താന്തോന്നി: ഭാഗം 5

താന്തോന്നി: ഭാഗം 5

എഴുത്തുകാരി: അമ്മു അമ്മൂസ്

രാമുവേട്ടന്റെ കടയിൽ തലക്ക് കൈ കൊടുത്തു ഇരിക്കുകയായിരുന്നു രുദ്രൻ…. തലയൊക്കെ വെട്ടിപ്പൊളിയും പോലെ… രണ്ടു കൈയും വല്ലാതെ വിറയ്ക്കുന്നു…. ഇനിയും കുടിക്കാതെ ഇരുന്നാൽ ശെരിയാകില്ല എന്ന് തോന്നി…. പിടിച്ചു നിൽക്കാൻ പറ്റാത്തത് പോലെ.. പക്ഷേ കുടിച്ചിട്ട് ഏട്ടന്റെ മുൻപിൽ പോകാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല… ഏട്ടന് തീരെ ഇഷ്ടമില്ലാത്ത കാര്യമായിരുന്നു അത്… ലഹരി ഉപയോഗിക്കരുത് എന്നായിരുന്നു തന്നോട് ചെറുപ്പം മുതലേ പറഞ്ഞിരുന്നത്…

ഏട്ടൻ പോകും വരെ ഒന്നും ഉപയോഗിച്ചിരുന്നില്ല… പക്ഷേ അതിനു ശേഷം വല്ലാതെ ഒറ്റപ്പെട്ടപ്പോൾ ഒരാശ്വാസം പോലെ തുടങ്ങിയതാണ്… ഇപ്പോൾ അതില്ലാതെ പറ്റാതായിരിക്കുന്നു…. മുന്നിൽ ആരോ വന്നു നിൽക്കും പോലെ തോന്നിയപ്പോഴാണ് മുഖം ഉയർത്തി നോക്കിയത്… ഏട്ടനാണ്.. നല്ല ഗൗരവം ഉണ്ട് മുഖത്ത്… ആ നോട്ടം നേരിടാൻ പറ്റാതെ തല കുനിച്ചു നിന്നു… “”വീട്ടിലേക്ക് വാ…”” അത് മാത്രം പറഞ്ഞു വിഷ്ണു ബൈക്കിന്റെ അടുത്തേക്ക് പോയി നിന്നു… ഏട്ടന്റെ ഗൗരവത്തിൽ ഉള്ള മുഖം കണ്ടപ്പോൾ തന്നെ നല്ല ദേഷ്യത്തിൽ ആണെന്ന് മനസ്സിലായിരുന്നു.

ഒരക്ഷരം മിണ്ടാതെ അവനെഴുന്നേറ്റ് ബൈക്കിന്റെ അടുത്തേക്ക് നടന്നു. ബൈക്കിലേക്ക് കയറിയിരുന്ന് സ്റ്റാർട്ട്‌ ആക്കിയപ്പോളേക്കും വിഷ്ണു പിന്നിൽ കയറിയിരുന്നു. യാത്രയിലുടനീളം വിഷ്ണുവിന്റെ മുഖത്തേക്ക് തന്നെയായിരുന്നു രുദ്രന്റെ കണ്ണുകൾ പലപ്പോഴും. ഒരിക്കൽ പോലും ആ മുഖത്തെ ഗൗരവം ഒന്ന് അയഞ്ഞിട്ടില്ല എന്ന് കണ്ടപ്പോൾ ഉള്ളിലെന്തോ ഒരു പിരിമുറുക്കം പോലെ തോന്നിയവനു. പാർവതി എല്ലാം ഏട്ടനോട് പറഞ്ഞു കാണുമോ എന്നൊരു ഭയം ഉള്ളിൽ നിറഞ്ഞു. “”ശേ….. വേണ്ടായിരുന്നു… ഇനിയിപ്പോ അതിന്റെ പേരിൽ ആകും കിട്ടുക… അമ്മയും കൂടി അറിഞ്ഞാൽ പിന്നെ അത് മതി….

