ഹരി ചന്ദനം: ഭാഗം 19

ഹരി ചന്ദനം: ഭാഗം 19

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“ഹരിക്കുട്ടാ…. ” എന്ന അമ്മയുടെ വിളിയിയിലാണ് വീണ്ടും എനിക്കു നേരേയോങ്ങിയ കൈ H.P പിൻവലിച്ചത്. “എന്റെ കുഞ്ഞിനെ നീ തല്ലിയോടാ…? “എന്ന് ചോദിച്ച് അമ്മ H.P യ്ക്കു നേരെ ചീറി.മുന്നിലെ ശബ്ദം കേട്ടിട്ടാണെന്നു തോന്നുന്നു അപ്പോഴേക്കും മാളുവും അടുക്കളയിൽ നിന്നും ഓടി വന്നു.അവിടെ നടക്കുന്നതെന്തെന്ന് മനസ്സിലാവാതെ അവൾ ഉമ്മറത്ത് തറഞ്ഞു നിന്നു. “മോളെ…” എന്ന് വിളിച്ചു കരഞ്ഞു കൊണ്ടു തന്നെ താങ്ങി നിർത്തിയ കിച്ചുവിന്റെ കൈ വിടുവിച്ചു അമ്മ എന്റെ അടുത്തേക്ക് വരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

വീഴ്ചയുടെ ആഘാതത്തിൽ കാൽമുട്ട് ഇടിച്ചത് കൊണ്ട് അമ്മയ്ക്ക് നടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.വേദന കൊണ്ട് കാലിടറി വീണ്ടും വീഴാൻ പോയ അമ്മയെ H.P യാണ് താങ്ങിയത്. എന്നാൽ “തൊട്ടു പോകരുത് നീ എന്നെ…. “എന്ന് ഒച്ചയെടുത്തു കൊണ്ട് അമ്മ H.P യുടെ കൈകൾ തട്ടിയെറിഞ്ഞു. വീണ്ടും കിച്ചുവിന്റെ കൈയിൽ കൈ ചേർത്തു കൊണ്ട് അമ്മ കിച്ചുവിന്റെ നെഞ്ചിലേക്ക് വീണ് പൊട്ടി കരഞ്ഞു.കിച്ചുവിന്റെ ടീഷർട്ടിലാകെ അമ്മയുടെ നെറ്റിയിൽ നിന്നൊഴുകുന്ന ചോര പടർന്നു.”ചോര നിൽക്കുന്നില്ല…

വേഗം ഹോസ്പിറ്റലിൽ പോകാം “എന്ന് കിച്ചു പറഞ്ഞതോടെ H.P ഓടിച്ചെന്നു കാറിന്റെ കീ എടുത്തു കൊണ്ടു വന്ന് വണ്ടി സ്റ്റാർട്ടാക്കി നിർത്തി.മാളു അമ്മയുടെ അടുത്തേക്ക് ഓടി വന്നപ്പോഴേക്കും അമ്മയുടെ സാരിയുടെ മുന്താണി എടുത്ത് മുറിവിലേക്കു അമർത്തി പിടിച്ച് കിച്ചു വണ്ടിയുടെ ബാക്ക് ഡോർ തുറന്ന് അമ്മയെ താങ്ങിപിടിച്ച് അകത്തു കയറ്റി.ഒട്ടും വൈകാതെ വണ്ടി ചീറിപ്പാഞ്ഞു കൊണ്ട് ഗേറ്റ് കടന്നു പോയി.അപ്പോഴും പിന്നിലിരിക്കുന്ന രണ്ടു പേരും വിഷമത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു. അത്രയും നേരം എല്ലാം നോക്കിക്കൊണ്ടു ഞാൻ അവിടെ തറഞ്ഞു നിൽക്കുകയായിരുന്നു.കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണീരിനാൽ പല കാഴ്ചകളും എനിക്കു അവ്യക്തമായിരുന്നു.

