ഹരി ചന്ദനം: ഭാഗം 22

ഹരി ചന്ദനം: ഭാഗം 22

എഴുത്തുകാരി: ശ്രുതി കൃഷ്ണ

ഫാനിൽ കെട്ടിയ സാരിയിൽ കഴുത്തു മുറുക്കിയ നിലയിൽ ഞങ്ങളുടെ മീനുട്ടി തൂങ്ങിയാടുന്നുണ്ടായിരുന്നു.മൂഷിയമ്മ ബഹളം വച്ചതിനെ തുടർന്ന് അയക്കാരും നാട്ടുകാരും വന്ന് കഴുത്തിലെ കുരുക്കഴിച്ചു.ജീവന്റെ നേരിയ കണം ബാക്കി നിൽക്കെ മരണത്തിന്റെ മരവിപ്പിക്കുന്ന തണുപ്പ് അവളെ പുൽകാനായി കാത്തുകിടപ്പുണ്ടായിരുന്നു.മധുച്ചേട്ടനെ ആരോ വിവരം വിളിച്ചറിയിച്ചതിനെ തുടർന്ന് ഞങ്ങൾ നിൽക്കുന്ന ആശുപത്രിയിലേക്ക് കൊണ്ട് വരാൻ തന്നെ നിർദ്ദേശിച്ചു.ഈ സംഭവം കൂടി താങ്ങാനാവാതെ മധുച്ചേട്ടൻ ആകെ തളർന്നിരുന്നു.എന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.ഒരമ്മയെന്ന നിലയിൽ അപ്പോഴത്തെ ദേഷ്യത്തിന് എന്തെങ്കിലും പറഞ്ഞെന്നെ ഉണ്ടായിരുന്നുള്ളൂ.

അതിന്റെ പേരിൽ അവൾ ഇങ്ങനൊരു സാഹസത്തിനു മുതിരുമെന്നു സ്വോപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിരുന്നില്ല.അവൾ പാവമാണെന്നും ഒരിക്കലും അറിഞ്ഞു കൊണ്ട് ഞങ്ങൾക്കൊരു ആപത്ത് വരാൻ ആഗ്രഹിക്കില്ലെന്നും മറ്റാരേക്കാളും എനിക്ക് അറിയാമായിരുന്നു.ഒരമ്മയുടെ സങ്കടം എന്റെ സാമാന്യബുദ്ധിയെ പോലും നശിപ്പിച്ചിരുന്നു.പറഞ്ഞു പോയ ശാപവാക്കുകൾ തിരിച്ചെടുക്കാൻ കഴിയാതെ ഞാൻ വീർപ്പുമുട്ടുകയായിരുന്നു.ഏട്ടത്തി എന്ന അവളുടെ ദയനീയമായ വിളി എനിക്ക് ചുറ്റും മുഴങ്ങിക്കേട്ടു.അവളുടെ ദയനീയമായ നോട്ടം കണ്ണീർ ചാലിട്ടിറങ്ങുന്ന മുഖം അങ്ങനെ എല്ലാ ചിത്രങ്ങളും എനിക്ക് ചുറ്റും കറങ്ങുന്നതു പോലെ അവ പലതും എന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ.

അവളുടെ വരവിനായി കാത്തു ശിലപോലെ ഇരിക്കുന്ന ചേട്ടനെ കണ്ടപ്പോൾ എന്റെ വേദന കൂടി വന്നു.ജീവിതത്തിലാദ്യമായി അദ്ദേഹം എന്നെ ഒന്നു തല്ലിയിരുന്നെങ്കിൽ എന്നു ഒന്ന് ചീത്തവിളിച്ചിരുന്നെങ്കിൽ എന്നു ഞാൻ അതിയായി ആഗ്രഹിച്ചു.എനിക്ക് തെറ്റ് ഏറ്റു പറഞ്ഞു മാപ്പ് പറയാനെങ്കിലും അവളെ തിരികെ നൽകണേ എന്ന് ഞാൻ മനമുരുകി പ്രാർത്ഥിച്ചു.പക്ഷെ എന്റെ പ്രാർത്ഥന ദൈവം അപ്പാടെ നിരസിച്ചു.ഒരുപക്ഷെ മാപ്പർഹിക്കാത്ത വിധം ഒരു പാപിയായിരുന്നിരിക്കണം ഞാൻ. ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും മരണത്തിന്റെ മണം അവളിൽ വ്യാപിച്ചിരുന്നു.ഡോക്ടർമാർക്കു പോലും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.അവിടെ വച്ചാണ് ഞാൻ അവളെ അവസാനമായി കണ്ടത്.

