എന്നിട്ടും : ഭാഗം 8

എന്നിട്ടും : ഭാഗം 8

എഴുത്തുകാരി: നിഹാരിക

പാർവ്വണ എന്തോ പറയാൻ നിന്നപ്പഴേക്ക് ഹരി ഫോൺ കട്ട് ചെയ്തിരുന്നു, തിരിച്ച് വിളിക്കാൻ നോക്കിയപ്പോൾ സ്വിച്ച് ഓഫ് :… ആകെക്കൂടി വല്ലാത്ത ഒരവസ്ഥയിൽ എത്തിയിരുന്നു പാർവ്വണ…. എന്തിനാ എന്തിനാ സാറിൻ്റെ അമ്മ എന്നെ കാണുന്നേ?? “ഏയ്….. അങ്ങനെ ഒന്നുമാവരുതെ ദേവീ…. പ്രാർത്ഥിച്ച് കുഞ്ചൂസിനരികിൽ കിടന്നെങ്കിലും അൽപ്പം പോലും ഉറങ്ങാൻ കഴിയുമായിരുന്നില്ല അവൾക്ക്, 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 രാവിലെ എണീറ്റ് തണുത്ത വെള്ളത്തിൽ കുളിച്ചപ്പോ ഒരാശ്വാസം തോന്നി, പാറുവിന്… കുഞ്ചൂസ് വെളുപ്പിനേ എണീറ്റ് മേല് കുത്തിമറിഞ്ഞ് കളിക്കുന്നുണ്ടായിരുന്നു,

ഇത്തിരി മുമ്പാ പാലും കുടിച്ച് വീണ്ടും ഉറക്കം തുടങ്ങിയത്…. ഇനി ചെലപ്പോ പോയി കഴിഞ്ഞാവും ഉണരുക …. വേഗം പുറത്ത് ചെന്ന് കുപ്പിയിൽ വച്ച പാല് എടുത്ത് കൊണ്ടുവന്നു…. വെള്ളം ചേർത്ത് കാച്ചി, കൽക്കണ്ട വും ചേർത്ത് ഫ്ലാസ്കിൽ ഒഴിച്ചു വച്ചു, ഇനി വേണ്ടപ്പോൾ അന്നമ്മ ചേടത്തി കുപ്പിയിൽ തണുപ്പിച്ച് ഒഴിച്ച് കൊടുത്തോളും, വേഗം ഇഡ്ഡലിക്കുള്ള മാവൊഴിച്ച് അടുപ്പത്ത് വച്ചപ്പഴാ ജെനി എത്തിയത്, “”നേരാവണതല്ലേ ഉള്ളൂ നീ നേരത്തെ എണീറ്റോ പാറു “” “” ആ… ദാ നിനക്ക് കാപ്പി “” ഒന്ന് ചിരിച്ച് കാപ്പി വാങ്ങി ജെനി പത്രം വന്നോ നോക്കാൻ പോയി, ഹരി സർ ഇന്നലെ വിളിച്ചത് ജെനിയോട് പറയേണോ??

വേഗം അവളുടെ അടുത്തേക്ക് നടന്നു, പാതിക്ക് വച്ച് വേണ്ട എന്ന് തീരുമാനിച്ചു, എന്തിനാ വെറുതേ ! സർ എന്താ ഉദ്ദേശിക്കുന്നത് എന്നറിഞ്ഞിട്ട് മതി അവളോട് പറയുന്നത്, ഒരു നോട്ടത്തിൽ പോലും തന്നോട് ഒരു പ്രത്യേകത സാറിനുള്ളത് പോലെ തോന്നിയിട്ടില്ല! പിന്നെ….. വെറുതേ ഓരോന്ന് മനസ് ചിന്തിച്ച് കൂട്ടണതാവാം ….. ഇന്ന് നേരത്തെ ചെന്ന് സാറിനെ കാണണം…. എന്താ ഇന്നലെ പറഞ്ഞതിൻ്റെ പൊരുൾ എന്ന് അറിയണം, എന്നിട്ട് പറയാം ജെനിയോട്…. 🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋 ഓഫീസിലെത്തിയതും ഓടിയത് ഹരിസറിൻ്റെ കാബിനിലേക്കാണ്, അവിടെ ശൂന്യമായിരുന്നു, “”ന്താ കുഞ്ഞേ??””

