നിനക്കായ് : ഭാഗം 11

നിനക്കായ് : ഭാഗം 11

എഴുത്തുകാരി: ഫാത്തിമ അലി

“ആഹാ…ആരിത്….പുലിക്കാട്ടിലെ പുലികുട്ടിയോ….എന്തേ വന്നില്ല എന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു ഞാൻ….” സാമിനെ കണ്ടതും അവിടെ കൂടി ഇരുന്ന് ചീട്ട് കളിച്ചിരുന്നതിൽ ഒരുത്തൻ ചുണ്ടിലിരുന്ന സിഗരറ്റ് എടുത്ത് മാറ്റി അവനെ നോക്കി പരിഹാസത്തോട് കൂടെ പറഞാഞു… “ഹാ…അതെന്നാ പറച്ചിലാടാ ഉവ്വേ….നീ എന്നെ കാണാൻ കാത്തിരിക്കുവായിരിക്കും എന്ന് എനിക്ക് അറിയാൻമേലേ… അതല്ലായോ ഞാനിങ്ങനെ ഓടി വന്നത് ജോണേ….” ഒരു ഈണത്തിൽ പറഞ്ഞ് കൊണ്ട് സാം ഇടത് കാല് ഉയർത്തി മുണ്ടിന്റെ തലപ്പ് മുറുകെ പിടിച്ച് മുന്നോട്ട് നടന്നു…

“അപ്പോ എന്നാ ഉണ്ടെടാ വിശേഷം….?” “ടാ….” സാം അവർക്കടുത്ത് ചെന്ന് ഒഴിഞ്ഞ് കിടക്കുന്ന കസേര ഒന്ന് വലിച്ചെടുത്ത് അതിൽ ഇരിക്കാൻ ഒരുങ്ങിയതും ജോണിന്റെ കൂട്ടാളികളിൽ ഒരുത്തൻ അലറിക്കൊണ്ട് സാമിനെ അടിക്കാനായി ആഞ്ഞു…. അവന്റെ മുഷ്ടി സാമിന്റെ മുഖത്തിന് നേരിയ അകലത്തിൽ എത്തി നിൽക്കെ അത് മുൻകൂട്ടി പ്രതീക്ഷിച്ചെന്ന പോലെ അവൻ ഇടത് കൈ വിടർത്തി വെച്ച് ആ മുഷ്ടിയെ കൈക്കുള്ളിൽ ഒതുക്കി…. “എന്നതാ ടാ ജോണേ…ഒരാൾ സംസാരിച്ച് കൊണ്ടിരിക്കുന്ന സമയത്ത് ഇങ്ങനെ ഒക്കെ….മോശമല്ലേ….” മുഖത്തെ ശാന്തത കൈവിടാതെ സാം ജോണിനെ നോക്കിക്കൊണ്ട് ചോദിച്ചതിനോടൊപ്പം അടിക്കാൻ വന്നവന്റെ വയറിന് നോക്കി മുട്ട് കാൽ കയറ്റി തൊഴിച്ചു….

“ആഹ്…..” “ടാ….” “വേണ്ട….” കൂട്ടത്തിൽ ഒരുത്തനെ തൊട്ടത് കണ്ട് ബാക്കിയുള്ളവരെല്ലാം സാമിന് നേരെ അടിക്കാൻ ആഞ്ഞതും ജോൺ കൈ ഉയർത്തി അവരെ വിലക്കി…. സാമിന്റെ തൊഴിയിൽ വേദനയാൽ ചൂളി നിലത്ത് വീണ് കിടന്ന അവനെ ഒന്ന് നോക്കി സാം ചെയറിൽ ഇരുന്നു… “അപ്പോ ജോണേ…ഞാനെന്തോ പറയാൻ വന്നിരുന്നല്ലോ…. എന്തായിരുന്നു അത്….ആഹ്…. ഇതിപ്പോ രണ്ടാമത്തെ തവണയാണ് നീ എന്നോട് മുട്ടാൻ നിൽക്കുന്നത്…. ചെറിയ പിള്ളേരല്ലേ…പരിചയക്കുറവ് കാണും എന്ന് കരുതി ആദ്യത്തെ തവണ നിന്നോട് ഞാൻ ക്ഷമിച്ചു…. പക്ഷേ ഇപ്പോ നീ എന്നോട് മാത്രം അല്ല എന്റെ എസ്റ്റേറ്റിലും ഫാക്ടറിയിലും തൊഴിലെടുക്കുന്ന കുറേ പാവങ്ങളെ ആണ് വേദനിപ്പിച്ചത്….”

