ഗന്ധർവ്വയാമം: ഭാഗം 5

ഗന്ധർവ്വയാമം: ഭാഗം 5

എഴുത്തുകാരി: അഞ്ജലി അഞ്ജു

ഓഫീസിലേക്ക് കയറുമ്പോൾ തന്നെ റിസപ്ഷനിൽ ആൾക്കൂട്ടം ഉണ്ടായിരുന്നു. ഗായുവിന് ചുറ്റും മൂന്ന് നാല് തരുണീമണികൾ കത്തിയടിക്കുകയാണ് പരദൂഷണം ആണെങ്കിൽ സംഭാവന ചെയ്യാമല്ലോ എന്ന് വെച്ചു അങ്ങോട്ടേക്ക് ചെന്നപ്പോളാണ് വസു സാറാണ് വിഷയം എന്ന് മനസിലായത്. സാറിന്റെ വീര സാഹസങ്ങളും സൗന്ദര്യ വർണ്ണനയുമാണ് ആകെയുള്ള വിഷയം. എല്ലാത്തിനും അങ്ങേരെ പറ്റി പറയാൻ നൂറു നാവാണ്. കുറച്ചൊക്കെ കേട്ടപ്പോൾ തന്നെ മതിയായി. എന്തോ സാറിന് പിന്നാലെ എല്ലാം നടക്കുന്നത് കാണുമ്പോൾ എന്തോ അസ്വസ്ഥത പോലെ. എന്ത് കൊണ്ടാണ് അങ്ങനെ എന്ന് മനസിലാവുന്നില്ല. വസുവിന്റെ ക്യാബിനിലേക്ക് ഓരോ പെൺകുട്ടികളും കയറി പോകുമ്പോൾ വല്ലാത്ത ആകാംഷ.

ഇടയ്ക്ക് അദ്ദേഹത്തെ കാണാനും തോന്നുന്നു. വസുവാണെങ്കിൽ ഇന്നത്തെ ദിവസം ആമിയെ മൈൻഡ് പോലും ചെയ്തില്ല. തലേ ദിവസത്തെ തന്റെ പെരുമാറ്റമാണ് അതിന് കാരണമെന്ന് അവൾക്കും അറിയാമായിരുന്നു. ഇടയ്ക്കെപ്പോഴോ നവി കൊടുക്കാൻ കൊണ്ട് പോയ ഫയലുമായി ചെല്ലുമ്പോൾ ഒരു പുഞ്ചിരിയെങ്കിലും പ്രതീക്ഷിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം. ഒന്ന് നോക്കുക പോലും ചെയ്യാതിരുന്നതോടെ എന്തോ മനസ്സിൽ ഒരു വിങ്ങൽ. തന്റേതെന്ന് ഒരു നിമിഷമെങ്കിലും ആഗ്രഹിച്ചു പോയത് നഷ്ടമായതിന്റെ ഒരു വിഷമം. തന്നെ വേണ്ടാത്തോരെ തനിക്കും വേണ്ടെന്ന തീരുമാനത്തിലാണ് അവസാനം ആമി എത്തിച്ചേർന്നത്. അങ്ങനെ വസുവിന് ചുറ്റും പറന്നു നടന്ന മനസിനെ കടിഞ്ഞാണിട്ട് ജോലികളിൽ വ്യാപൃതയായി. സമയം പോകാൻ ആണെങ്കിൽ ഇന്ന് അഭിയും വന്നിട്ടില്ലായിരുന്നു.

