അത്രമേൽ: ഭാഗം 12

അത്രമേൽ: ഭാഗം 12

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“അർജന്റ് ആണോ….ഓക്കേ….തൽക്കാലം ഷിനി ഡോക്ടറോട് അഡ്ജസ്റ്റ് ചെയ്യാൻ പറയു…ഞാൻ ദാ വരണു….” ഫോൺ കട്ട്‌ ചെയ്ത് പോക്കറ്റിലേക്ക് വയ്ച്ചു തിടുക്കപ്പെട്ടു കാറിനടുത്തേക്ക് പോകുന്നവനെ അവൾ വെറുതെ നോക്കിയിരുന്നു…മനസ്സിലുള്ള സങ്കടങ്ങളൊക്കെ ഇറയ്ക്കി വയ്ക്കാൻ അവൾ അത്രയേറെ ആഗ്രഹിച്ചു…അവനെ തിരികെ വിളിക്കാനായി മനസ്സ് വെമ്പൽ കൊണ്ടു… മനസ്സറിഞ്ഞെന്ന പോലെ ഡോർ തുറന്ന് കാറിലേക്ക് കയറുന്നതിനു മുൻപ് ഒരു നോട്ടം തിരികെ കിട്ടി… പക്ഷെ അതൊരു ചിരിയിലൊതുങ്ങി… യാത്ര ചോദിക്കുമ്പോൾ കണ്മുൻപിൽ നിന്നും മറയുന്നത് വരെ കൈ വീശികാണിക്കുന്നവൾ ഇന്ന് മ്ലാനമായ മുഖത്തോടെ ഇരിക്കുന്നതിൽ അവനും അത്ഭുതം തോന്നി…

അച്ഛൻ കൈ ഉയർത്തി കാണിച്ചപ്പോൾ അവനൊന്നു തലയാട്ടി… എന്നിട്ടും മിഴികൾ ചെന്നു നിന്നത് ഗോപുവിൽ തന്നെയായിരുന്നു…കണ്ണുകൾ തന്നിൽ തന്നെ തറഞ്ഞു നിൽക്കുമ്പോളും അവളുടെ മനസ്സ് മറ്റെവിടെയോ ആണെന്ന് തോന്നി… കണ്ണുകൾ ചിന്താഭാരത്താൽ ഉഴറുമ്പോൾ ആ ചൊടികൾ തന്നോടെന്തോ പറയുവാനായി വിറകൊള്ളുന്നെന്ന് തോന്നി… കാർ ഗേറ്റ് കടന്നു നീങ്ങുമ്പോളും ഒരിക്കൽ കൂടി കണ്ണാടിയിലൂടെ ഉമ്മറത്തേക്ക് നോക്കി…അവിടെ അതെയിരിപ്പ് തുടരുന്ന ആ പെണ്ണിനെ ഒന്ന് കൂടി കണ്ടു. ഹോസ്പിറ്റലിലേക്കുള്ള യാത്രയിലുടനീളം ദർശന്റെ ചിന്ത വീട്ടിലെ കാര്യങ്ങളെക്കുറിച്ചായിരുന്നു….

ഇടയ്ക്കെപ്പോഴോ രാവിലെ വർഷയെക്കുറിച്ചുള്ള അച്ഛന്റെ വാക്കുകൾ അവന് ഓർമ വന്നു…അച്ഛൻ അങ്ങനെയാണ് ഒരാളോട് ചെറിയൊരു നീരസം ഉണ്ടായാൽ പിന്നെ അത് മാറ്റിയെടുക്കാൻ പാടാണ്…അനന്തൻ അങ്കിളിന്റെ മരണശേഷം അച്ഛന് വർഷയോടും അമ്മയോടും ഒരു അകൽച്ചയും ഇഷ്ടക്കേടും തോന്നിയിട്ടുണ്ട്…വളരെ മുൻപൊരിക്കൽ ലീവിന് നാട്ടിൽ വന്നപ്പോൾ കാരണം തുറന്നു ചോദിച്ചിട്ടും ഒന്നും വിട്ടു പറഞ്ഞില്ല… സമയമാവുമ്പോൾ പറയാം എന്നായിരുന്നു മറുപടി… ഒത്തിരി നിർബന്ധിച്ചിട്ടും ആകെ പറഞ്ഞത് എല്ലാം അറിയുമ്പോൾ കൂടെ നിൽക്കണമെന്ന് മാത്രമാണ്…

