ഋതുസംക്രമം : ഭാഗം 21

ഋതുസംക്രമം : ഭാഗം 21

എഴുത്തുകാരി: അമൃത അജയൻ

” മൈത്രേയി ഇവിടുന്ന് എങ്ങോട്ട് പോയാലും തൻ്റെ അമ്മ ഈസിയായി കണ്ടു പിടിക്കും . പോലീസിലൊരു കംപ്ലയിൻ്റ് കൊടുത്താൽ മതി . ” അവൾ മിണ്ടാതെ നിൽക്കുന്നത് കണ്ടിട്ട് നിരഞ്ജൻ പറഞ്ഞു . ശരിയാണെന്ന് അവൾക്കുമറിയാം . അമ്മയുടെ കണ്ണുവെട്ടിച്ച് അധികദൂരമൊന്നും തനിക്കു പോകാൻ കഴിയില്ല . തിരിച്ചെത്തിക്കാൻ പറ്റാത്തിടത്തേക്ക് പോകണമെങ്കിൽ ഒറ്റ മാർഗമേയുള്ളു . ഇന്നോളം പോയവരാരും തിരിച്ചു വരാത്ത യാത്ര . *************

സൂര്യൻ്റെ കൂടെയാണ് മൈത്രേയി പദ്മതീർത്ഥത്തിലേക്ക് മടങ്ങിയെത്തിയത് . അഞ്ജന അവരെ കാത്തിരിപ്പുണ്ടായിരുന്നു . മൈത്രേയി അഞ്ജനക്ക് മുഖം കൊടുക്കാതെ തല കുമ്പിട്ട് നിന്നു . ” നീ റൂമിലേയ്ക്ക് പോ ..” അഞ്ജനയുടെ വിചാരണ ഭയന്നു നിന്ന മൈത്രിയ്ക്ക് അത്ഭുതം തോന്നി . സൂര്യേട്ടൻ കൂടെയുള്ളത് കൊണ്ട് പിന്നത്തേക്ക് മാറ്റി വച്ചതാണോ . അമ്മയുടെ രീതിയതല്ലല്ലോ . ജയനങ്കിളിൻ്റെ മുന്നിൽ വച്ച് തന്നെ എത്രയോ തല്ലിയിരിക്കുന്നു . മൈത്രി കോണിപ്പടി കയറി പോകുന്നത് വരെ അഞ്ജന നോക്കി നിന്നു . അവൾ പോയിക്കഴിഞ്ഞതും സൂര്യനു നേരെ തിരിഞ്ഞു .. ” കേസ് ഫയൽ ചെയ്തിട്ടില്ലല്ലോ .. ”

” ഇല്ല .. പക്ഷെ ക്ഷതമേറ്റ പാടുകൾ അവർ റിക്കോഡിലെഴുതിയിട്ടുണ്ട് . ആരോ വടിയോ അത് പോലുള്ള ആയുധമോ ഉപയോഗിച്ച് മാരകമായി പ്രഹരിച്ചു എന്നാണ് അവരുടെ ഫൈൻഡിംഗ്സ് . എനിക്ക് പരിചയമുള്ള ഡോക്ടറായിരുന്നത് കൊണ്ടാ കേസാക്കാതെ ഒഴിവാക്കിയത് . ഇനിയിതുപോലൊരു സാഹചര്യമുണ്ടായാൽ .. ” പറഞ്ഞത് മുഴുപ്പിക്കാതെ അഞ്ജനയെ നോക്കി സൂര്യൻ . മൈത്രി വീടുവിട്ടിറങ്ങിപ്പോയത് അഞ്ജനയ്ക്ക് വിശ്വസിക്കാൻ പ്രയാസമായിരുന്നു . അവളിൽ നിന്നങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചില്ല .