അടിയുടെ ആഘാതത്തിൽ ഒരു നിമിഷം കണ്ണിലിരുട്ടു കയറുന്ന പോലെ തോന്നി.കാഴ്ചയ്ക്കപ്പുറം വണ്ടി മറഞ്ഞതോടെ ഇടറുന്ന കാലടികളോടെ ഞാൻ വീടിനുള്ളിലേക്ക് കയറി.മുറ്റത്താകെ വെള്ളം വീഴുന്നത് കണ്ട് മാളു ഓടിച്ചെന്നു പൈപ്പ് ഓഫ്‌ ചെയ്തു.അതിനിടയിൽ മാളു എന്നോടെന്തോ ചോദിക്കാൻ വന്നെങ്കിലും ഞാൻ കരയുകയാണെന്നു കണ്ടു അവൾ പിൻവലിഞ്ഞു.മുകളിലേക്ക് പോവുമ്പോൾ വീണു പോവാതിരിക്കാൻ ശരീരം ചുവരിലേക്കു താങ്ങിയാണ് ഞാൻ കയറി ചെന്നത്.H.P യുടെ കൈ പതിഞ്ഞ ഭാഗത്താകെ നീറി പുകയുന്നുണ്ടായിരുന്നു.എന്റെ കൈ കൊണ്ടു ആ ഭാഗത്തൊന്നു കൈ വച്ചതും എരിവുവലിച്ചു കൊണ്ടെന്റെ കൈകൾ ഞാൻ പിൻവലിച്ചു.

ഓടിച്ചെന്നു കണ്ണാടിയിൽ നോക്കിയപ്പോൾ അഞ്ചുവിരൽപാടുകൾ ചുവന്നു തിണർത്തു കിടപ്പുണ്ടായിരുന്നു.അവ കാൺകെ കാൺകെ കഴിഞ്ഞു പോയ നിമിഷങ്ങൾ ഓര്മയിലേക്കിരച്ചെത്തി.എന്റെ സങ്കടം ഒന്നു കൂടി വർധിച്ചപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് ഞാൻ കിടക്കയിലേക്ക് വീണു. ഒരു പതിനൊന്നു മണിയോടെ അവർ തിരിച്ചെത്തി. താഴെ വണ്ടിയുടെ ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്.എരിയുന്ന കണ്ണുകൾ നന്നേ പ്രയാസപ്പെട്ടാണ് തുറന്നു. ഒത്തിരി നേരം കരഞ്ഞിട്ടും ആശ്വാസം കിട്ടാത്ത പോലെ.ആരും ആശ്വസിപ്പിക്കാനില്ലാതെ ഞാൻ ഒറ്റപ്പെട്ടതു പോലെ തോന്നി.

എങ്കിലും അമ്മയ്ക്ക് എന്തു പറ്റിക്കാണും എന്ന ആധിയിൽ ചാടിപിടഞ്ഞു എണീറ്റ്‌ മുഖം അമർത്തി തുടച്ചു കൊണ്ട് താഴേക്ക് നടന്നു .ഒന്നു രണ്ട് പടികളിറങ്ങി വരുമ്പോളേക്കും അമ്മയെ താങ്ങി പിടിച്ചു കൊണ്ടു കിച്ചു വരുന്നുണ്ടായിരുന്നു.പുറകെ അവർക്കു വാതിൽ തുറന്ന് കൊടുത്തു കയ്യിൽ ഒരു കവറുമായി മാളുവും.അമ്മയുടെ നെറ്റിയിൽ വലിയൊരു ചുറ്റിക്കെട്ട് ഉണ്ടായിരുന്നു.നടക്കാനും മുൻപേ പോലെ പ്രയാസം ഉണ്ടെന്നു തോന്നി. “ഇപ്പൊ സുഖം തോന്നുന്നുണ്ടോ പാറുഅമ്മേ? ” “ഉവ് മാളു.? ” പെട്ടന്ന് തന്നെ വണ്ടി ഒതുക്കി നിർത്തി H.P ഓടി വന്ന് അമ്മയെ പിടിക്കാൻ നോക്കിയതും അമ്മ ആ കൈ തട്ടിയെറിഞ്ഞു.

