സഹയാത്രികയ്ക്ക് സ്‌നേഹ പൂർവം: ഭാഗം 13

Share with your friends

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അവന്റെ ഭാവം നോക്കി വിമലും ജിഷ്ണുവും പരസ്പരം നോക്കി ഒന്നു പുഞ്ചിരിച്ചു.. അപ്പോഴും അരുവിയിലെ പാറ കൂട്ടത്തിനിടയിലൂടെ ശുദ്ധ ജലം ഒഴുകി പോകുന്നുണ്ടായിരുന്നു.. തന്റെ ലക്ഷ്യത്തിലേക്ക് എത്താനുള്ള ആവേശത്തോടെ കുതിച്ചൊഴുകുകയായിരുന്നു അത്.. ********** രാധികാമ്മേ പാല്.. വിച്ചുവിന്റെ വിളി കേട്ടതും ശ്യാമ ഒരു പുഞ്ചിരിയോടെ പുറത്തേയ്ക്ക് വന്നു.. ശ്യാമ അവളെ നോക്കി പുഞ്ചിരിച്ചു.. അവളും മങ്ങിയ ഒരു നേർത്ത പുഞ്ചിരി തിരികെ നൽകി.. എന്താ മോളെ. മുഖത്തൊരു സങ്കടം.. ശ്യാമ ചോദിച്ചു.. ഹേയ്.. അച്ഛന് ഇന്നലെ അൽപ്പം സുഖമില്ലായിരുന്നു..

ഭദ്ര രാവിലെ അച്ഛനുമായി ആശുപത്രിയിൽ പോയിരിക്യാ.. വിച്ചു പറഞ്ഞു.. എന്തുപറ്റി അച്ഛന്.. രാധിക ഇറങ്ങി വന്നു ചോദിച്ചു.. അച്ഛന് 2 തവണ അറ്റാക്ക് വന്നതാ… ഇന്നലെ എന്തോ നെഞ്ചിനകത്തു വേദന വന്നു.. വിച്ചു പറഞ്ഞു..അവളുടെ വാടിയ മുഖത്തു നിന്നും ആ സങ്കടം ഊഹിക്കാമായിരുന്നു.. ഒന്നും വരില്ല മോളെ.. വിഷമിക്കേണ്ട.. രാധിക അവളെ ആശ്വസിപ്പിക്കാണെന്നോണം പറഞ്ഞു.. അവൾ വാടിയ ഒരു പുഞ്ചിരി നൽകി.. ഭദ്ര ഒറ്റയ്ക്കാണോ പോയത്.. രാധിക ചോദിച്ചു. അല്ല.. അച്ഛന് ഒറ്റയ്ക്ക് ഒരുപാട് നടക്കാൻ പറ്റില്ല.. വലതു കാലിനു നല്ല സ്വാധീനമില്ല . വലതു കൈക്കും ഒരുപാട് അനക്കമില്ല. എങ്കിലും ഇപ്പോൾ കൈകൾ കുറച്ചൊക്കെ അനക്കും.. മുറിക്കകത്ത് ഇത്തിരിനടക്കും .

ആശുപത്രിയിൽ പോകാൻ മിക്കപ്പോഴും ജിഷ്ണുവേട്ടനോ മാഷോ ആകും കൂട്ട്. ജിഷ്ണുവേട്ടൻ രാവിലെ എവിടേക്കോ പോയീന്ന് സുമാമ്മ പറഞ്ഞു.. അതോണ്ട് ശിവേട്ടനും ഭദ്രയും കൂടിയാണ് പോയത്.. അവൾ പറഞ്ഞു.. വിളിച്ചില്ലേ എന്നിട്ട്.. ശ്യാമ ചോദിച്ചു.. ഇല്ല.. മുൻപേ ഞാൻ വിളിച്ചപ്പോൾ ഡോക്ടർ ക്യാഷ്‌വാലിറ്റിയിൽ ആക്കി എന്ന് പറഞ്ഞു . അവൾ പറഞ്ഞു.. എന്നാൽ മോൾക്കൂടെ പൊയ്ക്കൂടായിരുന്നോ അവരുടെ കൂടെ.. ശ്യാമ ചോദിച്ചു.. അതിനും വിച്ചു ഒരു ചെറു പുഞ്ചിരി നൽകി.. പാത്രം പിന്നെ മതി രാധികാമ്മേ.. ഞാൻ ചെല്ലട്ടെ.. കാലത്തെ ഒന്നും ആക്കിയില്ല.. അവൾ പറഞ്ഞു.. ശെരി മോളെ. അച്ഛൻ വന്നു കഴിഞ്ഞു എങ്ങനുണ്ടെന്നു പറയണം കേട്ടോ.. രാധിക വാത്സല്യത്തോടെ പറഞ്ഞു..

