ഹരി ചന്ദനം: ഭാഗം 17

ഹരി ചന്ദനം: ഭാഗം 17

എഴുത്തുകാരി: ശ്രുതി കൃഷ്ണ

ഇത്തിരി കഴിഞ്ഞപ്പോൾ ബാൽക്കണിയിലെ ലൈറ്റ് മങ്ങുന്നത് കണ്ടു.H.P വരുന്നുണ്ടെന്നു മനസ്സിലാക്കി ഞാൻ വേഗം ഉറക്കം നടിച്ചു കിടന്നു.ആള് മുറിയിൽ കയറിയ ഉടനെ ഫോണും ലാപും ചാർജിൽ കുത്തുന്നത് കണ്ടു.ഞാൻ വേഗം ഉറക്കപ്പിച്ചിൽ എഴുന്നേൽക്കുന്നത് പോലെ സോഫയുടെ അടുത്തുള്ള ടേബിൾ ലക്ഷ്യമാക്കി നടന്നു.അവിടെ രാത്രിയിൽ കുടിക്കുവാനായി ഒരു ജഗ്ഗിൽ വെള്ളം ഇരിപ്പുണ്ടായിരുന്നു.ആള് ചാർജർ ഒക്കെ സെറ്റ് ആക്കി ബെഡ്ഷീറ്റ് എടുക്കാനായി പോയി. ഞാൻ അടുത്തുള്ള ഗ്ലാസിൽ വെള്ളം ഒഴിച്ച് കുടി തുടങ്ങി എന്നിട്ട് ജഗ്ഗ് തിരികെ ടേബിളിന്റെ അറ്റത്തേക്ക് നീക്കി വച്ചു.

ആള് ബെഡ്ഷീറ്റ് എടുത്ത് തിരിഞ്ഞതും ഞാൻ ജഗ്ഗിൽ ഒറ്റ തട്ട് വച്ച് കൊടുത്തു.ഉന്നം തെറ്റാതെ അത് കറക്റ്റ് ആയി സോഫയിൽ തന്നെ വീണ് സോഫയാകെ നനഞ്ഞു.H.P ആകെ ദേഷ്യം പിടിച്ച് ബെഡ്ഷീറ്റിൽ പിടി മുറുക്കി എന്നെ നോക്കുന്നുണ്ടായിരുന്നു. ഞാൻ ആണെങ്കിൽ ഉറക്കം മതിയാവാത്ത പോലെ കോട്ടുവാ ഒക്കെ ഇട്ടു ഒരു സോറിയും പറഞ്ഞു ഒന്നും സംഭവിക്കാത്തതു പോലെ കട്ടിലിൽ കയറി കിടന്നു. അയാളെന്നെ ഇപ്പോൾ പിടിച്ച് വിഴുങ്ങും എന്ന നിൽപ്പ് നിൽക്കുന്നുണ്ട്. ഞാൻ വേഗം പുതപ്പെടുത്തു തല വഴി മൂടി കണ്ണടച്ചു കിടന്നു.അത്രയും ചെയ്ത് കഴിഞ്ഞപ്പോൾ അബദ്ധമായി പോയോ എന്നൊരു ഡൌട്ട് വന്നു.

ഇനി അങ്ങേരെങ്ങാനും ബക്കറ്റിൽ വെള്ളമെടുത്തു എന്റെ തല വഴി ഒഴിച്ചാലോ??? ഏയ്.. അങ്ങനെ വരില്ല അങ്ങേരുടെ ബെഡ്ഡും നനയും റൂമും നനയും.പിന്നെ പുറത്തറിയാനും ചാൻസ് ഉണ്ട് അത് കൊണ്ടു അങ്ങനെ ചെയ്യില്ല എന്ന് സ്വൊയം പറഞ്ഞു ആശ്വസിപ്പിച്ചു. എന്തായാലും ഒന്നും സംഭവിക്കാതെ കുറച്ച് കഴിഞ്ഞപ്പോൾ റൂമിലെയും ലൈറ്റ് അണഞ്ഞു.എന്ത് സംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷയിൽ പുതപ്പിനുള്ളിലൂടെ ഒളിഞ്ഞു നോക്കിയപ്പോൾ കണ്ട കാഴ്ച എന്നെ കുളിരണിയിക്കുന്നതായിരുന്നു.ദി ഗ്രേറ്റ്‌ H.P അതാ.. വെറും നിലത്തു ബെഡ്ഷീറ്റും വിരിച്ചു ചുരുണ്ടു കൂടി കിടക്കുന്നു.ആഹാ…എത്ര മനോഹരമായ കാഴ്ച.ആ കാഴ്ച കണ്ട ആത്മ സംതൃപ്തിയിൽ ഞാനും കണ്ണുകളടച്ചു.