അവളെ വീട്ടിലേക്ക് ദത്തെടുത്തത് പോലെയാണ് ഇപ്പോൾ തന്നെ പെരുമാറ്റം.”” വീട്ടിൽ ചെന്ന ഉടനേ തന്നെ നോക്കാതെ അകത്തേക്ക് കയറുന്ന വിഷ്ണുവിനെ കാൺകെ അവന് വല്ലാത്ത വേദന തോന്നി. കാര്യം എന്താകും എന്ന് ഇതിനകം തന്നെ ഊഹം കിട്ടിയതിനാൽ ഏട്ടനെ വിളിക്കാൻ നാവ് പൊങ്ങിയില്ല… “”ഇതെപ്പോ തുടങ്ങി…. ഈ പുതിയ ശീലങ്ങൾ ഒക്കെ…. കുടിയും.. വലിയും നാട്ടുകാരുടെ മെക്കിട്ട് കേറലും ഒക്കെ…. “” ഗൗരവം നിറഞ്ഞ സ്വരം കേട്ട് തലയുയർത്തി നോക്കിയപ്പോൾ കൈകൾ രണ്ടും പിണച്ചു കെട്ടി ഗൗരവത്തോടെ നോക്കുന്ന ഏട്ടനെയാണ് കണ്ടത്. “”അവളായിരിക്കും പറഞ്ഞു കൊടുത്തത്…

ജന്തു…””പല്ലും ഞെരിച്ചു ചുറ്റിനും നോക്കിയെങ്കിലും കാണാൻ പറ്റിയില്ല… “”നീയെന്തിനാ ചുറ്റും നോക്കുന്നത്… പാറുവല്ല പറഞ്ഞത്… ഞാൻ രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ അറിഞ്ഞു അനിയന്റെ വീര സാഹസിക കഥകൾ ഒക്കെ….”” ഏട്ടൻ പറയുന്നതൊക്കെ കേട്ട് തല കുനിച്ചു നിന്നതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല. ഇനി കുടിക്കാൻ പറ്റില്ല എന്ന് ഏകദേശം തീരുമാനമായിക്കഴിഞ്ഞിരിക്കുന്നു… “”ഹ്മ്മ്…. വാ… അമ്മ പറഞ്ഞു രാവിലെ കഴിക്കാതെ ഇറങ്ങി പോയെന്ന്… അതാ നിന്നെ കൈയോടെ കൂട്ടിക്കൊണ്ട് വന്നത്….”” തല കുനിച്ചു നിൽക്കുന്ന രുദ്രന്റെ തോളിലൊന്ന് തട്ടി വിഷ്ണു പറഞ്ഞു…

ഏട്ടന്റെ മുഖത്ത് ഗൗരവം മാറി വീണ്ടും പുഞ്ചിരി നിറഞ്ഞത് കണ്ടപ്പോൾ വല്ലാത്ത ആശ്വാസം പോലെ തോന്നി രുദ്രന്.. കഴിക്കാൻ ഇരുന്നപ്പോളും അവളെ അവിടെയൊന്നും കണ്ടിരുന്നില്ല… അവനെന്തോ വല്ലാത്ത നിരാശ തോന്നി… രാവിലെ ചെയ്തത് കൂടിപ്പോയോ എന്നൊരു തോന്നൽ… കുടിക്കാതെ ഇരുന്നത് കാരണം തലയാകെ ഭ്രാന്ത്‌ പിടിച്ചു ഇരിക്കുകയായിരുന്നു…ആ ദേഷ്യത്തിന്റെ പുറത്ത് അറിയാതെ ചെയ്തതാണ്.. പക്ഷേ ഇപ്പോൾ ആലോചിക്കുമ്പോൾ അവളുടെ കലങ്ങിയ കണ്ണുകൾ കൊണ്ടുള്ള നോട്ടം വല്ലാതെ വേദനിപ്പിക്കുന്നു… “”നീയെന്ത അവിടെയും ഇവിടെയും നോക്കി ഇരിക്കുന്നത്… കഴിക്കാൻ നോക്ക്…

