ഗന്ധർവ്വയാമം: ഭാഗം 6

ഗന്ധർവ്വയാമം: ഭാഗം 6

എഴുത്തുകാരി: അഞ്ജലി അഞ്ജു

മുത്തശ്ശിക്ക് സുഖമില്ലാതെ നാട്ടിൽ പോയതിനാൽ അഭി ഇന്നും ലീവ് ആയിരുന്നു. ഓഫീസിൽ ആ കോലത്തിൽ ഒറ്റക്ക് കയറി ചെല്ലാൻ ജാള്യത തോന്നിയതിനാൽ ഗേറ്റിന് മുന്നിൽ പതുങ്ങി നിൽക്കുമ്പോളാണ് അർജുൻ സാറിന്റെ കാർ വന്നത്. സാർ കണ്ടിട്ടുണ്ടാവുമെന്ന് അറിയുന്നത് കൊണ്ട് പതിയെ ഉള്ളിലേക്ക് കയറി. “ഗുഡ് മോണിംഗ് സാർ.” “ഗുഡ് മോണിംഗ് തപസ്യ. ആളാകെ ചേഞ്ച്‌ ആയല്ലോ?” സാറിന്റെ കമന്റ് കേട്ടതും ഒരു വളിച്ച ചിരി സമ്മാനിച്ച് അകത്തേക്ക് കയറി. നവിയും അരുണും ഗായുവുമൊക്കെ കളിയാക്കുകയും പുകഴ്ത്തുകയും ചെയ്തു. പക്ഷെ വസുവിനെ മാത്രം കാണാൻ കഴിഞ്ഞില്ല.

അങ്ങനെ ഒരുങ്ങി കെട്ടി വന്നപ്പോ ഒരു ഫലവും ഇല്ലാണ്ടായി പോയല്ലോ എന്ന് വിഷമിച്ചിരിക്കുമ്പോളാണ് വസു പാസ്സ് ചെയ്ത് പോയത്. അൽപം ഷോയൊക്കെ ഇട്ടു സിസ്റ്റത്തിൽ നോക്കി ഇരുന്നെങ്കിലും അഴിഞ്ഞു കിടന്ന മുടി ഒതുക്കുന്ന രീതിയിൽ ആമി അവനെ പാളി നോക്കിയിരുന്നു. പക്ഷെ അവൻ കണ്ട ഭാവം കാണിക്കാതെ പോയി. “ദുഷ്ടൻ !! ഇങ്ങേരെ കാണിക്കാനല്ലേ മനുഷ്യൻ ഈ വേഷം കെട്ടി വന്നത്. ഇയാൾക്ക് കണ്ണും കാണില്ലേ? ഇനി വരട്ടെ ഇഷ്ടമാണെന്നും പറഞ്ഞ് മുട്ട് കാലു ഞാൻ തല്ലി ഒടിക്കും. ഇയാൾ ഓന്താണെന്നാ തോന്നുന്നത്. ഓഫീസിൽ ഒരു സ്വഭാവം പുറത്ത് മറ്റൊന്ന്.”

ദേഷ്യത്തിൽ വീണ്ടും സിസ്റ്റത്തിലേക്ക് മുഖം തിരിച്ചു കൊണ്ട് അവൾ പിറു പിറുത്തു. അന്നും ഉച്ചയ്ക്ക് പതിവ് പോലെ കഴിക്കാൻ പോയില്ല. ആകെ ദേഷ്യം പിടിച്ച് വസുവിനെയും മനസ്സിൽ കുറ്റം പറഞ്ഞിരിക്കുമ്പോളാണ് അടുത്തുള്ള നവിയുടെ സീറ്റിൽ ആരോ വന്നിരിക്കും പോലെ തോന്നിയത്. നവി ആവും എന്ന് വിചാരിച്ചു കുറച്ച് നേരം അങ്ങോട്ടേക്ക് നോക്കിയില്ല. എന്തോ പറയാനായി മുഖം ഉയർത്തി നോക്കിയപ്പോളാണ് നവിയുടെ സീറ്റിൽ തന്നെയും നോക്കി ഇരിക്കുന്ന വസുവിനെ കണ്ടത്.

