അത്രമേൽ: ഭാഗം 15

അത്രമേൽ: ഭാഗം 15

എഴുത്തുകാരി: ശ്രുതി കൃഷ്ണ

“ഷീ ഈസ്‌ പ്രെഗ്നന്റ്…ബേബിയ്ക്ക് സിക്സ് വീക്സ് ഗ്രോത്‌ ഉണ്ട്…. ആ കുട്ടീടെ ഹസ്ബൻഡ്?” ചോദ്യം കഴിഞ്ഞ് ഒരു ഉത്തരത്തിനായി അവർ കാത്തു നിന്നു… “അത്…പുറത്താ ഡോക്ടർ….” ആർക്കും മറുപടിയില്ലാതായപ്പോൾ ഉത്തരം നൽകിയത് വർഷയാണ്… “ഓക്കേ….. നന്നായിട്ട് കെയർ ചെയ്യണം…. ഞാൻ പറയാതെ തന്നെ അറിയാല്ലോ…. ആ കുട്ടീടെ സിറ്റുവേഷൻ… ബാക്കി ചെക്ക് അപ്പിനും കാര്യങ്ങൾക്കും ഹോസ്പിറ്റലിലേക്ക് വന്നോളൂ…മറ്റെന്തെങ്കിലും കാര്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി… ദർശന്റെ കയ്യിൽ എന്റെ കോൺടാക്ട് നമ്പർ ഉണ്ട്…ശെരി എന്നാൽ…”

എല്ലാവരോടും യാത്ര ചോദിച്ചു ഡോക്ടർ അവിടെ നിന്നും ഇറങ്ങി… വണ്ടിയിൽ കയറി തിരിച്ചു പുറപ്പെടും മുൻപേ ദർശന്റെ കാൾ അവരെത്തേടിയെത്തി… തിരിച്ചറിഞ്ഞ കാര്യങ്ങൾ വൈകാതെ അവന്റെ ചെവിയിലുമെത്തി…ഉള്ള് പൊള്ളുന്ന വേദനയിലും ഒരു കുഞ്ഞു സന്തോഷമുണ്ടായി… എന്നാൽ മുൻപോട്ടുള്ള തീരുമാനങ്ങൾ എടുക്കാനാവാതെ മനസ് അപ്പോഴും ഉഴറി… ❤

“ഞാൻ പറഞ്ഞതല്ലേ…. ഇത് അതു തന്നെയാണെന്ന്…. എന്നിട്ടിപ്പോൾ എന്തായി? ഞാനും ഒരു പെണ്ണാ…. ഈ അവസ്ഥകളിലൂടെ കടന്നു വന്നവളാ… നിക്ക് ഇതൊക്കെ മനസ്സിലാവും…കുറച്ചു ദിവസായി ഞാൻ അവളെ ശ്രദ്ദിക്കാൻ തുടങ്ങിയിട്ട്…എന്നിട്ടിപ്പോൾ എന്തായി… സത്യമായില്ലേ…” തന്റെ മുൻപിൽ തല കുനിച്ചു നിൽക്കുന്ന ഭർത്താവിനോട് സരസ്വതിയമ്മ കത്തിക്കയറി… “എന്താ മനുഷ്യ… ഇത്രനേരം എന്നോട് തർക്കിച്ചോണ്ടിരുന്ന നാക്ക്‌ ഇപ്പോൾ എവിടെ പോയി… ഇറങ്ങിപ്പോയോ… എന്തായിരുന്നു വീരവാദം അവൾ കുഞ്ഞാണ്… ഒന്നും അറിയില്ല… പാവമാണ്… എന്തോ വയറ്റിൽ പിടിക്കാഞ്ഞതാണത്രേ…

ഛീ… ഇപ്പോൾ മനസ്സിലായില്ലേ വയറ്റിൽ പിടിച്ചതാണെന്ന്… അതും ഏതോ ഒരുത്തന്റെ കുഞ്ഞ്…” സുധാകരന്റെ മൗനവും തളർച്ചയോടെയുള്ള നിൽപ്പും ഇനിയും ഇനിയും തുറന്നടിക്കാൻ അവർക്കവസരമുണ്ടാക്കി.. “ഇങ്ങനെ കുന്തം വിഴുങ്ങിയത് പോലെ നിൽക്കാതെ ചെന്ന് ചോദിക്ക് മനുഷ്യാ… ആരുടെ വിത്താണെന്ന്…എന്നിട്ട് അവനോടൊപ്പം പറഞ്ഞു വിട് അവളെ… ചിലപ്പോൾ അവൾക്കും അറിയില്ലായിരിക്കും… ആ തെണ്ടി പിള്ളേരുടെ കൂടെ നാട് നീളെ കളിച്ചു നടക്കുന്നവളല്ലേ… പോരാത്തതിന് നിങ്ങളും വാല് പോലെ എഴുന്നള്ളിച്ചു കൊണ്ട് നടക്കും…. വിവരമില്ലാത്തവളാണെന്നും, ഒന്ന് തട്ടിയാലോ മുട്ടിയാലോ തിരിഞ്ഞു കൊത്തില്ലെന്നും നാട്ടുകാർക്ക് മൊത്തം അറിയാം…

