അദിതി : ഭാഗം 14

അദിതി : ഭാഗം 14

എഴുത്തുകാരി: അപർണ കൃഷ്ണ

ഒരു ഡിസ്മിസ്സൽ കൊണ്ട് തീരുന്നതായിരുന്നില്ല രോഹിതിന്റെ കാര്യം. രോഹിത് ഉൾപ്പെടെ എട്ടുപേരായിരുന്നു കോളേജിന് പുറത്തു പോയത്. അതിൽ തന്നെ രണ്ടു പേര് പെണ്കുട്ടികളും. സംഭവം അവൻ എന്നെ തള്ളി ഇടാൻ നോക്കിയ കാര്യം വീട്ടിൽ ആരോടും പറഞ്ഞില്ല. അമ്മക്ക് ബിപി കൂടാൻ പിന്നെ വേറെ ഒന്നും വേണ്ട. എന്തായാലും അവര് കോളേജിന് പുറത്തായതോടെ എല്ലാർക്കും സമാധാനം ആയി എന്ന മട്ടിൽ കുറച്ചു ദിവസങ്ങൾ കടന്നു പോയി. അങ്ങനെ ഇരിക്കെ ആണ് ഒരു വെള്ളിയാഴ്ച്ച ദിവസം എന്റെ ഫോണിലേക്കു ഒരു കാൾ വരുന്നത്. രോഹിതിന്റെ അച്ഛൻ.

നാട്ടിൽ അറിയപ്പെടുന്ന ഒരു ബിസിനസ്സ്മാൻ ആയിരുന്നു അദ്ദേഹം. പോരാഞ്ഞിട്ട് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയും ഉള്ള മനുഷ്യൻ. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ രോഹിതിന്റെ കാര്യമാണ് ഒന്ന് നേരില് കാണാൻ കഴിയുമോ എന്നാണ് ചോദിച്ചത്. ആദ്യം കണ്ണുമടച്ചു എതിർക്കാനാണ് തോന്നിയത്, പിന്നെ എന്തോ ഞാൻ ഫോൺ അപ്പയെ ഏൽപ്പിച്ചു. ആദ്യം ഒന്ന് ഉടക്കി നിന്നെങ്കിലും അപ്പ സമ്മതിച്ചു. എന്തായിരിക്കും അദ്ദേഹത്തിന് പറയാൻ ഉള്ളത്, ഒരുപക്ഷെ മകന്‌ വേണ്ടി വാദിക്കാനും സസ്പെന്ഷൻ പിൻവലിക്കണം എന്ന് പറയാനും വേണ്ടിയാകണം കാണണം എന്ന് പറയുന്നത്.

എന്തായാലും അപ്പയും അമ്മയും ഇച്ചിരി ദേഷ്യത്തിൽ ആയിരുന്നു. അങ്ങനെ അടുത്ത ദിവസം ശനിയാഴ്ച ഞങ്ങൾ രോഹിതിന്റെ വീട്ടിലേക്കു പോയി. പീക്കിരികളെ വിളിച്ചപ്പോളാണ് കോളേജിൽ നിന്നും വേറെയും ആളുകളെ അവിടെ നമുക്ക് പ്രതീക്ഷിക്കാം എന്ന് പറഞ്ഞത്. പാച്ചു എന്തായാലും അവന്റെ ഇക്കയെയും മറ്റും അറിയിച്ചു ഒരു മുൻകരുതൽ എടുത്തിരുന്നു, അല്ല ഇനി അവരെങ്ങാനും ഞങ്ങളെ തട്ടിക്കളഞ്ഞാലോ. … അവിടെ ഒരുപാടുപേരുണ്ടായിരുന്നു. അദിതിയെ കണ്ടപ്പോൾ ഒന്ന് ഞെട്ടുകയും ചെയ്തു. പുള്ളികാരിയെ ഞാൻ എന്തായാലും പ്രതീക്ഷിച്ചില്ല.