അവനെ കണ്ടു വിടർന്ന കണ്ണുകളൊക്കെ മറച്ചു വെച്ചു അത്യാവശ്യം ഗൗരവമൊക്കെ മുഖത്തു വരുത്തി പുരികം മുകളിലേക്ക് ഉയർത്തി എന്താണെന്ന് ചോദിച്ചു. ഒന്നുമില്ലെന്ന് കണ്ണുകൾ ചിമ്മി കാണിച്ചിട്ട് വസു വീണ്ടും അവളെ തന്നെ നോക്കിയിരുന്നു. അവൻ തന്നെ നോക്കുന്നത് അറിഞ്ഞിട്ടും മൈൻഡ് ചെയ്യാതെ ആമി ഏതൊക്കെയോ ഫയലുകൾ തുറന്നു നോക്കുകയും സിസ്റ്റത്തിൽ ഓരോന്നും ടൈപ്പ് ചെയ്യുകയും ചെയ്തിരുന്നു. അവന്റെ നോട്ടം അവളിൽ എന്തൊക്കെയോ അസ്വസ്ഥതകൾ ഉണ്ടാക്കിയെന്ന് വേണം പറയാൻ. ആകെ വെപ്രാളം പിടിച്ചു അവൾ ചെയ്യുന്ന ഓരോ പ്രവൃത്തികളും ചെറു പുഞ്ചിരിയോടെ അവൻ നോക്കി കണ്ടു.

“അതേ ഇവിടുന്ന് പോണുണ്ടോ?” സഹി കേട്ടാണ് അവളത് ചോദിച്ചത്. “നീ ഇങ്ങനെ സുന്ദരി ആയിട്ട് വന്നത് പിന്നെ ഞാൻ കാണാനല്ലേ?” എടുത്തടിച്ച പോലുള്ള അവന്റെ ചോദ്യം കേട്ടതും അവൾക്ക് ജാള്യത തോന്നി. സംഭവം ശെരിയാണ് അവൻ കാണണം എന്ന് വിചാരിച്ചാണ് ഒരുങ്ങി കെട്ടി ഇങ്ങോട്ടേക്കു പോന്നത്. പക്ഷെ അവൻ അത് മനസിലാക്കി എന്നറിഞ്ഞപ്പോൾ ഒരു ചമ്മൽ. “ആര് പറഞ്ഞു. പണ്ടും ഞാൻ സമയം ഉള്ളപ്പോ ഒരുങ്ങിയാ വരാറുള്ളത്.” മുഖത്തെ ചമ്മലൊക്കെ ഒളിപ്പിച്ച് എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു. “ആണോ? ആയിക്കോട്ടെ. ഇനി ഞാൻ ഇല്ലാത്തപ്പോൾ ഇത്ര ഒരുങ്ങി ഇങ്ങോട്ടേക്കു വരണ്ടാട്ടോ.”

ഒരു ചിരിയോടെ അവൻ പറഞ്ഞതും അവളിലും അറിയാതെ ചിരി വിടർന്നിരുന്നു. “ഇപ്പോ അവരൊക്കെ വരും സാറൊന്നു പോണുണ്ടോ?” അവൾ ദയനീയതയോടെ അവനെ നോക്കി പറഞ്ഞു. “താനൊന്നും കഴിച്ചില്ലല്ലോ? വാ നമുക്ക് ഒന്നിച്ചു പോവാം.” “എനിക്ക് വിശക്കുന്നില്ല. നിങ്ങൾ പൊയ്ക്കൊള്ളൂ.” “ആഹ് എങ്കിൽ ഞാൻ ഇവിടെ തന്നെ ഇരിക്കാം. നവനീത് വന്നാലും ഞാൻ പോവില്ല.” “ആഹ് പോവണ്ട. അവിടിരുന്നോ.” ദേഷ്യത്തിൽ അതും പറഞ്ഞ് അവൾ വീണ്ടും സിസ്റ്റത്തിലേക്ക് മുഖം ചരിച്ചു. കുറച്ച് സമയം കഴിയുമ്പോൾ അവൻ പോകുമെന്നാണ് അവൾ കരുതിയത്. “എന്റെ പോന്നു സാറെ ഒന്ന് പോ.”

കുറേ സമയം കഴിഞ്ഞും പോകാതായപ്പോൾ അവൾ കൈ കൂപ്പി അവനോടായി പറഞ്ഞു. “ഞാൻ പറഞ്ഞല്ലോ താനും വാ.” അവന്റെ മറുപടി കേട്ടതും കുറച്ചു സമയം തലയിൽ കൈ താങ്ങി അവളിരുന്നു. “വാ പോവാം.” അവൾ സീറ്റിൽ നിന്ന് എഴുന്നേറ്റ് പറഞ്ഞതും വിജയി ഭാവത്തിൽ ഒരു ചിരിയും പാസാക്കി വസു മുന്നിൽ നടന്നു പിന്നാലെ ആമിയും. നടത്തം പാർക്കിങ്ങിലേക്ക് ആണെന്ന് അരിഞ്ഞതും അവൾ സംശയ ഭാവേന അവനെ നോക്കി. “കുറച്ച് മാറി ഒരു ഇക്കയുടെ കട ഉണ്ട്. ഈ സമയത്ത് ചെന്നാൽ അടിപൊളി ചിക്കൻ ബിരിയാണി കിട്ടും.” അവളുടെ നോട്ടത്തിന് അർത്ഥം മനസിലാക്കിയെന്ന വണ്ണം അവൻ പറഞ്ഞു.