ഏത് നേരത്താണാവോ ഇവളെ ഇങ്ങോട്ട് കൊണ്ട് വരാനുള്ള ബുദ്ധി എനിക്ക് തോന്നിയത്…നിങ്ങൾക്ക് മടിയാണെങ്കിലേ ഞാൻ ചോദിക്കാം… എങ്ങനെയാ പറയിപ്പിക്കണ്ടതെന്ന് നിക്ക് നിശ്ചയം ഇണ്ട്…” ആവേശത്തോടെ പറഞ്ഞു നിർത്തിയവർ ഗോപുവിന്റെ മുറിയുടെ വാതിൽക്കലേക്ക് പാഞ്ഞു ചെന്നു… എല്ലാം കണ്ടു നിന്ന വർഷയും ഇനിയെന്ത് നടക്കുമെന്നറിയാൻ ജാഗരൂകയായി… എന്നാൽ അതിനും മുൻപേ സുധാകരൻ സരസ്വതിയ്ക്ക് മുൻപിലേക്ക് കയറി നിന്നു… മുറിയിലേക്ക് പ്രവേശിക്കാനനുവദിക്കാതെ തടസമായി തന്നെ നിന്നു…

“ഈ മുറിയിലേക്ക് കാലെടുത്ത് വയ്ച്ചാൽ ഈ സുധാകരന്റെ മറ്റൊരു മുഖം നീ കാണും…” ഉറക്കെ പറയുമ്പോൾ അയാൾ നിന്നു കിതച്ചു… ഗോപുവിന്റെ മുറിയിലേക്ക് കയറി കതകടച്ചു… തളർന്നവശയായി കിടക്കുന്നവളെ കണ്ട് ഇത്തിരി നേരം നിന്നു…പതിയെ അടുത്ത് ചെന്നിരുന്നു നെറുകയിൽ തലോടി… തളർന്ന കണ്ണുകൾ പയ്യെ തുറന്ന് അവളും ഒന്ന് നോക്കി…നേർമയായി ഒന്ന് പുഞ്ചിരിച്ചു… “അ… അമ്മായി…. ഇനിം ഗോ… ഗോപൂനെ തല്ലുവോ അ… മ്മാമ്മ…?” പരിഭ്രമത്തോടെ ചോദിക്കുന്നവൾക്ക് ഇല്ലെന്നയാൾ കണ്ണു ചിമ്മി കാണിച്ചു… “ഗോ… പൂന് വ…യ്യാത്തോണ്ടാന്ന് പറഞ്ഞേക്കണേ…” അവശതയോടെ പറഞ്ഞവൾ അയാൾ തലയാട്ടുന്നതും ഉറ്റു നോക്കിയിരുന്നു… പയ്യെ… പയ്യെ… കണ്ണുകൾ കൂമ്പിയടഞ്ഞു…. ❤❤❤❤❤

“സത്യാ…. അമ്മേ എന്നാലും അവളുടെയൊരു കാര്യം നോക്കണേ… ഇന്നലെ വരെ കുട്ടികളെപ്പോലെ ചാടി തുള്ളി നടന്നവളാ… ഇന്നിപ്പോ ഇതാ അവളുടെ ഉള്ളിലൊരു കൊച്ച്…” പതിവുപോലെ വീട്ടിലെ ഏറ്റവും പുതിയ വിശേഷം തന്റെ അമ്മയുടെ ചെവിയിലെത്തിക്കുകയായിരുന്നു വർഷ… “ആളാരാണെന്ന് അവള് പറഞ്ഞോ മോളേ…?” “ഇല്ല…. അവൾക്ക് തന്നെ അറിയാവൊന്ന് ആർക്കറിയാം… ചോദിക്കാനാണെങ്കിൽ അമ്മാവൻ അങ്ങോട്ട് അടുപ്പിക്കുന്നുമില്ല… എപ്പോഴും അവളുടെ കൂടെയാ…” വർഷ നിരാശയോടെ പറഞ്ഞു… “ഇനി അയാളെങ്ങാനും ആണോ…?…

