താന്തോന്നി: ഭാഗം 1

താന്തോന്നി: ഭാഗം 1

എഴുത്തുകാരി: അമ്മു അമ്മൂസ്

“”ആ രുദ്രൻ അവിടുണ്ട്… ഇന്നും നാല് കാലിൽ നിന്നിട്ട് ആരോടൊക്കെയോ ലഹള ഉണ്ടാക്കുന്നുണ്ട്… മോളിപ്പോ അങ്ങോട്ട് പോകാതെ ഇരിക്കുന്നതാ നല്ലത്… കണ്ടു കഴിഞ്ഞാൽ പിന്നെ എന്തൊക്കെയാ അവൻ പറയുക എന്ന് ഒരു നിശ്ചയവും ഇല്ല… ഇന്നൊരു ദിവസത്തേക്ക് ഇത്തിരി വൈകിക്കോട്ടെ മോളെ…”” ശരദേട്ടത്തി പറഞ്ഞത് കേട്ടപ്പോൾ ഉള്ളിൽ ഒരു ചെറിയ ഭയം തോന്നി എങ്കിലും പുറമേ ഒരു പുഞ്ചിരി എടുത്തണിഞ്ഞു… ഉള്ളിലെ വിചാരങ്ങൾ ഒക്കെ ഒരു പുഞ്ചിരിയാൽ മറച്ചു പിടിക്കാൻ ഇതിനകം തന്നെ പഠിച്ചിരുന്നു…

“”എന്നോടിപ്പോ ദേഷ്യം ഒന്നും ഉണ്ടാകില്ല ചേച്ചി… അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ…”” വീണ്ടും ചേച്ചിയുടെ മുഖത്ത് സംശയം നിറഞ്ഞു നിൽക്കുന്നത് കണ്ടു… “”എന്റെ ശാരദേച്ചി…… ഈ രുദ്രനെ നോക്കി നിന്നാലേ എന്റെ വീട്ടില് അടുപ്പ് പുകയില്ല… ഇനിയും വൈകി പോകാൻ നിന്നാൽ പിന്നെ വീണ്ടും ഒരിക്കൽ കൂടി അങ്ങോട്ട് ജോലിക്ക് ചെല്ലേണ്ടതില്ല… അല്ലെങ്കിൽ തന്നെ ഇടയ്ക്കിടെയുള്ള അവധി കാരണം ആകെ പ്രശ്നമായിരിക്കുവാ….”” അങ്ങനെയൊക്കെ പറഞ്ഞു ശരദേച്ചിയെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചുകൊണ്ട് മുന്നോട്ട് ധൈര്യം ഭാവിച്ചു നടന്നു എങ്കിലും ഉള്ളിൽ വല്ലാത്തൊരു പേടി നിറയുന്നുണ്ടായിരുന്നു.

അയാളിന്നീ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്നത് തന്നെയാണ്….എപ്പോൾ കണ്ടാലും അടുത്തേക്ക് പാഞ്ഞെത്തും… ആൾക്കൂട്ടത്തിന് നടുവിലാണ് എന്ന് പോലും നോക്കാതെ വായിൽ തോന്നിയതൊക്കെ വിളിച്ചു പറയും…. അറിവില്ലാത്ത പ്രായത്തിൽ പറ്റിയ ഒരബദ്ധം…. ചെറിയ ഒരു പിഴവിന് പകരമായി കൊടുക്കേണ്ടി വന്നത് ഒരുപാട് ജീവിതങ്ങളായിരുന്നു… ഇന്നും അതിന്റെ തീക്കനൽ വല്ലാതെ ദേഹമാകെ പൊള്ളിക്കുന്നു.. എല്ലാവർക്കും പ്രിയങ്കരനായിരുന്ന രുദ്രനെ ഇന്നത്തെ ഒറ്റയാനാക്കി മാറ്റിയത് തന്റെ മാത്രം പിഴവാണ്….. എപ്പോഴും നിറഞ്ഞ ചിരിയോടെ മാത്രം കണ്ടു വന്ന നാട്ടിലും വീട്ടിലും എല്ലാർക്കും പ്രിയങ്കരനായ രുദ്രൻ…..