അവൾ തലയാട്ടി.. തിരിഞ്ഞതും എന്തോ ഓർത്തെന്ന പോലെ തിരിഞ്ഞു നിന്നു.. രാധികാമ്മേ അവൾ വിളിച്ചു.. രാധികയും ശ്യാമയും അവളെ നോക്കി.. രാധികാമ്മേടെ മോനോട് ന്റെ ഭദ്രയോട് ദേഷ്യോന്നും തോന്നരുത് എന്നു പറയണം.. അവൾ അങ്ങനെയാണ്.. ഇങ്ങോട്ട് തല്ലിയാൽ അവൾ തിരിച്ചടിക്കും.. ഒരുപാട് സഹിച്ചിട്ടുണ്ട് അവൾ.. ആ സഹനം മടുത്തപ്പോൾ അവൾ ശീലിച്ചതാ അത്.. ഇനി അതിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കരുത് എന്നൊന്നു പറഞ്ഞേക്കണേ.. വിച്ചുവിന്റെ വാക്കുകൾ കേട്ട് രാധികയും ശ്യാമയും പരസ്പരം നോക്കി.. എന്താ മോളെ പ്രശ്നം.. കിച്ചു ഭദ്രയെ അടിച്ചോ.. എപ്പോ.. എന്തിനാ അടിച്ചത്..

രാധിക ചോദിച്ചപ്പോഴാണ് അവർ ഒന്നും അറിഞ്ഞിട്ടില്ല എന്നു വിച്ചുവിനും മനസ്സിലായത്.. അത്.. രാധികാമ്മേ.. അത് പിന്നെ.. ഞാൻ… ഞാൻ.. വിച്ചു നിന്നു വിക്കി.. മോള് പേടിക്കേണ്ട കാര്യം പറയ്.. ഞാൻ ആരോടും ചോദിക്കില്ല.. രാധിക പറഞ്ഞു.. വിച്ചു നിസഹായമായി ശ്യാമയെനോക്കി.. മോള് ധൈര്യമായി പറഞ്ഞോളൂ.. ശ്യാമയും പറഞ്ഞു.. അത്.. ഇന്നലെ വൈകീട്ട് ഇവിടെ ചെറിയ ഒരു പ്രശ്നം ഉണ്ടായി.. ഭദ്രയുമായി ഒരാൾ ഉടക്കി.. അപ്പോഴാ രാധികാമ്മയുടെ മോനും ശ്യാമാന്റിയുടെ മോനും ജിഷ്ണുവേട്ടനും വന്നത്.. ജിഷ്ണുവേട്ടൻ ഭദ്രയെ പിടിച്ചു മാറ്റുന്നതിനിടയിൽ അവൾ എന്തോ പറഞ്ഞു എന്നു തോന്നുന്നു.. രാധികാമ്മയുടെ മോൻ ഭദ്രയെ അടിച്ചു.. വിച്ചു പറഞ്ഞു.. അയ്യോ.. എന്നിട്ട്.

രാധിക നെഞ്ചിൽ കൈവെച്ചു.. ഭദ്ര മുന്നും പിന്നും ഒന്നും നോക്കാറില്ല.. അവളും തിരിച്ചടിച്ചു.. വിച്ചു തല താഴ്ത്തി പറഞ്ഞു.. എന്നിട്ട്… ശ്യാമ ചോദിച്ചു.. ഞാൻ ഒന്നും ശെരിക്ക് കണ്ടില്ല.. അവർ ഗേറ്റിനു വെളിയിൽ ആയിരുന്നു . ഞാൻ അകത്തും.. ജിഷ്ണുവേട്ടനും മറ്റേ ചേട്ടനും കൂടി രാധികാമ്മയുടെ മോനെ പിടിച്ചു മാറ്റി.. പിന്നെ ആ ചേട്ടൻ ഇങ്ങോട്ട് വന്നില്ല.. ഭദ്ര നല്ല ദേഷ്യത്തിൽ ആയിരുന്ന കൊണ്ട് ഞാനും ഒന്നും ചോദിച്ചില്ല.. അതോണ്ട് എന്താ ശെരിക്കും പ്രശ്നം എന്നറിയില്ലാട്ടോ.. അവൾ പറഞ്ഞു. എന്റെ ദേവി.. ഈ കുഞ്ഞിത് എന്തു ഭാവിച്ചാണോ.. രാധികയ്ക്ക് നല്ല സങ്കടമായി എന്നു വിച്ചുവിനു തോന്നി..

