സ്‌നേഹതീരം: ഭാഗം 17

Share with your friends

എഴുത്തുകാരി: ശക്തികലജി

കുഞ്ഞുകൈയ്യിലെ തണുപ്പ് കവിളിൽ അറിഞ്ഞപ്പോഴാണ് ഞാൻ കണ്ണ് തുറന്ന് നോക്കുന്നത്…. ഞാൻ ചുറ്റും നോക്കി… വീടല്ല ആശുപത്രിയിൽ ആണെന്ന് മനസ്സിലായി.. അപ്പൂസ് എൻ്റെ അടുത്ത് കട്ടിലിൽ ഇരിക്കുന്നുണ്ട്… ഗിരിയേട്ടൻ അപ്പൂസിനെ ചേർത്ത് പിടിച്ചു കൊണ്ട് അരികിൽ നിൽക്കുന്നുണ്ട്… “ചാന്ദ്..മാ.. ” എന്ന് പറഞ്ഞ് കരയുന്നു.. ഞാൻ ഒരു ഞെട്ടലോടെ ഗിരിയേട്ടനെ നോക്കി… വേദനയ്ക്കിടയിലും ഒരു സന്തോഷം എന്നിൽ നിറഞ്ഞു… “ചന്ദ്ര ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞല്ലോ.. ഞാൻ വന്ന് പിടിച്ചില്ലാരുന്നേ മുകളീന്ന് ചാടിയേനെ…

അത് കണ്ട് മോൻ ഉറക്കെ കരഞ്ഞു വിളിച്ചു ‘… അപ്പോൾ തൊട്ട് ‘ചാന്ദ് മാ ‘എന്ന് പറഞ്ഞ് കരച്ചിലാണ്.. പിന്നെ തൻ്റെ കരണത്ത് ഒന്ന് തരേണ്ടി വന്നു… അപ്പോഴേക്ക് ബോധവും പോയി…” ഗിരിയേട്ടൻ പറയുമ്പോൾ ഞാൻ അപ്പൂസിനെ നോക്കി… കണ്ടാൽ അറിയാം നന്നായി പേടിച്ചിട്ടുണ്ട്.. കരഞ്ഞതിൻ്റെ അവശേഷിപ്പുകൾ അവൻ്റെ കവിളിൽ തെളിഞ്ഞ് കാണാം.. എനിക്ക് വേണ്ടി കരയാനുo ഈ ലോകത്തിൽ ഒരു കുഞ്ഞ് എന്നോർത്തപ്പോൾ മനസ്സിൽ തണുപ്പു പടർന്നു… വലത് കൈ കൊണ്ട് അപ്പൂസിനെ ചുറ്റിപിടിച്ചു നെഞ്ചോട് ചേർത്തു നെറുകയിൽ ചുണ്ടമർത്തിയപ്പോൾ കുഞ്ഞി കരങ്ങൾ അവളെയും ചുറ്റി പിടിച്ചു…. ❤❤❤❤❤

ഗിരി പുറത്തോട്ട് ഇറങ്ങി നിന്നു… ഇനിയും വേദനിപ്പിച്ചാൽ ആ മനസ്സ് കൈവിട്ട് പോകും എന്ന് ഡോക്ടർ പറഞ്ഞ വാക്കുകൾ അവൻ്റെ മനസ്സിൽ ഉയർന്നു കേട്ടു… അങ്ങനെയൊരിക്കലും സംഭവിക്കരുത്…. . ശിഖ ഇവിടെ നിന്നാൽ കൂടുതൽ വേദനിപ്പിക്കുകയേള്ളു….. ഉടനെ തന്നെ മടക്കി അയക്കണം.. ഗിരി ഫോൺ എടുത്ത് അമ്മയെ വിളിച്ചു ശിഖയ്ക്ക് കൊടുക്കാൻ പറഞ്ഞു… അമ്മ ശിഖയുടെ കൈയ്യിൽ ഫോൺ കൊടുത്തു.. ” ഞാൻ തിരികെ വരുമ്പോൾ നിന്നെ അവിടെ കണ്ടു പോകരുത്..” കണ്ടാൽ എനിക്ക് പോലീസിൽ പരാതി കൊടുക്കേണ്ടി വരും ” എന്ന് മാത്രം പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു..