മരിച്ചു കിടക്കുന്ന അവളുടെ മുഖം ഇന്നും എന്റെ ഓർമയിൽ മായാതെ നിൽക്കുന്നു.അവളുടെ മുഖം കൈ കുമ്പിളിൽ കോരി എടുത്ത് നെറുകയിൽ അന്ത്യചുംബനം നൽകി.എന്നിൽ നിറഞ്ഞ കുറ്റബോധം പിന്നെയും മതിവരാതെ എന്റെ കൈകളെ, വിരലുകൾ കൂട്ടിക്കെട്ടിയ അവളുടെ കാലുകൾ ലക്ഷ്യമാക്കി പായാൻ അനുവദിച്ചു.എന്റെ വിറയ്ക്കുന്ന കൈകൾ അവളുടെ കാലുകൾ പിടിക്കാനാഞ്ഞപ്പോളേക്കും ചേട്ടൻ വന്ന് തടഞ്ഞു എന്നെ മാറോടടുക്കി പിടിച്ച് കരഞ്ഞു.”ഞാനാണ്…. ഞാൻ കാരണമാണ്…. എന്നൊരു കുറ്റസമ്മതം എന്റെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും അതിനെ അപ്പാടെ അവഗണിച്ചു കൊണ്ട് അദ്ദേഹം എനിക്ക് താങ്ങായി.

ഹരിക്കുട്ടന്റെ അപ്പോഴത്തെ അവസ്ഥയിൽ എന്റെ ഇതുപോലൊരു പെരുമാറ്റം അവനെ ബാധിക്കുമെന്ന് പറഞ്ഞ് അദ്ദേഹം എന്റെ മനസ്സിന് ധൈര്യം തന്നു.ഒരു വാക്ക് കൊണ്ട് പോലും എന്നെ വേദനിപ്പിക്കാത്ത വിധം അദ്ദേഹം എന്നെ മനസ്സിലാക്കിയല്ലോ എന്നോർത്തു എനിക്ക് ഒരേ നിമിഷം സന്തോഷവും അതിലേറെ ദുഖവും വന്നു. ഡോക്ടറുടെ നിർദേശപ്രകാരം ഞാനും ഹരിക്കുട്ടനും മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാതെ ഹോസ്പിറ്റലിൽ തന്നെ തുടർന്നു.

അവന്റെ ഇപ്പോഴത്തെ അവസ്ഥയിൽ പ്രിയപ്പെട്ടവരുടെ വേർപാടൊന്നും അറിയിക്കാതിരിക്കുന്നതാണ് നല്ലതെന്നു അദ്ദേഹം പറഞ്ഞു.അടുത്തുള്ള സ്മശാനത്തിലെ സംസ്‍കാരത്തിനു ശേഷം ഞങ്ങളുടെ വീട്ടിൽ വച്ച് നടന്ന ക്രിയകളിൽ എന്നെയും മോനെയും അന്വേഷിച്ചു പലരും വന്നെങ്കിലും രണ്ടാൾക്കും ചിക്കൻപോക്‌സ്‌ പിടിപെട്ട് ചികിത്സയിലാണെന്നു പറഞ്ഞ് അവരെ ഒക്കെ ഒഴിവാക്കി. കുറച്ച് ദിവസങ്ങൾക്കകം ഞങ്ങൾ ഹോസ്പിറ്റൽ വിട്ടു.ശരീരത്തിനേറ്റ മുറിവുകൾ കരിഞ്ഞെങ്കിലും മനസ്സിനേറ്റ മുറിവുകൾ എന്റെ കുഞ്ഞിനെ പൊള്ളിച്ചു കൊണ്ടിരുന്നു.

രാത്രിയിൽ ദുസ്വൊപ്നമായും,പകൽ വെളിച്ചത്തിൽ ചിന്തയിലേക്കിരച്ചെത്തുന്ന കഴിഞ്ഞു പോയ ദിവസങ്ങളായും,ഒറ്റയ്ക്കിരിക്കുമ്പോൾ ഭയമായും,ഇരുട്ടിൽ ഉച്ചത്തിൽ ആർത്തലയ്ക്കാൻ പ്രേരിപ്പിക്കുന്ന നിലവിളിയായും അതെന്റെ കുഞ്ഞിന്റെ മനസ്സിന്റെ താളം തെറ്റിച്ചുകൊണ്ടിരുന്നു.അത്രയേറെ കഷ്ടമായിരുന്നു ദിയമോളുടെ കാര്യം അമ്മയുടെ ചൂടില്ലാതെ അമ്മിഞ്ഞപ്പാൽ നുണയാതെ ആ കുഞ്ഞിനും പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ഒത്തിരി സമയം വേണ്ടി വന്നു. മൂന്ന് കൊച്ചു കുഞ്ഞുങ്ങളെയും ഒരുപോലെ തൃപ്തിപെടുത്താൻ ഞങ്ങൾ നല്ലപോലെ പരിശ്രമിച്ചു.അതിനായി ജോലി പൂർണമായും ഞാൻ ഉപേക്ഷിച്ചു.മൂന്ന് കുട്ടികൾ എന്ന കണക്ക് അത്ര ശരിയല്ലായിരുന്നു.ഹരിക്കുട്ടൻ ആ വീട്ടിലുണ്ടെന്നു പറഞ്ഞറിയിക്കണമായിരുന്നു.