“ഞാൻ പറഞ്ഞില്ലേ എന്റെ കുഞ്ഞിനെ തല്ലിയ ആ കൈ കൊണ്ട് ഇനി നീ എന്നെ തൊടരുത്.ആശുപത്രിയിൽ വച്ചു ഒരു പ്രശ്നം ഉണ്ടാക്കേണ്ട എന്ന് കരുതിയാ മിണ്ടാതിരുന്നത്. ഇനി അതുണ്ടാവില്ല. ” “അമ്മേ അവള് കാരണമല്ലേ അമ്മയ്ക്ക് ഇങ്ങനൊക്കെ ” “അവള് എന്ത് ചെയ്തെന്നാ… എന്റെ അശ്രദ്ധ കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.അല്ലാതെ അവളല്ല. നിനക്കിത്രേം വിവരമില്ലാതായി പോയല്ലോ? അല്ലെങ്കിൽ തന്നെ അവള് മനഃപൂർവം എനിക്കൊരു ആപത്ത് ഉണ്ടാക്കുമെന്ന് തോന്നുന്നുണ്ടോ ” “അമ്മേ ഞാൻ….പെട്ടന്ന് ദേഷ്യത്തിൽ ” “ഞാൻ പറഞ്ഞല്ലോ ഹരിക്കുട്ടാ.. നിന്റെ ഒരു ന്യായീകരണവും എനിക്ക് കേൾക്കണ്ട. ഭർത്താവിന് ദേഷ്യം വരുമ്പോൾ എടുത്തു കൊട്ടാനുള്ള ചെണ്ടയല്ല ഭാര്യ.

ഭാര്യയെ തല്ലുന്നത് വലിയ ആണത്തം ആണെന്ന് എന്റെ മോൻ കരുതണ്ട.” “ഹും ഭാര്യ…… ഞാൻ പറഞ്ഞതല്ലേ….. ഇത്തരം ബന്ധങ്ങളിലൊന്നും എനിക്ക് വിശ്വാസം ഇല്ലെന്ന്, ഒരു വിവാഹത്തിനു എനിക്ക് താല്പര്യം ഇല്ലെന്ന്, ഒരു നല്ല ഭർത്താവാവാൻ എനിക്ക് കഴിയില്ലെന്ന് ഞാൻ പറഞ്ഞതല്ലേ.സ്വൊന്തത്തിലും ബന്ധത്തിലും ഒന്നും എനിക്ക് വിശ്വാസം ഇല്ല.എല്ലാവരും സ്വാർഥരാണ്‌ സ്വന്തം സുഖത്തിനു വേണ്ടി മറ്റുള്ളവരെ വേദനിപ്പിക്കാനും കുത്തി നോവിക്കാനും മടിയില്ലാത്തവർ.ഇവരൊക്കെ സ്നേഹം നടിച്ചു വഞ്ചിക്കില്ലെന്ന് ആരറിഞ്ഞു ” “എപ്പോഴും ഇങ്ങനെ ന്യായം പറഞ്ഞ് രക്ഷപ്പെടാമെന്നു നീ കരുതണ്ട.

അതുകൊണ്ട് നീ ചെയ്തത് തെറ്റല്ലാതാവുകയും ഇല്ല.പിന്നെ ഭാര്യ എന്നൊരു പരിഗണന അവൾക്കു കൊടുക്കാത്തിടത്തോളം ഈ അമ്മയെയും എന്റെ മോൻ അങ്ങ് മറന്നേരെ.അവളോട്‌ മാപ്പ് പറയാതെ… അവള് നിന്നോട് ക്ഷമിക്കാതെ ഈ അമ്മയും നിന്നോട് ക്ഷമിക്കില്ല.” “ശെരി ഞാൻ സമ്മതിച്ചു.എല്ലാം എന്റെ തെറ്റ് തന്നെയാ. ഇപ്പോൾ ഞാനാണല്ലോ ഇവിടുത്തെ ഏറ്റവും വലിയ തെറ്റുകാരൻ. ” അത്രയും പറഞ്ഞ് H.P ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങി പോയി. H.P യോടുള്ള വാക്കുതർക്കങ്ങൾക്കൊടുവിൽ അമ്മ നന്നായി കിതയ്ക്കുന്നുണ്ടായിരുന്നു.കിച്ചു അമ്മയ്ക്ക് നെഞ്ച് ഉഴിഞ്ഞു കൊടുത്തു. മാളുവും ഓടി വന്ന് അമ്മയ്ക്ക് പുറത്തും നെഞ്ചത്തും തടവി കൊടുക്കുന്നുണ്ടായിരുന്നു.