രാധികാമ്മേ വിഷമിക്കല്ലേ.. അത്.. ഞാൻ അറിഞ്ഞില്ല നിങ്ങൾ ഇതൊന്നും അറിഞ്ഞില്ലെന്ന്.. ഭദ്രയ്ക്ക് അത് നല്ല ശീലമാ. അവളത് അപ്പോഴേ വിട്ടു കാണും. അതാ ഞാൻ പറഞ്ഞത് ഇനി ആ ചേട്ടനായിട്ട് പ്രശ്നത്തിന് പോകരുതെന്ന് പറയാൻ.. വിച്ചു പറഞ്ഞു.. ഹേയ്.. മോള് വിഷമിക്കേണ്ട. അവനും അത് വിട്ടു കാണും.. കാണുന്നത് പോലെ ഒന്നുമല്ല. ആളൊരു പാവമാണ്. ഇത്തിരി ദേഷ്യം കൂടുതലുണ്ടെന്നേ ഉള്ളു.. ഉള്ളിൽ ഒന്നും വെച്ചു പെരുമാറില്ല.. ശ്യാമ അവളെ സമാധാനിപ്പിച്ചു.. അവൾക്ക് അൽപ്പം ആശ്വാസം തോന്നി.. ഭദ്രയും അങ്ങനെയാണ്… ഒരുപാട് ഒരുപാട് സഹിച്ചിട്ടുണ്ട് അവൾ..

ഒടുവിൽ അവളെ എല്ലാരൂടെ ഇങ്ങനെ ആക്കി എടുത്തത് ആണ്.. എന്റെ ഭദ്ര പാവമാണ്.. എനിക്കും അച്ഛനും വേണ്ടി ജീവിക്കുന്ന ഒരു പാവം… വിച്ചുവിന്റെ കണ്ണു നിറഞ്ഞു.. ഈ വഴക്കും വയ്യാവേലിയും ഒക്കെ ഞങ്ങൾക്ക് വേണ്ടിയിട്ടാ.. കാണുന്നവർക്ക് അവൾ ദുഷ്ടയും തന്റേടിയും ഒക്കെയാകും. എനിക്കറിയാം എന്റെ ഭദ്രയെ. അവൾ ഇങ്ങനെയൊക്കെ ആയത് ഈ പറയുന്നവരൊക്കെ കാരണമാണ്.. അവൾക്ക് നോവുന്നത് എനിക്ക് സഹിക്കില്ല രാധികാമ്മേ . വേറാരുമില്ല ഞങ്ങൾക്ക് അവളല്ലാതെ . അതും പറഞ്ഞു മറുപടി കാക്കാതെ വിച്ചു നിറകണ്ണുകളോടെ അകത്തേയ്ക്ക് നടന്നു..

രാധികയും ശ്യാമയും വേദനയോടെ പരസ്പരം നോക്കി. രാധികേ. ശ്യാമ അവരുടെ തോളിൽ കയ്യമർത്തി.. എനിക്ക് വയ്യ ശ്യാമേ.. അവന്റെ ദേഷ്യം.. എന്നും അതാണ് ഞങ്ങളുടെ പ്രശ്നം. ഒന്നിനും ക്ഷമ ഇല്ല.. അവന്റെ അച്ഛന്റെ സ്വഭാവമാണ്.. പക്ഷെ ഇതിത്തിരി കൂടുതലാണ്.. എന്തെങ്കിലും പ്രശ്നമുണ്ടായാൽ തന്നെ ആരുണ്ട് ചോദിക്കാൻ.. രാധിക സങ്കടം പറഞ്ഞു.. ഹേയ്. എന്താ രാധികേ ഇത്. നമുക്ക് അവനെ അറിഞ്ഞൂടെ. ഒരു കാര്യവും ഇല്ലാതെ അവൻ അങ്ങനെ തല്ല് കൂടാറില്ലല്ലോ..നമുക്കവൻ വരുമ്പോ ചോദിക്കാം.. ശ്യാമ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. ഇങ്ങു വരട്ടെ.. എനിക്കിന്നറിയണം എന്താ അവന്റെ ഉദ്ദേശ്യം എന്നു.. രാധിക ചാടിത്തുള്ളി അകത്തേയ്ക്ക് നടന്നു.. ശ്യാമ ആ പോക്ക് നോക്കിയിരുന്നു . *********

ഞാൻ ഇപ്പൊ എത്തും സർ.. ഓകെ സർ.. വിമലേ.. വേഗം വണ്ടി വിട്.. എ സി പി വരുന്നുണ്ട് സ്റ്റേഷനിൽ.. ജിഷ്ണു പറഞ്ഞു . ഓ എന്തോന്ന് പേടിക്കാൻ. നമ്മടെ സുരേഷേട്ടൻ പറയുന്ന പോലെ എന്തേലും ചൂടയാൽ പ്ഫ പുല്ലേ.. എന്നും പറഞ്ഞങ് തുടങ്ങണം.. വിമൽ കളിയായി പറഞ്ഞു.. ഉവ്വ.. പൊന്നുമോനെ സിനിമയിൽ നടക്കും ഇതൊക്കെ.. വല്ലാണ്ട് വല്ല മേലുദ്യോഗസ്ഥനോടും വല്ലോം പറഞ്ഞാൽ തൊപ്പി തെറിക്കും.. ഞാനൊന്നു ജീവിച്ചു പൊക്കോട്ടെ മോനെ.. ജിഷ്ണു പറഞ്ഞു.. കിച്ചു പുഞ്ചിരിച്ചു.. അവനെ വീടിന്റെ വാതിൽക്കൽ ഇറക്കിയ ശേഷം വിമൽ വീട്ടിലേയ്ക്ക് വണ്ടി കയറ്റി നിർത്തി .. ദേവൂന് പൂ വാങ്ങണം എന്നു പറഞ്ഞിരുന്നു. കിട്ടിയില്ലല്ലോ.. വിമൽ ചോദിച്ചു.. ഓ. അവൾ മറന്നു കാണും.