അത് കൊണ്ട് തന്നെ ലഞ്ച് കഴിക്കാനും പോയില്ല. അവളെ വിളിച്ചു വരാത്തതിന്റെ കാരണം അന്വേഷിച്ചു. കുറച്ച് നേരം ഫോണിൽ കുത്തിയിട്ടും ഒന്നിനോടും ഒരു താല്പര്യം തോന്നാഞ്ഞതോടെ വീണ്ടും ജോലികൾ ചെയ്യാൻ തുടങ്ങി. റഫറൻസ് ഫയൽ എടുക്കാമെന്ന് വെച്ചാണ് താഴെയായുള്ള സ്റ്റോർ റൂമിലേക്ക് ചെന്നത്. ഓരോ പ്രൊജെക്ടുകളുടെയും ഫയലുകൾ മറിച്ചു നോക്കുമ്പോളാണ് ആരോ വരുന്നത് പോലെ തോന്നിയത്. വസുവാണെന്ന് കണ്ടതും വീണ്ടും തല കുനിച്ച് ഫയലിലേക്ക് ആഴ്ന്നിറങ്ങി. കുറേ സമയം കഴിഞ്ഞിട്ടും ആളുടെ അനക്കമൊന്നും കേൾക്കാതെ വന്നപ്പോളാണ് തല ഉയർത്തി നോക്കിയത്.

തൊട്ടരുകിലായി തന്നെ നോക്കി നിൽക്കുന്ന വസുവിനെ കണ്ടതും ശരീരത്തിലൂടെ ഒരു മിന്നൽ പായുന്നത് പോലെയാണ് തോന്നിയത്. ലഞ്ച് ബ്രേക്ക്‌ ആയത് കൊണ്ട് തന്നെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. ഇത് വരെ തോന്നാത്ത ഒരു വെപ്രാളവും പരവേശവും ആമിക്ക് അനുഭവപ്പെട്ടു. ശരീരം തളരുന്നത് പോലെ.. വർധിക്കുന്ന ഹൃദയതാളം കൂടെ ആയപ്പോൾ നെറ്റിയിലൂടെ വിയർപ്പു ചാലുകളും രൂപപ്പെട്ടിരുന്നു. ചുറ്റും മൂടൽ മഞ്ഞ് വ്യാപിച്ചത് പോലെ. രണ്ടാളും മറ്റേതോ ലോകത്ത് എത്തി ചേർന്നത് പോലെ. അവന്റെ മുഖത്തു നിന്ന് കണ്ണെടുക്കാതെ അവൾ നിന്നു. ഇപ്പോ തന്റെ മുന്നിലുള്ള വസുവിനെ അവൾക്ക് ദീർഘ നാളായി പരിചയം ഉള്ളത് പോലെ തോന്നി. തന്റെ സ്വപ്നങ്ങളിൽ ഇടയ്ക്ക് വന്നു പോകുന്ന ആ കണ്ണുകൾ അവൾ വീണ്ടും ആസ്വദിക്കുകയായിരുന്നു.

വസു വീണ്ടും അവൾക്കരികിലേക്ക് ചേർന്ന് നിന്നതും ചെമ്പകത്തിന്റെ വാസന അവൾ തിരിച്ചറിഞ്ഞു. പിടയുന്ന കണ്ണുകളോടെ അവൾ അവനെ വീണ്ടും നോക്കി. മുഖത്തു മിന്നി മാഞ്ഞ കുസൃതി ചിരിയിൽ അവൻ ഒളിച്ചു വെച്ചിരുന്ന ഇടം പല്ലുകളെ അവൾക്ക് കാട്ടി കൊടുത്തു. തനിക്ക് അടുത്ത് നിൽക്കുന്നത് മറ്റാരോ ആണെന്ന് പോലും അവൾക്ക് തോന്നി. അത്രത്തോളം മാറ്റം വസുവിന് വന്നത് പോലെ. പൊടുന്നനെ അവളുടെ അരക്കെട്ടിലൂടെ കൈ ചുറ്റി അവൻ അവളെ മാറോടടക്കി പിടിച്ചിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവും മുന്നേ തന്നെ അവളുടെ അധരങ്ങൾ അവൻ സ്വന്തമാക്കി. മിഴികൾ ഇറുകെ അടച്ചു അവളും ആ ചുംബനം ഏറ്റു വാങ്ങി.