അവന്റെ കളിയും ചിരിയും അപ്പാടെ നിലച്ചു.എപ്പോഴും എന്റെ പുറകെ ഉണ്ടാവുമെങ്കിലും ചോദിക്കുന്നതിനു മാത്രം ഒന്നോ രണ്ടോ വാക്ക്.ഇല്ലെങ്കിൽ ഒരു മൂളൽ.പോകെ പോകെ മിക്കവാറും മുൻവശത്തെ ജനലിലൂടെ അപ്പുറത്തെ വീട്ടിലേക്കു നോക്കിയിരിക്കും.ആ വീട്ടിൽ തളം കെട്ടി നിൽക്കുന്ന നിശബ്ദതയിൽ കഴിഞ്ഞു പോയ ആപത്തിന്റെ കോലാഹലം അവന്റെ കാതുകളെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു.അവസാനം ഇരു ചെവിയും പൊത്തിപ്പിടിച്ചുള്ള അവന്റെ ആ നിൽപ്പ് അത് സ്ഥിരമായതോടെയാണ് ആ വീട് വിൽക്കാമെന്ന തീരുമാനത്തിലേക്ക് ഞങ്ങൾ എത്തിയത്.

അവിടെ പുതിയ താമസക്കാർ വരുമ്പോൾ ഒച്ചയും ബഹളവും ഒക്കെ കേൾക്കുമ്പോൾ പുതിയ കാഴ്ചകൾ കാണുമ്പോൾ പതിയെ പതിയെ അവന്റെ പഴയ ചിന്തകളും മുറിഞ്ഞു പോകും എന്ന് ഞങ്ങൾ കണക്കുകൂട്ടി.അങ്ങനെ ആ വീട്ടിൽ ബാക്കിയായ മീനുവിന്റെ ഓർമ്മകൾ പെറുക്കികൂട്ടാൻ ഒരിക്കൽ കൂടി ഞാനും ചേട്ടനും അവിടേക്ക് പോയി. കുറച്ച് നാളായി പൂട്ടിയിട്ടത് കൊണ്ട് വീടാകെ പൊടിയും മാറാലയും വന്ന് മൂടിയിരുന്നു.പല ഭാഗത്തും പൂപ്പലുകളും,ചിലന്തികളും സ്ഥാനം പിടിച്ചിരുന്നു.മൂഷിയമ്മയെയും മറ്റൊരു സ്ത്രീയെയും എല്ലാം വൃത്തിയാക്കുവാൻ കൂടേ കൂട്ടിയിരുന്നു.

മൂഷിയമ്മയാണ് മീനുട്ടിയെ അന്ന് കണ്ടെത്തിയ മുറി കാണിച്ചു തന്നത്.ആ മുറിയിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ കണ്ടു കട്ടിലിൽ മീനുവിന്റെ കഴുത്തിൽ കുരുക്ക് മുറുക്കിയ സാരീ അലസമായി കിടക്കുന്നതു കൂടേ ഒരു കസേരയും മറിഞ്ഞു കിടപ്പുണ്ടായിരുന്നു.മധുച്ചേട്ടന്റെ കണ്ണുകൾ ആ മുറിയിൽ തൂക്കിയിട്ടിരുന്ന ദിയയെ എടുത്ത് ചിരിച് കൊണ്ട് നിൽക്കുന്ന മീനുട്ടിയുടെ ഫോട്ടോയിലായിരുന്നു.ആദ്യം ആ മുറി തന്നെ വൃത്തിയാക്കാൻ മൂഷിയമ്മയോടു ആവശ്യപ്പെട്ടു.

അമ്മാ…. എന്ന മൂഷിയമ്മയുടെ വിളിയിലാണ് മീനുട്ടിയുടെ ചിന്തകളിൽ കുടുങ്ങികിടന്ന ഞാനും ചേട്ടനും ഞെട്ടിത്തിരിഞ്ഞു നോക്കിയത്.കട്ടിലിനടിയിൽ വൃത്തിയാക്കികൊണ്ടിരുന്നപ്പോൾ ലഭിച്ച എഴുത്തും കയ്യിൽ പിടിച്ച് നിൽക്കുന്നുണ്ടായിരുന്നു അവർ.മലയാളം അറിയാത്തതിനാൽ അവർ അത് തിരിച്ചും മറിച്ചും നോക്കുന്നുണ്ടായിരുന്നു. ഞാൻ ഓടിച്ചെന്നു അത് അവരുടെ കയ്യിൽ നിന്നും തട്ടിപ്പറിച്ചു വായിക്കാൻ തുടങ്ങി. എന്റെ അടുത്ത് വന്നു ചേർന്നു നിന്ന മധുച്ചേട്ടന്റെയും കണ്ണുകൾ ആ വെള്ളകടലാസിലെ വടിവൊത്ത അക്ഷരങ്ങളിലൂടെ പരതി നടക്കുകയായിരുന്നു.അതൊരു കത്തായിരുന്നു… വ്യക്തമായി പറഞ്ഞാൽ ആത്മത്യകുറിപ്പ്. അതിൽ ഇങ്ങനെ എഴുതിയിരുന്നു….

