ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 14

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 14

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

ദിവസങ്ങൾ ആഴ്ചകളും മാസങ്ങളുമായി കടന്ന് പൊയ്ക്കൊണ്ടിരുന്നു… ഒരിക്കൽ പോലും നവിയുടെ മുന്നിലേക്ക് പിന്നെ ഗൗരി ചെന്ന് പെട്ടില്ല… ഒരു വാക്കോ നോക്കോ അവളിൽ നിന്നു ഉണ്ടായതുമില്ല… അവൻ അവിടെ എത്തിച്ചേർന്നപ്പോൾ ഉണ്ടായിരുന്ന ആ പഴയ ഗൗരിയിലേക്ക് തിരിച്ചു നടക്കാൻ അവൾക്ക് ഒരു പ്രയാസവുമുണ്ടായിരുന്നില്ല…. നവി പലവട്ടം അവളോടൊന്നു സംസാരിക്കാൻ കിണഞ്ഞു ശ്രമിച്ചു… പക്ഷെ ഗൗരി ജാഗരൂഗയായിരുന്നു… ഒറ്റക്കായെക്കാവുന്ന പല സന്ദര്ഭങ്ങളും അവൾ വിദഗ്ധമായി മാറ്റി…

ഒന്നുകിൽ മുത്തശ്ശി അല്ലെങ്കിൽ ഭദ്രക്കുട്ടി അല്ലെങ്കിൽ രാധികേച്ചി ഇവരിൽ ആരെങ്കിലും എപ്പോഴും അവളുടെ കൂടെ കാണുമായിരുന്നു… അച്ചാർ കമ്പനിയിലേക്ക് വലിയ റോഡിലൂടെ പോകാതെ.. കാർ കയറാത്ത ഒരിടവഴി അവൾ വഴിയാക്കി… “ഗൗരി… നീയെന്നെ തെറ്റിദ്ധരിച്ചിരിക്കയാണ്.. എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കൂ “എന്ന നവിയുടെ വാക്കുകൾക്ക് “ഒന്നും കേൾക്കേണ്ടതില്ല… എന്ത് തന്നെയായാലും എന്നെ ബാധിക്കില്ല “എന്ന അവളുടെ ഉത്തരത്തിൽ തിരശീല വീണു…

നവിയുടെയും നിരഞ്ജനയുടെയും വിവാഹം ഉറപ്പിച്ചു വെച്ചിരിക്കുകയാണ് എന്ന ധാരണയിൻ മേൽ ഗൗരി തന്റെ മനസിലെ ആ നുറുങ്ങു ഇഷ്ടത്തിന്റെ അവസാനത്തെ കണികയും തേച്ചു മായ്ച്ചു കളഞ്ഞു… ഇങ്ങനെയൊക്കെയാണെങ്കിലും നവി അമ്മയെ സമയം കിട്ടുമ്പോഴൊക്കെ പുറത്തിറക്കി നടത്തുകയും ഒരുപാട് സംസാരിക്കുകയും തമാശ പറഞ്ഞു കേൾപ്പിക്കുകയും ഒക്കെ ചെയ്തു പോന്നു.. ദേവനല്ല… നവി വേറൊരാളാണ് എന്നൊരു ചെറിയ തിരിച്ചറിവിലേക്ക് ആ അമ്മയുടെ മനസിനെ എത്തിച്ചു നിർത്താനും നവിക്ക് സാധിച്ചു…. എങ്കിലും ചില നേരങ്ങളിൽ അവർ അധികഠിനമായ ഒരു വിഷാദത്തിലേക്ക് കൂപ്പ് കുത്തി വീഴുന്നുണ്ടായിരുന്നു… 🍂🍂🍂🍂

തിരുമുല്ലക്കാവ് മറ്റൊരു വൃശ്ചിക മാസത്തെ വരവേൽക്കാൻ ഒരുങ്ങി തുടങ്ങി… ഒരു തുലാമാസത്തിന്റെ ഒടുവിൽ നവി നാട്ടിൽ പോയിരുന്ന സമയത്ത് വാര്യത്തിന്റെ മുറ്റത്തേക്ക് വന്ന് നിന്ന കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു ഗൗരി സംശയത്തോടെ നോക്കി…. ……….. നിരഞ്ജന……. ഒരു ചെറു പുഞ്ചിരിയോടെ അവൾ ഗൗരിയുടെ അടുത്തേക്ക് നടന്നു വന്നു… “ഡോക്ടർ നാട്ടിൽ പോയിരിക്കുവാ… അറിഞ്ഞില്ലാരുന്നോ… “ഗൗരി ചോദിച്ചു… “ഞാൻ ഗൗരിയെ കാണാനായി വന്നതാ.. ” അവൾ കയ്യിലിരുന്ന സാമാന്യം വലിപ്പമുള്ള ഒരു വിവാഹ ക്ഷണക്കത്ത് ഗൗരിയുടെ നേർക്ക് നീട്ടി…