ശിഖ അവിടെയുള്ളത് കൊണ്ടാണ് കുഞ്ഞിനെ അവിടെ നിർത്താതെ കൂടെ കൂട്ടിയത്.. തക്ക സമയത്ത് ദിനേശ് വന്നത് കൊണ്ട് ആ ഓട്ടോയിലാണ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്… ഇനി അവൾക്ക് തുണയായി ഒരു സുഹൃത്ത് ആയിട്ടെങ്കിലും അരികിൽ ഉണ്ടാകണം… ആദ്യമായി കണ്ട ദിവസം അവൻ്റെ മനസ്സിൽ തെളിഞ്ഞു വന്നു… ഓർമ്മകൾക്കൊപ്പം മനസ്സു സഞ്ചരിച്ച് തുടങ്ങി.. ആദ്യം കണ്ട ദിവസം തന്നെ നാടുമൊത്തം ഒരു വട്ടം കൂടി കറക്കിച്ച കുറുമ്പി പെണ്ണ്… കറങ്ങി തിരികെ അതേ വീട്ടിലേക്ക് വന്നപ്പോൾ കുറച്ച് ദേഷ്യം തോന്നി.. ആ ദേഷ്യത്തിലാണ് അവളുടെ അമ്മയോട് പറഞ്ഞതും..

അവളുടെ അമ്മ അവളെ വഴക്ക് പറഞ്ഞപ്പോൾ പറയേണ്ടിയിരുന്നില്ല എന്ന് തോന്നി… പിന്നീട് ഒരുപാട് പ്രാവശ്യം അവൾ അറിയാതെ കണ്ടു മടങ്ങി… ഇഷ്ട്ടം നേരിട്ട് പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഒരു ജോലി കിട്ടിയിട്ട് പറയാം എന്ന് കരുതി.. ഇഷ്ട്ടം പറഞ്ഞ് വെറുതെ പ്രണയിച്ച് നടക്കാൻ തോന്നിയില്ല… മനസ്സിലെ പ്രണയത്തെ പറയാതെ തന്നെ ദൂരെ നിന്ന് കണ്ട് മടങ്ങുന്നതും ഒരു രസമായി തോന്നി… ആ ഓർമ്മകളിലായിരുന്നു പിന്നീടുള്ള ജീവിതം… പഠിപ്പ് കഴിഞ്ഞ് ഒരു കമ്പനിയിൽ ജോലി കിട്ടിയപ്പോൾ ആദ്യം ഓടി ചെന്ന് ഇഷ്ട്ടം പറയണമെന്ന് ആഗ്രഹിച്ചെങ്കിലും മനസ്സിനെ സ്വയം നിയന്ത്രിച്ചു…

ഇഷ്ടം പറഞ്ഞിട്ട് നടക്കാതെ വന്നാൽ ആ വേദന തങ്ങാൻ പറ്റില്ല എന്ന് തോന്നി… ഓർമ്മ വച്ച നാൾ മുതൽ അച്ഛനുമമ്മയും പറയുന്നത് അനുസരിച്ചേ ജീവിച്ചിട്ടുള്ളു… ആദ്യമായി സ്വന്തം ഇഷ്ട്ടം അമ്മയോട് പറഞ്ഞപ്പോൾ അമ്മയ്ക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളു… പക്ഷേ അച്ഛൻ ചന്ദ്രയുടെ വീട്ടിൽ പോയി വിവാഹത്തിന് താൽപര്യമില്ല എന്ന് പറഞ്ഞാണ് പ്രതികരിച്ചത്.. അപ്പോഴാണ് അറിഞ്ഞത് ചന്ദ്രയുടെ അമ്മ എനിക്ക് വേണ്ടി അവളെ ആലോചിച്ചിരുന്നു എന്ന്… എനിക്ക് വിവാഹം കഴിക്കാൻ താൽപര്യമുണ്ട് എന്ന് പറയാൻ പോയ ദിവസം ചന്ദ്രയുടെ വിവാഹ നിശ്ചയമായിരുന്നു എന്നറിഞ്ഞ് പാതി വഴിയിൽ തിരികെ വന്നു..