“പ്രിയപ്പെട്ട ഏട്ടനും ഏട്ടത്തിക്കും…… ആദ്യം തന്നെ മീനൂട്ടി മാപ്പ് പറയാണേ…സത്യത്തിൽ നിങ്ങളുടെ കാൽക്കൽ വീണ് പറയേണ്ടതാ… പക്ഷെ ഇനി മീനൂട്ടിക്ക് നിങ്ങളുടെ മുൻപിൽ വരാൻ ഉള്ള ധൈര്യം ഇല്ല.ഇനി നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ ഉള്ള യോഗം എനിക്ക് ഉണ്ടാവാൻ സാധ്യതയില്ല…അതിന് എനിക്ക് അർഹതയുമില്ല.നിങ്ങൾ എന്റെ നേരെ മുഖം കറുപ്പിക്കുന്നതു കാണാനുള്ള കരുത്ത് എനിക്ക് ഇല്ല.അതോണ്ട് മീനുട്ടി പോവാണ്…. ഇനി നിങ്ങളുടെ ഇടയിൽ ഒരു കരടായി നിലനിൽക്കാൻ എനിക്ക് താല്പര്യം ഇല്ല. ഹരിക്കുട്ടനോട് പറയണം അപ്പച്ചിയോടു ദേഷ്യം ഒന്നും തോന്നരുതെന്നു.

എന്റെ കൈകളിൽ കിടന്നല്ലേ അവൻ വളർന്നത്.ഇടയ്ക്ക് നിങ്ങളെ ഒക്കെ മാറാന്ന് ഞാൻ അകലേക്ക്‌ പോയെങ്കിലും അവൻ എന്റെ കുഞ്ഞാനല്ലതാവോ.അവന് ഒരു ആപത്തുണ്ടാവാൻ അറിഞ്ഞു കൊണ്ട് ഞാൻ സമ്മതിക്കോ.ഒന്നും… ഒന്നും… തന്നെ എനിക്ക് അറിയില്ലായിരുന്നു.കൊച്ചു കുട്ടികളെ പോലും കാമത്തിന്റെ കണ്ണോടെ നോക്കുന്ന ഒരു നീചനാണ് അയാളെന്നു.ഞങ്ങളുടെ മോളെ അയാൾക്ക്‌ ഒത്തിരി ഇഷ്ടമായിരുന്നു.അവള് നമ്മുടേ ഐശ്വര്യമാണെന്ന് പറഞ്ഞ് ഒത്തിരി സ്നേഹപ്രകടനം ഒക്കെ നടത്തുമായിരുന്നു.സ്വൊന്തം മോളെയും അയാൾ കാമകണ്ണുകളോടെ അല്ല നോക്കിയതെന്നു ആരറിഞ്ഞു. ജീവിക്കാനുള്ള പണവും സുഖസൗകര്യങ്ങളും കിട്ടിയപ്പോൾ അയാൾ നന്നായി എന്ന് ഞാനും തെറ്റിദ്ധരിച്ചു.

അയാൾക്ക്‌ മറ്റെന്തിനേക്കാളും അയാളുടെ സുഖമാണ് വലുതെന്നു എനിക്ക് മനസ്സിലായി.അയാൾ ഒരിക്കലും നന്നാവില്ല…എന്നിലുണ്ടായിരുന്ന അവസാന പ്രതീക്ഷയും അയാൾ തല്ലിക്കെടുത്തികളഞ്ഞു.ഇനിയെങ്കിലും മനഃസമാദാനത്തോടെ ജീവിക്കണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. ഏട്ടന് അറിയോ പണത്തിനു വേണ്ടി സ്വൊന്തം ഭാര്യയായ എന്നെ പോലും അയാൾ പലർക്കും കാഴ്ച വച്ചിട്ടുണ്ട്.മൂക്കറ്റം കള്ളും കുടിച്ച് വന്ന് അടിക്കും തൊഴിക്കും കേട്ടാലറയ്ക്കുന്ന ചീത്ത വിളിക്കും.പല സ്ത്രീകളെയും വീട്ടിൽ വിളിച്ച് കൊണ്ട് വന്ന് എന്റെ മുൻപിൽ വച്ച്………..എനിക്കതൊന്നും പറയാൻ കഴിയുന്നില്ല.എല്ലാം ഞാൻ തന്നെ വിളിച്ച് വരുത്തിയതാണല്ലോ.

