ഹരി ചന്ദനം: ഭാഗം 18

ഹരി ചന്ദനം: ഭാഗം 18

എഴുത്തുകാരി: ശ്രുതി കൃഷ്ണ

വല്ല സിനിമയോ സീരിയലോ ആയിരുന്നെങ്കിൽ നല്ല ഒരു റൊമാന്റിക് സോങ് ഇട്ട് നായകനും നായികയും കണ്ണിൽ കണ്ണിൽ നോക്കി നിൽക്കേണ്ട സീൻ ആണ്. എവിടുന്ന് നമുക്ക് ഇതൊന്നും വിധിച്ചിട്ടില്ലെന്നേ…. ഇവിടൊരാളു കണ്ണടച്ചു കിടപ്പുണ്ട്.ഇനിയിപ്പോ എന്റെ കണ്ണിലേക്കു നോക്കി എങ്ങാനും ഇഷ്ടം തോന്നിയാലോ എന്നു പേടിച്ചിട്ട് അടച്ചു പിടിച്ചതാണോ എന്തോ.ആള് പെട്ടന്ന് തന്നെ കണ്ണ് തുറന്ന് ആളുടെ മുകളിൽ കിടക്കുന്ന എന്നെ ഉന്തി അപ്പുറത്തേക്ക് ഇട്ടു.പെട്ടന്നുള്ള പ്രതികരണം ആയതിനാൽ എനിക്ക് തടുക്കാൻ പറ്റിയില്ല.ആള് ചാടി എണീറ്റ് നിലത്തു കിടന്ന ഫോൺ എടുത്തു.

ഞാനും ആ ഒരു സാവകാശത്തിൽ വെപ്രാളപ്പെട്ട് എണീറ്റു.ഭാഗ്യം ഫോണിന് വേറൊന്നും പറ്റിയില്ല സ്ക്രീൻ മാത്രേ പോയിട്ടുള്ളൂ.ആക്ച്വലി ആള് ഫോണിൽ കുത്തി കയറി വന്നത് കൊണ്ടു ഞാൻ വീഴുന്നത് കാണുകയോ ഒഴിഞ്ഞു മാറാനുള്ള സാവകാശം കിട്ടുകയോ ചെയ്തില്ല.അതാ പെട്ടന്ന് രണ്ടാളും കൂടി വീണപ്പോൾ ഫോൺ തെറിച്ചു പോയത്.എന്തായാലും സ്ക്രീൻ പൊട്ടിച്ചതിനു കണക്കിനു കിട്ടി എനിക്ക്.സത്യായിട്ടും ഇതിൽ എന്റെ തെറ്റ് എന്താ… അങ്ങേരുടെ പിടിപ്പു കേടു കൊണ്ടല്ലേ അങ്ങനെ സംഭവിച്ചത്.വീഴുമ്പോൾ ഫോൺ ഒക്കെ നല്ലോണം പിടിക്കണം.അല്ലെങ്കിൽ ഇത് പോലെ കേട് വരും.

ആളുടെ വായിലിരിക്കുന്നത് മൊത്തം കേട്ട് വളരെ കൃതജ്ഞയായി ഞാൻ മുറിയിലേക്ക് കയറി.വീഴ്ചയുടെയും ചീത്തവിളിയുടെയും ക്ഷീണം ഒന്ന് മാറിയപ്പോൾ വീണ്ടും പഠിക്കാൻ ഇരുന്നു.ബാൽക്കണിയിലെ ഗ്ലാസ്‌ ഡോറിലൂടെ ആള് ഇടയ്ക്കിടെ നടു തടവുന്നത് കണ്ടു.വീഴ്ചയുടെ ആഖാതത്തിൽ എന്തോ പറ്റിയെന്നു തോന്നുന്നു. ഇന്ന് പതിവിലും നേരത്തെ ആള് കിടക്കാൻ വന്നു.ഇത്തിരി നേരം തിരിഞ്ഞും മറിഞ്ഞും കിടന്ന് ഏണീറ്റ് നടുവിനൊരു കയ്യും കൊടുത്തു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടു.അപ്പൊ കാര്യായിട്ടെന്തോ പറ്റിയിട്ടുണ്ട്.എന്തായാലും എന്റെ അശ്രദ്ധ കൂടി ഉള്ളത് കൊണ്ട് ഞാൻ എണീറ്റിരുന്നു കാര്യം അന്വേഷിച്ചു.