ഞങ്ങളുടെ തോമസ് സാർ ഉൾപ്പെടെ കുറെ അദ്ധ്യാപകർ, പ്രിൻസിപ്പൽ, മാനേജ്മെന്റ് പ്രതിനിധികൾ, മ്മടെ പീക്കിരികൾ, ഡേവിച്ചനും വിപിൻ ചേട്ടനും, യൂണിയൻ മെംബേർസ്, രോഹിതിന്റെ ഗ്യാങിലെ തരികിടകൾ. അവരുടെ രക്ഷിതാക്കൾ. എല്ലാരും നല്ല പോഷ് ഗ്രൂപ്പ് ആണെന്ന് കണ്ടാൽ തന്നെ അറിയാം. ആദ്യം വല്ലാത്ത മൗനം കെട്ടി നിന്ന സിറ്റുവേഷൻ ഒന്നയക്കാൻ വേണ്ടി ആകണം രോഹിതിന്റെ അച്ഛൻ പദ്മനാഭൻ അങ്കിൾ എല്ലാരോടും കുടിക്കാൻ എടുക്കട്ടേ എന്ന് ചോദിച്ചത്, ഭൂരിപക്ഷത്തിന്റെ അഭിപ്രായം വേണ്ട എന്നായിരുന്നു.

വീണ്ടും കുറച്ചു നേരം ആരും ഒന്നും മിണ്ടാതെ ഇരുന്ന ശേഷം അദ്ദേഹം സംസാരിച്ചു തുടങ്ങി, പ്രതീക്ഷിച്ച പോലെ രോഹിതിന്റെ ഡിസ്മിസ്സൽ പിൻവലിക്കണം എന്നും, ഇനി ഒരു പ്രശനം അവൻ ഉണ്ടാക്കില്ല എന്നും ഒക്കെ ആയിരുന്നു അതിൽ. അവരെ തിരിച്ചെടുക്കുന്നതിൽ അനുകൂലിച്ചും പ്രതികൂലിച്ചും അവിടെ വാദങ്ങൾ ഉയർന്നപ്പോൾ എന്റെ നോട്ടം രോഹിതിന്റെ നേർക്കായിരുന്നു. താൻ ഇതിലൊന്നും ഉൾപ്പെടില്ല എന്ന മട്ടിൽ ഏതോ ലോകത്തായിരുന്നു അവൻ. അച്ഛനെ നോക്കുന്നതുമില്ല. കണ്ണൊക്കെ ചുവന്നു താടിയും മുടിയും ഒക്കെ ആയി ഒരു ഭ്രാന്തൻ കോലത്തിൽ അവൻ മാത്രമേ ഒള്ളു.

ബാക്കി ഉള്ള അനുയായികൾ മാതാപിതാക്കളുടെ മുന്നിൽ നല്ലകുട്ടികൾ ചമഞ്ഞിരുന്നു. വാദപ്രതിവാദങ്ങൾ മുറുകുമ്പോൾ ഞാൻ അദിതിയെ നോക്കി അവളുടെയും ശ്രദ്ധ അവനിലായിരുന്നു. അവരുടെ കുറ്റങ്ങൾ എണ്ണിപറഞ്ഞു പ്രിൻസിപ്പൽ കുറ്റപെടുത്തിയതോടെ അതെല്ലാം രോഹിതിന്റെ മാത്രം തെറ്റുകളാക്കി മാറ്റാൻ ഉള്ള വ്യഗ്രത ആയിരുന്നു മറ്റു മാതാപിതാക്കൾ കാണിച്ചത്. അവന്റെ കൂട്ടുകാരും മൗനം മറയാക്കി അവനെ ഒറ്റപെടുത്തുമ്പോൾ ഞാൻ അത്ഭുതപ്പെട്ടു. ഒടുവിൽ രോഹിത് ഒഴികെ ഉള്ളവർ വിശുദ്ധരായി. രോഹിത് എന്ന സാത്താന്റെ വലയിൽ വീണ കുഞ്ഞാടുകൾക്ക് തിരികെ നന്മയിലേക്ക് അഭയം കൊടുത്ത മാനേജ്‌മെന്റ് പ്രതിനിധികൾ അവസരത്തിനൊത്തുയർന്നു.

ആദ്യം രോഹിത്തിനെതിരെ സംസാരിച്ചെങ്കിലും അവൻ ഒറ്റപ്പെടാൻ തുടങ്ങിയതോടെ അപ്പ സൈലന്റ് ആയി, ഡേവിച്ചനും… പുള്ളിയെ ഞാൻ നോക്കിയതേ ഇല്ല. വെറുതെ എന്തിനാ ആളുകളെ കൊണ്ട് ഓണത്തിനിടയിൽ പുട്ടുകച്ചവടം എന്ന് പറയിപ്പിക്കുന്നത്. അവർ മിണ്ടാതിരുന്നത്, അതെന്തു കൊണ്ടും നന്നായി എന്നെനിക്ക് തോന്നി. ഒടുവിൽ തങ്ങളുടെ ആവശ്യം സാധിച്ചതോടെ കറുത്തകുതിരകൾ ക്യാപ്റ്റനെ ഒറ്റയ്ക്കാക്കി അച്ഛനമ്മമാരുടെ ഒപ്പം പടിയിറങ്ങി. അവരുടെ രക്ഷിതാക്കളുടെ മുഖം ഉയർന്നിരുന്നു. മക്കൾ തലയുയർത്തി നോക്കിയില്ല. കഴുതപ്പുലികളെ ഓര്മ വന്നു പോയി എനിക്ക്.

