സ്‌നേഹതീരം: ഭാഗം 20

സ്‌നേഹതീരം: ഭാഗം 20

എഴുത്തുകാരി: ശക്തികലജി

ജാനകിയമ്മ പറഞ്ഞ കാര്യമായിരുന്നു മനസ്സിൽ നിറയെ… പലഹാരം ബേക്കറിയിൽ കൊടുത്ത് തിരികെ വീട്ടിലേക്ക് വരുമ്പോൾ വീടിനകത്ത് പൊട്ടിച്ചിരികൾ ഉയർന്ന് കേൾക്കാമായിരുന്നു.. ഞാൻ അകത്ത് ചെല്ലുമ്പോൾ അമ്മയും വിധുവേട്ടനും ഏട്ടത്തിയും കുഞ്ഞും വന്നിട്ടുണ്ട്.. ഇതിപ്പോ എന്താ എല്ലാരും കൂടി… ഞാൻ സംശയത്തോടെ ചുറ്റുo നോക്കി… അന്ന് അമ്പലത്തിൽ വച്ച് പെണ്ണ് കാണാൻ വന്ന പ്രായമുള്ള സ്ത്രീയുമുണ്ട്… എനിക്ക് കാര്യങ്ങൾ ഏകദേശം മനസ്സിലായി… ഹൃദയത്തിനുള്ളിലൂടെ എന്തോ തുളച്ചുകയറുന്നത് പോലെ തോന്നി… എല്ലാരും കൂടി എന്നെ രണ്ടാമത് കെട്ടിക്കാനുള്ള വരവാണ്…

ഞാൻ അകത്തേ മുറിയിലേക്ക് പോകാൻ ഭാവിച്ചതും അമ്മയുടെ വിളിയെത്തി.. “ചന്ദ്രാ ഇവിടെ വാ… നിന്നോടാണ് സംസാരിക്കാൻ ഇവർ വന്നത് “… അമ്മ പറയുന്നത് കേട്ട് ഞാൻ എൻ്റെ അമ്മയുടെ അടുത്ത് പോയി നിന്നു… ഗിരിയേട്ടൻ കുഞ്ഞിനേയും എടുത്ത് മുകളിലേക്ക് പോകുന്നത് കണ്ടു… ഗിരിയേട്ടൻ്റെ അമ്മ ഹാളിൽ തന്നെയിരുപ്പുണ്ട്.. ” ഇനി വിശദീകരിക്കേണ്ട ആവശ്യം ഇല്ലല്ലോ.. ഇവർ വന്നതെന്തിനാണ് എന്നറിയാമല്ലോ…. വിവാഹo ചെറിയ ചടങ്ങായിട്ട് മതിയെന്നാണ് അവർ പറയുന്നത്… പിന്നെ അച്ഛൻ മരിച്ചിട്ട് ഒത്തിരി നാളായില്ലല്ലോ… വല്യ ആഘോഷമായിട്ട് നടത്താനും പറ്റില്ലല്ലോ.. “അമ്മ പറഞ്ഞപ്പോൾ ഞാൻ മുഖമുയർത്തി നോക്കി… ” അതിന് ശരത്തേട്ടനുമായി ഞാൻ പിരിഞ്ഞിട്ടില്ല…

നിയമപരമായി ഇപ്പോഴും ഞാൻ ശരത്തേട്ടൻ്റെ ഭാര്യയാണ് ” അത് കൊണ്ട് ഓഫീഷ്യലായിട്ട് അതൊക്കെ കഴിഞ്ഞിട്ട് പോരെ ഇതൊക്കെ” എന്ന് ഞാൻ ചോദിച്ചു.. “അതൊന്നും അവർക്ക് പ്രശ്നമില്ല… പതിയെ മതി…. ഒരു താലികെട്ട് നടത്തി അങ്ങോട്ടേക്ക് കൊണ്ടു പോകണമെന്നേയുള്ളു…. സമ്മതിക്ക് ചന്ദ്രാ…. അവിടെയാകുമ്പോൾ നീ സുരക്ഷിതയായിരിക്കും… എത്ര നാളെന്ന് വച്ചാലാ ഒറ്റയ്ക്ക് “അമ്മ വിഷമത്തോടെ പറഞ്ഞു.. “അതെ മോളെ ഞങ്ങൾക്ക് ഒന്നും പ്രശ്നമില്ല… എത്രയും വേഗം വിവാഹം നടത്തണം.. എനിക്ക് തീരെ സുഖമില്ല… രണ്ടു കുട്ടികളെ തനിച്ച് നോക്കാൻ പറ്റുന്നില്ല” വന്ന സ്ത്രീ പറഞ്ഞു… താഴെ നടക്കുന്ന ചർച്ചകൾ കേട്ട് ഗിരിയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു….