“എന്ത് പറ്റി ” എന്നെ നോക്കി കണ്ണുരുട്ടിയതല്ലാതെ ഒന്നും പറയുന്നില്ല.വേഗം പോയി ഡ്രോയറിൽ നിന്ന് ബാം എടുത്ത് ബാത്‌റൂമിൽ കയറുന്നത് കണ്ടു. കുറച്ചു കഴിഞ്ഞു തിരിച്ചു വരുമ്പോൾ റൂമിലാകെ ബാമിന്റെ ഗന്ധം നിറഞ്ഞു.വീണ്ടും പോയി സോഫയിൽ കിടന്ന് തിരിഞ്ഞും മറിഞ്ഞും കിടക്കുന്നുണ്ടായിരുന്നു . ഞാൻ കാര്യത്തിൽ ഇടപെടാൻ തന്നെ തീരുമാനിച്ചു. “അതേ ഞാൻ മനഃപൂർവം അല്ല. ഹരിയേട്ടൻ പെട്ടന്ന് കയറി വന്നത് കൊണ്ട് പറ്റിയതാ. ” എന്റെ ഏട്ടൻ വിളി അത്ര പിടിച്ചില്ലെന്നു തോന്നുന്നു. വേഗം മുഖം തിരിച്ചു. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. “ഹലോ മിസ്റ്റർ ഹരി പ്രസാദ് ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ? സോഫയിൽ കിടക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ കട്ടിലിൽ വന്നു കിടന്നോളു.എനിക്ക് പ്രശ്നം ഒന്നുല്ല.

വലിയ കട്ടിൽ അല്ലെ ” എവിടെ…. ഇപ്പോഴും നോ മൈൻഡ്.കൈ കണ്ണിനു മുകളിലൂടെ കുറുകെ മറച്ചു വച്ചു കിടപ്പുണ്ട്. ഇനി വീഴ്ചയുടെ ആഘാതത്തിൽ ചെവിയെങ്ങാനും അടിച്ചു പോയോ ഭഗവാനെ…. ഇനി ഇപ്പോൾ ഒരു അറ്റ കൈ പ്രയോഗം തന്നെ നടത്തി കളയാം. “അല്ല… ഞാൻ പറഞ്ഞെന്നെ ഉള്ളൂ. എനിക്ക് എന്നെ ഭയങ്കര വിശ്വാസമാണ്. എല്ലാവർക്കും അങ്ങനെ ആവണമെന്നില്ലല്ലോ. H.P യ്ക്ക് H.P യുടെ കാര്യത്തിൽ അത്ര ഉറപ്പില്ലെങ്കിൽ പോട്ടെ… ഗുഡ് നൈറ്റ്‌ ” അതും പറഞ്ഞു ഞാൻ കിടന്നു. എന്തായാലും എന്റെ നമ്പർ ഏറ്റു. ഞാൻ പറഞ്ഞു നിർത്തേണ്ട താമസം ആള് പുതപ്പും തലയണയും പൊക്കി ബെഡിനടുത്തേക്കു വന്നു. ഞാൻ വേഗം ഒരറ്റത്തേയ്ക്കു മാറി കിടന്നു കൊടുത്തു.

പുതപ്പും തലയണയും കട്ടിലിൽ ഇട്ട് പിന്നേം സോഫ ലക്ഷ്യമാക്കി പോണത് കണ്ടു. ഇത്ര പെട്ടന്ന് പിന്നേം മനസ്സ് മാറിയോ?… ഈ മനുഷ്യൻ… പക്ഷെ ആള് സോഫയിലെ കുഷ്യനുകൾ പൊക്കിക്കൊണ്ട് വീണ്ടും വരുന്നത് കണ്ടു.ഇനിയിപ്പോൾ നടുവിന് സപ്പോർട്ട് കൊടുക്കാൻ എടുത്തു കൊണ്ടു വരുവാണോ? എന്നാലും ഇത്രേം കുഷ്യനുകൾ വേണോ? ഇനിയിപ്പോ ഒരു ഫുൾ ബോഡി സപ്പോർട്ട് ആണാവോ ഉദ്ദേശിക്കുന്നത്? എങ്കിൽ സംഭവം പൊളിക്കും.ഞാൻ ആളുടെ പ്രവർത്തികളൊക്കെ നോക്കി കാണുകയായിരുന്നു.ഒട്ടും പ്രതീക്ഷിക്കാതെ ആള് കുഷ്യനുകളൊക്കെ കട്ടിലിന്റെ നടുക്ക് വച്ചു അതിർത്തി തീർത്തു.അപ്പൊ അങ്ങനാണ് കാര്യങ്ങളുടെ കിടപ്പ്.

