ഗന്ധർവ്വയാമം: ഭാഗം 10

ഗന്ധർവ്വയാമം: ഭാഗം 10

എഴുത്തുകാരി: അഞ്ജലി അഞ്ജു

തുടരെ തുടരെയുള്ള ഫോണിന്റെ ശബ്ദമാണ് ആമിയെ മായാലോകത്ത് നിന്ന് തിരികെ വരാൻ നിർബന്ധിതയാക്കിയത്. വസുവാണ് വിളിക്കുന്നതെന്ന് അറിഞ്ഞപ്പോൾ ചുണ്ടിൽ വിരിഞ്ഞ മന്ദഹാസത്തോടെ ഫോൺ ചെവിയോട് ചേർത്തു. “ഹലോ ആമി..” അവന്റെ ശബ്ദം മുഴങ്ങിയതും കാതുകൾക്ക് കുളിർമ അനുഭവപ്പെട്ടു. “മ്മ്..” ഒരു മൂളലിൽ അവൾ മറുപടി ഒതുക്കി. “എന്ത് ചെയ്യുവാണ്?” “ഞാനിവിടെ ഒരു ഗന്ധർവ്വനെയും നോക്കി ഇരിക്കുവാ. വരാമെന്ന് പറഞ്ഞിട്ട് ഇത് വരെ കണ്ടില്ല.” തമാശ രൂപേണ അവൾ പറഞ്ഞു. “ആണോ ഞാൻ വന്നാൽ മതിയോ? അയ്യെടാ. കണ്ടാലും മതി ഒരു ഗന്ധർവ്വൻ വന്നിരിക്കുന്നു.”

“ആഹാ എനിക്ക് എന്താ ഒരു കുറവ്?” “ഒന്നുല്ലേയ്.” “ദേ എന്നെയല്ലാതെ വേറെ വല്ലവൻമാരെയും നോക്കിയാൽ ഉണ്ടല്ലോ..” “നോക്കിയാൽ എന്നാ ചെയ്യും?” “മൂക്ക് ചെത്തി ഉപ്പിലിടും.” അവന്റെ മറുപടി കേട്ടതും അവൾ പൊട്ടി ചിരിച്ചു. മറു തലയ്ക്കൽ നിന്നും ചിരിയുടെ ചീളുകൾ കേൾക്കുന്നുണ്ടായിരുന്നു. “നീ അത് നോക്കിയോ? ഇഷ്ടായോ?” വസു അത് പറഞ്ഞപ്പോളാണ് അവൻ തന്ന സമ്മാനത്തെ പറ്റി അവളും ഓർത്തത്. “ഞാൻ നോക്കിയില്ല.” “ആണോ. പിന്നെ ഓണത്തിന് അത് ഇടണേ.” “മ്മ്.” പിന്നെയും കുറച്ചു സമയം കൂടെ സംസാരിച്ചിട്ട് ഒരു ബനിയനും മിഡിയും എടുത്ത് അവൾ ഫ്രഷ് ആവാനായി കയറി.

ഒന്നിച്ചു ഭക്ഷണം കഴിക്കാനായി ആമിയെ നോക്കി ഇരിക്കുകയായിരുന്നു ജയരാജന്റെ അമ്മ ദേവിയും മറ്റുള്ളവരും. “ജയാ ആ കുട്ടിയെ കാണുന്നില്ലല്ലോ?” അക്ഷമയായി ദേവിയമ്മ ചോദിച്ചു. “അവൾ ഫ്രഷ് ആയിട്ട് വരുമമ്മേ. നിങ്ങൾ പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ അവളെ കാണാൻ കഴിഞ്ഞിട്ടില്ലല്ലോ. ആ കുട്ടി എന്താ പിന്നെ എന്നെ കാണാൻ വരാതിരുന്നത്?” “അത് പിന്നെ മുത്തശ്ശി.. അവൾക്ക് ഒരു വയ്യായ്ക ഉണ്ടായിരുന്നു. യാത്ര ചെയ്ത് വന്നതിന്റെയാവും.” അഭിയാണ് അത് പറഞ്ഞത്. കുറച്ചു സമയം കൂടെ കഴിഞ്ഞതും ആമി താഴേക്ക് ഇറങ്ങി വന്നിരുന്നു. “ആഹ് ദേ ആള് വന്നല്ലോ.” ജയരാജൻ ആമിയെ നോക്കി പറഞ്ഞു.

