ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 13

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 13

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

നിരഞ്ജനയും വീട്ടുകാരും വന്നു പോയിട്ട് രണ്ടു മൂന്ന് ദിവസമായി… അന്ന് മുതൽ നവി കാണുന്നു അപ്പുറത്തെ ആൾക്ക് ഒരു കളിയുമില്ല..ചിരിയുമില്ല… ബഹളവുമില്ല… ആകെയൊരു മൂഡ് ഓഫ്… ചെയ്യാനുള്ള കാര്യമൊക്കെ നടന്നു ചെയ്യുന്നുണ്ടെങ്കിലും പഴയപോലെ ഒരു ചൊടിയും പ്രസരിപ്പും ഒന്നുമില്ല…. ആർക്കോ വേണ്ടി എന്തോ ചെയ്യുന്ന പോലെ…മുത്തശ്ശിയോടും വല്യ മിണ്ടാട്ടമൊന്നുമില്ല ….. നവിക്ക് ഉള്ളിലൊരു സുഖം തോന്നി… ആ പരിഭവത്തിൽ ചാലിച്ച മുഖം കാണുമ്പോൾ…. അവനെ നോക്കുമ്പോൾ പതറിപ്പോകുന്ന ആ മിഴികളിൽ നീർ അടിയുന്നതും അവന് കാണാൻ കഴിയുന്നുണ്ടായിരുന്നു…

വെറുതെ ചൊടിപ്പിക്കാനായി അവൻ ഇടക്ക് ഓരോന്ന് പറയുകയും ചെയ്തു… രണ്ടു ദിവസം കൂടി കഴിഞ്ഞു… സന്ധ്യക്ക്‌ മുറ്റത്തൂടെ വെറുതെ നടക്കുമ്പോഴാണ് ഒരു ഫോൺ വന്നത്… പരിചയമുള്ള നമ്പർ ആയിരുന്നില്ല… നവി കോൾ അറ്റൻറ്റ് ചെയ്തു… “ഹലോ നവി… ഞാൻ നരേന്ദ്രൻ ആണ്.. നിരഞ്ജനയുടെ അച്ഛൻ… ” “ആഹ്.. പറയൂ അങ്കിൾ… എന്തുണ്ട് വിശേഷം…? “” “എടൊ അത്… അന്ന്… ഞങ്ങൾ തന്റ്ടുത്ത് വന്നത് ഒരു ചെക്കൻ കാണൽ ആയിരുന്നൂട്ടോ… ” നവിക്കൊന്നും പിടികിട്ടിയില്ല… “വളച്ചു കെട്ടില്ലാതെ കാര്യം പറയുവാ… വി ആർ ഇമ്പ്രെസ്ഡ്… ഞങ്ങൾക്ക് തന്നെ അങ്ങ് ബോധിച്ചു…

നിരഞ്ജന അവളുടെ ഇഷ്ടം പറഞ്ഞപ്പോൾ ഇത്രയും ഞങ്ങൾ വിചാരിച്ചില്ല… നിങ്ങൾ ചേരും… രണ്ടുപേരും ഒരേ ഫീൽടും ആണല്ലോ… അപ്പൊ ഇനി കാര്യങ്ങൾ നവിടെ വീട്ടുകാരുമായോന്നു ഡിസ്‌കസ് ചെയ്യണം… എന്താന്നു വെച്ചാൽ നിരഞ്ജനയോടു പറഞ്ഞു വിട് കേട്ടോ.. ” നരേന്ദ്രൻ ഫോൺ വെച്ചു… നവി വിയർത്തു പോയി… എന്തൊക്കെയാണ് മഹാദേവാ… അവൻ ആലോചനയോടെ അരഭിത്തിയിലേക്ക് കയറിയിരുന്നു… ആകെ ചിന്തിച്ചു മനസ് അലങ്കോലമായപ്പോൾ നിരഞ്ജനയോടു താല്പര്യമില്ല എന്ന് തുറന്നു പറഞ്ഞാൽ മതിയല്ലോ എന്ന തീരുമാനത്തിൽ അവൻ ആശ്വാസം കണ്ടു…. അപ്പോഴാണ് മുത്തശ്ശി പുരാണത്തിനായി ഇപ്പുറത്തേക്ക് വന്നത്…

