അദിതി : ഭാഗം 9

അദിതി : ഭാഗം 9

എഴുത്തുകാരി: അപർണ കൃഷ്ണ

എന്താണെന്നു വേർതിരിച്ചറിയാൻ കഴിയാത്ത ഒരു വികാരമായിരുന്നു അന്ന് മുഴുവൻ എന്നെ ഭരിച്ചത്. ഒരുപക്ഷെ കുറെയേറെ കുസൃതികൾ കാട്ടണം ഒരുപാടു സന്തോഷത്തോടെ ഇരിക്കണം, ജീവിതത്തിൽ പിന്നെ എപ്പോഴെങ്കിലും ഒരിക്കൽ, മറ്റേതെങ്കിലും ഒരു വർഷത്തിൽ ഈ ദിവസം സന്തോഷത്തോടെ മാത്രം ഓർക്കപ്പെടണം എന്ന നിശ്ചയത്തോടെ ആണ് ഞാൻ കോളേജിലേക്ക് വന്നത്. എന്നാൽ കാരണം എന്തെന്നറിയാതെ അദിതിയുടെ കണ്ണുനീരിനും അതോടൊപ്പം അവളുടെ കുസൃതി നിറഞ്ഞ പുഞ്ചിരിക്കും സാക്ഷി ആയ ദിവസം… സങ്കടമല്ല, മറിച്ചു എന്തെന്നറിയാത്ത ഒരു വികാരം ആണെന്നെ ഭരിക്കുന്നത്.

ഇടം നെഞ്ചിൽ ഇപ്പോളും അവളുടെ കൈ ചേർത്ത് പിടിച്ചിരിക്കുന്നത് പോലെ, നെറ്റിയിൽ ആ ചുംബനത്തിന്റെ കുളിർമ ഇനിയും മായാത്തതു പോലെ! ക്ലാസ്സിലിരിക്കാൻ കഴിയില്ല എന്നെനിക്കു ഉറപ്പായിരുന്നു, മനസ് കൈ പിടിയിൽ ഇല്ല. മറ്റാർക്കും മുഖം കൊടുത്തതുമില്ല, നേരെ പോയി ലൈബ്രറിയിൽ ഒരു ഒഴിഞ്ഞ കോണിൽ ഇടം പിടിച്ചു. കൂടെ ജെയിൻ ഓസ്റ്റിന്റെ “പ്രൈഡ് ആൻഡ് പ്രെജുഡീസ്” എന്തോ എനിക്ക് എത്ര വായിച്ചാലും മതിയാകാത്ത ഒരു പുസ്തകമാണ് അത്. ലോകത്തിൽ നിന്നും ഒളിച്ചോടി തനിച്ചിരിക്കാൻ തോന്നുമ്പോൾ ഞാൻ ആദ്യം തിരഞ്ഞെടുക്കുന്നത് പുസ്തകങ്ങൾ ആണ്. ഇന്നും അത് പോലെ തന്നെ. ഫോണും ഓഫ് ചെയ്ത് ഞാൻ വായനയിലേക്ക്, എലിസബത്തിന്റെയും ഡാർസിയുടെയും ജീവിതത്തിലേക്ക് ചേക്കേറി.

ഉച്ചയായപ്പോൾ അവിടന്ന് ചാടി നേരെ പബ്ലിക് ലൈബ്രറിയിലേക്ക് വച്ച് പിടിച്ചു. തലവേദന എന്ന് പറഞ്ഞതു കൊണ്ട് തോമസ് സർ പൊയ്ക്കോളാൻ അനുവാദം തന്നു. ക്ലാസ്സിൽ പോകാതെ ഞാൻ നേരെ മുങ്ങി. എന്തോ അദിതിയെ എനിക്കിനി ഇന്ന് കാണാൻ വയ്യ. അത് കൊണ്ട് എന്റെ പ്രിയ സുഹൃത്തുക്കളായ പുസ്തകങ്ങളോട് കൂട്ട് പിടിക്കാം എന്ന് കരുതി. വൈകുന്നേരം വീട്ടിൽ എത്തിയതും അവിടെ നമ്മട പീക്കിരികൾ ഹാജർ ആയിരുന്നു. എല്ലാരുടേം മുഖത്തിൽ ദേഷ്യം നിറഞ്ഞു നിൽപ്പുണ്ട്. എനിക്ക് സംസാരിക്കാൻ ഒരു അവസരം തരാതെ എല്ലാരും കൂടെ വഴക്കു പറയുകയാണ്. എന്നെ കോളേജിൽ കാണാതെ വീട്ടിൽ വിളിച്ചപ്പോൾ രാവിലെ പോയി എന്ന് കേട്ട് ടെൻഷൻ ആയി, എല്ലായിടവും തിരഞ്ഞു കാണാഞ്ഞിട്ട് വീട്ടിലേക്കു വച്ച് പിടിച്ചതാണ്.