ഈ സമയം ഒക്കെ രോഹിതിനെ നോക്കിയിരുന്ന എനിക്ക് എന്താണ് അവന്റെ ഉള്ളിൽ നടക്കുന്നതെന്നോ എന്താണ് ആ വികാരമെന്നോ എനിക്ക് മനസിലായില്ല, തലയിൽ വന്നു വീണ പീഡനശ്രമം ഉൾപ്പെടെ ഉള്ള ആരോപണങ്ങൾ എല്ലാം കേട്ടിട്ടും കരിങ്കല്ലിനെ ഓർമിപ്പിക്കുന്ന മുഖഭാവത്തോടെ ഇരുന്നതേ ഉള്ളു. മറ്റുള്ളവർ മകന്റെ തലയിൽ എല്ലാം ഏൽപ്പിച്ചു സ്വയം രക്ഷപ്പെടുന്നത് കണ്ട ആ പിതാവ് നിസ്സഹായനായി ഇരുന്നു പോയി. ഇനി എന്ത് എന്ന മട്ടിൽ അവിടെ ഉണ്ടായ മൗനത്തിനൊടുവിൽ …..”അങ്കിൾ രോഹിതിനെ ഏതേലും ഡീഅഡിക്ഷൻ സെന്ററിൽ അഡ്മിറ്റ് ചെയ്തുകൂടെ” എനിക്ക് ചോദിക്കാതിരിക്കാനായില്ല, അത് കേട്ടതും അദ്ദേഹം ഒരു ഞെട്ടലോടെ എന്റെ മുഖത്ത് നോക്കി.

രോഹിതിന് ചലനമുണ്ടായി. “നീ നിന്റെ കാര്യം മാത്രം നോക്കിയാൽ മതി കേട്ടോടി, എന്റെ കാര്യത്തിൽ ഇടപെടേണ്ട” എന്നും ആക്രോശിച്ചു കൊണ്ട് എനിക്ക് നേരെ തിരിഞ്ഞ അവനെ ശാന്തനാക്കാൻ അവന്റെ അച്ഛനും അവിടെ ഇരുന്ന അധ്യാപകരും ശ്രമിക്കുന്നുണ്ടാർന്നു. അതോടുകൂടി കൂടുതൽ വൈലൻറ് ആയി പിന്നെയും എന്തൊക്കെയോ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കെ എന്റെ നിയന്ത്രണം നഷ്ടമായി. “ഇരിക്കെടാ അവിടെ” എന്നൊരലർച്ചയോടെ ഞാൻ ചാടി എഴുന്നേറ്റപ്പോൾ ഇടിവെട്ടിയതു പോലെ ലവൻ ഇരുന്നു. അത് കണ്ടപ്പോൾ ചെറിയൊരു ചിരിയും വന്നു.

ഇതൊക്കെ എന്ത് എന്ന മട്ടിൽ ചുറ്റും നോക്കിയപ്പോൾ എല്ലാരും നിശബ്‍ദരായി ഇരിക്കുന്നു. കർത്താവെ ഇത്രയും മുതിർന്ന ആളുകൾ ഇരിക്കുമ്പോൾ ഞാൻ സംസാരിച്ചത് അവിവേകം ആകുമോ? അപ്പയെ നോക്കിയപ്പോൾ സംസാരിച്ചോളാൻ കണ്ണുകൾ കൊണ്ട് കാണിച്ചു. പിന്നെ സമാധാനത്തിൽ ഞാൻ അവനോടു സംസാരിച്ചു തുടങ്ങി. “നിനക്കിത്രയും ആയിട്ടും മതിയായില്ലേ രോഹിത്, ഇപ്പോൾ ആ കൂട്ടത്തിൽ നീ മാത്രം കള്ളുകുടിയനും ആഭാസനും ഡ്രഗ് അഡിക്റ്റും ഒക്കെ ആയി, നീ ഇതൊക്കെ യൂസ് ചെയ്യുന്നുണ്ടെന്ന് എനിക്കും നിനക്കും അറിയാം. കോളേജിലേക്ക് തിരിച്ചു വരുന്നതിനു മുൻപ് നീ ഈ ശീലങ്ങളാണ് കളയേണ്ടത്”

