താന്തോന്നി: ഭാഗം 2

താന്തോന്നി: ഭാഗം 2

എഴുത്തുകാരി: അമ്മു അമ്മൂസ്

പതിവ് ഗൗരവം തന്നെ മുഖത്ത്…. കൈയിൽ ഇരിക്കുന്ന സിഗരറ്റ് ആഞ്ഞാഞ്ഞു വലിക്കുന്നുണ്ട്… ഇപ്പോൾ കുടിച്ചിട്ടില്ല എന്ന് തോന്നുന്നു…. തന്നെ കണ്ടതും ആ മുഖം വീണ്ടും ചുമക്കുന്നത് കണ്ടു…. പിന്നെ വെറുപ്പോടെ മുഖം തിരിച്ചു വീണ്ടും സിഗരറ്റ് ചുണ്ടോട് അടുപ്പിക്കുന്ന രുദ്രനെ കാൺകെ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു… തന്നെ കണ്ടിട്ടും കാണാത്തതുപോലെയുള്ള അവന്റെ പെരുമാറ്റം വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. ഇപ്പോഴും അയാളോട് തനിക്ക് പ്രണയമുണ്ടോ… അറിയില്ല…

അർഹത ഇല്ലെന്ന് തോന്നിയതിനാൽ പണ്ടേക്ക് പണ്ടേ മനസ്സിൽ കുഴിച്ചു മൂടിയതാണ്. എങ്കിലും എന്തുകൊണ്ടാണ് ഒരോ തവണയും അവൻ വെറുപ്പോടെ നോക്കുമ്പോൾ ഉള്ള് നീറുന്നത് എന്നറിയില്ല. അവൻ ദേഷ്യത്തോടെ പറയുന്ന വാക്കുകളോ…. ബഹളങ്ങളോ ഒന്നുമല്ല തന്നെ നോവിക്കുന്നത് എന്ന് നന്നായി അറിയാമായിരുന്നു. വെറുപ്പോടെ തന്നെ നോക്കുന്ന ആ കണ്ണുകളാണ് ഹൃദയത്തെ കീറി മുറിക്കുന്നത്. ഒരിക്കലും ഉണങ്ങാത്ത മുറിവ് പോലെ. താൻ ഇപ്പോഴും നോക്കി നിൽക്കുന്നത് കൊണ്ടാകാം അസ്വസ്ഥതയോടെ ആള് ഇടയ്ക്കിടെ മുഖം വെട്ടിക്കുന്നുണ്ട്.

കൈയിലെ സിഗരറ്റ് വേഗം വലിച്ചു തീർത്തിട്ട് എഴുന്നേൽക്കുന്നത് കണ്ടു. രൂക്ഷമായ നോട്ടത്തോടെ കടയിൽ നിന്നിറങ്ങി ബൈക്കിന്റെ അടുത്തേക്ക് പോകുന്നത് കണ്ടപ്പോഴാണ് ഇത്രയും നേരം ഈ വഴിയിൽ നിന്ന് താൻ രുദ്രനെ തന്നെ നോക്കുകയായിരുന്നു എന്ന് മനസ്സിലായത്. ജാള്യതയോടെ തല താഴ്ത്തുമ്പോഴേക്കും തന്നോടുള്ള ദേഷ്യം മുഴുവൻ റോഡിൽ തീർത്തുകൊണ്ട് ബൈക്ക് ഇരപ്പിച്ചെടുത്തു പോയി കഴിഞ്ഞിരുന്നു. കുറച്ചു നേരം ആ പോയ വഴിയേ തന്നെ നോക്കി നിന്നു. ചുറ്റും ഉള്ള ആളുകൾ ശ്രദ്ധിക്കുന്നു എന്ന് തോന്നിയപ്പോൾ പതിയെ മുന്നോട്ട് നടന്നു. 🔸🔸🔸

