താന്തോന്നി: ഭാഗം 3

താന്തോന്നി: ഭാഗം 3

എഴുത്തുകാരി: അമ്മു അമ്മൂസ്

“”വിട്….. എനിക്ക് പോണം….. വിട്…… “” ഭ്രാന്ത് പിടിച്ചത് പോലെ ആ കൈകളിൽ കിടന്നു കുതറി എങ്കിലും ഒരല്പം പോലും അവ അയഞ്ഞില്ല… ഒടുവിൽ എല്ലാ ശക്തിയും നഷ്ടപ്പെട്ടു ആ നെഞ്ചിലേക്ക് ചാരി നിന്നപ്പോഴായിരുന്നു തളർച്ചയോടെ ആ മുഖത്തേക്ക് നോക്കുന്നത്… “”രുദ്രേട്ടൻ”” വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. ആ മുഖത്തേക്ക് തന്നെ ഉറ്റ് നോക്കി ഇരുന്നു. ദേഷ്യം കടിച്ചു പിടിച്ചു നിൽക്കുകയാണ് എന്ന് തോന്നുന്നു.. മുഖമാകെ വലിഞ്ഞു മുറുക്കി ഇരിക്കുന്നു. വീണ്ടും കുതറാനോ പ്രതികരിക്കാനോ ഉള്ള ശക്തി ഉണ്ടായിരുന്നില്ല. അവന്റെ നെഞ്ചിലേക്ക് തന്നെ തല ചായ്ച്ചു കിതപ്പോടെ ശ്വാസം എടുത്തു. അവന്റെ നെഞ്ചിടിപ്പും വല്ലാതെ ഉയർന്നിട്ടുണ്ട് എന്ന് തോന്നി.

ശക്തിയായി ദീർഘനിശ്വാസം എടുക്കുന്നത് കേൾക്കാമായിരുന്നു. ശ്വാസം ഒന്ന് നേരെ ആയതും വയറ്റിൽ ചുറ്റിപ്പിടിച്ചിരുന്ന കൈകൾ എടുത്തു മാറ്റാൻ ശ്രമിച്ചു. ആളും അപ്പോഴായിരുന്നു അത് ശ്രദ്ധിച്ചതെന്ന് തോന്നുന്നു. കൈ എടുത്തു മാറ്റിയപ്പോളേക്കും ബലമായി തിരിച്ചു നിർത്തിയിരുന്നു. തല ഉയർത്തി നോക്കിയപ്പോളേക്കും കവിൾ നീറി പുകയും പോലെ തോന്നി. തലയ്ക്കുള്ളിൽ ആകെ ഒരു പെരുപ്പ് പോലെ. വായിൽ രക്തം കനക്കുന്നു… “”ചാകാൻ ഇറങ്ങിയതാണോടി.”” കവിളിലേക്ക് കൈ ചേർത്ത് നിലത്തേക്ക് തന്നെ നോക്കി നിൽക്കുന്ന പാർവതിയേ നോക്കി രുദ്രൻ അലറി.

മുഖം കുനിച്ചു നിന്നതല്ലാതെ അവനെ നോക്കിയതേ ഇല്ല അവൾ. വിറയ്ക്കുന്ന കൈ കവിളിൽ പൊതിഞ്ഞു പിടിച്ചു നിൽക്കുന്ന അവളെ കണ്ടു രുദ്രൻ ഒന്ന് നിർത്തി. കൺപോളകൾ രണ്ടും കരഞ്ഞതിന്റെ ബാക്കി എന്ന പോലെ വീർത്തു ചുവന്നിരിപ്പുണ്ട്. എന്തോ ഒരു പ്രശ്നം അവളെ സാരമായി അലട്ടുന്നുണ്ട് എന്നവന് തോന്നി. “”ഡീ…. നിന്നോടാ ചോദിച്ചത്..””..മറുപടി ഇല്ലാതെ നിൽക്കുന്നത് കണ്ടു ചുമലിൽ പിടിച്ചു കൊണ്ട് ചോദിച്ചു…. പറഞ്ഞു തീരുമ്പോഴേക്കും അലറി കരഞ്ഞുകൊണ്ട് അവളവന്റെ നെഞ്ചിലേക്ക് വീണിരുന്നു…. “”എന്തിനാ…. എന്തിനാ എന്നേ രക്ഷിച്ചേ….. ഇനി എങ്കിലും ഞാനൊന്ന് സമാധാനിച്ചോട്ടെ….. പേടിയാ…. പേടിയാ എനിക്ക്…..”” പൂർത്തിയാക്കാത്ത വാചകങ്ങളിലൂടെ അവൾ പറയുന്നത് കേട്ട് തറഞ്ഞു നിന്ന് പോയി രുദ്രൻ.