“എന്നെ നീ പഠിപ്പിക്കാൻ വരണ്ട എന്ന് പറഞ്ഞില്ലെടി, എന്റെ കൂട്ടുകാർക്കും വീട്ടുകാർക്കും ഇല്ലാത്ത വിഷമം നിനക്കെന്തിനാ” , “കൂട്ടുകാരെ വിടൂ രോഹിത്, നിന്റെ വീട്ടുകാർക്കു വിഷമം ഇല്ല എന്ന് ആരാ പറഞ്ഞേ, നീ നിന്റെ അച്ഛന്റെ മുഖത്തേക്ക് നോക്കൂ, എല്ലാരും നിന്നേ തള്ളിപറഞ്ഞിട്ടും നിനക്ക് വേണ്ടി ഇപ്പോഴും വേദനിക്കുന്നത് നിന്റെ അച്ഛൻ അല്ലെ, അതും പോകട്ടെ സ്വന്തം മകൻ ഇങ്ങനെ നശിക്കുന്നത് കാണാൻ ഏതെങ്കിലും അമ്മക്ക് സഹിക്കാൻ പറ്റുന്നതാണോ” അമ്മ എന്ന് കേട്ടതും രോഹിതിന്റെ മുഖത്തു ഒരു ഞെട്ടൽ ഉണ്ടായി, എന്നാൽ അത് സമർഥമായി ഒളിപ്പിച്ചു കൊണ്ട് അവൻ വീണ്ടും സംസാരിക്കാൻ തുടങ്ങി.

“ഹും വിഷമമോ ഇയാൾക്കോ, ഇയാൾ അഭിനയിക്കുവാ” ഇതോടെ അവന്റെ അച്ഛന്റെ കണ്ണുകൾ ഈറനണിഞ്ഞു. മറ്റാരും സംസാരിക്കാതെ ഇരിക്കുകയായിരുന്നു. എനിക്കാ മനുഷ്യനോട് സഹതാപം തോന്നി. “അങ്ങനെ പറയാതിരിക്കൂ രോഹിത്, അത് നിന്റെ അച്ഛനാണ്,” “നിന്നോട് പറഞ്ഞില്ലേടി എന്നെ പഠിപ്പിക്കേണ്ട എന്ന്, അച്ഛൻ പോലും….. ഈ ഒരൊറ്റ മനുഷ്യനാണ് എന്റെ ജീവിതം ഇങ്ങനെയാക്കിയത്, എനിക്കെല്ലാം നഷ്ടമാക്കിയത്….. എന്റെ അമ്മ……” ഒരിക്കലും ഞാൻ പ്രതീക്ഷിക്കാത്ത കാര്യമാണ് രോഹിത് പിന്നെ ചെയ്തത്, സ്വന്തം മുടിയിഴകൾ വലിച്ചു പറിച്ചു കൊണ്ട് തൊണ്ട കീറുന്ന പോലെ അവൻ വിളിച്ചു “അമ്മാ….

” എന്നിട്ടു മുഖം കൈകളിൽ പൂഴ്ത്തി കരയാൻ തുടങ്ങി, ആ ഏങ്ങലടികളിൽ ഉണ്ടായിരുന്നു അവന്റെ ജീവിതം പൊലിഞ്ഞു പോകാനുള്ള കാരണം. എനിക്ക് ഒരുപാടു വിഷമം തോന്നി, ഒരുപക്ഷെ അവിടെ കൂടിയിരുന്നവർക്കെല്ലാം കരച്ചിൽ തൊണ്ടയിൽ മുട്ടിയിരിക്കും പോലെ ഉള്ള അവസ്ഥ ആയിരുന്നിരിക്കാം. “കൊന്നതാ….എന്റെ അമ്മേനെ കൊന്നതാ ഇയാള്…..കണ്ടതാ ഞാൻ………” അവന്റെ ഏങ്ങലടികൾക്കിടയിൽ അവ്യക്തമായി മുഴങ്ങിയ വാക്കുകൾ കേട്ട് എല്ലാരും തരിച്ചിരുന്നു… ഞാൻ അറിയാതെ അവന്റെ അച്ഛന്റെ മുഖത്തേക്ക് നോക്കി, അവിടെ വേദനയിൽ കുതിർന്ന സ്തബ്തത ആണ് എനിക്ക് കാണാൻ കഴിഞ്ഞത്.

