സ്‌നേഹതീരം: ഭാഗം 19

സ്‌നേഹതീരം: ഭാഗം 19

എഴുത്തുകാരി: ശക്തികലജി

” ചന്ദ്രയുടെ മുഖത്തെ സന്തോഷം നോക്കി കാണുകയായിരുന്നു… അടുക്കളയിലേക്ക് കയറും മുൻപേ അപ്പൂസ് കിടക്കുന്നിടത്തേക്ക് എത്തി നോക്കാനും മറന്നില്ല… “നിന്നെ കാണുമ്പോൾ വല്ലാത്ത നഷ്ട്ട ബോധമാണ് കുട്ടി… ഇത്രയും തങ്കക്കുടം പോലത്തെ ഒരു കുട്ടിയെ നഷ്ട്ടപ്പെടുത്തിയതിൽ… ഗിരിയുടെ അച്ഛൻ വാശി പിടിച്ചില്ലായിരുന്നുവെങ്കിൽ നീയിപ്പോൾ അവൻ്റെ പെണ്ണായി ഉണ്ടായിരുന്നേനെ.. എനിക്ക് ഒരു വാക്ക് തരുമോ.. എൻ്റെ കാലം കഴിഞ്ഞാലും ഗിരിയേയും കുഞ്ഞിനെയും നോക്കിക്കോളാമെന്ന് “ഗിരിയേട്ടൻ്റെ അമ്മ പ്രതീക്ഷയോടെ എൻ്റെ നേരെ വലത് കരം നീട്ടി… ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നിന്നു പോയി… അപ്പോഴേക്ക് ഗിരിയേട്ടൻ രക്ഷയ്ക്കായി എത്തിയിരുന്നു… ”

അത് പിന്നെ ചന്ദ്രയോട് അമ്മ വാക്ക് മേടിക്കണ്ട ആവശ്യമില്ല… അവൾ ഉണ്ടാവും കൂടെ “… പിന്നെ വിധു വിളിച്ചിരുന്നു…. ഒരു കാര്യം പറഞ്ഞേൽപ്പിച്ചിട്ടുണ്ട്…. അതിനായി നമ്മുക്ക് ഒരു വക്കീലിനെ കാണണം… . ശരത്തുമായി വേർപിരിയാനുള്ള ഡിവോഴ്സ് നോട്ടീസ് അയക്കണം… അയാൾ അപകടകാരിയാണ്… അയാളെ ഒഴിവാക്കി വിടുന്നതല്ലേ നല്ലത്…”,.. ക്യാൻസർ വന്നാൽ വേണ്ടാത്ത ഭാഗം ഓപ്പറേഷൻ ചെയ്ത് കളയില്ലേ… അത് പോലെയുള്ളു….. ജീവിതത്തിൽ വേണ്ടാത്തയാളെ ഒഴിവാക്കിയേക്കു… അല്ലെങ്കിൽ മാറാവ്യാധിപോലെ രക്ഷപ്പെടാൻ പറ്റാത്തത് പോലെ പടർന്നു പിടിക്കുo…..

അയാളെ ഒഴിവാക്കിക്കൂടെ… വെറുതെ എന്തിനാണ് വാശി ” എന്ന് ഗിരിയേട്ടൻ ചോദിച്ചപ്പോൾ ശരിയെന്ന് മാത്രം പറഞ്ഞ് ഞാൻ വേഗം മുൻവശത്തെ കതക് തുറന്നു പുറത്തേക്കിറങ്ങി…. ഗിരിയേട്ടൻ പറഞ്ഞത് ശരിയാണ്… അയാളെ ഒഴിവാക്കണം… അല്ലെങ്കിൽ ജീവിതകാലം മുഴുവൻ ശല്യമായിരിക്കുo.. ഗിരിയേട്ടൻ എൻ്റെ അരികിൽ വന്നു നിന്നു…. “നാളെ തന്നെ വക്കീലിനെ കാണാൻ പോകാം” എന്ന് ഞാൻ പറഞ്ഞപ്പോൾ ഗിരിയേട്ടൻ ചിരിച്ചു….. ചന്ദ്ര തിരികെ മുറിയിലേക്ക് കയറിയപ്പോൾ ഗിരി മുറ്റത്തേക്കിറങ്ങി…. ചന്ദ്ര ഇത്ര വേഗം ഡിവോഴ്സിന് സമ്മതിക്കുമെന്ന് കരുതിയതല്ല.. അവൻ ചുറ്റുo നോക്കി..

