ഗന്ധർവ്വയാമം: ഭാഗം 9

ഗന്ധർവ്വയാമം: ഭാഗം 9

എഴുത്തുകാരി: അഞ്ജലി അഞ്ജു

അതി രാവിലേ തന്നെ ആലപ്പുഴയിലേക്ക് അവർ പുറപ്പെട്ടിരുന്നു. ആമിയാണ് ബൈക്കിൽ പോകണമെന്ന് വാശി പിടിച്ചത്. അത്യാവശ്യം ഡ്രസ്സ്‌ മാത്രം വച്ചു ഓരോ ബാഗും എടുത്തിരുന്നു. വെളുപ്പാൻ കാലം ആയത് കൊണ്ട് തന്നെ ആമി പാതി ഉറക്കത്തിൽ തന്നെ ആയിരുന്നു. കൂടെ ചെറിയ തണുപ്പും. ശെരിക്കും അപ്പോളാണ് കാറിൽ പോകാമെന്നു വസു പറഞ്ഞതിന്റെ പൊരുൾ അവൾക്ക് മനസിലായത്. വസു ഹെൽമെറ്റ്‌ വെച്ചിരുന്നത് കൊണ്ട് അവൾ തന്റെ ഹെഡ്സെറ്റിൽ പാട്ട് കേട്ടുകൊണ്ട് കണ്ണടച്ചു അവനെ ചേർന്ന് ഇരുന്നു. ഉരുകുമെന്നഴലിന് തണല് തൂകുവാൻ മഴമുകിലായ് വന്നു നീ..

കദനം നിറയുന്ന വീധിയിലൊരു ചെറു കഥയുമായി വന്നു നീ.. എന്റെ സ്വപ്നങ്ങളിൽ എന്റെ ദുഖങ്ങളിൽ ഒരു പൊൻതൂവലായ് തൊട്ടു തഴുകുന്നു നീ.. നീയും ഞാനും ഒരു ചെടിയിലെ ഇരുമലർ ഒരുമലർ തൊട്ടാൽ പൂക്കും പൂവോ നീയെൻ… വരികൾ കാതിൽ മുഴങ്ങിയതും തന്നെയും വസുവിനെയും പറ്റി എഴുതിയത് പോലെയാണ് അവൾക്ക് തോന്നിയത്. ഒരേ വഴിയിലെ സഞ്ചാരികൾ..തന്റെ സ്വപ്നങ്ങളിൽ പോലും അവൻ മാത്രമാണ്. അവനെ കണ്ടു മുട്ടിയില്ലെങ്കിൽ ചിലപ്പോൾ തനിക്ക് ഒരു പ്രണയം ഉണ്ടാകുമായിരുന്നോ എന്ന് പോലും പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ആരുമില്ലാത്ത തനിക്കായിട്ട് ആരോ കാത്ത് വെച്ച സമ്മാനം.. അവൾ ഒന്ന് കൂടെ അവനോട് ചേർന്നിരുന്നു.

അവളുടെ മനസ് വായിച്ചെന്ന പോലെ അവന്റെ ഇടത് കൈ അവനെ ചുറ്റി വരഞ്ഞ അവളുടെ കയ്യിൽ അമർന്നു. അറിയാതെ തന്നെ അവളുടെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. ആളൊഴിഞ്ഞ ഒരു ചായക്കടയുടെ അടുത്താണ് അവൻ പിന്നീട് വണ്ടി നിർത്തിയത്. “നമുക്ക് ഓരോ ചായ കുടിച്ചിട്ട് പോവാം.” പിന്നിലേക്ക് തിരിഞ്ഞ് അവൻ ചോദിച്ചതും അവൾ തലയാട്ടി കൊണ്ട് ഇറങ്ങി. “നല്ല ചൂടുണ്ട് തണുപ്പിക്കണോ?” ചൂട് ചായ അവൾക്ക് നേരെ നീട്ടി പിടിച്ചു കൊണ്ട് അവൻ ചോദിച്ചു. “മ്മ്.” അവൾ തലയാട്ടിയതും അവൻ തണുപ്പിച്ചു വാങ്ങാൻ വീണ്ടും കടയിലേക്ക് കയറി. ചെറു ചൂടുള്ള ചായ ആസ്വദിച്ചു കുടിക്കുമ്പോളാണ് വസുവിനെ അവൾ ശ്രദ്ധിച്ചത്. “എന്തേയ് ഗുപ്തൻ കുട്ടി കളിക്കുവാണോ?”