അത് കേട്ടതും ആമിയുടെ മനസ്സിൽ രണ്ട് ലഡുവാണ് പൊട്ടിയത്. ഒന്ന്, ഫുഡ്‌ രണ്ട്, തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബൈക്കിന്റെ പിന്നിൽ കയറാൻ പറ്റുന്നത്. പക്ഷെ താല്പര്യമില്ലാത്തത് പോലെ മുഖമൊക്കെ വെച്ചിട്ടാണ് ബൈക്കിനു പിന്നിൽ കയറിയത്. അത്യാവശ്യം അവനിൽ നിന്ന് അകന്നാണ് അവൾ ഇരുന്നത്. വളരെ വേഗത കുറച്ച് ഓടിക്കാൻ അവനും ശ്രദ്ധിച്ചു. “ഈ ബൈക്ക് വാങ്ങിയിട്ട് എത്ര നാളായി?” കുറച്ച് കാലമായിട്ട് ഇവൻ എന്റെ കൂടെ ഉണ്ട്. “എന്താടോ?” “ഒന്നൂല്ല ഞാനും ഇത് പോലൊന്ന് വാങ്ങാൻ നടക്കുവായിരുന്നു.” “ആണോ? അതിന് തനിക്ക് ഓടിക്കാൻ അറിയുവോ?” “അതൊക്കെ പഠിച്ചാൽ മതിയല്ലോ?”

“ആഹ് ഇനിയിപ്പോ വാങ്ങണ്ടല്ലോ.” “അതെന്താ?” മനസിലാവാതെ അവൾ അവനെ മിററിലൂടെ നോക്കി.മറുപടിയായി ഒരു ചിരി അവൻ നൽകിയിരുന്നു. നാണത്തിന്റെ ചുവപ്പ് രാശി അവളുടെ കവിൾത്തടങ്ങളിൽ പടരുന്നത് അവനും ആസ്വദിച്ചു. “അതേ നേരെ നോക്കി വണ്ടി ഓടിക്ക് നിക്ക് ഇനിയും ജീവിക്കണം.” പെട്ടെന്ന് അവന്റെ മുഖത്തെ പുഞ്ചിരി മാറുന്നത് അവൾ ശ്രദ്ധിച്ചിരുന്നു. അവളെ കാണുന്ന തരത്തിൽ വെച്ച മിറർ നേരെയാക്കി വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധ തിരിച്ചു. പെട്ടെന്നുള്ള അവന്റെ ഈ പ്രതികരണത്തിന് ആമി ഉത്തരം തേടുകയായിരുന്നു. പിന്നീട് ഇരുവരും ഒന്നും മിണ്ടിയില്ല.

ഫുഡ്‌ കഴിക്കാൻ ഇരിക്കുമ്പോളും വസുവിന്റെ മുഖത്തു എന്തോ സങ്കടം ഉള്ളത് പോലെ. അധികമായി ഒന്നും സംസാരിച്ചതും ഇല്ല. “അതേ എന്താ പെട്ടെന്ന് സൈലന്റ് ആയത്.” മൗനത്തിനു വിരാമമിട്ട് ആമി തന്നെ സംസാരിച്ചു തുടങ്ങി. “ഹേയ് ഒന്നൂല്ലെടോ.” ഒരു കൃത്രിമ ചിരി വരുത്തികൊണ്ട് വസു പറഞ്ഞു. വിശ്വാസം വരാത്തത് പോലെ ആമി നോക്കുന്നത് കണ്ട് വസു എന്തൊക്കെയോ വാ തോരാതെ സംസാരിക്കാൻ തുടങ്ങി. “സാറിന് ഫ്രണ്ട്സ് ഒന്നുമില്ലേ?” അവളുടെ ചോദ്യം കേട്ടതും അവനൊന്നു ചിരിച്ചു. “എനിക്ക് ഫ്രണ്ട്‌സോ റിലേറ്റീവ്സോ ആരും തന്നെ ഇല്ല. പൊതുവെ ഒറ്റക്ക് നടക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ.