മുറ്റത്തെ മുല്ലചെടികൾക്കും പൂക്കൾക്കും ഇന്ന് സൗന്ദര്യം കുടുതൽ ഉണ്ട് എന്ന് തോന്നി…. ഓരോ മുല്ല പൂവിലും ചന്ദ്രയുടെയും കുഞ്ഞിൻ്റേയും മുഖങ്ങൾ തെളിഞ്ഞു വരുന്നത് പോലെ തോന്നി… ഒരിക്കൽ നഷ്ട്ടപ്പെട്ടു പോയ വസന്തമാണ് നീ…. വീണ്ടും ഒരിക്കലും നഷ്ട്ടപ്പെടുത്തില്ല… അവൻ്റെ മനസ്സിൽ വീണ്ടും പഴയ വസന്തം വിരിഞ്ഞു… ആ വസന്തം അവളുടെ പ്രണയത്തിനായി കാത്തിരിക്കുകയാണ്…. ഗിരി ആ പൂവിനെ തലോടി നനുത്ത ചുംബനം നൽകി… ചന്ദ്രയുടെ മനസ്സിൽ വല്ലാത്തൊരു വിങ്ങലായിരുന്നു… ഒരു പാട് സ്വപ്നങ്ങൾ നെയ്തിരുന്നു… നെയ്ത സ്വപ്നങ്ങൾ എല്ലാം ഒരു ദിവസം കൊണ്ട് ഇല്ലാതായപ്പോൾ സ്വയം ഇല്ലാതാകാനാണ് തോന്നിയത്…

ഇനിയും അയാളുടെ പേര് എൻ്റെ പേരിനോട് ചേർത്ത് വയ്ക്കുന്നതിൽ ഒരു അർത്ഥമില്ല… മുറിച്ച് കളയണം എന്നന്നേക്കുമായി എന്ന് മനസ്സിൽ തീരുമാനിച്ച് ഉറപ്പിച്ചു… അലക്കാനുള്ള തുണി സോപ്പു വെള്ളത്തിൽ കുതിർക്കാൻ വച്ചു… മുറ്റമടിച്ചു ചപ്പ് കൂട്ടി കത്തിച്ചു… ഒരാഴ്ചയായി തിരക്കായത് കൊണ്ട് ചപ്പ് കത്തിക്കാനുള്ള സമയം കിട്ടിയിരുന്നില്ല… ഇന്നിപ്പോ അപ്പൂസ് എഴുന്നേൽക്കും മുൻപേ എല്ലാ ജോലിയും തീർത്തിട്ട് അവൻ്റെ കൂടെ തന്നെയിരിക്കണം. കൈകാലു കഴുകി അടുക്കളയിലേക്ക് കയറി… ചപ്പാത്തിയ്ക്ക് മാവ് കുഴച്ചു… സവോള ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും അരിഞ്ഞുവച്ചു…

അടുപ്പിൽ ചട്ടി വച്ച് കടുക് പൊട്ടിച്ചു… അരിഞ്ഞ് വച്ചത് ചട്ടിയിലേക്ക് ഇട്ടു ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റി… നല്ലത് പോലെ ചുവന്ന ശേഷം മഞ്ഞൾ പൊടിയും ഗരം മസാലയും ചേർത്ത് ഇളക്കിയ ശേഷം തക്കാളി കൂടുതൽ ചേർത്തു വഴറ്റി…. മല്ലിയിലയും ഇട്ട് അടച്ച് വച്ചു… ചപ്പാത്തി പരത്തി ഉണ്ടാക്കി .. പയറു തോരനും വച്ചു…. പൊന്നിയരി ചോറ് വെന്തോന്ന് നോക്കി വാർത്തു… ചോറ് കുറെശ്ശെ ഒരു പാത്രത്തിൽ എടുത്തു തക്കാളി കൂട്ട് ദോശ തവിയുടെ പുറക് വശം കൊണ്ട് മിക്സ് ചെയ്തു….. തക്കാളി സാദം ഹോട്ട് ബോക്സിലാക്കി അടച്ചു വച്ചു… ബാക്കി തക്കാളി കൂട്ട് ചെറിയ പാത്രത്തിലാക്കി മാറ്റിവച്ചു… ചപ്പാത്തിയ്ക്ക് കഴിക്കാൻ സൂപ്പറാണ്..