എന്റെ മോൾക്ക്‌ മുൻപ് ഒരു ജീവൻ കൂടി എന്റെ വയറ്റിൽ കുരുത്തിരുന്നു.ഒരു ദിവസം കള്ളും കുടിച്ച് വന്ന് എന്റെ അടിവയറ്റിൽ തൊഴിക്കുന്ന വരയെ അതിന് ദൈവം ആയുസ്സ് കൊടുത്തുള്ളൂ.അന്ന് ചോരയിൽ കുളിച്ചു അത്യാസന്ന നിലയിൽ ആശുപത്രിയിൽ മരണത്തോട് മല്ലിടുമ്പോൾ ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു എത്രയും പെട്ടന്ന് മരിക്കാൻ.അത്രയ്ക്ക് മരവിച്ചിരുന്നു എന്റെ മനസ്സ്. ഒരു ദുഃഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ… അവസാനമായി നിങ്ങളെ ഒരു നോക്കു കാണാൻ കഴിയില്ലല്ലോ എന്ന്.

പക്ഷെ ദൈവം എന്നോട് ദയ കാണിച്ചില്ല. നിങ്ങളെയൊക്കെ വീണ്ടും കണ്ടു മുട്ടിയപ്പോൾ പണ്ട് എന്നോട് കാണിച്ച സ്നേഹവും കരുതലും ഒരു കോട്ടവും തട്ടാതെ വീണ്ടും കിട്ടിയപ്പോൾ ഞാൻ ഭാഗ്യവതിയാണെന്ന് കരുതി ദൈവത്തോട് എത്ര തവണ നന്ദി പറഞ്ഞെന്നറിയോ? എന്നാൽ ഇപ്പോൾ വീണ്ടും തോന്നുന്നു ഞാൻ അന്നേ മരിച്ചാൽ മതിയായിരുന്നു അല്ലേ ഏട്ടാ…….എങ്കിൽ നിങ്ങളുടെ ജീവിതത്തിലെങ്കിലും കരിനിഴൽ വീഴാതിരുന്നേനെ. ഇന്നലെ അയാൾ വീണ്ടും വിളിച്ചിരുന്നു.ആദ്യമൊക്കെ എതിർത്തെങ്കിലും… ഞാൻ ദേഷ്യപ്പെട്ടപ്പോൾ കള്ളിന്റെ പുറത്ത് സംഭവിച്ച കയ്യബദ്ധമാണെന്ന് സമ്മതിച്ചു.

എന്നെയും മോളെയും കൂട്ടാൻ വരുന്നുണ്ടെന്നു പറയാൻ വിളിച്ചതായിരുന്നു.ഭാര്യ ഭർത്താവിനൊപ്പമാണത്രെ കഴിയേണ്ടത്.പോവില്ലെന്നു ഞാൻ തീർത്തു പറഞ്ഞു.എന്റെ ഗതി ഇനി എന്റെ കുഞ്ഞിന് ഉണ്ടാവരുത്.എന്റെ ഏട്ടനേയും ഏട്ടത്തിയെയും എന്നിൽ നിന്നകറ്റിയതിനു, ആദ്യമായി നല്ലത് മാത്രം പറഞ്ഞിട്ടുള്ള നാവിൽ നിന്ന് ശാപവാക്കുകൾ ഏറ്റുവാങ്ങി തന്നതിന് ഇന്നലെ ഒട്ടും പേടിക്കാതെ ധൈര്യമായി അയാളോട് ഞാൻ പ്രതികരിച്ചു.പക്ഷെ അയാളുടെ അവസാന വാക്കുകൾക്ക് ഭീഷണിയുടെ സ്വരമായിരുന്നു.അതുകൊണ്ട് നിങ്ങൾ സൂക്ഷിക്കണം. ഇനി അയാളുടെ വാക്കുകൾക്കു വഴങ്ങി കൊടുക്കാൻ എനിക്ക് മനസ്സില്ലാ…….

ഒരിക്കലെങ്കിലും എനിക്ക് ഒന്ന് ജയിക്കണം. ഞാൻ ജീവിച്ചിരുന്നാലല്ലേ അയാൾ അവകാശവും പറഞ്ഞു വരുള്ളൂ.ഞാനങ്ങു പോയാൽ തീർന്നില്ലേ എല്ലാം….എങ്കിലും അയാളെ ഒരിക്കലും വെറുതെ വിടരുത് ഏട്ടാ….സ്വൊസ്ഥമായി ജീവിക്കാൻ സമ്മതിക്കരുത്. നിങ്ങളെയൊക്കെ കണ്ടു കൊതി തീർന്നില്ലായിരുന്നു…നിക്ക്.ഇഷ്ടമുണ്ടായിട്ടല്ല ഇങ്ങനൊരു കടുംകൈ…. പക്ഷെ ഞാൻ ജീവിച്ചിരുന്നാല് എന്നെ വച്ച് അയാൾ വില പേശാൻ തുടങ്ങും.എന്റെ മോളെ ഞാൻ നിങ്ങളെ ഏൽപ്പിക്കുവാണെ….