തൻ്റെ കൺവെട്ടത്ത് നിൽക്കാൻ പോലും പേടിയുള്ള , പദ്മതീർത്ഥത്തിന് പുറത്ത് അഞ്ജന കാണിച്ചു കൊടുത്തിട്ടുള്ള , പോകാനനുവദിച്ചിട്ടുള്ള സ്ഥലങ്ങൾക്കപ്പുറത്തേക്കൊരിടത്തും പോകാൻ ധൈര്യമില്ലാത്ത മൈത്രി നോർത്തിന്ത്യയിലെവിടെയോ ഉള്ള പപ്പിയെ തേടിപ്പോകാൻ തുനിഞ്ഞിരിക്കുന്നു . തന്നെ തോൽപ്പിക്കാനവൾ പപ്പിയെ കൂട്ടുപിടിക്കുമ്പോൾ ചുരുങ്ങിച്ചെറുതാകുന്നത് താനാണ് . എങ്ങനെ നോക്കിയാലും പപ്പിയും അവളും തമ്മിലടുക്കാതിരിക്കേണ്ടത് തൻ്റെയാവശ്യമാണ് . ***

മുകളിലേക്ക് വന്നിട്ടു മുറിയിലേക്ക് പോകാതെ അവൾ ബാൽക്കണിയിൽ പോയി നിന്നു . അച്ഛയെക്കാണാൻ മനസനുവദിക്കുന്നില്ല . അമ്മയും സൂര്യേട്ടനും കാറിൽ കയറിപ്പോയതേയുള്ളു . അമ്മയിനി ഉപദ്രവിക്കില്ലെന്ന് നിരഞ്ജൻ പറഞ്ഞത് എന്തുദ്ദേശിച്ചാവും . അതു കൊണ്ടാണോ അമ്മയിപ്പോൾ ഒന്നും ചോദിക്കാനോ പറയാനോ വരാതെ പോയത് . ഹോസ്പിറ്റലിൽ വച്ച് നിരഞ്ജനും ആഷിക്കും സൂര്യേട്ടനും സംസാരിച്ചതെന്തായിരുന്നു ? ” മോളെ അച്ഛ തിരക്കണുണ്ട് .. ” തിരിഞ്ഞു നോക്കിയപ്പോൾ ഭാസ്കരേട്ടനാണ് . ആൾ കടന്നു വന്നത് കണ്ടിരുന്നില്ലല്ലോ . ” ഇനിങ്ങനെ ആരോടും പറയാതെ പോകരുത് കുട്ടി . കാലം നന്നല്ല .

ഒരാപത്തുണ്ടായാൽ .. ” ഭാസ്കരേട്ടനെ നോക്കി വെറുതേ പുഞ്ചിരിച്ചു . ആപത്തുണ്ടായാലത്രേ .. ഈ വീടിനുള്ളിൽ താൻ സുരക്ഷിതയാണോ ? എല്ലാവർക്കും വീടെന്നാൽ ശാന്തിയും സമാധാനവും സുരക്ഷിതത്വവുമല്ലേ . അത് ലഭിക്കാത്തിടം വീടാകുന്നതെങ്ങനെ ? പുറം ലോകത്തിന് ഇതിനേക്കാൾ സുരക്ഷിതത്വമുണ്ടെങ്കിലോ . കുറച്ചു സമയത്തേക്കെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്തപ്പോൾ ഉള്ളിലടിഞ്ഞുകൂടിയ ഭയത്തിനപ്പുറം ഇന്നോളമറിഞ്ഞിട്ടില്ലാത്ത ഒരു സമാധാനം താനനുഭവിച്ചറിഞ്ഞതല്ലേ .. എന്തോ ഒരു ധൈര്യം , അത് തന്നതും ആ പുറം ലോകമല്ലേ . ഈ വീടിൻ്റെ ചുമരുകൾക്കുള്ളിൽ ജീവിച്ചാൽ കിട്ടാത്തൊരു ധൈര്യം , അത് പുറം ലോകത്തിനുണ്ട് .

