ടു സീനാക്കി എന്ന്. എങ്കിൽ പിന്നെ ഇവരുടെ ഒക്കെ ഡൌട്ട് തീർത്തിട്ട് പോകാം എന്ന് കരുതി.ഇപ്പോൾ കണ്ടില്ലേ ഞാൻ എത്ര ഈസി ആയി അവരെ ഹാൻഡിൽ ചെയ്തു എന്ന്.ഇനി നിന്റെ പിണക്കം കൂടി തീർക്കട്ടെ?? ” അതും പറഞ്ഞു അയാൾ ദിയയുടെ കരം കവർന്നു. “വേണ്ട കേട്ടോ ക്രിസ്റ്റി…

അമ്മായി കണ്ടില്ലേലും അവൾ ഒളിച്ചും പാത്തും ഇവിടെ എത്തും. ” “ഏയ്.. അവളെ കണ്ടിട്ട് അത്ര ചീപ്പ്‌ ആയി തോന്നിയില്ല.ഒന്നുല്ലേലും ഞങ്ങൾ തമ്മിൽ ഒരു ഫോൺ കോളിന്റെ ബന്ധം ഇല്ലേ. വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ എന്റെ ഭീഷണിക്ക് മുൻപിൽ വഴങ്ങാതിരുന്ന ധീരവനിത അല്ലെ അവൾ. ” “എങ്കിൽ പിന്നെ ചെല്ല്… ചെന്നു അവളെ പുകഴ്ത്തി പാട്… ശേഷം നമ്മുടെ പ്ലാനുകൾ കൂടി പറഞ്ഞു കൊടുക്ക്‌. ” “നീ പിണങ്ങല്ലേ… പിന്നെ ഞാൻ ഇപ്പോൾ വന്നത് വേറെ ഒരു കാര്യം പറയാനാ.. എന്റെ ഇവിടുത്തെ ജോലി തീർന്നു.അതുകൊണ്ട് എത്രയും പെട്ടന്ന് നമുക്ക് ബാംഗ്ലൂർക്ക് മടങ്ങാം.

നീ പറഞ്ഞാൽ ഇന്ന് രാത്രിയിൽ തന്നെ വേണമെങ്കിൽ നിന്നെ ഞാൻ കൊണ്ടു പോകും. എന്തു പറയുന്നു? ” “ഇന്നിനി പറ്റില്ല. റിസ്ക് ആണ്. നാളെ ആഫ്റ്റർനൂൺ നമുക്ക് മടങ്ങാം. ” “ശരി…നാളെ എങ്കിൽ നാളെ… നന്നായി ഒന്നു കൂടിയിട്ട് പതിയെ പോകാം. കേരളം വിട്ടാൽ പിന്നെ അത്ര പേടിക്കണ്ടല്ലോ. ” അത്രയും പറഞ്ഞുള്ള അർത്ഥഗർഭമായ അവന്റെ നോട്ടത്തിൽ വശ്യമായ ഒരു ചിരിയോടൊപ്പം അവളുടെ കവിളിലേ നുണക്കുഴികളും വിരിഞ്ഞിരുന്നു. ********* അയാൾക്കുള്ള ജ്യൂസുമായി ഞാനും അമ്മയും ഹാളിൽ ചെന്നപ്പോൾ അവരവിടെ ഇല്ലായിരുന്നു. അകത്തെ മുറികളിൽ നോക്കിയ ശേഷം. പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് പെട്ടന്ന് നോട്ടമെത്താത്തൊരു കോണിൽ അവർ നിൽക്കുന്നത് കണ്ടത്.

“ആഹാ നിങ്ങൾ ഇവിടെ നിൽക്കായിരുന്നോ. ഞങ്ങൾ അകത്തൊക്കെ നോക്കി.എന്തിനാ മോളെ ഈ കുട്ടിയെ അവിടെ ഇരിക്കാൻ വിടാതെ ഇവിടെ കൊണ്ട് നിർത്തിയത്? ” “അതു.. അമ്മായി… ആൾക്ക് നമ്മുടെ ഗാർഡൻ ഒക്കെ ഒന്നു കാണണം എന്ന് പറഞ്ഞപ്പോൾ ഇങ്ങോട്ട് കൂട്ടിയതാ. ദേ ഇപ്പോൾ വന്നേ ഉള്ളൂ. ” “മോന് ഗാർഡനിങ് ഒക്കെ താല്പര്യം ഉണ്ടോ? ” “ആഹ്.. ആന്റി ചെറുതായിട്ട്. ” അതും പറഞ്ഞു അമ്മയുടെ കയ്യിൽ നിന്നു ജ്യൂസ്‌ വാങ്ങി ആള് ഒറ്റവലിക്ക് കുടിച്ചു. “എങ്കിൽ പിന്നെ ശെരി ആന്റി പിന്നെ കാണാം. ” “മോൻ പോവായോ ..? ഇത്തിരി കൂടി ഇരിക്കുന്നില്ലേ.? ” “ഇല്ല…എനിക്ക് തിരക്കുണ്ട്. അതും പറഞ്ഞു ആള് ഹെൽമെറ്റ്‌ എടുക്കാനായി അകത്തേക്ക് കയറി.