ഒരുപക്ഷേ നേരിട്ട് ചെന്നിരുന്നെങ്കിൽ ഞാൻ കാരണം വിവാഹം മുടങ്ങിയെന്നറിഞ്ഞാൽ അച്ഛൻ്റെ പ്രതികരണമെന്താവും എന്ന് ഭയന്നു… വിവാഹത്തിന് എല്ലാവരെയും പോലെ ഞാനും പോയി… മനസ്സിലെ പ്രണയം അവിടെ തന്നെ കുഴിച്ച് മൂടി….അകലെ നിന്ന് തന്നെ കണ്ടു മടങ്ങി.. പിന്നെ കുറെ കാലം വെറുതെ ജീവിച്ചു… ആരോടും മിണ്ടാതെ മുറിയിൽ ഒതുങ്ങി.. പിന്നീടറിഞ്ഞു പെൺക്കുഞ്ഞ് പിറന്നുന്ന്… അവൾ സന്തോഷമായി ജീവിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ നഷ്ടപ്പെടലിൻ്റെ വേദന ഇല്ലാതാക്കാൻ ശ്രമിച്ചു… അച്ഛൻ എനിക്ക് വേണ്ടി പഠിച്ച യോജിച്ച പെണ്ണിനെ കണ്ടെത്തി…

വിവാഹം കഴിഞ്ഞ് ശ്വേതയുമായി പൊരുത്തപ്പെട്ടു ജീവിച്ചു തുടങ്ങി… എങ്കിലും ആദ്യ പ്രണയം ഹൃദയത്തിനുള്ളിൽ ഒരു കോണിൽ ഭദ്രമായി തന്നെയിരുന്നു… മോൻ പിറന്ന് കഴിഞ്ഞാണ് ശ്വേത ഗവൺമെൻ്റ് സർവീസിൽ കയറുന്നത്… ആദ്യമൊക്കെ ചെറിയ അകൽച്ച തോന്നിയെങ്കിലും ജോലി തിരക്ക് കൊണ്ടാവും എന്ന് കരുതി… അവളുടെ അമ്മാവൻ്റെ വീട്ടിലേക്ക് ഇടയ്ക്കിടെ പോകുന്നതറിഞ്ഞു… പല സ്ഥലങ്ങളിലും അമ്മാവൻ്റെ മക്കൾ ദീപേഷിനെയും ദിവ്യയെയും അവളുടെയൊപ്പം കണ്ടു… ദിവ്യയും ഒപ്പമുണ്ടായിരുന്നത് കൊണ്ട് സംശയം തോന്നിയതുമില്ല.. ഒരു ദിവ്യയുടെയൊപ്പം ഉള്ള ചെറുപ്പക്കാരനെ കണ്ട് ഞെട്ടി…

അത് ചന്ദ്രയുടെ ഭർത്താവ് ശരത്ത് ആയിരുന്നു.. അത് ചോദ്യം ചെയ്തപ്പോൾ ആദ്യം സ്വന്തം ഭാര്യയെ നിലയ്ക്ക് നിർത്താനാണ് ദിവ്യ പറഞ്ഞത്.. അവളുടെ സഹോദരനുമായി ശ്വേതയ്ക്ക് അരുതാത്ത ബന്ധമുണ്ടെന്നും പറഞ്ഞു… വീട്ടിൽ വന്ന് ശ്വേതയോട് ചോദിച്ചപ്പോൾ അത് വല്യ ഒരു വഴക്കായി… അന്നാണ് അച്ഛൻ മരിച്ചത്… മകൻ്റെ ജീവിതം തകർന്നു പോകുന്നത് കണ്ട് ആ അച്ഛൻ്റെ ഹൃദയതാളം നിലച്ച് പോയതാണ്…. ” എനിക്ക് തെറ്റ് പറ്റി പോയി… തിരുത്താൻ പറ്റിയില്ല.. നീ തിരുത്തണം ” എന്ന് അച്ഛൻ അവസാനമായി പറഞ്ഞ വാക്ക് മാത്രം ഹൃദയത്തിൽ പല പ്രാവശ്യം ഉരുവിട്ടു കൊണ്ടിരുന്നു…….