ഇനിയും പറയാതിരുന്നാൽ കാര്യങ്ങൾ കൈവിട്ട് പോകും എന്നവന് തോന്നി… “നിങ്ങൾ അന്ന് പറഞ്ഞത് മകൻ്റെ ഭാര്യ മരിച്ചൂന്നല്ലേ…. പക്ഷേ ഞാൻ അങ്ങനെയല്ലല്ലോ അറിഞ്ഞത്…. അവരുമായി ബന്ധം വേർപ്പെടുത്തിയുമില്ല.. പിന്നെ എന്തുറപ്പിലാണ് ചന്ദ്രയുമായി വിവാഹം നടത്തുന്നത്…മകൻ്റെ ഭാര്യ തിരിച്ച് വന്നാൽ ചന്ദ്ര അവിടെ നിന്ന് ഇറങ്ങി കൊടുക്കണ്ടേ.. ” എന്ന് പറഞ്ഞ് ഗിരിയേട്ടൻ പടികൾ ഇറങ്ങി വരുന്നത് കണ്ടു… ” അവൾ ഇനി വരില്ല… ഞാൻ ഉറപ്പ് തരുന്നു ” ആ സ്ത്രി ഉറപ്പോടെ പറഞ്ഞു… “ആ രണ്ടു കുട്ടികൾക്ക് വേണ്ടിയെങ്കിലും പോയി സംസാരിച്ചു പ്രശ്നങ്ങൾ തീർക്കു… ഞാനും കൂടെ വരാം ” ഗിരിയേട്ടൻ പറഞ്ഞു… “പോയവൾ പോട്ടെ ഞങ്ങൾക്കിനി അവൾ വേണ്ട” ആ സ്ത്രീ ദേഷ്യത്തിൽ പറഞ്ഞു…

” വിധു… ഇവരുടെ മരുമകൾ എൻ്റെ കൂടെയാണ് ജോലി ചെയ്യുന്നത്…. നിസ്സാര പ്രശ്നങ്ങൾ പറഞ്ഞ് ഇവർ വലുതാക്കിയതാണ്… ആ പെണ്ണ് ഇപ്പോൾ തിരിച്ച് വീട്ടിലേക്ക് വരാൻ തയ്യാറാണെങ്കിലും ഇവർ സമ്മതിക്കുന്നില്ലാന്ന്…. “… കാര്യങ്ങൾ ശരിക്കന്വഷിച്ചിട്ട് വേണ്ടേ ഒരു വിവാഹം ഉറപ്പിക്കാൻ… ഇതിപ്പോ അവർ ഡിവോഴ്സ് ആയിട്ടില്ല…. അങ്ങനെ നിൽക്കുമ്പോ വിവാഹം ആലോചിക്കുന്നതേ തെറ്റാണ്… “ഗിരിയേട്ടൻ പറഞ്ഞപ്പോൾ ആ സ്ത്രി എഴുന്നേറ്റു… ” ഞാൻ പിന്നെ വരാം… നിങ്ങൾ ആലോചിച്ച് തീരുമാനം അറിയിച്ചാൽ മതി” എന്ന് പറഞ്ഞ് ആ സ്ത്രീ വേഗം ഇറങ്ങി… ” ഞാൻ ഇപ്പോ ആരെയും ബുദ്ധിമുട്ടിക്കാതെ സ്വന്തമായി. ജോലി ചെയ്താണ് ജീവിക്കുന്നത്… എനിക്ക് ഒറ്റയ്ക്ക് ജീവിക്കാനാണ് ഇഷ്ടം…