അല്ല ദർശൻ എന്ത് പറഞ്ഞു…” “ആവോ…ആർക്കറിയാം… ദർശേട്ടന്റെ പ്രതികരണം എന്താവുമെന്ന് അറിയില്ല…രാവിലെ ഞങ്ങൾ പറഞ്ഞപ്പോൾ വല്ലാത്ത ഷോക്കിലായിരുന്നു…പക്ഷെ അവളോട് ദേഷ്യമൊന്നും കണ്ടില്ല… ഡോക്ടർ വരുന്നതിന് മുൻപേ ഹോസ്പിറ്റലിൽ നിന്നും അത്യാവശ്യമായി വിളിച്ചിട്ട് പോവേണ്ടി വന്നു…എന്തോ എനിക്ക് അങ്ങേരുടെ കാര്യത്തിൽ വല്യ പ്രതീക്ഷയൊന്നും ഇല്ലാ…” “അപ്പോൾ…. ആ നാണം കെട്ടവളെയും അവളുടെ കൊച്ചിനെയും ഏറ്റെടുക്കാൻ പോവാണോ…?” “അതിന് ഞാൻ ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല.. ഇത് നമുക്ക് നല്ലൊരു അവസരമാണ്…

അമ്മ ഒരു കാര്യം ചെയ്യൂ… ഈ രഹസ്യം പരസ്യമാക്കിക്കോ… മറച്ചു വയ്ക്കാനാവത്ത വിധം എല്ലാവരും അറിയട്ടെ…ദർശേട്ടന്റെ പേരിൽ തന്നെ ആയിക്കോട്ടെ..” “മോളേ….ദർശൻ നിന്റെ ഭർത്താവാണ്…” “എനിക്കോർമ്മയുണ്ട് അമ്മേ…ആരോപണം ഒരിക്കലും സത്യമാവില്ലല്ലോ…അവൾ കാരണം ദർശേട്ടൻ നാണം കെടണം…നാട്ടിലിറങ്ങാൻ വയ്യാതാവണം… മോന് നോവുമ്പോൾ അച്ഛനും അമ്മയ്ക്കും നോവും… അവളെ അവർ വെറുക്കും… അടിച്ചു പുറത്താക്കും…പിന്നെ കാര്യങ്ങൾ ഓക്കേ നമ്മൾക്കനുകൂലമായി വരും…” തന്റെ ബുദ്ധിയിൽ അവൾക്ക് തന്നെ മതിപ്പ് തോന്നി…

എന്നാൽ അങ്ങനൊരു കാര്യം ഇന്ദിരയ്ക്ക് അംഗീകരിക്കാൻ കഴിയുന്നില്ലായിരുന്നു… “പക്ഷെ… മോളേ….” “അമ്മ പറയുന്നത് കേട്ടാൽ മതി… എനിക്കിതിൽ ഒരു വിഷമവും ഇല്ലാ…ചെറിയൊരു പ്രതികാരം ആണെന്ന് വേണമെങ്കിൽ കരുതാം… ഈ വർഷയെ നോവിച്ചതിന്റെ ഇരട്ടി അയാൾക്ക് ഞാൻ തിരിച്ചു കൊടുക്കും…അയാൾ കരയും…ഞാൻ കരയിക്കും…” പറഞ്ഞു നിർത്തുമ്പോൾ പദ്ധതികളൊക്കെ വിജയിക്കുമെന്ന ആത്മവിശ്വാസം വർഷയ്ക്ക് വേണ്ടുവോളമുണ്ടായിരുന്നു… തന്റെ ശത്രുക്കളൊക്കെ മുട്ടുമടക്കുന്നതോർത്ത് അവൾ ഊറിചിരിച്ചു… ❤❤❤❤❤

രാത്രി വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ തന്നെ അകത്തെ അന്തരീക്ഷം എന്താണെന്ന് ദർശനു ഊഹിക്കാമായിരുന്നു….സത്യം തുറന്ന് പറയാൻ മനസ്സിനെ ഒന്ന് കൂടി പാകപ്പെടുത്തി അവൻ ഉള്ളിലേക്ക് പ്രവേശിച്ചു… പതിവുപോലെ ടീവിയിൽ നിന്നുള്ള ബഹളങ്ങളോ… ഗോപുവിന്റെ കളിചിരികളോ ഉയർന്നു കേട്ടില്ല…അകത്തളത്തിലേക്ക് കയറി ചെല്ലുമ്പോൾ ഇടയ്ക്ക് വർഷ അമ്മയുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു… “ഹാ ദർശേട്ടൻ വന്നോ?… ഭക്ഷണം എടുത്ത് വയ്ക്കട്ടെ…?” സ്നേഹം നടിച്ചവൾ ചോദിച്ചപ്പോഴും അവന്റെ ശ്രദ്ധ അമ്മയുടെ മുറിയിലേക്കായിരുന്നു… “അമ്മ…?”