“അമ്മയോട് ഡോക്ടർ പറഞ്ഞതല്ലേ ബി.പി കൂടുതൽ ആണെന്ന്. പിന്നെ എന്തിനാ ഇങ്ങനെ ബഹളം ഉണ്ടാക്കുന്നത് ” “പിന്നെ അവന്റെ തെറ്റിനെ ന്യായീകരിക്കണൊ ഞാൻ. ” “ഞാൻ അങ്ങനെയല്ല പറഞ്ഞത്. ഇപ്പോൾ അമ്മ റസ്റ്റ്‌ എടുക്കു ബാക്കി നമുക്ക് സമാദാനമായി ഇരുന്നു സംസാരിക്കാം. ” “ഞാൻ എങ്ങനെ സമാദാനപ്പെടാനാ കിച്ചു… ” “അമ്മ ഇങ്ങോട്ട് വന്നേ… ” അതും പറഞ്ഞ് കിച്ചു അമ്മയെ പിടിച്ചു വലിച്ചു റൂമിലേക്ക്‌ കൊണ്ടു പോവുന്നുണ്ടായിരുന്നു.വാതിൽക്കലോളം ചെന്നു അമ്മ തിരിഞ്ഞു മാളുവിനെ നോക്കി. “ചന്തു മോളെവിടെ? ” “നിങ്ങൾ പോയതോടെ കരഞ്ഞു കൊണ്ട് മുകളിലേക്കു പോവുന്നുണ്ടായിരുന്നു. ഇടയ്ക്ക് ഞാൻ ചെന്നു നോക്കിയപ്പോൾ ഡോർ ലോക്ക് ചെയ്തിരുന്നു.

ഉള്ളിൽ നിന്ന് കരയുന്ന ശബ്ദം കേൾക്കാമായിരുന്നു. ” “ഞാൻ വന്നത് അറിഞ്ഞില്ലേ ആവോ… ഇനി അവൾക്കു എന്നോട് ദേഷ്യം ആയി കാണുമോ? ” അമ്മയുടെ വാക്കുകൾ പിന്നെയും എന്റെ കണ്ണ് നനയിച്ചു.അമ്മയുടെ അടുത്തേക്ക് പോകാനും അമ്മയെ ഫേസ് ചെയ്യാനും എനിക്ക് മടി തോന്നി ഞാൻ തിരിഞ്ഞു റൂമിലേക്ക്‌ നടന്നു. “അമ്മ വെറുതെ എഴുതാപ്പുറം വായിക്കേണ്ട. ഏട്ടത്തി അറിഞ്ഞു കാണില്ല നമ്മൾ വന്നത്. ചിലപ്പോൾ കരഞ്ഞു കരഞ്ഞു മയങ്ങി കാണും.അമ്മ വന്നേ…” “മാളു….ആ മരുന്ന് കവറൊക്കെ എന്റെ മേശപ്പുറത്തു വച്ചേക്കു.എന്നിട്ട്.. ചെല്ല്… ചെന്ന് ചന്തുവിനെ വിളിച്ചു കൊണ്ടുവാ… ” “ശെരി പാറു അമ്മേ… ” അമ്മ മാളുവിന്‌ നൽകിയ നിർദേശം കേട്ടാണ് ഞാൻ റൂമിലേക്ക്‌ കടന്നത്.

ഡോർ ലോക്ക് ചെയ്യാതെ ഞാൻ വേഗം കയറി കിടന്നു.ഇത്തിരി നേരം കൊണ്ടു മാളുവെത്തി.ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ കണ്ണുകളടച്ചു കിടന്നു.വാതിൽ തുറന്ന് ഇത്തിരി എന്നെ നോക്കി നിന്ന ശേഷം ഞാൻ ഉറങ്ങിയെന്നു കരുതി അവൾ തിരിച്ചു പോയി.ഇടയ്ക്ക് കിച്ചുവും വന്നു നോക്കുന്നുണ്ടായിരുന്നു. അപ്പോഴും കണ്ണുകളടച്ചു തന്നെ പിടിച്ചു അങ്ങനെ ഇടയ്ക്കെപ്പോഴോ ചെറുതായി മയക്കം പിടിച്ചു. ഉച്ചയായപ്പോൾ വീണ്ടും കിച്ചു വന്നു എന്നെ തട്ടി വിളിച്ചു. “ഏട്ടത്തി…എന്ത് ഉറക്കമാണ്… ഭക്ഷണം ഒന്നും വേണ്ടേ. ” “എനിക്ക്….എനിക്ക് വേണ്ട…. വിശപ്പില്ല.. ” “ആഹാ….അപ്പൊ ഇന്നിവിടെ വല്ല പട്ടിണി മത്സരവും നടക്കുന്നുണ്ടോ?? ” ഞാൻ പറഞ്ഞതു മനസ്സിലാവാതെ അവനെ നോക്കി.