ഒപ്പം പഠിത്തത്തിൽ ശ്രദ്ധിക്കാൻ ഉപദേശിച്ചു കൊണ്ട് വലിയൊരു ക്ലാസ്സും തന്നു…പിന്നീട് അതിനെക്കുറിച്ചൊരു സംസാരം ഉണ്ടായിട്ടില്ല…സമയോചിതമായി അച്ഛൻ പറയുമെന്ന് ഉറപ്പുള്ളത് കൊണ്ട് വീണ്ടും ചോദിക്കണമെന്ന് തോന്നിയില്ല…വർഷയുമൊത്തുള്ള കല്യാണകാര്യത്തിലും എതിർപ്പൊന്നും കണ്ടതുമില്ല…ചിലപ്പോൾ അനന്തൻ അങ്കിളിന് വാക്ക് കൊടുത്തത് കൊണ്ടായിരിക്കണം…ഒരുപക്ഷെ വർഷയുടെയും അമ്മയുടെയും സ്വൊഭാവം കൊണ്ടായിരിക്കണം ഈ ഇഷ്ടക്കേട്…ആർക്കും അവരോട് അത്ര പെട്ടന്ന് പൊരുത്തപ്പെടാൻ കഴിയില്ല… കല്യാണം കഴിഞ്ഞു കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ താൻ ഫോണിലൂടെ പരിചയപ്പെട്ട വർഷയും തന്റെ ഭാര്യയായ വർഷയും തമ്മിലുള്ള അന്തരം മനസ്സിലായതാണ്…

ഇടയ്ക്ക് അതിന്റേതായ പൊട്ടിത്തെറികൾ തങ്ങൾക്കിടയിൽ ഉടലെടുക്കാറുമുണ്ട്…..വല്ലാത്തൊരു ക്യാരക്ടർ ആണ് വർഷയുടേത്… ഒട്ടും വിട്ടു വീഴ്ചയില്ലാത്ത മനോഭാവം…ഒപ്പം ഇച്ചിരി കുശുമ്പും… അന്ന് ഗോപു തന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞു വാശി പിടിച്ചത് പോലും വർഷയ്ക്ക് വല്ലാതെ ഫീൽ ചെയ്തിട്ടുണ്ട്…സഹോദരിമാർ തമ്മിലുള്ള ഇപ്പോഴത്തെ വഴക്കിന്റെ പ്രധാനകാരണവും അതാണ്‌…ഇടയ്ക്ക് മനസ്സ് കൊണ്ട് ഗോപുവിനെക്കാളും ചെറിയ കുട്ടിയാണ് വർഷയെന്ന് തോന്നും…അതോർത്തപ്പോൾ അവന് ചിരി വന്നു…ഒപ്പം അടുത്ത ഞാറാഴ്ച്ച വരാൻ പോകുന്ന വിശേഷത്തെക്കുറിച്ചോർത്തപ്പോൾ ആ പുഞ്ചിരിയുടെ മാറ്റ് ഒന്നുകൂടെ കൂടി… ❤❤❤❤❤

“ഗോപു എണ്ണുവാണേ…1…..2…..3…..4…5….6….” ആറു വരെ എണ്ണി നിർത്തിയവൾ ഉമ്മറത്തെ തൂണോട് ചേർത്ത് കൈകൾക്കുള്ളിൽ ഒളിപ്പിച്ച തന്റെ മുഖമുയർത്തി ചുറ്റും നോക്കി…ആരെയും അടുത്ത് കാണാതിരുന്നപ്പോൾ തന്നെ കൂട്ടുകാരെല്ലാം ഒളിച്ചെന്ന് മനസ്സിലായി…ഒരു വട്ടം കറങ്ങി ചുറ്റും ഒന്ന് വീക്ഷിച്ചു…ഉമ്മറത്ത് ഒരരികിലായി തങ്ങളുടെ കളി നോക്കിയിരിക്കുന്ന അമ്മാവനെ ഒന്ന് പാളി നോക്കി… വെളുക്കനെ ഒന്ന് ചിരിച്ചു… കാര്യം പിടികിട്ടിയ പോലെ അയാൾ കണ്ണ് കൊണ്ട് ഹാളിലെ സോഫയ്ക്ക് നേരെ കാട്ടി കൊടുത്തു…അവളും അങ്ങോട്ട് തന്നെ സൂക്ഷിച്ചു നോക്കി… ഇത്തിരി കുനിഞ്ഞപ്പോൾ സോഫയ്ക്കടിയിൽ രണ്ട് കുഞ്ഞിക്കാലുകൾ കണ്ടു…