കുറച്ചു നേരത്തെ കരച്ചിലിന് ശേഷം അവൻ ബോധം വന്നത് പോലെ കരച്ചിൽ നിർത്തി, “മനഃപൂർവം നശിക്കാൻ വേണ്ടി തന്നാ ഞാൻ നടക്കുന്നെ…. ഒരിക്കലും ഇയാൾക്ക് സമാധാനം കിട്ടാൻ പാടില്ല” അവൻ വീണ്ടും കരിങ്കല്ല് പോലെ ഉള്ള ഭാവം വീണ്ടെടുക്കാൻ തുടങ്ങിയിരുന്നു. ഇല്ലഅതനുവദിക്കാൻ പാടില്ല. ആദ്യം അവൻ പടുത്തുയർത്തിയ ഈ കോട്ടവാതിൽ പൊളിച്ചാൽ മാത്രമേ എനിക്കെന്തെലും ചെയ്യാൻ സാധിക്കു… അവന്റെ മുഖത്തേക്ക് ഞാൻ നോക്കി, അന്നാദ്യമായി ഒരു പത്തൊൻപതുകാരന്റെ നിസ്സഹായത എനിക്കതിൽ കാണാൻ കഴിഞ്ഞു, പതിയെ അവനടുത്തേക്കു നടന്നു ആ കണ്ണുകളിൽ നോക്കി ഞാൻ പറഞ്ഞു.

“ശരി, നിന്റെ അച്ഛനെ ശിക്ഷിക്കാൻ നീ സ്വയം നശിക്കുന്നു, നിന്റെ അമ്മയ്ക്കും നിന്റെ അവസ്ഥ കണ്ടു ഒരുപാടു സന്തോഷം ആയിരിക്കുമല്ലേ” വിശ്വസിക്കാനാകാത്ത പോലെ എന്റെ മുഖത്ത് നോക്കിയ രോഹിതിന്റെ കണ്ണുകളിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു എന്റെ വാക്കുകൾ അവനിൽ ഉണ്ടാക്കിയ ആഘാതം. “മരിച്ചു പോയവർക്ക് നമ്മളെ കാണാൻ പറ്റില്ല എന്നാണോ നീ കരുതിയെക്കുന്നേ, നമുക്ക് മാത്രമേ അവരെ കാണാൻ പറ്റാതുള്ളു. അവർക്കു നമ്മളെ കാണാം, നമ്മൾ സന്തോഷിക്കുമ്പോൾ അവർ സന്തോഷിക്കും സങ്കടപെടുമ്പോൾ അവരും സങ്കടപ്പെടും. .. നീ ഇങ്ങനെ തെറ്റിൽ നിന്നും തെറ്റിലേക്ക്‌ വീഴുമ്പോൾ, സ്വയം കുടിച്ചും മയക്കുമരുന്നുപയോഗിച്ചും മറ്റുള്ളവർ ചെയ്യുന്ന തെറ്റുകൾ ഏറ്റെടുത്തും നശിക്കുമ്പോൾ നിന്റെ അമ്മ സന്തോഷിക്കുമെന്നു നിനക്ക് തോന്നുന്നുണ്ടോ?

നശിച്ചു കൊണ്ടല്ല സ്വയം ജയിച്ചു കൊണ്ടാണ് പ്രതികാരം ചെയ്‌യേണ്ടത്” എന്റെ വാക്കുകൾ അവനിൽ എന്ത് പ്രതികരണം വരുത്തി എന്ന് എനിക്കറിയില്ല എങ്കിലും ഒന്ന് കൂടി പറയാൻ ഞാൻ തീരുമാനിച്ചു ഏൽക്കുമോ എന്നുറപ്പില്ല, “എനിക്കറിയാം നീ കാട്ടികൂട്ടുന്ന പല കാര്യങ്ങള് നിന്റെ കൂട്ടുകാർക്കു വേണ്ടി ആണെന്ന്. അവരുടെ തെറ്റുകളും നിന്റെ കൂട്ടങ്ങളായി സ്വയം ഏറ്റെടുത്തു നിൽക്കുമ്പോൾ നീ നിന്റെ അച്ഛനോട് പ്രതികാരം ചെയ്യുന്നതായി കരുതി, എന്നാൽ നിന്റെ അമ്മയെ കൂടുതൽ വേദനിപ്പിക്കുകയാണ് നീ ചെയ്തത്” പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല ഞാൻ ഇതൊക്കെ പറയുമ്പോൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൻ വിതുമ്പുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ പറഞ്ഞത് സത്യം തന്നെ ആണെന്ന് എനിക്കുറപ്പായി.

