സ്‌നേഹതീരം: ഭാഗം 22

സ്‌നേഹതീരം: ഭാഗം 22

എഴുത്തുകാരി: ശക്തികലജി

വർഷങ്ങൾക്ക് മുൻപ് ഇതേ അമ്പലനടയിൽ വച്ച് ശരത്തേട്ടൻ താലിചാർത്തിയത് ഓർമ്മ വന്നു… എന്ത് പെട്ടെന്നാണ് എല്ലാം കഴിഞ്ഞത്… തൊഴുത് തിരിച്ചിറങ്ങുമ്പോൾ വിധുവേട്ടൻ എൻ്റെ കൈയ്യിൽ ഒരു കവർ തന്നു.. ഒരു പേനയും തന്നു…” ചന്ദ്ര അതിൽ ഒപ്പിട്ട് കൊടുക്ക്… ഒപ്പിട്ട് കഴിഞ്ഞാൽ ഇന്ന് മുതൽ അവനുമായി യാതൊരു ബന്ധവും ഇല്ല…” വിധുവേട്ടൻ പറഞ്ഞപ്പോൾ വിറയ്ക്കുന്ന കൈയ്യോടെ പേനാ വാങ്ങി വിധുവേട്ടൻ പറഞ്ഞ സ്ഥലത്തെല്ലാം യാന്ത്രികമായി ഒപ്പിട്ടു… ശരത്തേട്ടൻ എന്നെ തന്നെ നോക്കി നിൽക്കുകയായിരിക്കും എന്ന് എനിക്കറിയാം മനസ്സിൽ ഇപ്പോൾ എന്താവും…

ഒഴിവാക്കി വിട്ടതിനെ ഓർത്ത് സന്തോഷമാകും … അന്നും ഇങ്ങനെ ഒരു ഒപ്പിൽ തീരാവുന്നതേയുള്ളായിരുന്നു.. അന്ന് ഒരു വാക്കു പറഞ്ഞിരുന്നെങ്കിൽ സ്വയം ഒഴിഞ്ഞു പോയേനെ.. എൻ്റെ മക്കളെയും എനിക്ക് നഷ്ടപ്പെടില്ലായിരുന്നു . പക്ഷേ ഇതെല്ലാം കഴിഞ്ഞ് എന്നെ മാത്രം ഒറ്റയ്ക്കാക്കി ദൈവം .. അല്ലെങ്കിലും ദൈവത്തെ പറഞ്ഞിട്ട് എന്താണ് മനുഷ്യർ കാണിക്കുന്ന അഹങ്കാരം .. അതിന് ദൈവത്തിനു കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല .. തന്ന ജീവിതം മനോഹരമായ ജീവിച്ചു തീർക്കാൻ കഴിയാതെ മനുഷ്യർ തെറ്റായ വഴിക്ക് പോയി സ്വയം ജീവിതം നശിപ്പിക്കുകയാണ് ചെയ്യുന്നത് .. ദൈവം തന്ന ജീവിതം നല്ല രീതിയിൽ കൊണ്ടുപോവുക എന്നത് അവനവൻ്റെ കൂടി ഉത്തരവാദിത്വമാണ് ..

പത്തൊൻപത് വയസ്സിൽ വിവാഹം . ഇരുപത്തിരണ്ടാമത്തെ വയസ്സിൽ രണ്ടു മക്കളുടെ അമ്മ .. ഇരുപത്തിനാല് വയസ്സായപ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടു .. ജീവിതവും എൻ്റെ ജീവനായ മക്കളും .. എല്ലാം കൂടി ആകെ ഒറ്റപ്പെട്ട അവസ്ഥയിൽ ആയി …ഇനി അമ്മ ജീവനോടെ ഉള്ളത് കാലം വരെ അമ്മ ഉണ്ട് എന്ന് പറയാം.. അതുകഴിഞ്ഞ് തൻ്റെ ജീവിതം എന്താകും അത് ഓർക്കവേ അവളുടെ മിഴികൾ നിറഞ്ഞു .. അപ്പൂസ് അവളുടെ കൈയിൽ ചുറ്റി പിടിച്ചു .. എഴുതി ഒപ്പിട്ട് പേപ്പറിലേക്ക് ഒന്നൂടെ നോക്കി മിഴിനീർ മുത്തുകളാൽ അലങ്കരിക്കപ്പെട്ട കടലാസ് കണ്ട് അവളുടെ ഹൃദയം വിങ്ങി..