ഇടയ്ക്ക് പപ്പയെ സ്വോപ്നം കണ്ടാണ് ഞെട്ടി എണീറ്റത്.പപ്പയുടെ സർജറിയെ കുറിച്ചുള്ള ചിന്തകൾ മനസ്സിന്റെ ഭാരം വല്ലാതെ കൂട്ടിയിരുന്നു.ഇടയ്ക്ക് മുറിഞ്ഞു പോയ ഉറക്കം തിരികെ കിട്ടാനായി തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. പക്ഷെ അതൊന്നും ഫലം കണ്ടില്ല. ടൈം അറിയാനായി ഫോൺ നോക്കിയപ്പോൾ ഒരു മണി കഴിഞ്ഞേ ഉള്ളൂ.അപ്പോഴാണ് ഫോണിന്റെ അരണ്ട വെളിച്ചത്തിൽ തണുപ്പ് കൊണ്ടു ചുരുണ്ടു കൂടി കിടക്കുന്ന H.P യെ കണ്ടത്. എന്തുകൊണ്ടോ ചെയ്തതൽപ്പം കടന്നു പോയെന്നൊരു കുറ്റബോധം എന്നിൽ നിറഞ്ഞു. വേഗം എണീറ്റു എസി കുറച്ചിട്ടു.ശേഷം ബെഡ്‌ഡിലെ കട്ടിയുള്ള പുതപ്പു കൂടി എടുത്ത് പുതപ്പിച്ചു കൊടുത്തു.

അല്പം ചൂട് കിട്ടിയ ആശ്വാസത്തിൽ കൊച്ചു കുഞ്ഞിനെ പോലെ ഉറങ്ങുന്ന ആളേ കണ്ടപ്പോൾ എന്റെ മനസ്സിൽ ബാക്കിയുണ്ടായിരുന്ന ദേഷ്യവും വാശിയുമെല്ലാം ഉരുകിഅലിഞ്ഞില്ലാതാവുന്നതു പോലെ തോന്നി.ഞാൻ പോലും അറിയാതെ എന്റെ കൈകൾ അദ്ദേഹത്തിന്റെ മുടിയിഴകളെ തലോടുവാനായി ചെന്നിരുന്നു. പറഞ്ഞറിയിക്കാൻ അറിയാത്ത ഏതോ ഒരു വികാരത്തിന് എന്റെ മനസ്സ് അടിമപ്പെടുന്നത് പോലെ.ഇത്തിരി നേരം കൂടി അങ്ങനെ തുടർന്ന് തിരികെ വന്നു കിടക്കുമ്പോൾ പ്രണയത്തിൽ ചാലിച്ചൊരു പുഞ്ചിരി എന്റെ ചുണ്ടിൽ മിന്നിമറിഞ്ഞു. രാവിലെ എണീറ്റ ഉടനെ തിരഞ്ഞത് H.P യെ ആയിരുന്നു.

ഇന്നലത്തെ കാര്യങ്ങൾ ഓരോന്നോർത്തു ബാൽക്കണിയിൽ ഇരുന്നു.പെട്ടന്നാണ് ആള് വാട്ടറിങ് ക്യാനും പൊക്കി അവിടേക്ക് വന്നത്. എന്നെ കണ്ട ഉടനെ കണ്ണുരുട്ടി നോക്കുന്നുണ്ടായിരുന്നു.ഇങ്ങേരെ ഓട്ടം ഇന്ന് നേരത്തെ തീർന്നോ എന്ന് ആലോചിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ആളുടെ കയ്യിലെ ക്യാനിലേക്കു ശ്രദ്ധ പതിഞ്ഞത്.തല വഴി വെള്ളം വീഴാനുള്ള അപായ സൂചന ഉള്ളിൽ തോന്നിയത് കൊണ്ടു വേഗം സ്ഥലം കാലിയാക്കി.കുളിച്ച് താഴെ അടുക്കളയിലേക്കു ചെന്നു. അമ്മയും മാളുവും കാര്യമായി പണിയുന്നുണ്ട്.എന്നെ കണ്ടു പുഞ്ചിരിക്കുന്ന മാളുവിനെ കണ്ടാണ് അമ്മയും തിരിഞ്ഞു നോക്കിയത്. “ആഹാ മോള് എണീറ്റോ? ഞാൻ മുകളിലേക്കു വരാൻ തുടങ്ങുവായിരുന്നു ” “അതയോ… ഞാൻ ഇന്നിത്തിരി ലേറ്റ് ആയെന്നു തോന്നുന്നു അല്ലെ അമ്മേ.