പുറകെ ഗ്ലാസ്‌ തിരികെ വയ്ക്കാനായി അമ്മയും പോയി. ഞാൻ തിരികെ കയറുമ്പോളേക്കും ആള് വിരലിൽ ബൈക്കിന്റെ ചാവിയും ചുഴറ്റി പുറത്തേക്കു ഇറങ്ങുവായിരുന്നു. അടുത്തെത്തിയപ്പോൾ പെട്ടന്ന് ആള് വന്നെന്റെ തോളിൽ ഇടിച്ചു.അയാൾ അതു മനഃപൂർവം ചെയ്തത് പോലെയാണ് എനിക്ക് തോന്നിയത്.ഇടിയുടെ ആഘാതത്തിൽ അയാളുടെ കയ്യിലിരിക്കുന്ന ചാവി തെറിച്ചു താഴെ വീണു. ഒരു വഷളൻ ചിരിയോടെ എന്നോട് സോറി പറഞ്ഞു ചാവി തിരികെ എടുക്കാനായി കുനിഞ്ഞപ്പോൾ കഴുത്തിൽ നിന്നും പിണഞ്ഞു തൂങ്ങിയ മാലയിലേക്കാണ് എന്റെ ദൃഷ്ടി പതിഞ്ഞത്.സ്വൊർണ്ണത്തിൽ തീർത്ത കുരിശിന്റെ ഒരു ലോക്കറ്റ് ആ മാലയുടെ അറ്റത്തായി തൂങ്ങിയാടുന്നുണ്ടായിരുന്നു.

എന്നിൽ സംശയത്തിന്റെ നാമ്പുകൾ പിന്നെയും മുളച്ചു തുടങ്ങിയിരുന്നു.അർജുൻ എന്ന പേരും കുരിശു മാലയും. ആകെ മൊത്തം ഒരു കുഴപ്പമില്ലേ. വാതിൽക്കൽ ചെന്നു തിരിഞ്ഞപ്പോൾ അതീവ സന്തോഷത്തോടെ അയാളെ യാത്രയാക്കുന്ന ദിയയെ കണ്ടു കൊണ്ടാണ് ഞാൻ ഉള്ളിലേക്ക് കടന്നത്. അന്ന് മുഴുവൻ അയാളുടെയും ദിയയുടെയും അടുപ്പത്തെകുറിച്ചായിരുന്നു എന്റെ ചിന്ത.ഇന്ന് നടന്ന കാര്യങ്ങളും ദിയയുടെ പെരുമാറ്റവും ആലോചിക്കുമ്പോൾ എന്തൊക്കെയോ ചീഞ്ഞു നാറുന്ന പോലെ ഒരു ഫീലിംഗ്. പിന്നെ പ്രത്യേകിച്ചു പറയേണ്ടല്ലോ അന്ന് വീഡിയോ കൊളിൽ എന്റെയും സച്ചുവിന്റെയും ചാരുവിന്റെയും ചർച്ച ഇതു തന്നെയായിരുന്നു.

എന്റെ ചിന്ത പോയത് പോലെ മാലയിൽ കുരിശ് കണ്ടതിൽ അസ്വാഭാവികത ഉള്ളതായി അവർ പറഞ്ഞില്ല.അയാളുടെ പേരെന്റ്സ് ഇന്റർകാസ്റ് മാര്യേജ് ആവും എന്ന് ചാരു പറഞ്ഞു.കൊന്ത അത്യാവശ്യം എല്ലാർക്കും ഇഷ്ടമാണെന്നു സച്ചുവും വാദിച്ചു. അതോടെ വാദിയായ ഞാൻ പ്രതിയായി. എങ്കിലും അവളെ ഒന്നു സൂക്ഷിക്കാൻ ചാരു പറഞ്ഞു.അതിന് അനാവശ്യ കാര്യങ്ങൾ ചിന്തിച്ചു കൂട്ടുകയാണെന്നു പറഞ്ഞ് സച്ചു ഞങ്ങളെ കുറേ കളിയാക്കി ഫോൺ വച്ചിട്ടു പോയി. അവന്റെ സംസാരം കേട്ടതോടെ ബാക്കി ചർച്ചയ്ക്കുള്ള ആ ഫ്ലോ അങ്ങ് പോയി കിട്ടി. പിന്നെ ഞങ്ങൾ പതിയെ ചാരുവിന്റെ ബാംഗ്ലൂർ വിശേഷങ്ങളിലേക്ക് കടന്നു.