നല്ല മണം പരന്നു തുടങ്ങിയപ്പോഴേ ആൾ അടുക്കള വാതിലിൽ എത്തിയിരുന്നു….. ” ആഹ് നല്ല തക്കാളി സാദത്തിൻ്റെ മണം വരുന്നുണ്ടല്ലോ…” ഇന്നതാന്നോ…. “ഗിരി പുഞ്ചിരിയോടെ ചോദിച്ചു… “അതെ… ഗിരിയേട്ടാ… ഇന്ന് കുറച്ച് ക്ഷീണം പോലെ അതാ സാദമാക്കിയത്… രാവിലെ ചപ്പാത്തിയും ഇന്നലത്തെ സാമ്പാറും ഉണ്ട് പിന്നെ തക്കാളി സാദത്തിൻ്റെ കൂട്ടും ഉണ്ട്, “… മതിയോ ” ഞാൻ ചോദിച്ചു ” മതി… ” ഞാൻ പോയി റെഡിയാകട്ടെ ” എന്ന് പറഞ്ഞ് ഗിരിയേട്ടൻ പോയി. ഗിരിയേട്ടന് കൊണ്ടുപോകാൻ കുപ്പിയിൽ ചൂടുവെള്ളo വെള്ളം എടുത്തു വച്ചു .. രാവിലെ കഴിക്കാനുള്ളത് മേശയിൽ എടുത്ത് വച്ചു….

ചപ്പാത്തി ഓരോന്നായി എടുത്ത് നിവർത്തി വച്ചിട്ട് തക്കാളി കൂട്ട് നടുക്ക് വച്ച് ഉരുട്ടി വച്ചു… അപ്പോഴേക്ക് ഗിരിയേട്ടൻ കഴിക്കാൻ വന്നു.. ” അപ്പൂസ് എഴുന്നേറ്റില്ലേ ഗിരിയേട്ടാ ” ഞാൻ ചോദിച്ചു.. “ഉവ്വ്.. ഹാളിൽ ഇരിപ്പുണ്ട് ” എന്ന് പറഞ്ഞ് ഗിരി കഴിക്കാൻ ഇരുന്നു.. ഹോട്ട്ബോക്സ് തുറന്നതുo ഗിരിയുടെ കണ്ണുകൾ വിടർന്നു…. രണ്ടെണ്ണം പ്ലേറ്റിൽ എടുത്ത് വച്ചു…തൈരിൽ സവോള അരിഞ്ഞിട്ടതും വിളമ്പി… ചായ ചൂടാക്കി ഗിരിയേട്ടൻ്റെ പ്ലേറ്റിനടുത്ത് വച്ചു… ” ഞാൻ അപ്പൂസിൻ്റയടുത്തേക്ക് ചെല്ലട്ടേ… ഗിരിയേട്ടനെന്തേലും വേണോ ” ഞാൻ ചോദിച്ചപ്പോൾ ഗിരിയേട്ടൻ വായിലുള്ള ചപ്പാത്തി ചവച്ചിറക്കിയിട്ട് മുഖമുയർത്തി നോക്കി.. “നല്ല ടേസ്റ്റുണ്ട് ചന്ദ്രാ… ഇപ്പോൾ ഒന്നും വേണ്ടാ..

