ശിവമല്ലിക്കാവിലെ സ്വർണ്ണനാഗം: ഭാഗം 13

Share with your friends

എഴുത്തുകാരി: ജീന ജാനഗി

ദത്തന്റെ അലർച്ച കേട്ടാണ് എല്ലാവരും പുറകിലേക്ക് നോക്കിയത്…….. നരച്ച് പാറിപ്പറന്ന തലമുടി , കറുത്തിരുണ്ട് ചുക്കിച്ചുളിഞ്ഞ ശരീരം , പുകയിലക്കറ പുരണ്ട പല്ലുകൾ , മുറുക്കിച്ചുവന്ന നാവ് , മുഷിഞ്ഞ് കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ , ചുമലിലൊരു ഭാണ്ഡക്കെട്ട്…. ആരെയും പേടിപ്പെടുത്തുന്ന രൂപം…. എല്ലാവരും നിലവിളിച്ചുകൊണ്ട് പിന്നിലേക്ക് മാറി…… കാറ്റാഞ്ഞ് വീശി….. അയാളുടെ അട്ടഹാസം പാലപ്പറമ്പ് നിറഞ്ഞു മുഴങ്ങി…….. ജിത്തു പേടിച്ചു വിറച്ചു അവർക്കരികെ വന്നു… എല്ലാവരും പരിഭ്രാന്തരായി….. ദത്തൻ ധൈര്യം സംഭരിച്ച് ചോദിച്ചു….. “ആ…… ആരാ നിങ്ങൾ ? ” “ഹ…… ഹ……ഹ…….”

“ചോദിച്ചത് കേട്ടില്ലേ….. ആരാണെന്ന് ?” “ഞാൻ ആരാണെന്നോ ? ഹ…… ഹ…..ഹ…… ഇതുവരെയായിട്ടും എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യം ….. ഞാൻ ആര് ? കേവലം പാരമ്പര്യത്തിലും നാമത്തിലും ഒതുങ്ങി നിൽക്കുന്ന ഉത്തരമല്ലത്….. അതിനപ്പുറം നാമോരോരുത്തരും ഓരോ കടമകൾക്കായി മണ്ണിൽ പിറക്കുന്നു… ശേഷം ദേഹം വിട്ടു ദേഹിയായ് പഞ്ചഭൂതങ്ങളിൽ അലിഞ്ഞു ചേരുന്നു….” “നിങ്ങൾക്ക് എന്താ ഭ്രാന്താണോ ? എന്തൊക്കെയാ പറയുന്നത് ?” ശ്യാം കയർത്തു…. “സത്യം ഉറക്കെ വിളിച്ചു പറയുന്നതിനെ നിങ്ങൾ ഭ്രാന്തായി കാണുന്നതെങ്കിൽ അതെ ഞാൻ ഒരു ഭ്രാന്തനാണ്……

എനിക്ക് ബന്ധനങ്ങളായി ബന്ധങ്ങളില്ല…. നാളെയെക്കുറിച്ചുള്ള കാത്തിരിപ്പോ ആകുലതകളോ ഇല്ല…. മോഹങ്ങളില്ല….. ഞാൻ ഇന്നിൽ ജീവിക്കുന്നു… തളരുമ്പോൾ എവിടെയെങ്കിലും കിടക്കും… വിശക്കുമ്പോൾ യാചിച്ചു ഭക്ഷണം കഴിക്കും… സ്വാർഥത എല്ലാ മനുഷ്യന്റെ ഉള്ളിലും ഉണ്ട്… ചിലർ അതിനെ അവർക്ക് മേൽ വിജയം കൈവരിക്കാൻ അനുവദിക്കുന്നു….. ചിലർ അതിനെ ന്യായത്താലും ധർമ്മത്താലും അടിച്ചമർത്തുന്നു……” എല്ലാവരും അന്യോന്യം നോക്കി…. അയാൾ വീണ്ടും പൊട്ടിച്ചിരിച്ചു….. “ഞാൻ എന്താണ് പറയുന്നത് എന്ന് മനസ്സിലാവുന്നില്ല അല്ലേ….. മനസ്സിലാക്കേണ്ടത് നീയാ………”