തലക്കിട്ടു കോട്ടും നല്ല പിച്ചും ഒക്കെ ആയി പീക്കിരികൾ എന്നെ കൈകാര്യം ചെയ്യുന്നത്, ഒരു ചിരിയോടെ കണ്ടിരിക്കുവാണ് അമ്മക്കൊച്ചും തന്തപ്പടിയും. “അയ്യോ എന്നെ കൊല്ലല്ലേ….. ഞാൻ ലൈബ്രറിയിൽ ഉണ്ടാരുന്നു….. ലേലു അല്ലു ലേലു അല്ലു…” ഇങ്ങനെ കുറേമാത്രം നിലവിളിച്ചിട്ടാണ് അവന്മാര് എന്നെ വെറുതെ വിട്ടത്. ഞാൻ പതിയെ അമ്മയെ നോക്കി, കർത്താവെ ഇനി കലിപ്പ് മൂഡ് എങ്ങാനും ഓണ് ആയാൽ എന്റെ ഇന്നത്തെ വീഞ്ഞടി വെള്ളത്തിൽ ആയതു തന്നെ. ബട്ട് അവിടെ മൊത്തം ചിരിയാണ്. സ്വന്തം മോളെ ഈ കാപാലികന്മാര് നുള്ളി പറിക്കുന്ന കണ്ടു ചിരിച്ചു രസിക്കുവാണ്. എന്തായാലും എനിക്ക് വേണ്ടി ഉണ്ടാക്കിയ സ്പെഷ്യൽ ചിക്കൻ ബിരിയാണിയും കേക്കും ഒക്കെ കഴിച്ചു സന്തോഷത്തോടെ ആണ് അവര് യാത്ര പറഞ്ഞത്.

“എന്നാലും എന്റെ അലോഷി ആരോടും പറയാതെ, ഫോണും ഓഫ് ചെയ്ത് ഇനി ഒരിടത്തും പോയി ഇങ്ങനെ ഇരുന്നു കളയല്ലേ, ഞങ്ങൾ എല്ലാരും പേടിച്ചു പോയി… പാവം ഞങ്ങളുടെ ഒപ്പം ഡേവിച്ചനും എന്തോരം ടെൻഷൻ അടിച്ചാണ് നിന്നെ തേടി നടന്നേ എന്ന് അറിയാമോ, അവസാനം ഞങ്ങൾ ടെൻഷൻ അടിച്ചു നടക്കണ കണ്ട ലൈബ്രറേറിയൻ ആണ് നീ ഉച്ചവരെ അവിടെ ഉണ്ടാരുന്നു എന്ന് പറഞ്ഞത്. ” കണ്ണും നിറച്ചു കൊണ്ടാണ് സുബു ഇത് പറഞ്ഞത്. എന്റെ അടുത്ത് മിക്കവാറും അടിവച്ചു നടപ്പാണെലും സുബിനു കുറച്ചു സ്നേഹം കൂടുതൽ ആണ്, അവനും എന്നെ പോലെ ഒറ്റ കുട്ടി ആയതു കൊണ്ടാകും. ശ്ശെടാ ഡേവിച്ചനും എന്നെ തപ്പി നടന്നോ?

ഇവന്മാരോട് ഡീറ്റൈൽ ആയി ഒന്നും ചോദിക്കാന് പറ്റത്തും ഇല്ല. കാശു കൊടുത്തു കടിക്കണ പട്ടിയെ വാങ്ങുന്ന പോലെ ആകും. എന്തായാലും വിട്ട് കളയാൻ മനസ് വരുന്നില്ല, “ഓഹ് നിങ്ങൾ എല്ലാം കൂടെ എന്നെ കാണാൻ ഇല്ലന്നു കോളേജ് മൊത്തം അറിയിച്ചോ” “ഹം ഞങ്ങൾ അറിയിക്കുമാർന്നു, എന്നാൽ ഡേവിച്ചനാ, അതൊന്നും വേണ്ടാന്ന് പറഞ്ഞെ, പിന്നെ ഉച്ചക്ക് പോയി ന്നുപറഞ്ഞു സെക്യൂരിറ്റി അറിഞ്ഞപ്പോൾ, ഞങ്ങൾ എല്ലാം നേരെ ഇങ്ങോട്ടു പോന്നു” വിനു ആണ് പറഞ്ഞത്. ആഹ്ഹ അപ്പോൾ സ്നേഹം ഉണ്ട് എന്തായാലും, കാണാതെ ഇരുന്നാൽ അനേഷിക്കുമല്ലോ. എന്റെ മുഖത്തു അറിയാതെ ഒരു പുഞ്ചിരി പടർന്നു, അത് സേവിയുടെ കണ്ണുകൾ കണ്ടു പിടിക്കുകയും ചെയ്തു.

