അദിതി : ഭാഗം 10

അദിതി : ഭാഗം 10

എഴുത്തുകാരി: അപർണ കൃഷ്ണ

അമ്മയും പീക്കിരികളും കൂടെ തകർത്തു പാചകമാണ്. ഞാൻ അടുക്കള സ്ലാബിനു മുകളിൽ ഇരുന്നു അപ്പപ്പോൾ ചുട്ടു തരുന്ന നെയ്‌റോസ്സ് വെട്ടി വിഴുങ്ങുന്നു. അപ്പോളാണ് സേവിക്കുട്ടൻ കൗതുകകുതൂഹലനായിട്ട് അമ്മയോട് ഒരു ചോദ്യം, “ഈ അലോഷിനെ കെട്ടിച്ചാലോ അമ്മേ” ദ്രോഹി ഇവനൊക്കെ ഞാൻ എന്ത് ചെയ്തിട്ടാണ് എന്റെ കഞ്ഞിയിൽ പാറ്റ ഇടാൻ നടക്കുന്നത്. ഞാൻ പെട്ടന്ന് അമ്മേടെ മുഖത്ത് നോക്കി. “ഹം എന്നിട്ടു വേണം ആ ചെക്കന്റേം അതിന്റെ വീട്ടുകാരുടേം വായിൽ ഇരിക്കുന്നത് മൊത്തം ഞാനും എന്റിച്ചായനും കേൾക്കാൻ” മാതാവ് രാവിലെ നല്ല മൂഡിൽ ആണ്.

ഇതും പറഞ്ഞു എന്നെ നോക്കി ഒരു വളിച്ച ചിരി പാസ് ആക്കി. ഞാൻ ഒന്നും മിണ്ടീല. അല്ലേലും ഫുഡ് കഴിക്കുന്ന നേരം ഞാൻ അതിൽ മാത്രമേ കോൺസെൻട്രറ് ചെയ്യാറുള്ളു. “ഏയ് അമ്മ അങ്ങനെ പേടിക്കണ്ട ഇതിനെ ഇങ്ങനെ കെട്ടി കൊണ്ട് പോകാൻ റെഡി ആയി ചെക്കനെ കിട്ടിയാലോ” വിനു ഇത് പറഞ്ഞതും വായിൽ കിടന്ന ഭക്ഷണം എല്ലാം കൂടെ ഇരച്ചു എന്റെ മണ്ടയിൽ കേറി. സാമ്പാറിന്റെ എരിവ് പുകഞ്ഞു മുകളിലേക്ക് കേറുന്നതിന്റെ ഇടയിൽ മൂക്കുമുതൽ തലച്ചോറിൽ ഉള്ള നാഡി ഞരമ്പുകളുടെ എല്ലാം റൂട്ട് എനിക്കപ്പോൾ മനസിലായി. എന്റെ ചുമയും പരവേശവും കൂടെ ആയപ്പോൾ എല്ലാം ഒക്കെ ആയി.

“അതാരാ ആ നിർഭാഗ്യവാൻ എന്നും ചോദിച്ചു അമ്മ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഷെർലോക് ഹോംസിന് ഹെർക്യൂൾ പൊയ്‌റോട്ടില് ജനിച്ച മുതലാണ് മുന്നിൽ നിൽക്കുന്നത്. എന്ത് പറയണം എന്നറിയാതെ ഞാൻ നിക്കുമ്പോൾ ദേ അപ്പയും വന്നു. എന്റെ കർത്താവെ ഞാൻ എല്ലാം ഷെയർ ചെയ്യുന്ന അപ്പയോടു പോലും ഡേവിഡിനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. എന്ത് പറഞ്ഞു തടി തപ്പും എന്ന് ഓർത്തു നിൽക്കുന്നെന്റെ ഇടയിൽ, വിനു എന്റെ രക്ഷക്കെത്തി, ” അല്ല അമ്മെ നമുക്ക് അങ്ങനെ ഒരാളെ കണ്ടു പിടിക്കാം എന്നാ ഞാൻ ഉദേശിച്ചത്”

“ഓഹ് കുറെ കിട്ടും ആദ്യം പെൺപിള്ളേരെ പോലെ നടക്കാൻ പറ നിന്റെ ഒക്കെ അരുമ സഹോദരിയോട്‌, എന്നിട്ടു കെട്ടിച്ചു കൊടുക്കാം” ‘അമ്മ ഇത് പറഞ്ഞു നിർത്തിയതും അപ്പ എന്നെ ചേർത്ത് നിർത്തി, “നീ പൊടി ഭാര്യേ എന്റെ മോളെ, അവൾ എങ്ങനെ ആണോ അങ്ങനെ ഇഷ്ടപെടുന്ന ഒരാൾക്കേ ഞാൻ കൊടുക്കൂ…. അല്ലേടാ അപ്പേട ചക്കരെ” എനിക്കതങ്ങു ഇഷ്ടപ്പെട്ടു. അമ്മയെ നോക്കി കൊഞ്ഞനം കാണിച്ചു കൊണ്ട് ഞാൻ അപ്പക്ക് കെട്ടി പിടിച്ചൊരു ഉമ്മ കൊടുത്തു, എന്നിട്ട് പീക്കിരികളെ രൂക്ഷമായി ഒന്ന് നോക്കി.

നാറികൾ സഹോദരന്മാരാണ് പോലും. വരട്ടെ ഞാൻ നല്ല പണി പാലും വെള്ളത്തിൽ കലക്കി കൊടുക്കുന്നുണ്ട്. രാവിലെ പള്ളിയിൽ നടന്ന സംഭവം വീണ്ടും മനസിൽ കയറി വന്നു. കുർബാന കഴിഞ്ഞു പുറത്തിറങ്ങാൻ നേരം എന്തോ ഡേവിച്ചൻ സംസാരിക്കാൻ വരും എന്ന് തോന്നിയത് കൊണ്ട് മുങ്ങാൻ തന്നെ ആയിരുന്നു എന്റെ പ്ലാൻ. എന്നാൽ സകലതും നശിപ്പിച്ചു കൊണ്ട് പീക്കിരികൾ അങ്ങേരെ പൊക്കി കൊണ്ടാണ് എന്റെ പുറകെ വന്നത്. അതും ഡേവിഡ് മാത്രമല്ല, കൂടെ മമ്മയും പപ്പയും അനിയനും.