സാമിന്റെ കണ്ണുകളിലെ ശാന്തതയും മുഖത്തെ പുഞ്ചിരിയും കാണെ ജോൺ പുച്ഛത്തോടെ ചിരിച്ച് അൽപം മുന്നോട്ട് ഇരുന്നു…. ജോണിന്റെ കൈയിലെ എരിയുന്ന സിഗരറ്റ് പതിയെ ചുണ്ടിലേക്ക് വെച്ച് പഫ് എടുത്ത് അത് സാമിന്റെ മുഖത്തേക്ക് ഊതി…. അതിന്റെ പുകയിൽ സാം കണ്ണുകൾ ഇറുകെ അടച്ച് മുഷ്ടി ചുരുട്ടി പിടിച്ചതും അവന്റെ കൈയിലേയും കഴുത്തിലേയും നീല ഞെരമ്പുകൾ തെളിയാൻ തുടങ്ങി… “ജോൺ തുടങ്ങിയിട്ടേ ഉള്ളൂ….ചോദിച്ചത് പോലെ ആ എസ്റ്റേറ്റും ഫാക്ടറിയും അന്ന് എനിക്കങ്ങ് തന്നെരുന്നേൽ ഇങ്ങനെ എന്റെ മുന്നിൽ വന്ന് യാചിച്ച് ഇരിക്കേണ്ടി വരുമാതിരുന്നോ സാമേ….

ഇനിയിപ്പോ എന്റെ സകല കൊള്ളരുതായ്മയും സഹിച്ചേ പറ്റു… ഇപ്പോ നിന്റെ തൊഴിലാളികളിൽ ആണുങ്ങളെ മാത്രമേ ഞാൻ തൊട്ടിട്ടുള്ളൂ….ഇനി അതായിരിക്കില്ല….നല്ല ഇളം കരിക്കുകൾ കുറേ ഉണ്ടല്ലോ അതിൽ..അവരെയൊക്കെ ഈ ജോൺ…..” വഷളത്തരത്തോടെ ചുണ്ട് കടിച്ച് ജോൺ പറയാൻ തുടങ്ങിയതും നെഞ്ചിൽ എന്തോ കനത്തിൽ വന്ന് ഇടിച്ചത് പോലെ തോന്നിയ അവൻ പിന്നിലേക്ക് മറിഞ്ഞ് വീണു… ഒരു നിമിഷത്തെ പകപ്പ് മാറിയതും മുന്നോട്ട് നോക്കിയ ജോണിന്റെ മുന്നിൽ കോപത്താൽ ചുവന്ന മുഖവുമായി തന്നെ കത്തിയെരിക്കാൻ പോന്ന ഭാവത്തിൽ നിൽക്കുന്ന സാമിനെ ആയിരുന്നു കണ്ടത്….