പിന്നെ ഞാൻ അധികം പ്രകോപിപ്പിക്കാൻ നിന്നില്ല.ഞാൻ ആളേ നോക്കി കിടന്നു.എന്റെ നോട്ടം കണ്ടതും.ആള് തിരിഞ്ഞു കിടന്നു.ശ്ശേ….. നടുക്ക് ഒരു ഒരു വേലിയും തീർത്തു പിന്നാമ്പുറവും കാണിച്ചു കിടക്കുന്നതു കണ്ടില്ലേ… നാണമില്ലാത്ത മനുഷ്യൻ. ഇതല്ല ഇതിനപ്പുറവും ചാടി കടന്നവളാണീ ചന്ദന…ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ ചുവരിൽ പതിക്കുന്ന H.P യുടെ നിഴലിനെ നോക്കി രണ്ട് ചീത്ത വിളിച്ചപ്പോൾ ഇത്തിരി ആശ്വാസം തോന്നി. പിറ്റേന്ന് രാവിലെ താഴേക്ക്‌ ചെല്ലുമ്പോൾ H.P ഉമ്മറത്തിരിക്കുന്നത് കണ്ടു.ഇന്ന് ഓടാൻ പോയ ലക്ഷണം കാണുന്നില്ല.ചെയറിൽ കുഷ്യൻ ഒക്കെ വച്ചാണ് ഇരിപ്പ്.

നടുവേദന വിട്ടില്ലെന്നു തോന്നുന്നു.അടുക്കളയിൽ നിന്നും H.P യ്ക്കുള്ള ചായയും എടുത്ത് ഉമ്മറത്തേക്ക് ചെന്നു.ഇന്ന് ഇതുവരെയായും ചെടിയൊന്നും നനച്ച മട്ടില്ല. ഞാൻ ചായ ആൾക്ക് കൊടുത്ത് വേഗം ചെടികളൊക്കെ നനച്ചു.മുറ്റത്ത് നനച്ചോണ്ടിരിക്കുമ്പോൾ എന്നെക്കൊണ്ട് ആദ്യമായി ഒരു ഉപകാരം ഉണ്ടായി എന്ന മട്ടിൽ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു.അപ്പോഴേക്കും അമ്മ ഉമ്മറത്തേക്ക് ഇറങ്ങി വന്നു. “ആഹാ മോള് ഇതേറ്റെടുത്തോ. അമ്മ അത്യാവശ്യം പണികളൊക്കെ ഒതുക്കി നനയ്ക്കാനായി വന്നതാ.. ” ഞാൻ വെറുതെ അമ്മയെ നോക്കി ചിരിച്ചു. “കേട്ടോ മോളെ ഇവിടൊരാള് രാവിലെ തന്നെ നടുവേദന ആണെന്നും പറഞ്ഞ് എന്റെ എടുത്തോട്ടാ വന്നത്.