പുഞ്ചിരിച്ചു കൊണ്ട് അവർക്കരികിലേക്ക് വരുന്ന ആമിയിലേക്ക് ദേവിയമ്മയുടെ മിഴികൾ ഉടക്കി. അവരുടെ കണ്ണുകളിൽ അമ്പരപ്പ് തെളിഞ്ഞു കാണാമായിരുന്നു. “ദേ മുത്തശ്ശി ഇതാണ് ഞങ്ങൾ എപ്പോളും പറയാറുള്ള ഞങ്ങളുടെ ആമി.” അവളെ തന്നോട് ചേർത്ത് നിർത്തി അഭി പറഞ്ഞു. “ആമി ഇതാണ്…” “ഞാൻ പറയാം നമ്മുടെ കളരിക്കൽ തറവാട്ടിലെ ദേവുമ്മ! ഞാൻ പറഞ്ഞത് ശെരിയല്ലേ?” നിറ ചിരിയോടെ ദേവിയമ്മയ്ക്ക് നേരെ മുഖം തിരിച്ചാണ് ആമി അത് പറഞ്ഞത്. എളുപ്പത്തിൽ തന്നെ ആമി ദേവിയമ്മയോടും കൂട്ടായി. ആരോടും കൂടുതൽ അടുപ്പം കാട്ടാത്ത ദേവിയമ്മയിൽ പോലും അവൾ മാറ്റം വരുത്തിയത് എല്ലാവരെയും അതിശയിപ്പിച്ചിരുന്നു.

രാത്രിയേറെ ആയപ്പോളാണ് കിടക്കാനായി ആമി മുറിയിലേക്ക് പോയത്. മുറിയിൽ ചെന്നതും വാതിൽ കുറ്റി ഇട്ട് വസു തനിക്കായി സമ്മാനിച്ച പൊതിയവൾ തുറന്നു നോക്കി. ചുവന്ന നിറത്തിലെ പട്ടു സാരി ആയിരുന്നു അത്. പഴയ ഡിസൈൻ പോലെയാണ് ആമിക്ക് തോന്നിയത്. എങ്കിലും അതിന് ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു. കൂടെയുള്ള ചെറിയ പൊതിയിൽ നിറയെ മണികൾ ഉള്ള വെള്ളി കൊലുസായിരുന്നു ഉണ്ടായിരുന്നത്. അവൾ മെല്ലെ അതെടുത്തു കാതോരം ചേർത്ത് കുലുക്കി നോക്കി. മണിയുടെ നാദം മുറി മുഴുവനായി പ്രതിഭലിക്കുന്നുണ്ടായിരുന്നു.

തന്റെ കാൽ പാദങ്ങളിൽ അവയെ ചേർത്തു വെച്ചു. രാത്രിയുടെ ഏതോ യാമത്തിൽ തന്റെ ഗന്ധർവ്വനെയും സ്വപ്നം കണ്ടവൾ ഉറങ്ങി. വാതിലിൽ തുടരെയുള്ള തട്ടൽ കേട്ടാണ് ആമി ഉണർന്നത്. ഉറക്കച്ചടവോടെ വാതിൽ തുറന്നപ്പോൾ ഒരു പൊതിയും പിടിച്ചു നിൽക്കുന്ന അഭിയെയാണ് കണ്ടത്. “ആഹാ രാജകുമാരിയുടെ ഉറക്കം തീർന്നില്ലേ? സമയം എത്രയായെന്ന് വല്ല നിശ്ചയവും ഉണ്ടോ നിനക്ക്. ഇന്നേ ഉത്രാടമാണ് നീ വേഗം ഇതൊക്കെ ഇട്ട് റെഡിയായി വാ. ഞാൻ താഴെ ഉണ്ടാവും ട്ടോ.” മറുപടിയൊന്നും പറയാതെ അവൾ കവറും വാങ്ങി തിരികെ നടന്നു. “ഡീ പോത്തേ ഇനിയും പോയി കിടന്ന് ഉറങ്ങല്ലേ. വേഗം വന്നേക്കണം. പൂക്കളം ഒരുക്കാനുള്ളതാ.” പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു അഭി വീണ്ടും താഴേക്ക് പോയി.