അവൻ കണ്ണുകൾ കൊണ്ട് മറ്റുള്ളവർക്ക് ആംഗ്യം കാണിച്ചു. പിന്നെ പതിയെ അപ്പയും അമ്മയും കേൾക്കാതെ എന്നെ വാരൽ ആയിരുന്നു അവിടെ പരിപാടി. അവർ പറയുന്നതൊന്നും മനസിലാകാത്ത പോലെ ഞാൻ മിണ്ടാതിരുന്നു. വല്ലതും പ്രതികരിച്ചാൽ പിന്നെ അതിൽ പിടിച്ചു കേറിക്കോളും വെറുതെ എന്തിനാ വടി കൊടുത്തു അടി മേടിക്കുന്നത്. എന്നാലും ഈ ഡേവിച്ചൻ എന്ത് ഉദ്ദേശിച്ചാണ് നടക്കുന്നത്….. അവർ ഒക്കെ വിട പറഞ്ഞു പോയി. രാത്രി ഞങ്ങൾ അപ്പനും അമ്മേം മോളും കൂടെ ഇരുന്നപ്പോളും അവർ തന്നെ ആയിരുന്നു ഞങ്ങളുടെ വിഷയം. അല്ലലേ ‘അമ്മ അവരെ ഏതാണ്ട് ദെത്തെടുത്ത പോലെ ആയിരുന്നു. എന്നെ കാണാഞ്ഞപ്പോൾ അവർ അനുഭവിച്ച ടെൻഷനും, വഴക്കു പറഞ്ഞതും ഒക്കെ അമ്മയുടെ മനസ്സിൽ മായാതെ കിടപ്പുണ്ട്.

അവര് ഉള്ളത് കൊണ്ട് സമാധാനത്തോടെ ഇരിക്കാം എന്ന് വരെ പറഞ്ഞു കളഞ്ഞു. അപ്പക്ക് പിന്നെ അറിയാം കോളേജിൽ ചെന്ന പാടെ എന്നെ ഏറ്റെടുത്ത പാർട്ടികൾ ആണ് അവർ എന്ന്. എന്തായാലും ഒറ്റത്തടിയായി വളർന്ന എനിക്ക് കിട്ടിയ സഹോദരന്മാര് ഒട്ടും മോശമായില്ല. എപ്പോഴും അവർ എന്റെ കൂടെപ്പിറപ്പുകളായി ഉണ്ടായിരിക്കണം എന്നാണ് എന്റെ ആഗ്രഹം. നല്ല മുന്തിരി വൈൻ, ഒരു വർഷത്തോളം പഴക്കം ഉണ്ടായിരിക്കുന്നു. ഞാൻ കുറച്ചൊന്നുമല്ല കുടിച്ചത്, ആദ്യം ‘അമ്മ ഇത്രയും കുടിക്കല്ലേ എന്നൊക്കെ പറഞ്ഞെങ്കിലും ലേശം ഉള്ളിൽ ചെന്നതോടെ അമ്മയും നല്ല ഫോമിൽ ആയി. വൈനിന്റെ മാത്രമല്ല, സ്നേഹം കൊണ്ടുള്ള ഒരു ലഹരി കുടി ഞങ്ങളെ ചുറ്റി നിന്നു.

ഒരുപക്ഷെ അമ്മയുടെ കണ്ണുകൾ മഴപെയ്യിക്കുമായിരുന്ന ഒരു ദിവസം സന്തോഷത്തോടെ കടന്നു പോകാൻ എന്റെ പീക്കിരികളും ഒരു വല്യ കാരണം ആയിരുന്നു. പിന്നെ പതിയെ കെട്ടിയോനും കെട്ടിയോളും എന്നെ മറന്നു, രണ്ടും നല്ല റൊമാന്റിക് മൂഡിൽ ആണ്. എങ്ങനെ ആകാതിരിക്കും. ടെറസിന്റെ മുകളിൽ തീ കൂട്ടി അതിന്റെ വെളിച്ചവും, ആകാശത്തിൽ പൂര്ണചന്ദ്രനും നക്ഷത്രങ്ങളും ഉള്ളിൽ വീഞ്ഞിന്റെ ലഹരിയും ഒക്കെ ആയി. ഒരു അടാർ സെറ്റപ്പിൽ ആണ്. പോരാത്തേന് അമ്മേടെ പാട്ടും. ” ഗുൻജി സി ഹൈ സാരി ഫിസ ജെസെ ബജ് തി ഹൈ ഷെഹനായിയാ……..” അവര് രണ്ടും കണ്ണിൽകണ്ണിൽ നോക്കി പാട്ടും പാടി ഇരിക്കുന്നത്, നോക്കി ഇരിക്കെ എനിക്ക് സന്തോഷമോ, സ്നേഹമോ എന്തൊക്കെയോ തോന്നി ഒപ്പം എന്നെ നോക്കുന്ന പീലി നിറഞ്ഞ വിടർന്ന രണ്ടു ചെമ്പൻ മിഴികൾ ഓർമ വന്നു.