വരുന്ന വഴി ഞാൻ നോക്കിയിരുന്നു. എങ്ങുമില്ല പൂ.. സമയം ഒരുപാടായി അല്ലെ.. വിമൽ പറഞ്ഞു.. മ്മ്. ഇന്ന് ലീവ് എടുത്തത് നന്നായി.. ഇല്ലായിരുന്നേൽ പെട്ടേനെ. . കിച്ചു പറഞ്ഞു . വിമലും കിച്ചുവും ഇറങ്ങി.. നല്ല വിശപ്പുണ്ട്… വാ വല്ലോം കഴിക്കാം.. അകത്തേയ്ക്ക് കയറിക്കൊണ്ട് വിമൽ പറഞ്ഞു.. ഞാനീ കയ്യും മുഖോം കഴുകി ഡ്രെസ്സും മാറി വന്നിട്ടേ ഉള്ളു.. കിച്ചു പറഞ്ഞു.. ആ എനിക്കിത്തിരി വൃത്തി കുറവാ.. അതും പറഞ്ഞു വിമൽ നേരെ അടുക്കളയിലേക്ക് നടന്നു.. കിച്ചു മുകളിലേക്കും.. ഹായ്..എല്ലാരും വട്ടമേശ സമ്മേളനം കളിക്കുവാണോ.. വല്ലോം കഴിക്കാൻ താ ആന്റി… വിശക്കുന്നു..

വിമൽ പ്ളേറ്റ് എടുത്തു മുന്നിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു.. രാധിക ഇഡലി എടുത്തു അവനു മുൻപിൽ വെച്ചു. ശ്യാമ സാമ്പാറും നീക്കി വെച്ചു.. അവൻ ഇഡലി പാത്രത്തിലേക്ക് ഇട്ടു സാമ്പാറും ഒഴിച്ചു.. അല്ല നിങ്ങൾ കഴിച്ചോ . വിമൽ ചോദിച്ചു.. ഇല്ല. നീ കഴിക്ക്. അവനൂടെ വരട്ടെ.. വിനയൻ പറഞ്ഞു . ദേവു എന്തിയെ അമ്മേ . വിമൽ ശ്യാമയെ നോക്കി.. അവർ രൂക്ഷമായി അവനെ ഒന്നു നോക്കി. ഇതെന്താ അമ്മക്കിളി മുഖമൊക്കെ ഒരു കുട്ട ഉണ്ടല്ലോ.. വിമൽ പറഞ്ഞു . ശ്യാമ നോട്ടം അവനിൽ നിന്നു മാറ്റി . ഇതെന്താപ്പോ സംഭവം. ഞങ്ങൾ പോകുന്ന വരെ ഹാപ്പി മോഡ് ഓൺ ആയിരുന്നല്ലോ.. ഇപ്പൊ എന്താ അവാർഡ് പടം പോലെ.. വിമൽ ചിരിച്ചു കൊണ്ട് ചോദിച്ചു.. എന്താ അച്ഛാ.. ദേവു പെണ്ണ് മതില് ചാടിയോ..

അവൻ വിനയനെ നോക്കി ചോദിച്ചു.. ആയാലും ഒന്നും മിണ്ടിയില്ല.. ദേവൂട്ടി കഴിച്ചോ അമ്മേ.. കിച്ചു വന്നിരുന്നുകൊണ്ട് ചോദിച്ചു.. മ്മ്.. രാധിക ഒന്നു മൂളി.. എന്തേ. അവളുമായി ഉടക്കിയോ . കിച്ചു പാത്രം എടുത്തു വെച്ചുകൊണ്ട് ചോദിച്ചു… ഇല്ല.. അവർ പറഞ്ഞു.. ഇവൻ വന്നിട്ട് കഴിക്കാം എന്ന് പറഞ്ഞിട്ട്. കഴിക്ക്.. വിമൽ ചോദിച്ചു.. എല്ലാവർക്കും രാധിക പാത്രം എടുത്തു വെച്ചു.. അമ്മേ.. ഞാൻ പൂ പറിക്കാൻ പൊക്കോട്ടെ. ദേവു പാവയുമായി വന്നു ചോദിച്ചു.. വേണ്ട. അവിടെ ആരുമില്ല..മോളിങ് വന്നിരിക്ക്.. രാധിക കിച്ചുവിനെ ദേഷ്യത്തോടെ നോക്കി പറഞ്ഞു.. ആ.. ദേവു അടുത്തു ചെന്നിരുന്നതും വിമലിന് നേരെ വാ പൊളിച്ചു..