ഇനി വിവാഹത്തിൻ്റെ കാര്യം പറഞ്ഞ് ബുദ്ധിമുട്ടിക്കരുത്…” ഞാൻ കടുപ്പിച്ചു പറഞ്ഞു… ” ഞാൻ അറിഞ്ഞിരുന്നില്ല ഈ കാര്യം… അവർ പറഞ്ഞത് ഭാര്യ മരിച്ച് പോയീന്നാണ് “… ” അമ്മ പറഞ്ഞു… ” ഇത് വിധുവേട്ടനറിയില്ല എന്ന് മാത്രം പറയരുത്…. അറിഞ്ഞ് കൊണ്ട് വീണ്ടും ഒരു പ്രശ്നത്തിലേക്കാണ് എന്നെ പറഞ്ഞു വിടാൻ നോക്കുന്നത്… ശരത്തേട്ടൻ്റെ സ്വഭാവം അന്വഷിക്കാൻ പോയിട്ട് മറ്റൊരു പെണ്ണിൻ്റെ പുറകെ നടക്കുന്നവനാണ് എന്നറിഞ്ഞിട്ടും നല്ല സ്വഭാവമാണ് എന്ന് പറഞ്ഞയാളല്ലേ വിധുവേട്ടൻ…… അയാളെ നന്നാക്കാൻ വേണ്ടിയല്ലേ എന്നെ ശരത്തേട്ടനു കെട്ടിച്ച് കൊടുത്തത്…. എൻ്റെ ജീവിതം ഇല്ലാതാക്കിയിട്ട് ഇനിയും വിധുവേട്ടന് മതിയായില്ലേ..”ഞാൻ ദേഷ്യത്തോടെ പറഞ്ഞു….

“ആരാണെങ്കിലും അങ്ങനെ ചിന്തിക്കുന്നതല്ലേ ചന്ദ്രേ…. വിവാഹം കഴിഞ്ഞ് നല്ലവരായി ജീവിക്കുന്ന എത്രയോ പേരുണ്ട്….. നിൻ്റെ കാര്യത്തിൽ തെറ്റ് പറ്റി പോയി “സൗമ്യേടത്തിയാണ്… “ശരി അന്ന് തെറ്റ് പറ്റി പോയി.. ഇന്നോ…” ഞാൻ ചോദിച്ചപ്പോൾ അവർക്ക് മറുപടി കാണില്ല എന്നെനിക്കറിയാമായിരുന്നു… ” അത് പിന്നെ ബ്രോക്കർ കൊണ്ടുവന്ന ആലോചനയായത് കൊണ്ട് ഞങ്ങൾ അന്വഷിച്ചില്ല…. അതല്ലെങ്കിൽ മറ്റൊരു വിവാഹത്തിന് ചന്ദ്ര സമ്മതിച്ചേ പറ്റു… നീയിങ്ങനെ തനിച്ച് താമസിക്കുന്നത് നല്ലതല്ല.. അല്ലെങ്കിൽ ഞങ്ങളുടെ കൂടെ വന്നു താമസിക്കണം…. ഒറ്റയ്ക്ക് താമസിച്ച് നിനക്കെന്തെങ്കിലും സംഭവിച്ചാൽ ഞങ്ങൾ വേണം എല്ലാർക്കും ഉത്തരം കൊടുക്കേണ്ടത്…

ആ ശരത്ത് അത്രയ്ക്ക് കൊള്ളരുതാത്തവനാണ് വീണ്ടും നിന്നെ അവൻ ഇല്ലാതാക്കാൻ ശ്രമിക്കും” സൗമ്യേടത്തി പറഞ്ഞപ്പോൾ അമ്മ എൻ്റെ കൈയ്യിൽ പിടിച്ചു.. ” അവൾ പറയുന്നതിലും കാര്യമില്ലെ… എത്ര വർഷമായിന്നറിയോ ഞാനൊന്ന് ഉറങ്ങിയിട്ട്.. നീ വീട്ടിൽ നിന്ന് ഇറങ്ങി പോയതിൽ പിന്നെ സമാധാനത്തോടെ ഇരുന്നിട്ടില്ല”… ഞാൻ മരിക്കുന്നതിന് മുന്നേ നിന്നെ സുരക്ഷിതമായ കൈയ്യിൽ ഏൽപ്പിക്കണം എന്നേ ഞാൻ കരുതിയുള്ളു.. ഇങ്ങനൊക്കെ പ്രശ്നമുള്ളവരാണെന്ന് ഞാൻ അറിഞ്ഞതല്ല… വിധുവിന് ഈ ആലോചനയെ കുറിച്ച് അറിയില്ല… അവൻ ഇവിടെ വന്നപ്പോഴാ കാര്യം അറിഞ്ഞത്…. ഞാനും സൗമ്യയും ഒരു ബ്രോക്കറിനോട് പറഞ്ഞേൽപ്പിച്ചിരുന്നതാണ് നല്ല ആലോചനയുണ്ടേൽ പറയാൻ…