ചടങ്ങുകൾ എല്ലാം കഴിയും മുന്നേ കുഞ്ഞിനെ പോലും നോക്കാതെ അവൾ പോയി… എല്ലാം കൊണ്ടും തകർന്ന അവസ്ഥയിലായി… അമ്മയ്ക്ക് അസുഖം കൂടി…. കുഞ്ഞിനെ ചേട്ടൻ്റെ വീട്ടിലാക്കിയിട്ടാണ് ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരുന്നത്… സ്വത്ത് വിറ്റ് അമ്മയെ ചികിത്സിച്ചു… അതും ശ്വേതയ്ക്ക് ഇഷ്ട്ടപ്പെട്ടില്ല.. ഇടയ്ക്ക് മോനെ വന്ന് അവൾ കൊണ്ടുപോയി. എങ്കിലും അമ്മയുടെ വാക്ക് കേട്ട് വീണ്ടും അവളുടെ അടുത്തേക്ക് ചെന്നപ്പോൾ തന്നത് ഡിവോഴ്സ് നോട്ടീസാണ്.. ഒന്നും മിണ്ടാതെ അതിൽ ഒപ്പിട്ടു കൊടുത്തു.. കുഞ്ഞിനെ ഇടയ്ക്ക് കാണാൻ ചെല്ലുമായിരുന്നു…

അവളുടെ വിവാഹം അമ്മാവൻ്റെ മകനുമായി കഴിഞ്ഞതിൽ പിന്നേ പോയിട്ടില്ല… തകർന്ന് പോയപ്പോഴോക്കെ അമ്മയാണ് കൂടെ നിന്നത്… തുടർച്ചയായി അവധിയെടുത്തത് കൊണ്ട് ജോലിയും നഷ്ട്ടപ്പെട്ടിരുന്നു… ഒന്നിനും പോകാതെ വീട്ടിൽ തന്നെയിരുന്നപ്പോൾ ഏട്ടനും എട്ടത്തിയമ്മയും നീരസം പ്രകടിപ്പിച്ച് തുടങ്ങിയപ്പോഴാണ് പി എ സി കോച്ചിംഗ് സെൻ്ററിൽ പഠിപ്പിക്കാൻ ആളെ വേണമെന്ന് കൂട്ടുകാരൻ പറയുന്നത്.. വരുമാനം കുറവാണെങ്കിലും അവിടെ ജോലിക്ക് പോയി തുടങ്ങി… പിന്നീട് ഒരു ദിവസം പോലീസ് ശ്വേതയുടെ വിവരങ്ങൾ അറിയാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴാണ് ചന്ദ്രയുടെ അവസ്ഥ അറിഞ്ഞത്…

അത് കേട്ട് അമ്മയ്ക്ക് വീണ്ടും സുഖമില്ലാതായി….. ശ്വേതയാണ് ദിവ്യയുടെ കൈയ്യിൽ വിഷം വാങ്ങിക്കൊടുത്തതെന്ന് പോലീസിൽ നിന്നറിഞ്ഞത് മുതൽ അവളെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു…… രണ്ട്ദിവസം കഴിഞ്ഞ് വിധു വിളിച്ചു ചന്ദ്ര വീട് വിട്ടിറങ്ങി പോയി എന്ന് പറഞ്ഞു അന്വഷിക്കാൻ… താൻ ചെന്ന് വിളിച്ചാൽ ചന്ദ്ര വരില്ലെന്ന് അറിയാമായിരുന്നത് കൊണ്ട് കൂട്ടുകാരൻ്റെ അമ്മ ജാനകിയമ്മയും കൂട്ടി പലയിടത്തും അന്വഷിച്ചു… അവസാനം ഒരു റെയിൽവേ സ്‌റ്റേഷനിൽ എല്ലാം തകർന്ന അവസ്ഥയിൽ ഇരിക്കുന്നത് കണ്ടു..

ചന്ദ്രയെ ശ്രദ്ധിക്കാനും ഒപ്പം ജോലി ചെയ്യുന്ന ഹോസ്റ്റലിലേക്ക് വിളിച്ച് കൊണ്ട് പോകാനും പറഞ്ഞേൽപ്പിച്ചു… ജാനകിയമ്മ ഹോസ്റ്റലിൽ ചെന്നിട്ട് ചന്ദ്രയേയും കൂട്ടി ചെന്നു എന്നറിഞ്ഞപ്പോഴാണ് സമാധാനമായത്…. പിന്നീട് കാര്യങ്ങൾ ജാനകിയമ്മയോട് വിളിച്ച് തിരക്കിയിരുന്നു… പോലീസ് ശ്വേതയുടെ വീട്ടിൽ അന്വഷണത്തിന് ചെന്ന ദിവസം അവൾ തൂങ്ങി മരിച്ചു…. മരണത്തിന് പോലും പോകാൻ തോന്നില്ല.. മനസ്സ് കൊണ്ട് അത്രയ്ക്ക് വെറുത്ത് പോയിരുന്നു..