H.Pയും ഇന്ന് ഓട്ടം കഴിഞ്ഞ് നേരത്തെ വന്നല്ലോ? ” “അതിന് അവൻ ഇന്ന് പോയില്ലല്ലോ ” അതും പറഞ്ഞു അമ്മ ചായ കപ്പ് കയ്യിൽ തന്നു.കൂടെ എണ്ണ പോലെ തോന്നിക്കുന്ന ഒരു ബോട്ടിൽ കൂടി എന്റെ കയ്യിൽ തന്നു. “പോയില്ലേ? ” “ഇല്ലെന്നേ…അവനെ ചെറിയൊരു മേല് വേദന. അതുകൊണ്ട് പോയില്ല.മോളെ കാണാതിരുന്നത് കൊണ്ടു ഇതും കൊണ്ടു ഞാൻ മുകളിലേക്കു വരാൻ തുടങ്ങുവായിരുന്നു. ” ഞാൻ അമ്മ തന്ന കുപ്പി ആകെ ഒന്നു മണപ്പിച്ചു നോക്കി. “ഇതു കുഴമ്പാണ്.. മേല് വേദനയ്ക്ക് നല്ലതാണ്. കുളിക്കുന്നെന് മുൻപ് ഇതു പുരട്ടി ചെറു ചൂടുവെള്ളത്തിൽ കുളിക്കാൻ പറ. ആശ്വാസം കിട്ടും. ” “ശെരി അമ്മേ… ” “പിന്നെ മോളെ… അവനോടു തല നനയ്ക്കെണ്ടാന്നു പറ.

ചിലപ്പോൾ ഉള്ളിൽ പനി ഉള്ളതിന്റെ ലക്ഷണം ആണെങ്കിലോ ഈ മേല് വേദന. ” “ആഹ് ഞാൻ പറഞ്ഞേക്കാം… ” ഇതു പനി അല്ല മറിച് ഞാൻ കൊടുത്ത പണി ആണെന്ന് പാവം അമ്മയുണ്ടോ അറിയുന്നു.എന്തായാലും ഇന്നലെ H.P യ്ക്ക് നല്ലൊരു കൊട്ട് തന്നെയാണ് ഞാൻ കൊടുത്തത് എന്ന് ഇന്നത്തെ ആഫ്റ്റർ എഫക്ട് കൊണ്ട് മനസ്സിലായി.എന്തായാലും ഇതുകൊണ്ട് തൃപ്തിപ്പെട്ടാൽ മതിയായിരുന്നു. ഞാൻ റൂമിൽ ചെല്ലുമ്പോൾ H.P കുളിക്കാൻ ഉള്ള ഒരുക്കത്തിലായിരുന്നു.ഞാൻ ചായ കപ്പും കുഴമ്പുകുപ്പിയും ടേബിളിൽ വച്ചു. ചായ കുടിച്ചെങ്കിലും കുപ്പി ആള് ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു.അങ്ങനെ ഞാൻ തന്നെ അതെടുത്തു ആൾക്ക് നേരെ നീട്ടി. “എന്താ ഇത്…? ” “ഇത്… കുഴമ്പു. അമ്മ തന്നതാ… മേല് വേദനയ്ക്ക് നല്ലതാണെന്നു പറഞ്ഞു. ”

“എനിക്കെങ്ങും വേണ്ട… ” അതും പറഞ്ഞു ആള് ബാത്‌റൂമിലേക്ക് നടന്നു. ഞാൻ കുപ്പിയും പിടിച്ചു പുറകെയും. “അല്ലാ…. ഇത് പുരട്ടി ചെറു ചൂടു വെള്ളത്തിൽ കുളിച്ചാൽ…. “എനിക്ക് വേണ്ടാന്ന് പറഞ്ഞില്ലേ… ” ഡും… ബാത്‌റൂമിന്റെ ഡോർ അടച്ച സൗണ്ട് ആണ്.എന്റെ മൂക്ക് ഡോറിൽ ഇടിക്കാഞ്ഞത് ഭാഗ്യം…ജസ്റ്റ്‌ മിസ്സ്.എന്തിന് പറയാൻ വന്നത് മുഴുമിപ്പിക്കാൻ പോലും സമ്മതിച്ചില്ല.എവിടെ…. ഇങ്ങേരു നന്നാവുന്ന ലക്ഷണമൊന്നും ഞാൻ നോക്കിട്ട് കാണുന്നില്ല. ഞാനും ചാരുവും കൂടി പ്ലാൻ ചെയ്തു മെരുക്കി കൊണ്ടു വന്ന മനുഷ്യനാ എന്തു ചെയ്യാനാ എന്റെ വിധി.ഇനി ഇപ്പോൾ എല്ലാം ഒന്നേന്ന് തുടങ്ങേണ്ടി വരും.അതും ആലോചിച്ചു സോഫയിൽ ഇരുന്നതും ആകെ മൊത്തം തണുപ്പടിച്ചു.

എന്തു കൊണ്ടോ ഇന്നലത്തെ ആളുടെ കിടപ്പ് ആലോചിച്ചപ്പോൾ എനിക്ക് പാവം തോന്നി. H.P കുളി കഴിഞ്ഞു വരുമ്പോൾ ഞാൻ എന്റെ ഹെയർ ഡ്രൈയർ ഉപയോഗിച്ച് സോഫ ഉണക്കാൻ ശ്രമിക്കുവായിരുന്നു.ഈ ബുദ്ധി എനിക്ക് തോന്നിയില്ലല്ലോ എന്ന വിധത്തിൽ ആളും, ഇങ്ങനെ കുറേ ഐഡിയകൾ എന്റെ കയ്യിൽ ഉണ്ടെന്ന ഭാവത്തിൽ ഞാനും പരസ്പരം നോക്കി. എന്തായാലും സോഫയിലെ നനവൊക്കെ ഏറെക്കുറെ പോയി.ഹോ ഈ എന്നെ കൊണ്ട് ഞാൻ തോറ്റു. ആ ആഴ്ച്ച പിന്നെ ദിയ വന്നില്ലെങ്കിലും കിച്ചു എത്തി.അവന്റ കൂടെ പഠിച്ച ഏതോ പയ്യന്റെ എൻഗേജ്മെന്റ് ഉണ്ടത്രേ. രാവിലെ തന്നെ ഓട്ടം കഴിഞ്ഞ് വന്ന H.P യോട് ബുള്ളറ്റ് കൊടുക്കുവോന്നും ചോദിച്ചു കാലു പിടിക്കുന്നത് കണ്ടു.