തന്നെ കണ്ടപ്പോൾ തന്റെ കൂടെ ഉണ്ടാവണമെന്ന് തോന്നി.” “അതിന് നമ്മൾ കണ്ടിട്ട് ആകെ കുറച്ച് ദിവസങ്ങളല്ലേ ആയുള്ളൂ.” വീണ്ടും ഒരു പുഞ്ചിരി ആയിരുന്നു മറുപടി. “ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞാൽ പോലും മനുഷ്യരെ മനസിലാക്കാൻ പാടാണ്.” “ഓ ഈ പറയുന്നത് കേട്ടാൽ ഇയാള് മനുഷ്യൻ അല്ലെന്ന് തോന്നുമല്ലോ.” വീണ്ടും പുഞ്ചിരി തന്നെ ആയിരുന്നു മറുപടി. “എന്നാ പറഞ്ഞാലും ചിരിച്ചോണം.!” “താൻ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ചിരി വരുന്നു.” അവന്റെ ആ ഭാവം അവൾക്കും ചിരപരിചിതമായിരുന്നു. തന്റെ സ്വപ്നങ്ങളെ തൊട്ടുണർത്തുന്ന ആ രൂപം അവളും വേണ്ടുവോളം ആസ്വദിച്ചു.

സത്യം പറഞ്ഞാൽ ആ യാത്ര അവരെ കൂടുതൽ അടുപ്പിച്ചെന്ന് വേണം പറയാൻ. “താങ്ക്സ്.” ഓഫീസിലേക്ക് കയറുമ്പോൾ അവളുടെ കാതോരം അവൻ പറഞ്ഞു. “എന്തിന്?” “കൂടെ വന്നതിന്. ഒരു സുഹൃത്തായെങ്കിലും കൂടെ കൂട്ടിക്കൂടെ?” അതിന് മറുപടിയെന്ന വണ്ണം അവളും ഒരു പുഞ്ചിരി അവന് സമ്മാനിച്ച് ഓഫീസിലേക്ക് കയറി പോയി. അഭിയില്ലാത്തത് കൊണ്ട് തന്നെ പിന്നീടുള്ള ദിവസങ്ങളിൽ ആമി വസുവിനോട് കൂടുതലായി അടുത്തു. വൈകുന്നേരങ്ങളിൽ ഫ്ളാറ്റിന് അടുത്തുള്ള ഗ്രൗണ്ടിൽ നടക്കാൻ പോവുന്നതും ഒന്നിച്ചു ഷോപ്പിങ്ങിന് പോവുന്നതും ഇരുവരും പതിവാക്കിയിരുന്നു.

എന്നും അഭിയെ വിളിക്കുമെങ്കിലും വസുവിന്റെ കാര്യം മാത്രം അവളിൽ നിന്നു മറച്ചു. വസുവിനോട് തനിക്കുള്ളത് പ്രണയമാണെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു. അവനും അത് അറിയാമായിരുന്നു. പരസ്പരം പ്രണയം തുറന്ന് പറയാൻ ഇരുവരും കാത്തിരുന്നു. പതിവ് പോലെ നടക്കാൻ പോയപ്പോളാണ് ആമിയുടെ ഫോണിലേക്ക് ഒരു കാൾ വന്നത്. അവളുടെ മുഖത്ത് ആകാംഷ നിറയുന്നുണ്ടായിരുന്നു. കാൾ കട്ടായതും അവൾ സന്തോഷത്തോടെ വസുവിന് അരികിലേക്ക് എത്തി.

“ഈ ഓണത്തിന് നമുക്ക് ഒരിടം വരെ പോയാലോ?” “എന്താടോ?” ഒന്നും മനസിലാവാതെ അവൻ ചോദിച്ചു. “ഇത്രയും നാൾ ഞാൻ അന്വേഷിച്ചു നടന്ന എന്റെ ജന്മസ്ഥലം കണ്ടെത്തിയിരിക്കുന്നു.” അവൾ സന്തോഷത്തോടെ അവന്റെ കയ്യിൽ പിടിച്ച് കൊണ്ട് പറഞ്ഞു. പെട്ടെന്ന് അവന്റെ മുഖത്തു നിരാശ പടർന്നു. “അത്രക്ക് ഇഷ്ടാണോ അച്ഛനെയും അമ്മയെയും കാണാൻ?” മുഖം താഴ്ത്തി അത് ചോദിക്കുമ്പോൾ അവന്റെ വാക്കുകൾ ഇടറിയിരുന്നു….തുടരും…

ഗന്ധർവ്വയാമം: ഭാഗം 5

Share this story