അവൾക്ക് അവിടെ അത്യാവശ്യം കമ്പനിയൊക്കെ ആയി പുറത്തൊക്കെ കറങ്ങാൻ പോവാനൊക്കെ തുടങ്ങിയിരുന്നു. എല്ലാം വിശദമായി തന്നെ എനിക്ക് പറഞ്ഞു തരുന്നുണ്ടായിരുന്നു. ദിവസങ്ങൾ പിന്നെയും ഓടിക്കൊണ്ടിരുന്നു. ഇന്നാണ് പപ്പയുടെ സർജ്ജറിക്കുള്ള ഡേറ്റ് ഫിക്സ് ചെയ്യുന്നത്.ഇന്നലെ വിളിച്ചപ്പോൾ ശങ്കുമാമ കാര്യങ്ങൾ അറിഞ്ഞാൽ ഉടനെ അറിയിക്കാം എന്ന് പറഞ്ഞിരുന്നു.വൈകിട്ടു കോളേജിൽ നിന്നും വന്നിട്ട് ആകെ ഒരു വെപ്രാളം ആയിരുന്നു.ഇങ്ങോട്ട് കാൾ ഒന്നും കാണാതിരുന്നിട്ടു വൈകിട്ടു അങ്ങോട്ട് ട്രൈ ചെയ്തപ്പോൾ നെറ്റ്‌വർക്ക് പ്രോബ്ലം കാരണം കാൾ കണക്ട് ആവുന്നുണ്ടായിരുന്നില്ല. മെസ്സേജ് അയച്ചിട്ട് റിപ്ലൈയും കിട്ടിയില്ല.

ഫോൺ താഴെ വയ്ക്കാതെ കയ്യിൽ കൊണ്ടു നടക്കുവായിരുന്നു ഞാൻ. രാത്രി ഭക്ഷണമൊക്കെ എങ്ങനെയോ കഴിച്ചെന്നു വരുത്തി അമ്മയെ അത്യാവശ്യം സഹായിച്ചു ഞാൻ നേരെ മുകളിൽ ബാൽക്കണിയിലേക്ക് വിട്ടു. അവിടെ അത്യാവശ്യം റേഞ്ച് കിട്ടുന്ന ഏരിയ ആണ്. അതാണ്‌ H.P ഫുൾ ടൈം ഫോണും ലാപ്ടോപ്പും വച്ചു ഇവിടെ തപസ്സിരിക്കുന്നതു.കുറച്ച് കഴിഞ്ഞ് ഞാൻ അയച്ച മെസ്സേജ് റീഡ് ചെയ്തപ്പോൾ പപ്പാ തന്നെ തിരിച്ചു വിളിച്ചു. വരുന്ന വ്യാഴാഴ്ച സർജ്ജറി ഫിക്സ് ചെയ്തതായി അറിയിച്ചു.ബാക്കി പപ്പാ എന്തൊക്കെയോ പറഞ്ഞെങ്കിലും ഒന്നും വ്യക്തമായി കേൾക്കാൻ പറ്റിയില്ല. പിന്നേം നെറ്റ്‌വർക്ക് പ്രോബ്ലം.

ഒത്തിരി നേരം കുത്തി ഇരുന്നെങ്കിലും നൊ രക്ഷ. അവസാനം കുളി കഴിഞ്ഞ് വന്നു ഒന്നൂടി ട്രൈ ചെയ്യാമെന്ന് വച് ഫോൺ കട്ടിലിൽ ഇട്ടു വേഗം ടെറസ്സിൽ പോയി വിരിച്ചിട്ട തുണികളൊക്കെ എടുത്തു. എല്ലാം മടക്കിയൊതുക്കി വച്ചു വേഗം കുളിക്കാൻ കയറി. ഞാൻ ഷവർ ഓൺ ചെയ്തപ്പോളെക്കും ഫോൺ വീണ്ടും റിംഗ് ചെയ്യാൻ തുടങ്ങിയിരുന്നു.പപ്പയോടു സംസാരിക്കാനുള്ള ആകാംക്ഷയിൽ വേഗം ടവൽ എടുത്തു നെഞ്ചിലൂടെ ചുറ്റി പുറത്തിറങ്ങി.ഓടിച്ചെന്നു കട്ടിലിൽ കിടക്കുന്ന ഫോൺ കയ്യിലെടുത്തതും ബാൽക്കണിയുടെ ഡോർ തുറന്നു ദേ…. വരണു H.P. സഭാഷ്…..