ശരത് അവളെത്തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു ശരത്തേട്ടന് പിന്നിൽ നിൽക്കുന്ന പെണ്ണിനേയും അപ്പൂസിൻ്റെ പ്രായമുള്ള ഒരു കുഞ്ഞിനെയും കണ്ടപ്പോൾ തന്നെ തോന്നി അത് അവൾ ആയിരിക്കും… ശരത്തേട്ടൻ്റെ കാമുകി … ഒപ്പിട്ടത് വിധുവേട്ടൻ്റെ കയ്യിൽ കൊടുത്തു… എന്നിട്ട് ശരത്തേട്ടൻ്റെ അരികിലേക്ക് നടക്കുമ്പോ അപ്പൂസ് എൻ്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു … “ഇങ്ങനെ ഒരു പേപ്പറിൻ്റെ കാര്യമായി ഉള്ളായിരുന്നു നമ്മൾ തമ്മിലുള്ള ബന്ധം വേർപ്പെടുത്താൻ അല്ലേ.. ശരത്തേട്ടൻ ഒരു വാക്കു പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇതു പോലെ ഒപ്പിട്ടു തന്നേനെല്ലോ…

എൻ്റെ മക്കളെയും കൊണ്ട് ഞാൻ എങ്ങനെയും ജീവിക്കും ആയിരുന്നു.. എൻ്റെ മക്കളും കൂടെ ഉണ്ടായിരുന്നേനെ. ഈ പെണ്ണിനെ കല്യാണം കഴിച്ച് സുഖമായി ജീവിക്കാൻ വേണ്ടിയിട്ട് എന്നെ കൊല്ലാനും എൻ്റെ മക്കളെ ഒഴിവാക്കാൻ ശ്രമിച്ചത് .. ഇത്രയൊക്കെ ആയിട്ടും എനിക്ക് ഒന്ന് ദേഷ്യപ്പെടാൻ കഴിയുന്നില്ല.. ഒരിക്കൽ ഹൃദയം തുറന്ന് നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ മക്കളെ പ്രസവിക്കുകയും വളർത്തുകയും ചെയ്തത് കൊണ്ടാവും … നിങ്ങളായിരുന്നു എൻ്റെ ലോകം…. അത്രയും ആത്മാർത്ഥമായി സ്നേഹിച്ചിട്ടും നിങ്ങൾക്കെങ്ങനെ എന്നെയും മക്കളെയും കൊല്ലാൻ തോന്നി…

ഇതാവും അല്ലേ കാമുകി ഇവൾക്ക് വേണ്ടിയാണല്ലോ എൻ്റെ മക്കളെ ഇല്ലാതാക്കിയത് ” … എന്നെങ്കിലും നിന്നെ കാണുകയാണെങ്കിൽ നിനക്ക് തരാൻ കരുതിവച്ചിരുന്നതാണ് “എന്ന് പറഞ്ഞു ചന്ദ്ര ആ പെണ്ണിൻ്റെ കവിളിൽ ആഞ്ഞടിച്ചു… അവൾ പുറകിലേക്ക് വേച്ചുപോയി… ഭയത്തോടെ ശരത്തിൻ്റെ പുറകിലേക്ക് മറഞ്ഞ് നിന്നു.. “ഇനി ഒരിക്കലും നിങ്ങളെ കാണാതിരിക്കട്ടെ എന്നെ കാണാനും വരരുത് പിന്നെ വീടും സ്ഥലവും കിട്ടുമെന്ന് ഒരു വ്യാമോഹവുo വേണ്ട… അത് അച്ഛൻ എനിക്ക് തന്ന സ്വത്താണ് അത് കണ്ട വഴിപോക്കർക്ക് കൊടുക്കാൻ ഉള്ളതല്ല ….