ബാധ്യതയാണെന്നറിയാം എങ്കിലും മീനൂട്ടിക്ക് വേണ്ടി അവസാനമായി അതെങ്കിലും ചെയ്യണം.എനിക്ക് തന്ന സ്നേഹത്തിന്റെ ഇത്തിരിയെങ്കിലും എന്റെ മോൾക്ക് കൂടി കൊടുക്കണം. അവളെ കൂടി കൊല്ലാൻ എനിക്ക് കഴിയാഞ്ഞിട്ടാ….ഞാൻ അവളുടെ അമ്മയായി പോയില്ലേ.ഏട്ടത്തിയോട് പറയണം മീനൂട്ടിപാവമായിരുന്നെന്നു.പ്രായത്തിന്റെ എടുത്തു ചാട്ടം കൊണ്ട് ജീവിതത്തിന്റെ നിറങ്ങൾ നഷ്ടപ്പെട്ടവളാണെന്നു.എന്റെ മോളെ നോക്കിക്കോണെ ഏട്ടാ…. എന്ന് സ്നേഹത്തോടെ സ്വൊന്തം മീനാക്ഷി ”

അങ്ങനെ ആരോടും പറയാതെ വീണ്ടും ഒരു കത്തെഴുതി വച്ചിട്ട് അവൾ ഞങ്ങളുടെ ജീവിതത്തിൽ നിന്നും ഇറങ്ങി പോയി. പക്ഷെ ഇത്തവണ ഒരു തിരിച്ചുവരവില്ലാത്ത വിധം എന്നെന്നേക്കുമായിട്ടായിരുന്നെന്നു മാത്രം. ആ കത്ത് എന്റെ കയ്യിൽ കിടന്നു വിറയ്ക്കുവായിരുന്നു.അതിലെ ഓരോ അക്ഷരങ്ങളും മനസ്സിൽ ആഴ്ന്നിറങ്ങുവായിരുന്നു.പല അക്ഷരങ്ങളും വെള്ളത്തുള്ളികൾ വീണത് പോലെ മഷി പുരണ്ട് മാഞ്ഞിരുന്നു. ആ കത്തിലൂടെ അവളുടെ കഴിഞ്ഞു പോയ യഥാർത്ഥ ജീവിതം എഴുതിക്കാട്ടുമ്പോൾ നെഞ്ചുപൊട്ടി കരയുകയായിരുന്നിരിക്കണം ആ പാവം.

ആ വീട്ടിൽ മീനുട്ടിയുടേതായിട്ടുണ്ടായിരുന്ന ഉപയോഗ യോഗ്യമായിരുന്നതൊക്കെ അടുത്തുള്ള ഓർഫനേജിലേക്കു കൊടുത്തുവിട്ടു.ബാക്കിയുള്ള എല്ലാം കരിച്ചുകളയാൻ മൂഷിയെ ഏൽപ്പിച്ചു. ആ വീട്ടിൽ നിന്നും തിരിച്ചു വന്നപ്പോൾ ഞങ്ങളെ കാത്ത് ഉമ്മറത്ത് തന്നെ ഹരിക്കുട്ടൻ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും ഉച്ചക്ക് ഉറങ്ങിയ തക്കത്തിന് മാറിയതായിരുന്നു ഞാൻ.എന്നെ കണ്ടപ്പോൾ അവൻ ഓടി വന്ന് കെട്ടിപ്പിടിച്ചു.പേടിച്ച പോലെ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു.ഇടയ്ക്കു മീനുട്ടി എവിടെയെന്നു ചോദിച്ചു.ആദ്യമായിട്ടായിരുന്നു അങ്ങനൊരു ചോദ്യം.

ദൈവത്തിന്റെ അടുത്തേക്ക് പോയെന്നു പറഞ്ഞപ്പോൾ “അയാളാണോ അപ്പച്ചിയെ എന്നൊരു…. മുഴുമിപ്പിയ്ക്കാത്ത ചോദ്യം വന്നു.അന്ന് മുഴുവൻ അയാൾ എല്ലാരേം കൊല്ലും…എന്ന് നിർത്താതെ പുലമ്പുന്നുണ്ടായിരുന്നു.എത്രയൊക്കെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും രാത്രിയിൽ ഉണ്ടായ പൊള്ളുന്ന പനി ഞങ്ങളുടെ ഉള്ള ധൈര്യം കൂടി നശിപ്പിച്ചു.അവന് നല്ല മെന്റൽ സപ്പോർട്ട് ആവശ്യമാണെന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒത്തിരി അന്വേഷിച്ചാണ് ഷേർളിയുടെയും സൈമണിന്റെയും അടുത്തെത്തിയത്. അവരുടെ ചികിത്സയോടെ പതിയെ ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങി.അവനൊരു ചേഞ്ച്‌ അത്യാവശ്യമാണെന്ന് നിർദേശിച്ചപ്പോൾ പിന്നെ ഒന്നും ചിന്തിക്കേണ്ടി വന്നില്ല നാട്ടിലേക്ക് പോരാൻ തന്നെ തീരുമാനിച്ചു.