“കൊല്ലെടാ ഈ @ മോനെ….” അവന്റെ പൊടുന്നനെയുള്ള ഭാവമാറ്റം ജോണിനെ പേടിപ്പിച്ചെങ്കിലും കൂടെയുള്ളവരെ നോക്കിക്കൊണ്ട് സാമിന് നേരെ കൈ ചൂണ്ടി അവൻ അലറി പറഞ്ഞു…. സാമിന്റെ അടുക്കലേക്ക് വീറോട് കൂടി പാഞ്ഞടുത്ത രണ്ട് പേരുടെയും കൈകളിൽ പിടുത്തമിട്ട് അവ ശക്തിയിൽ പിന്നിലേക്ക് മടക്കി ഒടിച്ച് സാം മുണ്ട് മടക്കി കുത്തി മുന്നോട്ട് ഒരടി നടന്നു…. തന്റെ ഇരു സൈഡിലും വീണ് കിടക്കുന്നവരെ ഒന്ന് നോക്കി തിരിഞ്ഞതും തലക്ക് മുകളിലൂടെ ഉയർന്ന് വന്ന ഹോക്കി സ്റ്റിക്കിനെ നിഷ്പ്രയാസം കൈയിൽ ഒതുക്കിക്കൊണ്ട് അത് ഓങ്ങിയവന്റെ നെഞ്ചിൻകൂട് കലക്കുന്നത് പോലെ ഒരു ചവിട്ട് വെച്ച് കൊടുത്തതും അവൻ പിന്നിലേക്ക് മറിഞ്ഞ് വീണിരുന്നു…

പിന്നാലെ വന്ന രണ്ട് പേരുടെയും ഇരു കാലുകൾക്ക് മേലെ സാം ഹോക്കി സ്റ്റിക്ക് വെച്ച് അടിച്ചതും സ്റ്റിക്ക് രണ്ടായി ഒടിഞ്ഞു… “ടാ…പന്ന @…” തന്റെ കൂട്ടാളികൾ എല്ലാവരും വീണ് കിടക്കുന്നത് കണ്ട ജോൺ വാശിയിൽ എഴുന്നേറ്റ് സാമിന്റെ മുഖത്തിനിട്ട് പഞ്ച് ചെയ്യാൻ വീശി…. അത് അനായാസം ഒഴിഞ്ഞ് മാറിയ സാം ജോണിന്റെ വാരിയെല്ലിലായി പഞ്ച് ചെയ്തു… നിർത്താതെ നാലഞ്ച് തവണ ഇരു കൈകൾ കൊണ്ടും ഒരേ ഇടത്ത് തന്നെ പഞ്ച് ചേയ്തതും ജോൺ മുട്ട് മടക്കിയിരുന്നു…. “ഇത്തവണത്തേക്ക് കൂടെ കൊല്ലാതെ വിട്ടേക്കുവാ നിന്നെ പുന്നാര മോനേ….കിട്ടിയ തല്ലിന്റെ ചതവ് മാറി കഴിയുമ്പോ വീറും വാശിയും കാണിച്ച് ഒന്ന് കൂടെ എന്നെ ഇവിടെ വരുത്തിയാൽ….

പള്ളി സെമിത്തേരിയിൽ കുടംബ കല്ലറക്ക് അടുത്ത് പുതിയൊരു കുഴി കൂടെ നിന്റെ അപ്പൻ കറിയാച്ചന് വെട്ടാൻ പറയെണ്ടി വരും….” നിലത്ത് വീണ് കിടക്കുന്ന ജോണിന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് അവസാന താക്കീതെന്ന പോലെ പറഞ്ഞ് തിരിഞ്ഞ് നടക്കാനൊരുങ്ങിയ സാം എന്തോ ഓർത്തത് പോലെ അവിടെ തന്നെ നിന്നു…. പിന്നെ ജോണിനടുത്തായി മുട്ട് കുത്തി ഇരുന്ന് അവന്റെ തലയുടെ അടുത്ത് വീണ് കിടന്ന പകുതിയായ സിഗരറ്റ് എടുത്ത് ഇരു വിരലുകൾക്കും ഇടയിൽ വെച്ച് ജോണിനെ നോക്കി….. “സിറരറ്റ്….