വേണ്ടപ്പോൾ ചോദിക്കാം “.. ഗിരി ഒരു ചിരിയോടെ അവളുടെ മിഴികളിലേക്ക് നോക്കി പറഞ്ഞു… അവളൊരു നിമിഷം പതറിപ്പോയി… ” ഞാൻ.. പോട്ടെ” എന്ന് പറഞ്ഞ് വേഗന്ന് ഗിരിയേട്ടൻ്റെ മുൻപിൽ നിന്ന് രക്ഷപ്പെടാനാണ് തോന്നിയത്… ഹാളിലേക്ക് ചെന്നപ്പോൾ ഗിരിയേട്ടൻ്റെ അമ്മയുടെ മടിയിൽ അപ്പൂസ് കിടക്കുന്നുണ്ട്… “ചാന്ദ് മാ യുടെ അപ്പൂസ് എഴുന്നേറ്റോ “.. എന്നിട്ട് ന്താ ന്നെ അന്വഷിച്ച് വരാഞ്ഞത്…” എന്ന് പറഞ്ഞ് ഞാനാ കുഞ്ഞി കവിളിൽ കുനിഞ്ഞ് തൊട്ടു…. ” മ്.. മ” എന്ന് പറഞ്ഞ് കൊണ്ടെൻ്റെ കഴുത്തിൽ ചുറ്റി പിടിച്ചു… ഞാനവനെ വാരിയെടുത്തു… “വാ.. നമ്മുക്ക് ഈ പല്ലൊക്കെ തേച്ച് കുളിച്ച് ചുന്ദരനാവാം ” എന്ന് പറഞ്ഞ് മുകളിലത്തെ മുറിയിലേക്ക് കൊണ്ടുപോയി… പല്ലു തേപ്പിച്ചു….

കുളിപ്പിച്ച് തോർത്തി അരയിൽ തോർത്ത് കെട്ടി കഴിഞ്ഞപ്പോഴേക്ക് ഒറ്റ ഓട്ടം… ഞാൻ പുറകെ ഓടിയപ്പോൾ നേരെ ഇടിച്ച് നിന്നത് ഗിരിയേട്ടൻ്റെ നെഞ്ചിലാണ്…. താഴെ വീഴാൻ ഭാവിച്ചതും എന്നെ പിടിച്ചു നേരെ നിർത്തി.. “ഇക്കണക്കിന് പോയാൽ ന്നെ ഇടിച്ച് ഒരു പരുവാക്കുവല്ലോ പെണ്ണേ… ” എന്ന് പറഞ്ഞ് കളിയാക്കി… അവൾ ഓടി വരുന്നത് കണ്ട് മന:പൂർവ്വം തടസ്സം നിന്നതാണെന്ന് ചന്ദ്ര അറിഞ്ഞിട്ടില്ല എന്നോർത്തപ്പോൾ ഗിരിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു… പതിയെ ആ ഹൃദയത്തിലേക്കുള്ള വഴി തുറന്ന് കിട്ടണം.. അവൻ അവളുടെ മിഴികളിലേക്ക് സൂക്ഷിച്ച് നോക്കിയതു്o ചെറുതായി ചുണ്ടുകൾ വിറയ്ക്കുന്നതും മിഴികൾ ചിമ്മുന്നതും സാരീത്തുമ്പ് ചുറ്റിപിടിക്കുന്നതും കൗതുകത്തോടെ നോക്കി നിന്നു.. ”