“” അമ്മ വിളമ്പി കഴിഞ്ഞിട്ടും ചുറ്റിനും നോക്കുന്ന രുദ്രനെ കാൺകെ വിഷ്ണു സംശയത്തോടെ ചോദിച്ചു… ജാള്യതയോടെ അവൻ പ്ലേറ്റ് ലേക്ക് മുഖം പൂഴ്ത്തി… “”പാറു എവിടെ അമ്മേ… ‘” രുദ്രനെ ഒന്ന് ഒളിക്കണ്ണിട്ട് നോക്കി വിഷ്ണു ചോദിച്ചു… ആ പേര് കേട്ടതും പ്ലേറ്റിൽ നിന്നും ആഹാരം ഇളക്കിക്കൊണ്ടിരുന്ന അവന്റെ കൈകൾ നിശ്ചലം ആകുന്നത് കണ്ടു വിഷ്ണു ചിരി അടക്കിപ്പിടിച്ചു. “”ഓഹ്‌ ഒന്നും പറയണ്ട… വലത്തേ കൈ എവിടെയോ കൊണ്ട് ചെന്ന് ഇടിച്ചു…. അതിന്റെ മരുന്നും ഇട്ട് ഇരിക്കുവായിരുന്നു ഇത്രേം നേരം… ഇപ്പൊ കുറവുണ്ട് എന്ന് പറഞ്ഞു കുളിക്കാൻ കേറിയിട്ടുണ്ട്….””

വിഷ്ണുവിന്റെ മുഖം മാറുന്നതും അവനെ കൂർപ്പിച്ചു നോക്കുന്നതും രുദ്രൻ അറിയുന്നുണ്ടായിരുന്നു. ഏട്ടനെ നോക്കാൻ പോയില്ല…. അമ്മ അടുക്കളയിലേക്ക് പോയതും ചെവിയിൽ പിടി വീണിരുന്നു… “”ആഹ്…””. വേദനയോടെ കൈ ചെവിയിൽ പിടിച്ചെങ്കിലും രുദ്രൻ പിടി വിട്ടിരുന്നില്ല… “”നിന്നോട് ഞാൻ പണ്ടേ പറയുന്നതാ… വെറുതെ കൊച്ചിനെ ഉപദ്രവിക്കരുത് എന്ന്…. ഇനി അവളിവിടെ നിൽക്കുന്നതിൽ നിനക്കെന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അതിനു ഇങ്ങനെ ഇട്ട് അതിനേ ഉപദ്രവിക്കണ്ട…. അവളെ ഞാൻ ഹോസ്റ്റലിൽ നിർത്തിക്കോളാം….””

വിഷ്ണു പെട്ടെന്ന് ഹോസ്റ്റൽ കാര്യം പറഞ്ഞതും അവനൊന്നു ഞെട്ടി… സൂക്ഷ്മമായി തന്റെ ഭാവങ്ങൾ ഒപ്പി എടുക്കുന്ന ഏട്ടനെ കണ്ടതും സമർത്ഥമായി ഒളിപ്പിക്കാൻ ശ്രമിച്ചു… “”എ…. എനിക്കോ…. എനിക്കെന്ത് പ്രശ്നം… അവളിവിടെ നിന്നോട്ടെ…. “” വിക്കി വിക്കി മറ്റെങ്ങോട്ടോ നോക്കി പറഞ്ഞൊപ്പിച്ചു. മുഖത്തേക്ക് നോക്കിയാൽ ഏട്ടൻ കള്ളത്തരം കണ്ടു പിടിക്കും എന്ന് ഉറപ്പായിരുന്നു.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 കൈയിലേക്ക് വീണ്ടും മരുന്ന് പുരട്ടുന്നതിനിടയിൽ രുദ്രനെ ചീത്ത പറയുകയായിരുന്നു പാർവതി… “”ഹ്മ്മ്….. ദുഷ്ടൻ…. ഇരുമ്പാണോ ആവോ തിന്നുന്നത്….

മനുഷ്യന്റെ കൈ പോയി…. കുടിക്കുവോ വലിക്കുവോ എന്താന്ന് വച്ചാൽ ചെയ്യട്ടെ…. ഒന്ന് നന്നാക്കാം എന്ന് വിചാരിച്ചപ്പോൾ വലിയ അഹങ്കാരം….”” കൈയിലെ ചുവന്ന ആ പാട് മാറിയിട്ടുണ്ട്… എങ്കിലും ഇപ്പോഴും തൊടുമ്പോൾ ഒരു നീറ്റലാണ്….മുടി തോർത്തിട്ട് ചുറ്റി കെട്ടി വച്ചതിനു ശേഷം ഡ്രസ്സ്‌ ലേക്ക് നോക്കി… ഇന്നലെ ഇട്ട അതേ വേഷം തന്നെയാണ്… വീട്ടിൽ പോയി ഡ്രസ്സ്‌ ഒക്കെ എടുത്തുകൊണ്ട് വരണം ഇനി.. അമ്മ തന്നേക്കാൾ മെലിഞ്ഞിട്ടാണ്.. അല്ലെങ്കിൽ തത്കാലത്തേക്ക് അമ്മയുടേത് ഇടാമായിരുന്നു. ഓരോന്നാലോചിച്ചു വാതിൽ തുറന്ന ഉടനേ കണ്ടത് രുദ്രനെയാണ്…