കുറച്ച് നിമിഷങ്ങൾ കൊണ്ട് തന്നെ യാഥാർഥ്യത്തിലേക്ക് അവൾ തിരിച്ചു വന്നിരുന്നു. ഒരടി പിന്നിലേക്ക് മാറി കണ്ണുകൾ വലിച്ചു തുറക്കുമ്പോൾ കയ്യിൽ ഒരു ഫയലും പിടിച്ചു പേജുകൾ മറിക്കുന്ന വസുവിനെയാണ് കണ്ടത്. ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ അവൾ അവനെ തന്നെ നോക്കി നിന്നു. അവന്റെ പെരുമാറ്റത്തിൽ മാറ്റങ്ങളൊന്നും കാണാതെ വന്നതോടെ താൻ വീണ്ടും സ്വപ്നം കണ്ടതാണോ എന്ന് വരെ അവൾ സംശയിച്ചു. ഒരു നോട്ടം പോലും തിരിച്ചു തരാതെ ഏതൊക്കെയോ ഫയലും കൊണ്ട് അവൻ പോയതോടെ തന്റെ നിഗമനം ശെരിയാണെന്ന് അവൾക്കും ബോധ്യമായി. സ്വപ്നം കണ്ടതാണെന്ന ചിന്ത അവളെ ഭ്രാന്ത് പിടിപ്പിച്ചെന്ന് വേണം പറയാൻ.

ഉറങ്ങുമ്പോൾ കാണുന്നത് പോലെയാണോ ഉണർന്നിരിക്കുമ്പോളും കാണുന്നത്. ശെരിക്കും ആ സമയത്ത് താൻ മറ്റൊരു ലോകത്തിലാണ്. സ്വപ്നമാണെങ്കിലും എന്തൊക്കെയോ സന്തോഷം തനിക്ക് നൽകിയിരുന്നു. അവളുടെ വിരലുകൾ മെല്ലെ അധരങ്ങളിലൂടെ സഞ്ചരിച്ചു. ഇപ്പോളും അവന്റെ ചൂട് നിശ്വാസം അവിടെ അനുഭവപ്പെടുന്നത് പോലെയാണ് അവൾക്ക് തോന്നിയത്. സ്വപ്നമാണ് കണ്ടതെന്ന് വിശ്വസിക്കാനാവുന്നില്ല. അത്രത്തോളം യാഥാർഥ്യത്തോട് അടുത്ത് നിൽക്കുന്ന അനുഭവമാണ് തനിക്ക് ഉണ്ടായത്. ചിന്തകൾ കാട് കയറിയപ്പോൾ ഫയലുകൾ അവിടെ തന്നെ വെച്ച് അവൾ മുകളിലേക്ക് കയറി പോയി. എന്ത് കൊണ്ടോ പിന്നെ ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.

തനിക്ക് ചുറ്റും സംഭവിക്കുന്നത് എന്താണെന്ന് അറിയാനുള്ള വ്യഗ്രത മാത്രേ മനസ്സിൽ ഉണ്ടായിരുന്നുള്ളു. എങ്ങനൊക്കെയോ സമയം തള്ളി നീക്കി. ഓഫീസിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോളും മനസ് മറ്റെങ്ങോ ആയിരുന്നു. ഒരു സൈക്കാർട്ടിസ്റ്റിനെ കാണാനാണ് ആദ്യം തോന്നിയത്. ഇനിയും എന്താണ് ഉണ്ടാവുന്നതെന്ന് നോക്കിയിട്ട് ആ തീരുമാനം എടുക്കാമെന്ന് വെച്ചു. ആകാശത്ത് ഉരുണ്ടു കൂടിയ കാർമേഘങ്ങളെ കണ്ടപ്പോളാണ് കാലുകൾ വേഗത കൂട്ടിയത്. മഴയ്ക്ക് മുന്നേ വീട്ടിൽ എത്തണം. ബസ് സ്റ്റോപ്പിന് അടുത്ത് കുറേ സമയം നിന്നിട്ടും ഓട്ടോ ഒന്നും കണ്ടില്ല. അടുത്തുള്ള സ്റ്റാൻഡിൽ നോക്കാമെന്നു വെച്ചാണ് നടന്നത്. മുരൾച്ചയോടെ വസുവിന്റെ ബൈക്ക് കടന്നു പോയത് അറിഞ്ഞിയെങ്കിലും തല ഉയർത്തി നോക്കിയില്ല.