അത് കേട്ടതും സംശയ ഭാവത്തിൽ അവൻ അവളെ നോക്കി. “അല്ല ഗുപ്തന് ചൂട് ചായ ഊതി ഊതി കുടിക്കുന്നതാണ് ഇഷ്ടം എന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ അത് പോലെ ആണല്ലോ?” ചായ കുടിക്കുന്നത് നിർത്തി കിളി പോയ പോലെ തന്നെ നോക്കുന്ന വസുവിനെ കണ്ടപ്പോളേ അവൾക്ക് മനസിലായി അവന് ഇപ്പോളും ഒന്നും കത്തിയിട്ടില്ലെന്ന്. “ഗുപ്തനോ? അതാരാ?” “അടിപൊളി..!” “എന്താടോ ആരാ അവൻ?” ജിജ്ഞാസയോടെ ചോദിക്കുന്ന വസുവിനെ കണ്ടപ്പോൾ ചിരിയടക്കാനായില്ല. “അതൊക്കെ ഒരാളാ..” ചിരി കടിച്ചമർത്തി ഗ്ലാസ്‌ കൊടുത്ത് അവൾ തിരിഞ്ഞു നടന്നു. അൽപ സമയം ആലോചിച്ചു നിന്നിട്ട് വസുവും അവൾക്ക് പിന്നാലെ നടന്നു.

സൂര്യ രശ്മികൾ ചുറ്റും പരന്നു തുടങ്ങിയിരുന്നു. അരുണ ശോഭയിൽ തിളങ്ങുന്ന പാടങ്ങളും നെൽകതിരുകളിൽ തങ്ങി നിൽക്കുന്ന മഞ്ഞു തുള്ളികളും ആമിയിൽ കൗതുകം നിറച്ചു. കായലിൽ ഓളം തള്ളുന്ന വഞ്ചിവീടൊക്കെ ആവേശത്തോടെയാണ് അവൾ നോക്കി കണ്ടത്. സ്നേഹാലയത്തിന് മുന്നിൽ വണ്ടി നിന്നപ്പോൾ ആമിയുടെ ഉള്ളിൽ ഒരു കടലിരമ്പുന്നുണ്ടായിരുന്നു. വസുവിന്റെ കൂടെ മൂകയായി അവൾ നടന്നു. അവളെ മനസിലാക്കിയതെന്ന പോലെ അവൻ തന്റെ വിരലുകൾക്കിടയിൽ അവളുടെ വിരലുകൾ ചേർത്തു.

അധികം അന്തേവാസികളൊന്നും ഇല്ലാത്ത ഒരു ചെറിയ ആശ്രമം ആയിരുന്നു അത്. പ്രായമായ അച്ഛന്മാരും അമ്മമാരുമായിരുന്നു അവിടെ മുഴുവൻ. എല്ലാവരുടെ മുഖത്തും ഉറ്റവർ നഷ്‌ടമായ ഒരു വേദന നിറഞ്ഞു നിൽക്കുന്നത് പോലെയാണ് ആമിക്ക് തോന്നിയത്. “ആരാ?” അമ്പതിന് അടുത്ത് പ്രായമുള്ള ഒരാൾ അവരോട് വന്നു ചോദിച്ചു. “ഇവിടെ പണ്ട് ഉണ്ടായിരുന്ന ഒരു കുട്ടിയെ പറ്റി അന്വേഷിക്കാൻ വന്നതാണ്.” വസു പറഞ്ഞതും അയാൾ സംശയത്തോടെ അവരെ നോക്കി. “കുട്ടിയോ? ഇവിടെ കുട്ടികൾ ഇല്ലല്ലോ?” “ഇവിടെ ഉണ്ടായിരുന്നെന്ന് ആണല്ലോ ഞങ്ങൾ അറിഞ്ഞത്.”

ആമി ചാടിക്കേറി പറഞ്ഞതും അയാൾ അവളെ രൂക്ഷമായി നോക്കി. “ഞാൻ ഇവിടെ വന്നിട്ട് പത്തു പതിനഞ്ചു കൊല്ലമായി. കുട്ടികളെയൊന്നും ഞാൻ കണ്ടിട്ടില്ല.” “ഇത് അതിനും മുന്നേ ഉള്ളതാണ് ചേട്ടാ.” വസു പറഞ്ഞു. “ആണോ. അപ്പോ അതാവും. നിങ്ങൾ ഇവിടെ ഇരിക്കു.ഞാൻ ടീച്ചറെ ഇങ്ങോട്ടേക്കു വിടാം.” അവരെ നോക്കി പറഞ്ഞിട്ട് അയാൾ അകത്തേക്ക് പോയി. അൽപം കഴിഞ്ഞ് വെള്ള നിറത്തിലെ സാരി അണിഞ്ഞ എൺപതിനോടടുത്ത് പ്രായമുള്ള സ്ത്രീ അങ്ങോട്ടേക്ക് വന്നു. മുഖത്ത് ശാന്തതയും ഐശ്വര്യവും നിറഞ്ഞ ഒരു അമ്മ. അവരെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവരുടെ അടുത്തായി വന്നിരുന്നു.