തന്നെ കണ്ടില്ല എന്ന് തോന്നുന്നു… തലയ്ക്കു കൈയും കൊടുത്തു മുറിയിലേക്ക് പോകുന്നത് കണ്ടു…. അവനെ ശ്രദ്ധിക്കാതെ പോകാൻ തുടങ്ങിയെങ്കിലും ആസ്വസ്തമായ ആ മുഖം കണ്ടപ്പോൾ പോയി നോക്കാതിരിക്കാൻ കഴിഞ്ഞില്ല… വാതിൽക്കൽ വരെ ചെന്നപ്പോഴേ കണ്ടു കട്ടിലിൽ കമിഴ്ന്നു കിടപ്പുണ്ട്… ഇടയ്ക്കിടയ്ക്ക് കൈ എടുത്തു മുടിയിലും തലയിലും ഒക്കെ പിടിക്കുന്നുണ്ട്… കുടിക്കാതെ ഇരിക്കുന്നതിന്റെ വിമ്മിഷ്ടം ആണെന്ന് മനസ്സിലായി… “”ഹും…. കുറച്ചു കഷ്ടപ്പെടട്ടെ… മനുഷ്യനെ വെറുതെ വിഷമിപ്പിച്ചതല്ലേ….”” തിരിഞ്ഞു നടക്കാൻ തുടങ്ങി എങ്കിലും കഴിഞ്ഞിരുന്നില്ല…

കാലുകൾ അവിടെ തന്നെ തളയ്ക്കപ്പെട്ടത് പോലെ… പണ്ടൊരിക്കൽ നരേഷിനെ കുടിച്ചു ബോധമില്ലാതെ കണ്ടപ്പോൾ അമ്മായി നാരങ്ങ വെള്ളം കൊടുത്തത് ഓർമ്മ വന്നു… നേരെ അടുക്കളയിലേക്ക് ചെന്നു.. ഭാഗ്യത്തിന് ഫ്രിഡ്ജിൽ ഒരു നാരങ്ങ ഇരിപ്പുണ്ട്… വേഗം തന്നെ അത് പിഴിഞ്ഞു ഒരു ഗ്ലാസിലെക്കാക്കി… മുറിയിലേക്ക് ചെല്ലുമ്പോഴും രുദ്രൻ അതേ കിടപ്പ് തന്നെ… വിളിക്കണോ.. വേണ്ടയോ എന്നൊരു ഭയം തോന്നി… രാവിലത്തെ പോലെ ദേഷ്യപ്പെട്ടാലോ… ഒടുവിൽ രണ്ടും കല്പ്പിച്ചു വിളിക്കാൻ തീരുമാനിച്ചു… “”രുദ്രേട്ടാ…. “” തോളിലേക്ക് കൈ വെച്ചു വിളിച്ചതും ചാടി എഴുന്നേൽക്കുന്നത് കണ്ടു… പെട്ടെന്നുള്ള ഞെട്ടലിൽ പിന്നോട്ട് ആഞ്ഞു പോയെങ്കിലും വീണില്ല..

രുദ്രന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു… നനഞ്ഞ മുടി തോർത്ത്‌ കൊണ്ട് ചുറ്റിക്കെട്ടി വേറെ യാതൊരു ചമയങ്ങളും മുഖത്തില്ലാതെ നിൽക്കുന്ന അവൾക്ക് ഒരു പ്രത്യേക ഭംഗിയുണ്ടെന്നു തോന്നി അവന്.. കൈയിലേക്ക് നോട്ടം വീണപ്പോൾ അറിയാതെ കുറ്റബോധം തോന്നിപ്പോയി… ഇതിന് മുൻപും അവളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഇതുപോലെ നോവുന്നത് ആദ്യമായിട്ടാണെന്ന് അവനോർത്തു… അതിന്റെ കാരണം ഇപ്പോഴും അറിയില്ല… കണ്ണിമയ്ക്കാതെ നോക്കി ഇരിക്കുന്ന അവന്റെ മുന്നിൽ നിൽക്കാൻ അവൾക്ക് വല്ലാത്ത ജാള്യത തോന്നി “”.