ഇനി അതിൻ്റെ പേരും വന്ന ആ വഴിക്ക് എങ്ങാനും വന്നാൽ എൻ്റെ മറ്റൊരു മുഖം നിങ്ങൾക്ക് കാണേണ്ടിവരും .. പിന്നെ നീ ഒന്നോർത്തോ എൻ്റെ മരിച്ചുപോയ മക്കൾ ശാപം എന്നും നിനക്കൊപ്പം ഉണ്ടാവും… നിനക്കു ഒരു കുഞ്ഞ് ഉണ്ടല്ലോ… ആ ഒരു കുഞ്ഞിന് ഒരു പോറൽ ഏൽക്കുമ്പോൾ നിനക്ക് എന്ത് വിഷമം ആയിരിക്കും അപ്പോൾ മക്കളെ നഷ്ടപ്പെട്ട എൻ്റെ അവസ്ഥയോ.. നീയും കൂടി ചേർന്ന് അല്ലേ മക്കളെ കൊല്ലാനുള്ള വിഷം ഇനിയൊരു ഏൽപ്പിച്ചത് ഭഗവാൻ്റെ നടയിൽ നിന്ന് പറയുകയാണ് എന്നോട് ചെയ്തത് ദൈവം നിങ്ങളോട് ചോദിക്കും അത്രയും മാത്രമേ എനിക്ക് പറയാനുള്ളൂ പിന്നെ ഇയാൾ മറ്റൊരു പെണ്ണിനെ തേടി പോകാതിരിക്കാൻ സൂക്ഷിച്ചോ ..

സമ്പത്തുള്ള വേറൊരു പെണ്ണിനെ കിട്ടിയാൽ നിന്നെയും കൊല്ലാൻ മടിക്കാത്ത അവനാണ് ഇവൻ.. നിന്നിലുള്ള പണവും സ്വത്തും തീർന്നു കഴിഞ്ഞാൽ പിന്നെ നിന്നെ ആവശ്യം കാണത്തില്ല കുപ്പത്തൊട്ടിയിൽ വലിച്ചെറിയുന്നത് പോലെ കളഞ്ഞിട്ട് പോയ് കളയും അതുകൊണ്ട് എനിക്ക് സംഭവിച്ചതുപോലെ നിനക്കും സംഭവിക്കുന്നത് അത്ര ദൂരം അല്ല അത് മാത്രം നീ മനസ്സിലാക്കിക്കോ… മനസ്സിലാക്കുന്ന കാലം വരും.. അന്ന് ഞാൻ വരും നിന്നെ കാണാൻ … അല്ലെങ്കിൽ വേണ്ട കാണാൻ വരണ്ട എനിക്കിനിയും നിങ്ങളെ ആരെയും കാണുകയും വേണ്ട ഇന്നത്തോടെ നിങ്ങളുമായി എല്ലാ ബന്ധവും അവസാനിച്ചു ”

പിന്നെ താലിയുടെ കാര്യം താലി എനിക്ക് ആവശ്യം വന്നപ്പോൾ ഞാൻ അത് വിറ്റു .. എനിക്ക് ചെലവ് തരണം കടമ ഭർത്താവിനെ ആയിരുന്നല്ലോ ആ കണക്കിൽ അതങ്ങ് കൂട്ടിയാൽ മതി ” ഇത്രയും മാത്രം പറഞ്ഞുകൊണ്ട് ഞാൻ അപ്പൂസിന് എടുത്തു തോളിലേക്ക് ഇട്ടു .. തിരിഞ്ഞു നോക്കാതെ വേഗം ഓടി ഭ്രാന്തിയെ പോലെ.. ഇനി അവിടെ നിന്നാൽ അപ്പൂസിനെയും അയാൾ കൊല്ലും…. ആരും എൻ്റെ പുറകെ വരുന്നുണ്ടോ എന്ന് ഒന്നും നോക്കിയില്ല …കൂടെ വരുന്നവരെ പോലും ഞാൻ മറന്നു പോയി.. എനിക്ക് എത്രയും വേഗം വീട്ടിലെത്താൻ മതി എന്നു തോന്നി .. ഗേറ്റ് തുറന്ന് വീട്ടിൽ എത്തി താക്കോൽ എടുത്ത് വാതിൽ തുറന്ന് മുറിയിലേക്ക് പോയിരുന്നു …