എനിക്ക് ഇഷ്ടമല്ല…ഓർമയിൽ ഇരിക്കട്ടേ….” ജോണിന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞ് നിവർന്ന് നിന്ന അവൻ കാലിലെ ലെതറിന്റെ ബ്ലാക്ക് കളർ ലൂഫർ കൊണ്ട് ചവിട്ടി അരച്ച് മുണ്ട് മടക്കി കുത്തി കാറിന് അടുത്തേക്ക് ചെന്നു… നെരങ്ങി എഴുന്നേൽക്കുന്ന ജോണിനെ ഒന്ന് നോക്കി സാം കാറിലേക്ക് കയറി സ്റ്റാർട്ട് ചെയ്ത് പുറത്തേക്ക് ഓടിച്ച് പോയി… ***** “പുതിയ സ്ഥലവും…ആളുകളും ആണ്….ശ്രദ്ധിക്കണേ വാവേ….” മാധവനും വസുന്ധരയും തിരിച്ച് നാട്ടിലേക്ക് പോവാൻ ഇറങ്ങിയതായിരുന്നു…. വസുന്ധരയുടെ ഒരു ബന്ധു മരിച്ചത് കൊണ്ടാണ് ഇന്ന് തന്നെ പോവാൻ തീരുമാനിച്ചത്… ശ്രീക്ക് അടുത്ത ആഴ്ച ക്ലാസ്തുടങ്ങുന്നതിനാൽ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്ത് അസുഖം ഒന്നും വരുത്തി വെക്കണ്ട എന്ന് കരതി അവളെ കൂടെ കൂട്ടിയിരുന്നില്ല…

മാധവൻ ശ്രീയുടെ നെറുകിൽ തലോടിക്കൊണ്ട് പറഞ്ഞു…. ഒരച്ഛന്റെ പേടിയും കരുതലും എല്ലാം അയാളുടെ വാക്കുകളിൽ നിറഞ്ഞിരുന്നു…. ശ്രീ പതിയെ ഒന്ന് പുഞ്ചിരിച്ച് അയാളുടെ കൈ ചേർത്ത് പിടിച്ച് ഉമ്മ വെച്ചു… “അവിടെ എത്തിയിട്ട് വിളിക്കാട്ടോ വാവേ…അമ്മേടെ കുട്ടി സന്തോഷായിട്ട് ഇരിക്കണേ…” വസുന്ധര ശ്രീയുടെ നെറുകിൽ ചുംബിച്ച് അവളെ ചേർത്ത് നിർത്തി… “ഡെയ്സീ….ആനി മോളേ….ഇറങ്ങട്ടേ..” “ശരി അച്ഛാ…അമ്മേ…” അവർ യാത്ര പറഞ്ഞ് കണ്ണിൽ നിന്ന് മറയുന്നത് വരെ ശ്രീ ഉമ്മറത്തെ തൂണിൽ ചാരി നോക്കി നിന്നു…. **** സാം നേരെ കാറുമായി അവന്റെ എസ്റ്റേറ്റിലേക്കായിരുന്നു പോയത്… ഏക്കർ കണക്കിന് വരുന്ന റബ്ബർ തോട്ടത്തിന് നടുവിലായി നിർമിച്ച ഒരു വലിയ ഫാക്ടറിയുടെ കോംപൗണ്ടിലേക്ക് അവൻ കാർ കൊണ്ട് പാർക്ക് ചെയ്തു….