എല്ലാരും എന്റെ അടുത്ത് വന്നു. “മോളല്ലേ അലീന ഇവൻ എപ്പോഴും പറയും മോളെ പറ്റി” എന്ന് പറഞ്ഞു ആന്റി ഒരു പുഞ്ചിരിയോടെ എന്നെ ചേർത്ത് പിടിച്ചു. ഹ്മ്മ് ഇങ്ങേരു എന്തിനാ എന്നെ പറ്റി പറയുന്നെ… അവരുടെ എല്ലാം മുഖത്തു നിറഞ്ഞ ചിരിയായിരുന്നു. എനിക്കാണേൽ എങ്ങനെ എങ്കിലും അവിടന്ന് മുങ്ങിയാൽ മതി എന്ന് തോന്നി. പക്ഷെ അവര് വിട്ടിട്ടു വേണ്ടേ, മൂന്നുപേരും കൂടെ എന്നെ വളഞ്ഞിട്ടു കാര്യം പറയുന്നത് ചെറു പുഞ്ചിരിയോടെ നോക്കി കാണുവായിരുന്നു ഡേവിച്ചൻ. പീക്കിരികളുടെ മുഖത്തു ആക്കിച്ചിരിയാണ്. എല്ലാം തെണ്ടികളാ… വർത്തമാനം പറഞ്ഞു പറഞ്ഞു എന്റെ അപ്പായുടേം അമ്മയുടെയും പേര് ഒക്കെ ചോദിച്ചു മനസിലാക്കി.

അപ്പയെ അങ്കിളിനു അറിയാം എന്ന് പറഞ്ഞു. പിന്നെയും എന്തൊക്കെയോ സംസാരിച്ചു. കിളി പറന്നു നിക്കുവാരുന്ന കൊണ്ട്, അവർ ചോദിച്ചത് എന്തൊക്കെ ആണെന്നോ, ഞാൻ മറുപടി എന്ത് പറഞ്ഞെന്നോ ഒന്നും ഓർമ ഇല്ല. ആകെപ്പാടെ ഒരു പുകമയം. പക്ഷെ അനിയൻകുട്ടിയെ എനിക്ക് ഇഷ്ടപ്പെട്ടു കേട്ടോ, അവനെ എന്റെ അനിയൻ ആയിട്ടു കിട്ടിയിരുന്നേൽ ഞങ്ങൾ പൊളിച്ചേനേ…. അന്നാദ്യമായി പാന്റും ഷർട്ടും ഇട്ടു പോന്നതിൽ എനിക്കൊരു കുറ്റബോധം തോന്നി. എന്തിനാ ന്നു ചോദിച്ചാ…… ചുമ്മാ വെറുതെ.

എന്തായാലും അന്നത്തെ ദിവസം മൊത്തം പീക്കിരികൾ ഇതിന്റെ പേരിൽ എന്നെ കളിയാക്കുക തന്നെ ആയിരുന്നു, നാളെ ആയിട്ടു വേണം ഡേവിഡ് ജോണിന് ഇത് എന്തിന്റെ കേടാ എന്ന് ചോദിയ്ക്കാൻ. ഇതിങ്ങനെ വെറുതെ വിടാൻ പറ്റിയ ഒരു വിഷയം അല്ലല്ലോ. അന്ന് രാത്രി അപ്പയുടെയും അമ്മയുടെയും കൂടെ പുതപ്പിന്റെ ഇടയിൽ നൂണ്ടു കേറിയപ്പോൾ അപ്പ ചിരിയോടെ എന്നോട് ചോദിച്ചു “അപ്പയുടെ അലിക്കുഞ്ഞിനു എന്താ പറയാൻ ഉള്ളത്” കുറെ നേരം എന്ത് എങ്ങനെ പറയണം എന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു.

“അപ്പാ അത്. …” എന്റെ വർത്തമാനം കേട്ടതും അമ്മയും ഞങ്ങൾക്ക് നേരെ തിരിഞ്ഞു “പറഞ്ഞോടാ വാവേ” അപ്പ വീണ്ടും എന്നെ പ്രോത്സാഹിച്ചപ്പോൾ ഡേവിഡ് ജോൺ എന്ന കഥാപാത്രത്തിനെ പറ്റി ഞാൻ പറഞ്ഞു. എല്ലാം ഒരു പുഞ്ചിരിയോടെ അപ്പ കേട്ടിട്ടിരുന്നു, ജോൺ അങ്കിൾ അപ്പയെ അരി എന്ന് പറഞ്ഞത് അറിഞ്ഞപ്പോൾ ആ മുഖത്തു ഒരു ചിരി പടർന്നു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ കുറച്ചു നേരം മിണ്ടാതിരുന്നു….എന്നിട്ടു ചോദിച്ചു, “അതിനിപ്പോ മോളു എന്തിനാ ടെൻഷൻ ആകുന്നെ, അവൻ നിന്റെ അടുത്ത് ഇത് വരെ ഒന്നും പറഞ്ഞില്ലല്ലോ, ഇനി അഥവാ എന്തേലും പറഞ്ഞാലും നിനക്കിഷ്ടമാണേൽ ധൈര്യമായി പ്രേമിച്ചോടി”

ഞാൻ വിടർന്ന കണ്ണുകളോടെ അപ്പയെ നോക്കുമ്പോൾ ദേ ‘അമ്മ ” മനുഷ്യാ പാതിരാത്രി നിങ്ങൾ എന്റെ കൊച്ചിനെ വഴി തെറ്റിക്കാൻ നോക്കുവാണോ” “ഓഹ് പിന്നെ പ്രേമിക്കുന്നവർ എല്ലാം വഴി തെറ്റുന്നവരാണേൽ ഞാനും നീയും ഒക്കെ എന്നേ വഴി തെറ്റിയവരാടി അന്നാമ്മേ” ഇത് കേട്ടതും അമ്മ ഹഹഹ ന്നു ഒരു ചിരി ആയിരുന്നു. അതെന്നായാലും ഞാൻ പ്രതീക്ഷിച്ചില്ല കേട്ടോ. .. പിന്നീട് കുറച്ചു നേരം ഞങ്ങൾ ഒന്നും മിണ്ടാതെ കിടന്നു, എന്നിട്ട് എന്നെ ചേർത്ത് പിടിച്ചു അമ്മ പറഞ്ഞു “അവനെ മോൾക്കിഷ്ടമാണേൽ ഞങ്ങൾക്ക് സമ്മതമാ കേട്ടോ” “അമ്മാ….” ഞാൻ ലേശം അരിശത്തോടെ വിളിച്ചു.