നിനക്ക് അവനോട് ദേഷ്യം തോന്നരുത്.. ” എന്നമ്മ പറയുമ്പോൾ ഞാൻ വിധുവേട്ടനെ നോക്കി…. ” ഞാൻ അറിഞ്ഞിരുന്നേൽ സമ്മതിക്കില്ലാരുന്നു ചന്ദ്ര…. നിൻ്റെ ജീവിതം ഞാൻ കാരണമാണ് ഇല്ലാതായത് എന്നെനിക്ക് നല്ല ബോധ്യമുണ്ട്… സൗമ്യയോട് അവൻ തെറ്റായ രീതിയിൽ സമീപിച്ചപ്പോൾ അവളേയും കൊണ്ട് മാറി താമസിച്ചവനാണ് ഞാൻ… നിൻ്റെ സുരക്ഷിത്വം നോക്കാതെ സ്വാർത്ഥനായവൻ.. എന്നോട് ക്ഷമിക്ക് വാവേ ” എന്ന് വിധുവേട്ടൻ പറഞ്ഞപ്പോൾ ഞാനാണ് ഞെട്ടിയത്.. ഇങ്ങനൊരു കാര്യം ഞാനറിഞ്ഞിരുന്നില്ല…. ആരും പറഞ്ഞതുമില്ല… ശരത്തേട്ടൻ ഇത്രയ്ക്ക് കൊള്ളരുതാത്തവൻ ആയിരുന്നോ.. പെങ്ങളുടെ സ്ഥാനത്ത് കാണേണ്ടിയിരുന്നവളെ തെറ്റായ ഉദ്ദേശത്തിൽ സമിപിച്ചത് ചെറ്റത്തരം തന്നെയാണ്…

ഞാൻ ഏടത്തിയെ നോക്കി.. “എന്നിട്ടെന്താ എന്നോട് പറയാതിരുന്നത് “ഞാൻ ഏടത്തിയുടെ കൈയ്യിൽ പിടിച്ചു… ” ഞാൻ ആ കാര്യം പറഞ്ഞാൽ ആ കാരണം കൊണ്ട് നിൻ്റെ ജീവിതം ഇല്ലാതാകുമോ എന്ന് ഭയന്നിട്ടാണ് സ്വയം മാറി പോയത്.. നിന്നോടു അകലം കാണിച്ചതും പിന്നീട് ഒരിക്കലും ഇവിടേക്ക് വരാതിരുന്നതും അതുകൊണ്ടാണ്…. പക്ഷേ നിൻ്റെ ജീവൻ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ല… ഞാൻ അന്ന് തുറന്ന് പറഞ്ഞിരുന്നേൽ നിനക്ക് നിൻ്റെ മക്കളെ നഷ്ട്ടപ്പെടില്ലാരുന്നു…… ” എന്ന് പറഞ്ഞ് ഏടത്തി എൻ്റെ ചുറ്റി പിടിച്ചു കൊണ്ടു കരഞ്ഞപ്പോൾ എനിക്ക് ചേർത്തു പിടിക്കാതിരിക്കാനായില്ല… കുഞ്ഞിനെ വിധുവേട്ടൻ എടുത്തു..