“അന്നാരാരുന്നു വൈദ്യരെ വന്നത്…ഒരു കാറിൽ “?? “അത് ഒരു കല്യാണാലോചന… ആ പെണ്ണിനെ അങ്ങ് കെട്ടാമെന്നു വിചാരിക്കുന്നു… “അപ്പുറത്ത് തിണ്ണയിൽ നിൽക്കുന്ന ഗൗരി കേൾക്കാൻ പാകത്തിൽ നവി അല്പം ഉച്ചത്തിൽ പറഞ്ഞു… “ആഹാ… “മുത്തശ്ശി ഉച്ചത്തിൽ ചിരിച്ചു… “നല്ല മിടുക്കി കുട്ടിയാ ഇല്ലേ… വൈദ്യരെ പോലെ തന്നെ അവളും വൈദ്യരല്ലേ… “?? “മ്മ്… ഞങ്ങൾ രണ്ടുപേരും വൈദ്യന്മാരാ… “നവി ഒന്നുകൂടി ഒച്ച കൂട്ടി ഉച്ചത്തിൽ ചിരിച്ചു … ഗൗരി തല ചരിച്ചു ഇപ്പുറത്തേക്കൊന്നു നോക്കിയിട്ട് സാവകാശം അകത്തേക്ക് പോയി…. അവിടെ നെഞ്ചിൽ കനൽ മൂടിക്കെട്ടാൻ തുടങ്ങി എന്ന് മനസിലാക്കിയ നവി കള്ളചിരിയോടെ മുത്തശ്ശിയെ കണ്ണിറുക്കി കാണിച്ചു…. …………. 🌿

പിറ്റേദിവസം നവിക്ക് നിന്നു തിരിയാൻ പറ്റാത്ത അത്ര തിരക്കായിരുന്നു… നിരഞ്ജന ഇടക്കൊന്നു വന്നു നോക്കിയെങ്കിലും അവന് സംസാരിക്കാൻ സമയം കിട്ടിയില്ല… നിരഞ്ജന സന്തോഷവതിയായിരുന്നു… നവി “”നോ “”പറയേണ്ടുന്ന ഒരു കാര്യവും അവൾ കണ്ടില്ല…. അന്ന് നവി ഇറങ്ങിയപ്പോഴേക്കും കുറച്ചു നേരം കാത്തു നിന്നതിനു ശേഷം നിരഞ്ജന പോയിരുന്നു.. അതിന്റെ പിറ്റേദിവസം നിരഞ്ജനയെ ആശുപത്രിയിൽ വെച്ച് കണ്ടപ്പോൾ വൈകിട്ട് നേരത്തെ ഇറങ്ങിയിട്ട് കൽക്കണ്ടക്കുന്നിന്റെ താഴ്വരയിലേക്ക് വരണമെന്ന് അവൻ പറഞ്ഞു… അവളാണ് ആദ്യം ഇറങ്ങിയത്…

വീട്ടിൽ പോയി ഫ്രഷ് ആയി സാരിയൊക്കെ മാറ്റി ഒരു കോട്ടൻ ചുരിദാറിട്ട് അവൾ കൽക്കണ്ട കുന്നിന്റെ താഴ്വാരത്ത് എത്തി… സീസണൊക്കെ കഴിഞ്ഞു മാസങ്ങൾ ആയതിനാൽ അവിടെ തിരക്കൊന്നും ഉണ്ടായിരുന്നില്ല… കടകളും ഇല്ലായിരുന്നു… പേരിനു ഒന്നോ രണ്ടോ കടകൾ… കാർ ഒതുക്കി പാർക് ചെയ്തതിനു ശേഷം അവൾ നവി വരാനായി അവിടെ ഒരു മരച്ചുവട്ടിൽ കാത്തു നിന്നു… നല്ല പ്രശാന്ത സുന്ദരമായ അന്തരീക്ഷമായിരുന്നു.. മനസിന്‌ തണുപ്പേകുന്ന… ഏതൊക്കെയോ കാട്ടുപൂക്കളുടെ ഗന്ധം പേറി വരുന്ന അസാധ്യ കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ അലസമായി ചെവികൾക്കിടയിലേക്ക് തിരുകി വെച്ച് കൊണ്ട് നിരഞ്ജന കണ്ണുകൾ റോഡിലേക്ക് പായിച്ചു….

