ഗന്ധർവ്വയാമം: ഭാഗം 8

ഗന്ധർവ്വയാമം: ഭാഗം 8

എഴുത്തുകാരി: അഞ്ജലി അഞ്ജു

“തനിക്ക് എന്താടോ പറ്റിയത്?” ബൈക്കിന് പിന്നിൽ മുഖവും വീർപ്പിച്ചിരുന്ന ആമിയോടായി വസു ചോദിച്ചു. “ഒന്നൂല്ല.” അൽപം കനത്തിൽ തന്നെ മറുപടി വന്നതോടെ വഴിയിൽ ഒരു അരികിലേക്ക് വണ്ടി ഒതുക്കി നിർത്തി. “താൻ ഇറങ്ങ്.” അവന്റെ ശബ്ദം മുഴങ്ങിയതും അവൾ ചുറ്റും നോക്കി. സമീപത്തെങ്ങും ഒരു കടയോ ആളുകളോ ഇല്ല. എങ്കിലും സംശയത്തോടെ ഇറങ്ങി. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അവന്റെ മുഖം വ്യക്തമായി കാണാമായിരുന്നു. ബൈക്കിൽ നിന്ന് ഇറങ്ങാതെ തന്നെ അവൻ അവളുടെ കയ്യിൽ പിടിച്ചു തനിക്ക് അഭിമുഖമായി നിർത്തി. “താൻ കാര്യം പറയെടോ.”

“വേണ്ട അങ്ങനെ ഒളിച്ചും പാത്തും ആരും എന്നെ തൊടണ്ട.” അവന്റെ കൈകൾ തട്ടിമാറ്റിയാണ് അവളത് പറഞ്ഞത്. ആദ്യം ഒന്നും മനസിലായില്ലെങ്കിലും ഒന്ന് കൂടെ ഇരുത്തി ചിന്തിച്ചപ്പോൾ അവളുടെ നീരസത്തിന് കാരണം അവനും മനസിലായി. “ഓ ഇപ്പോ കാര്യം മനസിലായി. ഡോ അത് ഞാൻ തനിക്ക് ഒരു പ്രശ്നം ആവണ്ടെന്ന് വെച്ചല്ലേ.. തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കപ്പെടാതെ വന്നവനാണ് ഞാൻ. എന്നെ പറ്റി പൂർണമായി മനസ്സിലാക്കുമ്പോൾ തനിക്ക് എന്നെ വേണ്ടാതായാൽ…? ആരുടെ മുന്നിലും നീ തല കുനിക്കാൻ പാടില്ല അതെനിക്ക് നിർബന്ധമാണ്.

അതാണ് ഞാൻ അപ്പോൾ അങ്ങനെ ചെയ്തത്. തനിക്ക് ഫീൽ ആകുമെന്ന് കരുതിയില്ല.” പറഞ്ഞു നിർത്തിയിട്ട് ആമിയെ നോക്കുമ്പോൾ അവളുടെ മുഖത്തുണ്ടാകുന്ന ഭാവങ്ങൾ മനസിലാക്കാൻ വസുവിന് കഴിഞ്ഞില്ല. “വസുവിനെ ഞാൻ പ്രണയിക്കുന്നു. ചിലപ്പോൾ നീ എന്നോട് ഇഷ്ടം പറഞ്ഞില്ലെങ്കിൽ പോലും ഞാൻ ഇത് നിന്നോട് പറഞ്ഞേനെ. നിന്നെ വർഷങ്ങളായി പരിചയം ഉള്ളത് പോലെ.. എന്തോ ഒരു ആത്മബന്ധം. ആരൊക്കെയോ ആണെന്ന തോന്നൽ.. വസുവിന് കേൾക്കുമ്പോൾ ചിലപ്പോൾ വിശ്വാസം വരില്ലായിരിക്കാം. ഇനി എന്തൊക്കെ ആണെന്ന് പറഞ്ഞാലും എന്റെ പ്രണയം പാതി വഴിയിൽ ഞാൻ ഉപേക്ഷിക്കില്ല.”

അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞ് തല ഉയർത്തി നോക്കുമ്പോൾ വസു ഒരു ചെറു പുഞ്ചിരിയോടെ അവളെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു. “അങ്ങനെ പാതി വഴിക്ക് ഉപേക്ഷിച്ചു പോകാൻ ആണെങ്കിൽ വസുവിന് ഇപ്പോൾ തന്നെ തിരികെ പോവാം.” അവൻ അവളുടെ കണ്ണുകളിൽ തന്നെ നോക്കുകയായിരുന്നു. ആ കണ്ണുകളിലെ തീഷ്ണത വർഷങ്ങളായി താൻ തേടിയത് അതായിരുന്നു. അവൻ അവളുടെ വലതു കൈ അവന്റെ ഇരു കൈകൾക്ക് ഉള്ളിലും ഒതുക്കി. മൃദുവായി ആ ചുണ്ടുകൾ കയ്യോടു ചേർന്നു. “നിന്നോട് ചേരാൻ എന്ത് ചെയ്യാനും ഞാൻ തയ്യാറാണ്.