“അങ്ങേരു ഇന്ന് വീട്ടുകാരെ മൊത്തം പൊക്കി കൊണ്ട് വന്നത് കൊണ്ട് ടെൻഷൻ ആയിട്ടാണ്, ഇത് നിങ്ങൾ അടുത്ത് പറഞ്ഞത്, ഇതിപ്പോ ഇങ്ങനെ പറഞ്ഞാലോ, അല്ലേലും ഒരു പ്രണയത്തിനും വിവാഹത്തിനും പറ്റിയ മനസ്സല്ല എനിക്കെന്നു നിങ്ങൾക്കറിഞ്ഞു കൂടെ. ..” ഇത് കേട്ടതും രണ്ടു പേരും നിശബ്ദരായി. ബെഡ്‌ലാമ്പിന്റെ നേരിയ വെളിച്ചത്തിൽ അമ്മ കണ്ണുനീർ തുടക്കുന്ന കണ്ടപ്പോൾ എനിക്ക് വല്ലാത്ത വേദനയുണ്ടായി, അപ്പയും ഒരുപക്ഷെ വിഷമിച്ചു കിടക്കുവായിരിക്കും.

ഞാൻ പെട്ടന്ന് തന്നെ രണ്ടുപേരെയും ഇക്കിളിയിട്ടു കെട്ടിപിടിച്ചു. “ഇപ്പൊ മൂഡ് ഇല്ലന്ന് പറഞ്ഞല്ലേ ഒള്ളു, മൂഡ് വരുവാണേൽ പണ്ട് അലോഷ്യസ് അന്നമ്മയെ അടിച്ചോണ്ടു പോന്ന പോലെ ഞാൻ എന്റെ ചെക്കനെ അടിച്ചോണ്ടു പോകും നോക്കിക്കോ” ഇത് കേട്ടതും ‘അമ്മ ഉഷാറായി, എന്റെ ചെവിൽ പിടിച്ചൊരു മുറുക്ക്…. ഞാൻ ആആആ ന്നും വിളിച്ചു തലയിണ എടുത്ത് അമ്മക്കിട്ടു കൊടുത്തു. ഇത് കണ്ടു ചിരിച്ച അപ്പയെ ‘അമ്മ വെറുതെ വിടുമോ, അടി ഇടി ചവിട്ട് കുത്ത് അവസാനം ഞങ്ങൾ തല്ലും പിടിച്ചു തളർന്നു ഉറങ്ങാൻ കിടന്നപ്പോൾ ഒരു മണിയായി.

അമ്മയുടെ താരാട്ടും കേട്ട്, ഞാനും അപ്പയും ഉറങ്ങി. …. കോളേജിൽ യൂണിയൻ ആൻഡ് ആർട്സ് ഡേ നടക്കുന്ന സമയം അടുപ്പിച്ചായിരുന്നു ആദ്യത്തെ സെമസ്റ്റർ എക്സാം. ലാസ്‌റ് എക്സാം കഴിഞ്ഞു വന്ന ദിവസം ആയിരുന്നു ഫങ്ക്ഷന്. എല്ലാരും പാട്ടുപാടാൻ നിർബന്ധിചെങ്കിലും ഞാൻ സമ്മതിച്ചില്ല. അതിനെന്താ നമ്മട പീക്കിരികളുടെ ബാൻഡിന്റെ പാടുണ്ടായിരുന്നു. എനിക്ക് ഇഷ്ടപെട്ട കുറച്ചു ഹിന്ദി പാട്ടുകളുടെ മെലോഡിയസ് വേർഷൻ ആയിരുന്നു അവർ തിരഞ്ഞെടുത്തത്. സംഭവം എന്തായാലും പൊളിച്ചിട്ടുണ്ട്. ബാക്കി ഉള്ളവരുടെ പരിപാടികൾ കാണൽ ആയിരുന്നു മെയിൻ പരിപാടി.

കൂവലും കയ്യടിയും ആർപ്പു വിളികളുമായി ഞങ്ങൾ ഓഡിറ്റോറിയത്തിൽ തകർക്കുമ്പോൾ ഡേവിഡ് നോക്കി നിക്കുന്നത് കാണുന്നുണ്ടായിരുന്നു. എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഡേവിച്ചന്റെ പാട്ടും ഉണ്ടായിരുന്നു അന്ന്. അഗ്നിപഥ് എന്ന സിനിമയിലെ “അഭി മുജ്‌ മൈ” എന്ന പാട്ട് പുള്ളിക്കാരൻ പാടിയപ്പോൾ ഇടയ്ക്കിടെ മുഖം എന്റെ നേരെ വരുന്നുണ്ടായിരുന്നു. എനിക്കും എന്തോ ആ മുഖത്ത് നിന്നും കണ്ണെടുക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. ആ ശബ്‍ദം എന്റെ ആത്മാവിനെയും തുളച്ചു കേറിയത് പോലെ… അന്നത്തെ പള്ളിയിലെ സംഭവത്തിന് ശേഷം പുള്ളിക്ക് ഞാൻ മുഖം കൊടുത്തിട്ടേ ഇല്ല.