H.P ക്ക് രണ്ടു ദിവസമായി ഭയങ്കര ദേഷ്യം ആയിരുന്നു.തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യം.പ്രധാന ഇര ഞാൻ തന്നെ ആയിരുന്നു.കാരണം പിന്നെ പ്രത്യേകിച്ച് എടുത്തു പറയേണ്ടല്ലോ.ആളുടെ മേല് വേദന കുറേശ്ശേ ഭേദപ്പെട്ട് ഇന്ന് ജസ്റ്റ്‌ ഓട്ടം പുനരാരംഭിച്ചേ ഉള്ളൂ. എന്തായാലും കയ്യിലുള്ള എല്ലാ നമ്പറുകളും പുറത്തിറക്കി കിച്ചു ആളുടെ സമ്മതം മേടിച്ചു.എൻഗേജ്മെന്റ് കൂടാനുള്ള കിച്ചുവിന്റെ പോക്ക് ഒന്നു കാണണമായിരുന്നു.മുണ്ടും ഷർട്ടും കൂളിംഗ് ഗ്ലാസും ഒക്കെ ധരിച്ചു ബുള്ളറ്റിൽ നല്ല ചെത്ത് ആൺപിള്ളേരെ പോലെ. വൈകിട്ടു ഒരു നാല്‌ മണിയോടെയാണ് അവൻ തിരിച്ചെത്തിയത്. വന്ന ഉടനെ H.P യെ പേടിച്ചു ബുള്ളറ്റ് ഒക്കെ തുടച്ചു വൃത്തിയാക്കുന്നുണ്ടായിരുന്നു.

ഇത്തിരി കഴിഞ്ഞ് ഞാനും അമ്മയും ഉമ്മറത്തു ചെന്നിരുന്നപ്പോൾ പിന്നെ അവന്റെ വക വിശേഷം പറച്ചിലായി.അവൻ ഓരോന്ന് പറയുന്നുണ്ടെങ്കിലും എന്റെ കണ്ണ് മൊത്തം ബുള്ളറ്റിൽ ആയിരുന്നു.എന്റെ നോട്ടം കണ്ടിട്ടാണെന്നു തോന്നുന്നു കിച്ചു ഓടിക്കാൻ അറിയാമോ എന്ന് ചോദിച്ചു. കേൾക്കേണ്ട താമസം അമ്മ ചാടിക്കയറി എന്റെ ബുള്ളറ്റ് പ്രേമകഥകൾ അവനോടു വിസ്തരിച്ചു.എല്ലാം കേട്ട് കഴിഞ്ഞ് അവൻ തന്നെയാണ് ഓടിച്ചു നോക്കുന്നോ എന്ന് ചോദിച്ച് എന്നെ പ്രകോപിപ്പിച്ചത്.കൂടെ അമ്മയുടെ കട്ട സുപ്പോര്ട്ടും കൂടെ ആയപ്പോൾ എങ്കിൽ പിന്നെ നോക്കി കളയാം എന്ന് ഞാനും കരുതി.കിച്ചു കീ തന്നതും ഞാൻ അതിൽ ചാടി കയറി. കയറിയപ്പോൾ തന്നെ ഒരു അസ്വസ്ഥത എനിക്ക് ഫീൽ ചെയ്തതാണ്.പ്രേമമൊക്കെ ആണെന്ന് പറഞ്ഞിട്ടെന്താ ആകെ സച്ചുവിന്റെ ബുള്ളറ്റിൽ വല്ലപ്പോഴും കയറിയ പരിചയമേ എനിക്കുള്ളൂ.