അപ്പൂസ് വല്ലാത്തൊരു ഭയത്തോടെ എൻ്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു .. അവനേയും ചേർത്തു പിടിച്ചു കട്ടിലിൽ ഇരുന്നു.. “അപ്പൂസ് ആരെന്ത് തന്നാലും ഒന്നും വാങ്ങി കഴിക്കരുത് കേട്ടോ ” എന്ന് പറഞ്ഞ് അവനെ ചുംബനം കൊണ്ടു മൂടി… ” ചാന്ദ്.. മാ… ല്ല…ല്ല ” എന്ന് അപ്പൂസ് പറയാൻ ശ്രമിക്കുന്നത് കേട്ടപ്പോൾ സമാധാനമായി.. അമ്മ ഒന്ന് വിളിച്ചപ്പോഴാണ് മുഖമുയർത്തി നോക്കിയത്. “എന്തൊരു വരവാ കുട്ടി ഇത് ..ഞങ്ങൾ എല്ലാവരും പേടിച്ചു പോയി ” എന്ന് അമ്മയുടെ പുറകിൽ നിന്ന് ജാനകിയമ്മ പറഞ്ഞു .. അമ്മയും തൊട്ടടുത്തുണ്ട് ഏട്ടൻ്റെയും ഏടത്തിയുടെയും മുഖത്തും ഭയം നിഴലിച്ചു നിന്നു

“ആരും പേടിക്കണ്ട ഞാൻ ആത്മഹത്യ ഒന്നും ചെയ്യില്ല .. പെട്ടെന്ന് എന്തോ വല്ലാത്തൊരു വിഷമം ..ഒരിക്കൽ ഒരുപാട് സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത ആളല്ലെ “.. അവളെയും കൂട്ടി എൻ്റെ മുമ്പിൽ വന്ന് നിന്നപ്പോൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ല…” ഇനി അവിടെ നിന്നാൽ ഭ്രാന്ത് പിടിക്കുമെന്ന് തോന്നി അതാ ഞാൻ ” എന്ന് പറയുമ്പോൾ ചന്ദ്രയുടെ നെറ്റിയിൽ വിയർപ്പുതുള്ളികൾ തെളിഞ്ഞു.. “സാരമില്ല ചന്ദ്രാ പോട്ടെ’… ഇന്നത്തോടെ അയാളുടെ ശല്യo ഇല്ലാ എന്ന് സമാധാനത്തോടെ ജീവിക്കാം”…

പിന്നെ ഈ സമയത്ത് തളർന്നു പോവുകയല്ല വേണ്ടത്… അവൻ പോയാലും തളർന്ന് പോവില്ല എന്ന് ജീവിച്ച് തെളിയിച്ച് കാണിക്കണം”ഗിരിയേട്ടൻ പറഞ്ഞപ്പോൾ ഞാൻ കണ്ണീരു തുടച്ചു നേരെയിരുന്നു…. എൻ്റെ വിഷമം കാരണം എല്ലാരുടെയും നല്ലൊരു ദിവസം ഇല്ലാതാക്കരുത്… ” ശരിയാണ്… ജീവിച്ച് കാണിക്കണം… ഇന്നത്തെ ദിവസം വിഷമിച്ച് കരഞ്ഞ് തീർക്കാനുള്ളതല്ല… ആഘോഷിക്കാനുള്ളതാണ്…” വാ അപ്പൂസിൻ്റെ പിറന്നാൾ അല്ലെ.. കേക്ക് രാവിലെ എല്ലാം സെറ്റ് ചെയ്ത് വച്ചേക്കുവാണ്.. വേഗം വന്നേ അപ്പൂസ്സേ ” എന്ന് പറഞ്ഞു അപ്പൂസിനെയും എടുത്ത് ഹാളിലെ കസേരയിൽ ഇരുത്തി…