അൽപ സമയം കൂടെ കിടന്നിട്ടാണ് ആമി ഫ്രഷ് ആവാനായി പോയത്. നേവി ബ്ലൂ നിറത്തിലെ പട്ടു പാവാടയും ബ്ലൗസുമായിരുന്നു ആ പൊതിക്കുള്ളിൽ ഉണ്ടായിരുന്നത്. മുടി കോതി കുളിപ്പിന്നലും കെട്ടി ഒരു കുഞ്ഞു പൊട്ടും കുത്തിയിട്ടാണ് അവൾ താഴേക്ക് ചെന്നത്. മുറ്റത്തായി അഭിയും ജയരാജനും പൂക്കളം ഒരുക്കുകയായിരുന്നു. അഭിയുടെ വേഷവും പട്ടു പാവാടയായിരുന്നു. പണിയെടുക്കുന്നത് മടിയായത് കൊണ്ട് തന്നെ നാക്ക് കൊണ്ട് എല്ലാവിധ പ്രോത്സാഹനവും ആമി അവർക്ക് കൊടുത്തിരുന്നു. “ദേ അവിടെ ജമന്തി ഇടൂ. ഓ ഇവൾക്ക് ഒരു കളർ സെൻസും ഇല്ല ” വരാന്തയിൽ ഇരുന്നു ആമി പറഞ്ഞതും അഭി അവളെ രൂക്ഷമായി നോക്കി. “ഞാൻ പറഞ്ഞെന്നെ ഉള്ളൂ. അല്ലെങ്കിലും നിങ്ങൾ വരച്ച ഡിസൈൻ അത്ര പോരാ.”

മുഖം കോട്ടി കൊണ്ട് ആമി പറഞ്ഞു. “കുറേ നേരായി ഇവള് തുടങ്ങിയിട്ട്. ദേ പെണ്ണേ മര്യാദക്ക് എണീറ്റ് പൊയ്ക്കോ അല്ലേൽ ഞാൻ എറിഞ്ഞ് വീഴ്ത്തും.” അടുത്തു കിടന്ന ഇഷ്ടികയെടുത്ത് അഭി പറഞ്ഞതും ആമി മെല്ലെ അവിടുന്ന് എഴുന്നേറ്റു. “ഓ ഞാൻ പോകുവാണ്. അല്ലെങ്കിലും നല്ലത് പറഞ്ഞാലും ആർക്കും പിടിക്കില്ലല്ലോ.” ആമിയുടെയും അഭിയുടെയും പ്രവൃത്തികൾ ആസ്വദിച്ചു കാണുകയായിരുന്നു ജയരാജൻ. ആമി നേരെ പോയത് അടുക്കളയിലേക്കാണ്. അത്യാവശ്യം വലുപ്പമുള്ള അടുക്കളയിൽ ബീനയും ജോലിക്കാരിയുമാണ് ഉണ്ടായിരുന്നത്. “ആഹാ എന്താ ഒരു സ്മെൽ.”