ഇങ്ങോട്ട് സംസാരിക്കാൻ വന്നാലും എന്തേലും പറഞ്ഞു ഒഴിഞ്ഞു മാറുന്നതാണ് പരിപാടി. അറിയാതെ ആണേലും ഞാൻ ആയിട്ടു ഒരു പ്രതീക്ഷ നൽകണ്ടല്ലോ, അത് കൊണ്ട് തന്നെയാണ് പീക്കിരികളുടെ ഒപ്പം പിന്നെ പളളിയിലേക്കും പോകാത്തത്. അവരോടു കുറച്ചു ദേഷ്യപ്പെട്ടതു കൊണ്ട് പിന്നെ എന്നോട് ഡേവിച്ചന്റെ കാര്യങ്ങൾ പറയാൻ ശ്രമിക്കതുമില്ല. പുള്ളിക്കും അത് മനസിലായത് കൊണ്ടാകും, എപ്പോഴും ആ സാമീപ്യം കൂടെ ഉണ്ടെങ്കിലും അടുത്തേക്ക് വരാത്തത്. വരാൻ ശ്രമിക്കുമ്പോളൊക്കെ ഞാൻ ഓടി ഒളിക്കുകയും….. എങ്കിലും ആ പാട്ട്, അത് പാടി തീരും വരെ ശ്വാസം വിലക്കിയത് പോലെ ഞാൻ ഇരുന്നു.

പ്രീതി ചേച്ചി അടുത്തിരുന്നു എന്നെ നോക്കുന്നുണ്ടായിരുന്നു. ആ ചുണ്ടിൽ ഒരു കള്ളചിരി ഉണ്ടോ എന്നൊരു സംശയം. കറുത്ത കുതിരകളുടെ പണി എന്തേലും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ഇപ്പോൾ കുറെ നാളുകളായി കോളേജ് ശാന്തമാണ്. കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത ആണോ എന്നും നിശ്ചയമില്ല. ഇതിനിടയിൽ കോളേജിൽ ഐഡി കാർഡ് വന്നപ്പോളാണ് അദിതി എന്നെ കാട്ടിലും മൂന്ന് വയസു മുതിർന്നതാണ് എന്ന് മനസിലായത്, ഇരുപത്തിനാലു വയസ്.

അതിപ്പോ ഒരു വല്യ കാര്യം ഒന്നും അല്ലല്ലോ, ഡേവിഡിനും ഉണ്ട്, ഇരുപത്തിയഞ്ചു വയസ്സ്. എന്തായാലും ഞാൻ ചേച്ചി എന്ന് വിളിക്കില്ല എന്ന് പറഞ്ഞപ്പോൾ അദിതിയുടെ ചുണ്ടുകളിൽ ഒരു ചിരി നിറഞ്ഞു വന്നു. പുള്ളിക്കാരി നല്ല ബുജി ആണെന്ന് ഞങ്ങളുടെ ഇന്റെര്ണല് എക്സാം ആണ് തെളിയിച്ചു തന്നത്. തോമസ് സാറിന്റെ റാങ്ക് പ്രതീക്ഷ കൂടിയാണ് ഇപ്പൊ ആള്.. അങ്ങനെയിരിക്കെ അപ്പയുടെ അമ്മച്ചിയുടെ പിറന്നാൾ വന്നു. പുള്ളിക്കാരി എൺപതുകളിലേക്ക് കാലെടുത്തു വയ്ക്കുകയാണ്.

വിളി വന്നപ്പോൾ പോകണ്ട എന്നായിരുന്നു അപ്പയുടെ തീരുമാനം. രണ്ടു വര്ഷം കഴിഞ്ഞിരിക്കുന്നു, നാട്ടിലേക്ക് പോയിട്ട്. പോകണം എന്നത് എന്റെ നിർബന്ധമായിരുന്നു. മനസില്ലാമനസോടെ അപ്പയും അമ്മയും സമ്മതിച്ചു. അങ്ങനെ കോളേജിൽ നിന്നും ഒരാഴ്ച്ച അവധി ഒക്കെ എടുത്ത് ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു. അപ്പക്ക് രണ്ടു ചേട്ടമ്മാരും ഒരു ചേച്ചിയും ഉണ്ട്. ഒരു അനിയത്തിയും. വല്യമ്മച്ചിയുടെ ചെല്ലക്കുട്ടി അപ്പ ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഒളിച്ചോട്ടവും അത് സംബന്ധിച്ചുള്ള കോലാഹലവും ഒക്കെ ആയി കുറച്ചു നാളു പിണങ്ങി ഇരുന്നെങ്കിലും, ഞാൻ ജനിച്ചപ്പോൾ എല്ലാരും അടി ഒക്കെ മറന്നു ഒന്നായി. എങ്കിലും. …

അമ്മയോടും അപ്പയോടും ഉള്ള ദേഷ്യത്തിന് വല്യപ്പച്ചന്മാർ സ്വത്ത് എല്ലാം മറ്റു മക്കളുടെ പേരിൽ എഴുതി രജിസ്റ്റർ ചെയ്തിരുന്നു. അത് കൊണ്ട് തന്നെ അങ്കിൾമാർക്കും ആന്റിമാർക്കും സ്വത്തിൽ നിന്നും എന്തേലും നഷ്ടമാകുമോ എന്നൊരു ഭയം ഉണ്ടായിരുന്നു. അത് അവരുടെ സ്വഭാവത്തിൽ നിന്ന് മനസിലായപ്പോൾ തനിക്കു കുടുംബസ്വത്തിൽ നിന്നും ഒന്നും വേണ്ട എന്ന് എഴുതി ഒപ്പിട്ടു കൊടുത്തു എന്റെ അപ്പ. എനിക്കാവശ്യമുള്ളതിൽ കൂടുതൽ ഞാൻ ജനിക്കുന്നതിന് മുൻപ് തന്നെ അപ്പ സ്വയം സമ്പാദിച്ചിരുന്നു. എംബിഎ ഗ്രാജുവേറ്റ് ആയിരുന്ന അപ്പക്ക് നല്ല ഒരു കമ്പനിയിൽ കനത്ത ശമ്പളത്തിൽ ജോലി ഉണ്ടായിരുന്നു.