ഞാൻ കഴിഞ്ഞ ദിവസത്തെ കുഴമ്പെടുത്തു കൊടുത്തു. അതും പുരട്ടിയുള്ള ഇരിപ്പാ… കണ്ടില്ലേ? അല്ലെങ്കിൽ തന്നെ എന്ത് പുരട്ടിയിട്ടും എന്താ ഇരുപത്തിനാല്‌ മണിക്കൂറും ആ കുന്തത്തിൽ കുത്തിക്കൊണ്ടു ഒറ്റയിരിപ്പു ഇരുന്നാൽ പിന്നെ നടുമാത്രല്ല.. തല മുതൽ കാൽ വരെ വേദനിക്കും. ” H.P യെ കുറ്റം പറഞ്ഞ് കൊണ്ടുള്ള സംസാരം കേട്ടപ്പോൾ ഞാൻ ആളെയൊന്നു പാളി നോക്കി.അവിടെ പിന്നെ ഇതൊന്നും പുത്തരിയല്ലെന്ന മട്ടിൽ പത്രത്തിൽ കയറിയിരുന്നു വായനയാണ്. “ഹരിക്കുട്ടാ… ഇപ്പോൾ വേദന കുറവുണ്ടോ? ” “ആഹ്… ” “നീ ഇന്ന് ഓഫീസിൽ പോണുണ്ടോ? ” “പോണുണ്ട് ” അതും പറഞ്ഞ് ആള് എണീറ്റു. “അതേ… ഹരിക്കുട്ടാ… വെറുതെ കുഴമ്പ് പുരട്ടിയിട്ടു കാര്യമില്ല.

കുളിക്കുന്നതിനു മുൻപ് ആവി പിടിക്കണം എങ്കിലേ ഭേദം ഉണ്ടാവു.അമ്മ ചൂടു വെള്ളം എടുത്തിട്ടു വരാം.” അതും പറഞ്ഞ് അമ്മയും ആളുടെ പുറകെ പോയി. ഞാൻ നനയൊക്കെ കഴിഞ്ഞ് മുകളിൽ ചെല്ലുമ്പോൾ അമ്മ H.P യ്ക്ക് ചൂട് പിടിച്ചു കൊടുക്കാനുള്ള ഒരുക്കത്തിലായിരുന്നു. “ആഹാ… മോള് വന്നത് നന്നായി. മോള് വന്നു ഇവന് ഇത്തിരി നേരം ആവി പിടിച്ചു കൊടുത്തേ.. അമ്മയ്‌ക്കെ അടുക്കളേല് ഇത്തിരി കൂടി ജോലി ഉണ്ട്. ” അതും പറഞ്ഞ് അമ്മ ചൂടുവെള്ളത്തിൽ പിഴിഞ്ഞ തോർത്ത്‌ എന്റെ കയ്യിലേക്ക് തന്നു.അത് കേൾക്കേണ്ട താമസം H.P ചാടി എണീറ്റു. “ഇവള് ചെയ്താൽ ശരിയാവില്ല.

അമ്മ തന്നെ ചെയ്താൽ മതി. അടുക്കളേല് ഇപ്പോൾ തല്ക്കാലം മാളു ഇല്ലേ? ” “അതെന്താ ഇവള് ചെയ്താൽ ശെരിയാവാത്തത്.പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് ഭാര്യാഭർത്താക്കന്മാർ ജീവിക്കേണ്ടത്.” “ഇവള് ചെയ്യുവാണേൽ എനിക്ക് ചൂട് പിടിക്കേണ്ട.അല്ലെങ്കിൽ ഇങ്ങോട്ട് താ..ഞാൻ ഒറ്റയ്ക്ക് ചെയ്തോളാം.” അതും പറഞ്ഞ് ആള് എന്റെ കയ്യിൽ നിന്ന് തോർത്ത്‌ തട്ടിപ്പറിച്ചു.ശ്ശെടാ… ഇന്ന് ഇതിനൊരു തീരുമാനം ഉണ്ടാകുവോ.അല്ലെങ്കിൽ തന്നെ ദിവസം മുഴുവൻ ബാക്കി ഉള്ളോരുടെ മെക്കിട്ടു കേറുന്ന ഇതിനെ ഇനി പ്രത്യേകിച്ച് ചൂട് പിടിപ്പിക്കേണ്ട ആവശ്യം ഉണ്ടോ?വാശി പിടിച്ചുള്ള അങ്ങേരുടെ ഇരിപ്പ് കണ്ടില്ലേ.