“മനസ്സിലായില്ല.. ല്ലേ… താഴെ ഒരാള് ഏട്ടത്തിയോടൊപ്പമേ കഴിക്കുള്ളൂ പറഞ്ഞ് വാശി പിടിച്ചു ഇരിപ്പുണ്ട്.ഫുഡ് കഴിച്ചിട്ട് മരുന്ന് കഴിക്കാനുള്ളതാ…പക്ഷെ ഒന്നും പറഞ്ഞിട്ട് മനസ്സിലാവുന്നില്ല. ഏട്ടത്തി ഒന്നു വന്നു പറഞ്ഞേ.. ” അവനങ്ങനെ പറഞ്ഞപ്പോൾ എനിക്കെന്തോ താഴേക്ക്‌ പോവാതിരിക്കാൻ തോന്നിയില്ല.ഞാൻ എണീറ്റപ്പോൾ അവൻ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. “കവിൾ നന്നായി തിണർത്തിട്ടുണ്ടല്ലോ… നല്ല വേദന ഉണ്ടോ ഏട്ടത്തി. ” അപ്പോഴേക്കും എന്റെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങിയിരുന്നു. “ഞാൻ ഒരു മരുന്ന് തരാം. പുരട്ടി നോക്കു.. ആശ്വാസം കിട്ടും. ” അതും പറഞ്ഞ് അവൻ താഴോട്ട് നടന്നു. ഞാൻ മുഖം കഴുകി അമ്മയുടെ റൂമിലേക്ക്‌ നടന്നു.

റൂമിലെത്തിയപ്പോൾ കണ്ണടച്ചു കിടക്കുന്ന അമ്മയെ ആണ് കണ്ടത്.എന്തു കൊണ്ടോ ആ കിടപ്പ് കണ്ടപ്പോൾ ഹൃദയം നുറുങ്ങുന്നതു പോലെ തോന്നി.മെല്ലെ ചെന്ന് ആ കാലുകൾ തൊട്ടപ്പോഴേക്കും കണ്ണുകൾ ഭേദിച്ച് ചുടു കണ്ണീർ അമ്മയുടെ കാൽക്കൽ വീഴുന്നുണ്ടായിരുന്നു. ഉടനെ തന്നെ കണ്ണ് തുറന്ന് അമ്മ ഞെട്ടിപ്പിടഞ്ഞു എണീറ്റു. “എന്താ മോളെ കാണിക്കുന്നേ??? ” “ഞാൻ… ഞാൻ മനഃപൂർവം അല്ല.അമ്മ എന്നോട് ക്ഷമിക്കണം. ” “അമ്മയ്ക്കറിഞ്ഞൂടെ എന്റെ മോളെ.. ക്ഷമ ചോദിക്കേണ്ടത് അമ്മയല്ലേ?അമ്മയുടെ പേരിൽ അറിയാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുമ്പോൾ ഒന്ന് തടുക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല. ” അതും പറഞ്ഞ് അമ്മ അടുത്തു വിളിച്ചു എന്നെ നെഞ്ചോട് ചേർത്തു.