പത്മരാജൻ വാതിൽക്കലേക്ക് മിഴിയയച്ച് കിടപ്പുണ്ട് . മൈത്രിയെ കണ്ടപ്പോൾ കൃഷ്ണമണികൾ ചടുലമായി ചലിപ്പിച്ചു . അവളോടുള്ള കരുതലും ശാസനയുമെല്ലാം ആ ചലനങ്ങളിലുണ്ട് . മൈത്രി അരികിൽ ചെന്ന് തലകുമ്പിട്ടിരുന്നു . മാപ്പ് പറയും പോലെ അച്ഛേടെ കൈകളിൽ അമർത്തിപ്പിടിച്ച് ദീർഘനേരമിരുന്നു . പത്മരാജൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ ഹൃദയം മുറിഞ്ഞു പോയി . പാവം . തന്നെക്കാൾ ഭീകരമായിരിക്കും അച്ഛേടെയവസ്ഥ .. ഇതിനുള്ളിൽ നിന്നൊരു മോചനമില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് വർഷം ആറേഴായില്ലേ . ചികിത്സയ്ക്ക് പോലും പുറത്തേക്കില്ല .

ജിതേന്ദ്രനങ്കിൾ ആഴ്ചയിൽ വീട്ടിൽ വന്നാണ് ട്രീറ്റ്മെൻറ് പോലും . കാലം തീർത്തതോ മനുഷ്യൻ തീർത്തതോ എന്നറിയാത്ത തടവറയ്ക്കുള്ളിൽ രണ്ടാത്മാക്കൾ മച്ചകം നോക്കി കിടന്നു .. ഒരിക്കലാ മച്ചിൻ്റെ പാഴ്ത്തടികളടർന്നു വീണ് , വിളർത്ത ആകാശത്തിൻ്റെ വെളിച്ച വീചികൾ കടന്നു വരുന്നതും കാത്തവർ മുകളിലേക്ക് മിഴിയയച്ചു .. മച്ചിനു മുകളിൽ കനത്ത കരിങ്കൽ ഭിത്തികളും പടം പൊഴിച്ചാടുന്ന കരിനാഗങ്ങളുമുണ്ടെന്ന് ഇരുവരുമറിഞ്ഞില്ല .. അവരുടെ ലോകം അത്രമേൽ ചെറുതായിരുന്നു .. ” ആൻ്റീടടുത്തേക്ക് പോകാമെന്ന് വച്ചിട്ടാണച്ഛേ .. ഇനിയാവർത്തിക്കില്ല ” അച്ഛയുടെ കൈപിടിച്ച് അത്രയും പറഞ്ഞപ്പോൾ സമാധാനം തോന്നി .

അച്ഛയെ ഇവിടെയിട്ടിട്ട് തനിക്കുമാത്രമായെന്തിനു മോചനം . ഒരു നിമിഷത്തേക്കെങ്കിലും സ്വാർത്ഥയായിപ്പോയതിൽ കുറ്റബോധം തോന്നി .. സ്വന്തം മുറിയിൽ വന്ന് ഫോൺ കണ്ടപ്പോഴാണ് നിരഞ്ജൻ നമ്പർ വാങ്ങിയ കാര്യം ഓർമ വന്നത് . ഓടിച്ചെന്ന് ഫോണെടുത്തു നോക്കി . പ്രതീക്ഷിച്ചതു പോലെ പരിചയമില്ലാത്ത നമ്പറിൽ നിന്നൊരു കോൾ കണ്ടു . നിരഞ്ജൻ തന്നെയാകുമെന്ന് തോന്നിയെങ്കിലും അങ്ങോട്ട് വിളിച്ചില്ല . അവൻ തന്നെയാണെങ്കിൽ ഉറപ്പായും വീണ്ടും വിളിക്കും . രണ്ടോ മൂന്നോ മിനിറ്റിനുള്ളിൽ ആ നമ്പറിൽ നിന്ന് വീണ്ടും കോൾ വന്നു . ” വീട്ടിലെത്തിയോ …? ” മുഖവുരയില്ലാതെയുള്ള ചോദ്യം . ” ഉവ്വ് …” ” എന്തെങ്കിലും പ്രശ്നമുണ്ടായോ ?” സ്വരത്തിലെ ഉത്ഘണ്ട അവൾ തിരിച്ചറിഞ്ഞു … ” ഇതുവരെയില്ല .. അമ്മയും സൂര്യേട്ടനും പോവുകയും ചെയ്തു .. ” ” ഞാൻ ഉണ്ണിയെ കൊണ്ട് സൂര്യനെ വിളിപ്പിച്ച് നിങ്ങളവിടെയെത്തിയെന്നുറപ്പിച്ചിട്ടാ വിളിച്ചത് .