ശബ്ദമുണ്ടാക്കാതെ പതിഞ്ഞ കാലടികളോടെ സോഫയ്ക്കടുത്തേക്ക് ചെന്നു… “ദേ…. കിച്ചുനെ കണ്ടു പിടിച്ചേ…..” അവളുടെ ഉറക്കെയുള്ള ശബ്ദം കേട്ട് സോഫയ്‌ക്ക് പിറകിൽ പതുങ്ങിയിരിക്കുകയായിരുന്ന കൊച്ചു പയ്യൻ തലയുയർത്തി നോക്കി…അവൻ എഴുന്നേൽക്കും മുൻപേ അവൾ ഉമ്മറത്തേക്ക് ഓടി… തൂണിൽ ഇരു കൈകളും അടിച്ചു ഉറക്കെ പറഞ്ഞു.. “സാറ്റ്….” പിറകെ ഓടിവരുകയായിരുന്ന കുട്ടി ഉമ്മറത്തെത്തുന്നതിനു മുൻപേ ഫോണിൽ സംസാരിച്ചു കൊണ്ട് പുറത്തേക്ക് വരുകയായിരുന്ന വർഷയുമായി കൂട്ടിയിടിച്ചു…ഫോൺ അവളുടെ കയ്യിൽ നിന്നും തെറിച്ചു പോയതിനൊപ്പം ആ കുട്ടിയും നിലത്തു വീണു… “ഹോ…. നാശം…. ഈ കുരുട്ടടയ്ക്ക ഇതെവിടുന്നു പൊട്ടി വീണു…”

വെറുപ്പോടെ ഒച്ചയെടുത്തവൾ പറഞ്ഞതും അകത്ത് പലയിടത്തായി ഒളിച്ചിരുന്ന കുട്ടിപ്പട്ടാളങ്ങളൊക്കെ അങ്ങോട്ട് ഓടിക്കൂടി… നിലത്ത് വീണ തന്റെ ഫോണെടുത്ത് നോക്കിയപ്പോൾ അവൾക്ക് പിന്നെയും കലി മൂത്തു… “ഓഹ്… എന്റെ ഫോണിൽ സ്ക്രാച്ച് വീണല്ലോ…ഇതിന്റെ വിലയെന്താണെന്ന് നിനക്കറിയുമോ….അവധി ദിവസമായാൽ എവിടെ നിന്നാണെന്നറിയില്ല പൊട്ടി മുളച്ചോളും… നാശങ്ങൾ…” കുട്ടികളോട് തട്ടിക്കയറി കലി തീർക്കുമ്പോളാണ് ഉമ്മറത്ത് നിന്ന് ഒരു വണ്ടിയുടെ ശബ്ദം കേൾക്കുന്നത്…കുട്ടികളെ ഒന്ന് കൂടി കലിപ്പിച്ചു നോക്കിയിട്ട് അവൾ ഉമ്മറത്തേക്ക് നടന്നു…മുറ്റത്ത് സ്കൂട്ടറിൽ ഇരിക്കുന്ന ദർശനെയും അടുത്തായി നിൽക്കുന്ന ഗോപുവിനെയും അമ്മാവനെയും കണ്ടു…