രോഹിത് ഒരു കണക്കിന് പറഞ്ഞാൽ മറ്റുള്ളവരുടെ മുതലെടുപ്പിന് ഇരയായതാണു. മദ്യവും മയക്കുമരുന്നും താറുമാറാക്കിയ അവന്റെ ജീവിതത്തിലേക്ക് കുറച്ചു സുഹൃത്തുക്കളെ കിട്ടിയപ്പോൾ അവർ അവനെ മുതലെടുക്കുവാനെന്നു അവൻ അറിഞ്ഞില്ല. ഓരോ പ്രാവശ്യവും തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്ക് വീഴുമ്പോൾ അവർ അവനെ ഒരു ഹീറോ പരിവേഷത്തിൽ തളച്ചിരിക്കണം, അത് കൊണ്ട് തന്നെ ചുറ്റും ഉള്ളവർ തന്നിൽ നിന്നും അകലുന്നതും ഭയാകുന്നതും അവനു എന്തെങ്കിലും ആനന്ദം നൽകി കാണും. ഒടുവിൽ കൂട്ടുകാരുടെ കുറ്റങ്ങളും ഏറ്റെടുത്തു സ്വയം ഒരു നോട്ടോറിയസ് ആയി അവരോധിച്ചു കാണും. മുഖം കയ്യിൽ പൂഴ്ത്തി, കുനിഞ്ഞിരുന്നു പൊട്ടിക്കരയുകയായിരുന്നു രോഹിത്.

അവനെ ശാന്തനാക്കാൻ ആരും ശ്രമിച്ചില്ല, കരഞ്ഞു തീർക്കട്ടെ, ഒരുകണക്കിന് പറഞ്ഞാൽ ഹൃദയത്തിലെ ദുഖത്തെ ഒഴുക്കിക്കളയാനുള്ള ഏറ്റവും നല്ല മരുന്നാണ് കണ്ണുനീർ, ഒരുപക്ഷെ രോഹിത് കരഞ്ഞു കഴിഞ്ഞുണരുന്നത് ഒരു പുതിയ മനുഷ്യനായിട്ടാകും. ഞാൻ അവന്റെ മുന്നിൽ മുട്ടുകുത്തി ഇരിക്കുകയായിരുന്നു. അദിതി വന്നു അവന്റെ അടുത്തിരുന്നു. അവളുടെ കൈത്തലം ആ തോളിൽ അമർന്നപ്പോൾ രോഹിതിന്റെ കരച്ചിൽ പിടിച്ചു നിർത്തിയത് പോലെ ആയി, മഴകഴിഞ്ഞാലും പെയ്യുന്ന മരത്തെ പോലെ ആ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു. അവൻ അവളെ കണ്ടപ്പോൾ ആ കയ്യിൽ പിടിച്ചു പറഞ്ഞു “സോറി” ഒരു നിമിഷം കേട്ടതെന്താണ് എന്ന് എനിക്ക് വിശ്വസിക്കാനായില്ല, അദിതിയുടെ മുഖത്തു നേർത്ത ഒരു പുഞ്ചിരി ഉണ്ടായിരുന്നു,

“സോറി സോറി ആം റിയലി സോറി” അവനതു പറഞ്ഞു കഴിഞ്ഞപ്പോളേക്കും എഴുന്നേറ്റു തുള്ളിചാടണം എന്ന് തോന്നിയെങ്കിലും പരിസരം യോജിച്ചതല്ലാത്തതിനാൽ ഞാൻ വേണ്ട എന്ന് വച്ചു. എന്റെ മുഖത്തെ ചിരി അവൻ കാണാതെ ഇരിക്കാൻ വേണ്ടി പതിയെ ഞാൻ തിരിഞ്ഞു. എല്ലാരുടെയും മുഖത്ത് ഒരു പുഞ്ചിരിയുണ്ട്. അപ്പയുടെ മുഖത്ത് കുറച്ചു അഭിമാനവും, അത് കണ്ടപ്പോൾ ഇതൊക്കെ എന്ത് എന്ന മട്ടിൽ ഞാൻ ഒരു ചിരി കൊടുത്തു. അടുത്തതായി അറിയാതെ എന്റെ മുഖം ഡേവിച്ചനെ തിരഞ്ഞു. പീക്കിരികളുടെ ഒപ്പം നിൽക്കുന്നു. നോട്ടം എന്നിൽ തന്നെ ആയിരുന്നു എന്ന് പ്രതേകിച്ചു പറയണ്ടല്ലോ,