എന്തായാലും അടുത്തതായി അമ്മ കാര്യമായി തന്നെ ഇടപെട്ടു.ആളുടെ തലയ്ക്കൊരു കൊട്ട് കൊടുത്ത് അമ്മ തോർത്ത്‌ വീണ്ടും വാങ്ങി എന്റെ കയ്യിൽ തന്നു. “ഹരിക്കുട്ടാ… മാളു കുട്ടിയ്ക്ക് ഇന്ന് എന്തോ എക്സാം ഉണ്ടെന്നു. ഞാൻ അങ്ങ് ചെന്നിട്ടു വേണം അതിനെ പഠിക്കാൻ പറഞ്ഞു വിടാൻ. ഞാൻ വരണ്ടന്നൊക്കെ പറഞ്ഞിട്ടും അതിന്നും പതിവുപോലെ വന്നില്ലേ പാവം. ” അമ്മയുടെ സംസാരത്തോടെ ആളൊന്നയഞ്ഞു വീണ്ടും കിടന്നു. ഞാൻ ആവി പിടിത്തം തുടങ്ങിയ ശേഷമാണ് അമ്മ മുറിവിട്ടു പോയത്. പോണവഴിക്കു എന്നെ നോക്കി കണ്ണിറുക്കി ചിരിച്ചു കാണിച്ചു.

അമ്മ പോയപ്പോൾ ആള് പിന്നേം എണീറ്റ് പ്രശ്നം ഉണ്ടാക്കുമെന്നാണ് ഞാൻ കരുതിയത് പക്ഷെ അതുണ്ടായില്ല.ആള് നല്ല സുഖം പിടിച്ചു കിടപ്പുണ്ട്. അയ്യടാ… കിടക്കുന്ന കിടപ്പ് കണ്ടില്ലേ?? ഇടയ്ക്കുള്ള സ്വഭാവം കണ്ടാൽ ഈ ചൂടു വെള്ളം എടുത്ത് തല വഴി ഒഴിക്കാൻ തോന്നും. എന്തായാലും ഈയിടെയായി H.P പിന്നെയും ശാന്തരൂപം കൈ വരിച്ചിട്ടുണ്ട്.വഴക്കൊക്കെ വളരെ കുറഞ്ഞിരുന്നു. ദിവസങ്ങൾ പിന്നെയും കടന്നു പോയി. ഇന്നാണ് പപ്പയുടെ സർജ്ജറി.ഇന്നത്തെ ദിവസം എനിക്കാകെ ടെൻഷൻ ആയിരുന്നു.H.P ഒഴികെ മറ്റെല്ലാവരും എന്നെ വിളിച്ചു ആശ്വസിപ്പിച്ചെങ്കിലും അതൊന്നും എന്റെ പേടി കുറച്ചിരുന്നില്ല.

രാവിലെ കോളേജിൽ പോണില്ലെന്നു പറഞ്ഞെങ്കിലും വീട്ടിലിരുന്നു വെറുതെ ഓരോന്ന് ആലോചിച്ചു മനസ്സ് വിഷമിപ്പിക്കും എന്നു പറഞ്ഞു അമ്മ ലീവ് എടുക്കാൻ സമ്മതിച്ചില്ല.എന്റെ മാനസികാവസ്ഥ അറിഞ്ഞത് കൊണ്ടാണ് കോളേജിലേക്ക് ഒറ്റയ്ക്ക് വണ്ടിയെടുത്തു പോവണ്ട എന്ന് പറഞ്ഞു അമ്മ എന്നെ കോളേജിൽ വിടാനും വൈകിട്ട് തിരിച്ചു വീട്ടിൽ എത്തിക്കാനും H.P യെ പറഞ്ഞേൽപ്പിച്ചു.ആദ്യമായിട്ടാണ് അദ്ദേഹം എന്നെ കോളേജിൽ വിടാൻ വരുന്നത്. മുൻപെപ്പോഴോക്കെയോ ഞാൻ ആഗ്രഹിച്ച ഒരു നിമിഷമാണിത് എന്നിട്ടും മനസ്സറിഞ്ഞൊന്നു സന്തോഷിക്കാൻ എനിക്ക് കഴിഞ്ഞില്ല.