വീടിന്റെ മുന്നിൽ എത്തിയതും കണ്ടു ശാരദേച്ചി വഴിയിൽ തന്നെ നിൽക്കുന്നത്. ഇന്നിത്തിരി വൈകിപ്പോയി അത് കാരണം ഇറങ്ങി വന്നു നോക്കിയതാകണം. തന്നെ കണ്ടപ്പോൾ ആ മുഖത്ത് ഇത്തിരി ആശ്വാസം പോലെ തോന്നി. “”രുദ്രൻ കുഴപ്പം ഒന്നും ഉണ്ടാക്കിയില്ലല്ലോ മോളെ… “” അടുത്തേക്ക് വേഗത്തിൽ നടന്നു വന്നു ചോദിക്കുമ്പോൾ വല്ലാത്ത ആധി നിറഞ്ഞിരുന്നു ആ സ്വരത്തിൽ. “”എന്റെ ചേച്ചി ഒരു കുഴപ്പവുമില്ല. ഈ പുറമേ കാട്ടുന്ന ബഹളങ്ങൾ അല്ലാതെ ആളെന്നെ ഒന്നും ചെയ്യില്ല എന്ന് ഇത്ര നാളായിട്ടും ചേച്ചിക്ക് മനസ്സിലായില്ലേ.

എന്നോട് നല്ല ദേഷ്യം ഉണ്ട്…. അതിങ്ങനെ ഒക്കെ പ്രകടിപ്പിക്കുന്നു എന്നേ ഉള്ളൂ. അല്ലാതെ പാവമാ ചേച്ചി…. എന്തായാലും എന്റെ വിഷ്ണുവേട്ടന്റെ അനിയനല്ലേ… പുറമേ എന്തൊക്കെ കാണിച്ചാലും ഉള്ള് കൊണ്ട് പാവമാണെന്നേ…”” മുറിഞ്ഞ കൈമുട്ട് ചേച്ചി കാണാതെയിരിക്കാൻ വേണ്ടി ഷാളിന്റെ ഇടയിലേക്ക് മറച്ചു പിടിച്ചു ചെറിയൊരു ചിരിയോടെ പറഞ്ഞു. ചേച്ചിയുടെ മുഖത്ത് ചെറിയ ആശ്വാസം പോലെ തോന്നി. “”ചിന്നുമോളെവിടെ….”” ചേച്ചി ടെ കൂടെ എപ്പോഴും വാല് പോലെ കാണുന്ന കുഞ്ഞിപ്പെണ്ണിനെ കാണാതെ ചുറ്റും നോക്കി.

“”ഓഹ്‌ ഒന്നും പറയണ്ട… ഇന്ന് കുത്തിവെപ്പ് എടുക്കേണ്ട ദിവസം അല്ലായിരുന്നോ… അത് വേദനിക്കുന്നു എന്ന് പറഞ്ഞു കരഞ്ഞു കരഞ്ഞു പനി പിടിപ്പിച്ചു വച്ചിട്ടുണ്ട്. അവളേം കൊണ്ട് ഇന്നിനി അങ്ങോട്ടേക്ക് വരവ് നടക്കും എന്ന് തോന്നുന്നില്ല. അജിയേട്ടൻ ആണെങ്കിൽ ജോലി കഴിഞ്ഞു ഇന്ന് വരികേം ചെയ്യും. അതുകൊണ്ട് തീരേം പറ്റില്ല. മോൾക്ക് തനിച്ചു കിടക്കാൻ പേടി ഉണ്ടോ.. ഇവിടെ ആണെങ്കിൽ ഒരു മുറിയെ ഉള്ളൂ… അല്ലാരുന്നെങ്കിൽ…”” പറയുമ്പോൾ ചേച്ചിയുടെ ശബ്ദത്തിൽ വല്ലാതെ വിഷമം നിറഞ്ഞിരുന്നു.

“”അതൊന്നും സാരമില്ല ചേച്ചി. എനിക്കൊരു പേടിയും ഇല്ല. ഇനി അഥവാ എന്തെങ്കിലും തോന്നിയാൽ തന്നെ ഞാൻ ആ നിമിഷം ചേച്ചിയേ ഫോൺ വിളിച്ചോളാം. മുറ്റത്തു തന്നെ നിങ്ങൾ എല്ലാരും ഇല്ലേ….”” വീണ്ടും മടിച്ചു നിന്ന ചേച്ചിയേ പറഞ്ഞു ആശ്വസിപ്പിച്ചു ഗേറ്റ് കടന്നു അകത്തേക്ക് നടന്നു. വീടിന്റെ ഉമ്മറത്തു എത്തുമ്പോൾ ചുറ്റും ശൂന്യത നിറയും പോലെ തോന്നി. വാതിൽ തുറന്നു അകത്തേക്ക് കയറിയപ്പോൾ ആദ്യം കണ്ണുടക്കിയത് ചുവരിൽ ആണി അടിച്ചു പതിപ്പിച്ച മൂന്ന് മുഖങ്ങളിലാണ്.