“അമ്മായിക്ക് വയ്യായിരുന്നു…നേരത്തെ കിടന്നു…?” വിഷമ ഭാവത്തിൽ അവൾ പറഞ്ഞപ്പോൾ അവന്റെ മുഖത്തും പരിഭ്രമം ഏറി വന്നു… “എന്താ പറ്റിയെ അമ്മയ്ക്ക്…” “ഓഹ് ഇനി എന്ത് പറ്റാനാ…ഇവിടുള്ളൊരുത്തി കാരണം സന്തോഷത്തിൽ ആറാടുകയല്ലേ ഈ വീട്…വൈകീട്ട് അടുത്ത വീട്ടിലെ ചേച്ചി വന്നിരുന്നു… ഇവിടുത്തെ കാര്യങ്ങളൊക്കെ നാട്ടില് മൊത്തം പാട്ടാ… ദർശേട്ടനെയാ എല്ലാർക്കും സംശയം…അവരോട് എന്തൊക്കെയോ സമാധാനം പറഞ്ഞു പിടിച്ചു നിന്നെങ്കിലും അവര് പോയ ഉടനെ കരഞ്ഞു നിലവിളിച്ചു കയറി കിടന്നതാ… ഒരു വക കഴിച്ചിട്ടില്ല… ഇപ്പൊ ചെറുതായൊന്നു മയങ്ങിയേ ഉളളൂ…”

സരസ്വതിയുടെ കാര്യത്തിൽ ഒത്തിരി ശ്രദ്ധയുള്ളത് പോലെ അവൾ പറഞ്ഞു…എന്നാൽ പ്രതീക്ഷിച്ചത് പോലൊരു പ്രതികരണം അവന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല…അതവളെ അത്ഭുതപ്പെടുത്തി…നേരെ അമ്മയുടെ മുറിയിലേക്കവൻ കയറി…വെളിച്ചം തെളിച്ചു… ഇത്തിരിയൊന്നു നോക്കി നിന്ന് തിരികെയിറങ്ങി… വിടാൻ ഭാവമില്ലാത്തത് പോലെ വർഷയും പിറകെ കൂടി… ഇടയ്ക്ക് ഗോപുവിന്റെ മുറിയിലേക്ക് ഒരു നോട്ടം പോയി…കതക് ചാരിയിട്ടിരിക്കുന്നത് കണ്ടു… ഒന്ന് പോയി കാണണമെന്ന് തോന്നിയെങ്കിലും വർഷയുടെ സാന്നിധ്യം അങ്ങനൊരു സാഹസത്തിൽ നിന്നും മനസിനെ പറഞ്ഞു വിലക്കി…

“അച്ഛൻ?…” “അമ്മാവനും നേരത്തെ കിടന്നല്ലോ… ദർശേട്ടന് ഭക്ഷണം…?” “എനിക്ക് വേണ്ടാ…” മുഷിച്ചിലോടെ പറഞ്ഞവൻ മുകളിലേക്കുള്ള പടികൾ കയറി… പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ ഒന്നു നിന്നു… “ഗോപു…. കഴിച്ചോ?” തന്നെ ഒഴിവാക്കി ഗോപുവിന്റെ കാര്യം തിരക്കുന്നവനെ അവൾ അതിശയത്തോടെ നോക്കി…ഉള്ളിൽ അവനോടുള്ള നീരസം നുരഞ്ഞു പൊന്തി… വെറുപ്പ് കൊണ്ട് പല്ലു ഞെരിച്ചമർത്തുമ്പോഴും താഴ്ന്ന സ്വൊരത്തിൽ അവളൊന്നു മൂളി…ഉത്തരം കേൾക്കാൻ കാത്തെന്ന പോലെ തിരിഞ്ഞു പോകുന്നവനെ നോക്കി നെറ്റി ചുളിച്ചു… ഇതുവരെ പോകാത്ത വഴികളിലൂടെ ചിന്തകൾ പാഞ്ഞു പോയി… ഉള്ളിൽ സംശയത്തിന്റെ നാമ്പുകൾ വേരിറക്കി… ❤❤❤❤❤