അയാൾ ദത്തന് നേരേ വിരൽ ചൂണ്ടി…. “ഞാനോ ? എന്ത് മനസ്സിലാക്കാൻ ?” “അതെ നീ തന്നെ….. പിൻകഴുത്തിൽ നാഗരൂപം മറുകായുള്ള ആയില്യനക്ഷത്രജാതൻ ?” ഇടിനാദം മുഴങ്ങി….. “എന്റെ മറുക്….. അത് നിങ്ങൾക്ക് എങ്ങനെ………?” “നിന്റെ ജാതകം പോലും എനിക്ക് കാണാപാഠം ആണ്…… നിന്റെ മനസ്സ് കലുഷിതമായ കടൽ പോലെയാണ്…… ഉത്തരം കിട്ടാത്ത അനേകം സമസ്യകൾ നിന്റെ മനസ്സിനെ മദിക്കുന്നുണ്ട്……. അതിനെല്ലാം ഉത്തരം തരാൻ ഒരാൾക്കേ കഴിയൂ…… ശേഷനാഗതേജസ്സിൽ നിന്നും ജന്മം കൊണ്ടവൾ…… ശിവമല്ലിക്കാവിലെ സ്വർണ്ണനാഗം……..

അവളാണ് നിന്റെ സമസ്യയും ഉത്തരവും…. നിന്റെ കർമ്മങ്ങൾ നിറവേറ്റാനുള്ള സമയം ആഗതമായിരിക്കുന്നു…… ഇനി ഏതുനിമിഷവും അവൾ നിന്റെ അരികിലെത്താം….. നാഗമാണിക്യത്തെ വീണ്ടെടുത്തു ധർമ്മം പുനഃസ്ഥാപിക്കുകയാണ് നിങ്ങൾ ഇരുവരുടെയും കർത്തവ്യം….” എല്ലാവരും വളരെ ജാഗരൂകരായി അയാൾ പറഞ്ഞത് ശ്രവിക്കുന്നുണ്ടായിരുന്നു….. അവസാനം അയാൾ ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം അയാൾ പറഞ്ഞു ; “വേഗം മടങ്ങിക്കൊൾക….. ഇനിയും ഇവിടെ നില്ക്കണ്ട…….. ഇനി യാത്രയ്ക്ക് ഒരു തടസ്സവും ഉണ്ടാകില്ല…..” എല്ലാവരും ജീപ്പിൽ കയറി…

ദത്തൻ കീ തിരിച്ചതും വണ്ടി പെട്ടെന്ന് സ്റ്റാർട്ടായി….. അവർ അത്ഭുതത്തോടെ ആ മനുഷ്യനെ നോക്കി….. അർജ്ജുൻ അയാളോട് ചോദിച്ചു ; “അങ്ങയുടെ പേര് എന്താണ് ?” ഒന്ന് മന്ദഹസിച്ച ശേഷം അയാൾ പറഞ്ഞു….. “അനന്തൻ………….” അവർ കൃതജ്ഞതയോടെ അയാളെ നോക്കിയ ശേഷം അവിടെ നിന്നും പോയി….. അവർ കണ്ണിൽ നിന്നും മറഞ്ഞുകഴിഞ്ഞപ്പോൾ അയാളുടെ രൂപം മാറാൻ തുടങ്ങി….. ഭ്രാന്തൻ നിന്ന സ്ഥലത്ത് ആയിരം ശിരസ്സോടെ സാക്ഷാൽ ആദിശേഷൻ പ്രത്യക്ഷപ്പെട്ടു…. “ധർമ്മം പുനഃസ്ഥാപനം ആണ് നിന്റെ കർത്തവ്യം… അത് പാലിക്കാൻ കുറച്ചേറെ കഷ്ടതകൾ നീ താണ്ടേണ്ടി വരും….