നാലെമുക്കാൽ കഴിഞ്ഞു നവി എത്തിയപ്പോൾ… അവൻ ഹോസ്പിറ്റലിൽ നിന്നും നേരിട്ട് വന്നതായിരുന്നു…. നിരഞ്ജന നിൽക്കുന്നിടത്തേക്ക് പറയാനുള്ള കാര്യങ്ങൾ ഒന്നുകൂടി മനസ്സിൽ അടുക്കിപ്പെറുക്കി ഒരു ചെറു പുഞ്ചിരിയോടെ നവി ചെന്നു… “ഡോ… നമുക്ക് പതുക്കെ നടന്നാലോ… ” “ആവാം… നവിയുടെ ഇഷ്ടം… “നിരഞ്ജന മുന്നോട്ട് നടന്നു… നവിയും “എന്താ പറയാനുണ്ടെന്നു പറഞ്ഞത്…” നിരഞ്ജന തന്നെയാണ് മൗനം ഭേദിച്ചത്.. “അത്… താൻ… തനിക്കൊന്നും തോന്നരുത്…തന്റെ ഒരിഷ്ടത്തിന്റെ പുറത്താണല്ലോ അച്ഛനും അമ്മയുമൊക്കെ എന്നെ കാണുവാനായി വന്നത്… പക്ഷെ..

അത്… തന്റെ ഇഷ്ടത്തെ മാനിക്കാതെ അല്ല ഞാനീ പറയുന്നത്… ഇതിനും ഒരുപാട് മുന്നേ എന്റെ മനസ്സിൽ ഒരാൾ കയറിപ്പോയി… വല്ലാത്ത ഒരിഷ്ടമാണ് അതിനോട്… മറക്കാൻ കഴിയില്ല.. അത്രമേൽ പതിഞ്ഞു പോയി… ഒരു മണ്തരിക്ക് പോലും വിട്ടുകൊടുക്കാൻ കഴിയില്ല അവളെ… അത്രക്കിഷ്ടമാണ്… താൻ… ഐആം സോറി നിരഞ്ജന… താൻ അച്ഛനോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കണം… നിറഞ്ഞു വന്ന മിഴികൾ നവി കാണാതെ ദുപ്പട്ടയുടെ തുമ്പ് കൊണ്ട് തുടച്ചു അവൾ… “ഏയ്… പ്രശ്നമൊന്നുമില്ല… നവിക്കും നവിയുടേതായ ഇഷ്ടങ്ങൾ ഉണ്ടല്ലോ… ഞാനും അത് മാനിക്കണമല്ലോ… ” “ആട്ടെ ആരാ കക്ഷി….

“നിരഞ്ജന ചോദിച്ചു… നടന്നു നടന്നു അവർ റോഡ് എത്താറായിരുന്നു….. നവി ജീൻസിന്റെ പോക്കറ്റിൽ കയ്യിട്ടു കൊണ്ട് ദൂരേക്ക് നോക്കി നിന്നു… ദൂരെ നിന്നും ഒരു പൊട്ട് പോലെ ഗൗരി അപ്പോൾ നടന്നു വരുന്നുണ്ടായിരുന്നു… റോഡിലേക്ക് ഇനിയും കുറച്ചു ദൂരം ഉണ്ട്… അവളെ കണ്ടതും നവിയുടെ മുഖം വിടർന്നു.. “ദാ… അവളാണ്… അവളാണ് ഈ മനസ്സിൽ കുറച്ചു നാളായി പറ്റിപ്പിടിച്ചിരിക്കുന്നത്… നിരഞ്ജന ദൂരേക്ക് നോക്കി… “അത്.. അതന്നു വീട്ടിൽ കണ്ട കുട്ടിയല്ലേ… ” “അതേ.. അവൾ തന്നെ… ഗൗരി… “നവി നെടുവീർപ്പിട്ടു…