ദാ…”” കൂടുതൽ ഒന്നും പറയാതെ നാരങ്ങ വെള്ളം അവന് നേരെ നീട്ടുമ്പോഴും അവന്റെ പ്രതികരണമോർത്ത് വല്ലാത്ത പേടിയുണ്ടായിരുന്നു ഉള്ളിൽ. പക്ഷേ പ്രതീക്ഷിച്ചതിന് വിപരീതമായി മറുത്തൊന്നും പറയാതെ അത് വാങ്ങി കുടിക്കുന്ന രുദ്രനെ കണ്ടപ്പോൾ സമാധാനം തോന്നി… ഗ്ലാസ്‌ തിരികെ വാങ്ങാനായി കൈ നീട്ടിയെങ്കിലും അവനത് മടക്കി കൊടുത്തിരുന്നില്ല… നെറ്റി ചുളിച്ചൊന്ന് നോക്കിയപ്പോൾ അവനെന്തോ പറയാൻ ശ്രമിക്കും പോലെ തോന്നി… ഇടയ്ക്കിടയ്ക്ക് വായ തുറക്കുകയും അടക്കുകയും ഒക്കെ ചെയ്യുന്നുണ്ട്..

പക്ഷേ ശബ്ദം മാത്രം പുറത്തേക്ക് വരുന്നില്ല… ഇടയ്ക്കു കണ്ണൊന്നു ഇറുക്കെ അടച്ചു പിടിക്കുന്നത് കണ്ടു…. “”സോ… സോറി… “” കണ്ണ് രണ്ടും കൂട്ടി അടച്ചു കുഞ്ഞ് പിള്ളേരെ പോലെ സോറി പറയുന്ന അവനെ കണ്ടപ്പോൾ ചിരിയാണ് വന്നത്. പക്ഷേ ചിരിക്കാൻ പോയാൽ ഇപ്പൊ പറഞ്ഞതൊക്കെ മറക്കുമെന്നും ആരോഗ്യത്തിനു ഹാനീകരവും ആകുമെന്ന് അറിയാവുന്നതിനാൽ ചെറിയൊരു പുഞ്ചിരി മാത്രം നൽകി… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 അടുക്കളയിലേക്ക് തിരികെ നടക്കുമ്പോൾ വല്ലാത്ത ഒരു സന്തോഷം ഉള്ളിൽ വന്നു നിറയുന്നുണ്ടായിരുന്നു… ആദ്യമായിട്ടാണ് രുദ്രേട്ടൻ ഇങ്ങനെ തന്നോട് സംസാരിക്കുന്നത്…

ദേഷ്യമില്ലാതെ തന്നെ നോക്കി ഇരിക്കുന്നത്… സാധാരണ വഴക്കിടാൻ മാത്രമേ തന്നോട് മിണ്ടാറുള്ളു… വിഷ്ണുവേട്ടൻ പോയതിന് ശേഷം കണ്ണ് പൊട്ടുന്ന ചീത്ത പറയാനും. മനസ്സ് വല്ലാതെ നിറഞ്ഞതിനാൽ അടുക്കളയിൽ നിൽക്കുന്ന അമ്മയേ പിന്നിൽ കൂടി ചെന്ന് കെട്ടിപ്പിടിച്ചു ആ തോളിലേക്ക് മുഖം അമർത്തി നിന്നു… “”എന്താണ്…. പാറുക്കുട്ടി പെട്ടെന്നൊരു സന്തോഷം….”” അമ്മ ചോദിച്ചെങ്കിലും ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല .. “”ഡീ…”” എന്നൊരു വിളി കേട്ടപ്പോഴാണ് അമ്മയിൽ നിന്നും അകന്നു മാറുന്നത്… നോക്കിയപ്പോൾ രുദ്രനാണ്…. നേരത്തെ കണ്ട സൗമ്യ ഭാവം ഇല്ല മുഖത്ത്….