രഘു വേട്ടനാണ്… പ്യൂൺ.. “” ഒരു കാര്യം ചേദിക്കാൻ… ഹരി സർ??” ” “”ഹരി സാറ് ഇന്ന് ലിവാണല്ലോ കുഞ്ഞേ.. ഇന്നലെ പറഞ്ഞില്ലേ “” “”ഇ…. ഇല്ല !! “”ഹാ! ഇന്നലെ കുഞ്ഞു പോയേന് ശേഷാവും ന്നാ പറഞ്ഞത്, ഇന്ന് ലീവാ, നാട്ടിൽ നിന്ന് അമ്മ വരുന്നു ന്നാ പറഞ്ഞത് “” കേട്ടപ്പോൾ ഒരു വിറയൽ ഉടലാകെ പടർന്ന പോലെ.:. മെല്ലെ ഒരു ചിരി രഘുവേട്ടന്ന് സമ്മാനിച്ച് അവിടന്ന് വേഗം പോയി, കുറേ നേരം അതിനെ പറ്റി തന്നെ ചിന്തിച്ചു, “” ടീ …. നീയിതെവിടാ ??”” ജെനി വിളിച്ചപ്പഴാണ് ഞെട്ടി നോക്കിയത്… “ഏയ് ഞാൻ വെറുതേ….. ” പെട്ടെന്ന് ഫോൻ റിംഗ് ചെയ്തു, “ഹരി സർ”” എന്തോ ഫോൺ എടുക്കാൻ ഒരു പേടി….. ” ” ടീ നിൻ്റെ ഫോണടിക്കുന്നത് കണ്ടില്ലേ അത് കയ്യിൽ പിടിച്ച് സ്വപ്നം കാണുന്നോ ”

മെല്ലെ ജെനിയെ നോക്കി പാറു ഫോണ് എടുത്തു, “”ഹ… ഹലോ ” ” പാറുവിൻ്റെ പരവേശം കണ്ട് ഒന്നും മനസിലാവാതെ ജെനി അവളെ തന്നെ നോക്കിയിരുന്നു, “”പാർവ്വണ, ഹരിയാണ്…. ഞാൻ നമ്മുടെ ഓഫീസിന് മുന്നിൽ ഉണ്ട് താൻ ഒന്ന് ഇങ്ങോട്ട് വാ “” “”എ…. എനിക്ക് കുറേ ജോലിയുണ്ടല്ലോ സർ”” “ഞാനറിയാത്ത എന്ത് ജോലിയാ തനിക്കവിടെ, ഇനി ഉണ്ടെങ്കിൽ കൂടി, ജസ്റ്റ് ഫൈവ് മിനുട്ട് അത്രേ വേണ്ടൂ”” “” അത് ….. സർ;”” “വേഗം വരൂ പാർവ്വണ ഞാൻ വൈറ്റ് ചെയ്യാണ് ട്ടോ “” ഫോൺ കട്ടായത് പാർവ്വണ അറിഞ്ഞു, “”എന്താടി? എന്തിനാ നീയിങ്ങനെ ടെൻഷൻ അടിക്കണേ?”” “” ജെനീ, ഹരി സാറാ വിളിച്ചത് ‘ പുറത്ത് നിൽക്കുന്നുണ്ട് അങ്ങോട്ട് ചെല്ലാൻ “”

“അതെന്തിനാ അങ്ങോട്ട് ചെല്ലണത്?? എനിക്ക് ഒന്നും മനസിലാവുന്നില്ല”” ” എനിക്കും ” അത് പറയുമ്പോൾ പാർവ്വണയുടെ മിഴികൾ നിറഞ്ഞിരുന്നു, അതു കണ്ട് ഒന്നും മനസിലാവാതെ ജെനിയിരുന്നു, “ചെല്ലാൻ പറഞ്ഞിട്ട് നീയിവിടെ ഇരിക്കാണോ? ചെല്ല്, പോയി എന്താന്ന് ചോദിക്ക് “” പാർവ്വണ മെല്ലെ എഴുന്നേറ്റു, ജെനിയെ ഒന്നു കൂടി നോക്കി, കൈ മുന്നിലേക്ക് ചൂണ്ടി ചെല്ല്”” എന്ന് പറഞ്ഞു…. അവൾ നടന്നകലുന്നതും നോക്കി അവൾ ഇരുന്നു, എന്തിനായിരിക്കും ഹരി സർ അവളോട് വരാൻ പറഞ്ഞത്? അതും തികച്ചും കോൺഫിഡൻഷ്യലായി, എന്തോ മനസിൽ ചെറിയ അസ്വസ്ഥത തോന്നി ജെനിക്ക്, പാർവ്വണ ഈ ഓഫീസിൽ ജോയിൻ ചെയ്യുന്നതിന്ന് മുമ്പേ അറിയാരുന്നു ജെനിക്ക് ഹരി സാറിനെ, തികച്ചും മാന്യമായി അത്രേം ഫ്രണ്ട് ലിയായി പെരുമാറുന്ന സാറിനോട് ആദ്യം ബഹുമാനമായിരുന്നു.