റോഡിൽ നിന്നും താഴ്വാരത്തേക്ക് മിഴികൾ പായിച്ച ഗൗരിയും കണ്ടു അവ്യക്തമായിരുന്നെങ്കിലും നവിയും നിരഞ്ചനയും കൂടി നിൽക്കുന്നത്… “ദെൻ ബൈ നവി… ഞാൻ കാര്യങ്ങൾ അച്ഛനോട് പറഞ്ഞോളാം.. “നിരഞ്ജന ഷേക് ഹാന്റിനായി നവിക്ക് നേരെ കൈകൾ നീട്ടി കൊണ്ട് പറഞ്ഞു… “ബൈ നിരഞ്ജന… ലോട്ട് ഓഫ് താങ്ക്സ്..” നവിയും അവൾക്കു നേരെ കൈ നീട്ടി.. ഇതിനിടയിൽ ഗൗരി ഇടക്കൊരിക്കൽ കൂടി തിരിഞ്ഞു നോക്കുന്നത് നവി ശ്രേദ്ധിച്ചിരുന്നു… വഴിയിൽ ഒരാളെ കണ്ടു നിന്നു വർത്തമാനം പറഞ്ഞതിനാൽ നവി അല്പം കൂടി വൈകിയാണ് വാര്യത്തെത്തിയത്…

സന്ധ്യയായിട്ടും ഒരു അനക്കവും കാണാഞ്ഞു അവൻ ഉമ്മറത്തേക്ക് എത്തി നോക്കി… വിളക്ക് പോലും വെച്ചിട്ടില്ല.. ഇരുട്ടടിച്ചു കിടക്കുന്നു… അങ്ങോട്ട് നടന്നു ചെന്നപ്പോഴേക്കും മുത്തശ്ശി വിളക്കുമായി തിണ്ണയിലേക്ക് വരുന്നത് കണ്ടു… അവനെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് നിലവിളക്ക് കത്തിച്ചു… നാമം ചൊല്ലാൻ ഒതുക്കി കൂട്ടി ചമ്രം പടഞ്ഞിരിക്കാൻ നേരം നവിയെ നോക്കി പറഞ്ഞു… “ഗൗരൂട്ടിക്ക് തലവേദന… കിടക്കുവാ… അത്താഴത്തിന് ഒരു ചമ്മന്തിയെ ഉണ്ടാവൂട്ടോ… ” “ഓ.. മതീല്ലോ… ” “എന്താ ഇപ്പൊ തലവേദന വരാൻ… “?? “ആവോ.. അറീല്ല… വന്ന വേഷം പോലും മാറാതെ കിടക്കുവാ….

തീർത്തും വയ്യാരിക്കും… അല്ലെങ്കിൽ അങ്ങനെ കിടക്കില്ല… “മുത്തശ്ശി നാമം ചൊല്ലാൻ തുടങ്ങി… നവി അപ്പുറത്തേക്ക് പോയി തലവേദനയുടെ ഒരു ടാബ്ലറ്റുമായി വന്നു… പടിയിലേക്ക് കയറി… മുത്തശ്ശി മുഖമുയർത്തി നോക്കിയപ്പോൾ ഗുളികയുടെ സ്ട്രിപ്പ് കാട്ടി അവൻ അകത്തേക്ക് നടന്നു… അമ്മ കിടക്കുന്ന മുറിയിലേക്ക് ഒന്നെത്തി നോക്കിയപ്പോൾ ആൾ മയക്കത്തിലാണ്.. അവൻ ഗൗരിയുടെ മുറിവാതിൽക്കൽ ചെന്നു.. മുറിയിൽ വെട്ടമില്ല.. ഇടനാഴിയിലെ ബൾബിന്റെ ചെറിയ നുറുങ്ങു വെട്ടം അരിച്ചരിച്ചു എത്തുന്നുണ്ട് ആ മുറിയിലേക്ക്… ഫാൻ പോലും ഇട്ടിട്ടില്ല.. നേരത്തെ കണ്ട ഇളം റോസ് നിറത്തിലെ സാരി തന്നെ….

ഉമ്മറത്തിണ്ണയിലേക്ക് ഒന്ന് പാളി നോക്കി കൊണ്ട് നവി മെല്ലെ കട്ടിലിൽ അവളുടെ അടുത്തേക്കിരുന്നു…. “ഗൗരി… ” പിടഞ്ഞെഴുന്നേറ്റു ഗൗരി… “എന്താ… എന്തിനാ മുറിയിൽ വന്നേ.. “?? അവൻ വേഗം എഴുന്നേറ്റ് മുറിയിലെ ബൾബിന്റെ സ്വിച്ച് ഇട്ടു… ഗൗരി മുഖം താഴ്ത്തി കളഞ്ഞു… പൂർണ്ണചന്ദ്രൻ പോൽ ഉദിച്ചു നിന്നിരുന്ന ആ മുഖം കണ്ണീരിനാൽ കുതിർന്നിരിക്കുന്നത് നവി കണ്ടു….കണ്ണുകൾ കലങ്ങി മറിഞ്ഞിരിക്കുന്നു… “എന്താ.. എന്താ നിനക്ക് പറ്റിയെ…എന്തിനാ കരയുന്നെ… ? ” “ഒന്നൂല്ല… ” “അല്ല എന്തോ ഉണ്ട്.. പറ… എന്താണെന്ന്.. ” “തലവേദന… “ഗൗരി മറ്റെങ്ങോ നോക്കി കൊണ്ട് പറഞ്ഞു….