കണ്ണടച്ചു ശ്വാസം വലിച്ചെടുത്തുകൊണ്ട് ആമി ചോദിച്ചു. “ഇതാണ് ഉള്ളിത്തീയൽ. ശെരിയായോ എന്ന് നോക്കിക്കേ.” സ്പൂണിൽ അൽപം തീയലെടുത്ത് ഊതിയിട്ട് ആമിയുടെ കൈ വെള്ളയിലേക്ക് ബീന വെച്ച് കൊടുത്തു. “അടിപൊളി.. !” അപ്പോളാണ് ദേവിയമ്മ അങ്ങോട്ടേക്ക് വന്നത്. “കുട്ടി ഇവിടെ നിൽക്കുവാണോ? പൂക്കളം ഇടാൻ പോയില്ലേ?” “ഇല്ല മുത്തശ്ശി. എനിക്ക് പാചകം ആണ് ഇഷ്ടം.” ഇടം കണ്ണിട്ട് ബീനയെ നോക്കി കൊണ്ട് ആമി പറഞ്ഞു. “മിടുക്കി. ഒരു പെണ്ണിന് ഏറ്റവും അത്യാവശ്യമായി വേണ്ട കല പാചക കലയാണ്. ആണുങ്ങളുടെ മനസ് കീഴടക്കണമെങ്കിൽ പണ്ടൊക്കെ പാചകം പഠിച്ചാൽ മതിയായിരുന്നു.” ദേവിയമ്മയുടെ സംസാരം അവൾ ശ്രദ്ധിച്ചു കേട്ടു. “അല്ല മോൾക്ക് എന്തൊക്കെ ഉണ്ടാക്കാൻ അറിയാം?”

“അത്.. അത് എല്ലാം അറിയാം.” അത് കേട്ടതും ബീനയുടെ കണ്ണ് പുറത്തേക്ക് തള്ളി വന്നു. കടുകേത് ജീരകമേതെന്ന് അറിയാത്ത ആളാണ് ഈ തള്ളി മറിക്കുന്നതെന്ന് ഓർക്കണം. “അപ്പോ മോൾടെ കൈ പുണ്യം മുത്തശ്ശിക്കും അറിയണോല്ലോ. എപ്പോളാ എനിക്ക് കുട്ടി ഉണ്ടാക്കി തരുക.” അത് കേട്ടതും ആമി വെപ്രാളത്തോടെ ബീനയെ നോക്കി. അവരുടെ മുഖത്തുള്ള ചിരി കണ്ടപ്പോൾ വിഷമത്തോടെ തല താഴ്ത്തി. “അതൊക്കെ പിന്നീട് ഒരിക്കലാവാം അമ്മേ. ആമി മോള് ഇനി ഇടക്കൊക്കെ ഇങ്ങോട്ട് വരുമല്ലോ.” “മോള് എപ്പോളും ഇങ്ങോട്ടേക്കു വരണം. അതാ മുത്തശ്ശിക്കും ഇഷ്ടം. അല്ലെങ്കിലും ഇവരൊക്കെ പോയാൽ ഞാൻ വീണ്ടും ഒറ്റക്കാവും.” ആമിയുടെ തലയിൽ തലോടി പറഞ്ഞിട്ട് ദേവിയമ്മ തിരികെ നടന്നു.

“ലവ് യൂ അമ്മേ..” ദേവിയമ്മ പോയതും ബീനയുടെ കവിളിൽ അമർത്തി മുത്തി കൊണ്ട് ആമി പറഞ്ഞു. “സോപ്പിങ് ഒന്നും വേണ്ട കാ‍ന്താരി. എന്തൊക്കെ പറഞ്ഞാണ് നീ അമ്മയെ പറ്റിച്ചത്.” “ഇതൊക്കെ ഒരു രസമല്ലേ. പിന്നെ…” “എന്താണ്?” പപ്പടം കാച്ചുന്നതിന് ഇടയിൽ ആമിയെ നോക്കി ബീന ചോദിച്ചു. “അതേ എനിക്കും പഠിപ്പിച്ചു തരുവോ?” “എന്ത്?” “പാചകം !” “ഏഹ്…?” അതിശയത്തോടെ ബീന ആമിയുടെ മുഖത്തേക്ക് നോക്കി. “അല്ല പെട്ടെന്ന് ഇപ്പോ എന്ത് പറ്റി ഇങ്ങനൊക്കെ തോന്നാൻ.” “ഒന്നൂല്ല. എന്നാണെങ്കിലും പഠിക്കണമല്ലോ.” “അല്ല എന്നാലും ഇപ്പോ തന്നെ?” സംശയ ഭാവത്തിൽ പുരികമൊക്കെ പൊക്കിയാണ് ബീന അത് പറഞ്ഞത്. “കാര്യമൊന്നുല്ല. അമ്മയ്ക്ക് പറഞ്ഞു തരാൻ പറ്റുവോ?