ആരും ഇല്ലാത്തവളാണ് താനെന്നുള്ള ഓർമ്മപ്പെടുത്തൽ. കണ്ണ് നിറഞ്ഞു തുടങ്ങിയപ്പോൾ ഫോട്ടോയിൽ നിന്നും നോട്ടം പിൻവലിച്ചു അകത്തേക്ക് നടന്നു. രാവിലെ തിരക്കിട്ടു പോകുന്നതിനാൽ ജോലിയൊക്കെ വൈകുന്നേരം വന്നിട്ടാണ് തീർക്കുക. അടിച്ചു വരുമ്പോൾ കൈയുടെ മുട്ട് നന്നായി വേദന എടുക്കുന്നുണ്ടായിരുന്നു എങ്കിലും സഹിച്ചു പിടിച്ചു. ശാരദേച്ചി വരുന്ന ദിവസങ്ങളിലൊക്കെ പകുതി ജോലി ചേച്ചി കൂടി ചെയ്തു സഹായിക്കും. ജോലിയൊക്കെ തീർത്തു വന്നപ്പോഴേക്കും ഇരുട്ട് വീണിരുന്നു.

രാത്രിയുടെ ഇരുളിലേക്ക് വെറുതെ ജനലിൽ കൂടി നോക്കി നിൽക്കുമ്പോൾ ഭൂതകാലത്തിന്റെ ഓർമ്മകൾ വീണ്ടും ഒരിക്കൽ കൂടി ഒരു ചിത്രം എന്ന പോലെ കണ്മുന്നിൽ തെളിഞ്ഞു. ചേച്ചി പോയതും വിഷ്ണുവേട്ടനെ കാണാതായതുമെല്ലാം അച്ഛനെ വല്ലാതെ മാനസികമായി തളർത്തിയിരുന്നു. അതുവരെ കൂടെ ഉണ്ടായിരുന്ന ബന്ധുക്കൾ കൂടി ചേച്ചിയുടെ മരണത്തിന് കാരണം അച്ഛനാണ് എന്ന് പറഞ്ഞപ്പോഴാണ് ആദ്യമായി ആ മുഖത്ത് കുറ്റബോധം കണ്ടത്. പിന്നീടൊരിക്കലും ഒന്നും പഴയത് പോലെ ആയിരുന്നില്ല.

വിഷ്ണുവേട്ടൻ മടങ്ങി വരാത്ത വിഷമത്തിൽ അവിടുത്തെ അമ്മ ആശുപത്രിയിലായ ദിവസമായിരുന്നു അന്ന്… അവരുടെ ബന്ധുക്കളിൽ ആരൊക്കെയോ അച്ഛനെ വഴിയിൽ വച്ചു കണ്ടപ്പോൾ കുറ്റപ്പെടുത്തിയിരുന്നു. തിരിച്ചു വീട്ടിൽ വന്നപ്പോൾ മുതൽ ആരോടും ഒന്നും മിണ്ടിയിരുന്നില്ല. ഉച്ച കഴിഞ്ഞപ്പോൾ തന്നെയും അമ്മയെയും ഒന്നു നോക്കുക പോലും ചെയ്യാതെ പുറത്തേക്ക് ഇറങ്ങി പോയി. രാത്രി ആയിട്ടും മടങ്ങി വരാത്ത പേടിയിൽ ഇരിക്കുമ്പോഴാണ് നാട്ടുകാർ ആരൊക്കെയോ വീട്ടിലേക്ക് വരുന്നത് കണ്ടത്. പുഴയിൽ ചാടിയതാണത്രേ…. പ്രതികരിക്കാൻ കഴിഞ്ഞില്ല…

മരവിച്ചു പോയിരുന്നു മനസ്സ്.. അച്ഛനും ചേച്ചിയും അടുപ്പിച്ചു പോയതാകാം അമ്മയുടെ മനസ്സിന്റെ താളം തെറ്റിച്ചത്. പറ്റാവുന്നിടത്തെല്ലാം കൊണ്ട് പോയി ചികിത്സിച്ചു. താനും അമ്മയും തനിച്ചായതോടു കൂടി ഇതുവരെ ഇല്ലാത്ത കടങ്ങളും അവകാശികളും ഓരോന്നായി വരാൻ തുടങ്ങി. അച്ഛൻ നോക്കി നടത്തിയിരുന്ന കൃഷി കൂടി നശിച്ചതോടെ ഓരോന്നായി നഷ്ടപ്പെടാൻ തുടങ്ങി. തറവാട് നിൽക്കുന്ന ഈ ഭൂമിയൊഴിച്ചു മറ്റെല്ലാം നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു.