ബന്ധങ്ങളുടെ ബന്ധനങ്ങളെ പൊട്ടിച്ചെറിഞ്ഞ് നീ ധർമ്മപാത പിന്തുടർന്നേ മതിയാകൂ….” മനസ്സിൽ മുഴങ്ങിയ വാക്കുകളെ ഉള്ളിലേക്കാവാഹിച്ച് പതിയെ അദ്ദേഹം ഒരു പുകമറപോലെ വായുവിൽ കലർന്നു…… ******* ******* അർധരാത്രി പിന്നിട്ട സമയം ഒരു സ്വപ്നാടകനെ പോലെ ദത്തൻ കണ്ണുതുറന്നു. അവന്റെ കാലുകൾ യാന്ത്രികമായി ചലിക്കാൻ തുടങ്ങി. അവൻ ശിവമല്ലിക്കാവ് ലക്ഷ്യമാക്കി നടന്നു… അവിചാരിതമായി വീശിയ കാറ്റ് അവനെ തലോടി കടന്നു പോയി….. പെട്ടെന്ന് അവൻ സ്വബോധത്തിലേക്ക് വന്നു… “ഞാൻ……. ഞാനിവിടെയാ…….?” അവൻ ചുറ്റും നോക്കി… പരിചയമുള്ള സ്ഥലം… കുറച്ചു കൂടി മുന്നോട്ട് നടന്നപ്പോൾ അവന് മനസിലായി താൻ ശിവമല്ലിക്കാവിലെത്തിയെന്ന്…….

കാവിനുള്ളിൽ വിളക്ക് തെളിയിച്ചിട്ടുണ്ട്….. “നാഗലക്ഷ്മിയായിരിക്കും….. എന്നിട്ട് അവളെവിടെ ? ലക്ഷ്മി………” അവൻ അവളെ പേര് ചൊല്ലി വിളിച്ചുകൊണ്ട് കാവിനുള്ളിലേക്ക് പ്രവേശിച്ചു….. വിളക്കിന്റെ വെളിച്ചത്തിൽ പുറം തിരിഞ്ഞ് നിൽക്കുന്നൊരു സ്ത്രീരൂപം ദത്തൻ കണ്ടു….. താൻ സ്വപ്നത്തിൽ കണ്ട രൂപം…. അവൻ ആ രൂപത്തിനടുത്തേക്ക് ചെന്ന ശേഷം ചോദിച്ചു; “ആരാണ് നിങ്ങൾ ?” “നീ ആരെയാണോ കാണാൻ കാത്തിരുന്നത് അതേ ആൾ തന്നെയാണ് ഞാൻ…. സ്വർണനാഗം…….” ദത്തൻ ഒന്ന് ഞെട്ടി…… അവൾ തുടർന്നു…. “നീയും ഞാനും ഒരേ കർത്തവ്യത്തിൽ ബന്ധിതർ…..

നാഗമാണിക്യം അതാണ് നമ്മളെ തമ്മിൽ ബന്ധിപ്പിക്കുന്നത്…. എന്റെ ഉള്ളിൽ വർഷങ്ങളായി നീറിപ്പുകയുന്ന പകയുണ്ട്….. ആദ്യം നാഗമാണിക്യം വീണ്ടെടുക്കൽ…. ശേഷം വല്യത്താന്റെ അന്ത്യം…….. അത് സുനിശ്ചിതമാണ്…..” ദത്തൻ ദീർഘമായി നിശ്വാസിച്ചു….. അവൻ പറഞ്ഞു ; “ഈ കൂടിക്കാഴ്ച കുറച്ചു കൂടി നേരത്തെ ആകാമായിരുന്നു….. ഞാൻ നിങ്ങളെ ഒത്തിരി തവണ സ്വപ്നത്തിൽ കണ്ടിരിക്കുന്നു… നിങ്ങളുടെ മുഖം അപ്പോഴും ഗോപ്യമായിരുന്നു……….” അവൾ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു ; “നീയെന്നെ ദർശിച്ചിട്ടുണ്ട്….. എന്നോട് വർത്താനവും പറഞ്ഞിട്ടുണ്ട്…..” “ങേ……. അതെപ്പോൾ ?…..”

അവൾ പതിയെ തിരിഞ്ഞു… അവളെ കണ്ട ദത്തൻ അമ്പരന്നു…… “നാ…… നാഗലക്ഷ്മി…….” “അതെ നാഗലക്ഷ്മി തന്നെ…. ഇനി നീ എന്നെ യഥാർത്ഥ രൂപത്തിൽ കണ്ടുകൊള്ളൂ……” പെട്ടെന്ന് അവളുടെ ശരീരം സ്വർണ്ണവർണ്ണമായി…… അരക്കെട്ടിന് താഴേക്ക് നാഗരൂപവും മുകളിലേക്ക് സ്ത്രീരൂപവുമായി മാറി….. ആ രൂപം ഭീമാകാരമായി…… അവളുടെ കണ്ണുകൾ കത്തിജ്വലിക്കുവാൻ തുടങ്ങി….. ദത്തൻ പെട്ടെന്ന് പേടിച്ച് പിന്നോട്ട് മാറി…. അവൾ പതിയെ സാധാരണ മനുഷ്യരൂപം പൂണ്ടു….. പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു ; “പേടിക്കേണ്ട…. ഞാൻ പറയുന്നത് താൻ ശ്രദ്ധിച്ചു കേൾക്കണം….