മനുഷ്യനൊന്ന് നന്നാകാമെന്ന് വെച്ചപ്പോ അവിടെയും സംശയം.” കള്ള ഗൗരവം നടിച്ച് ആമി പറഞ്ഞു. “ന്റെ കുട്ടിക്ക് എന്ത് ഉണ്ടാക്കാനാണ് പഠിക്കേണ്ടത്? അമ്മ പറഞ്ഞു തരാല്ലോ.” ബീനയുടെ മറുപടി കേട്ടതും ആമിയുടെ മുഖത്ത് സന്തോഷം പൂത്തു വിരിഞ്ഞു. “എങ്കിൽ ഇപ്പൊ തന്നെ തുടങ്ങിക്കോ. ബീനയ്ക്ക് അരികിലേക്ക് അവൾ ചേർന്ന് നിന്നു.” കുറേ സമയമായിട്ടും അകത്തേക്ക് പോയ ആമിയെ കാണാതായപ്പോളാണ് അഭിയും അവളെ തേടി ഇറങ്ങിയത്. മുറിയിലും ഹാളിലും ആളെ കാണാതായതോടെ അടുക്കളയിലേക്ക് നടന്നു. വാതിലിന് അടുത്ത് എത്തുമ്പോളേ കേൾക്കാമായിരുന്നു ഒച്ചപ്പാടും ബഹളവും.

കയ്യിൽ ഒരു വലിയ സ്പൂണും പിടിച്ചു കതിനയ്ക്ക് തീ കൊടുക്കാൻ നിൽക്കും പോലെ കറി ഇളക്കുന്ന ആമിയെ കണ്ടപ്പോൾ അഭിക്കും ചിരി പൊട്ടി. ബീനയും ചിരി കടിച്ചമർത്തി അവളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. എന്താണ് നടക്കുന്നതെന്ന് ബീനയോട് കണ്ണ് കൊണ്ട് ചോദിച്ചപ്പോൾ അവരും കൈ മലർത്തി കാട്ടിയതോടെ അഭി ആമിക്ക് അരികിലേക്ക് നടന്നടുത്തു. “എന്റെ ആമി നീ ഇവിടെ എന്ത് സർക്കസ് ആണ് കാട്ടണത്.” “ഞാനെ പാചകം ചെയ്യുവാ. നിനക്ക് കണ്ണ് കണ്ടൂടെ.” അഭിക്ക് മുഖം കൊടുക്കാതെ അടുപ്പിലേക്ക് ശ്രദ്ധിച്ചു കൊണ്ട് അവൾ പറഞ്ഞു. “പെട്ടെന്ന് ഇതിപ്പോ എന്താ പറ്റിയെ ആവോ?

സാധാരണ ഓൺലൈൻ ഫുഡ്‌ കിട്ടുന്ന കാലത്തോളം ഞാൻ അടുക്കളയിൽ കേറില്ലെന്നും പറഞ്ഞു നടന്ന പെണ്ണാ. ഇതിപ്പോ തലയ്ക്കു വല്ല അടിയും കൊണ്ടോ?” ആമിയുടെ മറുപടി രൂക്ഷമായ ഒരു നോട്ടത്തിൽ ഒതുങ്ങിയിരുന്നു. ഉച്ചയ്ക്ക് എല്ലാവരും ഒന്നിച്ചാണ് ഭക്ഷണം കഴിച്ചത്. സാധാരണ തറവാട്ടിൽ എത്തിയാൽ അഭിയും തന്റെ റൂമിൽ ഒതുങ്ങി കൂടാറാണ് പതിവ്. ആമി എത്തിയതോടെ എല്ലാർക്കും ഉത്സാഹമായി. പഴയ കഥകൾ പറച്ചിലും കളിയാക്കലും പാട്ട് പാടലും ആകെ ഒരു ബഹളം തന്നെ. പലപ്പോഴും എല്ലാവർക്കും ഇടയിൽ ശലഭത്തെ പോലെ പാറി നടക്കുന്ന ആമിക്ക് മേൽ ദേവിയമ്മയുടെ ശ്രദ്ധ പതിയുന്നുണ്ടായിരുന്നു.