നെഞ്ചിലേക്ക് തല്ലിയും മാന്തിയും അവൾ കരഞ്ഞുകൊണ്ട് നിന്നപ്പോഴും എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയായിരുന്നു അവൻ. “”നരേഷ്…… നരേഷ് വരുമിന്ന്….. നിക്ക് പറ്റില്ല……. എനിക്ക്……. എനിക്കെന്റെ അമ്മേടെ അടുത്ത് പോണം…… “”നെഞ്ചിലേക്ക് മുഖം പൂഴ്ത്തി… അവൾ പറഞ്ഞുകൊണ്ടിരുന്നു. നരേഷ് എന്ന പേര് കേട്ടപ്പോൾ അവന്റെ കണ്ണുകൾ ഒന്ന് കുറുകി. എന്താകും സംഭവിച്ചിട്ടുണ്ടാകുക എന്ന് മനസ്സിലായിരുന്നു. അവളുടെ മുടിയിൽ ഒന്ന് തലോടി ആശ്വസിപ്പിക്കാൻ വേണ്ടി കൈകൾ ഉയർത്തി എങ്കിലും ഏട്ടന്റെ മുഖം മനസ്സിലേക്ക് വന്നപ്പോൾ മുഷ്ടി ചുരുട്ടി പിടിച്ചുകൊണ്ടു കൈകൾ താഴ്ത്തി.

കുറച്ചു ബലം കൊടുത്തു അവളെ ദേഹത്തു നിന്നും അടർത്തി മാറ്റിയപ്പോളാണ് എന്ന് തോന്നുന്നു അവളും ബോധത്തിലേക്ക് വന്നത്. വല്ലാത്ത ഒരു ഞെട്ടൽ ആ മുഖത്ത് പടരുന്നത് കണ്ടു… പെട്ടെന്ന് തന്നെ വെപ്രാളത്തോടെ കുറച്ചു അകലേക്ക്‌ മാറി നിന്നിരുന്നു അവൾ.. രുദ്രന്റെ വലിഞ്ഞു മുറുകിയ മുഖവും ചുരുട്ടി പിടിച്ച മുഷ്ടിയും കാൺകെ ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്നി അവൾക്ക്. പെട്ടെന്ന് അവനെ കണ്ടപ്പോൾ…. അറിയാതെ സങ്കടത്തിന്റെ പുറത്ത് ചെയ്തതായിരുന്നു. “”ഞാൻ….. അ……. അറിയാതെ….. “”കൂടുതൽ ഒന്നും പറയാതെ തല താഴ്ത്തി നിന്നു.കുറച്ചു നിമിഷത്തേക്ക് പറയുവാൻ ആർക്കും വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. “”ഹ്മ്മ്…. വാ…””. കുറെയേറെ നേരം കഴിഞ്ഞപ്പോൾ രുദ്രൻ അവളുടെ കൈയിൽ പിടിച്ചു പറഞ്ഞു…. “”എവിടേക്ക്….”” ആ ചോദ്യം കേട്ടതും അവന്റെ നെറ്റി ഒന്ന് ചുളിഞ്ഞു….