എന്തോ പറയാൻ വെമ്പുന്ന മിഴികൾ. കർത്താവെ എന്തിനാണ് ആ മനുഷ്യനെ കുറിച്ച് ഞാൻ ചിന്തിക്കുന്നത്. ദേ ഇവിടെ അനിൽ കപൂറും മാധുരി ദീക്ഷിതും നല്ല മൂഡിൽ ആണ്. എനിക്ക് എന്തോ കുറച്ചു ചമ്മൽ തോന്നി ഇനി ‘അമ്മ എങ്ങാനും “ടക് ടക് കർനെ ലഗാ” എങ്ങാനും പാടിയാലോ. അവിടന്ന് പതിയെ മുങ്ങുന്നത് തന്നെ ആണ് ബുദ്ധി, പോകുന്ന പോക്കില് ” ദേ രണ്ടും കൂടെ വയസാം കാലത്തു എനിക്ക് അനിയനേം അനിയത്തിയേം ഒന്നും തന്നേക്കരുത് കേട്ടോ” എന്ന് വിളിച്ചു പറഞ്ഞു. ‘അമ്മ അടുത്ത് കിടന്ന ഗ്ലാസ് എടുത്ത് എറിയാൻ ഓങ്ങിയതും ഞാൻ ചിരിച്ചു കൊണ്ട് അവിടന്ന് ഓടി. പുറകിൽ അപ്പയുടെ പൊട്ടിച്ചിരി ഉയർന്നു കേൾക്കുന്നുണ്ടാർന്നു.

മനോഹരമായ ഒരു ദിവസത്തിന്റെ ഓര്മയിൽ ദൈവത്തിനു നന്ദി പറഞ്ഞു ഞാൻ ഉറക്കത്തിലേക്കു വഴുതി വീണു. ആ രാത്രി പുലർന്നത് വെളുത്ത നിറത്തിൽ ഗൗൺ അണിഞ്ഞ, തലയിൽ വെയിൽ ചൂടി വിവാഹ വേഷത്തിൽ നിൽക്കുന്ന എന്നെ തന്നെ സ്വപ്നം കണ്ടു കൊണ്ടാണ്. ഇതിനു മുന്നേയും ആ സ്വപ്നം ഞാൻ കണ്ടിട്ടുണ്ട്, അപ്പോഴൊക്കെ ആ ഗൗൺ രക്തത്തിന്റെ ചുവപ്പിൽ നനയുന്ന ദുസ്വപ്നങ്ങൾ ആയിരുന്നു. പക്ഷെ ഇന്ന് അതൊരു നല്ല സ്വപ്നം ആയിരുന്നു. കറുത്ത കോട്ടണിഞ്ഞ ഒരാൾ എന്റെ കഴുത്തിൽ മിന്നു ചാർത്തുന്നു. ആ ചുണ്ടിൽ സ്‌നേഹപൂർണമായ പുഞ്ചിരി ആയിരുന്നു. ആ സ്വപ്നം എന്റെ ചുണ്ടിലും ഒരു ചിരി പടർത്തി. എന്റെ ഓർമയിൽ മറ്റൊരു കാര്യം ഒരു ചിത്രം എന്ന വണ്ണം തെളിഞ്ഞു. കറുത്ത കോട്ടണിഞ്ഞ സുന്ദരനായ ഒരു വ്യക്തി.

മുഖത്തു പുഞ്ചിരിക്ക് പകരം നിറഞ്ഞ പുച്ഛം. ….. അറിയാതെ നിറയാൻ ഒരുങ്ങിയ കണ്ണുകളെ ഞാൻ നിയന്ത്രിച്ചു. ഇല്ല കരയില്ല, അതിനും മാത്രം ദുർബല അല്ല ഞാൻ, എന്റെ ഇഷ്ടങ്ങളുടെ ജീവിതത്തിന്റെ രാജകുമാരി ഞാൻ തന്നെ ആണ്. അവിടെ നിന്നും ദുഃഖങ്ങളെ എന്നെ പുറത്താക്കിയിരുന്നു. മുഖം വ്യക്തമാകാതെ എന്റെ സ്വപ്നത്തിൽ തെളിഞ്ഞത് ആരായിരിക്കും ഓർത്തിരുന്നപ്പോൾ പരിചിതമായ ഒരു രൂപം ആ സ്ഥാനത്തു തെളിഞ്ഞു വന്നു. ഒരു ചെറിയ ചിരിയോടെ ഞാൻ എന്റെ തലയിൽ ഇട്ടു ഒരെണ്ണം കൊടുത്തു…. ഹല്ലാ പിന്നെ. …. കഴിഞ്ഞ ദിവസം അദിതിയെ കണ്ട സ്ഥലത്തു ഞാൻ പോയത് അവളെ കാണാൻ കഴിയും എന്ന പ്രതീക്ഷയോടെ ആണ്. എന്നാൽ അവൾ അവിടെ ഉണ്ടായിരുന്നില്ല. എനിക്ക് കുറച്ചു നിരാശ തോന്നി. ഞാൻ അവിടെ പതിയെ ഇരുന്നു.