നാഗപഞ്ചമി നാൾ അടുത്തു വരുന്നു… അതിന് മുമ്പ് നാഗമാണിക്യം വീണ്ടെടുക്കാനുള്ള പദ്ധതി തയ്യാറാക്കണം…… ഉറപ്പായും നാഗചതുർദ്ദി ദിവസം പൂജയ്കായ് നാഗമാണിക്യം പുറത്തെടുക്കേണ്ടി വരും…. അന്നോ അതിന് മുൻപോ അത് കൈക്കലാക്കേണ്ടിയിരിക്കുന്നു….. ദത്തൻ ചെയ്യേണ്ടത് വല്യത്താനെ സസൂക്ഷ്മം വീക്ഷിക്കുക എന്നതാണ്… ഉറപ്പായും അയാൾ അത് തറവാട്ടിനുള്ളിലെ ഏതെങ്കിലും രഹസ്യസ്ഥലത്ത് ഒളിപ്പിച്ചിട്ടുണ്ടാകും…… ഇനി അഥവാ നീയത് കണ്ടിട്ടുണ്ടെങ്കിൽ നാഗചതുർദ്ദിക്ക് മുൻപ് ഒരിക്കലും സ്പർശിക്കരുത്…..

നമ്മുടെ ഇരുവരുടെയും കൈകൾ സമ്പർക്കത്തിൽ വന്നാൽ മാത്രമേ നാഗചതുർദ്ദിക്ക് മുൻപ് അതെടുക്കാൻ സാധിക്കുള്ളൂ……. അല്ലാത്തപക്ഷം വിപരീതഫലമുണ്ടാകും…..” ദത്തനെല്ലാം മൂളിക്കേട്ടു….. “താൻ തനിയെ പോകണ്ട … ഞാനും വരാം…” ഇതും പറഞ്ഞു അവൾ ദത്തനോടൊപ്പം നടന്നു… അവർക്കിടയിൽ നിശബ്ദത തളം കെട്ടി കിടന്നു….. നടക്കുന്നതിനിടയിൽ ദത്തൻ അവളെ ഇടംകണ്ണിട്ട് നോക്കി….. നിലാവെളിച്ചത്തിൽ അവൾ സ്വർണം പോലെ തിളങ്ങി… അവന്റെ മനസ്സ് മന്ത്രിച്ചു ; “എത്രയോ പെൺകുട്ടികളെ കണ്ടു…. പക്ഷേ മനസ്സിൽ ഉണ്ടായിരുന്ന എല്ലാ ലക്ഷണങ്ങളും ഒത്തിണങ്ങിക്കണ്ടത് ഇവളിലാണ്……

പക്ഷേ…..” തന്നെ നോക്കുന്നത് മനസ്സിലിയിട്ടും അവൾ അറിയാത്ത ഭാവം കാണിച്ചു…. നടന്നു അമ്പാട്ട് തറവാട്ടിനുള്ളിലെ പടിപ്പുരയ്ക് മുന്പിൽ എത്തി….. പടിപ്പുരയ്കുള്ളിലേക്ക് കയറിയ ശേഷം അവൻ അവളെ ക്ഷണിച്ചു…. അവൾ ചിരിച്ചുകൊണ്ടു പറഞ്ഞു ; “നീ നാഗമാണിക്യം കണ്ടെത്തുന്ന നാൾ ഞാൻ ഈ ക്ഷണം സ്വീകരിക്കും……” അവൻ പുഞ്ചിരിയോടെ ഉള്ളിലേക്ക് നടന്നു… ഇടയ്ക്കിടെ തിരിഞ്ഞുനോക്കുമ്പോളും അവളവിടെ ഉണ്ടായിരുന്നു….. ദത്തൻ കണ്ണിൽനിന്നു മറഞ്ഞ ശേഷം അവൾ യാത്രയായി…. കിടക്കയിലേക്ക് വീണ ദത്തന്റെ കണ്ണുകളിൽ അവളുടെ രൂപം തങ്ങി നിന്നു…… ***