“”വീട്ടിലേക്ക്…. അല്ലാതെ പിന്നെ….”” പറയുമ്പോൾ പഴയ ഗൗരവം തിരികെ വന്നിരുന്നു സ്വരത്തിൽ… വേഗം തന്നെ അവളവന്റെ കൈ എടുത്തു മാറ്റി…..”” ഇ…. ഇല്ല….. ഞാൻ വരില്ല…..”” പേടിയോടെ വീണ്ടും വീണ്ടും അവളുടെ കണ്ണുകൾ ആറ്റിലേക്ക് തന്നെ പാളി വീഴുന്നത് കണ്ടപ്പോൾ രുദ്രൻ വീണ്ടും ഒരിക്കൽ കൂടി അവളുടെ കൈയിൽ ബലമായി കൈ കോർത്തു പിടിച്ചു…. “”നിന്റെ വീട്ടിലേക്കല്ല…. എന്റെ വീട്ടിലേക്ക്….. അവിടെ വന്നു ഒരുത്തനും നിന്നെ എങ്ങോട്ടും കൊണ്ട് പോകില്ല……”” വിശ്വാസം വരാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു പോയി. മുഖത്ത് സ്ഥിരമുള്ള അതെ ഗൗരവം തന്നെ ഒരു വ്യത്യാസവും വരാതെ കാണുന്നുണ്ട്….

അവളിൽ നിന്നും മറുപടി ഒന്നും കിട്ടാതെ ഇരുന്നപ്പോൾ ബലമായി കൈയിൽ പിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു… ബൈക്കിൽ കേറി ഇരുന്നിട്ടും പിന്നിലേക്ക് കയറാതെ അവനെ തന്നെ തുറിച്ചു നോക്കി നിൽക്കുന്ന അവളെ കാൺകെ പല്ല് കടിച്ചു അവൾക്ക് നേരെ ദേഷ്യത്തോടെ തിരിഞ്ഞു .. “”എന്ത് നോക്കി നിൽക്കുവാടി….. നിന്നെ ഇനി നിന്റെ വീട്ടിൽ കൊണ്ട് വിടണോ…. മര്യാദക്ക് കേറഡീ…. “”അലറിക്കൊണ്ട് പറഞ്ഞപ്പോഴേക്കും പെട്ടെന്ന് പേടിയോടെ പിന്നിലേക്ക് കയറുന്നത് കണ്ടു…. ചുണ്ടിലൂറിയ ചിരി അവളിൽ നിന്നും മറച്ചു പിടിച്ചു അവൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കിയപ്പോഴും നടന്നതൊക്കെ സത്യമാണോ എന്ന സംശയത്തിൽ നിൽക്കുകയായിരുന്നു പാർവതി… 🔸🔸🔸🔸

വീടിന്റെ വഴിയിലേക്ക് ബൈക്ക് തിരിഞ്ഞപ്പോളാണ് അവിടവിടെയായി നിൽക്കുന്ന രണ്ടു മൂന്ന് ആളുകളെ കാണുന്നത്. ഒരു നിമിഷത്തേക്ക് രുദ്രന്റെ നെഞ്ചോന്ന് പിടഞ്ഞു. അമ്മക്ക് എന്തെങ്കിലും പറ്റിക്കാണുമോ എന്നൊരാധി ഉള്ളിൽ നിറഞ്ഞു. ബൈക്ക് വേഗം വീടിന്റെ ഉമ്മറത്തേക്ക് കയറ്റി നിർത്തി പാർവതിയെ നോക്കുക പോലും ചെയ്യാതെ ഓടുകയായിരുന്നു അകത്തേക്ക്. വാതിൽ കഴിഞ്ഞു അകത്തേക്ക് കയറിയപ്പോഴേ അമ്മയുടെ കരച്ചിലാണ് കേൾക്കുന്നത്. അവന് വല്ലാത്ത പേടി തോന്നി… ഹൃദയം നിന്ന് പോകും പോലെ.. തളം കെട്ടിയ കണ്ണുനീരിൽ കണ്മുന്നിലുള്ള കാഴ്ച പതിയെ മങ്ങിക്കൊണ്ടിരുന്നു….. “”ഏ….. ഏട്ടൻ……”” വിറയ്ക്കുന്ന ചുണ്ടുകളാൽ ഒന്ന് പതിയെ പറഞ്ഞു.