നാല് മാസം മുൻപ് വരെ അമ്മയുണ്ടായിരുന്നു കൂട്ട്. ഒടുവിൽ ചേച്ചിക്ക് ഇനിയും അമ്മയെ കാണാതെ നിൽക്കാൻ പറ്റില്ല എന്ന് തോന്നിയപ്പോളാകും തന്നെ ഇവിടെ തനിച്ചാക്കി അമ്മയെ കൂടെ കൂട്ടിയത്. മഴയുടെ ഒരുക്കം എന്ന പോലെ കാറ്റ് ശക്തിയായി വീശി ജനൽപാളികൾ വലിയ ശബ്ദത്തോടെ വന്നടഞ്ഞപ്പോഴാണ് ഓർമ്മകളിൽ നിന്നും ഞെട്ടി ഉണരുന്നത്. കറന്റ്‌ പോകുമോ എന്ന തോന്നലിൽ വേഗം തന്നെ ടോർച്ച് എടുത്തു അടുത്തേക്ക് വച്ചു. വർഷങ്ങൾക്ക് മുൻപ് ഇതുപോലെ ഒരു മഴ പെയ്തതാണ് ഓർമ്മയിൽ തെളിഞ്ഞത്.

അന്ന് ഈ മുറിയിൽ ചേച്ചിയുടെ മടിയിൽ തല വെച്ചു കിടക്കുകയായിരുന്നു താൻ. ഒരോ തവണയും ഇടി മുഴങ്ങുമ്പോൾ ചേച്ചിയേ കെട്ടിപ്പിടിക്കും… “”എന്റെ പാറുക്കുട്ടി…. ഇങ്ങനെ പേടിച്ചാൽ എങ്ങനെയാ…. വെറുതെ അല്ല രുദ്രൻ എപ്പോഴും നിന്നെ കളിയാക്കുന്നത്. “” ചേച്ചി മൂക്കത്തു വിരൽ വെച്ചു പറഞ്ഞതും പരിഭവത്തോടെ ആ മടിയിൽ നിന്നും എഴുന്നേറ്റു മാറി ഇരുന്നു. “”അല്ലെങ്കിലും ചേച്ചി എപ്പോഴും അയാളുടെ കൂടെയ… നോക്കിക്കോ ഒരുദിവസം ശെരിയാക്കി കൊടുക്കുന്നുണ്ട് ഞാൻ….

“” ദേഷ്യത്തോടെ പറഞ്ഞിട്ട് തിരിഞ്ഞു ഇരുന്നപ്പോഴേക്കും ചേച്ചി പിന്നിൽ കൂടി കെട്ടിപ്പിടിച്ചിരുന്നു…. “”ആഹാ….. ശെരിയാക്കി കൊടുക്കണം അല്ലെ….. അപ്പൊ പിന്നെ എന്റെ കളിപ്പാറു ഈ മനസ്സിൽ ഒളിപ്പിച്ചതൊക്കെ എന്നാ അവനോട് പറയുന്നേ…””. കാതോരം ചേച്ചിയുടെ സ്വരം കേട്ടപ്പോൾ നാണത്തോടെ തല താഴ്ത്തി…. കണ്ണുനീർ കവിളിനെ നനച്ചു താഴേക്ക് ഒഴുകിയപ്പോഴാണ് താനിപ്പോഴും കരയുകയാണ് എന്ന് തോന്നിയത്. എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നു. ഒരിക്കലും മായ്ക്കാൻ കഴിയാത്ത ജീവിതത്തിലെ ഏറ്റവും സുന്ദരമായ സ്വപ്നം…. 🔸🔸🔸

നേരം പുലർന്നപ്പോൾ തല വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. ഇതിപ്പോൾ ശീലമാണ്. ശരദേച്ചിയും മോളും ഉണ്ടെങ്കിൽ അവരോടൊപ്പം ഇരിക്കുമ്പോൾ പഴയതൊക്കെ മറക്കാൻ ശ്രമിക്കും. എങ്കിലും ഉറങ്ങാനായി കണ്ണടക്കുമ്പോൾ ഓർമ്മകൾ എല്ലാം കൂടി മനസ്സിലേക്ക് ഇരച്ചെത്തും. ആലോചിച്ചു നിന്നാൽ സമയം പോകുകയേ ഉള്ളൂ. ഇന്നും കൂടി വൈകി കഴിഞ്ഞാൽ അങ്ങോട്ടേക്ക് പിന്നെ ജോലിക്ക് പോകാൻ പറ്റില്ല. Balm എടുത്തു ഇത്തിരി കട്ടിയിൽ തന്നെ നെറ്റിയിലേക്ക് പുരട്ടി.