അന്നും ഉറക്കമില്ലാതെ മുറിയിലെ ഇരുട്ടിലേക്ക് കണ്ണും നട്ട് കിടക്കുകയായിരുന്നു ദർശൻ… ഒന്നും തുറന്ന് പറയാൻ കഴിയാതെ വല്ലാത്തൊരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു… കണ്ണടയ്ക്കും തോറും കണ്ണു നിറച്ചൊരു പെണ്ണിന്റെ മുഖം മുൻപിൽ തെളിഞ്ഞു വന്നു…അവളെ പൊതിഞ്ഞു പിടിച്ച കൈകളിൽ ഇപ്പോഴും ആ ചൂടുള്ളത് പോലെ…നെഞ്ചിലേക്ക് തല ചായ്ച്ചു ഇപ്പോഴും അവൾ നിൽക്കുന്നത് പോലെ…തന്റെ കുഞ്ഞിനെക്കുറിച്ചോർത്തപ്പോൾ വീണ്ടും ഹൃദയഭാരമേറി… അവളെ കാണാൻ അതിയായ ആഗ്രഹം തോന്നി… ഒരു അച്ഛന്റെ ആശയെന്ന പോലെ…മനസ്സിനെ കടിഞ്ഞാണിടാൻ കഴിയാതെ വന്നപ്പോൾ പതിയെ എണീറ്റു…

നടക്കുന്നതിന് പകരം കാലുകൾ പായുകയായിരുന്നു… ചാരിയിട്ട വാതിൽ മെല്ലെ തുറന്നു… പതിവുപോലെ വെളിച്ചം തെളിച്ച മുറിയിൽ ശാന്തയായവൾ ഉറങ്ങുന്നുണ്ടായിരുന്നു…ദൂരെ മാറി നിന്ന് കാണാൻ മനസ്സനുവദിച്ചില്ല അടുത്തേക്ക് ചെന്നു… ഒന്ന് തൊടാൻ തോന്നി… വയറിനു മുകളിൽ വയ്ച്ച അവളുടെ കയ്യിൽ കൈ ചേർത്തു…പതിയെ തലോടി…സ്നേഹമുള്ളൊരു സ്പർശം അറിഞ്ഞെന്ന പോലെ നേർത്തൊരു ചിരി വന്നു… ഒന്ന് കുറുകി…നെറ്റി ചുളിച്ചു…ചുണ്ട് വിറച്ചു… “ഗോ….. പു….. നെ ….. തല്ല….ല്ലേ..” അവ്യക്തമായ പതിഞ്ഞ സ്വൊരം വന്നപ്പോൾ അവൻ പെട്ടന്ന് കൈ പിൻവലിച്ചു…

മുഖം ചുളിച്ചു വിറയ്ക്കുന്നവളെ കണ്ട് നെഞ്ചു നീറി…. കണ്ണ് കലങ്ങി… ആ കാൽക്കലേക്ക് മുട്ട് കുത്തിയിരുന്നു…പുതപ്പിനുമുകളിൽ ഉന്തി നിൽക്കുന്ന പാദങ്ങൾ കൈ കൊണ്ടു പൊതിഞ്ഞു… ഇടതടവില്ലാതെ പെയ്ത ചുടുകണ്ണീർ പുതപ്പിൽ ഇറ്റിറ്റു വീണു പരന്നു…നനഞ്ഞ പാടുകൾ തെളിഞ്ഞു… മനസ്സുകൊണ്ട് മാപ്പിരന്നു… അനേകം മാപ്പപേക്ഷകൾ… ഇത്തിരി അങ്ങനെ ഇരുന്നപ്പോൾ ആശ്വാസം തോന്നി… മനസ്സിൽ ഒന്ന് കൂടി നാളത്തെ തുറന്നു പറച്ചിൽ ഊട്ടിയുറപ്പിച്ചു… വേറൊന്നും കടന്നു ചിന്തിച്ചില്ല…. അതിനാവുമായിരുന്നില്ല… മനസ്സിനെ വിലക്കി നിർത്തി…മുഖമമർത്തി തുടച്ച് മുറിവിട്ടിറങ്ങുമ്പോൾ ചുണ്ടിലൊരു ചെറു ചിരി തത്തിക്കളിച്ചു…

വാതിൽ ചാരി തിരിഞ്ഞതും മുൻപിൽ നിൽക്കുന്ന രൂപം കണ്ട് പകച്ചു നിന്നു… “ക്ഷമിച്ചോ….?” ഉത്തരമില്ലാതവൻ തല താഴ്ത്തി… “കാല് പിടിച്ചു മാപ്പ് പറഞ്ഞപ്പോൾ അവളും നിന്റെ കുഞ്ഞും ക്ഷമിച്ചോ എന്ന്‌…” ഇത്തിരി കൂടി ഒച്ചയെടുത്തയാൾ ചോദിച്ചു…. “അച്ഛാ..ഞാ…” പറഞ്ഞു തീർക്കും മുൻപേ ആദ്യത്തെ പ്രഹരം അവന്റെ കവിളിലേറ്റിരുന്നു… ഒന്നിൽ ഒതുങ്ങിയില്ല… പിന്നെയും പിന്നെയും ആഞ്ഞു തല്ലി…കൈ കഴയ്ക്കുന്നത് വരെ…ഒരു നോക്ക് കൊണ്ടു പോലും എതിർക്കാതെ അതെല്ലാമവൻ ഏറ്റുവാങ്ങി… അവന്റെ ടീ ഷർട്ടിൽ മുറുക്കി പിടിച്ചുലചയാൾ അവനെ ആഞ്ഞു തള്ളി…