അതിനു ഇടയിലാണ് അമ്മയെ കണ്ടു ഇഷ്ടമായതും ചാടിച്ചതും ഒക്കെ. വീട്ടിൽ നിന്ന് പുറത്താക്ക പെട്ടപ്പോൾ തകർന്നു പോകാതിരിക്കാനുള്ള ധൈര്യം മാത്രമല്ല സാമ്പത്തിക ഭദ്രതയും അവർക്കുണ്ടയിരുന്നു. കുറച്ചു നാളുകൾക്കു ശേഷം സ്വയം അപ്പ ഒരു ബിസിനസ് തുടങ്ങി. ‘അമ്മ കുടി ഉണ്ടായിരുന്നു അപ്പക്കൊപ്പം. ഇപ്പോൾ എന്റെ അപ്പക്ക് പലമേഖലകളിലായി ഇരുപതോളം സ്ഥാപങ്ങൾ ഉണ്ട്. ഒരുപാടു നേടി എങ്കിലും എന്റെ അപ്പയുടെയും അമ്മയുടെയും ജീവിതത്തിൽ നിന്ന് ലാളിത്യം നഷ്ടമായില്ല. പകരം കൂടുതൽ വിനയത്തോടെ അവർ ജീവിച്ചു, എന്നെയും അവർ അത് തന്നെ ആണ് പഠിപ്പിച്ചത്.

അമ്മക്ക് ഒരൊറ്റ സഹോദരൻ മാത്രമാണ് ഉണ്ടായിരുന്നത്. അമ്മക്ക് സ്നേഹത്തോടെ വച്ച് നീട്ടിയ കുടുംബ സ്വത്തു ‘അമ്മ നിരസിചു. അവിടെ എല്ലാര്ക്കും എന്നെ ജീവനാ കേട്ടോ. അപ്പയുടെ വീട്ടിലും അങ്ങനെ തന്നെ എങ്കിലും എന്റെ കുരുത്തക്കേട് കൂടുമ്പോൾ വല്യങ്കിളിനും ഒരു ആന്റിക്കും ഹാലിളകും. അതൊക്കെ ഒരു രസമാ. ……. എന്നാലും പറഞ്ഞു പറഞ്ഞു അവര് എന്റെ അമ്മക്കിട്ടു പണിയും. വല്യങ്കിളിന്റെ ഭാര്യേടെ അനിയത്തിയെ കെട്ടിക്കാൻ വച്ചിരുന്ന അപ്പയെ പാട്ടു പാടി വളച്ചതിൽ അവർക്കു പിന്നെ കലിപ്പില്ലാതെ ഇരിക്കോ. .. പക്ഷെ എനിക്കുണ്ടല്ലോ അതൊക്കെ പുല്ലാ. … ഹും. .. നാട്ടിൽ എത്തിയപ്പോൾ ദേണ്ടെ എല്ലാ പരിവാരങ്ങളും ഹാജരാണ്‌. ബന്ധുക്കളുടെ മേളം.

ഒള്ളത് പറഞ്ഞാൽ എനിക്ക് പോലും ഓര്മ ഇല്ല അവർ ഒക്കെ ഏതു വഴിയിലെ ചാർച്ചക്കാരു ആണെന്ന്. നമക്ക് വേണ്ട ആളുകളെ മാത്രം ഓർത്തു വയ്ക്കുക എന്നതാണ് പണ്ടേ ഉള്ള ശീലം. കുട്ടിപ്പട്ടാളം മൊത്തം എന്റെ കസ്റ്റഡിയിൽ ആണ്. കുട്ടികൾ എന്ന് പറഞ്ഞാൽ ചെറിയ പിള്ളേര് കുറച്ചേ ഉള്ളു, ചേട്ടന്മാരുടെ മക്കള്, ബാക്കി എല്ലാം എന്നെ കാട്ടിലും മുതിർന്നവർ ആണ്. എന്റെ അപ്പയുടെ മകളായ ഞാൻ ആണ് കസിൻസിൻറെ കൂട്ടത്തിൽ അവസാനം ഭൂജാത ആയത്. എല്ലാം കൂടെ പത്തെണ്ണം ഉണ്ട്. പേരൊന്നും പറയുന്നില്ല, ഓർത്തുവയ്ക്കാൻ മെനകെടാന്നേ. അത്യാവശ്യം ഉള്ളവരെ വഴിയേ പരിചയപ്പെടുത്താം.

ചെന്ന് കേറിയപ്പോളേ കണ്ടത് വല്യങ്കിളിനെ ആണ്. സാധാരണ എന്നെ കാണുമ്പോൾ അസഹ്യത തെളിയുന്ന മുഖം ആണ്. ഇന്ന് മുഖം നിറയെ വാത്സല്യം. പോരാഞ്ഞിട്ട് ഈറനണിഞ്ഞ മിഴികൾ. എനിക്കങ്ങു ഇഷ്ടപ്പെട്ടു, ചേർത്ത് പിടിച്ചു നെറ്റിയിൽ ഒരുമ്മ തന്നപ്പോൾ ഞാൻ അപ്പയെയും അമ്മയെയും ഒളികണ്ണിട്ടു നോക്കി കണ്ണടിച്ചു. അവരുടെ മുഖത്തും ചിരി. അങ്ങനെ രണ്ടു വര്ഷങ്ങള്ക്കു ശേഷം അലീന, ഇവരുടെ ലീന അല്ലെങ്കിൽ ലിനു വീണ്ടും ഇവിടെ എത്തിയിരിക്കുന്നു.

എന്റെ കൊരങ്ങു കസിൻസ് ആർപ്പു വിളികളോടെ സ്വീകരിച്ചു. പിന്നെ നടന്നതൊന്നും ഡീറ്റൈൽ ആയി പറയുന്നില്ല. മുടിഞ്ഞ സ്നേഹപ്രകടനം, എനിക്ക് പോലും ബോറടിച്ചു പോയി. വല്യമ്മച്ചി എന്നെ കണ്ടതും വടി പോലെ ചാടി എണീറ്റു. വയ്യാന്നു പറഞ്ഞു കിടന്ന ആളാ. ആള് നല്ല ഗുണ്ടുമണി ആണ് കേട്ടോ. വെളുത്തു നല്ല ഗെറ്റപ്പ് ആണ് കാണാൻ. സുന്ദരി എന്നെ കെട്ടി പിടിച്ചിരിക്കുവാണ്. കുറച്ചു നേരം ആയപ്പോൾ എനിക്ക് ബോറടിച്ചു. ഓൾഡ് വുമൺ വിടുന്നുമില്ല. അവസാനം ഇക്കിളിയിട്ടാണ് രക്ഷപെട്ടത്. എന്നെ ചൊല്ലി ഒരു കരച്ചിലിന് മുതിർന്ന വല്യമ്മച്ചിയെ അപ്പ ശാസിക്കുന്നത് പതിഞ്ഞ സ്വരത്തിൽ കേട്ടു.