ജോലിയൊക്കെ ഒതുക്കി കുളിക്കാനായി പോകുമ്പോഴാണ് ഉമ്മറത്തു കാളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്. ഒരു നിമിഷം ഒന്നു ആലോചിച്ചു നിന്നു എങ്കിലും വേഗം പോയി വാതിൽ തുറന്നു. ആദ്യം കണ്ടത് അമ്മാവനെയാണ്. അടുത്ത് തന്നെ അമ്മായിയും ഉണ്ട്… പെരുവിരലിൽ കൂടി ഭയം അരിച്ചു കേറും പോലെ തോന്നി. തന്നെ ഗൗരവത്തോടെ നോക്കി നിൽക്കുന്നുണ്ട്. വാതിലിൽ നിന്നും മാറി നിന്നതും രണ്ടാളും അകത്തേക്ക് കയറിയിരുന്നു. “”നീ ഇപ്പോഴും അവിടെ ജോലിക്ക് പോകുന്നുണ്ടോ””.

ഗൗരവം മുറ്റിയ സ്വരത്തിൽ അമ്മാവൻ ചോദിച്ചപ്പോൾ നോക്കാതെ തന്നെ തലയാട്ടി. “”എങ്കിൽ ഇനി അത് വേണ്ട. ഇന്ന് വൈകുന്നേരം നരേഷ് വരുന്നുണ്ട് ലീവിന്. ഇനിയും ഇവിടെ ഇങ്ങനെ നിൽക്കേണ്ട ആവശ്യം ഇല്ല. എത്രയും പെട്ടെന്ന് നിങ്ങളുടെ വിവാഹം നടത്തണം. ഈ പറ്റിയാൽ ഈ ആഴ്ച തന്നെ. അവൻ വൈകുന്നേരം നിന്നെ വിളിക്കാൻ വരുമ്പോഴേക്കും എടുക്കാൻ ഉള്ളതൊക്കെ എടുത്തു തയ്യാറായി നിന്നോ…”” അമ്മാവന്റെ ശബ്ദം ഏതോ ഗർത്തത്തിൽ നിന്നും വരും പോലെ തോന്നി.

ഇങ്ങനെയൊരു അവസ്ഥ ഏത് നിമിഷവും പ്രതീക്ഷിച്ചതാണ്. അമ്മയേ തനിച്ചാക്കി വിവാഹം കഴിക്കില്ല എന്ന നിലപാടിലാണ് ഇത്രയും കാലം പിടിച്ചു നിന്നത്. അമ്മ പോയതിന് ശേഷം ഏത് നിമിഷവും ഇങ്ങനെയൊരു വരവ് പ്രതീക്ഷിച്ചിരുന്നു. എതിർത്തു പറയാൻ കഴിയുമായിരുന്നില്ല…. എല്ലാം നഷ്ടപ്പെട്ടപ്പോൾ തൽക്കാലത്തേക്കെങ്കിലും പണം നൽകി സഹായിച്ചത് അമ്മാവാനായിരുന്നു… തന്റെ ഭാഗത്ത്‌ നിന്നും മറുപടി ഒന്നും ലഭിക്കാഞ്ഞിട്ടാകും ഇന്നും കൂടി മതി ഈ ജോലിക്ക് പോക്കെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചുകൊണ്ട് കുറച്ചു കഴിഞ്ഞപ്പോൾ അമ്മാവനും അമ്മായിയും ഇറങ്ങിയത്.

ജോലിക്കായി ഇറങ്ങുമ്പോഴും മനസ്സ് കുറച്ചു മുൻപ് കേട്ട വാക്കുകളിൽ മാത്രം ചുറ്റപ്പെട്ടു കിടക്കുകയായിരുന്നു. ഒരിക്കലും അയാളുടെ ഭാര്യയായി കഴിയുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. പ്രായമായപ്പോൾ മുതലുള്ള അയാളുടെ വഷളൻ നോട്ടങ്ങളിൽ നിന്ന് സംരക്ഷിച്ചു നിർത്തിയത് ചേച്ചിയായിരുന്നു. ഒരിക്കൽ പൂരത്തിന് പോയപ്പോൾ അവിടെ വെച്ച് തന്നോട് മോശമായി സംസാരിച്ചപ്പോഴായിരുന്നു വിഷ്ണുവേട്ടൻ പിടിച്ചു അടിച്ചത്. ഏട്ടനെ അത്രയും ദേഷ്യത്തോടെ കാണുന്നത് അപ്പോഴായിരുന്നു….