അവൻ വരുന്നതും കാത്തെന്ന പോലെ ഫാക്ടറിക്ക് ഉള്ളിൽ നിന്നും ഒരു മദ്ധ്യ വയസ്കൻ ഇറങ്ങി വന്നു…. “കുഞ്ഞിനെയും നോക്കി ഇരിക്കുവായിരുന്നു….” “ഫിലിപ്പച്ചായോ…” “ജോണീടെ ആൾക്കാര് ആണ്….നമ്മുടെ വാസുവും തോമസും പിന്നെ പുതിയ വന്ന സ്റ്റീഫനും ആണ് പരിക്ക് പറ്റിയത്….വേഗം തന്നെ അവരെ നമ്മുടെ ഹോസ്പിറ്റലിലേക്കും മാറ്റി….” സാം വിളിച്ചത് എന്തിനാണെന്ന് മനസ്സിലായ ഫിലിപ്പ് അവിടെ നടന്നതെല്ലാം അവനോട് പറഞ്ഞ് കൊടുത്തു… “മ്മ്….ഞാനൊന്ന് ആശുപത്രിയിലോട്ട് പോയി വരാം…” ഫിലിപ്പിന്റെ അടുത്ത് നിന്നും റബ്ബർ മരങ്ങൾക്കിടയിലെ ഒരു ഇടവഴിയിലൂടെ നടന്ന് അത്യാവശ്യം വലിപ്പമുള്ള ഒരു ക്ലിനിക്കിലായി എത്തി നിന്നു…

ഫാക്ടറിയിലേയും ടാപ്പിങ് തൊഴിലാളികൾക്കും വേണ്ടി സാം ആണ് അവിടെ ഹോസ്പിറ്റൽ തുടങ്ങി വെച്ചത്…. ആർക്കും വലുതായി പരിക്കുകൾ ഒന്നും ഇല്ലായിരുന്നു… ക്ലിനിക്കിൽ നിന്ന് ഇറങ്ങി ഫാക്ടറിയിലും ഒന്ന് കയറി സാം കുറച്ചപ്പുറത്തേക്ക് മാറി ഒരു പടുകൂറ്റൻ ബംഗ്ലാവിലേക്ക് ചെന്നു… “സ്ലീവാച്ചായോ….” സാം ഉറക്കെ വിളിച്ചതും പിന്നിൽ എവിടെ നിന്നോ ഓടി വന്ന ഒരു മദ്ധ്യവയസ്കൻ അവന്റെ മുന്നിൽ ബഹുമാനത്തോടെ നിന്നു… “അലക്സ് വന്നില്ലേ ഇച്ചായാ…?” “ഇല്ല കുഞ്ഞേ…കുഞ്ഞ് മുറിയിലോട്ട് ചെല്ല് ഞാൻ ഇപ്പോ ചായ ഇട്ടോണ്ട് വരാം….” “ഹാ…അതെന്നാന്നേ…ഏലിയാമ്മച്ചേടത്തി എവിടെ…

വന്നില്ലായോ ഇന്ന്…ചേടത്തീടെ മസാലച്ചായ കുടിക്കാഞ്ഞാൽ ഒരു ഉന്മേഷം ഉണ്ടാവില്ലന്നേ….” “അത്..കുഞ്ഞേ…ഏഞ്ചൽ മോൾക്ക് ഒരു വല്ലായ്ക പോലെ…അവളിന്ന് വന്നിട്ടില്ല…” “അയ്യോ…എന്നാ പറ്റി…കാണിച്ചില്ലേ….?എന്താ എന്നോട് പറയാഞ്ഞത്…?” സാമിന്റെ സ്വരത്തിൽ ആകുലത നിറഞ്ഞിരുന്നു…. “ഉവ്വ് കുഞ്ഞേ…പനി പോലെ….നല്ല ക്ഷീണവും ഉണ്ട്….” അയാളോട് സംസാരിച്ച് നിൽക്കുന്നതിനിടയിലാണ് അലക്സ് ജീപ്പുമായി വന്നത്.. “ടാ…ഏഞ്ചൽ മോൾക്ക് വയ്യ…നീ വണ്ടി എടുത്തേ… ഇച്ചായോ…ഞങ്ങൾ മോളെ ഒന്ന് കണ്ടേച്ചും വരാം….” സ്ലീവാച്ചനോട് പറഞ്ഞ് സാം അലക്സിന്റെ ഒപ്പം എസ്റ്റേറ്റിലെ ഇടവഴിയിലൂടെ ഓടിച്ച് തൊഴിലാളികൾ എല്ലാം താമസിക്കുന്ന കോളനിയിലേക്ക് ചെന്ന് നിർത്തി…