ഇത് പക്ഷെ ആ മോഡൽ അല്ല. പോരാത്തതിന് ഹൈറ്റും കൂടുതൽ ആണെന്ന് തോന്നി. കാലു കഷ്ടി നിലത്തു തൊടുന്നെ ഉള്ളൂ.പിന്നെ കുറേ കാലമായി ഇത് ഓടിക്കാതെ കുറച്ചു ഗ്യാപും വന്നല്ലോ.അങ്ങനെ ആകെ മൊത്തം ഒരു അഡ്ജസ്റ്റ്മെന്റിൽ മുറ്റത്തൂടെ തന്നെ രണ്ട് മൂന്ന് റൗണ്ട് എടുത്തു. കിച്ചുവും അമ്മയും കണ്ടിരുന്നു നല്ല പ്രോത്സാഹനം ആണ്. അതോടെ എനിക്കും രസം പിടിച്ചു. അങ്ങനെ ആവേശം മൂത്ത് അടുത്ത റൗണ്ട് കൂടി വളച്ചതും ദേ കിടക്കുന്നു നിലത്ത്. എന്റെ കയ്യിലെ ഇത്തിരി പെയിന്റ് പോയതൊഴിച്ചാൽ എനിക്ക് വേറൊന്നും പറ്റിയില്ല. ബുള്ളെറ്റിനും ഏറക്കുറെ അങ്ങനെ തന്നെ ആയിരുന്നു.

ആകെ മുന്നിലുള്ള മിറർ ചെറുതായൊന്നു ഇളക്കി,ഫ്രണ്ട് ലൈറ്റിലും ബോഡിയിലും അവിടെയിവിടെയായി ചെറിയ പോറൽ വീണു, പിന്നെ സ്റ്റാൻഡിനു ചെറിയ ഇളക്കമുണ്ടോന്നു ചോദിച്ചാൽ നിർബന്ധിച്ചാൽ വേണേൽ ഇളകാം എന്നൊരു മട്ടിൽ നിൽക്കുന്നുണ്ട്.ഇതിലും വലിയ വീഴ്ചകൾ ഒക്കെ താണ്ടി വന്നവളെ പോലെ ഞാൻ ചാടി എണീറ്റു.ശരീരത്തിൽ എവിടെയൊക്കെയോ ഒരു ഉളുക്കിയ ഫീൽ ഉണ്ടായെങ്കിലും ഒന്നും പുറത്തു കാട്ടിയില്ല.അമ്മ ഉടനെ എന്തെങ്കിലും പറ്റിയോ മോളെ എന്ന് ചോദിച്ച് ഒടിപ്പിടിച്ചു വന്ന് എന്നെ ആകെ മൊത്തം പരിശോധിച്ചു.ഒന്നും പറ്റിയില്ല എന്ന് കണ്ടപ്പോൾ ആശ്വാസത്തോടെ നെടുവീർപ്പിടുന്നത് കണ്ടു.

കിച്ചുവിന്റെ ടെൻഷൻ മുഴുവനും H.P ഇതൊക്കെ അറിയുമ്പോൾ ഉണ്ടാകുന്ന പ്രശ്നങൾ ഓർത്തിട്ടായിരുന്നു.അവനും ഞാനും കൂടി പിടിച്ചു ഒരു വിധം അത് പോർച്ചിൽ കൊണ്ടു മൂടി വച്ചു.പിന്നെ അന്ന് ആരും തന്നെ ആ കാര്യം സംസാരിച്ചില്ല. പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ തന്നെ അത്യാവശ്യം നല്ല മേലുവേദന ഉണ്ടായിരുന്നു.ഇന്നലത്തെ വീഴ്ചയിൽ പറ്റിയതാണ്.കഴിഞ്ഞ ദിവസം അമ്മ തന്നു വിട്ട കുഴമ്പ് തിരിച്ചു കൊടുത്തില്ലായിരുന്നു.അത് എടുത്ത് കുളിക്കുമ്പോൾ ഒരു പിടി പിടിച്ചു.H.P യ്ക്ക് കൊടുത്തത് ഇത്ര വേഗം തിരിച്ചു കിട്ടുമെന്ന് കരുതിയില്ല.അങ്ങേർക്കു വല്ല ചാത്തൻ സേവയോ മറ്റോ ഉണ്ടെന്നു തോന്നുന്നു.എന്തായാലും ഇന്നലത്തെ കള്ളത്തരത്തിനു H.P രാവിലെ തന്നെ ഞങ്ങളെ കയ്യോടെ പൊക്കി.

താഴെ നിന്ന് ബഹളം കേട്ടുകൊണ്ടാണ് ഞാൻ കുളിച്ചിറങ്ങി വന്നത്.നോക്കുമ്പോൾ H.P നിന്ന് കിച്ചുവിനെ പൊരിക്കുന്നു. ബഹളം കേട്ടു അമ്മയും മാളുവും അടുക്കളയിൽ നിന്ന് ഓടി വരുന്നത് കണ്ടു.എന്നെ കണ്ട് ഒന്നുമില്ലെന്ന് കിച്ചു കണ്ണു ചിമ്മി കാണിച്ചെങ്കിലും കിച്ചുവിന്റെ അവസ്ഥ കണ്ടപ്പോൾ പാവം തോന്നി ഞാനും അതിൽ ഇടപെട്ടു. “കിച്ചുവിനെ വഴക്ക് പറയണ്ട.ഞാൻ ഓടിച് വീണതു കൊണ്ടാണ് അങ്ങനെ ഒക്കെ…. മുഴുവൻ പറയേണ്ടി വന്നില്ല. കേൾക്കാൻ കാത്തിരുന്ന പോലെ അങ്ങേര് എനിക്ക് നേരെ ചാടി വീണു. “ഓഹോ അപ്പോൾ നീയാണല്ലേ????

നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ആവശ്യം ഇല്ലാതെ എന്റെ ഒരു സാധനത്തിലും തൊടരുതെന്നു.ആരോട് ചോദിച്ചിട്ടാടി എന്റെ വണ്ടി നീ ഓടിച്ചത്? ” അങ്ങേരു എന്റെ നേരെ പൊട്ടിത്തെറിക്കുന്നത് കണ്ടപ്പോൾ കിച്ചു വീണ്ടും ഇടപെട്ടു. “ഏട്ടത്തിയോട് ഓടിച്ചു നോക്കിക്കോളാൻ പറഞ്ഞത് ഞാനാ ” “കിച്ചു… നീ ഇതിൽ ഇടപെടേണ്ട ” അങ്ങേരു എന്നെ വിടുന്ന മട്ടില്ല “ഇവര് രണ്ടാളും അല്ല. ഞാനാ ചന്തു മോളെക്കൊണ്ട് നിർബന്ധിച്ചു ഓടിപ്പിച്ചത്. കിച്ചുവിനോട് പറഞ്ഞു അവൾക്കു കീ കൊടുപ്പിച്ചതും ഞാനാ.അതുകൊണ്ട് പറയാൻ ഉള്ളതൊക്കെ എന്റെ മോൻ ഇങ്ങോട്ട് പറഞ്ഞോ. എന്താ… ” അമ്മയാണ് “അമ്മേ ഇവൾ…. ” “ഹരിക്കുട്ടാ… നിർത്തു. നീ എന്തിനാ അവളെ മാത്രം പറയുന്നേ.

ഞങ്ങളും കുറ്റക്കാരാണെന്ന് സമ്മതിച്ചല്ലോ. പിന്നെ അവള് നിന്റെ ഭാര്യയാണ്. നിന്റെ എല്ലാ കാര്യത്തിലും ഇടപെടാൻ അവകാശം നീ കൊടുത്തില്ലേലും അവൾക്കു ഉണ്ട്.” “ഹും… ഭാര്യ…ഈ ബന്ധങ്ങൾ ഒക്കെ പേരിട്ടു വിളിക്കാനെ കൊള്ളൂ. ഉള്ളിൽ എന്താണെന്നു ആർക്കറിയാം.” “ഹരിക്കുട്ടാ… ” “വേണ്ടാ… ഇത് എല്ലാരും കൂടിയുള്ള ഒത്തുകളിയാണെന്നു എനിക്കു മനസ്സിലായി.ഇനി ഞാൻ ഒന്നും പറയുന്നില്ല. എന്താന്ന് വച്ചാൽ ആയിക്കോ. ” അത്രയും പറഞ്ഞു ആള് ചവിട്ടിതുള്ളി മുകളിലേക്കു പോയി.അങ്ങേരു പറഞ്ഞ ചില കാര്യങ്ങൾ ഒന്നും എനിക്കു ഓടിയില്ല.എന്റെ കണ്ണൊക്കെ ചെറുതായി നിറഞ്ഞിരുന്നു. അമ്മയും കിച്ചുവും മാളുവും സങ്കടത്തോടെ എന്നെ നോക്കുന്നത് കണ്ടു.

“മോള് അവൻ പറഞ്ഞതൊന്നും കാര്യാക്കണ്ട.അവനെ നമുക്ക് ശെരിയാക്കാം. മോളുടെ കൂടെ എപ്പോഴും അമ്മ ഉണ്ട്. ” “ഞാനും.. ” കിച്ചുവാണ്. “എന്നാൽ പിന്നെ ഞാനും ” അത് നമ്മുടെ മാളുവാണ്. അതോടെ എന്റെ മുഖത്തൊരു ചിരി വിരിഞ്ഞു. ഞാൻ അമ്മയെ കെട്ടിപിടിച്ചു. “എനിക്കു അത്ര വിഷമൊന്നും വന്നില്ല… അല്ലേലും ഇതിപ്പോ എനിക്കു ശീലമായി.എന്നാലും എന്റെ പാറൂട്ടാ… ആ കേറി പോയ സാധനത്തെ എവിടുന്നു തവിട് കൊടുത്തു മേടിച്ചതാ???? ഒന്നുല്ലേലും നല്ലത് നോക്കി മേടിചൂടായിരുന്നോ?… ” “എടി… കാന്താരി… ” അതും പറഞ്ഞു അമ്മ എന്റെ ചെവിയിൽ പിടിച്ചു.പുറകെ ഒരു കൂട്ടച്ചിരി അവിടമാകെ മുഴങ്ങി.എത്ര പഠിച്ചിട്ടും തീരാത്ത ഒരു പുസ്തകം പോലെയാണ് H.P എന്ന് എനിക്ക് തോന്നുന്നു.