വസു തന്റെ ജീവിതത്തിൽ കടന്നു വന്നതിന് ശേഷമാണ് തനിക്ക് മാറ്റങ്ങൾ ഉണ്ടാവാൻ തുടങ്ങിയതെന്ന് അവൾക്ക് ഉറപ്പായിരുന്നു. അത് കൊണ്ട് തന്നെ ഒരു അകൽച്ച പാലിക്കുന്നതാണ് തനിക്ക് നല്ലതെന്ന് അവൾക്ക് തോന്നിയിരുന്നു. “ഡോ അവിടെ നിന്നെ.” ഓരോന്നും ആലോചിച്ചു നടന്നത് കൊണ്ടാവും തന്നെ കണ്ടു വഴിയരികിൽ നിന്ന വസുവിനെ കടന്ന് പോന്നതും അവൾ അറിഞ്ഞിരുന്നില്ല. വിളിച്ചത് കേട്ടെങ്കിലും ശ്രദ്ധിക്കാത്തത് പോലെ വീണ്ടും നടന്നു. “ആമി നിൽക്ക്.” “ആമി?” അവൾ സംശയത്തോടെ അവനെ തിരഞ്ഞു നോക്കി. “എന്താ എനിക്കും അങ്ങനെ വിളിച്ചു കൂടെ?” അവളുടെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയെന്ന വണ്ണം അവൻ പറഞ്ഞു. “പറ്റില്ല.

അത് എനിക്ക് ഇഷ്ടം ഉള്ളവർ വിളിക്കുന്നതാണ്.” “എനിക്കും തന്നെ ഇഷ്ടാണ്.” “അതിന്?” കേട്ടപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും ഭാവ മാറ്റം ഒന്നും വരുത്താതെ അവൾ ചോദിച്ചു. “അതിന് ഒന്നുമില്ല. താൻ കേറൂ ഞാനും ഫ്ളാറ്റിലേക്കാണ്.” “ഞാനൊന്നും വരുന്നില്ല. എനിക്ക് ഒറ്റക്ക് പോവാൻ അറിയാം.” അൽപം കനപ്പിച്ചു തന്നെ പറഞ്ഞിട്ട് അവൾ വേഗത്തിൽ നടന്നു. ലിഫ്റ്റിൽ നിന്ന് ഇറങ്ങുമ്പോളെ വസുവിനെ കണ്ടിരുന്നെങ്കിലും ഗൗനിക്കാതെ ആമി ഡോർ തുറക്കാൻ പോയി. “ആമി.” മറുപടി കൊടുക്കാതെ അവിടെ തന്നെ അവൾ നിന്നു. “ഞാൻ സീരിയസ് ആയി പറഞ്ഞതാണ്. എനിക്ക് തന്നെ ഇഷ്ടമാണ്.” “എന്നെ കുറിച്ച് എന്തറിഞ്ഞിട്ടാണ്?” വസുവിന്റെ മുഖത്തേക്ക് നോക്കിയാണ് ആമി ചോദിച്ചത്.