“ഏലിയാമ്മച്ചേടത്തീ….” ഒരു ഓടിട്ട വീടിന് മുന്നിൽ എത്തി ഉറക്കെ വിളിച്ചതും ചട്ടയും മുണ്ടും ഉടുത്ത ഒരു സ്ത്രീ പുറത്തേക്ക് വന്നു… “കുഞ്ഞായിരുന്നോ…ആഹാ അലക്സ് മോനും ഉണ്ടോ…” “മോൾക്ക് എന്നാ പറ്റിയതാ….?” സാമും അലക്സും അകത്തേക്ക് കയറി ആ കുഞ്ഞ് മുറിയിലേക്ക് ചെന്നു… അവിടെ കട്ടിലിൽ പുതച്ച് മൂടി ചുരണ്ട് പൂച്ചക്കുഞ്ഞിനെ പോലെ പതുങ്ങി ഒരു കൊച്ച് സുന്ദരി കിടക്കുന്നുണ്ടായിരുന്നു.. “സാമങ്കിളിന്റെ മാലാഖക്കൊച്ചിന് എന്നാ പറ്റി….” “വയ്യായോ കുഞ്ഞൂസേ…?” “മ്ഹും…” സാമിന്റെയും അലക്സിന്റയും ശബ്ദം കേട്ട് കുഞ്ഞ് കണ്ണുകൾ തുറന്ന് നോക്കി അവൾ ഇല്ലെന്ന് ശബ്ദം പുറപ്പെടുവിച്ചു… ഏലിയാമ്മയുടെയും സ്ലീവാച്ചന്റെയും കൊച്ചുമകൾ ആണ് ഏഞ്ചൽ…

അവളുടെ അമ്മയും അപ്പനും ഒരു അപകടത്തിൽ മരിച്ച ശേഷം ഏലിയാമ്മയും സ്ലീവിച്ചനും ആണ് വളർത്തിയത്…. അലക്സ് അവളെ വാരി എടുത്ത് മടിയിൽ ഇരുത്തിയതും സാം ചെന്ന് ജീപ്പിൽ ഇരുന്ന സ്തെതസ്കോപ്പും എടുത്ത് അവരുടെ അടുത്തേക്ക് ചെന്നു…. ഇച്ചായൻ ഒരു ഡോക്ടർ ആണ് ട്ടോ…പീഡിയാട്രീഷൻ…. “ഏയ്…ഇത് കുഞ്ഞ് ഒരു ഉറുമ്പിന്റെ അത്രയും പനി അല്ലേ ഉള്ളൂ…ചേടത്തി എന്റെ കൊച്ചിന് കഴിക്കാനൊന്നും കൊടുക്കുന്നില്ലേ…?” സാം ഏഞ്ചലിനെ പരിശോധിച്ച് അവളെ മടിയിൽ ഇരുത്തിക്കൊണ്ട് അവരോട് ചോദിച്ചു… “ഉവ്വ് കുഞ്ഞേ…പക്ഷേ മോള് കഴിക്കണ്ടായോ…”