“അമ്മ വിചാരിച്ചു മോൾക്ക് അമ്മയോട് ദേഷ്യമാണെന്നു. നിന്നെ വിളിച്ചു കൊണ്ടു വരാൻ കിച്ചുനേം മാളൂനേം അമ്മ പറഞ്ഞു വിട്ടിരുന്നു.അവര് പറഞ്ഞു മോള് ഉറക്കമായെന്നു. കരഞ്ഞു കരഞ്ഞു തളർന്നു അല്ലെ എന്റെ മോള്? ഒത്തിരി നൊന്തു അല്ലെ എന്റെ കുട്ടിക്ക്? ” അത്രയും പറഞ്ഞു അമ്മ എന്റെ കവിൾ പിടിച്ചതും വേദന കൊണ്ട് ഞാൻ പുളഞ്ഞു പോയി.അപ്പോഴേക്കും കിച്ചു ഒരു ഓയിന്മെന്റുമായി റൂമിലേക്ക്‌ വന്നു. പുറകെ ഭക്ഷണവുമായി മാളുവും.അമ്മ കഴിക്കുന്നതോടൊപ്പം ഉരുളകൾ തന്ന് എന്നെയും ഊട്ടുന്നുണ്ടായിരുന്നു.വേണ്ട വേറെ കഴിച്ചോളാം എന്ന് പറഞ്ഞെങ്കിലും നിർബന്ധിച്ചു കഴിപ്പിച്ചു.ഭക്ഷണം കഴിഞ്ഞു അമ്മയ്ക്ക് മരുന്ന് കൊടുത്തത് ഞാനായിരുന്നു.

മരുന്ന് കഴിച്ചു അമ്മ തളർന്നുറങ്ങുമ്പോൾ അമ്മയോടൊപ്പം കെട്ടിപിടിച്ചു ഞാനും ഉച്ചയുറക്കത്തിൽ പങ്കു ചേർന്നു. വൈകിട്ട് കോളേജിലേക്കുള്ള വർക്കുകൾ ചെയ്യുന്നതിനിടയിൽ ശങ്കുമാമ വിളിച്ചു. ആൾക്ക് പപ്പയറിയാതെ രഹസ്യമായി ഇങ്ങനൊരു വിളി പതിവുള്ളതാ.വിശേഷങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു.എന്റെ ശബ്ദത്തിൽ വിഷമം ഉള്ളതു പോലെ തോന്നുന്നെന്ന് പറഞ്ഞപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു.പപ്പയെ കുറിചോർത്തു സങ്കടപ്പെടരുതെന്നു പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.ഇടയ്ക്കെപ്പോഴോ H.P വന്ന് കുളിച്ചു കുട്ടപ്പനായി ലാപും എടുത്ത് ബാൽക്കണിയിലേക്ക് പോവുന്നത് കണ്ടു.രണ്ടു പേരും പരസ്പരം കണ്ട ഭാവം നടിച്ചില്ല.

രാത്രിയിലേക്കുള്ള ഭക്ഷണം ഉണ്ടാക്കിയത് ഞാനും കിച്ചുവും ചേർന്നാണ് അവന്റെ രസികൻ കഥകൾ കേട്ട് കേട്ട് ജോലി എളുപ്പം തീർന്നു.ഇടയ്ക്ക് H.P വന്ന് നോക്കിയെങ്കിലും ഞങ്ങളെ രണ്ടാളെയും കണ്ടതോടെ സ്ഥലം വിട്ടു.ഞാൻ രാത്രിയിലും ഭക്ഷണം കഴിച്ചത് അമ്മയോടൊപ്പം ആയിരുന്നു. അമ്മയ്ക്ക് ചപ്പാത്തി എന്റെ കൈ കൊണ്ട് കൊടുക്കുന്നതിനൊപ്പം ഞാനും കഴിച്ചു.എല്ലാ പണികളും കഴിഞ്ഞു അടുക്കളയൊതുക്കി ഞാൻ ഫ്രഷ്‌ ആവാൻ മുകളിലേക്കു പോയി.കുളി കഴിഞ്ഞു വന്നപ്പോളേക്കും സച്ചുവും ചാരുവും വിളിച്ചു. എന്റെ ശബ്ദത്തിലെ ഇടർച്ച അവരും തിരിച്ചറിഞ്ഞെങ്കിലും തലവേദന എന്ന് പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറി.