അമ്മയുടെ മടിയിൽ മുഖമമർത്തി കിടപ്പുണ്ട്… ശരീരമാകെ ക്ഷീണിച്ചിരുന്നു…. നീണ്ടു വളർന്ന മുടി കഴുത്തൊപ്പം ഇറങ്ങി കിടക്കുന്നു. കരയുകയാണ് എന്ന് തോന്നുന്നു ശരീരമാകെ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. അമ്മയും കരയുകയായിരുന്നു. പ്രതികരിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു… വർഷങ്ങൾക്ക് മുൻപ് മനസ്സിൽ കുഴിച്ചിട്ട ഓർമ്മകളൊക്കെ വീണ്ടും ഒരിക്കൽ കൂടി കണ്മുന്നിൽ തെളിയും പോലെ. കൈയിൽ ആരോ തൊടും പോലെ തോന്നിയപ്പോളാണ് അവന്റെ കൈയിൽ മുറുക്കെ പിടിച്ചു ഏട്ടനെ തുറിച്ചു നോക്കി നിൽക്കുന്ന പാർവതിയെ കാണുന്നത്. അവളുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. “”അമ്മേടെ കുട്ടി ഇനിയും അമ്മേനെ വിട്ട് പോകല്ലേടാ…..””

ലേഖ അവന്റെ മുഖം പിടിച്ചുയർത്തി ഉമ്മകൾ കൊണ്ട് മൂടിക്കൊണ്ട് പറഞ്ഞു…. കാണുന്നതൊക്കെ ഒരു സ്വപ്നമാണോ എന്നൊരു പേടി അവരുടെ ഉള്ളിൽ അപ്പോഴും നിറഞ്ഞു നിന്നു. വാതിൽപ്പടിയിൽ നിൽക്കുന്ന രുദ്രനെ കണ്ടതും വിഷ്ണുവിന്റെ കണ്ണുകൾ തിളങ്ങി… പതിയെ അമ്മയുടെ അടുത്ത് നിന്നും എഴുന്നേറ്റു അവന്റെ അരികിലേക്ക് നടന്നു. വിഷ്ണു അടുത്തേക്ക് വരുന്നത് കണ്ടിട്ടും ചലനമില്ലാതെ നിൽക്കുകയായിരുന്നു രുദ്രൻ. “”കുഞ്ഞാ….””. അടുത്തേക്ക് വന്നു അവന്റെ കവിളിൽ ഒന്ന് കൈ ചേർത്ത് വിഷ്ണു ഇടറുന്ന സ്വരത്തിൽ വിളിച്ചതും അവനാ മുഖത്തേക്ക് ഒരു നിമിഷം നോക്കി നിന്നു… പ്രതികരണങ്ങളേതുമില്ലാതെ തന്നെ നോക്കുന്ന രുദ്രനെ കാൺകെ വിഷ്ണുവിന്റെ ഉള്ളിൽ നേരിയ ഭയം നിറഞ്ഞു തുടങ്ങിയിരുന്നു.

“”കു……”” വീണ്ടും ഒരിക്കൽ കൂടി വിളിക്കാൻ നാവ് ചലിക്കുമ്പോഴേക്കും ആ കൈ തട്ടി മാറ്റി കാറ്റ് പോലെ പുറത്തേക്ക് പോയിക്കഴിഞ്ഞിരുന്നു അവൻ. പുറത്തേക്ക് ഇറങ്ങി പോയ അവനെ നോക്കി നിന്നപ്പോഴാണ് നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി നിൽക്കുന്ന പാർവതിയെ കാണുന്നത്… “”പാറൂസേ….. “”അവൻ വിളിച്ചപ്പോഴേക്കും മുഖം പൊത്തി നിലത്തേക്ക് ഊർന്നിരുന്നു കഴിഞ്ഞിരുന്നു പാർവതി… “”ഞാനാ….. ഞാനാ ഏട്ടാ…. ഞാൻ….. ഞാൻ കാരണമാ എല്ലാം…. ന്നോട്….. ന്നോട് ക്ഷമിക്കേട്ട…… “”ഏങ്ങലടിച്ചു കരയുന്ന അവളെ നോക്കി ഒരു നിമിഷം വിഷ്ണു സ്തബ്ദിച്ചു നിന്നു… ആദ്യത്തെ അമ്പരപ്പ് മാറിയതും അവളുടെ അരികിലായി നിലത്തേക്ക് ഇരുന്നു. “”അങ്ങനെ ആരാ മോളോട് പറഞ്ഞത്….”” ശാന്തമായ സ്വരത്തിൽ പറഞ്ഞുകൊണ്ട് അവളുടെ തലയിൽ പതിയെ തലോടിക്കൊണ്ട് ചോദിച്ചു.