അവൻ സ്നേഹത്തോടെ ഇഡലി മുറിച്ചു സാമ്പറിൽ മുക്കി അവൾക്ക് നൽകി.. ആ. അവൾ കിച്ചുവിന് നേരെയും വാ പൊളിച്ചു.. അവനും അവൾക്കായി ഇഡലി നൽകി.. ഇനിയും വേണോ മോൾക്ക്.. ശ്യാമ ചോദിച്ചു.. മ്മ്ഹും.. അതും പറഞ്ഞു അവൾ പാവയെ കളിപ്പിച്ചു.. കൈ കഴുകി വന്നതും കിച്ചു അമ്മയുടെ സാരിതുമ്പു കൈക്കലാക്കി മുഖം അമർത്തി തുടച്ചു.. രാധിക അവനെ രൂക്ഷമായി നോക്കികൊണ്ട് കസേരയിൽ വന്നിരുന്നു.. എന്താ പ്രശ്നം.. കിച്ചുവും വിമലും പരസ്പരം നോക്കി.. ഇന്നിനി മോൻ ആരെയാ തല്ലാൻ ഉദ്ദേശിക്കുന്നത്.. രാധിക ചോദിച്ചു.. കിച്ചുവിന്റെ മുഖം മാറി.. ദേവ്യെ..

വിമൽ ആത്മഗതമെന്നോണം വിളിച്ചുപോയി.. ചോദിച്ചത്‌ കേട്ടില്ലേ.. പാലക്കാട്ട് തല്ലാനുള്ളവരെ എല്ലാരേം തല്ലി കഴിഞ്ഞല്ലേ ഇങ്ങോട്ട് വന്നത്. ഇനിയും ഇവിടെ നാട്ടുകാരെ ചട്ടം പഠിപ്പിക്കാൻ തുടങ്ങിയത് ഞാൻ അറിഞ്ഞു.. എന്റെ പൊന്നു മോൻ ഈ അമ്മയ്ക്ക് ഒരു ഉപകാരം ചെയ്തു താ.. ആദ്യം നിന്റെ കൈവീശി ഒന്നോ രണ്ടോ എനിക്കിട്ട് താ. നിനക്കൊക്കെ വേണ്ടി ഇങ്ങനെ ജീവിക്കുന്നതിന്.. രാധിക കരഞ്ഞുപോയി.. രാധികേ.. എന്താ ഇത്.. ശ്യാമ രാധികയെ ചേർത്തു പിടിച്ചു.. എന്താ സൂര്യാ ഇത്. എന്തായിരുന്നു പ്രശ്നം ഇന്നലെ.. വിനയൻ ചോദിച്ചു.. എന്റെ അച്ഛാ ഞാൻ പറയാം. ഇന്നലെ . വിമലേ ഞാൻ സൂര്യയോടാണ് ചോദിച്ചത്..

വിനയൻ പറഞ്ഞു.. അങ്കിൾ ഇന്നലെ ശെരിക്ക് ഞങ്ങൾക്ക് ഒരബദ്ധം പറ്റിയതാ.. ആ ഭദ്ര ഒരു പത്തു അൻപത് വയസ്സുള്ള ഒരു സ്ത്രീയുമായി വഴക്കിട്ട് അവരെ പിടിച്ചു തള്ളുന്നത് കണ്ടപ്പോ ദേഷ്യം വന്നുപോയി.. ഒരെണ്ണം കൊടുത്തു കഴിഞ്ഞാ ഓർത്തത് വേണ്ടായിരുന്നു എന്നു.. കിച്ചു പറഞ്ഞു.. അതു കോമ്പൻസേറ്റ് ചെയ്യാൻ അവൾ അപ്പൊ തന്നെ ഇവനിട്ടും ഒരെണ്ണം കൊടുത്തു.. അതോടെ ഞങ്ങൾ ഇങ്ങു പോന്നു . വിമൽ പറഞ്ഞു.. ഹോ.. എത്ര നല്ല കുട്ടികൾ.. ശ്യാമ പറഞ്ഞു.. യു ടൂ മമ്മീ.. വിമൽ ഒരു ഈണത്തിൽ അവരെ നോക്കി വിളിച്ചു.. ചെക്കാ കെട്ടുപ്രായമായി എന്നു ഓർക്കത്തില്ല.. വെച്ചു തരും ഞാൻ ഒരെണ്ണം..