അയ്യോ…. പുസ്തകത്തിന്റെ കാര്യം പറഞ്ഞപ്പോഴാ… എനിക്ക് നാളെ ക്ലാസ്സ്‌ ടെസ്റ്റ്‌ ഉണ്ട്. വേഗം പോയി എന്തെങ്കിലും പഠിക്കട്ടെ….. ഇത്തിരി നേരം പഠിച്ചു മടുപ്പ് തോന്നിയപ്പോൾ ചാരുവിനെ വിളിച്ചു ഇന്നുണ്ടായ സംഭവങ്ങൾ ഒക്കെ പറഞ്ഞു. “ശ്ശെടാ….നിന്റെ H.P എന്താ ഇങ്ങനെ? ” “ആർക്കറിയാം എന്റെ ചാരൂ ??? ” “നിന്റെ ഭാഗത്തും തെറ്റുണ്ട്. നമ്മള് കഷ്ടപ്പെട്ട് പ്ലാൻ ചെയ്തു അങ്ങേരെ മെരുക്കി കൊണ്ടു വരുമ്പോൾ നീ ഇമ്മാതിരി പണി ഒക്കെ ഒപ്പിക്കാവോ? ” “ഞാൻ മനഃപൂർവം അല്ലേടി.ബുള്ളറ്റ് എന്റെ വീക്നെസ് ആണെന്ന് നിനക്കറിയില്ലേ.” “ഓ.. പിന്നെ. ഇനി ഇപ്പോൾ ആദ്യം മുതൽ തുടങ്ങണം. നിന്റെ ഓരോ കുരുത്തക്കേട്. ” “അല്ല ചന്തു… നമുക്ക് മൂപ്പരെ വശീകരിച്ചാലോ ” “എങ്ങനെ? ” “ശേ…. അതും ഞാൻ പറയണോ? ” “ഓഹ്… അങ്ങനെ.

നടപ്പില്ല മോളെ. കഴിഞ്ഞ ദിവസം ഒരു ടവൽ ചുറ്റി അങ്ങേരെ മുൻപിൽ പെട്ടു പോയതിനു ഇനി എന്നെ പറയാൻ ബാക്കി ഒന്നുല്ല.റൂമിന്നു പിടിച്ചു പുറത്താക്കും എന്ന് വരെ പറഞ്ഞു. ” “അപ്പൊ… അങ്ങേർക്കു അങ്ങേരെ തന്നെ വിശ്വാസക്കുറവുണ്ട്. ” “ആ… അതൊന്നും എനിക്കറിയില്ല.ഇങ്ങനെ പോയാൽ അങ്ങേരു മിക്കവാറും എന്നെ പർദ്ദ ഇടിക്കും. അല്ല മോളെ ചാരു നിനക്കെവിടുന്നാ ഇത്രേം കുരുട്ടു ബുദ്ധി ഒക്കെ.എന്റെ ടീച്ചറമ്മ ഒരു പാവം ആണല്ലോ. ” “ഓഹോ ഇപ്പൊ എനിക്കാ പ്രശ്നം… എങ്കിലേ ഞാനെ ഒരു പുസ്തകം വായിച്ചു. പുരുഷനെ വളയ്ക്കാൻ 101 വഴികൾ. അതിൽ ഉള്ളതാ… ” “ഓഹോ മോള് ആരെ വളയ്ക്കാനാണാവോ അത് വായിച്ചത്? ” “അത് നിനക്കറിയില്ലേ ചന്തു…? ” “നിനക്കിപ്പഴും സങ്കടം ഉണ്ടോടാ കിച്ചൂന്റെ കാര്യത്തിൽ… ” “ഏയ് അതൊക്കെ ഞാൻ വിട്ടു.

കുറച്ചു ദിവസത്തെ എന്റെ ഇഷ്ടത്തിനെക്കാളും കുട്ടിക്കാലം മുതലുള്ള അവരുടെ പ്രണയം തന്നെ അല്ലെ വലുത് ” “ഇപ്പോഴും കോൺടാക്ട് ഉണ്ടോ? ” “ഇല്ല… അറിഞ്ഞ അന്ന് തന്നെ ബ്ലോക്ക്‌ ചെയ്തു. ” കൂടുതൽ ചോദിച്ചു അവളെ വിഷമിപ്പിക്കേണ്ടെന്നു കരുതി ഞാൻ പതിയെ വിഷയം മാറ്റി H.P യിൽ എത്തിച്ചു. അതോടെ ആള് വീണ്ടും ഉഷാറായി ഉപദേശത്തിന്റെ കെട്ടഴിച്ചു. ഉച്ചയാവുമ്പോഴേക്കും ഒരു വിധം പഠിപ്പൊക്കെ ഒതുക്കി. ഉച്ചയ്ക്ക് ശേഷം കുറച്ച് യൂട്യൂബ് വീഡിയോ ഒക്കെ കണ്ടിരുന്നു. അപ്പോഴാണ് പഴയ പ്ലാസ്റ്റിക് കുപ്പികൾ മനോഹരമായി പെയിന്റ് ഒക്കെ അടിച് ചെടികൾ വളർത്തുന്ന ഒരു വീഡിയോ ശ്രദ്ധയിൽ പെട്ടത്. H.P യെ ഒന്ന് സോപ്പിട്ടു പതപ്പിക്കാൻ അത് നല്ലൊരു ഐഡിയ ആണെന്ന് തോന്നി.അപ്പോൾ തന്നെ ഡൌൺലോഡ് ചെയ്തു.