അമ്മ മരുന്ന് കഴിച്ചോയെന്നറിയാൻ താഴെ ചെന്നപ്പോളേക്കും അമ്മ മരുന്ന് കഴിച്ചു കിടന്നിരുന്നു.ഞാനും അമ്മയോടൊപ്പം കിടന്നോട്ടെ എന്ന് ചോദിച്ചപ്പോൾ നൂറു വട്ടം സമ്മതം എന്ന വിധത്തിൽ അടുത്തു വിളിച്ചു കിടത്തി കെട്ടിപ്പിടിച്ചു. പരസ്പരം കെട്ടിപ്പുണർന്നു കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല.കണ്ണടച്ചു കിടക്കുന്നുണ്ടെങ്കിലും അമ്മയ്ക്കും അത്പോലെ തന്നെയാണെന്ന് തോന്നി.പക്ഷെ അമ്മ ഉറങ്ങട്ടെ എന്ന് കരുതി ഞാൻ ഒന്നും സംസാരിച്ചു കൂടിയില്ല കണ്ണടച്ചു കിടന്നു.കുറച്ചു കഴിഞ്ഞപ്പോൾ റൂമിന്റെ വാതിൽ തുറക്കുന്ന ഒച്ച കേട്ടു.പ്രതീക്ഷിച്ചതു പോലെ അത് H.P തന്നെയായിരുന്നു.

പതിയെ റൂമിൽ കടന്നു വന്ന് ഞാനും അമ്മയും പരസ്പരം പുണർന്നു കിടക്കുന്നത് മാറിൽ കൈ കെട്ടി നോക്കി നിൽക്കുന്നതു വെറുതെയടച്ചു പിടിച്ച കണ്ണിലൂടെ റൂമിലെ അരണ്ട വെളിച്ചത്തിൽ എനിക്ക് കാണാമായിരുന്നു.അൽപനേരം അങ്ങനെ നിന്ന ശേഷം ഞങ്ങളുടെ പുതപ്പ് നേരെയാക്കി പുതപ്പിച്ചു.അപ്പോഴാണ് വശം തിരിഞ്ഞു കിടക്കുന്ന എന്റെ കവിളിലെ തിണർത്തു കിടക്കുന്ന പാടിലേക്കു ആളുടെ ശ്രദ്ധ പതിഞ്ഞത്.പതിയെ അദ്ദേഹത്തിന്റെ കൈകൾ എന്റെ കവിൾ ലക്ഷ്യമാക്കി വരുന്നുണ്ടായിരുന്നു.ഞാൻ കണ്ണുകൾ തുറന്നു പോകാതിരിക്കാൻ ഇറുകെ അടച്ചു.ആളുടെ വിരലുകൾ എന്റെ കവിളോരം ചേരുമ്പോളേക്കും പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ കൈകൾ പിൻവലിച് വാതിൽ പതിയെ ചാരി ആള് റൂമു വിട്ടിറങ്ങി പോയി.

ഞാൻ പതിയെ കണ്ണ് തുറന്ന് നോക്കുമ്പോളേക്കും അമ്മയും കണ്ണ് തുറന്ന് എന്നെ നോക്കുന്നുണ്ടായിരുന്നു. “മോളെ… അവന് ചെയ്തത് തെറ്റായി എന്ന ബോധ്യം ഉണ്ടായെന്നു തോന്നുന്നു.ഒരിക്കലും ഞങ്ങൾ ഇതുവരെ ഇത്ര നേരം പിണങ്ങി ഇരുന്നിട്ടില്ല.എല്ലാം ഒരു കെട്ടിപ്പിടിത്തത്തിലോ ഒരു ഉമ്മയിലോ പെട്ടന്ന് അവസാനിച്ചിട്ടെ ഉള്ളൂ അല്ലെങ്കിൽ അവനും എനിക്കും ഉറക്കം വരില്ല .ഞാൻ പിണങ്ങിയാൽ ഒരിക്കലും അവനത് സഹിക്കാനാവില്ല.ഇവിടെ ഞങ്ങൾ ജീവിതം പറിച്ചു നട്ടതു മുതൽ അവന്റെ അടുത്ത കൂട്ടുകാരി ഞാനായിരുന്നു.അവനെ തിരികെ ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടുവന്നതും ഞാനാണ്.