കോളെടുക്കാതിരുന്നപ്പോൾ പേടിച്ചു … ” ” ഞാനച്ഛേടടുത്താരുന്നു .. ” ” അച്ഛയെന്ത് പറഞ്ഞു .. ” പെട്ടന്ന് ആ ചോദ്യം അബദ്ധമായത് പോലെ അവൻ നിർത്തിക്കളഞ്ഞു . ” അച്ഛ ക്ഷമിച്ചു . സാരല്ല്യന്ന് പറഞ്ഞു . ഇനി പോകുവാച്ചാ അച്ഛയെ മറന്നു പോകല്ലേന്ന് പറഞ്ഞു .. ” അങ്ങനെ പറയുമ്പോൾ അവളുടെ തൊണ്ടയിടറി . ” വേണ്ട ..കരയണ്ടട്ടോ .. ” അവൾ നേർത്തൊരു ചിരിയോടെ മൂളി കേട്ടു . ” എന്നാ നീ കട്ട് ചെയ്തോ . ഞാൻ ഡ്യൂട്ടിയിലാ . രാത്രി വിളിക്കാം . നമ്പർ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തിട്ട് ഒന്നു കിടന്നുറങ്ങ് .. ” ” ശരി .. ” അവൾ കട്ട് ചെയ്തിട്ട് അവൻ പറഞ്ഞതുപോലെ നമ്പർ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു . എഴുന്നേറ്റ് പേയി ഡ്രസ് മാറിയിട്ട് അവൾ ബെഡിൽ കയറി ചുരുണ്ട് കിടന്നു . ****

സൂര്യനേയും കൂട്ടി കമ്പനിയിലേക്കായിരുന്നില്ല അഞ്ജനയുടെ യാത്ര .. കാർ കുറച്ചധികം ഓടിക്കഴിഞ്ഞപ്പോഴാണ് സൂര്യനത് മനസിലായത് . ഒരു വട്ടം തിരിഞ്ഞ് അഞ്ജനയോട് ” ഇതെങ്ങോട്ടാ മാഡം ‘ എന്ന് ചോദിച്ചതാണ് . അതിനവൾ മറുപടി പറഞ്ഞില്ല . പിൻസീറ്റിൽ അഞ്ജനയുടെ അടുത്ത് ഒരു സ്യൂട്ട്കേസ് കൂടിയുണ്ടായിരുന്നു . കാർ സിറ്റി വിട്ട് ഗ്രാമത്തിലൂടെയായി യാത്ര . ഇരുവശത്തെയും ഏക്കർ കണക്കിന് റബ്ബർ തോട്ടങ്ങൾക്ക് നടുവിലുള്ള ടാറിട്ട റോഡിലൂടെ കാറോടി . ഡ്രൈവർക്ക് ആ യാത്ര പരിചയമുണ്ടെന്ന് സൂര്യന് മനസിലായി .

ഒരിക്കൽ പോലും അയാൾക്ക് വഴി ചോദിക്കേണ്ടി വന്നിട്ടില്ല . കുറേയോടിയ കാർ , റബ്ബർ തോട്ടത്തിന് ഇടയിലൂടെയുള്ള വഴിയേ ഓടി വലിയ ഇരുമ്പ് ഗേറ്റിന് മുന്നിൽ കിതച്ചു കൊണ്ട് നിന്നു ഹോണടിച്ചു .. ഒന്നോ രണ്ടോ മിനിറ്റിനുള്ളിൽ ഒരു മനുഷ്യൻ എവിടുന്നോ ഓടി വന്ന് ഗേറ്റു വലിച്ച് രണ്ടറ്റത്തേക്കായി തുറന്നു വച്ചു . സൂര്യൻ അയാളെ സൂക്ഷിച്ച് നോക്കി . കള്ളി കയലിയും , കാക്കി ഷർട്ടും തലയിൽ ചുവന്ന തോർത്തുകൊണ്ടൊരു കെട്ടും . കരിയിലകൾ വീണു കിടന്ന മുറ്റത്തു കൂടി ഞെരിച്ചമർത്തിക്കൊണ്ട് കാർ ഒരു വീടിനു മുന്നിൽ ചെന്ന് നിന്നു . മൂന്ന് നിലകളുള്ള കൂറ്റൻ മാളിക . തൂവെള്ള പെയിൻ്റടിച്ച ആ വസതി ആ സ്ഥലത്ത് ഒറ്റപ്പെട്ട് നിൽക്കുന്ന ഒന്നാണ് . കാഴ്ചയിൽ തന്നെ എന്തോ ഒരു വന്യത .