അത് മൈൻഡ് ചെയ്യാതെ എന്റെ കണ്ണുകൾ രോഹിതിന്റെ അച്ഛനിൽ പതിഞ്ഞു. എന്നെ നോക്കിയ ആ കണ്ണുകളിൽ തിളങ്ങിയ നീർമുത്തുകളിൽ ഒരു നന്ദിപ്രകടനം കണ്ടു. ചെറിയ ചിരിയോടെ അത് നോക്കി നിന്നെങ്കിലും രോഹിത് പറഞ്ഞത് സത്യമാകുമോ എന്ന് എനിക്കൊരു സംശയം ഉണ്ടാരുന്നു. അവന്റെ അമ്മയെ. …… (ബിസിനെസ്സിന്റെയും തിരക്കുകയുടെയും ഇടയിൽ പെട്ട് കുടുംബത്തിന് വേണ്ടി മാറ്റി വയ്ക്കാൻ സമയം ഇല്ലാതെ വന്നപ്പോൾ അറിയാതെ ചില അപസ്വരങ്ങളും ജീവിതത്തിനിടയിൽ കൂടുകൂട്ടി.

പലതുള്ളി പെരുവെള്ളം എന്ന പോലെ കൂടിചേർന്നുകൊണ്ടിരുന്ന പ്രശ്നങ്ങൾ ലാവാ പോലെ നീറി, ഒരു ദിവസം അത് അഗ്നിപർവതമായി പൊട്ടിത്തെറിക്കുകയും ചെയ്തു. തന്റെ കഠിനമായ വാക്കുകൾ കേട്ട് കഴുത്തിന് കുതിപിടിച്ച ഭാര്യയെ തള്ളി നീക്കുമ്പോൾ അറിയാതെ അവർ സ്റെപിൽ താഴേക്ക് നിന്നും വീഴുകയായിരുന്നു. അതും പത്തു വയസുകാരനായ രോഹിതിന്റെ മുന്നിലേക്ക്, ജീവൻ രക്ഷിക്കാനായില്ല. സത്യം എന്താണെന്ന് കോടതിയെ ബോധിപ്പിക്കാൻ കഴിഞ്ഞതിനാലും സ്വാധീനം ഉണ്ടായിരുന്നതിനാലും ശിക്ഷ ഉണ്ടായില്ല. എന്നാൽ ജീവനെ പോലെ സ്നേഹിച്ച സ്വന്തം അമ്മയുടെ മരണം കാരണം രോഹിതിന് സംഭവിച്ച മനസികാഘാതം വളരെ വലുതായിരുന്നു, അതിനു പ്രതികാരമായി അവൻ കണ്ടെത്തിയ വഴി സ്വന്തം നാശമായിരുന്നു.

എവിടെ നിന്നൊക്കെയോ അവന്റെ ജീവിതത്തിലെത്തിയ തെറ്റായ കൂട്ടുകെട്ടും അവനെ വഴിതെറ്റിച്ചു. പണമുണ്ടാക്കുന്നതിന് പുറകെ പോയപ്പോൾ സ്വന്തം ജീവിതം കൈ വിട്ടു പോയ ഒരാൾ കൂടി. ജീവിതമാണ് പണമല്ല ഒന്നാം സ്ഥാനം അർഹിക്കുന്നത് എന്ന് ഇവർ ഇപ്പോളാണ് മനസിലാക്കുക….. ഇതൊക്കെ പിൽക്കാലത്തു ഞാൻ രോഹിതിന്റെ അച്ഛനിൽ നിന്നും അറിഞ്ഞതാണ്) അദിതിയുടെ കൈകൾ കൂട്ടിപ്പിടിച്ചു അതിൽ മുഖമമർത്തി കരഞ്ഞ രോഹിത് ഒന്ന് ശാന്തമായപ്പോൾ അവന്റെ മുന്നിലേക്ക് അവൾ കൈ നിവർത്തി. പല നിറത്തിൽ ഉള്ള വര്ണക്കടലാസുകളിൽ പൊതിഞ്ഞ ചോക്കലേറ്റുകൾ ആയിരുന്നു അവ. മഴപെയ്തൊഴിഞ്ഞ ശേഷം പറക്കുന്ന വെയില് പോലെ അവന്റെ മുഖത്ത് അത്ഭുതവും സന്തോഷവും ഒരു കുഞ്ഞു നാണവും പരക്കുന്നത് നോക്കി നിൽക്കവേ ഞാൻ ചിരിച്ചു പോയി.