ഗൗരി വിറയ്ക്കുന്ന കൈകളോടെ അത് തുറന്നു നോക്കി… …………. Dr.നിരഞ്ജന weds Dr.Aryan ഗൗരി വിശ്വാസം വരാതെ നിരഞ്ജനയെ നോക്കി… നിരഞ്ജന അപ്പോൾ മുറ്റത്തെ ചെമ്പകചുവട്ടിൽ നിന്നു ആ വാസന ആസ്വദിക്കുകയായിരുന്നു…. “അപ്പൊ… അപ്പൊ… ഡോക്ടർ ഇവിടുത്തെ ഡോക്ടറെ അല്ലേ കല്യാണം കഴിക്കുന്നേ… “ഗൗരിയുടെ ശബ്ദം വിറച്ചു… നിരഞ്ജന ഒന്നും മനസിലാകാത്ത പോലെ പുരികം ചുളിച്ചു… “ഇവിടുത്തെ ഡോക്ടറെയോ… ആരെ നവനീതിനെയോ… അതെങ്ങനെ ശരിയാകും… “നിരഞ്ചനക്ക് ഒന്നും മനസിലായില്ല… നവി നിരഞ്ജനയോടു ഒന്നും തന്നെ പറഞ്ഞിട്ടുണ്ടായിരുന്നില്ല…

“നിങ്ങളുടെ കല്യാണം ഉറപ്പിച്ചു വെച്ചിരിക്കുകയല്ലായിരുന്നോ…. “ഗൗരി വീണ്ടും വിറയലോടെ ചോദിച്ചു… “ഗൗരി എന്തൊക്കെയാ ഈ പറയുന്നേ… എനിക്കൊന്നും മനസിലാവുന്നില്ല… ഞങ്ങളുടെ ഭാഗത്തു നിന്നും നവിയെ പ്രൊപ്പോസ് ചെയ്തിരുന്നു… പക്ഷെ നവിക്ക് താൽപ്പര്യമില്ല എന്ന് പറഞ്ഞത് കൊണ്ട് അത് വിട്ടു… നവിയും ഞാനും നല്ല സുഹൃത്തുക്കൾ മാത്രമാണ് അന്ന് മുതൽ..” “നവി… നവിക്ക് ഗൗരിയെ അല്ലേ ഇഷ്ടം.. “?? നിരഞ്ജനയുടെ ചോദ്യം കേട്ട് ഗൗരിയുടെ നെഞ്ച് പൊള്ളിപ്പോയി… കണ്ണിൽ നിന്നും ചുടു കണ്ണുനീർ നിർത്താതെ ചാലിട്ടൊഴുകി … തളർച്ചയോടെ അവൾ തിണ്ണയിലേക്ക് ഇരുന്നു…

“എന്താ.. ഗൗരി… എന്താ പറ്റിയെ… നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ “നിരഞ്ജന ഗൗരിയുടെ തോളിലൂടെ കയ്യിട്ടു കൊണ്ട് അടുത്തേക്കിരുന്നു… നെഞ്ച് പൊട്ടി വന്ന വിഷമം താങ്ങാനാവാതെ ഗൗരി നിരഞ്ജനയുടെ തോളിലേക്ക് തല ചായ്ച്ചു… വേദനയോടെ ഉണ്ടായ കാര്യങ്ങളൊക്കെ നിരഞ്ജനയോടു തുറന്നു പറഞ്ഞു.. ഒരനിയത്തി കുട്ടിയെ ചേർത്ത് പിടിക്കുന്ന പോലെ അവളെ ചേർത്ത് പിടിച്ചുകൊണ്ടു അവളുടെ സങ്കടങ്ങൾ മുഴുവൻ പെയ്തൊഴിയുന്ന നേരം വരെ നിരഞ്ജന അവിടെ ഇരുന്നു…