“മറ്റാരേക്കാളും നന്നായി തന്നെ പറ്റി എനിക്കറിയാം. തനിക്ക് സമ്മതമാണെങ്കിൽ എന്നും കാത്തിരിക്കാൻ ഞാനുണ്ടാകും. ആരുടേയും അനുവാദവും അഭിപ്രായവും എനിക്ക് ആവശ്യമില്ല. ഞാനും തന്നെ പോലെ തന്നെയാണ്. തന്റെ മറുപടിയാണ് എനിക്ക് വേണ്ടത്. ആലോചിച്ചു തീരുമാനം എടുക്കാനുള്ള അവകാശം തനിക്ക് ഉണ്ട് പക്ഷെ വൈകരുത്. എന്നോട് ഒരു ഇഷ്ടം ഉണ്ടെങ്കിൽ പറയാൻ മടിക്കരുത്.” ഇതൊന്നും പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് തന്നെ എന്താണ് നടക്കുന്നതെന്ന് ആമിക്ക് മനസ്സിലായിരുന്നില്ല. പലരും പ്രൊപ്പോസ് ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാവും ഒരാളുടെ മുന്നിൽ താൻ തല കുനിച്ചു നിൽക്കുന്നത്. അഭ്യർത്ഥന നിരസിക്കാൻ തോന്നിയില്ല.

വേദനിപ്പിക്കുന്ന വാക്കുകൾ പറഞ്ഞാൽ അവൻ അകലുമോ എന്നുള്ള ഭയം അറിയാതെ ഉള്ളിൽ മൂടിയിരുന്നു. നോട്ടം കൊണ്ട് പോലും അനിഷ്ടം കാണിച്ചില്ല. പ്രതികരണം ഇല്ലാതെ വന്നപ്പോൾ വസു തിരിഞ്ഞു നടക്കാൻ തുടങ്ങി. “അതേ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും രാത്രി ഒറ്റക്കുള്ള നടപ്പ് നിർത്തണേ. ടെൻഷൻ അടിക്കാൻ വയ്യാത്തോണ്ടാ. ഒരു സുഹൃത്തായിട്ട് എവിടെ വേണമെങ്കിലും ഞാൻ കൂട്ട് വരാം.” ഒരു പുഞ്ചിരിയോടെ ഇത്രയും പറഞ്ഞ് ഫ്ലാറ്റിലേക്ക് പോകുന്ന വസുവിനെ കൗതുകത്തോടെ അവൾ നോക്കി നിന്നു. അന്ന് ഉറങ്ങുന്നത് വരെ അവന്റെ വാക്കുകളാണ് അവളുടെ കാതിൽ അലയടിച്ചത്. ആ വാക്കുകളിലെ കരുതലും സ്നേഹവും അവളെ മത്ത് പിടിപ്പിച്ചു കൊണ്ടിരുന്നു.

പ്രണയത്തേക്കാൾ ഉപരി ഒരു രക്ഷകർത്താവിന്റെ പരിഭ്രമവും ആ വാക്കുകളിൽ ഒളിഞ്ഞിരുന്നത് അവൾക്ക് സന്തോഷം നൽകി. “പക്ഷെ വൈകരുതെന്ന് പറഞ്ഞതെന്താ? ആലോചിക്കാൻ എത്ര വേണമെങ്കിലും സമയം എടുത്തോളൂ എന്നല്ലേ സാധാരണ എല്ലാവരും പറയാറ്. ഇത്ര ധൃതി പിടിക്കാൻ ഇയാൾ വല്ല ഉഗാണ്ടയ്ക്കും പോണുണ്ടോ? ക്ഷമയില്ലാത്ത മനുഷ്യൻ !” പകൽ കണ്ട സ്വപ്നത്തിലേക്ക് ചിന്തകൾ എത്തിയപ്പോൾ അവളുടെ ചുണ്ടിലും ഒരു കുസൃതി ചിരി വിരിഞ്ഞു. പതിവിലും നേരത്തേ ആമി ഉണർന്നിരുന്നു. ഫ്രഷ് ആയി ഇറങ്ങി ഒരു കോഫി ഇട്ടു കുടിച്ചു. സമയം ഒരുപാട് ഉണ്ടായിരുന്നിട്ടും നേരത്തേ തന്നെ അണിഞ്ഞൊരുങ്ങാൻ കയറി. പല ഡ്രെസ്സുകളും എടുത്ത് ഇട്ടു നോക്കിയെങ്കിലും ഒരു സംതൃപ്തി തോന്നിയില്ല.