ദത്തൻ പേടിച്ചരണ്ട് നിൽക്കുകയാണ്…. നനഞ്ഞ് വഴുക്കലുള്ള പാറയ്ക് മുകളിലൂടെ അവൻ നടക്കുകയാണ്…. അരണ്ട വെളിച്ചത്തിൽ അവർ നടന്നു…. അവന്റെ കൈകളിൽ കൈചേർത്ത് നാഗലക്ഷ്മിയും…. കാറ്റ് വല്ലാതെ വീശുന്നുണ്ട്… പെട്ടെന്ന് അവളുടെ കാലുകൾ വഴുതി… ദത്തൻ അവളെ മുറുകെ പിടിച്ചു…. “സൂക്ഷിച്ച്………” അവൾ ദത്തന്റെ കൈ പിടിച്ചു സസൂക്ഷ്മം നടന്നു….. “നമ്മൾ ഇതെവിടെയാണ് ?” ദത്തൻ ചോദിച്ചു….. “അറിയില്ല…. മുന്നോട്ട് പോയി നോക്കാം… ചിലപ്പോൾ പുറത്തേക്കുള്ള വഴി കാണാൻ പറ്റിയാലോ ?” “ദേ ….. അവിടേക്ക് നോക്ക്…. ഒരു വെളിച്ചം കാണുന്നുണ്ട്….

ചിലപ്പോൾ പുറത്തേക്കുള്ള വഴിയാകും..” “സൂക്ഷിച്ച് നടക്ക്…….” ഇരുവരും വെളിച്ചം ലക്ഷ്യമാക്കി നടന്നു…. മുന്നോട്ട് പോകുന്തോറും വെളിച്ചത്തിന്റെ തീവ്രതയേറി വന്നു….. നാഗലക്ഷ്മിയുടെ കണ്ണുകൾ വികസിച്ചു… “ദത്താ…… അത് നാഗമാണിക്യമാണ്…….” അവൾ ഉറക്കെ വിളിച്ചു പറഞ്ഞു… അതിന്റെ ശോഭ കുറഞ്ഞ് സാധാരണ രൂപത്തിൽ എത്തി….. നാഗലക്ഷ്മി അവളുടെ ഇടതുകൈയിലെ ചെറുവിരൽ ദത്തന് നേരേ നീട്ടി…. അവൻ തന്റെ വലത് ചെറുവിരൽ കൊണ്ട് അവളുടെ വിരൽ കോർത്ത് പിടിച്ചു…..

നാഗമന്ത്രം ഉരുവിട്ടു കൊണ്ട് ഇരുവരും ആ കല്ലെടുക്കാൻ തുനിഞ്ഞതും പെട്ടെന്ന് ഒരു അലർച്ച കേട്ടു….. അപ്രതീക്ഷിതമായ അടിയേറ്റ് ദത്തനും ലക്ഷ്മിയും തെറിച്ചു വീണു….ദത്തൻ ബദ്ധപ്പെട്ട് പതിയെ എഴുന്നേൽക്കാൻ നോക്കി. അവന്റെ കണ്ണുകൾ ലക്ഷ്മീയെ തിരഞ്ഞു…. നോക്കുമ്പോൾ ഒരു കയ്യിൽ ഖഡ്ഗമേന്തിയ നരരൂപം അവളുടെ നേരെ ചലിക്കുന്നു….. അവൻ തന്റെ സർവ്വശക്തിയുമെടുത്ത് ലക്ഷ്മിയുടെ അടുത്തേക്ക് ഓടി… എന്നാൽ അവൻ എത്തിച്ചേരും മുമ്പ് ആ ഖഡ്ഗം അവളുടെ നെഞ്ചിലേക്ക് ഉയർന്നു താണു…….. “ലക്ഷ്മീ……………” ദത്തൻ അലറി….തുടരും

ശിവമല്ലിക്കാവിലെ സ്വർണ്ണനാഗം: ഭാഗം 12

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!