അദിതിയുടെ മാജിക്കിന്റെ സ്ഥിരം കാഴ്ചക്കാരന് രോഹിത് ആണല്ലോ എന്നോർത്ത്. അവൻ അത് കൈ നീട്ടി സ്വീകരിച്ചതും ആ തലയിൽ ഒന്ന് തട്ടി, ഞങ്ങളെ എല്ലാം ഒന്ന് നോക്കി അദിതി അവിടെ നിന്ന് യാത്ര പറഞ്ഞു പോയി. അടുത്ത് രോഹിത് എന്റെ നേരെ നോക്കി എന്തോ പറയാൻ തുടങ്ങിയതും ഞാൻ ഒന്ന് ഞെട്ടി, അവൻ തള്ളിയിടാൻ നോക്കിയതിനെ പറ്റി വല്ലതും പറഞ്ഞാൽ… അമ്മ കൊല്ലും എന്നെ. അത് ഞാൻ ആരോടും പറഞ്ഞില്ലല്ലോ. അവൻ വാ തുറക്കാൻ നോക്കിയതും ഞാൻ കണ്ണടച്ച് കാണിച്ചു. എന്നിട്ടു ഒരു ചിരിയും കൊടുത്തു, ‘അമ്മ എന്റെ അരികിൽ നിന്നും പോയി അവന്റെ അടുത്തിരുന്നു.

എന്നിട്ട് അലിവോടെ പറഞ്ഞു “വിഷമിക്കണ്ട കേട്ടോ… എല്ലാം ശരിയാകും….” കുറച്ചു ദിവസങ്ങൾ മുൻപ് വരെ കയ്യിൽ കിട്ടിയാൽ അച്ചാറിടും എന്ന് പറഞ്ഞു നടന്ന ആളാണ്. ഹാ അമ്മയെ മാത്രം എന്തിനു പറയുന്നു. ഈ ഞാനും അങ്ങനെ തന്നെ ആയിരുന്നില്ലേ, എന്റെ മനസ്സിൽ ഉടലെടുത്ത അന്നത്തെ ആ ഇൻസ്റ്റന്റ് ഡിസ്‌ലൈക്ക് ഇല്ലാരുന്നു എങ്കിൽ ഒരുപക്ഷെ അവനെ ഇതിലും മുന്നേ മനസിലാക്കാൻ ഞാൻ ശ്രമിച്ചേനേ. രോഹിത് ശെരിക്കും പറഞ്ഞാൽ എന്റെ ജീവിതത്തിലെ ഒരു പാഠമാണ്. ചില മനുഷ്യർ ഇങ്ങനെയും ഉണ്ട് എന്നുള്ള പാഠം… ഒരു മനുഷ്യനെ നേർവഴിക്കു നടത്താനും തെറ്റിലേക്ക്‌ നയിക്കാനും സൗഹൃദത്തിന് കഴിയും, നല്ലതും ചീത്തയും നമ്മൾ തെരഞ്ഞെടുക്കുന്നതിനനുസരിച്ചു ഇരിക്കും.

അമ്മയുടെ സാന്ത്വനിപ്പിക്കലുകൾക്കൊടുവിൽ അവൻ ഒരു കൊച്ചു കുഞ്ഞിനെ പോലെ ആ മടിയിൽ കിടന്നുറങ്ങാൻ തുടങ്ങി. അമ്മയുടെ വിരലുകൾ ആ തലമുടിയുടെ പതിയെ തഴുകി കൊണ്ടിരിക്കവേ അപ്പ അമ്മയുടെ ബന്ധുക്കളിൽ ഒരാളായ ഫാദർ ജോസഫ് ഇമ്മാനുവലിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു. അദ്ദേഹം നടത്തുന്ന ഡിഅഡിക്ഷൻ സെന്ററിലേക്കു രോഹിതിനെ അയക്കാൻ തീരുമാനമായി, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിൽ നിന്നും മോചിതനായി ഒരു പുതിയ മനുഷ്യനാകാൻ അവനു അതിന്റെ സഹായം വേണ്ടി വരും. ഓഹ് ജീസസ് നീ തുണയ്ക്കു. വഴിതെറ്റിയ കുഞ്ഞാടിന് നേരിലേക്കുള്ള മാർഗ്ഗദീപമാകൂ. …. അവന്റെ വേദനിക്കുന്ന ആത്മാവിന് നീ കൂട്ടായിരിക്കു, ഇനിയൊരിക്കലും കൂട്ടം വിട്ടു പോകാതെ നിന്റെ അരികിൽ ഭദ്രമായി അവനെ സംരക്ഷിക്കൂ…….. തുടരും

അദിതി : ഭാഗം 13

Share this story