ഒന്നും സംഭവിക്കാത്തത് പോലെ നിറഞ്ഞ പുഞ്ചിരിയോടെ കേക്കുമായി വരുന്ന ചന്ദ്രയെ ഗിരി നോക്കി നിന്നു പോയി.. കേക്ക് ഹാളിലെ മേശയിൽ കൊണ്ട് വച്ചിരുന്നു.. അപ്പൂസ് എന്ന് പേര് എഴുതിയിരുന്നു… അത് കണ്ടതും ആ കുഞ്ഞു മിഴികൾ വിടർന്നു… അവന് ചുറ്റും എല്ലാരും നിന്നു… ചന്ദ്ര ഗിരിയുടെ കൈയ്യിൽ കേക്ക് മുറിക്കാനായി ചെറിയ കത്തി കൊടുത്തു.. ഗിരി അപ്പൂസിൻ്റെ കൈ പിടിച്ച് കേക്ക് മുറിച്ചു… എല്ലാരും ഹാപ്പി ബെർത്ത് ഡേ അപ്പൂസ് എന്ന് ഉച്ചത്തിൽ പറഞ്ഞു… അവൻ സന്തോഷത്തോടെ എല്ലാരെയും നോക്കി… ഗിരി കേക്ക് കുറച്ച് എടുത്ത് അപ്പൂസിൻ്റെ വായിൽ കൊടുത്തു…

ചന്ദ്ര അവൻ്റെ കൈയ്യിൽ ഒരു കഷണം കേക്ക് മുറിച്ച് എടുത്ത് കൊടുത്തു… ” അപ്പൂസേ അച്ഛന് കൊടുത്തേ “ഞാൻ പറഞ്ഞു… “ച്ചാ….” എന്ന് പറഞ്ഞ് അപ്പൂസ് ഗിരിയുടെ നേരെ കേക്ക് നീട്ടിയപ്പോൾ അവൻ അതിശയിച്ചു പോയി.. ഗിരി മുട്ടു കുത്തി നിന്നു… മോൻ ഒന്നൂടെ വിളിച്ചേ… ഗിരിയുടെ മുഖത്ത് വാത്സല്യം നിറഞ്ഞു…. “ച്ചാ.. ” എന്ന് വീണ്ടും അപ്പൂസ് പറഞ്ഞപ്പോൾ ഗിരിയുടെ മിഴികൾ നിറഞ്ഞു… ഒത്തിരി സ്നേഹത്തോടെ കുഞ്ഞി കവിളിൽ മുത്തി… അപ്പൂസ് കേക്ക് ഗിരിയുടെ വായിലേക്ക് വച്ച് കൊടുത്തു….

നിറകണ്ണുകളോടെ ഗിരി കേക്കിൻ്റെ ഒരറ്റം കടിച്ചു.. അപ്പൂസ് ഗിരിയുടെ കവിളിൽ മുത്തി കൊണ്ട് കൈയ്യിലിരുന്ന ബാക്കി കേക്ക് ചന്ദ്രയുടെ നേരെ നീട്ടി… അവൾക്ക് മടി തോന്നി.. എങ്കിലും അത് തിരിച്ച് അപ്പൂസിൻ്റെ വായിലേക്ക് തന്നെ വച്ചു കൊടുത്തു…. മന:പൂർവ്വം തിരക്കഭിനയിച്ചു കേക്ക് മുറിച്ച് എല്ലാർക്കും കൊടുത്തു.. എല്ലാരും നന്നായിട്ടുണ്ട് എന്ന് പറഞ്ഞ് അവളെ അഭിനന്ദിക്കാനും മറന്നില്ല.. ചന്ദ്രയുടെ മനസ്സ് നിറഞ്ഞു.. രാവിലെ നടന്നതൊക്കെ അവൾ മറന്നു.. വിധുവും അമ്മയും സൗമ്യയും കുഞ്ഞും രാവിലെത്തെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് പോകാനിറങ്ങി… ഗിരി ഓഫീസിലേക്ക് പോയി…