അതിന് വേണ്ട ഏർപ്പാടുകൾ ചെയ്തു. അതിനിടയിൽ അലെക്സിയെ വെറുതെ വിടാൻ ഞങ്ങൾക്ക് ഉദ്ദേശമില്ലായിരുന്നു.മധുച്ചേട്ടന്റെ ബാംഗ്ലൂരുള്ള സ്വാധീനം വച്ച് രഹസ്യമായി അയാളെ അനേഷിച്ചു കണ്ടു പിടിക്കാൻ നേരത്തെ തന്നെ പലരെയും പലവഴിക്ക് നിയോഗിച്ചു.അങ്ങനെയിരിക്കെ ഒരിക്കൽ അയാൾ മരിച്ചെന്ന വാർത്തയാണ് ഞങ്ങളെ തേടിയെത്തിയത്.ഭാര്യ മരിച്ച വിഷമത്തിൽ ആത്മഹത്യ ചെയ്തു വെന്നാണ് പത്രങ്ങളിലും മറ്റും വാർത്ത വന്നത്.പുഴയുടെ തീരത്ത് അഴുകിയനിലയിൽ ആണ് ബോഡി കിടന്നിരുന്നത്.

അടുത്തുള്ള പാലത്തിൽ നിന്ന് ചാടിയതായിരുന്നത്രെ.ബോഡിയിലെ അടയാളങ്ങൾ ഒക്കെ വച്ച് അയാളുടെ സഹോദരൻ തിരിച്ചറിഞ്ഞെന്നു അറിഞ്ഞു.നേരിട്ടന്വേഷിച്ചപ്പോൾ അത് സത്യമാണെന്നും അടുത്തുള്ള പള്ളിയിൽ ശവസംസ്‌കാരം നടന്നുവെന്നും അറിയാൻ കഴിഞ്ഞു.ഒരു മരണത്തിലൂടെ ചെയ്ത പാപങ്ങൾക്ക് ശിക്ഷ കൊടുക്കാതെ ദൈവം പോലും അയാളെ രക്ഷിച്ചു. ഞങ്ങൾ ഇങ്ങോട്ട് വരാൻ പുറപ്പെടുന്ന നാളുകളിൽ ദിയയെ അവർക്ക് വിട്ട് കിട്ടാൻ അല്ഫോണ്സിന്റെ നേതൃത്വത്തിൽ കോടതിയിൽ കേസ് നടക്കുന്നുണ്ടായിരുന്നു.

എന്നാൽ കേസിന്റെ വിധി ഞങ്ങൾക്ക് അനുകൂലമാക്കാൻ അവരുടെ ക്രിമിനൽ പശ്ചാത്തലം തന്നെ ധാരാളമായിരുന്നു.അങ്ങനെ നാലര വർഷത്തെ ജീവിതത്തിനൊടുവിൽ ഞങ്ങൾ ആ നഗരം വിട്ടു.ഇടയ്ക്ക് നിവൃത്തിയില്ലാതെ പോവുന്നത് ഒഴിച്ചാൽ ആർക്കും അങ്ങോട്ട് പോവാനോ പഴയതൊക്കെ ഓർമിക്കാനോ ഇഷ്ടമില്ലായിരുന്നു.ബാക്കി കഥകളൊക്കെ മോൾക്ക്‌ അറിയാവുന്നതല്ലേ…….? ” കണ്ണ് തുടച്ചു കൊണ്ട് അമ്മ ചോദിച്ചപ്പോൾ അതെയെന്ന് ഞാൻ തലയാട്ടി. “ഇതൊന്നും ഓർക്കാൻ സുഖമുള്ള ഓർമ്മകൾ അല്ല അതുകൊണ്ട് പരമാവധി ചിന്തയിലേക്ക് വലിച്ചിഴയ്ക്കാതിരിക്കാൻ ശ്രമിക്കും എല്ലാവരും.”