അഞ്ജന ഡോർ തുറന്നിറങ്ങുന്നത് കണ്ടപ്പോൾ സൂര്യനും ഇറങ്ങി . ” ആ സ്യൂട്ട് കേസെടുത്തോ ..” ആജ്ഞാപിച്ചിട്ട് അഞ്ജന മുന്നിൽ നടന്നു . സൂര്യന് അനുസരിക്കേണ്ടി വന്നു . അഞ്ജനയ്ക്കൊപ്പം ചെല്ലുമ്പോൾ , കോളിംഗ് ബെല്ലിനടുത്തായി കൊത്തി വച്ചിരുന്ന നെയിംബോർഡ് വായിച്ചു . ‘ നാരകത്ത് ‘ . . ആ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ . അവൻ ഓർമയിൽ ചികയുമ്പോഴേക്കും അഞ്ജന കോളിംഗ് ബെല്ലമർത്തി .. അധികം കാത്തു നിൽക്കേണ്ടി വന്നില്ല . വാതിൽ തുറന്നതൊരു സ്ത്രീയാണ് . നീലക്കരയുള്ള കോടിയാണ് വേഷം . തടിച്ച പ്രകൃതം . കാതിൽ നാലോളം കമ്മലുകൾ മേക്കാതുകുത്തിയിട്ടിരിക്കുന്നതാണ് സൂര്യൻ ആദ്യം ശ്രദ്ധിച്ചത് .

അഞ്ജനയെ കണ്ട് ആ സ്ത്രീയുടെ മുഖം വിടർന്നു . ഇരുവരും കെട്ടിപ്പിടിക്കുന്നതും അകത്തേക്ക് പോകുന്നതും നോക്കി സൂര്യൻ സിറ്റൗട്ടിൽ തന്നെ നിന്നു . പെട്ടന്ന് അഞ്ജന തിരിച്ചു വന്നു . ” നീയകത്ത് കയറിയിരിക്ക് ” സൂര്യനെ നോക്കി പറഞ്ഞിട്ട് അഞ്ജന പിന്തിരിഞ്ഞു . ” പുതിയ ആളാ .. ” അകത്ത് അഞ്ജന പറയുന്നത് സൂര്യൻ കേട്ടു . പിന്നാലെ സംസാരിച്ചത് ശബ്ദം താഴ്ത്തിയായതിനാൽ അതെന്താണെന്ന് കേൾക്കാൻ കഴിഞ്ഞില്ല .. സൂര്യൻ അകത്തേക്ക് കടന്നു . വിശാലമായ ഹാളായിരുന്നു അത് . കയറി ചെല്ലുന്നിടത്ത് തന്നെ കറുത്ത കുഷ്യനിട്ട വലിയ സോഫാ സെറ്റ് . അവൻ അവിടെപ്പോയിരുന്ന് മുഴുവൻ വീക്ഷിച്ചു .