എത്ര ജന്മം വേണമെങ്കിലും കാത്തിരിക്കാം. വെറുക്കരുത് ഒരിക്കലും.” അത് പറയുമ്പോൾ ആ വാക്കുകൾ ഇടറിയിരുന്നു. അവനെ മനസിലാക്കിയത് പോലെ അവളും ആ കൈകളെ ചേർത്ത് പിടിച്ചു. “അതേ എനിക്ക് വിശക്കുന്നു.” കുറച്ച് സമയത്തെ നിശ്ശബ്ദതയ്ക്ക് ഒടുവിൽ ആമി പറഞ്ഞു. അവർ നേരെ പോയത് ഒരു ഒരു തട്ടുകടയിലേക്ക് ആയിരുന്നു. നല്ല കട ആയത് കൊണ്ട് തന്നെ അത്യാവശ്യം തിരക്കൊക്കെ ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ച് കൈ കഴുകാനായി പോകാൻ എഴുന്നേറ്റപ്പോളാണ് ആമിക്ക് കാൾ വന്നത്. കാൾ അറ്റൻഡ് ചെയ്തപ്പോൾ വസു കഴുകാനായി പോയിരുന്നു.

എഴുന്നേറ്റു ധൃതിയിൽ നടന്നതും ആരിലോ ഇടിച്ചു നിന്നിരുന്നു. സോറി പറയാനായി മുഖം ഉയർത്തി നോക്കിയതും ആമിയുടെ മുഖം ദേഷ്യവും വെറുപ്പും കൊണ്ട് നിറഞ്ഞു. “ആഹാ ഇതാര് കുടുംബത്തിൽ പിറന്ന പെണ്ണോ? പാതി രാത്രി ആയപ്പോൾ ജോലിക്ക് ഇറങ്ങിയതാവും അല്ലേ?” വഷളൻ നോട്ടത്തോടെ പറഞ്ഞു പൂർത്തിയാക്കിയതും അവളുടെ കൈകൾ അവന്റെ കരണത്ത് പതിച്ചിരുന്നു. “ഡീ..” അവന്റെ കൈകൾ തനിക്ക് നേരെ ഉയർന്നു താഴ്ന്നതും ആമി കണ്ണുകൾ ഇറുകെ അടച്ചു. ഒരു അനക്കവും ഇല്ലാതായപ്പോളാണ് കണ്ണുകൾ തുറന്നത്. അയാളുടെ കൈകളിൽ പിടുത്തമിട്ട വസുവിനെയാണ് കണ്ടത്.

അയാളുടെ മുഖത്തു ഭയം നിഴലിച്ചിരുന്നു. വസു ആകട്ടെ ദേഷ്യത്തോടെ അവനെ നോക്കുന്നുണ്ട്. “വേണ്ട വസു.. വിട്ടേക്ക് അവനുള്ളത്‌ ഞാൻ കൊടുത്തിട്ടുണ്ട്. നമുക്ക് പോവാം.” അവന്റെ ഇടത് കയ്യിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു. “അന്ന് ഞാൻ എന്തിനാണ് നിന്നെ തല്ലിയതെന്ന് ഇപ്പോ നിനക്ക് മനസിലായി കാണുമല്ലോ.” വസുവിന്റെ വാക്കുകൾ കേട്ടതും ഞെട്ടലോടെ ആമി ഇരുവരെയും നോക്കി. “ഇത് എന്റെ പെണ്ണാ. ഒരു നോട്ടം കൊണ്ട് പോലും ഇവളെ നോവിച്ചെന്നു ഞാൻ അറിഞ്ഞാൽ അന്ന് കിട്ടിയത് ഓർമ ഉണ്ടല്ലോ.” അവളെ തന്നോട് ചേർത്ത് പിടിച്ചാണ് വസു അത് പറഞ്ഞത്.