നേരത്തെ കോളേജിൽ എത്തി. ഇനിയും സമയം ഉണ്ട് കോളേജിൽ ക്ലാസ് തുടങ്ങാൻ. എന്തൊക്കെയോ ഓർത്തു കൊണ്ട് ഞാൻ അവിടെ ഇരിക്കുന്ന സമയത്തു ആണ് ആരോ അടുത്ത് വന്നിരുന്നത്. അതാ തേടിയ വള്ളി കാലിൽ ചുറ്റി എന്നൊക്കെ പറയില്ലേ, അതവൾ തന്നെ അദിതി. എന്റെ അടുത്തിരുന്നു മുഖത്ത് നോക്കി ഒന്നു പുഞ്ചിരിച്ചു. പിന്നെ അവളുടെ കൈ എന്റെ കയ്യോടു കോർത്തിരുന്നു. വിസ്മയത്തോടെ ആ മുഖത്ത് നോക്കിയപ്പോൾ അവിടെ ഭാവമാറ്റം ഒന്നും ഇല്ല. ഞാൻ ഒന്നും സംസാരിച്ചില്ല, അവളും. എന്നാൽ എന്നിൽ എന്തൊക്കെയോ സംഭവിക്കുന്നുണ്ടായിരുന്നു. മെഡിറ്റേഷൻ ചെയ്യുമ്പോൾ സംഭവിക്കുന്നത് പോലെ, സൗമ്യമായ എന്തോ ഒന്ന്.

എന്റെ ശ്വാസതാളം പതിയെ ഒരു ഈണം പ്രാപിക്കുന്നതും, ഹൃദയമിടിപ്പ് മുഴങ്ങുന്നതും കാതുകൾ അറിഞ്ഞു. കുറെ നേരം ഇങ്ങനെ ഇരുന്നിട്ട് അദിതി എന്റെ അരികിൽ നിന്നും എഴുന്നേറ്റു പോയി. കോളേജിൽ മറ്റു കുട്ടികൾ വരാൻ തുടങ്ങിയിരുന്നു. പതിയെ ഞങ്ങളുടെ ഡിപ്പാർട്‌മെന്റിനു നേരെ നടക്കുന്ന അദിതിയെ ഞാൻ നോക്കി. ആരാണ് ഈ പെണ്കുട്ടി. ഇതിന് മുന്നേ ഒരിക്കൽ പോലും അദിതി എന്ന പേര് കേൾക്കുകയോ, അവളെ കാണുക ഉണ്ടായിട്ടില്ല എന്ന കാര്യം എനിക്ക് വ്യക്തമായിട്ടറിയാം. പക്ഷെ ഇത്. ഇപ്പോൾ എനിക്ക് സംഭവിക്കുന്ന വിശദീകരണം നല്കാൻ ബുദ്ധിമുട്ടുള്ള ഈ അവസ്ഥ. ആരാണ് അദിതി, എന്റെ ജീവിതവുമായി എന്ത് ബന്ധം ആണ് ഇവൾക്കുള്ളത്.

ഞാൻ ആ ചോദ്യം എന്നോട് തന്നെ ചോദിക്കാൻ തുടങ്ങി…. അറിയാൻ സമയമായിട്ടുണ്ടാകില്ല. .. എന്തായാലും എന്തോ ഒന്നുണ്ട്, ഇവളെ എന്നോട് ചേർത്ത് നിർത്തുന്നത്. അല്ലെങ്കിൽ മനസ് തുറന്നു ഒരു സംസാരം പോലും ഉണ്ടായിട്ടില്ലാത്ത ഇവൾ എന്നോട് എങ്ങനെ ഇത്രയും അടുത്തു. ചോദ്യങ്ങൾ ഒരുപാടാണ്. ഉത്തരങ്ങൾ ഒരു തിരശീലക്കപ്പുറം മറഞ്ഞു കിടക്കുന്നു. കാലം തന്നെയാണ് ഇതിനെല്ലാം ഉത്തരം നൽകേണ്ടത്. നമ്മൾ പലപ്പോഴും കാത്തിരിക്കാൻ ബാധ്യസ്തർ ആണല്ലോ. പിന്നെ ഉള്ള ദിവസങ്ങളിൽ ഈ ഇരിപ്പ് പതിവായി ഒരക്ഷരം പോലും മിണ്ടിയില്ല എങ്കിലും അവൾ എന്റെ ഏറ്റവും പ്രിയ സുഹൃത്തായി മാറുകയായിരുന്നു.