“എന്തിനാടാ എല്ലാം കൂടെ അതിന്റെ ജീവിതം നശിപ്പിച്ചത്…. ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ ഒറ്റയടിക്ക് ഇത്തിരി വിഷം കൊടുത്തങ്ങു കൊല്ല്… സ്നേഹത്തോടെ കൊടുത്താൽ മനസ്സ് നിറഞ്ഞത് കഴിച്ചോളും… ഇതിലും ഭേദം അതാ…” വികാരഭരിതനായായാൾ വിങ്ങിപ്പൊട്ടി… അച്ഛന്റെ വാക്കുകൾ വല്ലാത്ത വേദനയോടെയാണ് അവൻ കേട്ടു നിന്നത്… “അച്ഛാ… ഞാൻ…” “ചേ…. നീയിനി എന്നെ അങ്ങനെ വിളിക്കരുത്… നിന്നെ മകനായി കിട്ടിയതിൽ ഒരുപാട് അഭിമാനിച്ച ഒരച്ഛനുണ്ടായിരുന്നു… അയാൾ ഇത്തിരി മുൻപ് മരിച്ചു…നീ തന്നെ കൊന്നു…

സ്നേഹം നടിച്ചു കൂടെ കൂടി എന്റെ കുഞ്ഞിനെ നീ നശിപ്പിച്ചില്ലേ… ഇനി അതിനൊരു ജീവിതമുണ്ടോ….അതിനെ ചികിൽസിച്ചു ബേധമാക്കി നല്ലൊരു നിലയിൽ എത്തിച്ചേനെ ഞാൻ… ആരുടേയും സഹായത്തിനും സഹകരണത്തിനും വന്നില്ലല്ലോ…ഓരോരുത്തർക്ക് അവരവരുടെ പാട് നോക്കി പൊയ്ക്കൂടായിരുന്നോ…. അതിനോട് അടുത്ത് പെരുമാറുമ്പോൾ നിന്റെയുള്ളിൽ ഇങ്ങനൊരു വൃത്തികെട്ട വിചാരം ഉണ്ടെന്ന് നിക്ക് അറിയില്ലായിരുന്നു…” അവന് നേരെ അയാൾ ചീറി… “അച്ഛാ…. മനഃപൂർവം അല്ല…. പറ്റിപ്പോയതാ…എന്ത് ശിക്ഷ തന്നാലും ഞാൻ ഏറ്റുവാങ്ങാം…” “ഹും…ശിക്ഷ….

ശിക്ഷയൊക്കെ നടപ്പിലാക്കി കഴിഞ്ഞല്ലോ…തല്ലിയും കുത്തുവാക്കുകളിലൂടെയും ശിക്ഷ മുഴുവൻ എന്റെ കുഞ്ഞ് ഏറ്റു വാങ്ങിയില്ലേ… അതാരോടും ഒന്നും പറയില്ല… തിരിച്ചു പ്രതികരിക്കുകയുമില്ല… നിന്ന് കൊണ്ടോളും എല്ലാം… കരഞ്ഞു നിലവിളിച്ചു തീർത്തോളും… നീ സുഖമായി ജീവിക്കു…” പലപ്പോഴും ശ്വാസം കിട്ടാതെ അയാളുടെ വാക്കുകൾ മുറിഞ്ഞു പോയി… “ഇങ്ങനെ പറയല്ലേ അച്ഛാ…. എന്നെക്കുറിച്ച് അങ്ങനാണോ മനസ്സിലാക്കിയിരിക്കുന്നെ…. അങ്ങനാണോ എന്നെ നിങ്ങൾ വളർത്തിയത്…അന്ന്… മദ്യപിച്ചു വന്ന അന്ന്… ബോധമില്ലാതെ… എനിക്കറിയില്ലായിരുന്നു ഗോപു അടുത്ത് വന്നത്…

ഞാൻ… ഞാൻ അവളെ…” അച്ഛന്റെ മുൻപിൽ തുറന്നു പറയാൻ കഴിയാതെ അവൻ വിയർത്തു… “കഴിഞ്ഞ കുറച്ചു നാളുകളായി ചെയ്തു പോയ അപരാതമോർത്ത് നീറി… നീറി… കഴിയാ ഞാൻ… വർഷയല്ല… ഗോപുവാണ് എന്റെയുള്ളിലെ വിങ്ങൽ…. ഞാൻ തുറന്നു പറയാനിരിക്കയാ….എല്ലാരോടും പറയാം…. എന്റെ കുഞ്ഞാണെന്ന്….ഞാൻ… ഞാൻ…. കൊണ്ടു പൊയ്ക്കോളാം…ലോകത്തിന്റെ ഏതു കോണിൽ കൊണ്ട് പോയും ചികിൽസിച്ചോളാം…സ്വൊബോധമുള്ള മനസ്സോടെ അവൾ ഉണരുമ്പോൾ എല്ലാം പറഞ്ഞോളാം…പൊറുക്കാൻ പറ്റുമെങ്കിൽ അവൾ പൊറുക്കട്ടെ…”