അവന്റെ മനസ്സ് ഇപ്പോൾ പൊള്ളിപ്പിടയുന്നുണ്ടാവും.എന്ന് കരുതി അവനെ ഇനി അങ്ങനെ വെറുതെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്നോ സംഭവിച്ച ഒരു അപകടത്തിന്റെ പേര് പറഞ്ഞ് അവനെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ കൂടി ഇങ്ങനെ അകറ്റി നിർത്താൻ അനുവദിച്ചു കൂടാ.എനിക്കിനി എത്ര കാലം ഉണ്ടെന്ന് ആർക്കറിയാം…പെട്ടന്ന് എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ…. ” അതുവരെ അമ്മയുടെ വാക്കുകൾ ശ്രദ്ധയോടെ ചെവികൊണ്ട ഞാൻ അവസാന വാചകത്തിൽ എന്റെ കൈ കൊണ്ട് അമ്മയുടെ വായ പൊത്തി പിടിച്ച് അരുതെന്ന് വിലക്കി. “അങ്ങനെ ഇപ്പോൾ എന്റെ പാറൂട്ടനെ വിടാൻ ഉദ്ദേശിച്ചിട്ടില്ലെങ്കിലോ? ” അത്രയും പറഞ്ഞ് ഞാൻ അമ്മയെ ഒന്നു കൂടി ഇറുകെ പുണർന്നു.

അമ്മ ചിരിച്ചു കൊണ്ട് എന്റെ നെറുകയിൽ ചുംബിച്ചു. “നമുക്കെ അമ്മേടെ ഹരിക്കുട്ടനെ നന്നായി എടുക്കണ്ടേ… ഞാനെ ആദ്യം നന്നാവുമോ എന്നൊന്ന് പരീക്ഷിക്കും ഇനി അഥവാ നന്നാവാൻ ഉദ്ദേശം ഇല്ലെങ്കിൽഎടുത്തു കൊണ്ട് പോയി വല്ല പൊട്ടക്കിണറ്റിലും എറിയും. ഈ….ചന്തുവിനെ H.P യ്ക്ക് ശെരിക്കറിയില്ല. ” “അമ്പടി കേമി… ദേ….പിന്നേം കേറി വന്നല്ലോ H.P” അമ്മ പറയുന്നത് കേട്ട് ഞാൻ അബദ്ധമെന്നോണം നാവ് കടിച്ചു. “അതേ… എനിക്ക് ഏട്ടൻ എന്നൊക്ക വിളിക്കണം എന്നുണ്ട്. പക്ഷെ ആളുടെ മൂശ്ശേട്ട സ്വൊഭാവം കാണുമ്പോൾ മറന്നു പോണതാ. എന്നെക്കൊണ്ട് ഏട്ടാ എന്ന് വിളിപ്പിക്കണം എന്ന വിചാരം മൂപ്പർക്കൂടി വേണ്ടേ? ” ഞാൻ നിഷ്കു ഭാവത്തിൽ പറയുന്നത് കേട്ട് അമ്മ പൊട്ടിച്ചിരിച്ചു പോയി.

പിന്നെ ഇത്തിരി നേരം ഞങ്ങൾ മിണ്ടാതിരുന്നു ആലോചനയിലായിരുന്നു. “അമ്മേ….അമ്മ ഉറങ്ങിയോ? ” “ഇല്ല കണ്ണേ….. ഉച്ചയ്ക്ക് നന്നായി ഉറങ്ങിയിട്ടാണോ എന്തോ ഇപ്പോൾ ഉറക്കം കിട്ടണില്ല. മോളെന്താ ചോദിച്ചത്? ” “H.P അല്ല സോറി… ഹരിയേട്ടൻ എന്താ അങ്ങനെയൊക്കെ പറഞ്ഞത്? ” എന്താണെന്ന അർഥത്തിൽ അമ്മ എന്നെ നോക്കി. “അല്ല…ആരെയും വിശ്വസിക്കാൻ പറ്റില്ലെന്നും. സ്നേഹം നടിച്ചു വഞ്ചിക്കുമെന്നും പറഞ്ഞില്ലേ? ” അമ്മ ഇത്തിരി നേരം ഉത്തരം പറയാതെ കിടന്നു. പിന്നെ ഒരു ദീർഘ നിശ്വാസം എടുത്ത് പറഞ്ഞു തുടങ്ങി…തുടരും

ഹരി ചന്ദനം: ഭാഗം 18

Share this story