ഞാൻ ഏടത്തിയെ കസേരയിൽ പിടിച്ചിരുത്തി… ” കഴിഞ്ഞു പോയതിനെ കുറിച്ച് വിഷമിച്ചിട്ട് കാര്യമില്ല ഏടത്തി… എല്ലാം വിധി എന്ന് പറഞ്ഞ് സമാധാനിക്കാനെ പറ്റു”…. ഞാൻ ഒന്നും അറിഞ്ഞില്ല…. എന്ത് മാത്രം വിഷമം അനുഭവിച്ച് കാണുമെന്ന് എനിക്കറിയാം…” സാരമില്ല പോട്ടെ..” എന്ന് പറഞ്ഞ് ഞാൻ ആശ്വസിപ്പിച്ചു… “എന്നാൽ വീട്ടിലേക്ക് മടങ്ങിവരണം” സൗമ്യ വിതുമ്പി കൊണ്ട് പറഞ്ഞു.. “ഇല്ല ഏടത്തി… ഞാൻ ഇവിടെ ഒറ്റയ്ക്കല്ല.. എൻ്റെ അച്ഛനുo… രണ്ടു മക്കളുo ഉറങ്ങുന്ന മണ്ണാണ്… അവർ എന്നൊടൊപ്പം ഉണ്ട്”.. ഒരുപാട് ഓർമ്മകളും എനിക്ക് കൂട്ടിനായ് ഉണ്ട്.. എനിക്ക് ഇവിടെ നിൽക്കാനാ ഇഷ്ട്ടം…

പിന്നേ ഇന്ന് എല്ലാരും ഇവിടെ തന്നെ കൂടാം…കുറെ വർഷങ്ങൾക്ക് ശേഷം കൂടുവല്ലേ” എന്ന് ഞാൻ പറഞ്ഞപ്പോൾ വിധുവേട്ടൻ ശരീന്ന് പറഞ്ഞു.. കുറെ വർഷങ്ങൾക്ക് ശേഷം ഞാനാ പഴയ ചന്ദ്രയായ് മാറി.. അമ്മയുടെ മകളായ് ഏട്ടൻ്റെ അനിയത്തികുട്ടിയായ് കുറുമ്പ് കാട്ടി നടന്നു…. മനസ്സ് ഒത്തിരി സന്തോഷിച്ചു… മനസ്സിലെ വർഷങ്ങളായുള്ള വേദന മാഞ്ഞു പോയി… രാത്രി എല്ലാരും കൂടി തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചു…. ഒരുമിച്ച് ഇരുന്നു ആഹാരം കഴിച്ചു…. രാത്രി അപ്പൂസ് എൻ്റെ കൂടെ ഉറങ്ങണമെന്ന് പറഞ്ഞ് വാശി പിടിച്ച് കരയുന്നത് കണ്ടപ്പോൾ അമ്മ ഞങ്ങളെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.. അവനെൻ്റെ മാറിൽ കിടന്നുറങ്ങുമ്പോൾ അമ്മ എൻ്റെ തലമുടിയിൽ വിരലോടിച്ചു കൊണ്ടിരുന്നു….

അപ്പൂസിനെ പതിയെ കട്ടിലിൻ്റെ ഓരത്ത് കിടത്തി… ചിണുങ്ങിയപ്പോൾ അവനെ പതിയെ തട്ടികൊടുത്തു.. അവൻ ഉറങ്ങിയെന്ന് ഉറപ്പായപ്പോൾ ഞാൻ പതുക്കെ എഴുന്നേറ്റു… അമ്മ എൻ്റെ കൈയ്യിൽ പിടിച്ചു… “നിനക്ക് താൽപര്യമുണ്ടെങ്കിൽ ഞാൻ ഭാമയോട് പറയട്ടെ… നിന്നെ ഗിരിക്ക് തരാംന്ന് “.. ഭാമയെന്നോട് ഇന്ന് ചോദിച്ചിരുന്നു ഗിരിക്ക് നിന്നെ കൊടുക്കുമോന്ന്.. പക്ഷേ എനിക്കന്നേരം ദേഷ്യമാണ് തോന്നിയത്… പഴയ കാര്യങ്ങൾ ഓർമ്മ വന്നപ്പോൾ ഞാൻ ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു പോയി… പക്ഷേ അപ്പൂസിന് നിന്നോടുള്ള അടുപ്പം കാണുമ്പോൾ ഭാമ ചോദിച്ചതിൽ തെറ്റില്ലാന്ന് തോന്നുവാ” അമ്മ പെട്ടെന്ന് ചോദിച്ചപ്പോൾ ഞാനൊന്ന് ഞെട്ടി.. ”