ശ്യാമ വിമലിന് നേരെ കയ്യോങ്ങി.. മാതാശ്രീ നാണം കെടുത്തല്ലേ പ്ലീസ് . വിമൽ പറഞ്ഞു.. രണ്ടെണ്ണത്തിനും ഓരോന്നിന്റെ കുറവുണ്ട്.. വിനയേട്ടാ എനിക്ക് വയ്യ ഇങ്ങനെ നീറി നീറി കഴിയാൻ.. ഇവൻ ഒന്നുകിൽ ഇവന്റെ സ്വഭാവം മാറ്റണം അല്ലെങ്കിൽ എനിക്കും എന്റെ മോൾക്കും കഴിയാൻ ഏതെങ്കിലും ഒരു അനാഥാലയത്തിലോ ആശ്രയ കേന്ദ്രത്തിലോ ഒരു സ്ഥലം കണ്ടെത്തി തരണം.. തലയ്ക്ക് സ്ഥിരത ഇല്ലാത്ത ഒരു കുട്ടിയുണ്ട് എന്റെ കൂടെ. ദിവസോം ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കി അവസാനം ആർക്കെങ്കിലും ഒരാപത്തു വന്നാൽ പോലും നോക്കാൻ ആരുമില്ലാതെ ഒറ്റപ്പെട്ടു കഴിയാൻ എനിക്ക് വയ്യ. ഞാനെന്തും അതിജീവിക്കും. പക്ഷെ എന്റെ കുഞ്ഞു.. രാധിക നിർത്തി.. വിനയൻ കിച്ചുവിനെ നോക്കി..

സൂര്യാ എന്താടാ ഇത്. വിനയൻ ചോദിച്ചു.. എന്റെ അങ്കിൾ ഞാൻ മനപൂർവം വേണമെന്ന് വെച്ചു ചെയ്തതല്ല… പറ്റി പോയി.. ആ പ്രശ്നം അവിടെ തീർന്നു.. കിച്ചു പറഞ്ഞു.. എവിടെ തീർന്നു.. അതിന്റെ അച്ഛന് വയ്യാണ്ട് ആശുപത്രിയിലാ.. അറിയോ.. രണ്ടു പെണ്പിള്ളേരേം കൊണ്ട് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു മനുഷ്യനാണ്.. ആ മനുഷ്യന് വല്ലോം പറ്റിയാൽ.. ആരുണ്ടെടാ അതുങ്ങൾക്ക് . രാധിക ചോദിച്ചു.. അയ്യോ ആന്റി അതിന് ഈ പ്രശ്നമൊന്നും പുള്ളി അറിഞ്ഞിട്ടില്ല. പിന്നെ അവിടെ ശെരിക്കും പ്രശ്‌നം ഇവനും ഭദ്രയും അല്ലായിരുന്നു.. അവിടെ അവരുടെ അമ്മയാണ് വന്നു പ്രശ്നം ഉണ്ടാക്കിയത്..

അതിനിടയിൽ ഒന്നിടപെട്ടു എന്നേയുള്ളു . അവളത് അപ്പോഴേ വിട്ടുകാണും.. വിമൽ പറഞ്ഞു. അമ്മയോ.. അതിനു അവരുടെ ‘അമ്മ… അത് മരിച്ചു പോയില്ലേ . ശ്യാമ ചോദിച്ചു.. ഹേയ്.. ഇല്ല.. അവരവിടെ ഉണ്ട്. അവര് തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് അതാ.. വിമൽ പറഞ്ഞു.. കിച്ചു രാധികയെ നോക്കി. അവൻ അവരുടെ അടുത്തു ചെന്നു.. അവരുടെ മുഖം ഉയർത്തി.. സോറി അമ്മേ . ഇനി ഞാൻ പ്രോബ്ലം ഉണ്ടാക്കില്ല. ഞാൻ ഭദ്രയോട് സോറി പറഞ്ഞോളാം.. കിച്ചു പറഞ്ഞു.. രാധിക കണ്ണു തുടച്ചു.. മ്മ്.. അവർ മൂളി.. ഇപ്പൊ പ്രശ്നം കഴിഞ്ഞില്ലേ.. വിമൽ ചോദിച്ചു.. ഇതൊക്കെ നടന്നപ്പോ നീ എവിടായിരുന്നെടാ..

വിനയൻ വിമലിന്റെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു.. കൂടെ ഉണ്ടായിരുന്നു.. പക്ഷെ എന്റച്ചാ അടിയും തിരിച്ചടിയും ഒക്കെ അതി വേഗത്തിൽ ആയിരുന്നു. ഇടപെടാൻ പറ്റിയില്ല.. അതിനു മുൻപേ എല്ലാം കഴിഞ്ഞു.. വിമൽ നിഷ്കളങ്കമായി പറഞ്ഞു.. വിനയൻ തലയിൽ കൈവെച്ചു പോയി. ശ്യാമ കിച്ചുവിനെ നോക്കി ഇളം പുഞ്ചിരി നൽകി.. അവനും . സോറി ആന്റി.. അവൻ പറഞ്ഞു.. വേദനിച്ചോ നിനക്ക്.. ശ്യാമ ചോദിച്ചു.. ഹേയ്.. കിച്ചു പറഞ്ഞു. പോട്ടെ.. ശ്യാമ വാത്സല്യത്തോടെ അവനെ തഴുകി.. അവൻ പുഞ്ചിരിച്ചു.. വിനയനും വിമലും അത് നോക്കി നിന്നു.. *********