ഗോപു വണ്ടിയിൽ തൊട്ടും തലോടിയുമൊക്കെ നോക്കുന്നുണ്ട്…കുട്ടികളോടുള്ള ദേഷ്യത്തിൽ പിറുപിറുത്തു കൊണ്ട് വർഷയും അങ്ങോട്ട് ഇറങ്ങി ചെന്നു… “എന്താ…വർഷേ…..?നീ ആരോടാ ഇങ്ങനെ ദേഷ്യപ്പെടണെ….” “വേറേ ആരോടാ…. കുറേ എണ്ണം അകത്തും പുറത്തുമായി മേഞ്ഞു നടക്കുന്നുണ്ടല്ലോ അവറ്റകളോട് തന്നെ…” അവളുടെ സംസാരം ഇഷ്ടമാകാത്തത് പോലെ സുധാകരൻ ഉടനെ തന്നെ അകത്തേക്ക് കയറി പോയി ഒപ്പം അകത്തുണ്ടായിരുന്ന കുട്ടികളൊക്കെ മുറ്റത്ത് ഗോപുവിന്റെ അടുത്തേക്ക് ഇറങ്ങി ചെന്നു… “അല്ല ദർശേട്ടൻ രാവിലെ തന്നെ എങ്ങോട്ടാ പോയത്?… ഇപ്പോൾ കാൾ ചെയ്ത് എന്നോട് ഇറങ്ങി വരാൻ പറഞ്ഞതെന്തിനാ…? ആരുടെയാ ഈ വണ്ടി…?”

നിർത്താതെയുള്ള അവളുടെ ചോദ്യങ്ങൾ കേട്ട് അവന് ചിരി വന്നു… “നീ എനിക്ക് പറയാനുള്ള സാവകാശം തരുമോ…?” അവന്റെ ചോദ്യം കേട്ട് അവൾ മിണ്ടാതിരുന്നു… ഒപ്പം അവളുടെ കൈ പിടിച്ചു വണ്ടിയുടെ ചാവി വയ്ച്ചു കൊടുത്തു… ” “ഹാപ്പി ബർത്ത്ഡേ ഡിയർ….” അവന്റെ വാക്കുകൾ കേട്ട് ഒരു നിമിഷം അവൾ അത്ഭുതപ്പെട്ടു…. പിന്നെ കയ്യിലെ ചാവിയിലേക്കും അവന്റെ മുഖത്തേക്കും മാറി…മാറി….നോക്കി… “നോക്കേണ്ട…. തനിക്ക് തന്നെയാ…. കുറച്ചു ദിവസമായില്ലേ ആഗ്രഹം പറയുന്നു…ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് കരുതി…” “ഓഹ്…. താങ്ക്സ് ദർശേട്ടാ…ഞാൻ കരുതി ദർശേട്ടൻ മറന്നെന്ന്…” അത്രയും പറഞ്ഞവൾ ദർശനെ കെട്ടിപ്പിടിച്ചു…

ഇടയ്ക്കൊന്ന് ഗോപുവിനെ പാളി നോക്കിയപ്പോൾ അവളുടെ മുഖം മങ്ങിയത് കണ്ട് ഊറി ചിരിച്ചു… ദർശന്റെയും നോട്ടം തങ്ങളെ തന്നെ ശ്രദ്ധിക്കുന്ന ഗോപുവിലും കുട്ടികളിലുമായിരുന്നു… വർഷയുടെ പ്രവർത്തിയിൽ അവനും വല്ലായ്മ തോന്നി…ഉടനെ തന്നെ അവളെ തന്നിൽ നിന്നും അകറ്റി നിർത്തി…. ഇടയ്ക്ക് പുറത്തെ ഒച്ചപ്പാടുകൾ കേട്ട് സരസ്വതിയമ്മയും പുറത്തേക്കിറങ്ങി വന്നു…അതോടെ ഗോപുവിന്റെ കുട്ടിക്കൂട്ടങ്ങളെല്ലാം പലവഴിക്ക് പിരിഞ്ഞു…. കുറച്ചു മുൻപ് വരെ വാചാലയായിരുന്ന ഗോപുവും മൗനം പൂണ്ടു….വർഷയുടെ പിറന്നാളാണെന്നറിഞ്ഞു ആശംസകൾ അറിയിക്കുകയും പുതിയ വണ്ടി ചുറ്റിപ്പറ്റി അഭിപ്രായങ്ങൾ പറയുകയുമായിരുന്നു സരസ്വതി…