സങ്കടം ഒട്ടൊന്നോതുങ്ങിയപ്പോൾ അവളുടെ കണ്ണും മുഖവും തുടച്ചു കൊടുത്തു കൊണ്ട് നവി ഗൗരിയെ കുറിച്ച് തന്നോട് പറഞ്ഞ കാര്യങ്ങൾ നിരഞ്ജന അവളെ അറിയിച്ചു… ഗൗരിയുടെ മുഖത്ത് തെറ്റിദ്ധാരണകൾ മാറിയ ഒരു കുഞ്ഞ് പുഞ്ചിരി നിറമേകി… പിന്നെയും ഒരുപാട് നേരം കൂടി ഗൗരിയോടൊപ്പം ചെലവഴിച്ചിട്ടാണ് നിരഞ്ജന പോകാനിറങ്ങിയത്… “അതേ… ഞാനിന്ന് നവിയെ വിളിക്കുന്നുണ്ട്.. പക്ഷെ ഇതൊന്നും പറയുന്നില്ല… അതൊക്കെ നാട്ടിൽ നിന്നും തിരികെ വരുമ്പോൾ താൻ തന്നെ തന്റെയാളെ അറിയിച്ചാൽ മതി… ഒന്ന് എനിക്കറിയാം.. He loves you a lot…തനിക്ക് വേണ്ടിയാ ഈ കാത്തിരുപ്പൊക്കെ… വിഷമിപ്പിക്കരുത്… അറിഞ്ഞിടത്തോളം വീട്ടിൽ ഒരുപാട് ദുഃഖങ്ങൾ ഒക്കെ ഫെയിസ് ചെയ്യുന്ന ആളാ…

താനും കൂടി ആ പാവത്തിനെ വിഷമിപ്പിക്കരുത്… താൻ എന്ന് പറഞ്ഞാൽ നവിക്ക് ജീവനാ… ഇനിയും കണ്ടില്ലെന്നു നടിക്കരുത്…. ” “പിന്നെ നവിയെ ഞാൻ ഹോസ്പിറ്റലിൽ വെച്ച് കല്യാണം വിളിച്ചോളാം… ഇതിപ്പോ തന്നെ ക്ഷണിക്കാൻ വന്നതാ… നവിയോടൊപ്പം വരണം തൃശൂർക്ക്… എങ്കിലേ നിങ്ങളുടെ കല്യാണത്തിന് ഞാൻ വരൂ… ” നിരഞ്ജന ചെന്ന് കാറിൽ കയറി… കാർ കണ്ണിൽ നിന്നു മറയുവോളം ഗൗരി ആ ഉമ്മറപ്പടിയിൽ തന്നെ നിന്നു… നിറഞ്ഞു വന്ന മിഴികൾ തുടച്ചു മാറ്റാൻ ധൃതിപ്പെടാതെ… നിറമിഴികളോടെ അങ്ങകലെ കൽക്കണ്ടക്കുന്നിലേക്ക് നോക്കിയപ്പോൾ എന്നത്തേതിലും തീക്ഷണതയോടെ ആ കെടാവിളക്കിലെ ജ്വാല നിറഞ്ഞു ജ്വലിക്കുന്നത് പോൽ അവൾക്കു തോന്നി…

നവി രണ്ടു ദിവസം കൂടി കഴിഞ്ഞാണ് എത്തിയത്… നവിയുടെ കാർ ഒരു സന്ധ്യാസമയത്താണ് വാര്യത്തിന്റെ മുറ്റത്തേക്ക് എത്തി നിന്നത്…. ഗൗരി നാമം ചൊല്ലി എഴുന്നേറ്റ് അടുക്കളയിലേക്ക് പോയിരുന്നു… ഉമ്മറത്തു ഒരു വർത്തമാനം കേട്ട് ഗൗരി എത്തി നോക്കിയപ്പോഴാണ് കാറിൽ നിന്നും എന്തൊക്കെയോ കുറച്ചു കവറുകൾ എടുത്ത് മുത്തശ്ശിയുടെ കയ്യിൽ ചിരിയോടെ ഏൽപ്പിക്കുന്ന നവിയെ കണ്ടത്… ഒരു വിറയലോ… മിന്നൽപ്പിണറോ വേർതിരിച്ചറിയാനാവാത്ത എന്തോ ഒരനുഭൂതി നെറുകം തലയിൽ നിന്നും ഉള്ളം കാൽ വരെ പോയി വന്നത് ഗൗരിക്ക് അനുഭവപ്പെട്ടു… അകത്തേക്കൊന്നു നോക്കുക പോലും ചെയ്യാതെ നവി അപ്പുറത്തേക്ക് പോയി… അവൻ കൊടുത്ത കൂടുകളുമായി മുത്തശ്ശി അകത്തേക്ക് വന്നു .