അവസാനം ബീന വാങ്ങി കൊടുത്ത ഒരു നെറ്റിന്റെ ചുരിദാറിലാണ് കണ്ണുടക്കിയത്. സാധാരണ അതൊക്കെ ഇടാൻ മടിയാണെങ്കിലും ഇന്ന് അതൊക്കെ വലിച്ചു കയറ്റി. ഷാളൊക്കെ പിൻ ചെയ്ത് ഒരു കുഞ്ഞു പൊട്ടും കുത്തി. ഒഴിഞ്ഞു കിടന്ന കാതിൽ കുഞ്ഞു സ്റ്റോണിൻ്റെ കമ്മലും ഇട്ടു. കണ്ണാടിയിൽ നോക്കിയപ്പോൾ വീണ്ടും എന്തോ കുറവ് പോലെ. മേശയുടെ വലിപ്പിൽ നിന്നും പഴയ ഒരു കണ്മഷി തപ്പി പിടിച്ചു. പണ്ടെങ്ങോ അഭി വന്നപ്പോ ഇട്ടിട്ട് പോയതാണ്. പണ്ട് തൊട്ടേ കണ്ണെഴുതാൻ പേടിയാണ്. എങ്ങാനും എരിഞ്ഞാലോ? ധൈര്യം സംഭരിച്ച് കണ്ണ് എഴുതി. അൽപം പുകച്ചിലൊഴിച്ചാൽ വല്യ പ്രശ്നങ്ങൾ ഒന്നും തോന്നിയില്ല. കണ്ണാടിയിലെ പ്രതിബിംബം കണ്ടപ്പോൾ സ്വയം ഒരു മതിപ്പൊക്കെ തോന്നി.

ഫുഡൊക്കെ കഴിച്ച് ബാഗും കൊണ്ട് പുറത്തേക്ക് ഇറങ്ങി. പാളി എതിർ ദിശയിലേക്ക് നോക്കി. അടഞ്ഞു കിടക്കുന്ന വാതിൽ കണ്ടപ്പോളേ വസു പോയിട്ടുണ്ടാവുമെന്ന് ഊഹിച്ചിരുന്നു. ലിഫ്റ്റിൽ കയറിയപ്പോൾ മുകളിലത്തെ നിലയിലെ ഒരു ആന്റിയും ചേച്ചിയും ഉണ്ടായിരുന്നു. പതിവില്ലാതെ അവർ തന്നെ നോക്കി ചിരിക്കുന്ന പോലെയൊക്കെ ആമിക്ക് തോന്നിയിരുന്നു. “ഇനിയിപ്പോ മേക്കപ്പ് എങ്ങാനും കൂടി പോയോ? താഴെ ചെന്നപ്പോൾ വാച്ച്മാൻ ചേട്ടനും ഒരു ആക്കിയ ചിരി ചിരിച്ചത് പോലെ. ശേ ഈ ലിപ്സ്റ്റിക് വാരി പൂശണ്ടായിരുന്നു. തിരികെ പോയാലോ? നെറ്റൊക്കെ കൊണ്ടിട്ടാണേൽ ചൊറിയുകയും ചെയ്യുന്നു…! ഒരു ആവശ്യവും ഇല്ലായിരുന്നു. ആഹ് എന്തേലും ആവട്ടെ.” സ്വയം എന്തൊക്കെയോ പിറു പിറുത്ത് അവൾ ഓട്ടോയിലേക്ക് കയറി….തുടരും…

ഗന്ധർവ്വയാമം: ഭാഗം 4

Share this story