ഇത്തിരി കഴിഞ്ഞു സ്റ്റോർറൂമിൽ പോയി തപ്പി കുറേ പഴയ കുപ്പികൾ സങ്കടിപ്പിച്ചു കട്ട്‌ ചെയ്തു വച്ചു.വൈകിട്ടു പറമ്പിൽ പോയി കുപ്പികളിൽ മണ്ണ് നിറച്ചു സെറ്റ് ആക്കി മുറ്റത്തെ ചട്ടികളിൽ എക്സ്ട്രാ ഉള്ള ചെറിയ ചെടികൾ പറിച്ചു നട്ടു. അമ്മ എല്ലാത്തിനും സഹായിച്ചിരുന്നു. എല്ലാം എടുത്ത് മുകളിൽ ബാൽക്കണിയുടെ സൈഡിൽ കൊണ്ടു പോയി വച്ചു.നാളെ കോളേജിൽ നിന്ന് വരുമ്പോൾ കളർ വാങ്ങി കൊണ്ടു വരണം. കുറച്ചു കഴിഞ്ഞു H.P വന്ന് എല്ലാം പരിശോധിക്കുന്നത് കണ്ടു. പിറ്റേന്ന് രാവിലെ എണീറ്റ് കുളിച്ച് താഴെ ചെന്നപ്പോൾ അമ്മയാണ് ഇന്നലെ നട്ട ചെടികൾ നനയ്ക്കുന്ന കാര്യം പറഞ്ഞതു.ഞാൻ അതു മറന്നേ പോയി. മുകളിൽ ചെന്ന് വാട്ടറിങ് ക്യാൻ നോക്കിയപ്പോൾ കണ്ടില്ല.

പക്ഷെ എന്റെ ചെടികളൊക്കെ നനച്ചു വച്ചിരുന്നു.H.P ആണ് ചെയ്തതെന്ന് എനിക്ക് മനസ്സിലായി. എന്തോ മനസ്സിൽ ഒത്തിരി സന്തോഷം തോന്നി.വൈകിട്ടു കോളേജിൽ നിന്നു വരുമ്പോൾ കളർ വാങ്ങാൻ ഒരു കടയിൽ കയറി.അത്യാവശ്യം എല്ലാം കിട്ടുന്ന വലിയ കടയാണ്. സെയിൽസ് മാൻ കളർ എടുക്കുന്ന സാവകാശത്തിനു കട ആകെ ഒന്ന് പരതി. അപ്പോഴാണ് വളരെ മനോഹരമായ ഒരു ഹാങ്ങിങ് ബെൽ ശ്രദ്ധയിൽ പെട്ടത്.അടുത്ത് ചെന്ന് തിരിച്ചും മറിച്ചും ഒക്കെ നോക്കി ഡാമേജ് ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തി അതു കൂടി വാങ്ങി. രാത്രി പഠിക്കാൻ ഇരുന്നപ്പോൾ വാങ്ങിയ സാധനങ്ങൾ ഒക്കെ എടുത്ത് പരിശോധിച്ചു.കളർ ഒക്കെ എടുത്ത് ആദ്യം മാറ്റി വച്ചു.കളറിംഗ് പരിപാടി ഒക്കെ ഞാറാഴ്ചത്തേക്ക് പ്ലാൻ ചെയ്തു.

അത്യാവശ്യം നേരംപോക്കുള്ള പരിപാടി ആണ്. ഹാങ്ങിങ് ബെൽ അപ്പോൾ തന്നെ എവിടെയെങ്കിലും തൂക്കണം എന്ന് കരുതി.റൂമിൽ ഒത്തിരി നോക്കിയെങ്കിലും അതിനു പറ്റിയ സൗകര്യം ഇല്ലായിരുന്നു.പിന്നെ നേരെ ബാൽക്കണിയിലേക്ക് വിട്ടു.കുറേ നോക്കിയപ്പോൾ അത്യാവശ്യം ഉയരത്തിലായി ചുവരിൽ ഒരു ഹാങ്ങർ കണ്ടു. വേഗം ഒരു കസേര എടുത്തിട്ടു ഏന്തിവലിഞ്ഞു ഹാങ്ങിങ് ബെൽ തൂക്കാൻ ഒരു ശ്രമം നടത്തി.പെട്ടന്നാണ് H.P കയറി വന്നത്.വാതിൽ തുറക്കുന്ന സൗണ്ട് കേട്ടു നിന്ന നിൽപ്പിൽ തിരിഞ്ഞു നോക്കിയതും ബാലൻസ് തെറ്റി ഞാൻ H.P യുടെ മേലേക്ക് വീണു…..തുടരും

ഹരി ചന്ദനം: ഭാഗം 16

Share this story