അവന്റെ മറുപടി കേട്ട് അയാൾക്ക് പുച്ഛമാണ് തോന്നിയത്… “എന്നിട്ട്….?” പരിഹാസത്തോടെയുള്ള ചോദ്യം കേൾക്കെ ദർശനും പകപ്പോടെ നോക്കി… “എന്നിട്ട്… നീയവളെ കല്യാണം കഴിക്കുവോ… ഭാര്യയും കുഞ്ഞുമോത്ത് സുഖമായി ജീവിക്കുമോ… അപ്പോൾ ഇവിടെയോ… വർഷ ദുഷ്ടയായിരിക്കാം… പക്ഷേ അവളും ഒരു പെൺകുട്ടിയാണ്…നീ കാരണം തകർന്നത് രണ്ട് പെൺകുട്ടികളുടെ ഭാവിയാണ്…നിന്റെ അമ്മയെക്കുറിച്ച് ഓർമ്മയുണ്ടോ നിനക്ക്…ഈ കുഞ്ഞിന്റെ പേരിൽ ചെറിയൊരു ആരോപണം നിനക്ക് നേരെ വന്നപ്പോൾ പോലും കരഞ്ഞു നിലവിളിച്ചു ബഹളമായിരുന്നു…

അപ്പോൾ പിന്നെ ഇത് കൂടി കേട്ടാൽ ചങ്ക് പൊട്ടി മരിച്ചു പോകും അവൾ…നീയൊരൊറ്റയാളുടെ കാര്യങ്ങൾക്ക് വേണ്ടിയെ അവൾ വാശിപിടിക്കാറുള്ളൂ…അത്രയും സ്വാർത്ഥമായി പെരുമാറാറുള്ളൂ…അത് മനസ്സിലായത് കൊണ്ടാ ഞാനും പലപ്പോഴും മൗനം പാലിക്കുന്നത്…അവൾക്കെന്തെങ്കിലും സംഭവിച്ചാൽ ഈ ജന്മം സമാദാനം കിട്ടുമോ നിനക്ക്…?” അയാളുടെ ചോദ്യങ്ങളൊക്കെ ആഴത്തിൽ ചിന്തിക്കാൻ അവനെ പ്രേരിപ്പിച്ചു… എടുത്ത തീരുമാനം തെറ്റായിരുന്നുവോ എന്ന് പല കുറി ചിന്തിപ്പിച്ചു… ഉത്തരമില്ലാതെ വീണ്ടും വീണ്ടും ഉഴറി…

“അല്ല… മറ്റാരേക്കാളും മുൻപ് കൂടെക്കൂട്ടാൻ തീരുമാനിച്ച ഗോപുവിനെക്കുറിച്ച് നീ ചിന്തിച്ചോ… ഒരു സാദാരണ പെൺകുട്ടിയല്ല അവൾ…അടുപ്പമില്ലാത്ത ആരുമായും അത്ര പെട്ടെന്ന് അടുക്കില്ല… നിന്നെ ഞാൻ സംശയിക്കാനുള്ള കാരണവും അത് തന്നെയാ…എല്ലാം വള്ളി പുള്ളി തെറ്റാതെ എന്നെ അറിയിക്കുന്നതാ… ഇത് മാത്രം ഞാൻ അറിയാതെ പോയെങ്കിൽ അടുപ്പമുള്ള ആരോ ആണെന്ന് എനിക്ക് തോന്നിയിരുന്നു…പിന്നെ നിന്നെ കാണുമ്പോളുള്ള അതിന്റെ പരിഭ്രമവും… ഗോപുവുമായി ഇവിടുന്ന് കടന്നു കളഞ്ഞിട്ട് നീയെങ്ങനെ ജീവിക്കും… എപ്പോഴും ഇവളുടെ കൂടെ നിൽക്കാൻ പറ്റുമോ…