എന്തായാലും ആരും ഒന്നും പറയുന്നില്ല, അത് തന്നെ വല്യ ആശ്വാസം. ഞാൻ നേരെ അടുക്കളയിലേക്കു വച്ച് പിടിച്ചു, എന്റെ ദീനാമ്മച്ചി അവിടെ തകർത്തു പാചകം ആണ്. എനിക്കിഷ്ടമുള്ള വിഭവങ്ങൾ എല്ലാം ഉണ്ടാക്കിയിട്ടുണ്ടാകും. ഒരുപാടു വർഷങ്ങളായി തറവാട്ടിൽ ജോലിക്കു നിക്കുവാണ് പുള്ളിക്കാരി, ഇപ്പോൾ ഞങ്ങളുടെ ഒക്കെ കുടുംബത്തിന്റെ ഒരു ഭാഗം. ആ കൈപ്പുണ്യം തന്നെ ആണ് എന്നെ തറവാട്ടിലേക്ക് ആകർഷിക്കുന്ന ഒരു മെയിൻ ഘടകം. അത് പോലെ തന്നെ ആണ് കലർപ്പില്ലാത്ത ആ സ്നേഹവും. കണ്ടപാടെ കെട്ടിപ്പിടിത്തവും ഒക്കെ ആയി, പിന്നെ പാത്രം നിറയെ മധുരപലഹാരങ്ങൾ. പുള്ളിക്കാരി ഇങ്ങനെ ആണ് സ്നേഹം പ്രകടിപ്പിക്കുന്നത്.

പോരാഞ്ഞിട്ട് എന്റെ സകല തല്ലുകൊള്ളിത്തരങ്ങൾക്കും ചുക്കാൻ പിടിക്കുകയും ചെയ്യും. ഞങ്ങൾ പണ്ടേ വല്യ കൂട്ടാണ്. നേരെ ബിനുവിന്റെ റൂമിലേക്ക് നടന്നു. ഞാൻ വന്നത് അറിഞ്ഞിട്ടുണ്ടാകില്ല, അപ്പയുടെ നേരെ മൂത്ത പെങ്ങളുടെ അരുമക്കെരുമ ആയ സന്താനം ആണ്, ഞങ്ങൾ മച്ചാ മച്ചാ കമ്പനി ആണ്. കഴിഞ്ഞ കുറെ നാളുകളിൽ എനിക്ക് അവനുമായി മാത്രമേ ബന്ധുക്കളുടെ ഇടയിൽ കോൺടാക്ട് ഉണ്ടാർന്നുനുള്ളൂ, പിന്നെ ഞങ്ങൾ സ്നേഹം പ്രകടിപ്പിക്കുന്നത് നല്ല അടിവച്ചാണെന്നു മാത്രം. ബിനോയ് ബിനുവിനു ഒരു ചേട്ടൻ ഉണ്ട്, അങ്ങേരു ലിനോയ്.

അറുബോറൻ എന്റെ പരിപാടിക്കൊന്നും നിന്ന് തരില്ല. ഹും. …. എന്തായാലും ബിനുവിന് എന്റെ വാട്ടർബലൂണിൽ നിറഞ്ഞ സ്നേഹവും കൊണ്ടാണ് ഞാൻ വന്നത്. റൂമിൽ തട്ടി നോക്കിയിട്ടു ഒരു അനക്കവും ഇല്ല. പതിയെ ഹാൻഡിൽ തിരിച്ചപ്പോൾ വാതിൽ തുറന്നു. ലോ ആശാൻ ചെവിയിൽ ഹെഡ്സെറ്റും തിരുകി പാട്ടും കേട്ട് കിടക്കുവാണ്. സെറ്റിയിൽ. ഇരുന്ന്കൊണ്ട് ആക്ഷൻ കാണിച്ചു ഡാൻസും ഉണ്ട്. കണ്ണടച്ച് പിടിച്ച കൊണ്ട് എന്നെ കണ്ടിട്ടില്ല. ഒരു ബെർമുഡ മാത്രമേ ഒള്ളു. ബ്ലഡി മങ്കി. സൽമാൻഖാൻ ആണെന്നാണ് വിചാരം. ഒന്നുമില്ല സുർത്തുകളെ, കഴിഞ്ഞ വട്ടം വിളിച്ചപ്പോ അവനു സിക്സ്നപാക്കായി എന്ന് വീമ്പു പറഞ്ഞതാണ്.

ഇതിപ്പോ എല്ലാം കൂടെ ഫാമിലി പാക്ക് ആയി ഇരിക്കുവാ കുമ്പളം. ഹം എന്നായാലും നല്ല കണി. ഞാൻ കുറച്ചു നേരം അവന്റെ കോപ്രായങ്ങൾ എന്റെ ഫോണിൽ റെക്കോർഡ് ചെയ്തു. ആവശ്യംവരും. അടുത്ത സ്റ്റെപ് ഇങ്ങോട്ട് വന്ന കാര്യം നിർവഹിക്കുവാന്നു. ഞാൻ വാട്ടർ ബലൂൺ എടുത്ത് ഉന്നം പിടിച്ചു അവനെ ചളുക്ക് മോന്തക്കിട്ടു തന്നെ എറിഞ്ഞു. “അയ്യോ ഞാൻ ചത്തേ” എന്നും വിളിച്ചു ഒരു അലർച്ച ചുമ്മാ തള്ള് വാട്ടർബലൂൺ വീണു ആരേലും മരിക്കാറുണ്ടോ? ചാടി വീണു എഴുന്നേറ്റതും എന്നെ കണ്ടതും ഒന്നിച്ചായിരുന്നു.