ആ മാഷിന് എന്തു പറ്റിയതാ.. കിച്ചു വിനയന് അടുത്തു വന്നു ചോദിച്ചു. അറിയില്ല നെഞ്ചു വേദന ആയിട്ട് ഇളയ കൊച്ചു ആശുപത്രിയിൽ കൊണ്ടുപോയി എന്നാ പറഞ്ഞത്.. അവിടെ ആ മൂത്ത കുട്ടിയെ ഉള്ളു. അതാശുപത്രിയിൽ പോയും ഇല്ല.. വിനയൻ പറഞ്ഞു.. അപ്പോഴേയ്ക്കും അടുത്ത വീട്ടിൽ കാറിന്റെ ശബ്ദം കേട്ടു.. കിച്ചുവും വിനയനും പുറത്തേയ്ക്ക് ഇറങ്ങി.. ആരെയോ പിടിച്ചുകൊണ്ട് ഒരാൾ അകത്തേയ്ക്ക് പോകുന്നത് അവർ കണ്ടു. തൊട്ടു പുറകെ ഡ്രൈവിംഗ് സീറ്റിൽ നിന്നു ഭദ്രയും ഇറങ്ങി.. വിനയൻ അവളെ നോക്കി.. നീണ്ട മുടി അഴിച്ചിട്ട് വെറുതെ ക്ലിപ് ചെയ്തു വെച്ചിട്ടുണ്ട്.. ഒരു തീ മഞ്ഞയിൽ പച്ച വർക്കുള്ള ചുരിദാറായിരുന്നു വേഷം.. കിച്ചുവും അവളെ നോക്കി .

അവൾ വേഗം ബാക്ക് സീറ്റിൽ നിന്നു എന്തോ എടുത്തുകൊണ്ട് അകത്തേയ്ക്ക് നടന്നു.. ജിഷ്ണു നമ്മുടെ കൂടെ വന്നതുകൊണ്ടാ.. അല്ലെങ്കിൽ അവളുടെ കൂടെ ഹോസ്പിറ്റലിൽ പോയേനെ അവൻ.. വിമൽ പുറത്തേയ്ക്ക് വന്നുകൊണ്ട് പറഞ്ഞു.. മ്മ്.. ഈ ജിഷ്ണു ഇവരുടെ ബന്ധുവാണോ.. വിനയൻ ചോദിച്ചു.. ഹേയ്. രാഘവൻ മാഷിന്റെ കൂട്ടുകാരനാണ് ശ്രീധരൻ മാഷ്.. ആ ബന്ധമാ. അച്ഛനേം അങ്കിളിനേം പോലെ.. വിമൽ പറഞ്ഞു.. കിച്ചുവും വിനയനും പുഞ്ചിരിച്ചു.. ഇനി ആ കൊച്ചുമായി ഉടക്കാൻ നിൽക്കേണ്ടാട്ടോ . വിട്ടേരെ.. രാധികയ്ക്ക് നിന്റെ കാര്യത്തിൽ എപ്പോഴും പേടിയാണ്.. വിനയൻ പറഞ്ഞു.. ഹേയ്.. അതല്ലേലും ഞാൻ വിട്ടു.. കിച്ചു പറഞ്ഞു . നന്നായി.. വിമലും പറഞ്ഞു.. അവർ പുഞ്ചിരിച്ചു.. **********

കിച്ചൂ.. കിച്ചൂ.. ശ്രീധരൻ മാഷിന്റെ വിളി കേട്ടാണ് കിച്ചുവും വിമലും പുറത്തേയ്ക്ക് വന്നത്.. മാഷോ.. കേറി വാ.. കിച്ചു മുണ്ടിന്റെ തുമ്പു കയ്യിലെടുത്തു പിടിച്ചുകൊണ്ട് പറഞ്ഞു. മാഷ് അവനെ നോക്കി.. നേവി ബ്ലൂ നിറത്തിലുള്ള ഒരു ഷർട്ടും മുണ്ടുമാണ് വേഷം. സന്ധ്യാ ദീപം കത്തിച്ചപ്പോൾ തൊട്ടതാകണം ഒരു ഭസ്മ കുറിയും നെറ്റിയിൽ ഉണ്ട്.. എവിടേയ്ക്കെങ്കിലും പോകാൻ നിൽക്കുകയാണോ കിച്ചു.. മാഷ് ചോദിച്ചു.. ഇല്ല മാഷേ.. ഞങ്ങൾ ഇവിടെ വെറുതെ നിൽക്കുകയായിരുന്നു.. കിച്ചു പറഞ്ഞു.. കേറി വാ മാഷേ. ഇരിക്ക്. കിച്ചു പറഞ്ഞു.. ഇല്ല കിച്ചൂ.. ഞാനൊരു കാര്യം പറയാൻ വന്നതാണ്.. മാഷ് പറഞ്ഞു..