ഇങ്ങേരിതു എതിലെ നൂണ്ടു കയറിയോ എന്തോ? ഇന ഇങ്ങേരെ പെറ്റിട്ടതു ബാൽക്കണിയിലാണോ ?? ആളേ അപ്രതീക്ഷിതമായി കണ്ട ഷോക്കിൽ ഞാനും എന്നെ അങ്ങനൊരു കോലത്തിൽ കണ്ടതിൽ ആളും ഒരു നിമിഷം സ്തംഭിച്ചു നിന്നു പോയി.ഫോണിന്റെ റിംഗ് നിലച്ചപ്പോളാണ് എനിക്ക് പെട്ടന്ന് ബോധോദയം ഉണ്ടായത്. ഫോണുമെടുത്തു ഒരൊറ്റ ചാട്ടത്തിനു ബാത്‌റൂമിൽ കയറി.H.P അപ്പോഴും സ്തംഭനാവസ്ഥയിൽ തന്നെയായിരുന്നു.പിന്നെ പപ്പാ വിളിച്ചില്ലെന്നു മാത്രമല്ല H.P ടെ മുൻപിൽ നാണം കെട്ടു. കുളി കഴിഞ്ഞിട്ടും അങ്ങേരെ എങ്ങനെ ഫേസ് ചെയ്യുമെന്ന് ആലോചിച്ചു ഇത്തിരി നേരം ഞാൻ അതിനുള്ളിൽ തന്നെ നിന്നു.

ഇത്തിരി കഴിഞ്ഞ് ഞാൻ പതിയെ പുറത്തിറങ്ങിയപ്പോൾ ആള് ഇരുന്നു റൂം തുടയ്ക്കുന്നുണ്ടായിരുന്നു . എന്നെ കണ്ടപാടെ തുടങ്ങി ഇംഗ്ലീഷിൽ ഭരണിപ്പാട്ട്. അങ്ങേര് പണ്ട് സ്കൂളിൽ പഠിച്ച ഒരു സബ്ജെക്ട് ഇതായിരുന്നെന്നു തോന്നുന്നു.അതിൽ നല്ല പ്രാഗൽഭ്യം ഉണ്ട് കുട്ടിക്കു. ആ കട്ടിലിന്റെ സൈഡിലായി രണ്ടു തുള്ളി വെള്ളം വീണതിന് ആ റൂം മൊത്തം അങ്ങേരു എന്നേം ചീത്തവിളിച്ചു തുടച്ചിട്ടു.പോരാത്തതിന് അങ്ങേരെ വശീകരിക്കാൻ വേണ്ടി ഞാൻ മനഃപൂർവം ചെയ്തതാണെന്ന രീതിയിൽ കാര്യങ്ങൾ വളച്ചൊടിച്ചു പറയുന്നുണ്ടായിരുന്നു.

സത്യായിട്ടും എനിക്ക് സങ്കടം വന്നു. കണ്ണ് നിറഞ്ഞപ്പോൾ വേഗം കയറി കിടന്നെങ്കിലും ഉറക്കം വരുന്നേയില്ലായിരുന്നു കുറേ തിരിഞ്ഞും മറിഞ്ഞു കിടന്നിട്ടും ഫലമുണ്ടായില്ല. എന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത അങ്ങേർക്കിട്ടു ഒരു പണി കൊടുക്കാതെ നിദ്രാ ദേവി എന്നെ കടാക്ഷിക്കില്ല എന്നെനിക്കു ഉറപ്പായി. അപ്പോൾ പിന്നെ കുറച്ച് നേരം ആലോചിച്ചു ഒരു സിംപിൾ പണി കൊടുക്കാൻ തന്നെ തീരുമാനിച്ചു.സംഭവം ഇത്തിരി ചീപ്പ്‌ ആണ്. ഇത്തരം ചീപ്പ്‌ കളികൾ ചന്തു പണ്ടേ വിട്ടതുമാണ്. എങ്കിലും എനിക്കിന്ന് ഉറങ്ങിയേ പറ്റൂ.അതിനായി ആള് ബാൽക്കണിയിൽ നിന്നു തിരിച്ചു വരുന്നതും നോക്കി ഞാൻ കിടന്നു….തുടരും

ഹരി ചന്ദനം: ഭാഗം 15

Share this story