ഇന്ന് എല്ലാവരുടെയും മുൻപിൽ ഒരു താന്തോന്നിയായി ജീവിതം നശിപ്പിക്കുന്നു….. അതിന്റെ ശിക്ഷയായിട്ടാകാം സ്വന്തം ജീവിതം തന്നെ പകരം കൊടുക്കേണ്ടി വന്നത്…കുറ്റബോധം തന്നെയായിരുന്നു മനസ്സിൽ… അതുകൊണ്ടാണ് ഓർമ്മ വന്ന കാലം മുതൽ അവനോട് തോന്നിയ പ്രണയത്തെ ഉള്ളിൽ കുഴിച്ചു മൂടിയത്…. ആ സ്നേഹത്തിന് താൻ അർഹയല്ല എന്ന് തോന്നി…. ഓരോന്നാലോചിച്ചു എത്ര ദൂരം നടന്നു എന്നറിയില്ല… അല്ലെങ്കിലും ഈ നടത്തം ഇപ്പോൾ ശീലമായി….. കവലയിൽ എത്തിയപ്പോൾ ആദ്യം കേട്ടത് ദേഷ്യത്തോടെയുള്ള ആക്രോശങ്ങളാണ്…. ആളുകൾ കൂട്ടം കൂടി നിൽപ്പുണ്ട്….

എത്ര വേണ്ടെന്ന് പറഞ്ഞു പഠിപ്പിച്ചിട്ടും കണ്ണുകൾ അങ്ങോട്ടേക്ക് തന്നെ ചെന്നു…. ഇത്തിരി ഉയർന്നു നിന്ന് നോക്കിയപ്പോൾ കണ്ടു ആരോടോ നിന്ന് കയർക്കുന്നത്…കുറച്ചു നേരമായെന്ന് തോന്നുന്നു വഴക്ക് തുടങ്ങിയിട്ട്… കാലൊന്നും നിലത്തുറക്കുന്നുണ്ടായിരുന്നില്ല…. ഷർട്ട്‌ ന്റെ ബട്ടൺ ഒക്കെ പൊട്ടി കിടപ്പുണ്ട്… കണ്ണൊക്കെ ചുവന്നു കലങ്ങി ഇരിക്കുന്നു… കഴിഞ്ഞ ആഴ്ച തല്ലുണ്ടാക്കിയതിന്റെ മുറിവ് ഇപ്പോഴും ആ കൈയിലുണ്ട്…. അതെ കൈ കൊണ്ട് തന്നെ എതിരാളിയെ ആഞ്ഞാഞ്ഞു പ്രഹരിക്കുന്നുണ്ട്….. പൊരുതി നിൽക്കാൻ പറ്റാഞ്ഞിട്ടാകണം ഒടുവിൽ അയാൾ തോൽവി സമ്മതിക്കുന്നത് കണ്ടു.

ശക്തിയായി അയാളെ ഒന്ന് പിടിച്ചു തള്ളി രുദ്രൻ തിരിയുമ്പോളേക്ക് കൂടിനിന്ന ആളുകൾ ഒക്കെ പിരിഞ്ഞു പോകുന്നത് കണ്ടു.. അവൻ കാണരുതേ എന്ന് പ്രാർത്ഥിച്ചു മുഖം കുനിച്ചു വേഗത്തിൽ നടക്കാൻ തുടങ്ങി എങ്കിലും കാറ്റ് പോലെ പാഞ്ഞു അതിനകം ആള് മുന്നിൽ എത്തിയിരുന്നു… “”ആഹാ…. മനക്കലെ കൊച്ചു തമ്പുരാട്ടി ഇനി എങ്ങോട്ടാണോ ആവോ… ഇനിയും ആരെയെങ്കിലും കൊന്നു തള്ളാൻ ബാക്കി ഉണ്ടോ….”” ഒരോ വാക്കും നെഞ്ചിനെ വല്ലാതെ മുറിവേൽപ്പിക്കും പോലെ. കണ്ണ് നിറച്ചു നോക്കിയിട്ടും ആ മുഖത്ത് വ്യത്യാസം ഒന്നും കണ്ടിരുന്നില്ല. പതിവ് പുച്ഛവും അവജ്ഞയും നിറഞ്ഞ കണ്ണുകളാൽ നോക്കി നിൽക്കുന്നുണ്ട്.