പതിവില്ലാതെ കാർ പോയത് എനിക്ക് പരിചിതമല്ലാത്ത വിജനമായ ഒരു വഴിയിലൂടെ ആണ്.എളുപ്പ വഴിയാകാം എന്ന് കരുതി ഞാൻ പുറത്തേക്കു നോക്കിയിരുന്നു. എന്നാൽ കാർ നേരെ ചെന്നു നിന്നത് ഒരു കൊച്ചു കുന്നിന്റെ താഴെയായിരുന്നു. പുറത്തേക്ക് നോക്കിയ ഞാൻ കണ്ടത് മുകളിലേക്കു കയറാനുള്ള ഒട്ടേറെ പടികളും ഒരു കൊച്ചു ഭണ്ഡാരവും ആയിരുന്നു.മുകളിൽ നിന്ന് കേൾക്കുന്ന മണി നാദത്തിൽ അതൊരു അമ്പലമാണെന്ന് ഞാൻ ഉറപ്പിച്ചു.ഇവിടെ എന്താണെന്ന ഭാവത്തിൽ ഞാൻ H.P യെ നോക്കി. “തന്നെ അമ്പലത്തിൽ കൊണ്ട് പോവണം എന്ന് അമ്മ പറഞ്ഞിരുന്നു.പെട്ടന്ന് പോയി തൊഴുത്തിട്ടു വരൂ. എനിക്ക് തിരക്കുണ്ട്.” ഗൗരവത്തിൽ അത്രയും പറഞ്ഞു ആള് ഫോണിൽ നോക്കാൻ തുടങ്ങി.

ഞാൻ വേഗം കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി.മുകളിലേക്കുള്ള പടികൾ വേഗത്തിൽ കയറുമ്പോൾ ചന്ദനത്തിന്റെ മണമുള്ള കാറ്റ് എന്നെ തഴുകിയകലുന്നുണ്ടായിരുന്നു.പടികൾ അവസാനിച്ചത് പാറകളുടെ മുകളിൽ പണിത ഒരു കൊച്ചു ക്ഷേത്രത്തിലായിരുന്നു.ശിവപാർവതി പ്രതിഷ്‌ഠയുള്ള ക്ഷേത്രമാണ്.അധികം തിരക്കില്ല.വിജനമായ പരിസരവും എത്തിച്ചേരാൻ ബുദ്ധിമുട്ടും ഉള്ളത് കൊണ്ടാവാം അധികം തിരക്കില്ലാത്തതെന്ന് ഞാൻ ഊഹിച്ചു.ആ കുന്നിന്റെ മുകളിൽ നിന്നാൽ ഒത്തിരി ദൂരെ വരെ കാഴ്ചയെത്തുമായിരുന്നു.

അങ്ങ് ദൂരെ മൂടൽ മഞ്ഞു പുതച്ച മലകളും ഒരു കൊച്ചു നദിയും കാണാം. അമ്പലത്തിൽ നിന്നൊഴുകി വരുന്ന ശിവമന്ത്രങ്ങളും ശാന്തമായ അന്തരീക്ഷവും വരുന്ന ആരെയും പിടിച്ചു നിർത്തുന്ന വിധത്തിലായിരുന്നു.ഭഗവാന്റെ നടയിൽ പോയി പപ്പയ്ക്ക് വേണ്ടി ഉള്ളുരുകി പ്രാർത്ഥിച്ചു.മറ്റെല്ലാരെയും എന്തിന് എന്നെ പോലും എന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താൻ ഞാൻ വിസ്മരിച്ചു. പപ്പയുടെ പേരിൽ നടത്തിയ വഴിപാടുകളുടെ പ്രസാദം വാങ്ങുമ്പോൾ തിരുമേനിയുടെ നോട്ടം കണ്ടാണ് ഇത്രയും നേരം ഞാൻ കരയുകയാണെന്നു തിരിച്ചറിഞ്ഞത്. അമ്പലം ചുറ്റി പ്രാർത്ഥിച്ചു വേഗത്തിൽ തിരിച്ചു പടികളിറങ്ങി ചെല്ലുമ്പോഴും എന്തിനെന്നറിയാതെ മിഴികൾ നിറഞ്ഞുതൂവികൊണ്ടിരുന്നു.