ഇത്തിരി നേരം അവർക്കിടയിൽ നിന്നപ്പോൾ തന്നെ ഗോപുവിന് വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു…പതിയെ അകത്തേക്ക് നടക്കാൻ തുനിഞ്ഞപ്പോൾ ദർശന്റെ വിളി കേട്ട് തിരിഞ്ഞു നിന്നു… “ഗോപു… എന്താ പോണേ…. അപ്പൊ ഗോപുവിനുള്ള സമ്മാനം ആർക്ക് കൊടുക്കും…?” സമ്മാനമെന്ന് കേട്ടപ്പോൾ ആ കണ്ണുകളിൽ ചെറിയൊരു തിളക്കം കണ്ടു…വണ്ടിയുടെ ഡിക്കിയിൽ നിന്നും വലിയൊരു കവർ പുറത്തെടുത്ത് അവൾക്ക് നീട്ടുമ്പോൾ ആ മുഖത്തെ തിളക്കം കണ്ട് അവന്റെ മനസ്സും നിറഞ്ഞു… “ഇത് ഗോപുന്റെ സമ്മാനമാണോ…” ഒരുറപ്പിനായവൾ വീണ്ടും ചോദിച്ചപ്പോൾ അവൻ അതെയെന്ന് തലയാട്ടി…

ഇരുകൈകളും നീട്ടി അത് വാങ്ങാൻ തുടങ്ങുന്നതിനു മുൻപേ ഇടയ്ക്കെപ്പോഴോ തന്നെ തുറിച്ചു നോക്കുന്ന വർഷയിലേക്ക് നോട്ടം ചെന്നു… കുറച്ച് ദിവസം മുൻപേ ദർശൻ തരുന്നതൊന്നും സ്വീകരിക്കരുതെന്ന് ഭീഷണിപ്പെടുത്തിയതോർമ്മ വന്നു… ചെറിയൊരു പേടി തോന്നി…സ്വീകരിക്കാൻ മനസ്സ് പറയുമ്പോളും അരുതെന്നും ഉള്ളിലിരുന്നാരോ വിലക്കുന്നത് പോലെ… മുഖത്ത് പരിഭ്രമം കലർന്നു… വീണ്ടും വീണ്ടും മിഴികൾ വർഷയുടെ മുഖഭാവങ്ങൾ ഒപ്പിയെടുക്കാൻ തുനിഞ്ഞു…ഇടയ്ക്ക് തിരിഞ്ഞു നോക്കിയ ദർശനും കണ്ടു വർഷയുടെ കോപത്തോടെയുള്ള നോട്ടം…

പലപ്പോഴും ഗോപുവിന്റെ പേര് തങ്ങൾക്കിടയിലേക്ക് അവൾ മനഃപൂർവം വലിച്ചിഴയ്ക്കാറുള്ളത് കൊണ്ട് തന്നെ നല്ലൊരു ദിവസത്തെ ഓർത്ത്‌ അവൻ സ്വൊയം നിയന്തിച്ചു… ബലമായി ഗോപുവിന്റെ കയ്യിലേക്ക് ആ കവർ വയ്ച്ചു കൊടുത്തു… “തുറന്ന് നോക്ക് എന്താണെന്ന്…” അവൻ പറയാൻ കാത്തിരുന്ന പോലെ അവൾ കയ്യിലെ കവർ പരിശോധിച്ചു…അതിൽ നിറയെ പുസ്തകങ്ങളും പഠനസാമഗ്രികളും കണ്ട് അവൾ സന്തോഷത്താൽ മതി മറന്നു….നിറഞ്ഞു ചിരിച്ചു…നന്ദിയോടെ അവനെയൊന്ന് നോക്കി….അവനോട് സ്നേഹത്തോടെ രണ്ട് വാക്ക് പറയണമെന്നുണ്ടായിരുന്നെങ്കിലും മനസ്സ് മടിച്ചു… ഉള്ളിലെ ഭയം കാരണം വാക്കുകളൊക്കെ ഇഷ്ടത്തോടെയുള്ളൊരു നോട്ടത്തിൽ ഒതുക്കി സമ്മാനപ്പൊതിയും നെഞ്ചോടടുക്കിപ്പിടിച്ചു തിരികെ നടന്നു… ❤❤❤❤❤