“ദാ…ഇത് കഴിക്ക്.. “പോക്കറ്റിൽ നിന്നും ഗുളിക എടുത്തു ഗൗരിയുടെ നേർക്ക് നീട്ടി കൊണ്ട് നവി പറഞ്ഞു… ഗൗരി അത് വാങ്ങാൻ കൈ നീട്ടിയതും ഒരു കൈ കൊണ്ട് സ്വിച്ച് ഓഫ് ചെയ്തു മറു കൈ കൊണ്ട് നവി അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു… “ഈ തലവേദന ഗുളിക കഴിച്ചാൽ മാറില്ലെന്നെനിക്കറിയാം…. ഇത് മാറാൻ ഞാൻ വേറെ മരുന്ന് തരാം… “നവി അവളെ ഒന്ന് കൂടി വരിഞ്ഞു മുറുക്കി… ആ മുഖം കൈക്കുമ്പിളിലെടുത്ത് നെറ്റിമേൽ ഒരു ചൂട് അധര സ്പർശം നൽകി… ഒരു മാത്ര നേരം ആ കരുതലിൽ മുങ്ങി നിന്നു പോയ ഗൗരി ഏതോ ഒരു തിരിച്ചറിവിൽ അവന്റെ കയ്യിൽ കിടന്നു കുതറി..

“വിട്ടേ… ന്നെ വിട്ടേ… ഡോക്ടർ എന്താ വിചാരിച്ചേ എന്നെ കുറിച്ച്… ഡോക്ടറുടെ ഇഷ്ടങ്ങൾക്ക് നിന്നു തരുന്ന ഒരു ചീത്ത പെണ്ണാണ് ഞാൻ എന്നോ.. സമ്പത്തില്ലെന്നേയുള്ളു… അഭിമാനത്തിന് ഒരു കുറവും ഇല്ല ഗൗരിക്ക്…കാര്യം കാണാൻ ഒരാളും കല്യാണം കഴിക്കാൻ വേറെ ആളുമോ…. ഡോക്ടർക്ക് ആള് തെറ്റി…. ” “എപ്പോഴോ ഒരിഷ്ടം തോന്നി പോയി എന്നുള്ളത് നേരാ… എന്ന് കരുതി എന്നെ ചൂഷണം ചെയ്യരുത്… പറ്റിക്കരുത്…അതിനു ഞാൻ നിന്നു തരില്ല…. ” “പറ്റിക്കാൻ എളുപ്പമാ… ആരുമില്ല ചോദിക്കാൻ… പക്ഷെ പറ്റിക്കപെടുന്നത് സങ്കടമുള്ള കാര്യമാ…അവർക്കും ഒരു മനസുണ്ട്… എന്നും എക്കാലവും ഇളിഭ്യ ആകാൻ ഒരാൾ ഇഷ്ടപ്പെടില്ല…

ഡോക്ടർ പൊയ്ക്കോളൂ… ” “ഗൗരി ഞാൻ… നീ കാര്യമറിയാതെ… ” “വേണ്ട ഡോക്ടർ…കൂടുതൽ വിശദീകരണം വേണ്ടാ… ” നവി വേദനയോടെഅവളെ നോക്കി.. ശേഷം ആ പടിയിറങ്ങി പോയി. കരഞ്ഞുകൊണ്ട് ഗൗരി കുളിപ്പുരയിലേക്ക് ഓടി… തണുത്ത വെള്ളം കുറെ തല വഴി കോരിയൊഴിച്ചു… ആ തണുപ്പിനും അവളുടെ വിങ്ങലിനെ അകറ്റാൻ കഴിഞ്ഞില്ല… ഏറെ നേരത്തിനു ശേഷം അവൾ വേഷം മാറി ദാവണി ഉടുത്തു വന്ന് ഭസ്മത്തട്ടിൽ നിന്നും ഭസ്മം എടുത്തു നെറ്റിയിൽ കുറി ചാർത്തി … മുറ്റത്തെ ഇരുട്ടിലേക്ക് നോക്കി കുറെ നേരമിരുന്നു… മുത്തശ്ശി അടുക്കളയിൽ ചമ്മന്തി അരക്കുന്നുണ്ടായിരുന്നു…