ഇവിടെ, ഈ വീട്ടിൽ, ഇത്രേം പേരുണ്ടായിട്ടും ഇങ്ങനൊക്കെ സംഭവിച്ചെങ്കിൽ അറിയാത്തോരിടത്ത് അതിനെ കൊത്തിപ്പറിക്കാൻ ആരുമുണ്ടാവില്ലെന്ന് നിനക്കുറപ്പുണ്ടോ…ഇനി ഞാൻ കൂടെ വന്നാൽ തന്നെ സരസ്വതി കൂടെ നിൽക്കുമെന്ന് തോന്നുന്നുണ്ടോ… ഇതൊക്കെ അറിയുമ്പോൾ വർഷയും ഇന്ദിരയും വെറുതെ നിൽക്കുമെന്ന് തോന്നുന്നുണ്ടോ… ഗോപു ആയിരിക്കും അവരുടെ ആദ്യ ലക്ഷ്യം…അതിന്റെയുള്ളിൽ ഒരു കുഞ്ഞു വളരുന്ന കാര്യം പോലും അതിനിതുവരെ അറിയില്ല…എത്രനാൾ അതിനെ പൊതിഞ്ഞു പിടിക്കും…” “എന്താ ഇവിടെ…?”

പെട്ടന്നുള്ള ചോദ്യം കേട്ട് രണ്ടാളും ഞെട്ടിത്തിരിഞ്ഞു നോക്കി… സംശയത്തോടെ ഇരുവരെയും ഉറ്റു നോക്കുന്ന വർഷയെക്കണ്ട് പകച്ചു…രണ്ടാളുടെയും കരഞ്ഞു കലങ്ങിയ മുഖം കണ്ട് അവളുടെ നെറ്റി ചുളിഞ്ഞു… ഉള്ളിലുള്ള സംശയം ഒന്ന് കൂടി ബലപ്പെട്ടു… കൂടുതൽ എന്തെങ്കിലും ചോദിക്കും മുൻപേ അവൾക്ക് മുഖം നൽകാതെ ദർശൻ മുൻപേ പിരിഞ്ഞു… പിറകെ സുധാകരനും…അവരുടെ സംസാരങ്ങൾ കേൾക്കാൻ സാധിക്കാത്തത്തിൽ വർഷയ്ക്ക് വല്ലാത്ത നിരാശയായി… തന്റെ കണ്ണും കാതും ഒന്ന് കൂടി കൂർപ്പിച്ചിരിക്കേണ്ട സമയമായെന്ന് തോന്നി…സംശയത്തിന്റെ മുനമ്പ് പലർക്കു നേരയും കറങ്ങി തിരിഞ്ഞു ഉരുത്തരത്തിനായി…. ❤❤❤❤❤

അച്ഛന്റെ വാക്കുകൾ വീണ്ടും വീണ്ടും ദർശന്റെ മനസ്സിലേക്ക് കടന്നു വന്നു… ഒരു പുനർചിന്തനത്തിനായി പ്രേരിപ്പിച്ചു…അറിയാതെയെങ്കിലും താൻ ചെയ്ത തെറ്റിന് ഇനി ഗോപുവിനെ വിഷമിപ്പിക്കില്ലെന്നവൻ മനസ്സിലുറപ്പിച്ചു…അപ്പോഴൊക്കെ എല്ലാം തുറന്ന് പറയാൻ മനസ്സ് വെമ്പി…കുഞ്ഞിനെക്കുറിച്ചോർത്തപ്പോൾ കണ്ണ് കലങ്ങി…താരാട്ട് പാടാനറിയാത്ത ഒരമ്മയുടെ കഥ ഓർമ വന്നു…..ആ അമ്മ കുഞ്ഞുങ്ങളെപ്പോലെ കുസൃതി ചിരിയുള്ളവളായിരുന്നു…

കാണുന്ന കാഴ്ചകളെക്കുറിച്ച് വാചാലയായിരുന്നു….എല്ലാവരെയും സ്നേഹിച്ചിരുന്നു….ആ അമ്മയ്ക്ക് ഗോപുവിന്റെ മുഖമായിരുന്നു… അതേ രൂപമായിരുന്നു….ആ രൂപത്തിനപ്പുറം മറ്റൊരു അമ്മയെ കൂടി കണ്ടു… തന്റെ മകനെക്കുറിച്ചു എപ്പോഴും ചിന്തിക്കുന്ന അമ്മ…സ്വോപ്നം കാണുന്ന അമ്മ…അഭിമാനിക്കുന്ന അമ്മ… രണ്ടമ്മമാർക്കിടയിൽ അവന്റെ മനസ്സ് കുരുങ്ങിക്കിടന്നു…ഒന്ന് മാത്രമായി തള്ളാനും കൊള്ളാനും കഴിയാതായി…അതേ… അത്രമേൽ പ്രിയപ്പെട്ട ബന്ധങ്ങളും ചിലപ്പോൾ ബന്ധനങ്ങളാണ്…❤… തുടരും….

അത്രമേൽ: ഭാഗം 14

Share this story