“പോയി വരുമ്പോൾ ഗോപുന് പുസ്തകം പൊതിയാൻ മിന്നുന്ന കടലാസ് കൊണ്ടത്തരാവോ അമ്മാമ്മേ…?” പുറത്തേക്കിറങ്ങാൻ നിൽക്കുന്ന അമ്മാവനോടവൾ കൊഞ്ചി പറഞ്ഞു… “അതും ഞാൻ മേടിച്ചു തന്നാൽ മതിയോ…?” കാതോരം പ്രിയപ്പെട്ടൊരു സ്വൊരം കേട്ടപ്പോൾ അവൾ തിരിഞ്ഞു നോക്കി… ദർശനെ കണ്ടപ്പോൾ ചുണ്ട് കൂർപ്പിച്ചു…പിണക്കം നടിച്ചു… “ഗോപു…. പേടിച്ചല്ലോ…” “അയ്യോ… പേടിച്ചോ എന്റെ കിലുക്കാംപെട്ടി… സാരല്ല… മിന്നുന്ന കടലാസ് ഞാൻ വാങ്ങി തന്നാൽ പിണക്കം തീരുമൊ.?…” ആദ്യം ശരിയെന്ന് തലയാട്ടി…പിന്നെ വേണ്ടെന്നും… ഇടയ്ക്ക് അകത്തെക്കും ഒന്ന് പാളി നോക്കി…

“ഗോപുന് അമ്മാമ്മ വാങ്ങിത്തരുമല്ലോ….ല്ലേ അമ്മാമ്മേ…?” അമ്മാവനോട് ചിരിയോടെ ചോദിച്ചപ്പോൾ അയാൾ അതെയെന്ന് തലയാട്ടി… “അച്ഛനെങ്ങോട്ടാ ഈ ഉച്ചകഴിഞ്ഞ നേരത്ത്…?” ഒരുങ്ങിയിറങ്ങുന്ന തന്റെ അച്ഛനോടായി ദർശൻ ചോദിച്ചു… “ഞാൻ ആ കവല വരെ…. ഒന്ന് രണ്ട് പേരെ കാണാനുണ്ട്…അല്ല നീയിതെങ്ങോട്ടാ? ഹോസ്പിറ്റലിലേക്കാണോ?” “ഏയ്…. അമ്മയ്ക്ക് ഒരെ നിർബന്ധം ബർത്ത്ഡേ കേക്ക് കട്ട്‌ ചെയ്യണമെന്ന്… വാങ്ങിച്ചിട്ട് വരാം…” അവന്റെ വാക്കുകൾ കേട്ട് അയാൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു… “ഊണിന്റെ വിഭവങ്ങളിൽ ഒതുങ്ങിയില്ലേ അവളുടെ ആഘോഷം…?” വെറുപ്പോടെ ചോദിച്ചു ഉത്തരത്തിന് കാത്ത് നിൽക്കാതെ അയാൾ ഇറങ്ങി നടന്നു… “ഞാൻ കൊണ്ട് വിടാം അച്ഛാ….”

“ആരും ബുദ്ധിമുട്ടണ്ടാ… ഈ സുഖസൗകര്യങ്ങൾ ഒന്നും ഇല്ലാത്ത കാലത്തും സുധാകരൻ നടന്നു തന്നെയാ പോയിട്ടുള്ളത്…. ആവശ്യത്തിലേറെ കിട്ടുമ്പോളാ പലരും നില മറക്കുന്നത്…. വന്ന വഴി മറക്കുന്നത്….” വാശിയോടെ ആരെയോ കേൾപ്പിക്കാനെന്ന പോലെ വിളിച്ചു പറഞ്ഞയാൾ നടന്നു നീങ്ങി…അച്ഛൻ പറഞ്ഞതിന്റെ അർഥം മനസ്സിലാക്കാതെ ഒരു നിമിഷം അവൻ ചിന്തിച്ചു നിന്നു… ഇടയ്ക്കെപ്പോഴോ തന്നെ പോലെ തന്നെ ഗഹനമായി ആലോചിച്ചു തള്ള വിരലിലെ നഖം കടിച്ചു പറിയ്ക്കുന്ന ഗോപുവിനെ കണ്ടു… മടിച്ചു നിൽക്കാതെ കയ്യിൽ ഒരു തട്ട് വയ്ച്ചു കൊടുത്തു… “നഖം കടിക്കരുതെന്ന് എത്ര തവണ പറയണം… അതേ ചീത്ത കുട്ടികളുടെ ശീലമാ…” അവൻ കണ്ണുരുട്ടി പറഞ്ഞപ്പോൾ ശെരിയെന്ന വിധം അവളൊന്നു തലയനക്കി…