കുറച്ചു കഴിഞ്ഞു നവിക്കുള്ള അത്താഴവുമായി മുത്തശ്ശി അപ്പുറത്തേക്ക് പോകുന്നതവൾ കണ്ടു… ആ ജനലിങ്കൽ കണ്ട അവന്റെ നിഴലിൽ അൽപനേരം മുഖം ഉടക്കിയെങ്കിലും മിഴികൾ ഇറുക്കെ അടച്ചവൾ അവിടെ തന്നെ ഇരുന്നു… കണ്ണുകൾ അനുസരണയില്ലാതെ പെയ്യുവാൻ തുടങ്ങിയപ്പോൾ അമർത്തി തുടച്ചു കൊണ്ട് മുറിയിലേക്ക് പോയി.. തറയിലേക്ക് കുനിഞ്ഞിരുന്ന് കട്ടിലിന്റെ അടിയിൽ വെച്ചിരുന്ന വലിയ തകരപെട്ടി തുറന്ന് കുറെ ബുക്കുകൾക്ക് ഇടയിൽ നിന്നും ഒരു ഡയറി പൊടി തട്ടിയെടുത്തു… മേശയിലേക്ക് കൊണ്ട് വെച്ച് മെല്ലെ അവൾ അതിന്റെ പുറം ചട്ട തുറന്നു…. ………ദേവദത്തൻവാര്യർ……..

“എന്റെ പ്രണയം…. അത്… നീയാണ്… നീയില്ലാതെ ഇന്നെനിക്ക് നിലനിൽപ്പില്ല… എന്നിലെ ശ്വാസവും.. താളവും… അതിന്ന് നീയാണ്… നീയില്ല എന്നുള്ള ശൂന്യതയിൽ നിന്ന് എനിക്കൊരു തിരിച്ചു വരവ് ഇല്ല… ഒരു കാറ്റായി… തണുവായി.. തണലായി… നിന്നിൽ ഞാനലിയുന്നു…. ഇഷ…. ” ദത്തൻ….. ആ വടിവോത്ത അക്ഷരങ്ങൾ വായിച്ചു തീർന്നപ്പോൾ ഗൗരിയുടെ ചുണ്ടിൽ ഒരു പരിഹാസ ചിരിയൂറി…. ആദ്യത്തെ പ്രഹരം… ആദ്യത്തെ പറ്റിക്കപ്പെടൽ…. കുഞ്ഞിന്നാളിലെ നെഞ്ചിൽ കൊണ്ട് നടന്നതിനു ദേവേട്ടൻ തന്ന പ്രഹരം…. അവൾ ആ ഡയറിക്കുള്ളിൽ വെച്ചിരുന്ന സുന്ദരിയായ ഒരു പെൺകുട്ടിയുടെ ഫോട്ടോ കയ്യിലെടുത്തു നോക്കി…

ദേവേട്ടന്റെ പ്രിയപ്പെട്ടവൾ… ഇവിടെ.. പറ്റിക്കപ്പെട്ടത് ഗൗരി… അവൾ മെല്ലെ കണ്ണടച്ചു… നിരഞ്ജനയുടെ മുഖം മനസിലേക്കോടിയെത്തി… നവിയേട്ടന്റെ പ്രിയപ്പെട്ടവൾ… ഇവിടെയും പറ്റിക്കപ്പെട്ടത് ഗൗരി…. മിഴികൾ മുറുകെ അടച്ചവൾ കസേരയിലേക്ക് തല ചായ്ച്ചു വെച്ചിരുന്നു.. 🥀”പറ്റിക്കപ്പെടാൻ ഇനിയും എന്റെ ജന്മം ബാക്കി….. “🥀 ……🍂കൽക്കണ്ടക്കുന്നിലെ മഹാദേവന്റെ ദീപം കാലം തെറ്റി വന്നൊരു കാറ്റിൽ ഒന്നാളിക്കത്തി ആ നേരം…. 😊dk❣ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 12

Share this story