അവർ പോയി കഴിഞ്ഞാണ് ജാനകിയമ്മ പോകാൻ ഒരുങ്ങിയത്.. ചന്ദ്രയുടെ നിർബന്ധപ്രകാരം ഉച്ചയ്ക്ക് കഴിച്ചിട്ട് പോകാൻ തീരുമാനിച്ചു.. ഗിരിയുടെ അമ്മ ക്ഷീണമാണ് എന്ന് പറഞ്ഞു കിടന്നു.. അപ്പൂസിനേയും കൂടെ കിടത്തി.. ചന്ദ്ര ജാനകിയമ്മയും കൂട്ടി പറമ്പിലേക്ക് ഇറങ്ങി… ഓരോ കൃഷിയും കാണിച്ചു കൊടുത്തു.. “അല്ല ജാനകിയമ്മയ്ക്ക് ഗിരിയേട്ടനെ എങ്ങനെയാ പരിചയം… എനിക്ക് ഇന്നലേ ചോദിക്കണമെന്നുണ്ടായിരുന്നു.. പക്ഷേ എല്ലാരും കൂടി ഉള്ളത് കൊണ്ട് തിരക്കിലായിപ്പോയി.. ” പയറു ചെടിക്ക് കയറു കെട്ടി കൊടുക്കുന്നതിൻ്റെയിടയിൽ ചോദിച്ചു… “ചന്ദ്രയെ പരിചയപ്പെടും മുന്നേ എനിക്ക് ഗിരിയെ അറിയാം..

എൻ്റെ മകൻ്റെ കൂട്ടുകാരൻ.. മകൻ ഒരു ആക്സിഡൻ്റിൽ മരിച്ചതിൽ പിന്നെ ഗിരിയാണ് എനിക്ക് താങ്ങായി നിന്നത്..” അതുമല്ല നമ്മൾ പരിചയപ്പെട്ട ദിവസം ചന്ദ്ര ഓർക്കുന്നുണ്ടോ അന്ന് എൻ്റെ കൂടെ ഗിരിയുമുണ്ടായിരുന്നു… ഞങ്ങൾ രണ്ടു പേരുമാണ് വിധു പറഞ്ഞതനുസരിച്ച് നിന്നെ തേടിയിറങ്ങിയത്.. നിന്നെ ആ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയപ്പോൾ ഗിരിയാണ് ചന്ദ്രയെ കൂടെ കൂട്ടാൻ പറഞ്ഞത് “…അന്ന് മുതൽ ദാ ഈ നിമിഷം വരെ നീയറിയാതെ ഒരു നിഴൽ പോലെ നിന്നു കൊണ്ട് സംരക്ഷിക്കുന്നത് ഗിരിയാണ്.. അത് ഒരിക്കലും നീയറിയരുത് എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ പറയാതിരുന്നത്…

അവൻ നിനക്ക് ചെയ്ത നന്മയ്ക്ക് വേണ്ടിയെങ്കിലും ഗിരിയുടെ അമ്മയില്ലാത്ത കുഞ്ഞിന് അമ്മയാകണം.. “പിന്നെ പതിയെ എല്ലാം ശരിയാകും” ജാനകിയമ്മ പറഞ്ഞ ഓരോ കാര്യങ്ങളും കേട്ട് അവൾക്ക് അത്ഭുതം തോന്നി… ” ഇത്ര മാത്രം സംരക്ഷിക്കാൻ ഞാൻ ഗിരിയേട്ടൻ്റെ ആരാണ്” എന്ന് സ്വയം ചോദിച്ചു… “പക്ഷേ ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല… എല്ലാം എൻ്റെ നിർഭാഗ്യം അല്ലാതെന്ത് പറയാൻ ” എന്ന് പറഞ്ഞ് മുറ്റത്തേക്ക് കയറി… കൈയ്യും കാലും കഴുകി വരാന്തയിലേക്ക് കയറുമ്പോൾ അപ്പൂസ് ചിണുങ്ങി കരയുന്നുണ്ടായിരുന്നു… ഞാൻ അവൻ്റെ അടുത്തേക്ക് ഓടി….