അവനെ വായിൽ നിന്ന് പിന്നെ പൊഴിഞ്ഞു വീണ മൊഴിമുത്തുകൾ എന്തൊക്കെ ആയിരുന്നു എന്ന് ഞാൻ പറയുന്നില്ല, വേണേൽ നിങ്ങൾ ഊഹിച്ചോ, എന്നാല് അങ്ങ് വല്യ ഊഹിക്കൽ വേണ്ട കേട്ടോ ലൈറ്റ് ആയിട്ടു മതി. വേണേൽ ക്ലൂ തരാം, അതിന്റെ ഒക്കെ പുറകിൽ മോള് എന്നുണ്ടായിരുന്നു. ഇതൊക്കെ കേട്ടതും കൈയിൽ ഉണ്ടാരുന്ന അടുത്ത വാട്ടർ ബലൂൺ അതിന്റെ ലക്ഷ്യത്തിലേക്കു പാഞ്ഞു. വൗ വാട്ട് എ ഷോട്ട്. അതിലെ കുങ്കുമം കലക്കിയ വെള്ളം അവന്റെ മോന്തയിൽ ചുവപ്പു പടർത്തിയത് അവിടന്ന് കാറ്റു പോലെ ഞാൻ ഓടിയതും ഒന്നിച്ചായിരുന്നു, പുറകെ അവനും.

കൊലവിളിയിയും നിലവിളിയും അട്ടഹാസവുമായി ആ തറവാട് മൊത്തം അറിഞ്ഞു ഞാൻ എത്തിയെന്നു. മാത്രമല്ല എന്റെ പണി തുടങ്ങി എന്നും. കയ്യിൽ കിട്ടുന്നതൊക്കെ അങ്ങോട്ടും ഇങ്ങോട്ടും വാരി എറിഞ്ഞു അവിടെ ഒരു യുദ്ധക്കളം ഒരുക്കവേ ബാക്കി ഉള്ള പട കൂടി ഞങ്ങളുടെ ഒപ്പം കൂടി. ഹോളിയും ഓണവും ക്രിസ്മസും എല്ലാം ഒന്നിച്ചു വന്ന പോലെ അവിടെ കിടന്നു ചാടി മറിയുമ്പോൾ മുതിർന്നവർ എല്ലാം ചിരിയോടെ നോക്കി കാണുവാണ്. ഓ കർത്താവെ ഇവരൊക്കെ എന്നാ ഇത്രക്കും നന്നായത്.

അല്ലേൽ ഞങ്ങളെ അടിച്ചു ഓടിക്കേണ്ട നേരം കഴിഞ്ഞു. ഡ്രസ്സ് ഇടാതെ എന്റെ പുറകിൽ വന്ന ബിനുവിന്റെ മരണം ആയിരുന്നു, പാവം ലവനെ കുനിച്ചിട്ട് എല്ലാം കൂടെ ചതക്കുന്നേന്റെ ഇടയിലാണ്, “വാട്ട് ഈസ് ദിസ് നോണ്സെന്സ്” എന്നൊരു അലർച്ച കേട്ടത്. ഇതിപ്പോ ആർക്കാ സൂക്കേട് എന്ന് നിവർന്നു നോക്കുമ്പോൾ സേറ നിക്കുന്നു മുന്നിൽ, അഹ് അവള് മാറ്റമല്ല കെട്ടിയോനും ഉണ്ട് കൂടെ, അല്ല പുറകിൽ. എന്നെ പോരുകോഴി നോക്കുന്ന പോലെ നോക്കി നിക്കുവാണ്. ഓഹ് ലോകചുന്ദരി ഇപ്പഴും ഒരു മാറ്റവും ഇല്ല. മുഖത്തു ഒരിഞ്ചു കനത്തിൽ പൂട്ടി ഉണ്ട്, നല്ല ചുവന്ന ലിപ്സ്റ്റിക്കും കറുത്ത ഷിഫോൺ സാരിയും, തലമുടി മൊത്തം വിരിച്ചിട്ടേക്കുന്നു.

മുഖത്ത് ലോഡ് കണക്കിന് പുച്ഛം. ബ്ലഡി പുന്നാര മോൾ. ……… ആരും പ്രതീക്ഷിക്കാതെ ആണ് അവളുടെ അവതാരം എന്ന് എല്ലാരുടെയും മുഖം കണ്ടപ്പോൾ മനസിലായി. ഇനി എന്ത് സംഭവിക്കും എന്ന് നെഞ്ചിടിപ്പോടെ എല്ലാരും എന്നെ നോക്കി. എന്തോ ഞാൻ അക്ഷോഭ്യയായി പറഞ്ഞു “ഇവിടെ ഞങ്ങൾ മാർഗം കളി കളിക്കുവാ എന്താ കൂടുന്നോ” ഇത് കേട്ടതും എല്ലാരും ചിരി തുടങ്ങി. ചവിട്ടി കുതിച്ചു കൊണ്ട് ലവൾ അകത്തേക്ക് പോയി, പുറകെ തല താഴ്ത്തി അവളുടെ കെട്ടിയോൻ, ജോയൽ…..അവരുടെ പോക്ക് കണ്ട് ബിനോയ് വിളിച്ചു പറഞ്ഞു ” വാല്. …..വാലെയ് ” പടക്കം പൊട്ടിയത് പോലെ വീണ്ടും ചിരി പടർന്നപ്പോൾ ജോയൽ എന്നെ തിരിഞ്ഞു നോക്കി.

ആ കണ്ണിൽ നോക്കി ഞാൻ ഒന്ന് ചിരിച്ചപ്പോൾ വീണ്ടും മുഖം കുനിച് നടന്നു പോയി. സേറ ആരാ എന്നു ആലോചിക്കുന്നുണ്ടാകും ഇല്ലേ, അവളും എന്റെ ഒരു കസിൻ ആണ്. അപ്പയുടെ ഇളയ പെങ്ങളുടെ മകൾ. എന്നിലും ഒരു വയസിനു മുതിർന്നവൾ. ആ വരവ് എന്റെ ഉത്സാഹം കെടുത്തുമോ എന്നൊരു ഭയം എല്ലാവരിലും ഉണ്ടായിരുന്നു എന്നാൽ എനിക്ക് അതൊരു സോഡാനാരങ്ങാ എഫ്ഫക്റ്റ് ആയിരുന്നു. ഞാനിത് പൊളിക്കും. ബു ഹ ഹ ഹ അപ്പയുടെയും അമ്മയുടെയും മുഖത്ത് നോക്കിയപ്പോൾ രണ്ടുപേരും എന്റെ പെരുമാറ്റത്തിൽ സന്തുഷ്ടരാണ് എന്ന് മനസിലായി.