താഴെ എന്നെ കാത്ത് അക്ഷമനായി വണ്ടിയിൽ നിന്നിറങ്ങി നിൽക്കുന്ന H.P യെ കണ്ടപ്പോൾ ഞാൻ കണ്ണുകൾ അമർത്തി തുടച്ചു.എന്നെ കണ്ടതും ആള് വേഗം കാറിൽ കയറി പുറകെ ഞാനും. “താൻ കരഞ്ഞോ? തനിക്കു കുഴപ്പമൊന്നുമില്ലല്ലോ അല്ലെ? ” ഞാൻ ഇല്ലെന്ന ഭാവത്തിൽ ഇരുഭാഗത്തേക്കും തലയാട്ടി. “തന്റെ പപ്പയ്ക്ക് ഒന്നും വരില്ലെടോ… ഞങ്ങളൊക്കെ ഇല്ലേ? ” ഇപ്പോൾ ശെരിക്കും ഞെട്ടി ഞാൻ H.P യെ നോക്കി.അവിടെ പ്രത്യേകിച്ച് ഭാവഭേദം ഒന്നും തന്നെ കണ്ടില്ല.എന്നിരുന്നാലും അദ്ദേഹത്തിന്റെ വാക്കുകൾ വീണ്ടും വീണ്ടും എനിക്ക് ചുറ്റും മുഴങ്ങി കേൾക്കുന്നത് പോലെ തോന്നി.മറ്റാരേക്കാളും എന്നിലാ വാക്കുകൾ ആശ്വാസം നിറച്ചു. കോളേജിൽ പോയെങ്കിലും എന്റെ മനസ്സ് പപ്പയുടെ കൂടെയായിരുന്നു.

ക്ലാസ്സിൽ ഒട്ടും ശ്രദ്ധിക്കാൻ പറ്റിയില്ല. ഒരിത്തിരി ഫ്രീ ടൈം കിട്ടുമ്പോഴേക്കും ഫോൺ എടുത്ത് പുതിയ എന്തെങ്കിലും വിവരം ഉണ്ടോന്നു നോക്കും.ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനൊന്നും വിശപ്പ് തോന്നിയില്ല.വിവരങ്ങൾ അറിയാൻ അമ്മയും അത് കഴിഞ്ഞ് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് H.P യും വിളിച്ചു. അമ്മ ഒത്തിരി ആശ്വസിപ്പിച്ചാണ് വച്ചത്. H.P അധികമൊന്നും സംസാരിക്കാതെ പതിവുപോലെ “താൻ ok അല്ലെ? ” എന്ന് ചോദിച് എന്റെ ” അതേ.. ” എന്ന മറുപടി കിട്ടിയപ്പോൾ വച്ചു.വൈകിട്ട് അമ്മ പറഞ്ഞേൽപ്പിച്ചത് പോലെ ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങി H.P വന്നു കൂട്ടാൻ. വീട്ടിലെത്തിയിട്ടും ഒന്നിലും ശ്രദ്ധ നിൽക്കുന്നില്ലായിരുന്നു.

ഫോണും കയ്യിൽ പിടിച്ചു ഒത്തിരി അങ്ങോട്ടും ഇങ്ങോട്ടും നടന്നു.രാത്രിയിൽ കിടക്കുന്നതിനു മുൻപ് ഒത്തിരി തവണ മാമയെ ട്രൈ ചെയ്‌തെങ്കിലും കിട്ടിയില്ല.ഒട്ടും സമാദാനം ഇല്ലാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.രാത്രി രണ്ടു മണിയോടടുത്താണ് മാമ വിളിച്ചത്. സർജറി സക്സെസ്സാണെന്നും ഇതുവരെ കുഴപ്പമൊന്നും ഇല്ലെന്നും അറിയിച്ചു മാമ ഫോൺ വച്ചു. എന്റെ അവസ്ഥ മനസ്സിലായതുകൊണ്ടാവാം ഇത്ര വൈകിയ വേളയിലും ആശ്വാസമേകുന്ന ഈ വാർത്ത മാമ വിളിച്ചു അറിയിച്ചത്. പിന്നീട് അങ്ങോട്ട് മാമയ്ക്കു പറയാൻ ഉണ്ടായിരുന്നതു ശുഭ വാർത്തകൾ തന്നെയായിരുന്നു.