ചുമരിൽ ഒരു പെൺകുട്ടിയുടെ നിരവധി ഫോട്ടോകൾ .. പല പ്രായത്തിലുള്ളത് .. കാഴ്ചയിൽ അവൾ മൈത്രിയെപ്പോലെ .. സ്കൂൾ യൂണിഫോമിലുള്ള ഫോട്ടോകൾ , കുതിരപ്പുറത്തിരിക്കുന്ന ഫോട്ടോ , ലോങ് സ്കർട്ടിട്ട് സ്റ്റൂളിൽ കാലിൻമേൽ കാൽ കയറ്റിയിരിക്കുന്ന ഫോട്ടോ , ജെർമൻ ഷേപ്പേർഡിൻ്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ , റൈഫിൾ ഉപയോഗിക്കുന്ന മൂന്നോ നാലോ ഫോട്ടോസ് . ഒന്ന് പതിനാലോ പതിനഞ്ചോ വയസിലുള്ളതാണ് .. ഇരുവശവും മെടഞ്ഞിട്ട മുടി മുന്നിലേക്ക് കിടപ്പുണ്ട് . സ്കർട്ടും ടോപ്പുമാണ് വേഷം . കുറച്ച് കൂടി മുതിർന്ന ശേഷമുള്ള ഫോട്ടോസ് റൈഫിൾ പിടിച്ച് ഏതോ ലക്ഷ്യത്തിലേക്ക് ഉന്നം പിടിച്ചു നിൽക്കുന്നു ..

മുടി മുകളിലേക്ക് വിരൽ കടത്തി മാടിയെറിഞ്ഞ് ദൂരേക്ക് നോക്കി പുഞ്ചിരിക്കുന്ന യുവതിയുടെ കവിളിൽ വെയ്‌ലേൽക്കുന്ന ചിത്രം .. ബുള്ളറ്റോടിക്കുന്ന ചിത്രം , ഏതോ കായലിലൂടെ പെഡൽ ബോട്ടോടിക്കുന്ന ചിത്രം , അഞ്ജനയാണതെന്ന് തിരിച്ചറിയാൻ അവനധികം സമയമെടുത്തില്ല .. ഇന്നത്തെ പെൺകുട്ടികൾ ഇനിയുമെത്തിപ്പെടാത്തിടത്ത് വർഷങ്ങൾക്ക് മുൻപേ സഞ്ചരിച്ച സ്ത്രീ .. ചുമരുകളിൽ പെൺകുട്ടികളുടെ നൃത്തം ചെയ്യുന്നതും കണ്ണുകളിൽ നാണമൊളിപ്പിച്ച് നിൽക്കുന്നതുമായ ഫോട്ടോകളുമാണ് അവനിന്നോളം കണ്ടിട്ടുള്ളത് .. അത്തരത്തിലൊന്നു പോലും ആ ഭിത്തിയിൽ കണ്ടില്ല . അഞ്ജനയോടവന് ആരാധന തോന്നി . ആ ചുമരിൽ കാണുന്ന പെൺകുട്ടിക്കു മുന്നിൽ മൈത്രേയി എന്ത് . ഒന്നുമല്ല ..

നാട്ടിൽ കാണുന്ന നൂറുകണക്കിന് നാണം കുണുങ്ങി പെൺകുട്ടികളിലൊന്ന് മാത്രം . അകത്ത് നിന്ന് അഞ്ജനയിറങ്ങി വന്നപ്പോൾ സൂര്യൻ അറിയാതെ എഴുന്നേറ്റു നിന്നു . അഞ്ജനയുടെ മുഖത്തേക്കും ആ ചിത്രങ്ങളിലേക്കും അവൻ പിന്നെയും പിന്നെയും നോക്കി .. അവർക്കൊരു മാറ്റവുമില്ല .. ആ മുഖത്തിന്നും അതേ യൗവ്വനം .. അതേ പ്രസരിപ്പ് .. ” നിനക്ക് കുടിക്കാനെന്താ വേണ്ടത് ..?” ” ഒ …. ഒന്നും വേണ്ട മാഡം .. ” ” തിരിച്ചു പോകുമ്പോൾ ഒരു പാട് വൈകും … ” ” കൂളായിട്ടെന്തെങ്കിലും മതി .. ” അവളകത്തേക്ക് മറഞ്ഞു .. സൂര്യൻ പഴയപടിയിരുന്നു , വീണ്ടും വീണ്ടും ആ ഫോട്ടോകളിലേക്ക് നോക്കി .. കണ്ടിട്ടും കണ്ടിട്ടും മതിയാകാത്ത പോലെ …..( തുടരും ) അമൃത അജയൻ അമ്മൂട്ടി

ഋതുസംക്രമം : ഭാഗം 20

Share this story