കുഞ്ഞിന് ചിലവിനുള്ളത് മുടങ്ങാതെ അയച്ചുകൊടുക്കും.. കുറച്ച് നാളത്തെ കഷ്ട്ടപ്പാടുനൊടുവിൽ ജോലി കിട്ടി… ജോലി കിട്ടിയ ശേഷം ആ വീട്ടിൽ നിന്ന് അമ്മയേയും കൂട്ടിയിറങ്ങി… ആദ്യം വേറെ സ്ഥലത്തായിരുന്നു നിയമനം.. ചന്ദ്രയുടെ നാട്ടിലേക്ക് സ്ഥലമാറ്റം വാങ്ങി വരുമ്പോൾ എന്നെങ്കിലും വരാതിരിക്കില്ല എന്ന വിശ്വാസമുണ്ടായിരുന്നു… അവളുടെ അച്ഛൻ്റെ മരണത്തിന് ചന്ദ്ര നാട്ടിൽ വന്ന ശേഷം വിധുവിനോട് സംസാരിച്ചിരുന്നു എൻ്റെ കുഞ്ഞിൻ്റെ അമ്മയായി അവളെ എനിക്ക് തരുമോന്ന്.. അവൾക്ക് സമ്മതമാണെങ്കിൽ കൂടെ കൂട്ടിക്കോ എന്നാണ് വിധു പറഞ്ഞത്… അവൾടെ മനസ്സിനേറ്റ മുറിവ് വളരെ ആഴത്തിലുള്ളതാണ്…

ആ മുറിവിന് മരുന്നായി മാറാൻ തനിക്കൊരിക്കലും പറ്റില്ല എന്നറിയാമായിരുന്നിട്ടും അമ്മയേയും കൂട്ടി അവൾക്കൊപ്പം വാടകക്കാരനായി താമസം തുടങ്ങി.. ഒപ്പം അവൾക്കൊരു കാവൽക്കാരനുമായി… പതിയെ അവളിലെ മാറ്റം കണ്ട് മനസ്സിൽ സന്തോഷിച്ചു.. അവളുടെ കരുതൽ സ്നേഹം എല്ലാം തൻ്റെ കുഞ്ഞിനും കിട്ടണമെന്ന് ആഗ്രഹിച്ചു.. ശ്വേതയുടെ വീട്ടിലേക്ക് വിളിച്ചറിയിച്ചിട്ടും കുഞ്ഞിനെ തിരികെ തരാത്തത് കൊണ്ടാണ് കേസ് കൊടുത്തത്… കേസ് കൊടുത്ത ഉടനെ പുതിയ കുരുട്ടു ബുദ്ധിയുമായാണ് കുഞ്ഞിനേയും കൂട്ടി അവളുടെ വീട്ടുകാർ വന്നത്.. എല്ലാമറിഞ്ഞ ശിഖ ഒന്നുമറിയാത്തത് പോലെ പെരുമാറുന്നത് കണ്ടപ്പോൾ സത്യത്തിൽ ചിരിയാണ് വന്നത്….

ഏത് വരെ പോകും എന്നറിയാനാണ് പ്രതികരിക്കാതെയിരുന്നത്.. പക്ഷേ ചന്ദ്രയെ ഇത്രത്തോളം തളർത്തി കളയും എന്ന് കരുതിയില്ല… ഡ്രിപ്പ് തീർന്ന ഉടനെ ഉടനെ വീട്ടിലേക്ക് പോകാം എന്ന് ഡോക്ടർ പറഞ്ഞിരുന്നു.. ഗിരി തിരിച്ച് മുറിയിലേക്ക് കയറി നോക്കുമ്പോൾ അപ്പൂസ് ചന്ദ്രയുടെ നെഞ്ചിൽ തല ചായ്ച്ച് ഉറങ്ങിയിരുന്നു… അവനാ കാഴ്ച നോക്കിയിരുന്നു.. അവൻ്റെ കുഞ്ഞു ശരീരത്ത് നഖത്തിൻ്റെ പാടുകൾ അങ്ങിങ്ങ് തെളിഞ്ഞു കിടന്നിരുന്നു.. പാവം കുഞ്ഞിനെ ശിഖയും വീട്ടുകാരും ഉപദ്രവിച്ചിട്ടുണ്ടാകും..