അപ്പോഴും മുഖം ഉയർത്താതെ കരയുന്ന പാർവതിയെ കണ്ടപ്പോൾ വീണ്ടും തുടർന്നു… “”വീട്ടിൽ അറിയുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചത് തന്നെയാ…. പക്ഷേ എല്ലാം കൂടി പെട്ടെന്നായതുകൊണ്ട് ഒന്നും…… ഒന്നും ചെയ്യാൻ പറ്റിയില്ല….. എന്റെ…… എന്റെ……”” അവനൊന്നു നിർത്തി…… ശക്തിയായി ശ്വാസം എടുത്തു…. “”എന്റെ… ഭദ്ര പോയപ്പോൾ ബോധം ഉണ്ടായിരുന്നില്ല എനിക്ക്….. അല്ലെങ്കിൽ അവള് പോകില്ലായിരുന്നു….. എനിക്കെന്തോ പറ്റി എന്ന് തോന്നിയിട്ടുണ്ടാകും…… ഒറ്റക്കാക്കി ഞാനങ്ങു പോയെന്ന് വിചാരിച്ചു കാണും….. പൊട്ടി പെണ്ണ്….”” നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടക്കാൻ പോലും ശ്രമിക്കാതെ ചെറിയൊരു ചിരിയോടെ വിഷ്ണു പറഞ്ഞു. പാർവതി അപ്പോഴും കരച്ചിലടക്കാൻ പാട് പെടുകയായിരുന്നു…

“”അതുകൊണ്ട് ഈ കരച്ചിൽ ഒക്കെ മാറ്റി നല്ല കുട്ടിയായി ഇരുന്നോണം…. അല്ലെങ്കിലേ ഞാനങ്ങു ചെല്ലുമ്പോൾ നിന്റെ ഭദ്രേച്ചി പറയും…. താൻ പോടോ മാഷേ… എന്റെ പാറുക്കുട്ടിയെ കരയിച്ച തന്നെ എനിക്ക് വേണ്ടെന്ന്…..”” അവളുടെ രണ്ടു കണ്ണുകളും തുടച്ചു കൊടുത്തു വിഷ്ണു പറഞ്ഞു…. “”ഞാനെ… ആ കള്ളചെക്കൻ എങ്ങോട്ട് പോയി എന്ന് നോക്കട്ടെ…. അവന് സങ്കടം വന്നു കാണും…. തിരിച്ചു വരുമ്പോഴേക്കും എന്റെ പഴയ പാറൂസിനെ ഇവിടെ കണ്ടോണം…. ഹ്മ്മ്…..”” മുഖത്തേക്ക് വീണു കിടന്നിരുന്ന അവളുടെ മുടിയൊക്കെ മാടി ഒതുക്കി അവനത് പറഞ്ഞപ്പോൾ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് തലയാട്ടി. 🔸🔸