“”എന്താടി….. നീ…. നീ ഒരുത്തിയ…. നീ കാരണമാ എല്ലാം….. “”ദേഷ്യത്തോടെ അവൾക്ക് നേരെ വിരൽ ചൂണ്ടി രുദ്രൻ അലറി. “”നോക്കിക്കോ നീ…. വെറുതെ വിടില്ല നിന്നെ….”” പ്രതികരിക്കാൻ പോലും കഴിഞ്ഞില്ല. തല താഴ്ത്തി നിന്നു. അല്ലെങ്കിൽ തന്നെ എന്ത് പറയാനാണ്. രുദ്രേട്ടൻ പറയുന്ന എല്ലാം ശെരി തന്നെയല്ലേ.എല്ലാം താൻ അർഹിക്കുന്നത് തന്നെയാണ് എന്ന് തോന്നി… രണ്ടു കുടുംബങ്ങളാണ് ഇല്ലാതായത്… ഒരു നിമിഷത്തെ എടുത്തു ചാട്ടത്തിന്റെ ഫലം… തല താഴ്ത്തി നിൽക്കുന്നത് കണ്ടിട്ടാകണം വീണ്ടും എന്തൊക്കെയോ പറയുന്നുണ്ട്…. കണ്ണുകൾ അനുസരണ ഇല്ലാതെ നിറയുന്നുണ്ടായിരുന്നു.

മുഖമുയർത്തി നോക്കിയതേ ഇല്ല. ചുറ്റിലും ആളുകൾ എന്തൊക്കെയോ പറയുന്നത് കേൾക്കാമായിരുന്നു. പക്ഷേ അതിൽ ആരും തന്നെ രുദ്രേട്ടനെ പിടിച്ചു മാറ്റാനോ… പ്രശ്നം പരിഹരിക്കാനോ വന്നില്ല. ഒരു നാടകം കാണുന്ന അതെ ആസ്വാദനത്തോടെ തനിക്ക് നേരെ നീളുന്ന കണ്ണുകൾ അവളിൽ വെറുപ്പ് നിറച്ചു. എന്തൊക്കെയോ പറഞ്ഞു മടുത്തിട്ടാകണം ആള് നിർത്തി എന്ന് തോന്നുന്നു…. തല ഉയർത്തി നോക്കിയതും പിന്നിലേക്ക് തള്ളിയതും ഒന്നിച്ചായിരുന്നു. നിലത്തേക്ക് വീണു പോയി. കൈയുടെ മുട്ട് കല്ലിൽ ഉരഞ്ഞെന്ന് തോന്നുന്നു… വല്ലാതെ നീറുന്നുണ്ടായിരുന്നു….

എഴുന്നേൽക്കണം എന്നുണ്ട്… പക്ഷേ കൈയുടെയും നടുവിന്റെയും വേദന കാരണം പറ്റുന്നുണ്ടായിരുന്നില്ല. കുറേയേറെ നേരമെടുത്തു ഒന്ന് എഴുന്നേറ്റു ഇരിക്കാൻ. കൈ മുട്ട് ആകെ കല്ലിച്ചു കിടപ്പുണ്ട്… കൈയ്ക്ക് താങ്ങു കൊടുത്തു പതിയെ എഴുന്നേൽക്കുമ്പോൾ ബൈക്ക് ന്റെ അടുത്തേക്ക് നടക്കുന്ന രുദ്രേട്ടനെയാണ് കാണുന്നത്. സീറ്റിൽ കേറി ഇരുന്നിട്ട് ഇങ്ങോട്ട് നോക്കുന്നത് കണ്ടു…ഒരിക്കൽ കൂടി വെറുപ്പ് നിറഞ്ഞ നോട്ടം എറിഞ്ഞിട്ട് ബൈക്ക് എടുത്തു പോയിരുന്നു. ഉരുകി ഇല്ലാതാകും പോലെ തോന്നി.