“ഈ ഏടത്തി മടിച്ചിയായിട്ട് ഓരോന്ന് പറയുവാ…അല്ല്യോ കുഞ്ഞേ..അങ്കിള് കുടിപ്പിച്ച് തന്നാ കൊച്ച് വയറ് നിറച്ച് കഞ്ഞി കുടിക്കൂലേ….” “കുടിക്കും…” കുഞ്ഞിക്കണ്ണ് വിടർത്തിക്കൊണ്ട് അവൾ പറഞ്ഞതും ഏലിയാമ്മ ഒരു പാത്രത്തിൽ കഞ്ഞി എടുത്ത് വന്നു… “ഇങ്ങ് താ ചേത്തീ….ഞാൻ കൊടുക്കാം…” ഏലിയാമ്മയുടെ കൈയിൽ നിന്നും അലക്സ് പാത്രം വാങ്ങിച്ച് സാമിന്റെ മടിയിൽ ഇരുന്ന ഏഞ്ചലിന് കോരിക്കൊടുത്തു…. ഓരോ കുസൃതി പറഞ്ഞ് രണ്ട് പേരും ഏഞ്ചലിനെ അത് മുഴുവൻ കുടിപ്പിച്ചു…. വയറ്റിൽ വല്ലതും ചെന്നതും കുഞ്ഞിന്റെ ക്ഷീണം പകുതിയും മാറിയിരുന്നു….

“ചേടത്തീ…ഞങ്ങൾ ഇറങ്ങിയേക്കുവാ…സാമങ്കിളിന്റെ കൊച്ച് നല്ല കുട്ടിയായിട്ട് ഭക്ഷണം ഒക്കെ കഴിക്കണേ…ഉവ്വാവു മാറണ്ടേ…” കുഞ്ഞിന്റെ വയറ്റിൽ ചെറുതായി ഇക്കിളിയിട്ടതും അവൾ കുണുങ്ങി ചിരിക്കാൻ തുടങ്ങി…. അവരോട് യാത്ര പറഞ്ഞ് ബംഗ്ലാവിലെത്തി സ്ലീവാച്ചായൻ കൊടുത്ത ചായയും കുടിച്ച് റൂമിൽ ചെന്ന് ഫ്രഷ് ആയി… **** “പപ്പായീ….ഗുഡ് നൈറ്റ്സ്….” രാത്രി ഫുഡും കഴിഞ്ഞ് മാത്യൂവിനും റീനക്കും പതിവ് ഉമ്മയും അമ്മച്ചിയുടെ കവിളിൽ ഒരു പിച്ചും കൊടുത്ത് ആടി പാടി അന്നമ്മ അവളുടെ റൂമിലേക്ക് ചെന്നു… ഒരു ലൈറ്റ് പിങ്ക് കളർ ഉള്ള ഹൂഡിയും മുട്ടറ്റം വരെ ഇറക്കമുള്ള ഷോട്സും ഇട്ട് നേര ബെഡിലേക്ക് ചെന്ന് വീണു…. “ഒന്ന് വിളിച്ച് നോക്കിയാലോ….?”

ടേബിളിൽ വെച്ചിരുന്ന ഫോൺ കൈയിലെടുത്ത് കുറച്ച് നേരം ആലോചിച്ച് നിന്നു…. പിന്നെ “ഇച്ചായൻ😘” എന്ന് സേവ് ചെയ്ത് വെച്ചിരിക്കുന്ന നമ്പറിലേക്ക് കോൾ ബട്ടൺ അമർത്തി ചെവിയിലോട്ട് വെച്ചു…. “ഹലോ….” അലക്സിന്റെ സ്വരം മറുതലക്കൽ നിന്നും ഉയർന്ന് കേച്ടതും അന്നമ്മയുടെ ഹൃദയം ശക്തിയിൽ മിടിക്കാൻ തുടങ്ങി…. സാധാരണ അവളുടെ നമ്പർ കണ്ടാൽ എടുക്കാത്ത അലക്സ് ഇന്ന് തന്റെ കോൾ അറ്റന്റ് ചെയ്തത് അന്നമ്മക്ക് ഒരുപാട് സന്തോഷം നൽകി…. “ചെകുത്താനേ….” അന്നമ്മ ഒരു പ്രത്യേക ഈണത്തിൽ വിളിച്ചതും മറുഭാഗത്ത് അലക്സ് നിശബ്ദനായിരുന്നു……..തുടരും

നിനക്കായ് : ഭാഗം 10

Share this story