അവന്റെ കയ്യും പിടിച്ചു അവിടുന്ന് ഇറങ്ങുമ്പോൾ ഒരു നൂറു ചോദ്യങ്ങൾ നുരഞ്ഞു പൊങ്ങിയിരുന്നു. “വസു..” കുറേ സമയത്തെ നിശ്ശബ്ദതക്ക് ഒടുവിൽ അവൾ സംസാരിച്ചു തുടങ്ങി. “അന്ന് തീയറ്ററിൽ ഞാനും ഉണ്ടായിരുന്നു.” അവളുടെ സംശയങ്ങൾ മനസിലാക്കിയിട്ടെന്ന വണ്ണം അവൻ പറഞ്ഞു. അത് കേട്ടതും സന്തോഷത്തോടെ അവനെ ഇറുകെ പുണർന്ന് അവൾ ബൈക്കിനു പിന്നിലിരുന്നു. ഇന്നാണ് ഓഫീസിലെ ഓണം സെലിബ്രേഷൻ. ആമിയോടൊപ്പമാണ് വസുവും ഓഫീസിൽ വരുന്നത്. അത് കൊണ്ട് തന്നെ ഇരുവരുടെയും ബന്ധത്തെ പറ്റി പല അഭിപ്രായങ്ങൾ ഓഫീസിൽ ഉയർന്നു വന്നിരുന്നു.

പക്ഷെ ആമിയും വസുവും ഒന്നിനും ചെവി കൊടുക്കാതെ പ്രണയിക്കുക ആയിരുന്നു. സാരി ഒന്നും ഉടുക്കാൻ അറിയാത്തത് കൊണ്ട് ആമി രാവിലെ തന്നെ അടുത്തുള്ള ഫ്ളാറ്റിലെ ആന്റിയുടെ അടുത്തേക്ക് പോയിരുന്നു. ആമിയെയും കാത്ത് മടുത്തപ്പോളാണ് വസു അവളെയും തേടി അങ്ങോട്ടേക്ക് പോയത്. അപ്പോളേക്കും അവൾ ഒരുക്കമൊക്കെ കഴിഞ്ഞ് ഇറങ്ങിയിരുന്നു. ഒരു നിമിഷത്തേക്ക് അവളെ തന്നെ നോക്കി അവൻ നിന്നു. തനിക്ക് പരിചിതമായ ആ മുഖം അവന്റെ മനസ്സിൽ വീണ്ടും കോറിയിട്ടു. മറ്റേതോ ലോകത്ത് ചെന്നത് പോലെ..

“ഹലോ മാഷേ.. എങ്ങനുണ്ട്?” അവൾ പുരികക്കൊടി ഉയർത്തി മുന്താണി കറക്കി കൊണ്ട് ചോദിച്ചു. സൂപ്പർ എന്ന് അവൻ കൈ കൊണ്ട് കാട്ടി. ഓഫീസിലേക്ക് പോകുമ്പോളും അവന്റെ കണ്ണുകൾ അറിയാതെ അവളിലേക്ക് എത്തിച്ചേർന്നിരുന്നു. അവളും അത് ആസ്വദിക്കുകയായിരുന്നു. ഓഫീസിൽ ചെന്നപ്പോളും വസുവിൽ മാറ്റമൊന്നും ഉണ്ടായില്ല. അവളെ ചുറ്റി പറ്റി തന്നെ അവൻ നടന്നു. “അതേ നീ ഇത്രക്ക് സുന്ദരി ആയിട്ട് ഞാൻ ഇല്ലാത്തപ്പോൾ നടക്കേണ്ട കേട്ടോ.” പൂക്കളം ഇടുന്നതിനു ഇടയിലായി അവളുടെ കാതോരം വന്നു അവൻ പറഞ്ഞു.

അത് കേട്ടതും അവളുടെ കവിളിണകൾ അരുണ ശോഭ നേടിയിരുന്നു. കൈകൾ കൊരുത്തും രഹസ്യങ്ങൾ പറഞ്ഞും അവരുടേതായ ലോകം ആരും അറിയാതെ അവർ ഉണ്ടാക്കിയിരുന്നു. സദ്യ കഴിക്കാനായി ഇരുന്നപ്പോളും ഇടയ്ക്ക് ഇടയ്ക്ക് വിളമ്പാൻ വരുന്ന വസുവിലായിരുന്നു അവളുടെ കണ്ണ്. ആരും കാണാതെ ഉപ്പേരി അവന്റെ വായിൽ വെച്ചു കൊടുക്കുമ്പോളും ഇത് വരെ അനുഭവിക്കാത്ത പ്രണയത്തിന്റെ മധുരം ഇരുവരും ആസ്വദിക്കുകയായിരുന്നു. ഫോട്ടോ എടുക്കാനായി നിന്നപ്പോളും വസുവിനു അരുകിൽ തന്നെ നിൽക്കാൻ ആമി ശ്രദ്ധിച്ചിരുന്നു. പക്ഷെ അവന്റെ അരികിലായി ഗായു വന്നു നിന്നതും എന്തോ ഒരു അസ്വസ്ഥത.