പിന്നെ സാറിൻ്റെ കഴിവുകളും, അതിലൊന്നും അഹങ്കരിക്കാത്ത വ്യക്തിത്വവും കണ്ടപ്പോൾ ആരാധനയായി….. പിന്നീടെപ്പഴോ ….. എപ്പഴോ അത്.. പ്രണയമായി മാറുകയായിരുന്നു, എങ്കിലും ഒന്നും അറിയിക്കുകയോ പറയുകയോ ചെയ്തിട്ടില്ല! ആകാശം കാണാതെ പുസ്തകത്താളിൽ കാത്തു വച്ച ഒരു മയിൽപ്പീലി കണക്കെ ഹൃദയതാളിൽ സൂക്ഷിച്ചു വച്ചിരിക്കുകയാണ് തൻ്റെ പ്രണയമത്രയും, ഓരോ നിമിഷം കഴിയുമ്പോഴും വീര്യം കൂടുന്ന പ്രണയം… അതാണ് ഈ ജെന്നിഫറിന്, ഹരി സർ നിങ്ങളോട് ….. എങ്കിലും എന്തിനായിരിക്കും പാർവ്വണയെ വിളിപ്പിച്ചതെന്ന് അവൾക്ക് ആശങ്കയായി, മെല്ലെ കാലുകൾ പാർവ്വണയുടെ പുറകേ ചലിച്ചു, .🦋🦋🦋🦋🦋

കാർ പാർക്കിംഗ് ഏരിയയിൽ മെറ്റാലിക് ബ്ലൂ കളർ കാറിൽ ചാരി നിൽക്കുന്നുണ്ടായിരുന്നു ഹരി സർ…. മെല്ലെ പാർവ്വണ ഓഫീസ് മുറ്റം മുഴുവൻ അവർക്കായി തിരയുന്നതും നോക്കി ഒരു കള്ള ച്ചിരിയോടെ നിൽക്കുകയായിരുന്നു, കണ്ടപ്പോൾ വിളറിയ ഒരു ചിരി തിരിച്ച് സമ്മാനിച്ച് അവൾ മെല്ലെ നടന്നടുത്തു….. “വാടോ…. ഒരാളെ തനിക്ക് പരിചയപ്പെടുത്താൻ കൊണ്ടുവന്നതാ!”” മെല്ലെ മിഴികൾ കാറിലേക്ക് നീണ്ടിരുന്നു അവളുടെ “അമ്മയെ നോക്കാവുമല്ലേ? ഇന്നലെ പറഞ്ഞിരുന്നല്ലോ ?”” “”അമ്മേ ഇറങ്ങൂ “” ഹരി കാറിൻ്റെ ഡോർ തുറന്നപ്പോൾ മെല്ലെ ഐശ്വര്യം തുളുമ്പുന്ന ഒരു സ്ത്രീ പുറത്തിറങ്ങി…..

ആ അമ്മ പാർവ്വണയുടെ നേരെ നടന്നടുത്തു , ആ മുഖത്ത് നിറഞ്ഞ് നിന്ന വാത്സല്യം നിറഞ്ഞ പുഞ്ചിരി കണ്ടപ്പോൾ എന്തോ സ്വന്തം അമ്മയുടെ മുഖം ഉള്ളിൽ മിന്നി മാഞ്ഞു പാർവ്വണക്ക്, ഹരിയുടെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ട് പാർവ്വണ അങ്ങോട്ട് നോക്കി… റിംഗ് ചെയ്ത ഫോണുമെടുത്ത് “ഒരു സെക്കൻ്റ് എന്ന് പറഞ്ഞ് ഹരി സർ കുറച്ച് ദൂരെ ചെന്ന് സംസാരിക്കാൻ തുടങ്ങി അപ്പഴാണ് ഗായത്രിയുടെ കാറ് വരുന്നത് പാർവ്വണ ശ്രദ്ധിച്ചത്….. ആകെക്കൂടി ഒരു ഭയം വന്ന് മൂടിയിരുന്നു അവളെ, “” പാർവ്വണ ല്ലേ?”” “ഉം” ആ അമ്മയുടെ ചോദ്യത്തിന് പാർവ്വണ മൃദുവായി ഒന്നു മൂളി…. “ഹരിക്കുട്ടൻ വിളിക്കുംപോഴൊക്കെ മോളെ പറ്റി പറയും…. കല്യാണം ന്ന് പറയുന്നത് കേൾക്കുന്നതേ കലിയായിരുന്നു,