ദിവസങ്ങൾ ഭാവിയിൽ നിന്ന് വർത്തമാനത്തിന്റെ തിരശീലയിലുടെ ഭൂതകാലത്തിന്റെ ഓർമചെപ്പുകളിലേക്കു നടന്നു കേറി. ഓർത്തിരിക്കാൻ ഒരുപാടു കാര്യങ്ങൾ ഉണ്ടായിരുന്നു. ഏറ്റവും പ്രധാനപ്പെട്ടത്, ഞാൻ ഒരുത്തിക്കിട്ടു ഒന്ന് പൊട്ടിച്ചതാണ്. ബ്ലാക്‌ഹോർസ്സസിലെ ധ്വനിക്കിട്ട്. പലപ്പോഴും എന്നെ കമന്റടിക്കുമ്പോൾ പോലും അവരെ ഒഴിവാക്കാൻ മാത്രമേ ഞാൻ ശ്രമിച്ചിട്ടുള്ളു. അതൊരിക്കലും പേടി ഉള്ളത് കൊണ്ടല്ല. ഞാൻ എന്റെ അപ്പക്ക് കൊടുത്ത വാക്കാണ്, പ്രശ്നം ഒന്നും ഉണ്ടാക്കാതെ പഠിക്കാം എന്ന്. എന്നാൽ കോളേജിൽ, രണ്ടാം വർഷ ബി. കോം ക്ലാസിനു മുന്നിൽ കൂടി പാസ് ചെയ്തു പോകുന്ന സമയത്താണ് ഒരു പെണ്കുട്ടിയുടെ ഉച്ചത്തിലുള്ള ഷൗട്ടും മറ്റൊരു കരച്ചിലും ഞാൻ കേട്ടത്.

എന്താ എന്നറിയാൻ വേണ്ടി നോക്കിയപ്പോൾ ധ്വനി മറ്റൊരു കുട്ടിയുടെ ദാവണി കുത്തിപ്പിടിച്ചു വലിച്ചെടുക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. എല്ലാവരും അവളെ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബാധ കേറിയത് പോലെ ഭ്രാന്തമായിട്ടാണ് ആ കുട്ടി ബീഹെവ് ചെയ്യുന്നത്. ഞാൻ ആ ക്ലാസ്സിലേക്ക് കയറി. അവൾ ഉപദവിക്കാൻ ശ്രമിക്കുന്ന കുട്ടിയുടെ നിസ്സഹായമായ മുഖം കണ്ടതും എനിക്ക് സഹിച്ചില്ല, ധ്വനിയുടെ കൈ പിടിച്ചു ഞാൻ അവളെ വിടീച്ചു. അല്ലേൽ അത് കീറിയേനെ. അത് കഴിഞ്ഞതും അവൾ എന്റെ നേരെ കുതിര കേറാൻ വന്നു. സൗമ്യമായി സംസാരിക്കാൻ ശ്രമിച്ചങ്കിലും എന്റെ കഴുത്തിൽ കുതിപിടിക്കാൻ ശ്രമിച്ചതോടെ എനിക്കങ്ങു കലി വന്നു. കൊടുത്തു ഒരെണ്ണം നല്ല വേഷായിട്ട്.

ഹല്ലാ എന്റെ അടുത്ത അവളുടെ കളി. നിന്ന നിൽപ്പിൽ ഒരുവട്ടം കറങ്ങി തറയിൽ ഇരുന്നു അവൾ. കണ്ടാലേ അറിയാം തലേ കൂടെ പൊന്നീച്ച പറക്കുന്നുണ്ട് എന്ന്. എന്റെ പൊന്നലോഷി… എന്ന വിളി കേട്ടാണ് വാതിൽക്കലേക്കു നോക്കിയത്. ദേ നിക്കാണ് പീക്കിരികൾ … മനഃസമാധാനത്തിൽ ഒരു അടികൊടുക്കാനും സമ്മതിക്കില്ല എന്ന് വച്ചാൽ. ഇതെങ്ങാൻ അമ്മ അറിഞ്ഞാൽ തീർന്നു. എന്നേം വലിച്ചു കൊണ്ട് അവമ്മാര് അവിടെ നിന്ന് പോകുമ്പോൾ നമ്മട പാർവതി, ധാവണിക്കാരി എന്നെ നന്ദിയോടെ നോക്കുണ്ടായിരുന്നു. അവിടെ പുറത്തു എന്നെ കണ്ണിമയ്ക്കാതെ നോക്കി കൊണ്ട്, ഡേവിച്ചനും ഉണ്ടായിരുന്നു.