വീടിന്റെ പിന്നിലുള്ള പടിക്കെട്ടിൽ ഇരിക്കുകയായിരുന്നു രുദ്രൻ. നടന്നതൊന്നും ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല…. ഏട്ടൻ തിരികെ വന്നത് ഒരു സ്വപ്നം പോലെ തോന്നി അവന്…. കണ്ണുകൾ അനുസരണ ഇല്ലാതെ നിറയുന്നുണ്ടായിരുന്നു. അടുത്താരോ ഇരിക്കും പോലെ തോന്നി… തിരിഞ്ഞു നോക്കേണ്ടി വന്നില്ല… അത്രമേൽ പരിചിതവും പ്രിയപ്പെട്ടതുമായിരുന്നു ആ ഗന്ധം…. “”കുഞ്ഞൻ ഇന്നും പിണങ്ങി എന്ന് തോന്നുന്നല്ലോ…”” കുട്ടിക്കാലം മുതൽക്കേ പിണങ്ങുമ്പോൾ അവൻ സ്ഥിരമായി വന്നിരിക്കുന്ന പടിക്കെട്ടിലാകെ ഒന്ന് കണ്ണോടിച്ചു വിഷ്ണു പറഞ്ഞു… “”ക്ഷെമിക്കെടാ കുഞ്ഞാ….

ഏട്ടന് ഇവിടെ നിന്നാൽ ഭ്രാന്ത് പിടിക്കും പോലെ തോന്നി…. ഇനി ഏട്ടൻ എവിടെയും പോകില്ല…… “” താൻ പറഞ്ഞതൊക്കെ കേട്ടിട്ടും മറുപടി ഇല്ലാതെ ഇരിക്കുന്ന രുദ്രനെ നോക്കി വിഷ്ണു ചെറിയൊരു വിഷമത്തോടെ പറഞ്ഞു…. “”ഹ്മ്മ്….”” അവനൊന്നു ദീർഘമായി ശ്വാസം എടുത്തു….. “”ഇനി പോകാൻ ഏട്ടനെ ഞാൻ വിട്ടിട്ട് വേണ്ടേ….. കൈയും കാലും കെട്ടി ഈ വീട്ടിൽ പൂട്ടി ഇടും ഞാൻ…. “” പറഞ്ഞു തീരും മുൻപേ വിഷ്ണുവിനെ ഇറുമ്പടക്കം കെട്ടിപ്പിടിച്ചു അവന്റെ തോളിലേക്ക് തല ചായ്ച്ചു രുദ്രൻ പറഞ്ഞു….. രണ്ടാളുടെയും കണ്ണുകൾ ഇത്രയും നാളത്തെ പരിഭവങ്ങൾ പെയ്തു തീർക്കുന്ന തിരക്കിൽ ആയിരുന്നു… 🔸🔸

അകത്തേക്ക് വന്നപ്പോൾ പാർവതിക്ക് അമ്മ ചോറ് വാരി കൊടുക്കുന്നതാണ് കണ്ടത്. നിറഞ്ഞ കണ്ണുകളോടെ അവളത് വാങ്ങി കഴിക്കുന്നും ഉണ്ട്…. കവിളിലെ പാട് ആരും കാണാതിരിക്കാനാണെന്ന് തോന്നുന്നു…. മുടി ഒരു വശത്തേക്ക് അഴിച്ചു ഇട്ടിരിക്കുകയാണ്…. ചവച്ചു ഇറക്കുമ്പോൾ അവൾക്ക് നല്ല വേദന ഉണ്ടെന്ന് തോന്നി…. ഒരോ തവണയും അവളുടെ നെറ്റി ചുളിയുമ്പോൾ പേരറിയാത്ത ഒരു നോവ് ഉള്ളിൽ നിറയും പോലെ തോന്നി അവന്… “”അയ്യോ…. ഇതെന്താ ചോറ് മാത്രം ആക്കിയത്…. ഇത്തിരി പരിപ്പും പായസവും എല്ലാം കൂടി ചേർത്ത് കൊടുക്കാമായിരുന്നില്ലേ….. അല്ലെങ്കിലേ മുടിഞ്ഞ വെയിറ്റ് കാരണം മനുഷ്യന്റെ കൈ ഒടിഞ്ഞു….””