പിന്നീടെപ്പോഴോ അയാൾ ഗൾഫിലേക്ക് പോയി എന്ന് ആരൊക്കെയോ പറഞ്ഞു കേട്ടു. അതിന് ശേഷം ഒരു കൂടിക്കാഴ്ച ഉണ്ടായിട്ടില്ല. അവൾക്ക് തലയാകെ ഭ്രാന്ത് പിടിക്കും പോലെ തോന്നി….. കവലയിൽ എത്തിയപ്പോൾ വെറുതേ കണ്ണുകൾ രുദ്രന് വേണ്ടി ചുറ്റും പരതി എങ്കിലും അവിടെയൊന്നും കാണാൻ കഴിഞ്ഞില്ല…. വല്ലാത്തൊരു നിരാശ തന്നെ വന്നു മൂടും പോലെ അവൾക്ക് തോന്നി…. ജീവിതത്തിൽ തനിച്ചയത് പോലെ…. ഒഴുകിയിറങ്ങിയ കണ്ണുനീർ തുള്ളികൾ തുടച്ചു മുന്നോട്ട് നടക്കുമ്പോൾ പുതിയ തീരുമാനങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്നു മനസ്സ്. 🔸🔸🔸

പാലത്തിന്റെ മുകളിൽ നിന്നും താഴെയുള്ള ആറ്റിലേക്ക് നോക്കിയപ്പോൾ ജലത്തിന് വല്ലാത്ത ശാന്തതയാണ് എന്ന് തോന്നി അവൾക്ക്. ഇവിടെ നിന്നാണ് അച്ഛൻ പോയത്….. വീണ്ടും ആ വെള്ളത്തിലേക്ക് നോക്കിയപ്പോൾ അതിന് അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും രൂപമാണ് എന്ന് തോന്നി…. അവരവിടെ ചിരിയോടെ നിൽക്കുന്നു…. തന്നെ അവരുടെ അരികിലേക്ക് വരാനായി കൈ കാണിച്ചു വിളിക്കുന്നു…. ശെരിയോ തെറ്റോ ഒന്നും മനസ്സിൽ ഉണ്ടായിരുന്നില്ല…. അവരുടെ അടുത്തേക്ക് ചെല്ലനായി ആരോ ചെവിയിൽ ഇരുന്ന് പറയും പോലെ…..

തനിക്കായി കാത്തിരിക്കാൻ അവരുണ്ട് എന്ന് തോന്നും പോലെ…. കൈവരിയിൽ പിടിച്ചു മുകളിലേക്ക് കയറി നിന്നു… അപ്പോഴും ചേച്ചിയും അമ്മയും അച്ഛനും അവിടെ തന്നെ ഉണ്ട്… അവരുടെ അടുത്തേക്ക് പോകാനായി താഴേക്ക് ആയുമ്പോളേക്കും രണ്ടു കൈകൾ അരക്കെട്ടിൽ കൂടി ചുറ്റി എടുത്തു പിന്നിലേക്ക് മാറിയിരുന്നു…. നിലത്തേക്ക് വീണെന്ന് തോന്നിയെങ്കിലും അതുണ്ടായില്ല…. വെള്ളത്തിലേക്ക് നോക്കിയപ്പോൾ അവരൊക്കെ അകന്നു പോകും പോലെ….. “”വിട്….. എനിക്ക് പോണം….. വിട്…… “”ഭ്രാന്ത് പിടിച്ചത് പോലെ ആ കൈകളിൽ കിടന്നു കുതറി എങ്കിലും ഒരല്പം പോലും അവ അയഞ്ഞില്ല… ഒടുവിൽ എല്ലാ ശക്തിയും നഷ്ടപ്പെട്ടു ആ നെഞ്ചിലേക്ക് ചാരി നിന്നപ്പോഴായിരുന്നു തളർച്ചയോടെ ആ മുഖത്തേക്ക് നോക്കുന്നത്… “”രുദ്രേട്ടൻ””… തുടരും

താന്തോന്നി: ഭാഗം 1

Share this story