ഇപ്പോ ഇങ്ങട് പറയാൻ തുടങ്ങി കുട്ടീടെ കാര്യം… അമ്മ വന്നൊന്നു കാണൂ, ഇഷ്ടാവുന്നൊക്കെ….. ഇഷ്ടായി ട്ടോ എനിക്ക് ഒത്തിരി ഇഷ്ടായി ഈ മോളെ”” “അമ്മേ ഞാൻ…. എൻ്റെ….. “” “വാട്ട്സ് ഗോയിംങ് ഓൺ ഹിയർ”” പാറു എന്തോ പറയാൻ തുടങ്ങിയപ്പോഴേക്ക് ഗായത്രിയുടെ ശബ്ദം ഉയർന്ന് പൊങ്ങി… ആ അമ്മയുടെ മുഖം ഒന്ന് വാടി, “മോളെ ഈ സ്ഥാപനത്തിലാ എൻ്റെ മോൻ ജോലി ചെയ്യണതേ, ഹരി കിഷോർ”” ഈ കുട്ടിയെ ഇഷ്ടായി എന്ന് പറഞ്ഞപ്പോ ഒന്ന് കാണാൻ വന്നതാ”” ആ അമ്മയുടെ നിഷ്കളത നിറഞ്ഞ മറുപടി കേട്ടതും ഗായത്രി പൊട്ടിച്ചിരിക്കാൻ തുടങ്ങി, “വാട്ട് ഫണ്ണി “” അപ്പഴേക്കും ഹരി എത്തിയിരുന്നു, ആ അമ്മ ഒന്നും മനസിലാവാതെ ഗായത്രിയെ നോക്കി നിൽക്കുന്നുണ്ടായിരുന്നു….

“”എന്താ എന്താ ഉണ്ടായത് മേഡം”” ഗായത്രിയുടെ നിർത്താതെയുള്ള ചിരി കണ്ട് ഹരി ചോദിച്ചു….. ” ഒന്നൂല്ല മിസ്റ്റർ ഹരി തൻ്റെ അമ്മേടെ ഒരു ജോക്ക് കേട്ട് ചിരിച്ചതാ….. ഹോ മൈ ഗോഡ്….”” ഒന്നും മനസിലാവാതെ ചോദ്യ രൂപത്തിൽ അവൻ പാർവ്വണയെ നോക്കി….. അവൾ നിലത്ത് മിഴികളൂന്നി വിഷണ്ണയായി നിൽക്കുകയായിരുന്നു, ” തന്റെ മദർ പറയാ, ഹരി പാർവ്വണയെ പ്രൊപ്പോസ് ചെയ്യാൻ വന്നതാന്ന്….. “” “അതിന്?? മാഡം എന്താ പറഞ്ഞ് വരുന്നത് “” ഇത്തവണ ഇത്തിരി ദേഷ്യത്തോടെ തന്നെ ഹരി ഗായത്രിയോട് ചോദിച്ചു, “ഒരു കൊച്ചൊള്ള പെണ്ണിനേ മാത്രമേ താൻ കെട്ടൂ മിസ്റ്റർ ഹരി ??

അതും ആരുടെയാ എന്നു പോലും അറിയാത്ത ഒരു കൊച്ച് ”” പറഞ്ഞ് തീർന്നതും കവിള് പുകയുന്നത് ഗായത്രി അറിഞ്ഞു, അപ്പോൾ കണ്ടു, ജ്വലിക്കുന്ന കണ്ണുകളോടെ പാർവ്വണയെ…. ” കുറേ ക്ഷമിച്ചു മാഡം…. ഇനി വയ്യ “” കോപത്തോടെ അവളത് പറഞ്ഞ് കഴിഞ്ഞപ്പോൾ തെല്ലൊന്നൊതുങ്ങി ഭയത്താൽ ഗായത്രി, നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടക്കാൻ പോലും മറന്ന് ആ പാവം പെണ്ണ് അവിടെ നിന്നും ഓടി മറഞ്ഞു….. മെല്ലെ ഗായത്രിയും ചവിട്ടിത്തുള്ളി പോയി, ഒന്നും മനസിലാവാത്ത ഒരു പാവം അമ്മയെ മകൻ ചേർത്ത് പിടിക്കുമ്പോൾ…. ദൂരെ എല്ലാം കണ്ട് രണ്ട് കണ്ണുകൾ കണ്ണീർ വാർക്കുന്നുണ്ടായിരുന്നു,…തുടരും…

എന്നിട്ടും : ഭാഗം 7

Share this story