ഗിരിയേട്ടൻ്റെ അമ്മയെ കട്ടിലിൽ കണ്ടില്ല… കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടു… “മ….. ചാന്ദ് മാ.. ” എന്ന് പറഞ്ഞ് അപ്പൂസ് കരയുകയാണ്…. ഞാൻ വേഗം അപ്പൂനെ ചേർത്തു പിടിച്ചു കട്ടിലിൽ ഇരുന്നു….. അവൻ്റെ മുഖം മാറോടു ചേർന്നതും അവൻ്റെ കരച്ചിലും നിന്നു…. നെറ്റിയിൽ തൊട്ടു നോക്കി ചെറിയ ചൂട് ഉണ്ട്… വല്ലാത്ത പരിഭ്രമം തോന്നി….. ആദ്യം ഫോണെടുത്തു ദിനേശേട്ടേനെ വിളിച്ചു….. ഓട്ടോ വന്നതും അമ്മയോട് പറഞ്ഞിട്ട് ജാനകിയമ്മയേയും അപ്പൂസിനേയും കൂട്ടി ആശുപത്രിയിലേക്ക് പോകുന്ന വഴി ഗിരിയേട്ടനെ വിളിച്ച് കാര്യം പറഞ്ഞു… ഞങ്ങൾ ആശുപത്രിയിൽ എത്തും മുന്നേ ഗിരിയേട്ടൻ അവിടെ എത്തി എന്ന് വിളിച്ചു…

ഓട്ടോ ആശുപത്രി ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ വരാന്തയിൽ അക്ഷമനായി നിൽക്കുന്ന ഗിരിയേട്ടനെ കണ്ടു.. മോനേ ഓടി വന്നു എടുത്തു.. അവൻ ഉണർന്നിരുന്നു..നെറ്റിയും കഴുത്തിലും തൊട്ടു നോക്കി.. “വാ ഡോക്ടറിന് ഫയൽ എടുത്തിട്ടുണ്ട്.. പുതിയ ഡോക്ടറാത്രേ” എന്ന് പറഞ്ഞ് ഗിരിയേട്ടൻ മുൻപിൽ നടന്നു.. ‘ജാനകിയമ്മ ഓട്ടോയിൽ തന്നെ തിരിച്ച് പോയ്ക്കോ… ഉച്ച കഴിഞ്ഞു ഇറങ്ങണ്ടേതല്ലേ ” എന്ന് പറഞ്ഞേൽപ്പിച്ചു ഗിരിയേട്ടൻ്റെ പുറകേ ഓടി…. ചെന്നപ്പോൾ കണ്ടത് ഡോക്റുടെ മുറിയിലേക്ക് കയറുന്ന ഗിരിയേട്ടനെ കണ്ടു.. ആ വാതിൽ അടഞ്ഞതും ഞാൻ ഓടി കയറാൻ ശ്രമിച്ചപ്പോൾ നഴ്സ് തടഞ്ഞു.. “ആരാ ” നഴ്സ് അൽപം ദേഷ്യത്തോടെ ചോദിച്ചു.. ” ഞാൻ….. ഞാൻ… അമ്മയാ… അപ്പൂസിൻ്റെ അമ്മ” വാക്കുകൾ ചിതറി വീഴവേ ഗിരിയുടെ അധരങ്ങളിൽ നറു പുഞ്ചിരി വിടർന്നു.. “അതെ അപ്പൂസിൻ്റെ അമ്മ തന്നെയാ “ഗിരിയുടെ അധരങ്ങൾ മന്ത്രിച്ചു……തുടരും

സ്‌നേഹതീരം: ഭാഗം 21

Share this story