കൂടെ പ്രീതിച്ചേച്ചിയും. എല്ലാരും കൂടെ എന്നെ ഉപദേശിച്ചു ഒരു വഴിയാക്കി കൊണ്ടിരുന്നപ്പോൾ ഞങ്ങളുടെ ക്ലാസ്സിൽ തൂണിൽ ചാരി നിന്ന് എന്നെ തന്നെ നോക്കി നിക്കുവായിരുന്നു ഡേവിഡ്. അങ്ങേര് ഒന്നും മിണ്ടിയില്ല. പീക്കിരികളും ക്ലാസിൽ ഉള്ളവരും സീനിയേർസും എല്ലാം കൂടെ എന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ ഒരു ചെവിൽ കൂടെ കേട്ട് ആ ചെവി വഴി തന്നെ അതെല്ലാം കളഞ്ഞു. നിർവികാരമായ മുഖത്തോടെ ഇരുന്നു കൊടുത്തു. പാവം ഞാൻ……… എന്തായാലും അതിന്റെ പേരിൽ വേറെ കംപ്ലൈന്റ്റ് ഒന്നും പോയില്ല. അങ്ങനെ പോയാൽ അവൾ കുടുങ്ങുമല്ലോ, ഇതിപ്പോ എനിക്കിട്ടു അല്ലാതെ പണിയാൻ ആകും ഉദ്ദേശം. വരട്ടെ കാണാല്ലോ. അദിതി അതിന്റെ പേരിൽ ഒന്നും എന്നോട് പറഞ്ഞില്ല.

ഒരു പുഞ്ചിരി ഉണ്ടായിരുന്നു ആ മുഖത്തു. അന്ന് ഉച്ചക്ക് ലൈബ്രറിയിൽ പുസ്തകങ്ങളുടെ ഇടയിൽ എനിക്ക് വേണ്ടത് തപ്പി കൊണ്ട് നിക്കുമ്പോൾ ആണ് അലീനാ എന്ന ഒരു വിളി കേട്ടത്. ഇതാരപ്പാ ഇവിടെ എന്റെ ശരിക്കുള്ള പേര് വിളിക്കാൻ എന്ന് പറഞ്ഞു തിരിഞ്ഞപ്പോൾ ദേ നിക്കാണ് ഡേവിഡ് ജോൺ. വിടർന്ന കണ്ണുകളോടെ ആ മുഖത്തു നോക്കി ഞാൻ, ഈശോയെ ഉപദേശിക്കാനുള്ള പുറപ്പാടാണോ? ഇന്ന് വയറു നിറച്ചു കിട്ടിയതാ… ഒന്നും മിണ്ടാതെ ഞാൻ നിന്നു. .”എന്തായാലും ആ ധ്വനിക്കിട്ട് ഒന്ന് പൊട്ടിച്ചത്, നന്നായി കേട്ടോ, അവൾക്കു ഒരടിടെ കുറവുണ്ടായിരുന്നു,………….എനിക്കിഷ്ടപ്പെട്ടു” ഒട്ടും പ്രതീക്ഷിക്കാതെ ഇങ്ങനെ കേട്ടപ്പോൾ ഞാൻ എന്ത് പറയണം എന്നറിയാതെ നിന്ന്.

എന്റെ മറുപടി പുള്ളി പ്രതീക്ഷിച്ചുമില്ല എന്ന് തോന്നുന്നു. കുറുമ്പൊടെ ഒരു കണ്ണടിച്ചു ചിരിച്ചു കൊണ്ട്, പുള്ളിക്കാരൻ പോയി. കർത്താവെ. .. ആ ഹാങ്ങോവർ മാറാൻ കുറച്ചു നേരം പിടിച്ചു. ഇഷ്ടായി നിക്കിഷ്ടായി. …. സംഗതിയറിഞ്ഞു തോമസ് സാർ വിളിപ്പിച്ചപ്പോൾ ഞാൻ പോയി. ഇതുവരെ ഇല്ലാത്ത ഗൗരവത്തോടെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പുള്ളി ഇതുവരെ എന്നോട് സ്ട്രിക്ട് ആയി സംസാരിച്ചിട്ടില്ല. ലേശം വൈക്ലബ്യതോടെ എല്ലാം പറഞ്ഞപ്പോൾ, പുള്ളിയും കണ്ണടച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു നന്നായി പോയെന്നു. ഓ ജീസസ് ഇതിപ്പോ എനിക്ക് മാത്രം വട്ടായതാണോ? അതോ എല്ലാത്തിനും വട്ടായോ? സംഭവം എന്തായാലും അമ്മയുടെ കാതുകളിൽ എത്തിയില്ല.