“എല്ലാവർക്കും ഇതൊക്കെ അറിയാമോ അമ്മേ? ” ” “കിച്ചുവിന് മുഴുവൻ കഥകളും അറിയാം. ഒരിക്കൽ മധുച്ചേട്ടൻ അവനോടെല്ലാം പറഞ്ഞിട്ടുണ്ട്.ദിയയ്‌ക്കു എല്ലാം കൃത്യമായി അറിയില്ല.ചെറുപ്പത്തിൽ എപ്പോഴോ അച്ഛനും അമ്മയും വേണമെന്ന് വാശി പിടിച്ചപ്പോൾ അവർ ഒരപകടത്തിൽ മരിച്ചെന്നു പറയേണ്ടി വന്നു.ഇത്തിരി കൂടി വലുതായപ്പോൾ അച്ഛന്റെ ഫോട്ടോ എവിടെ എന്ന ചോദ്യം വന്നു.അയാളൊരു ദുഷ്ടനായിരുന്നെന്നും എല്ലാവരെയും ഉപദ്രവിക്കുമായിരുന്നെന്നും ഫോട്ടോ കണ്ടാൽ പേടിയാകും എന്നൊക്ക പറഞ്ഞപ്പോൾ അവൾ വിശ്വസിച്ചു.പിന്നീട് ബാംഗ്ലൂർ പോവുന്നതിനു ഇത്തിരി മുൻപ് ഒരിക്കൽ വീണ്ടും ചോദിച്ചിരുന്നു.

അന്ന് അവളുടെ അമ്മയുടെ കുട്ടിക്കാലത്തെ കഥകൾ ഒക്കെ പറഞ്ഞു കൊടുത്തു.അവളുടെ അച്ഛനോടൊപ്പം അമ്മ ഒത്തിരി കഷ്ടപ്പെട്ടിരുന്നു എന്ന് പറഞ്ഞ് ഞാൻ കണ്ണു നിറച്ചപ്പോൾ പിന്നെ അവൾ കൂടുതലൊന്നും ചോദിച്ചില്ല.ഞങ്ങളുടെ ആരുടെയെങ്കിലും കണ്ണ് നിറയുന്നത് അവൾക്ക് സങ്കടമാണ്.അവളും കൂടേ ഇരുന്ന് കരയും.അത് കൊണ്ട് ഹരിക്കുട്ടന്റെ കാര്യം ഉൾപ്പെടെ വേറൊന്നും ഞാനും വിശദീകരിച്ചില്ല.എത്രയൊക്കെ പറഞ്ഞാലും സ്വൊന്തം അച്ഛൻ ഇത്രയും നീചനാണെന്നു അറിഞ്ഞാൽ ഏതൊരു മക്കൾക്കും അതൊരു വലിയ വിഷമം തന്നെയാവില്ലേ.

സ്നേഹസസ്വരൂപനായ ഒരച്ഛന്റെ ചിത്രമായിരിക്കും എല്ലാ കുഞ്ഞുങ്ങളുടെയും മനസ്സിൽ. എന്നാൽ ദിയയ്‌ക്കു കിട്ടാതെ പോയ ആ സ്നേഹം ഞാനും മധു ചേട്ടനും പരസ്പരം മത്സരിച്ചു കൊടുത്തിട്ടുണ്ട്.അതൊക്കെ പോട്ടെ സമയം ഒത്തിരിയായെന്നു തോന്നുന്നു മോള് ഉറങ്ങിക്കോ. ” അത്രയും പറഞ്ഞ് അമ്മ തിരിഞ്ഞു കിടന്നു കണ്ണടച്ചു .കേട്ടു കഴിഞ്ഞകഥകൾ വീണ്ടും ആലോചിച്ചു ഞാനും എപ്പഴോ മയങ്ങി. *********** ഒരു ചുവരിനപ്പുറം വാതിലിൽ ചാരി നിലത്തിരുന്നു കൊണ്ട് H.P യും കഥകൾ എല്ലാം കേൾക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞു പോയ വേദനകളുടെ ചുഴിയിൽ അകപ്പെട്ട ചിന്തകൾ അയാളുടെ മനസ്സ് കുത്തി നോവിച്ചു കൊണ്ടിരുന്നു.ഇത്തിരി കൂടി കഴിഞ്ഞു മുകളിലെ റൂം ലക്ഷ്യമാക്കി നടക്കുമ്പോൾ ചെറിയൊരു നീർത്തിളക്കം തീക്ഷ്ണമായ ആ കണ്ണുകളിൽ തത്തിക്കളിച്ചു. തുടരും……… ഫ്ലാഷ് ബാക്ക് കഴിഞ്ഞു കേട്ടോ🥵.മുൻപത്തെ പാർട്ടുകളിൽ ചെറിയ ചെറിയ സൂചനകൾ തന്ന് കഥയുടെഗതി എങ്ങോട്ടാണെന്നൊരു മുൻധാരണ ഞാൻ ഉണ്ടാക്കി തന്നിരുന്നു. അതാണ്‌ ഫ്ലാഷ്ബാക്ക് സ്പീഡ് ആക്കിയത്.അപ്പോൾ നല്ല കനത്തിൽ തന്നെ അഭിപ്രായങ്ങൾ പോന്നോട്ടെ…

ഹരി ചന്ദനം: ഭാഗം 21

Share this story