ആഹാ. മാഷോ.. എന്താ പുറത്തു തന്നെ നിന്നത്. കേറി വാ . രാധിക പുറത്തേയ്ക്ക് വന്നു പറഞ്ഞു.. ഇല്ല. ഞാൻ രാഘവൻ മാഷേ കാണാൻ പോയതാണ്. മാഷിന് വയ്യാതെ ഇരിക്കുകയാണ്.. മാഷ് പറഞ്ഞു.. അറിഞ്ഞു.. രാവിലെ വിച്ചു മോള് പറഞ്ഞിരുന്നു.. രാധിക പറഞ്ഞു . മാഷിന് എങ്ങനുണ്ട് ഇപ്പൊ.. കിച്ചു ചോദിച്ചു.. എന്തു പറ്റിയതാ അദ്ദേഹത്തിന്.. വിമലും ചോദിച്ചു.. സുഖമില്ല.. രണ്ടു അറ്റാക്കൊക്കെ കഴിഞ്ഞതാണ്.. ഇന്നിപ്പോൾ ബി പി ഒന്നു കൂടിയതാണ്.. ചുമ്മാതെ ഇരുന്നു ടെൻഷൻ അടിച്ചാൽ എങ്ങനെ കൂടാതിരിക്കും.. മാഷ് പറഞ്ഞു.. കിച്ചു അദ്ദേഹത്തെ നോക്കി.. ഞാൻ വന്നത് കിച്ചുവിനോട് ഒരു കാര്യം പറയാനാണ്..

മാഷിന് കിച്ചുവിനെ ഒന്നു കാണണം എന്ന് പറഞ്ഞു.. തനിക്ക് സമയം കിട്ടുമ്പോൾ ഒന്നത്രടം ഇറങ്ങാൻ പറ്റുമൊന്ന് ചോദിച്ചു..തനിക്ക് വിരോധമില്ലെങ്കിൽ.. അദ്ദേഹം ഒരു പാവമാണ്.. മാഷ് ചോദിച്ചു.. അയ്യോ.. എനിക്ക് മാഷോട് ഒരു വിരോധവും ഇല്ല . ഞാൻ കാണാം.. ഇന്നിപ്പോ സന്ധ്യ ആയില്ലേ.. നാളെ പോകാം മാഷേ.. കിച്ചു പറഞ്ഞു..മാഷ് പുഞ്ചിരിച്ചു.. മ്മ്.. ഞാനും വരാം.. അല്ലെങ്കിൽ ജിഷ്ണുവിനെയും കൂട്ടിക്കോ.. മാഷ് പറഞ്ഞു.. അതിനെന്താ മാഷേ.. നാളെ പോകാം.. കിച്ചു പറഞ്ഞു. മ്മ്.. ഇറങ്ങട്ടെ.. രാത്രിയിൽ യാത്രയില്ലെന്നല്ലേ.. പോട്ടെ . മാഷ് പറഞ്ഞു.. ശെരി മാഷേ.. അവർ പറഞ്ഞു..

ഇതിപ്പോ എന്താ രാഘവൻ മാഷ്‌ക്ക് കിച്ചുവിനെ കാണാൻ ഒരു മോഹം.. മോള് തന്നതിന്റെ ബാക്കി തരാനാണോടാ. വിമൽ ശ്രീധരൻ മാഷിന്റെ പോക്കും നോക്കി നിന്നുകൊണ്ട് ചോദിച്ചു. കിച്ചു സംശയത്തോടെ അവനെ നോക്കി.. ഹേയ് മാഷ് പാവമാണെന്നാ തോന്നുന്നത്.. കിച്ചു പറഞ്ഞു.. ആ വിത്തിന്റെ പ്രൊഡ്യൂസർ അല്ലെ.. നീ ഒന്നു സൂക്ഷിച്ചോ.. വിമൽ പറഞ്ഞു.. പേടിപ്പിക്കാതെ പോടാ ചെറുക്കാ.. കിച്ചു പറഞ്ഞു.. നിനക്ക്.. പേടിയോ.. ഇതൊക്കെ എപ്പോ വിമൽ അത്ഭുതത്തോടെ ചോദിച്ചു.. അങ്ങേര് എന്നെ വല്ലോം ചെയ്യുമോ എന്നല്ല.. ആ കുരിപ്പ് അവിടെങ്ങാനും ഉണ്ടേൽ എന്നെ കണ്ട്രോൾ ചെയ്യുന്ന കാര്യം ഓർത്താണ് പേടി.. അതും പറഞ്ഞു അകത്തേയ്ക്ക് പോകുന്ന കിച്ചുവിനെ നോക്കി തലയിൽ കൈവെച്ചു വിമൽ നിന്നുപോയി…വരാൻ പോകുന്നത് എന്തെന്ന പേടിയിൽ രാധികയും….തുടരും..

സഹയാത്രികയ്ക്ക് സ്‌നേഹപൂർവം: ഭാഗം 12

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!