അപ്പ അറിഞ്ഞപ്പോൾ ലണ്ടൻ ഡയറിയിൽ നിന്ന് നല്ല കിടിലൻ ഐസ്ക്രീം മേടിച്ചു തന്നു. ചുമ്മാ എന്നെ മാത്രം പറഞ്ഞിട്ട് കാര്യം ഉണ്ട്, ഈ അപ്പാ ആണ് എന്നെ ഇങ്ങനെ വഷളാക്കുന്നത്. എന്നാലും പീക്കിരികൾ എന്നെ ഇപ്പൊ ഊറ്റുന്നത് ഇതിന്റെ പേര് പറഞ്ഞാണ്. ‘അമ്മ അറിഞ്ഞാൽ കുറെ വിഷമിക്കും എന്നത് കൊണ്ട്, അവന്മാരുടെ ഭീഷണി ഏൽക്കുകയും ചെയ്യും. അങ്ങനെ ഒരു ഞായറാഴ്ച്ച രാവിലെ അഞ്ചു മണിക്ക് തന്നെ ലവമ്മാര് വീട്ടിൽ ഹാജരായി. സുന്ദരമായി സ്വപ്നം കണ്ടു കിടന്ന എന്നെ ചെവി പൊട്ടുന്ന തരത്തിൽ കൂകിവിളിച്ചു എഴുന്നേൽപ്പിച്ചു. കുറെ അടി കൊടുത്തു ഓടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഒടുവിൽ അവമ്മാരുടെ ഉദ്ദേശം പോലെ തന്നെ ആ വെളുപ്പാൻ കാലത്തു എന്നെ കുളിക്കാൻ തള്ളി വിട്ടു, കുളിച്ചു റെഡി ആയ എന്നേം കൊണ്ട്, പീക്കിരികൾ പള്ളിക്കു പോകുന്നത്, ചിരിയോടെ ‘അമ്മ നോക്കി നിന്ന്. ഹും മുഖം പൂർണ ചന്ദ്രൻ ഉദിച്ചത് പോലെ ഉണ്ട്. എന്റെ ഒരു ഗതികേടേ… അങ്ങനെ ഒരു കാലത്തും ഇല്ലാതെ ഞാൻ ആ പുലർകാല കുർബാനയിൽ പങ്കു ചേർന്നു. എന്തൊക്കെ പറഞ്ഞാലും സംഭവം പൊളിയാണ് കേട്ടോ, വലിയ ശല്യം ഒന്നും പറയാനില്ല. ചുറ്റും വായി നോക്കി നിക്കുന്നെന്റെ ഇടയിലാണ് എന്നെ തന്നെ നോക്കി നിക്കുന്ന ഒരു മുഖത്തു എന്റെ കണ്ണുകൾ തറച്ചത്. ഞാൻ കണ്ടു എന്നുറപ്പായിട്ടും കണ്ണെടുക്കാതെ മുഖത്ത് നോക്കി നിൽക്കുന്നു. ഒരുനിമിഷം ഞാനും കണ്ണെടുക്കാൻ കഴിയാതെ നിന്നു.

പെട്ടെന്ന് പള്ളിയിലാണ് എന്നോർമ്മ വന്നപ്പോൾ തിരിഞ്ഞു യേശുവിന്റെ രൂപത്തിലേക്ക് നോക്കി. മനസ് പിടിയിൽ നിൽക്കുന്നില്ല. ഇനി ഇതും പീക്കിരികള് എനിക്കിട്ട് തരുന്ന പണി എങ്ങാനും ആണോ എന്തോ, എത്ര ശ്രമിച്ചിട്ടും കേൾക്കാതെ കണ്ണുകൾ അങ്ങോട്ടേക്ക് പാറി പോകുകയാണ്. ആ കണ്ണുകൾ എന്നിൽ തന്നെ ആണെന്ന് എനിക്കറിയാം. കർത്താവെ എനിക്കിതു എന്താണ് സംഭവിക്കുന്നത്. .. എല്ലാം അറിയാവുന്ന നീ തന്നെ എന്നോട് ഇനിയും പരീക്ഷണം കാട്ടണമോ? വേണ്ട എനിക്കിതു വേണ്ട. .. അരുതെന്നു പറഞ്ഞിട്ടും ആ മുഖത്തേക്ക് നോക്കി പോകുന്നു.

എന്നെ ഒളികണ്ണിട്ടു നോക്കുന്ന ഡേവിച്ചന്റെ മുഖത്തു വീണ്ടും കുറുമ്പ് നിറഞ്ഞ ഒരു ചിരി വിടർന്നു വന്നു, പൂവ് വിടരും പോലെ…. ചിരിക്കുമ്പോൾ ഈ മനുഷ്യനെ കാണാൻ എത്ര സുന്ദരമാണ്. ഡേവിച്ചന്റെ പുറകിലായി നിൽക്കുന്ന പീക്കിരികളിലേക്കു എന്റെ കണ്ണുകൾ ചെന്നു. അവർ നിഗൂഢമായ ഒരു ചിരി ഒളിപ്പിച്ചു നിൽക്കുന്നു. ആ നിമിഷം എനിക്ക് മനസിലായി ആ തിരക്കഥകൾ കൂട്ടായി രചിച്ചതാണെന്നു. നല്ല അനിയമ്മാര്. … എനിക്കും അറിയാതെ ചിരി വന്നു……………. കർത്താവെ അവിടുത്തെ അനുഗ്രഹം കൂടെ ഉണ്ടാകണമേ ഇനിയും മിഥ്യയായതു കാട്ടി പ്രലോഭിപ്പിക്കരുതേ. .. തെറ്റായ തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതമാക്കരുതേ. ….. എന്റെ മനസ് പ്രാര്ഥനയിലാണ്ടു…. തുടരും

അദിതി : ഭാഗം 8

Share this story