ചുറ്റിലും ഉള്ള ആളുകളെല്ലാം കാഴ്ച കാണാൻ വേണ്ടി നിൽക്കുന്നുണ്ട്…ആരെയും നോക്കാൻ തോന്നിയില്ല. ബസ് വന്നത് ഒരാശ്വാസമായി തോന്നി. സീറ്റ്‌ ഉണ്ടായിരുന്നതുകൊണ്ട് കൈ എവിടെയെങ്കിലും തട്ടുമോ എന്ന് പേടിക്കാതെ ഇരിക്കാൻ പറ്റി. സ്റ്റോപ്പിൽ നിന്നും ഇനിയും അര മണിക്കൂർ കൂടി ദൂരമുണ്ട് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക്. ഇപ്പോൾ തന്നെ സമയം ഒൻപതു കഴിഞ്ഞു… ഒൻപതരക്കാണ് ജോലിക്ക് കേറേണ്ടത്. ഇന്നും മാനേജർ ടെ വകയായി വഴക്ക് കേൾക്കുമല്ലോ എന്നാലോചിച്ചപ്പോൾ ഉള്ളിലൊരു സങ്കടം വന്നു നിറയും പോലെ തോന്നി അവൾക്ക്. 🔸🔸🔸

സ്റ്റോപ്പിൽ എത്തിയപ്പോഴേക്കും ഒൻപതര കഴിഞ്ഞിരുന്നു. സമയം വൈകിയത് കാരണം വേഗത്തിൽ നടന്നു… പ്രതീക്ഷിച്ചത് പോലെ തന്നെ മാനേജർ വാതിൽക്കൽ തന്നെ നിൽപ്പുണ്ട്. തന്നെ കണ്ടപ്പോൾ ആ മുഖം ഇരുളുന്നത് കണ്ടു. “”ഇതിവിടെ നടക്കില്ല പാർവതി. തന്റെ അച്ഛനോട് എനിക്ക് കടപ്പാടുണ്ട് അതൊക്കെ ശെരിയാണ്… അതിന്റെ പേരിൽ തന്നെയാണ് തനിക്കു ഇത്രയും എക്സ്ക്യൂസുകൾ ഞാൻ തന്നതും. പക്ഷേ താനത് ഒരു സ്വാതന്ത്ര്യം ആയി എടുക്കരുത്. സമയത്തിന് വരാൻ പറ്റില്ലെങ്കിൽ മറ്റെവിടെ എങ്കിലും ജോലി നോക്കിക്കോളൂ. ഇതിപ്പോൾ തന്നെ കണ്ടു മറ്റുള്ളവരും ഇത് പഠിക്കും എന്നുള്ള സ്ഥിതിയാണ്.”” എല്ലാം തലയാട്ടി സമ്മതിച്ചു.

ഇത് പ്രതീക്ഷിച്ചിരുന്നതാണ് എങ്കിലും പെട്ടെന്ന് കേട്ടപ്പോൾ വല്ലാതെ വീർപ്പു മുട്ടുന്നു. മനസ്സ് അറിയാതെ കഴിഞ്ഞ കാലത്തിലേക്ക് സഞ്ചരിച്ചു. അച്ഛനോട് എന്നും അമിതമായി വിധേയത്വം കാണിച്ചു നിന്നിരുന്ന മനുഷ്യനാണ്…അന്ന് വല്ലാത്ത ബഹുമാനം കലർന്ന സംസാരമായിരുന്നു തന്നോട് പോലും… എത്ര വേഗമാണ് ആളുകൾ മാറുന്നത്. പലഹാരങ്ങൾ പാക്കറ്റുകളിലേക്കും നിറയ്ക്കുമ്പോൾ കഴിഞ്ഞു പോയ ഓർമ്മകളിൽ കൂടി സഞ്ചരിക്കുകയായിരുന്നു മനസ്സ്… അച്ഛൻ പണ്ടേ ഗൗരവക്കാരൻ ആയിരുന്നു… അമ്മയ്ക്കും അച്ഛനെ പേടിയായിരുന്നു എന്ന് വേണം പറയാൻ…