അത് പിന്നെ അപ്പുസ്സ്… ഞാൻ ചെല്ലട്ടെ ” എന്ന് പറഞ്ഞ് മുൻപോട്ട് നടക്കുമ്പോൾ ഹൃദയം സ്പന്ദനം ഉയരുന്നത് ഞാനറിഞ്ഞു… എന്താ ഇപ്പോ ഇങ്ങനൊക്കെ തോന്നാൻ… ഗിരിയേട്ടൻ്റെ അമ്മ അങ്ങനെയൊക്കെ പറഞ്ഞത് കൊണ്ടാവും മനസ് വഴി മാറി സഞ്ചരിക്കുന്നത്… അങ്ങനെ പാടില്ല.. അതിനുള്ള അർഹത എനിക്കില്ല… താഴെ ചെന്നപ്പോൾ ഗിരിയേട്ടൻ്റെ അമ്മയുടെ പുറകിൽ മറഞ്ഞ് നിൽക്കുന്നുണ്ട്.. ഞാൻ പതിയെ പോയി പൊക്കിയെടുത്തു മുറിയിലേക്ക് നടന്നു… ശിഖ കിടന്ന മുറിയിലേക്കാണ് പോയത്.. അപ്പുസിൻ്റെ വസ്ത്രങ്ങൾ അടങ്ങിയ ബാഗ് മേശമേൽ ഉണ്ടായിരുന്നു.. അതിൽ നിന്നും വീട്ടിൽ ഇടാനുള്ള വസ്ത്രം എടുത്തിട്ട് അവനെ കട്ടിലിൽ തന്നെ നിർത്തി ഉടുപ്പ് ഇട്ട് കൊടുത്തു…

വീണ്ടും ഓടാതിരിക്കാൻ എടുത്തോണ്ടാണ് മുറിയിൽ നിന്നിറങ്ങിയത്… ഗിരിയേട്ടൻ അപ്പോഴേക്ക് പോകാൻ ഒരുങ്ങി വന്നിരുന്നു.. “ചന്ദ്രാ വൈകുന്നേരം നെറ്റിയിലെ മുറിവിൽ ഒന്ന് മരുന്ന് വച്ച് തരണം.. എനിക്ക് തനിയെ ചെയ്യാൻ പറ്റുന്നില്ല.. തനിക്ക് ബുദ്ധിമുട്ടുണ്ടോ ” എന്ന് ഗിരിയേട്ടൻ ചോദിച്ചപ്പോൾ പറ്റില്ല എന്ന് പറയാൻ തോന്നിയില്ല… അതുമല്ല എൻ്റെ മറുപടി എന്താണെന്ന് അറിയാൻ ഗിരിയേട്ടൻ്റെ അമ്മ ഞങ്ങളെ തന്നെ നോക്കി നിൽക്കുകയാണ്… ” എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല”മരുന്ന് വച്ച് തരാം” എന്ന് ഞാൻ പറഞ്ഞപ്പോൾ അപ്പുസിൻ്റെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് പോകാനിറങ്ങി…

എനിക്ക് പുറകേ പോകാൻ മടി തോന്നി.. അപ്പൂസ്സിനെ ഗിരിയേട്ടൻ്റെ അമ്മയെ ഏൽപ്പിച്ച് അടുക്കളയിലേക്ക് പോയി… കുറച്ച് കഴിഞ്ഞപ്പോൾ ഒന്നുമറിയാത്ത ഭാവത്തിൽ വരാന്തയിലേക്ക് നടന്നപ്പോൾ പുറത്ത് അപ്പൂസിൻ്റെ പൊട്ടിച്ചിരി കേൾക്കാമായിരുന്നു.. ” ഞാൻ കാത്തു നിൽക്കുകയായിരുന്നു.. തൻ്റെ മുഖം കണ്ടിട്ട് പോയാൽ എന്തെങ്കിലും സംഭവിക്കുമോ എന്നറിയാനാ നിന്നത്.. എന്തിനാ ഈ പേടി…. ഒന്നും സംഭവിക്കില്ല.. ” എന്ന് ഗിരിയിട്ടേൻ പറഞ്ഞിട്ട് ബൈക്കിൽ കയറി.. അപ്പൂസ് ഓടി വന്ന് എൻ്റെ കൈയ്യിൽ പിടിച്ചു നിന്നു… ” അപ്പൂസെ അപ്പയ്ക്ക് റ്റാ റ്റാ പറഞ്ഞേ..” എന്ന് ഞാൻ പറഞ്ഞപ്പോൾ അവൻ വലത് കൈയ്യുർത്തി “റ്റ്…. റ്റ “എന്ന് ശബ്ദമുണ്ടാക്കി..