അവൾ അവന്റെ കയ്യിൽ പിടിച്ചതും ആമിയുടെ ഉണ്ട കണ്ണുകൾ തുറിച്ചു വന്നു. ക്യാമറയിലേക്ക് ശ്രദ്ധിക്കാതെ അവൾ അവന്റെ മുഖത്തു നോക്കി കയ്യിലൊരു പിച്ചും കൊടുത്തു. ദയനീയ ഭാവത്തിൽ വസു നോക്കിയെങ്കിലും ആമിയുടെ ഭാവത്തിന് മാറ്റം ഒന്നും ഉണ്ടായില്ല. പിന്നീട് അവളെ നോക്കുമ്പോളൊക്കെ അവൾ കണ്ണുകൾ തുറിച്ചു അവനെ ഭീഷണിപ്പടുത്തി എന്ന് വേണം പറയാൻ. ഇടയ്ക്ക് അവന്റെ കൈയിൽ പിടിച്ചു ആളൊഴിഞ്ഞ ഇടത്തേക്ക് അവൾ കൂട്ടികൊണ്ട് പോയി. സ്നേഹത്തോടെ അരികിൽ വന്നു ഇടത് കയ്യിൽ പിടുത്തമിട്ടു. പെട്ടെന്നായിരുന്നു അവൾ അവനെ കടിച്ചത്.

പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് തന്നെ അവൻ അറിയാതെ കാറി പോയി. ശബ്ദം പുറത്ത് വരാതിരിക്കാൻ അവൾ തന്നെ കൈ കൊണ്ട് അവന്റെ വായ പൊത്തിയിരുന്നു. “ഇനി മേലാൽ ഏതെങ്കിലും പെണ്ണുങ്ങളെ ദേഹത്തു തൊടീപ്പിച്ചാൽ ഇത് ഓർമ വേണം.” അവൾ ഭീഷണി സ്വരത്തിൽ പറഞ്ഞപ്പോൾ ചുണ്ടിലൊരു കുസൃതി ഒളിപ്പിച്ചു കൊണ്ട് അവൻ അവളെ തന്നോട് ചേർത്തു. പെട്ടെന്നുള്ള അവന്റെ പെരുമാറ്റത്തിൽ പിടയ്ക്കുന്ന കണ്ണുകളോടെ അവൾ അവനെ നോക്കി.

അവന്റെ കൈകൾ വയറിൽ അമർന്നതും അവളുടെ മിഴികൾ കൂമ്പിയടഞ്ഞു. ഒരു ചെറിയ കിഴുക്ക് വയറിൽ കൊടുത്തിട്ട് അവൻ അവളെ തന്റെ പിടിയിൽ നിന്നും മോചിപ്പിച്ചു. നാണത്തിൽ കുതിർന്നൊരു പുഞ്ചിരി അവന് സമ്മാനിച്ചിട്ട് അവൾ അവിടുന്ന് തിരികെ നടന്നു. തിരികെ ഫ്ലാറ്റിൽ വന്നതിന് ശേഷവും അന്നത്തെ ദിവസം ഓഫീസിൽ നടന്ന കാര്യങ്ങളായിരുന്നു ആമിയുടെ മനസ് നിറയെ. അവന്റെ ഓരോ പ്രവൃത്തികളും അവളുടെ മനസ്സിൽ സന്തോഷം നിറച്ചു.

അപ്പോളാണ് അഭി വിളിച്ചത്. നാളെ ആലപ്പുഴയ്ക്ക് പോയതിന് ശേഷം ഹരിപ്പാടുള്ള അഭിയുടെ വീട്ടിലും പോകാനാണ് വിചാരിച്ചിരുന്നത്. അതിനെ പറ്റി ചോദിക്കാനാണ് അവളും വിളിച്ചത്. നാളെ ഉച്ചയോട് കൂടെ അവിടെത്തുമെന്ന് അവളോട് പറഞ്ഞു. ഓണം സെലിബ്രേഷന്റെ വിശേഷങ്ങൾ പങ്കുവെച്ചപ്പോളും വസുവിനെ പറ്റി മനഃപൂർവം പറഞ്ഞില്ല. പറയണമെന്ന് പലപ്പോഴും കരുതുമെങ്കിലും എന്തോ ഒരു മടി. അവൾ എന്ത് പറയുമെന്നൊരു ഭയം. തന്റെ ഇഷ്ടത്തെ അവൾ എതിർത്താൽ.. അങ്ങനൊരിക്കലും അവൾ പറയില്ലെന്ന ഉറപ്പുണ്ടെങ്കിലും എന്തോ ഒരു ഭയം പോലെ…..തുടരും…

ഗന്ധർവ്വയാമം: ഭാഗം 7

Share this story