അമ്മ അടുക്കളയിലേക്ക് പോയപ്പോൾ അവളെ ഒന്ന് നോക്കി പുച്ഛത്തോടെ പറഞ്ഞു….. ദേഷ്യം കൊണ്ട് വിറച്ചു നോക്കുന്ന അവൾക്ക് നേരെ ഒരിക്കൽ കൂടി പുച്ഛം കലർന്ന ഒരു ചിരി നൽകി അവിടേക്ക് ഇരുന്നു… “”തന്നോടാര എന്നേ വന്നു എടുക്കാൻ പറഞ്ഞത്…. മനുഷ്യനെ കെട്ടിപ്പിടിച്ചതും പോരാ…. എന്നിട്ട്……”” “”ഡീ….. നിന്നെ….”” ദേഷ്യത്തോടെ ചാടി എഴുന്നേൽക്കാൻ തുടങ്ങുമ്പോഴാണ് വിഷ്ണു അവിടേക്ക് വന്നത്…. അവനെ കണ്ടതോടെ അവളെ ഒന്ന് കൂടി തറപ്പിച്ചു നോക്കി കസേരയിലേക്ക് ഇരുന്നു…. “””കുഞ്ഞൻ പറഞ്ഞു… നരേഷിന്റെ കാര്യം….അവനിന്ന് വരുമെന്ന് പറഞ്ഞതും മോള് ഇവിടേക്ക് വന്നതുമെല്ലാം….

ഏട്ടന്റെ കുട്ടി പേടിക്കണ്ട…. ഇവിടെ വന്നു മോളെ ആരും എങ്ങോട്ടും കൊണ്ട് പോകില്ല…..”” വിഷ്ണു പറഞ്ഞത് കേട്ടപ്പോൾ പാലത്തിൽ നിന്നും ചാടാൻ പോയതൊന്നും രുദ്രൻ പറഞ്ഞിട്ടില്ല എന്ന് മനസ്സിലായി…. അവനെ നോക്കിയപ്പോൾ അവൾക്ക് മുഖം കൊടുക്കാതെ ഉത്തരത്തിലേക്കും….. ജനലിൽ കൂടി പുറത്തേക്കും ഒക്കെ നോക്കി ഇരിക്കുന്നത് കണ്ടു…. ഇതുവരെ തോന്നാത്ത ഒരു സന്തോഷം ഉള്ളിൽ നിറയും പോലെ തോന്നി അവൾക്ക്…. അവന്റെ ഭാവങ്ങൾ കാൺകെ ചുണ്ടിലൂറി വന്ന ചിരി സഹിച്ചു പിടിച്ചിരുന്നു…. വീണ്ടും ഒരിക്കൽ കൂടി നിറമുള്ള സ്വപ്‌നങ്ങൾ വിരിയാൻ തുടങ്ങിയിരിക്കുന്നു മനസ്സിൽ…. 🔸🔸🔸

രാത്രി ഉമ്മറത്തെ പടിയിൽ ഇരുന്നു ആകാശത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു വിഷ്ണു…. തന്നെ നോക്കി ചിരിക്കുന്ന നക്ഷത്രങ്ങൾക്ക് ഭദ്രയുടെ മുഖമാണ് എന്നവന് തോന്നി…. ഈറനണിഞ്ഞ കണ്ണുകൾ കൊണ്ട് അവനവയെ നോക്കി പുഞ്ചിരിയോടെ ഇരുന്നു…. “”എനിക്കേറ്റവും ഇഷ്ടം എന്താണെന്നറിയുമോ വിഷ്ണുവേട്ടന്….. ആകാശത്തിലെ നക്ഷത്രങ്ങളെ ദാ ഇങ്ങനെ നോക്കി ഇരിക്കാൻ….. അപ്പോളവയെന്നോട് ഒരായിരം കഥകൾ പറയും…. എന്നോട് മാത്രം…..”” ഒരിക്കൽ ഭദ്ര പറഞ്ഞ വാക്കുകൾ വീണ്ടും ചെവിയിൽ ഇരുന്ന് ആരോ പറയും പോലെ… ചിരിയോടെ അവനാ നക്ഷത്രങ്ങളെ നോക്കി… അവ തന്നോടും കഥകൾ പറയുന്നതായി തോന്നി അവന്…. അവളെക്കുറിച്ചുള്ള കഥകൾ….. തുടരും

താന്തോന്നി: ഭാഗം 2

Share this story