അതുകൊണ്ട് തന്നെ ചേച്ചിയോടായിരുന്നു കുഞ്ഞിലേ മുതൽ കൂടുതൽ അടുപ്പം…. ചേച്ചി എവിടെ പോയാലും വാല് പോലെ താനും കൂടെ കാണും…. അങ്ങനെയായിരുന്നു വിഷ്ണുവേട്ടനുമായും രുദ്രേട്ടനുമായും ഒക്കെ കൂട്ടാകുന്നത്…. രണ്ടു കുടുംബങ്ങൾ തമ്മിൽ എന്നും വഴക്കായത് കാരണം താൻ ആരോടും മിണ്ടാറില്ലായിരുന്നു… ചേച്ചിയും വിഷ്ണുവേട്ടനും ഒന്നിച്ചു പഠിച്ചതായിരുന്നു…. രുദ്രേട്ടൻ തന്നെക്കാൾ മുതിർന്നതാണ്… കാണുമ്പോൾ തന്നെ വിഷ്ണുവേട്ടൻ ഓടി അരികിലേക്ക് എത്തും. തന്നോട് ഒരുപാട് സ്നേഹമായിരുന്നു…. എന്നും തനിക്കായി പലഹാര പൊതികൾ കൊണ്ട് വരും.

ചേച്ചിക്ക് തരും മുൻപേ തനിക്കാണ് തരിക… കൂടുതലും വിഷ്ണുവേട്ടന്റെ അമ്മയുണ്ടാക്കുന്ന പലഹാരങ്ങൾ ആയിരിക്കും. രുദ്രേട്ടൻ അന്നേ ഇത്തിരി ഗൗരവമാണ്…. ചിരിക്കാൻ പോലും വല്ലാത്ത ബുദ്ധിമുട്ട് ആയിരുന്നു… പിന്നീട് എപ്പോഴൊക്കെയോ കാണുമ്പോൾ ഒരു പുഞ്ചിരി നൽകാൻ തുടങ്ങി… അപ്പോഴും കാര്യമായിട്ടൊന്നും പറയില്ല. വിഷ്ണുവേട്ടനെ ജീവനാണ് എന്ന് തോന്നിയിട്ടുണ്ട് രുദ്രേട്ടന്.. ആള് എത്ര വലിയ ദേഷ്യത്തിൽ നിൽക്കുകയാണ് എങ്കിലും വിഷ്ണുവേട്ടൻ എന്തെങ്കിലും പറഞ്ഞാൽ ഉടൻ അനുസരണയോടെ തലയാട്ടുന്നത് കാണാം.

അതുകൊണ്ട് തന്നെ രുദ്രേട്ടൻ എന്ത് പറഞ്ഞു വഴക്കിനു വന്നാലും ആദ്യം തന്നെ വിഷ്ണുവേട്ടന്റെ അടുത്തേക്ക് ചെന്ന് പരാതിയുടെ കെട്ടഴിക്കും. ഏട്ടൻ ശാസനയോടെ രുദ്രേട്ടനെ നോക്കുമ്പോൾ തല കുനിച്ചു നിൽക്കുന്നത് കാണാം… തിരിച്ചു പോകും വഴിക്ക് വീണ്ടും തന്നെ നോക്കി പല്ലിറുമ്മും… ഒരു ദിവസം ഇതുപോലെ രുദ്രേട്ടന്റെ കൂടെ തല്ല് കൂടി പരാതിയുമായി ചെന്നപ്പോഴാണ് വിഷ്ണുവേട്ടന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന ചേച്ചിയേ കാണുന്നത്….തന്നെ കണ്ടതും രണ്ടാളും പരിഭ്രമത്തോടെ മാറി നിന്നിരുന്നു… വിഷ്ണുവേട്ടനെ അത്രയ്ക്ക് ഇഷ്ടം ആയിരുന്നതിനാൽ ദേഷ്യം തോന്നേണ്ട ആവശ്യം ഉണ്ടായിരുന്നില്ല….