“ഇതിങ്ങനെ എപ്പോഴും എപ്പോഴും ഓർമിപ്പിക്കണോ…” അവനവളുടെ തലയിൽ ചെറുതായൊന്നു കിഴുക്കി “എന്നാലും എന്റെ ഗോപു…പുസ്തകം വാങ്ങിത്തരാനൊക്കെ ഞാൻ വേണം.. ഒരു നന്ദി പോലും പറഞ്ഞില്ലല്ലോ…” പിണക്കം നടിച്ചവൻ അവളെ നോക്കി പറഞ്ഞു… പതിയെ മുറ്റത്തേക്കിറങ്ങി… “തേങ്ക്സ്….” അവളുടെ ശബ്ദം കാതിൽ പതിഞ്ഞപ്പോൾ അവൻ അത്ഭുതത്തോടെ തിരിഞ്ഞു നോക്കി “ഇതെങ്ങനെ അറിയാം….?” “അതൊക്കെ ഗോപുനറിയാം….” നാണത്തോടെ പറഞ്ഞവൾ മുറിയിലേക്കോടി… ❤❤❤❤❤ “ഡി…” പുസ്തകത്താളുകൾ മറിച്ചു നോക്കി അതിലെ ചിത്രങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും വിരലോടിക്കുമ്പോളാണ് വർഷ ഗോപുവിന്റെ മുറിയിലേക്ക് കടന്നു വന്നത്…

അവളെ കണ്ടപാടേ ഗോപു പുസ്തകം പിന്നിലേക്ക് മറച്ചു പിടിച്ചു.. “എന്താടീ…. ഇന്ന് തന്നെ ഇത് മുഴുവൻ പഠിച്ചു തീർത്ത് നീ കളക്ടർ ഉദ്യോഗത്തിനു ചേരുവോ…?” ഒച്ചയെടുത്തവൾ ചോദിച്ചപ്പോൾ ഗോപുവിന് വല്ലാത്ത പേടി തോന്നി….ഒപ്പം സങ്കടവും… “എന്താടീ…. ദർശേട്ടന്റെയും അമ്മാവന്റെയും മുൻപിൽ നിനക്ക് വലിയ നാക്കാണല്ലോ… ഇപ്പോൾ അതൊക്കെ ഇറങ്ങി പോയോ…” വാശിയോടെ ചോദിച്ചവൾ അവൾ ഒളിച്ചുപിടിച്ച പുസ്തകം തട്ടിപ്പറിച്ചു… കയ്യിലിട്ട് ചുരുട്ടി കൂട്ടി… “അയ്യോ…. അത് ഗോപുന്റെ പുത്തൻ പുസ്തകമാണെ വർഷേച്ചി…. ദച്ചേട്ടൻ ഗോപുന് തന്നതാണെ…” തന്റെ കയ്യിൽ പിടിമുറുക്കി പറയുന്നവളെ വർഷ ഊക്കോടെ തള്ളി നിലത്തേക്കിട്ടു..