നേരത്തെ അവനെ കൂടെ കൂട്ടാത്തതിൽ കുറ്റബോധം തോന്നുന്നു… ശിഖയെ കാണുമ്പോൾ ആ കുഞ്ഞു മുഖത്ത് പ്രകടമാകുന്ന ഭയം കണ്ടതാണ്.. പക്ഷേ ചന്ദ്രയുടെ അടുത്തെത്തുമ്പോൾ അവൻ്റെ കുഞ്ഞു മുഖം സ്നേഹത്താൽ നിറയും… ചന്ദ്രയ്ക്ക് ഇപ്പോൾ ഒരു കുഞ്ഞിൻ്റെ സ്നേഹമാണ് ആവശ്യം.. അപ്പൂസിന് ഒരമ്മയുടെ വാത്സല്യവും… അവർ അവരുടെ ലോകത്ത് ജീവിക്കട്ടെ… അവൻ അവരെ നോക്കി കസേരയിൽ ചാരിയിരുന്നു… ❤❤❤❤❤❤❤❤❤❤❤.❤❤❤ നഴ്സ് വന്ന് വിളിച്ചപ്പോഴാണ് ചന്ദ്ര കണ്ണ് തുറന്ന് നോക്കുന്നത്.. അപ്പൂസ് തൻ്റെ മാറിൽ കിടന്നുറങ്ങുന്നത് കണ്ടപ്പോൾ അവളുടെ മിഴികളിൽ വാത്സല്യം നിറഞ്ഞു… ” ക്ഷീണമൊക്കെ മാറിയോ.. കുഞ്ഞ് വല്ലാതെ ഭയന്നൂന്ന് തോന്നുന്നു… ”

തന്നെ ഇവിടെ കൊണ്ടുവന്നപ്പോൾ കുഞ്ഞു കെട്ടിപിടിച്ച് കരച്ചിലായിരുന്നു… ” നഴ്സ് പറഞ്ഞപ്പോൾ അവൾ പുഞ്ചിരിയോടെ ഒന്നൂടി അപ്പൂസിനെ ചേർത്തു പിടിച്ചു…. “എന്തോ ഒന്നും ഓർമ്മയില്ല” ചന്ദ്ര മറുപടി പറഞ്ഞു.. ” ഉം… വീട്ടിൽ ചെന്ന് ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ മനസ്സിലുള്ള വിഷമങ്ങളും മറന്നേക്കണം… ഇപ്പോൾ പോയ്ക്കോളു ” നഴ്സ് പറഞ്ഞിട്ട് പോയി… ഗിരിയേട്ടൻ കുഞ്ഞിനെ എടുത്തു തോളിൽ കിടത്തി… “വാ എൻ്റെ കൈ പിടിച്ച് എഴുന്നേൽക്ക്.. ചിലപ്പോ തലകറങ്ങിയാലോ… ചെറിയ പ്രഷർ ഉണ്ടെന്നാ ഡോക്ടർ പറഞ്ഞത് ” എന്ന് പറഞ്ഞ് ഗിരിയേട്ടൻ കൈ എൻ്റെ നേരെ നീട്ടി..

എനിക്ക് മടി തോന്നി… കട്ടിലിൻ്റെ വശത്ത് പിടിച്ച് എഴുന്നേൽക്കാൻ നോക്കിയെങ്കിലും പറ്റുന്നില്ലായിരുന്നു… വേറെ വഴിയില്ലാതെ ഞാൻ ആ കൈ പിടിച്ച് എഴുന്നേറ്റു… മുറിയിൽ നിന്നും ഇറങ്ങുമ്പോഴും എൻ്റെ കൈ ഗിരിയേട്ടൻ മുറുകെ പിടിച്ചിരുന്നു.. താഴെ വീഴുമോ എന്ന ഭയം ഉള്ളതുകൊണ്ടും ഞാനും ആ കൈയ്യിൽ മുറുകെ പിടിച്ചു കൊണ്ട് മുൻപോട്ടു നടന്നു…… വീട്ടിൽ എത്തിയപ്പോൾ അറിഞ്ഞു ശിഖ അപ്പോൾ തന്നെ മടങ്ങിയെന്ന്… അതറിഞ്ഞിപ്പോൾ സമാധാനം തോന്നി… അപ്പൂസിനെ ഉണർത്തി അമ്മ ആഹാരം കൊടുക്കുമ്പോഴും എൻ്റെ അരികിൽ നിന്നും മാറിയതേയില്ല… “ചാന്ദ് മാ” എന്ന വിളി മനസ്സിൽ സന്തോഷം തോന്നി…..