ഗിരിയേട്ടൻ ഒത്തിരി സന്തോഷത്തോടെ അപ്പൂസിനെ നോക്കി കൈ വീശി കാണിച്ചു… ബൈക്ക് ഗേറ്റ് കടന്ന് പോകുന്നതും നോക്കി നിന്നു.. ബൈക്ക് പോയി കഴിഞ്ഞ് ഞാൻ പോയി ഗേറ്റടച്ചിട്ട് വന്നു.. “വാ കഴിക്കാം… അപ്പൂസിന് ചപ്പാത്തി വല്യ ഇഷ്ട്ടമാ” എന്ന് ഗിരിയേട്ടൻ്റെ അമ്മ പറഞ്ഞു… ഞങ്ങൾ കഴിക്കുന്നതിൻ്റെ കൂടെ അപ്പൂസിനും വാരി കൊടുത്തു…. എരിവ് കൊണ്ട് കണ്ണ് നിറയുന്നുണ്ട്… ഞാൻ വെള്ളം കൊടുത്തപ്പോൾ ആർത്തിയോടെ കുടിച്ചു.. പിന്നെ വെറും ചപ്പാത്തി കൈയ്യിൽ കൊടുത്തു….. അടുക്കളയൊതുക്കി അപ്പൂസിനേയും കൂട്ടി വെളിയിലേക്ക് നടന്നു… അപ്പൂസിനെ ഒരു കല്ലിൽ വെയിൽ കൊള്ളാതെ പിടിച്ചിരുത്തി… കൈയ്യിൽ കളിപ്പാട്ടo കൊടുത്തു… ”

ഇവിടെ ഇരുന്നോണം ട്ടോ ” എന്ന് ഞാൻ പറഞ്ഞപ്പോൾ തല കുലുക്കി സമ്മതിച്ചു… പറമ്പിലേക്കിറങ്ങി ചുറ്റും നോക്കി… എല്ലാം ചെടികളും പടർന്നു തുടങ്ങിയിരിക്കുന്നു… ഓരോന്നിനായി കമ്പ് കുത്തി കയർ അങ്ങോട്ടും മിങ്ങോട്ടും വലിച്ച് കെട്ടി ചെറിയ പന്തൽ ഇട്ടു കൊടുത്തു… ചീരയ്ക്കും വെണ്ടയ്ക്കും വഴുതന ചെടികൾക്ക് തൂമ്പാ കൊണ്ട് മണ്ണ് കൂട്ടി വച്ചു…. ജോലിക്ക് ഇടയിലും ഞാൻ അപ്പൂസ് അവിടെ തന്നെയുണ്ടോ എന്ന് നോക്കുന്നുണ്ടായിരുന്നു.. സമയം പോയതറിഞ്ഞില്ല.. വെയിൽ കൂടിയപ്പോൾ അപ്പൂസിനെ ഗിരിയേട്ടൻ്റെ അമ്മയെ ഏൽപ്പിച്ചു ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം പന്ത്രണ്ടര കഴിഞ്ഞിരുന്നു…. അതു കൊണ്ട് പറമ്പിലേക്ക് പോയില്ല..

കൈകാലുകൾ കഴുകി ഹാളിൽ ഇരുന്ന് അപ്പൂസിൻ്റെ കൂടെ ബോൾ ഉരുട്ടി കളിച്ചു കൊണ്ടിരുന്നു… കുറച്ച് കഴിഞ്ഞപ്പോൾ ഒരു വണ്ടിയുടെ ശബ്ദം കേട്ടു ഗ്യാസിൻ്റെ സിലിണ്ടറുമായി വണ്ടി വന്നതാണ്… അവർക്ക് വേണ്ട പേപ്പറുകൾ എടുത്തു കൊടുത്തു… ഞാൻ ഗിരിയേട്ടൻ്റെ വിളിച്ചു പറഞ്ഞു.. ഗിരിയേട്ടൻ ഉടനെ വന്നു… സ്റ്റൗവും കൊണ്ടുവന്നു അവരെ കൊണ്ടു തന്നെ വയ്പ്പിച്ചു തന്നു…. അവർ പോയി കഴിഞ്ഞ് ഗിരിയേട്ടൻ ആഹാരം കഴിച്ച് ഉടനെ തിരിച്ച് പോയി.. ഉച്ചയ്ക്ക് അപ്പൂസിനും ആഹാരം കൊടുത്ത് കിടത്തിയുറക്കി…. അമ്മയുടെ അടുത്ത് കിടത്തിയിട്ടാണ് അടുക്കളയിലേക്ക് കയറിയത്..