ഇടയ്ക്കൊരു ദിവസം പപ്പയെ വീഡിയോ കൊളിൽ കാണിച്ചു തന്നു. ഞാൻ വീണ്ടും പഴയപോലെ ഉഷാറായി.H.Pയുടെ എന്നോടുള്ള സമീപനവും ഒത്തിരി മാറി വരുന്നുണ്ടായിരുന്നു എന്നിരുന്നാലും ആളേ ഇമ്പ്രെസ്സ് ചെയ്യാനുള്ള ശ്രമങ്ങൾ ഞാൻ തുടർന്നു കൊണ്ടേയിരുന്നു. അതനുസരിച്ചു രാവിലെ നേരത്തെയൊക്കെ എണീറ്റ് ആള് ഓടാൻ പോകുന്ന തക്കത്തിന് ആളുടെ രാവിലത്ത പരിപാടികൾ ഒക്കെ ഏറ്റെടുത്തു ചെയ്യുമായിരുന്നു. ഇന്ന് ഞായറാഴ്ചയായതിനാൽ കിച്ചു വന്നിട്ടുണ്ടായിരുന്നു എന്റെ ഈ വക സാഹസങ്ങൾ ഒക്കെ കണ്ടു അവൻ കളിയാക്കുന്നുണ്ടായിരുന്നു.ഞാൻ മുറ്റത്തെ ചെടികൾ നനച്ചോണ്ടിരുന്നപ്പോൾ ആണ് H.P ഓട്ടം കഴിഞ്ഞ് തിരികെ വന്നത്.

വന്നപാടെ ഉമ്മറത്ത് പത്രം വായിച്ചോണ്ടിരുന്ന കിച്ചുവിനോടു രണ്ട് പേജ് ചോദിച്ച് വാങ്ങി ആളും കൂടെയിരുന്നു.അതോടെ കിച്ചു ചുമച്ചും മുഖത്ത് ഓരോരോ എക്സ്പ്രെഷൻ ഇട്ടും ഞങ്ങളെ കളിയാക്കാൻ തുടങ്ങി.ഇടയ്ക്ക് ഞങ്ങളുടെ കണ്ണുകൾ ഉടയ്ക്കിയപ്പോൾ ചമ്മൽ മറയ്ക്കാൻ ഞാൻ വേറെ എങ്ങോട്ടും ശ്രദ്ധിക്കാതെ എന്റെ ജോലിയിലേക്ക് ശ്രദ്ധിച്ചു.H.P യും അവനെ കാര്യമായി ശ്രദ്ധിക്കുന്നില്ല.അതോടെ അവന്റെ ആക്കൽ കൂടി വന്നു. ഉമ്മറത്തെ ബഹളം കേട്ടാണ് അമ്മയും അങ്ങോട്ട് വന്നത്.കിച്ചുവിന്റെ തലയ്ക്കൊരു കിഴുക്കു കൊടുത്ത് അടങ്ങിയിരിക്കാൻ പറഞ്ഞ് അമ്മ എന്റെ പുറകിലൂടെ അടുത്തേക്ക് ഇറങ്ങി വരുന്നുണ്ടായിരുന്നു.

അമ്മയുടെ വരവ് അറിയാതിരുന്ന ഞാൻ മുറ്റത്ത് കുറുകെ കിടന്ന ഹോസ്പൈപ്പ് വലിച്ചതും അതിൽ ചവിട്ടിയ അമ്മ ബാലൻസ് കിട്ടാതെ താഴെ വീണ് നെറ്റി സൈഡിലുള്ള അരമതിലിൽ ഇടിച്ചു.അമ്മയുടെ കരച്ചിൽ കേട്ടാണ് ഞാൻ പെട്ടന്ന് തിരിഞ്ഞത്. അപ്പോഴേക്കും കിച്ചുവും H.P യും ഓടിവന്നു അമ്മയെ താങ്ങി എഴുന്നേൽപ്പിച്ചു.നെറ്റി മുറിഞ്ഞു രക്തം വരുന്നത് കണ്ടു ഓടി ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നതും മുഖമടച്ചുള്ള H.P യുടെ അടിയിൽ ഞാൻ പുറകിലേക്ക് വേച്ചു പോയി….തുടരും

ഹരി ചന്ദനം: ഭാഗം 17

Share this story