“ഗിരിയേട്ടാ അപ്പൂസിനെ ഡോക്ടറിനെ കാണിക്കണം” അവൻ എന്നെ വിളിക്കുന്ന സ്ഥിതിക്ക് ഉറപ്പായും സംസാരിക്കും” എന്ന് ഞാൻ പറഞ്ഞു.. ” ഞാനും വിചാരിച്ചിരുന്നു ഡോക്ടറിനെ കാണിക്കണം എന്ന് … പക്ഷേ ഇനി അതിൻ്റെ ആവശ്യം ഇല്ല… ചന്ദ്രയുടെ സാമിപ്യം മതി…കുറച്ച് സമയം കൊടുത്താൽ മതി… അവൻ പതിയെ സംസാരിച്ചോളും…. ” എന്ന് ഗിരിയേട്ടൻ പറഞ്ഞു… രാത്രി കുറച്ച് കഞ്ഞി അമ്മ വച്ചിരുന്നു… കഞ്ഞി കുടിക്കുമ്പോൾ വലത് ഭാഗത്തെ കവിളും ഒരു പല്ലിനും വേദനയുണ്ടായിരുന്നു… ” വേദനയുണ്ടോ മോളെ… അവൻ വേറെ വഴിയില്ലാത്തത് കൊണ്ടാണ് തല്ലിയത്…

അല്ലെങ്കിൽ ചന്ദ്ര മുകളിലത്തെ നിലയിൽ നിന്ന് ചാടിയേനെ…. മനസ്സ് കൈവിട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കണം… ചന്ദ്രയ്ക്ക് ആരുമില്ലാന്ന് വിചാരിക്കരുത്… ഞങ്ങൾ ഉണ്ട് കൂടെ… ” ഗിരിയേട്ടൻ്റെ അമ്മ പറയുമ്പോൾ എൻ്റെ കണ്ണു നിറഞ്ഞു… ഗിരിയേട്ടൻ മോനെ രാത്രി ഉറക്കാൻ കൊണ്ടു പോയെങ്കിലും അവൻ വാശി പിടിച്ച് കരയുന്നുണ്ടായിരുന്നു… ….അവസാനം എൻ്റെ മുറിയിൽ തന്നെ കൊണ്ടുവന്നു… എൻ്റെ അടുത്തെത്തിയതും ചാടി കട്ടിലിൽ കയറി കിടന്നു… അവൻ ഗിരിയേട്ടൻ്റെ കൈയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു..

ഗിരിയേട്ടൻ മുട്ടുകുത്തിയിരുന്നു.. ഞാൻ ഒന്നൂടി ഒതുങ്ങി കിടന്നു…. അപ്പൂസ് ഞങ്ങളുടെ രണ്ടു പേരുടെയും കൈ അവൻ്റെ കുഞ്ഞികൈ കൊണ്ടു പൊതിഞ്ഞ് പിടിക്കാൻ ശ്രമിക്കുന്നുണ്ട്…. “ചന്ദ്ര ഉറങ്ങിക്കോ നല്ല ക്ഷീണമുണ്ടാവും….. മോൻ ഉറങ്ങിക്കോളും ” എന്ന് ഗിരിയേട്ടൻ പറഞ്ഞപ്പോൾ ഞാൻ കണ്ണടച്ചു കിടന്നു… ഗിരിയേട്ടൻ്റെ താരാട്ട് പാട്ടിൻ്റെ ഇണത്തിൽ മിഴികളിൽ നിദ്ര പുൽകിയത് പോലുമറിഞ്ഞില്ല……..തുടരും

സ്‌നേഹതീരം: ഭാഗം 16

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!