ചേച്ചിയുടെ ഇഷ്ടത്തിൽ തനിക്കും ഒരുപാട് സന്തോഷമായിരുന്നു തോന്നിയത്… അന്ന് കണക്കിന് കളിയാക്കിയപ്പോൾ വീട്ടിൽ ആരോടും പറയരുത് എന്ന് ചേച്ചി സത്യം ചെയ്യിച്ചിരുന്നു…രണ്ടാമതൊന്ന് ആലോചിക്കാതെ തന്നെ വാക്ക് കൊടുത്തു.. പക്ഷേ നാവ് ചതിച്ചു…. അടുത്താരും ഇല്ലെന്നുള്ള തോന്നലിലാണ് ചേച്ചിയേ വിഷ്ണുവേട്ടന്റെ പേര് പറഞ്ഞു ഉറക്കെ കളിയാക്കി ചിരിച്ചത്… അച്ഛനത് കേട്ടുകൊണ്ട് വരും എന്ന് ഒരിക്കലും വിചാരിച്ചതല്ല….കൂടെ ഇരുന്ന ചേച്ചിയേ തല്ലി നിലത്തേക്ക് വീഴ്ത്തിയപ്പോൾ മാത്രമാണ് അടുത്ത് നിന്ന അച്ഛനെ കാണുന്നത്….

ചേച്ചിയുടെ അടുത്തേക്ക് ഓടി ചെല്ലാൻ നോക്കിയെങ്കിലും ദഹിപ്പിച്ചൊന്ന് നോക്കിയപ്പോൾ നിന്നിടത്തു തന്നെ തറഞ്ഞു നിന്ന് പോയി… ഇതുവരെ കാണാത്ത മുഖമായിരുന്നു പിന്നീട് പലർക്കും… ഒരോ തവണയും തല്ലു കിട്ടുമ്പോൾ ചേച്ചി നോക്കുന്ന നോട്ടം കാൺകെ കുറ്റബോധം കൊണ്ട് ഉള്ള് നീറും….എല്ലാത്തിനും കാരണം നീയാണ് എന്ന് പറയാതെ പറയും പോലെ….വീട്ടുതടങ്കലും പട്ടിണിക്കിടലും തല്ലും എല്ലാം മുറ പോലെ നടന്നെങ്കിലും വിഷ്ണുവേട്ടനെ മറക്കാൻ ചേച്ചി തയ്യാറായിരുന്നില്ല…. ഇതിനിടയിൽ വിഷ്ണുവേട്ടനെ ആരൊക്കെയോ തല്ലിച്ചതച്ചു ആശുപത്രിയിൽ ആക്കി എന്നും വാർത്ത കേട്ടു…

കൂടുതൽ ആലോചിക്കാതെ തന്നെ അച്ഛന്റെ മുഖം മനസ്സിൽ തെളിഞ്ഞു…. ഒടുവിൽ സമ്മതം പോലും ചോദിക്കാതെ വിവാഹം ഉറപ്പിച്ചത് കാരണമാകാം ഒരു മുഴം തുണിയിൽ ചേച്ചി വീടിന്റെ ഉത്തരത്തിൽ അഭയം തേടിയത്….. അന്നാണ് വിഷ്ണുവേട്ടനെ അവസാനമായി കണ്ടത്…. ചേച്ചിയേ ഉമ്മറത്തേക്ക് കിടത്തിയപ്പോൾ എവിടുന്നോ വേച്ചു വേച്ചു വരുന്നത് കണ്ടു….. ദേഹമാകെ അപ്പോഴും മുറിവുകൾ ചുറ്റിക്കെട്ടി വച്ചിരുന്നു….. കൂടെ തന്നെ രുദ്രേട്ടനും ഉണ്ട്… ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ…… തന്നെ നോക്കി ഭസ്മമാക്കും പോലെ നോക്കുന്നത് കണ്ടു…. വിഷ്ണുവേട്ടൻ പതിയെ രുദ്രേട്ടന്റെ കൈ വിടീച്ചു ചേച്ചിയേ നോക്കി തൊട്ടടുത്തു തന്നെ ഇരിക്കുന്നത് കണ്ടു….