ഏതോ മാർജിൻഫ്രീ മാർക്കറ്റിൽ നിന്നും മേടിച്ച പലവ്യഞ്ജനങ്ങളും പച്ചക്കറികളും ഒക്കെയായിരുന്നു അതിൽ… “മോളെ വൈദ്യർക്ക് ചോറുണ്ടാകുവോ എന്ന് ചോദിച്ചു .. ഉണ്ടാകുവോ…??? ” “വരുമെന്നറിയില്ലാരുന്നല്ലോ… കുഴപ്പമില്ല അരി അടുപ്പത്തിടാം… “ഗൗരി വേഗം തന്നെ കലം കഴുകി വെള്ളമെടുത്ത് അടുപ്പിൽ വെച്ചു…. കറികൾ ഇരിപ്പുണ്ടായിരുന്നിട്ടും പണ്ടെന്നോ നവി ഒത്തിരി ഇഷ്ടമാണ് എന്ന് പറഞ്ഞു കൂട്ടി കണ്ടിട്ടുള്ള മാമ്പഴപ്പുളിശ്ശേരിയും തയ്യാറാക്കി വെച്ചു… എട്ടുമണിയോടെ ഒക്കെ പാത്രത്തിലാക്കി മുത്തശ്ശിയുടെ കൈകളിൽ കൊടുത്തു വിട്ടിട്ട് ഇടമുറിയിലെ വെളിച്ചം കെടുത്തിയിട്ട് ആ ജനൽ പാളി അല്പം തുറന്നു അപ്പുറത്തെ ജനലിങ്കലേക്ക് നോക്കി അവൾ…

ആ ജനലോരത്ത് ഇട്ടിരിക്കുന്ന മേശയുടെ പുറത്ത് വെച്ച് ഇങ്ങോട്ട് നോക്കിയിരുന്നാണ് നവി കഴിക്കുന്നത്… ഒരു കൊച്ചുകുട്ടിയുടെ വെമ്പലോടെ നവി കഴിക്കുന്നത് കാണാനായി അവൾ അവിടെ ഉറ്റു നോക്കി നിന്നു… നവി കൈകഴുകി വന്നിരിക്കുന്നതും പാത്രങ്ങൾ ഓരോന്നായി തുറക്കുന്നതും മാമ്പഴപുളിശ്ശേരി കണ്ടു വിസ്മയത്തോടെ മുത്തശ്ശിയെ നോക്കുന്നതും ഗംഭീരമായിരിക്കുന്നു എന്ന് തള്ളവിരലും ചൂണ്ടു വിരലും ചേർത്ത് ആംഗ്യം കാണിക്കുന്നതും മുത്തശ്ശി ഇങ്ങോട്ട് നോക്കി എന്തോ പറയുന്നതും ആ മുഖത്തൊരു സ്നേഹ പുഞ്ചിരി വിരിയുന്നതും കരളിൽ മഞ്ഞു വീഴുന്ന സുഖത്തോടെ ഗൗരി നോക്കി നിന്നു….

ഏറെ നാളുകൾക്കു ശേഷം ആ കവിളുകളിൽ ചെഞ്ചുവപ്പ് നിറം പടർത്തി … നാണത്തിൽ പൂത്തോരു പൂപ്പുഞ്ചിരി ആ ചുണ്ടുകൾക്ക് ശോണിമയേകി… കണ്ണുകളെ പ്രണയാർദ്രമാക്കി കൊണ്ട് ആയിരം നക്ഷത്രങ്ങൾ അവിടെ തത്തികളിച്ചു… അലസമായി ഗൗരി വന്ന് തന്റെ മുറിയിലെ മേശക്കരികിൽ ഇട്ടിരുന്ന കസേരയിലേക്ക് ഇരുന്നു… ആ മേശ വലിപ്പ് തുറന്നു അതിലേക്ക് വെറുതെ ഒന്ന് നോക്കി.. ഇടക്കൊരുവേള അത് ഇളം ബ്രൗൺ നിറത്തിലെ ഒരു കവറിൽ ചെന്ന് തൊട്ടു നിന്നു… ഗൗരി ആ പൊതി അഴിച്ചു…

പണ്ട് നവി വാങ്ങി നൽകിയ പൊട്ട്, കരിമഷി, കുങ്കുമം, നീണ്ട ജിമുക്കി കമ്മൽ….. അതിലൂടെ വിരലുകൾ പായിച്ച് ഏതോ ഒരു ഓർമ്മയുടെ സുഖത്തിൽ ഗൗരി മിഴികൾ അടച്ചു… ആ ചുണ്ടിൽ ഒരു പുഞ്ചിരി വിടരുന്നുണ്ടായിരുന്നു അപ്പോൾ…. ജനൽ കടന്നെത്തിയ ചെമ്പകപ്പൂവിന്റെ ത്രസിപ്പിക്കുന്ന ഗന്ധം ആ ഓർമകൾക്ക് കൂടുതൽ സുഗന്ധം പകർന്നു….❣😊dk❣ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 13

Share this story