ഗ്യാസ് സ്റ്റൗവ് കൂടിയുള്ളത് കൊണ്ട് വേഗം ഉണ്ടാക്കി കഴിഞ്ഞു…. കടയിലേക്കുള്ളത് പൊതിഞ്ഞുവച്ചു… ചായയുണ്ടാക്കി വച്ചിട്ട് ഫോണുമായി വരാന്തയിൽ പോയിരുന്നു .. ഗിരിയേട്ടൻ വന്നു.. “ദേ നോക്കിക്കേ ആരാ വന്നതെന്ന് “ഗിരിയേട്ടൻ പറഞ്ഞപ്പോൾ കുടെയുള്ളയാളെ കണ്ടപ്പോൾ അതിശയിച്ചു പോയി ജാനകിയമ്മ… ഞാൻ ഓടി പോയി കെട്ടി പിടിച്ചു.. “ഇതാരാത്.. വിശ്വസിക്കാൻ പറ്റുന്നില്ല. ഞാനിപ്പോ ഓർത്തതേയുള്ളു.. ഒന്ന് വിളിച്ച് സംസാരിക്കണമെന്ന് കരുതിയാ ഫോണുമായി വന്നിരുന്നത് “ഞാൻ ഒത്തിരി സന്തോഷത്തോടെ പറഞ്ഞു… ”

ഇന്ന് ഇവിടെ കാണും.. നാളെയേ മടങ്ങിപോകുന്നുള്ളു” വാ അകത്ത് പോയി സമാധാനത്തിൽ കാര്യം പറയാം” ജാനകിയമ്മ എൻ്റെ കൈയ്യിൽ പിടിച്ച് വലിച്ച് കൊണ്ട് വീടിനകത്തേക്ക് കയറി.. ” അല്ല ഗിരിയേട്ടനെ എങ്ങനെയറിയാം” ഞാൻ വീണ്ടും ആകാംക്ഷയോടെ ചോദിച്ചു.. “ഗിരി പറഞ്ഞാണ് ഞാൻ നിൻ്റെ അരികിൽ അന്ന് വന്നത്… മരിക്കാൻ പോയവളെ തിരികെ വിളിച്ച് കൂടെ കൂട്ടിയത് ” എന്ന് ജാനകിയമ്മ പറയുമ്പോൾ ഞാൻ വീണ്ടും ഞെട്ടി.. “അതെങ്ങനെ” ഞാൻ ചോദിച്ചു.. “അതൊക്കെ സമാധാനത്തിൽ ജാനകിയമ്മ പറയും “താൻ അപ്പോഴേക്ക് വേഗം സാധനങ്ങൾ കൊടുത്തിട്ട് വാ ” എന്ന് ഗിരിയേട്ടൻ പറഞ്ഞതും വേഗം പോയി ഒരുങ്ങി പലഹാരവുമായി ടൗണിലേക്ക് തിരിച്ചു…

ജാനകിയമ്മ പറഞ്ഞ കാര്യമായിരുന്നു മനസ്സിൽ നിറയെ… പലഹാരം ബേക്കറിയിൽ കൊടുത്ത് തിരികെ വീട്ടിലേക്ക് വരുമ്പോൾ വീടിനകത്ത് പൊട്ടിച്ചിരികൾ ഉയർന്ന് കേൾക്കാമായിരുന്നു.. ഞാൻ അകത്ത് ചെല്ലുമ്പോൾ അമ്മയും വിധുവേട്ടനും ഏട്ടത്തിയും കുഞ്ഞും വന്നിട്ടുണ്ട്.. ഇതിപ്പോ എന്താ എല്ലാരും കൂടി……തുടരും

സ്‌നേഹതീരം: ഭാഗം 18

Share this story