നീ പൊളിച്ചോ മോളെ എന്ന് പറയുന്ന കണക്ക് ഉണ്ടായിരുന്നു അപ്പയുടെ ചിരി. പിന്നെ ഒരു തകർത്തു വാരൽ ആയിരുന്നു. എന്തായാലും സേറയും ജോയലും മുറിയിൽ തന്നെ തപസായിരുന്നു. ഉച്ചക്കും രാത്രിയും കഴിക്കാൻ വന്നില്ല. ആരും അവരുടെ കാര്യം സംസാരിക്കാൻ നിന്നതുമില്ല. രാത്രി ബാക്കി എല്ലാരും വെടിവട്ടം പറയുന്നതിന്റ ഇടയിൽ ഞാൻ ടെറസിലേക്കു പോയി. ഞങ്ങളുടെ തറവാട് ഇത്തിരി പഴക്കം ഒക്കെ ഉള്ള മൂന്നുനില കെട്ടിടം ആയിരുന്നു.

അതിന്റെ സവിശേഷമായ എഞ്ചിനീയറിംഗ് കാരണം നല്ല കുളിർമയും കാറ്റും നമ്മളെ തഴുകി പോകും, ടെറസിൽ നിന്നാൽ കുറെ അകലെ ഒഴുകുന്ന പുഴയുടെ നീർത്തിളക്കം കാണാം. അതിന്റെ ഇടയിൽ കാഴ്ച മറയ്ക്കുന്ന കെട്ടിടങ്ങൾ ഒന്നും ഇല്ല. വല്യപ്പച്ചൻ പോയ ശേഷം എല്ലാത്തിന്റെയും അധികാരി വല്യമ്മച്ചി ആയിരുന്നു. പുള്ളികാരിയുടെ നിർബന്ധം കാരണം ഇന്നും തറവാട് അതിന്റെ തനിമയോടെ നിലനിൽക്കുന്നു. ഇളം തണുപ്പിന്റെയും രാത്രിയിലെ ആകാശത്തിന്റെയും മാസ്മരികതയിൽ ലയിച്ചു നിൽക്കുമ്പോളാണ്, ലീനാ എന്നൊരു വിളി കേട്ടത്. നോക്കുമ്പോൾ ജോയൽ.

ഇതിനെ എന്തിനാ ഇപ്പൊ ഇങ്ങോട്ടു കെട്ടിയെടുത്തെ, കുറച്ചു അസ്വസ്ഥത തോന്നി എങ്കിലും മനഃസാന്നിധ്യം വിടാതെ ഞാൻ ചോദിച്ചു “എന്താ ജോയൽ” എന്റെ പേര് പറഞ്ഞുള്ള വിളി കേട്ടിട്ടാകാം ഒന്ന് പകച്ചു നിന്ന ശേഷം അവൻ വാക്കുകൾക്കായി തപ്പിത്തടഞ്ഞു. “ഞാൻ….. എനിക്ക്. …. കുറച്ചു. .. എങ്ങനെ. ……” കോപ്പ് തപ്പിത്തടഞ്ഞ് നിക്കാതെ പറഞ്ഞിട്ട് പോകുന്നുണ്ടോ എന്ന് ചോദിക്കാൻ വേണ്ടി നാക്കെടുത്തതും ബാല്കണിയിലേക്കുള്ള വാതിലിന്റെ അടുത്ത് കണ്ണും തുറിച്ചു നിൽക്കുന്ന സേറയെ കണ്ടത്.

എന്നാ പിന്നെ ഒരു പാര പണിത്തിട്ടേ ഒള്ളു. .. എന്താ പറയാൻ ഉള്ളത് എന്ന് സൗമ്യമായി ചോദിച്ചു കൊണ്ട് ഞാൻ മുന്നിലേക്ക്‌ നീങ്ങി, കാല് തട്ടി വീഴുമ്പോലെ ഭാവിച്ചു, ജോയൽ പെട്ടന്നു എന്നെ താങ്ങി, വേറെ ഒന്നും കാണിക്കേണ്ടി വന്നില്ല, ലെവള് നാഗവല്ലിയെ പോൾ തുള്ളിച്ചാടി വന്നു “നിങ്ങൾ ഇവിടെ ആരോട് കുഴയാൻ നിക്കുവാ മനുഷ്യാ ” ന്നു ചോദിച്ചു ലവനെ വലിച്ചോണ്ട് ഒരു പോക്ക്, ജോയൽ അടികിട്ടിയതു പോലെ എന്റെ മുഖത്ത് നോക്കി. സെറ എന്നെ മൂക്കിൽ ഇപ്പ കേറ്റി കളയും എന്ന മൂക്കും വിറപ്പിച്ചു കൊണ്ട് പോയി.

സംഭവം ഇത് കണ്ടതും എനിക്ക് നാക്ക് മുക്കാ പാടി കളിക്കണം എന്ന് തോന്നിയെങ്കിലും വേണ്ടാന്ന് വച്ചു. സേറയുടെ റൂമിൽ നിന്ന് അവളുടെ അലർച്ച കേൾക്കാം. എനിക്ക് ചിരി വന്നു, ജോയലിന്റെ ഇന്നത്തെ ഉറക്കം ഗുദ ഗവ……….. വീണ്ടും കുറച്ചു നേരം നിക്കവേ എന്റെ മനസ് പതിയെ ശാന്തമായി, എന്റെ മനസ് പതിയെ രണ്ടു വർഷങ്ങൾക്കു മുൻപിലേക്ക് പോയി. … മഹാലോക തല്ലിപൊളിയായി ഞാൻ ഡിഗ്രി രണ്ടാം വര്ഷം പഠിക്കുന്ന സമയം… തുടരും

അദിതി : ഭാഗം 9

Share this story