“എന്നെ തടയാൻ മാത്രം വളർന്നോടീ നീ…. അവളുടെയൊരു ദചേട്ടൻ…. ദർശേട്ടൻ ഇപ്പോൾ എന്റെ ഭർത്താവാ… പഴയ മോഹം വല്ലതും ബാക്കിയുണ്ടെങ്കിലേ അതങ്ങ് മനസ്സിന്നു കളഞ്ഞേക്ക്… നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെടീ അങ്ങേര് എന്ത് തന്നാലും വാങ്ങരുതെന്ന്….വേണ്ടെന്ന് മുഖത്ത് നോക്കി പറയണമെന്ന്….” ദേഷ്യം നിയന്ത്രിക്കാനാവാതെ വർഷ നിന്നു വിറച്ചു… “ദ…. ദചേട്ടൻ ഗോ… ഗോപുനെ ഇഷ്ടായോ…. ണ്ടല്ലേ…” ഏങ്ങി…ഏങ്ങി അവൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചു…വർഷ ചുരുട്ടി കൂട്ടിയെറിഞ്ഞ പുസ്തകത്തിലേക്ക് ഒന്ന് നോക്കിയതേ അതിന്റെ നെഞ്ച് നീറി… “ഓ….അപ്പൊ അതാണ്‌…. എന്താടീ കൊഞ്ചികുഴഞ്ഞു അങ്ങേരെ വശത്താക്കി കളയാമെന്ന് നീ കരുതിയോ…

അതോ അങ്ങനൊരു ബുദ്ധി നിനക്കാരെങ്കിലും ഓതി തന്നിട്ടുണ്ടോ? ഈ വർഷയെ പുറത്താക്കി ദർശേട്ടനെ കല്യാണം കഴിച്ചേക്കാൻ…” നിലത്ത് ഊന്നിയിരുന്നവൾ ഗോപുവിന്റെ മുടിയിലായി പിടിച്ചു വലിച്ചു… “വ….. വർഷേച്ചി പറഞ്ഞതല്ലേ ദർശേട്ടൻ ഗോപുനെ ക…. കല്യാണം കഴിക്കുമെന്ന്…പ…. പ… റ്റിചില്ലേ… ഗോപുനെ… നുണച്ചി….” സങ്കടങ്ങൾക്കിടയിൽ ഉള്ളിലുള്ള രോഷം അറിയാതെ പുറത്തെത്തി…അവളിലുള്ള പിടി വർഷ ഒന്ന് കൂടി മുറുക്കി… “അതേടീ…. ഞാൻ ഇനിയും പറയും… നിന്നെ മോഹിപ്പിക്കും… അവസാനം നീ മോഹിക്കുന്നതൊക്കെ ഞാൻ സ്വന്തമാക്കും…” ഗർവോടെ ഉറക്കെ വിളിച്ചു പറഞ്ഞവൾ എണീറ്റു… കട്ടിലിൽ ബാക്കിയുണ്ടായിരുന്ന സാധനങ്ങൾ എല്ലാം തട്ടി നിലത്തേക്കിട്ടു…ഗോപുവിന്റെ കണ്ണീരിൽ ഒരുന്മാദിയെ പോലെ സന്തോഷിച്ചു…

“ഇത് നിനക്കുള്ള അവസാനത്തെ താക്കീതാ…ഇനി അനുസരണക്കേട് കാട്ടിയാൽ നീ ഇവിടുന്ന് പുറത്താ… എന്താ വേണ്ടതെന്നു എനിക്കറിയാം…ഞാൻ പറഞ്ഞാൽ പറഞ്ഞതാ…. നിനക്കറിയാല്ലോ എന്നെ… പിന്നെ ഇപ്പോൾ നടന്നത് കൂടി അങ്ങ് മറന്നേക്കണം… ഇതൊക്കെ ആരോടെങ്കിലും പറഞ്ഞെന്ന് ഞാൻ അറിഞ്ഞാൽ…” ഗോപുവിന് നേരെ കൈ ചൂണ്ടിപറഞ്ഞവൾ ഒന്നമർത്തി മൂളി…നിലത്ത് വീണു കിടക്കുന്ന സാധനങ്ങളൊക്കെ കാല് കൊണ്ട് തട്ടിത്തെറിപ്പിച്ചു….മുറിവിട്ടിറങ്ങാൻ തുനിയുമ്പോൾ എല്ലാം കണ്ടും കേട്ടും കത്തുന്ന മിഴികളോടെ നിൽക്കുന്ന ആളെക്കണ്ട് ശിലപോലവൾ തറഞ്ഞു നിന്നു പോയി…… തുടരും….

അത്രമേൽ: ഭാഗം 11

Share this story