നല്ല ഗൗരവത്തിലാണ്…. ഷർട്ടും മാറ്റി പുതിയത് ഇട്ടിട്ടുണ്ട്…. എന്താ കാര്യം എന്നറിയാതെ കണ്ണും മിഴിച്ചു അവന്റെ മുഖത്തേക്ക് നോക്കി… “”പോയി ഒരുങ്ങി വാ…. “”അത് മാത്രം പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങുന്നത് കണ്ടു… “”എ…. എന്തിന്…..”” ചെറിയൊരു പേടിയോടെയാണ് ചോദിച്ചത്…. തന്നെ ഈ വീട്ടിൽ നിന്നും പറഞ്ഞു വിടാൻ വലതുമാണോ എന്നൊരു ഭയം ഉള്ളിൽ നിറഞ്ഞിരുന്നു… “”അയ്യോ…. പിന്നെ തമ്പുരാട്ടി ഇനിയുള്ള ജീവിതകാലം മുഴുവൻ ഈ ഡ്രസ്സ്‌ തന്നെയാണോ ഇടാൻ ഉദ്ദേശിച്ചിരിക്കുന്നത്…. നിനക്ക് നാറില്ലെങ്കിലും ബാക്കി ഉള്ളവർക്കു നന്നായി നാറും… പോയി ഒരുങ്ങി വാടി….

നിന്റെ വീട്ടിൽ പോയി ഡ്രസ്സും സാധനങ്ങളും ഒക്കെ എടുക്കണ്ടേ….”” ചിരിയൊളിപ്പിച്ചു അവനത് പറഞ്ഞപ്പോഴേക്കും ചിറഞ്ഞൊന്ന് നോക്കിയിട്ട് ഒരുങ്ങാൻ പോയി… അമ്മയോടെന്തോ പറഞ്ഞു ചിരിക്കുന്നത് കേൾക്കാമായിരുന്നു… “”ഹും….. ആ നാരങ്ങ വെള്ളം കുടിച്ചു ഇത്തിരി എനർജി വന്നപ്പോഴേക്കും സ്വഭാവം മാറിയത് കണ്ടില്ലേ… ഓന്ത്….”” പിറുപിറുത്തുകൊണ്ട് വേഗം മുടി കെട്ടി വന്നപ്പോഴേക്കും അവൻ ബൈക്ക് മുറ്റത്തേക്ക് ഇറക്കിയിരുന്നു… അടുത്തേക്ക് വരുന്നത് കണ്ടപ്പോഴേ നെറ്റി ചുളിയ്‌ക്കുന്നത്‌ കണ്ടു… “”നിനക്ക് പൊട്ടും കണ്മഷിയും ഒന്നും ഇല്ലേ…””. ഒന്നും ഒരുങ്ങാതെ മുടി മാത്രം കെട്ടി വന്ന അവളെ നോക്കി ചോദിച്ചു… അവന്റെ ചോദ്യം കേട്ടതും കണ്ണും മിഴിച്ചു നിന്ന് പോയി….

ഇത്രയും നാളായിട്ടും തന്റെ മുഖത്തേക്ക് നോക്കാതെയാണോ ഈ ബഹളമൊക്കെ ഉണ്ടാക്കിയത് എന്ന ചിന്തയായിരുന്നു മനസ്സിൽ നിറയെ…ഇത്രയും കാലവും തന്നെ നോക്കിയത് കുടിച്ചു ബോധമില്ലാതെയാണ് എന്ന തിരിച്ചറിവ് വന്നതും ഉള്ളിൽ ചിരി പൊട്ടി…. ആദ്യമായിട്ടാണെന്ന് തോന്നുന്നു ബോധത്തോടെ തന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നത്… ഇന്നലെ കുടിച്ചിട്ടില്ലായിരുന്നു എങ്കിലും ഇതൊന്നും ശ്രദ്ധിക്കാൻ പറ്റിയ സാഹചര്യം ആയിരുന്നില്ല… “”ചേച്ചി പോയതിൽ പിന്നെ ഞാനതൊന്നും ഇട്ടിട്ടില്ല…. “”എത്രയൊക്കെ തടയാൻ ശ്രമിച്ചിട്ടും ചുണ്ടിൽ വിഷാദം കലർന്ന ഒരു ചിരി വിടർന്നിരുന്നു… പിന്നൊന്നും പറയാതെ അവൻ നോട്ടം മാറ്റി ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്നത് കണ്ടു…