അത് പിന്നെ അവർക്കാദ്യം എന്നെ വേണ്ടാരുന്നല്ലോ.. . അതങ്ങനെ തന്നെയിരിക്കട്ടെ… ഇപ്പോൾ എന്നോടുള്ളത് സഹതാപമാണമ്മേ…. ഗിരിയേട്ടന് പറ്റിയ പെണ്ണല്ല ഞാൻ എന്ന് എനിക്ക് നന്നായറിയാം…” എനിക്കിനിയൊരു കല്യാണം വേണ്ടമ്മേ… ആരേയും ബുദ്ധിമുട്ടിക്കാതെ എനിക്കിങ്ങനെയങ്ങ് ജീവിച്ചാൽ മതി” പിന്നെ അപ്പൂസ്… അവനെ ഞാൻ ഇവിടെ നിൽക്കുന്നത് വരെ നന്നായി നോക്കിക്കോളാമെന്ന് പറഞ്ഞിട്ടുണ്ട്… അതിനും കൂടി വാടകയുടെ കൂടെ ഗിരിയേട്ടൻ പൈസ തരും “… ഗിരിയേട്ടൻ തരുന്ന പൈസയ്ക്ക് ഞാൻ ജോലി ചെയ്യുന്നു അത്രേയുള്ളു” ഞാൻ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ അമ്മയുടെ മുഖം മങ്ങുന്നത് കണ്ടിട്ടും കാണാത്തത് പോലെയിരുന്നു..

അമ്മയുടെ മിഴികൾ നിറയുന്നതും സാരിത്തുമ്പ് കൊണ്ട് തടഞ്ഞു നിർത്താൻ ശ്രമിക്കുന്നത് കണ്ടപ്പോൾ ഞാൻ മുഖം കുനിച്ച് നിന്നതേയുള്ളു….. ആ കണ്ണീര് എന്നോയോർത്ത് മാത്രമാണെന്നുള്ളത് ഒരേ സമയം സന്തോഷവും വേദനയും തോന്നി… ” അമ്മ കുഞ്ഞിൻ്റെ കൂടെ കട്ടിലിൽ കിടന്നോ.. ഞാനും ജാനകിയമ്മയും തറയിൻ പായ വിരിച്ച് കിടന്നോളാം”… ഞാനൊന്ന് പോയി നോക്കട്ടെ… എന്ന് പറഞ്ഞ് കട്ടിലിനടിയിൽ ചുരുട്ടി വച്ചിരുന്ന പായ വിരിച്ചിട്ടു…. എന്നിട്ട് ജാനകിയമ്മയെ വിളിക്കാനായി മുറിയിൽ നിന്ന് വെളിയിൽ ഇറങ്ങി.. ഈ സമയം ഗിരി വിഷമത്തോടെ വരാന്തയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു…

ചന്ദ്രയ്ക്ക് വേറെ ആലോചന നോക്കണമെങ്കിൽ ഞാൻ വിധുവിനോട് പറഞ്ഞ കാര്യം വീട്ടിൽ പറഞ്ഞിട്ടില്ല എന്നോർത്തപ്പോൾ ഗിരിയ്ക്ക് വല്ലാത്ത വിഷമം തോന്നി… ജാനകിയമ്മ അവനെ പിടിച്ചു നിർത്തി.. ” ഇനിയെന്താ ഉദ്ദേശം.. ഇനിയെങ്കിലും ചന്ദ്ര എല്ലാമറിയണം… വീട് വിട്ട് ഇറങ്ങിയ നിമിഷം മുതൽ ദാ ഈ നിമിഷം വരെ അവളറിയാതെ സംരക്ഷിച്ച് വരുന്നുത് ഈ ഗിരിയാണ് എന്ന് ചന്ദ്രയറിഞ്ഞാൽ എന്താ കുഴപ്പം.. ഞാൻ എല്ലാം തുറന്ന് പറയാനാണ് ഇവിടേക്ക് വന്നത്… എന്നിട്ടിപ്പോ എന്താ പറയാൻ സമ്മതിക്കാത്തത് ” ജാനകിയമ്മ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു…. “ചന്ദ്രയുടെ മനസ്സ് ഏത് നിമിഷവും കൈവിട്ട് പോകാനുള്ള ഒരു അവസ്ഥയിലാണ് എന്ന് ഡോക്ടർ പറഞ്ഞിരുന്നു..