ഇടയ്ക്കെപ്പോഴോ ആ മുഖത്തു നിരാശ പരക്കുന്നത് ജയരാജനും ശ്രദ്ധിച്ചിരുന്നു. എന്തൊക്കെയോ സംസാരിച്ച് അവസാനം കറങ്ങി തിരിഞ്ഞ് ദൈവത്തിലും യക്ഷിയിലും വരെയായി കാര്യങ്ങൾ. “എനിക്ക് പണ്ടേ ദൈവത്തിൽ പോലും വിശ്വാസമില്ല. പിന്നെയാണ് യക്ഷിയും ഗന്ധർവ്വനും.” ആമിയുടെ ശബ്ദത്തിൽ പുച്ഛം നിറഞ്ഞിരുന്നു. “അങ്ങനെ പറയരുത് കുട്ടി. ദൈവ കോപം കിട്ടും.” “ന്റെ മുത്തശ്ശി.. ഈ പറയണ ദൈവത്തെ കണ്ടവരുണ്ടോ? അത് പോട്ടെ.. യക്ഷി എന്ന് പറയുമ്പോ എല്ലാവരും പേടിക്കുമല്ലോ. എന്നിട്ട് പ്രേതം പിടിച്ചു ആരാ മരിച്ചേ. സത്യത്തിൽ ദൈവവും പിശാശുമെല്ലാം മനുഷ്യരാണ്.

പട്ടിണി കിടക്കുന്നവന് അന്നം കൊടുക്കുന്നവൻ ദൈവം. അത് പോലെ തന്നെ പിശാശുക്കൾക്കും നിറയെ ഉദാഹരണങ്ങൾ നമുക്ക് ചുറ്റും ഉണ്ടല്ലോ.” “നീ പറഞ്ഞത് കാര്യമാണ്. പക്ഷെ എന്നാലും എന്തൊക്കെയോ ഇല്ലേ??” അഭി തന്റെ അഭിപ്രായം മറച്ചു വെച്ചില്ല. “ആമി മോള് വിശ്വസിക്കുവോ എന്നറിയില്ല. മുത്തശ്ശിക്ക് പറയാൻ കുറേ കഥകൾ ഉണ്ട്. കഥകളല്ല ഞങ്ങളുടെയൊക്കെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ. കേൾക്കുമ്പോൾ കേട്ടു മറന്ന മുത്തശ്ശിക്കഥയായി നിങ്ങൾ യുവതലമുറയ്ക്ക് തോന്നുമായിരിക്കും. പക്ഷെ എനിക്ക് അതിലൊക്കെ വിശ്വാസമാണ്.” ദേവിയമ്മ പറഞ്ഞു നിർത്തി.

“എന്റമ്മോ എനിക്ക് ഇതൊക്കെ കേട്ടാൽ രാത്രി ഉറക്കം പോലും വരില്ല. ഞാൻ റൂമിലേക്ക് പോകുവാ.” ഭയത്തോടെ എന്നാൽ അതിലധികം കേൾക്കാനുള്ള മടിയോടെ അഭി തന്റെ മുറിയിലേക്ക് പോയി. ബീനയും ജയരാജനും തങ്ങളുടേതായ കാരണങ്ങൾ പറഞ്ഞും പോയി. ആമി മാത്രം അവശേഷിച്ചതോടെ ദേവിയമ്മ അവളെ നോക്കി. “മോൾക്കും പോണമെന്നുണ്ടോ?” “മുത്തശ്ശി പറയൂ.” അക്ഷമയായി തനിക്ക് കാതോർത്തിരിക്കുന്ന ആമിയോടായി അവർ പറഞ്ഞു തുടങ്ങി….തുടരും…

ഗന്ധർവ്വയാമം: ഭാഗം 9

Share this story