പിന്നിലേക്ക് കയറിയിരുന്നു വരാന്തയിൽ നിൽക്കുന്ന അമ്മയെ കൈ വീശി കാണിച്ചു… വിഷ്ണുവേട്ടൻ കൃഷി നോക്കാൻ പോയിട്ട് എത്തിയിരുന്നില്ല… ബൈക്ക് മുന്നോട്ട് എടുത്ത ഉടനേ അവന്റെ തോളിലേക്ക് കൈ വെച്ചു… കൈയിലേക്കു ഗൗരവത്തോടെ സൂക്ഷിച്ചു നോക്കുന്നത് കണ്ടിട്ടും എടുത്തില്ല… വെറുതേ റോഡിലേക്ക് നോക്കി കാഴ്ച കാണുന്ന ഭാവത്തിൽ ഇരുന്നു… ഇടയ്ക്കിടക്ക് അവനെ ഒളിക്കണ്ണിട്ട് നോക്കിയപ്പോൾ നിമിഷനേരത്തേക്ക് ആ മുഖത്ത് ഒരു ചിരി മിന്നി മാഞ്ഞത് കണ്ടു.. 🔸🔸🔸

വീടിന്റെ മുന്നിലേക്ക് എത്തിയപ്പോഴേക്കും അറിയാതെ നെഞ്ചിടിപ്പ് ഉയർന്നു… ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ അയൽക്കാരിൽ പകുതിയും എത്തി നോക്കുന്നുണ്ട്… ശാരദേച്ചിയുടെ വീട് പൂട്ടി കിടക്കുന്നത് കണ്ടു… അവിടെയില്ല എന്ന് തോന്നുന്നു ചേച്ചി… വീടിന്റെ മുറ്റത്തായി രുദ്രൻ ബൈക്ക് നിർത്തി… ഒറ്റ ദിവസം കൊണ്ട് തന്നെ വീടിന് പഴക്കം വന്നോ എന്ന് തോന്നി അവൾക്ക്… മിനിഞ്ഞാന്ന് തൂത്തതാണ്.. അതുകൊണ്ട് മുറ്റമാകെ ഇലകൾ വീണു കിടപ്പുണ്ടായിരുന്നു… “”എടുക്കാനുള്ളതെല്ലാം എടുത്തു ഒരു ബാഗിൽ ആക്കി വെക്ക്… അപ്പോഴേക്കും ഞാനിങ്ങു വരാം..

കടയിൽ വരെ ഒന്ന് പോകാനുണ്ട്…. ഒരു പത്തു മിനിറ്റ്….”” അവനെ നോക്കി സമ്മത ഭാവത്തിൽ തലയാട്ടി… ചെടിച്ചട്ടിയുടെ താഴെ വച്ചിരുന്ന താക്കോൽ എടുത്തു വാതിൽ തുറന്നു…. ഇന്നലെ മരിക്കാൻ തീരുമാനിച്ചു ഇറങ്ങിയതിനാൽ താക്കോൽ കൂടെ കൊണ്ട് പോയിരുന്നില്ല…അകത്തേക്ക് കയറി വാതിലടച്ചു… ആദ്യം തന്നെ അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും ഫോട്ടോ എടുത്തു ബാഗിലേക്ക് വെച്ചു… നിറഞ്ഞൊഴുകുന്ന കണ്ണുകൾ രണ്ടും അമർത്തി തുടച്ചു ബാക്കി സാധനങ്ങൾ എടുക്കാൻ തുടങ്ങി…

തുണികളും സർട്ടിഫിക്കറ്റും എല്ലാം എടുത്തു ബാഗിലേക്ക് വെച്ച് കഴിഞ്ഞപ്പോളേക്കും മുറ്റത്തു ബൈക്ക് വന്നു നിൽക്കുന്ന ശബ്ദം കേട്ടു.. വേഗം തന്നെ ഒരു ബാഗും കൈയിലേക്ക് എടുത്തു വാതിൽ തുറന്നു.. “”ഇനിയും മുറിയിൽ ഒരു ബാഗ് കൂടി ഇരിപ്പുണ്ട് രുദ്രേട്ടാ….”” തലയുയർത്തി നോക്കിയപ്പോളാണ് മുന്നിൽ വലിഞ്ഞു മുറുകിയ മുഖത്തോടെ നിൽക്കുന്ന നരേഷിനെ കാണുന്നത്… ശരീരം തളരും പോലെ തോന്നി അവൾക്ക്…. തുടരും

താന്തോന്നി: ഭാഗം 4

Share this story