ഈയവസ്ഥയിൽ ഞാൻ അവളുടെ നിഴലുപോലെ കൂടെയുണ്ടായിരുന്നു എന്നറിഞ്ഞാൽ ഏത് രീതിയിൽ എടുക്കും എന്ന് ഒരു പിടിയുമില്ല… അവൾക്കെന്നോട് ദേഷ്യം തോന്നിയാൽ ഉള്ള സൗഹൃദവും എനിക്ക് നഷ്ടപ്പെടും”.. ഈ ജീവിതം ഇങ്ങനെ തന്നെ പോട്ടെ ” ഗിരിയുടെ വാക്കുകളിൽ വിഷമം നിറഞ്ഞിരുന്നു… ” പറയണ്ടാന്നാണെങ്കിൽ പറയുന്നില്ല” ജാനകിയമ്മ പറഞ്ഞു.. “ആഹാ എന്ത് രഹസ്യമാണ് പറയണ്ടാന്ന് പറഞ്ഞത് “ചന്ദ്രയങ്ങോട്ടേക്ക് വന്നു… “ഓ വെറുതെ ഓരോന്ന് സംസാരിച്ച് കൊണ്ടിരുന്നതാ “ഗിരി മറുപടി പറഞ്ഞു…. ” ഇത്ര ദൂരം വന്നിട്ട് എനിക്ക് ഒന്ന് സംസാരിക്കാൻ കിട്ടിയില്ലല്ലോ… വാ നമ്മുക്ക് ഇവിടെ കുറച്ച് നേരം ഇരിക്കാം” എന്ന് പറഞ്ഞ് ജാനകിയമ്മയെ കൈപിടിച്ച് വരാന്തയിലെ പടിയിൽ ഇരുത്തി ഞാനും അരികിൽ ഇരുന്നു… ഗിരിയും ജാനകിയമ്മയുടെ അടുത്തിരുന്നു…

“എൻ്റെ ഒരു ആഗ്രഹം ഞാൻ പറയുവാ… നിങ്ങൾ രണ്ടു പേരും ഒന്നിക്കണം എന്നാ എൻ്റെ ആഗ്രഹം… എല്ലാരുടെയും മനസ്സിൽ നിങ്ങൾ രണ്ടു പേർക്കും സന്തോഷം നൽകാൻ സാധിക്കും….. പ്രത്യേകിച്ച് അപ്പൂസിന് അച്ഛനും അമ്മയും കിട്ടും…. അപ്പൂസിന് വേണ്ടിയെങ്കിലും ചന്ദ്രയും ഗിരിയും ഒന്നിക്കണം” നിങ്ങൾ സംസാരിച്ച് തീരുമാനിക്ക്… എനിക്ക് തീരുമാനം നാളെ പോകും മുന്നേ അറിയണം” എന്ന് പറഞ്ഞ് ജാനകിയമ്മ എഴുന്നേറ്റ് അകത്ത് പോയി…. “ചന്ദ്രയുടെ അഭിപ്രായം എന്താ … അപ്പൂസിൻ്റെ അമ്മയാകാൻ പറ്റുമോ.. നിന്നേക്കാൾ നല്ലൊരമ്മയെ വേറെ കിട്ടില്ല… പറ”ഗിരിയേട്ടൻ ചോദിച്ചു… ” ഞാൻ …..എനിക്ക്… അപ്പൂസിൻ്റെ അമ്മയാകാൻ ഇഷ്ട്ടം പക്ഷേ ഭാര്യയാകണ്ട ” എന്ന് എങ്ങനെയോ പറഞ്ഞു എഴുന്നേറ്റു……..തുടരും

സ്‌നേഹതീരം: ഭാഗം 19

Share this story