പക്ഷേ ഇപ്പ്രാവശ്യം അച്ഛൻ തടഞ്ഞില്ല….വല്ലാതെ തളർന്നു പോയിരുന്നു… ചേച്ചിയുടെ മുഖത്തൊക്കെ വിരലോടിച്ചു നെറുകയിൽ ഒരു ചുംബനം നൽകുന്നത് കണ്ടു….. “”ഭദ്രേ….””. ഇടറിയ ശബ്ദത്തിൽ ഒന്ന് വിളിച്ചു…. തനിക്ക് നേരെ ആ കണ്ണുകൾ നീളുന്നത് കണ്ടപ്പോൾ കാൽമുട്ടുകളിലേക്ക് മുഖം ഒളിപ്പിച്ചു….. ഇതിനെല്ലാം കാരണം താനാണെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു….വിഷ്ണുവേട്ടന്റെ മുഖത്തേക്ക് മാത്രം തനിക്ക് നോക്കാൻ കഴിയില്ല…. അതിനുള്ള ശക്തി ഉണ്ടായിരുന്നില്ല….

അതിന് ശേഷം ആരും വിഷ്ണുവേട്ടനെ കണ്ടിരുന്നില്ല….. വീടും നാടും ഒക്കെ വിട്ട് എവിടേക്കോ താമസം മാറിയിരുന്നു എന്ന് ആരോ പറഞ്ഞു അറിഞ്ഞു….. രുദ്രേട്ടൻ വല്ലാതെ മാറിയിരുന്നു പിന്നീട്…. ഇല്ലാത്ത ദുശീലങ്ങൾ എല്ലാം തുടങ്ങി….. ഒരോ തവണയും തന്നെ കാണുമ്പോൾ വെറുപ്പോടെ പാഞ്ഞു വരും…..വായിൽ തോന്നുന്നതൊക്കെ പറയും… മിണ്ടാതെ കേട്ട് നിൽക്കുകയെ ഉള്ളൂ….. താൻ കാരണമാണ് അത്രയും സ്നേഹിച്ച ഏട്ടനെ രുദ്രേട്ടന് നഷ്ടമായത്… വിഷ്ണുവേട്ടന് ചേച്ചിയേ നഷ്ടമായത്….. നിറഞ്ഞൊഴുകുന്ന കണ്ണുകൾ അമർത്തി തുടച്ചു ജോലിയിലേക്ക് തന്നെ ശ്രദ്ധിച്ചു… 🔸🔸🔸

വൈകുന്നേരം ജോലി കഴിഞ്ഞു തിരികെ നടക്കുമ്പോൾ ജംഗ്ഷൻ എത്തിയതും പതിവ് പോലെ കണ്ണുകൾ രുദ്രേട്ടന് വേണ്ടി പരതാൻ തുടങ്ങി…. രാമുവേട്ടന്റെ കടയുടെ വാതിൽക്കൽ ഇരിക്കുന്നത് കണ്ടു…. പതിവ് ഗൗരവം തന്നെ മുഖത്ത്…. കൈയിൽ ഇരിക്കുന്ന സിഗരറ്റ് ആഞ്ഞാഞ്ഞു വലിക്കുന്നുണ്ട്… ഇപ്പോൾ കുടിച്ചിട്ടില്ല എന്ന് തോന്നുന്നു…. തന്നെ കണ്ടതും ആ മുഖം വീണ്ടും ചുമക്കുന്നത് കണ്ടു…. പിന്നെ വെറുപ്പോടെ മുഖം തിരിച്ചു വീണ്ടും സിഗരറ്റ് ചുണ്ടോട് അടുപ്പിക്കുന്ന രുദ്രനെ കാൺകെ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു… തുടരും ഞാൻ വീണ്ടും വന്നു 😁😁… ഒത്തിരി പാർട്ട്‌ ഒന്നും ഇല്ലാട്ടോ 🤗🤗.. അപ്പൊ ഇനി എല്ലാരും വായിച്ചിട്ട് ബല്യ കമന്റ്‌ ഇട്ടോളൂ 🙈🙈

Share this story