“എന്താണ് നിങ്ങൾക്ക് അറിയാനുള്ളത്?” സൗമ്യമായി ഇരുവരെയും നോക്കി അവർ ചോദിച്ചതും ആമി പരിഭ്രമത്തോടെ വസുവിനെ നോക്കി. “അത്.. ഞങ്ങൾ ഒരു കാര്യം.. അമ്മയോട് അല്ല.. ടീച്ചറോട്.. ” അവൾ വാക്കുകൾ പരതി കൊണ്ടിരുന്നു. “എന്നെ എല്ലാവരും ടീച്ചർ എന്നാണ് വിളിക്കാറ്. നിങ്ങൾ ടീച്ചറമ്മ എന്ന് വിളിച്ചോളൂ.” ചിരിച്ചു കൊണ്ട് അവർ പറഞ്ഞതും ആമി അവരെ കണ്ണിമ വെട്ടാതെ ശ്രദ്ധിക്കുക ആയിരുന്നു. “ഒരു ഇരുപത്തി രണ്ട് വർഷം മുൻപ് ഇവിടെ നിന്നും ഒരു കുഞ്ഞിനെ മലപ്പുറത്തെ അനാഥാലയത്തിലേക്ക് കൊടുത്തില്ലേ അതിനെ പറ്റി അറിയാൻ വന്നതാണ്.” മൗനത്തെ ഭേദിച്ച് വസു അത് പറഞ്ഞതും അതിശയത്തോടെ അവർ ആമിയെ നോക്കി.

“തപസ്യ ആണോ?” അവരുടെ ചോദ്യം കേട്ടതും ആമിയിൽ എന്തെന്നില്ലാത്ത സന്തോഷമാണ് തോന്നിയത്. “അതേ..” ആവേശത്തോടെ അവൾ പറഞ്ഞു. അവർ അവളുടെ കൈകളിൽ പിടിച്ചു. “രണ്ടു ദിവസം പ്രായം ഉള്ളപ്പോളാ മോളെ ഞങ്ങൾക്ക് കിട്ടുന്നത്. മോളെ അങ്ങോട്ടേക്ക് കൊടുത്തപ്പോ അമ്മ എത്ര വിഷമിച്ചെന്ന് അറിയുവോ? ഒരു നിവൃത്തി ഉണ്ടായിരുന്നെങ്കിൽ ഞാൻ കൊടുക്കില്ലായിരുന്നു.” നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവർ പറഞ്ഞപ്പോൾ അവളുടെയും കണ്ണ് നിറഞ്ഞിരുന്നു. തന്നെ ഓർത്തിരിക്കുന്ന ഒരു അമ്മ ! എന്തെന്നില്ലാത്ത ഒരു അനുഭൂതി അവളിൽ നിറഞ്ഞു.

കുറേ സമയം അവർ അവരുടേതായ ലോകത്തായിരുന്നു. വിശേഷങ്ങൾ പരസ്പരം പറഞ്ഞും സങ്കടങ്ങൾ പങ്കു വെച്ചും അവരുടേത് മാത്രമായ കുറച്ച് നിമിഷങ്ങൾ.. “മോളെ എനിക്ക് ഇവിടെ അടുത്തുള്ള അമ്പലത്തിനു മുന്നിൽ നിന്നാണ് കിട്ടിയത്. നല്ല ഓർമയുണ്ട്, തുലാ മാസത്തിലെ ഒരു വെള്ളിയാഴ്ച പതിവ് ക്ഷേത്ര ദർശനത്തിന് പോയപ്പോളാണ് നിന്നെ ഞാൻ കണ്ടത്. ഇങ്ങോട്ടേക്കു കൂട്ടി കൊണ്ട് വന്നെങ്കിലും പോലീസിലും അറിയിച്ചു. അവർ അന്വേഷണം നടത്തി. അന്ന് നിനക്ക് രണ്ടോ മൂന്നോ ദിവസം പ്രായമേ ഉണ്ടായിരുന്നുള്ളു. ഇവിടെ പ്രായമുള്ളവരെ നോക്കുന്നവരുടെ കൂടെ നിന്നെയും നിർത്താൻ ഞാൻ ആഗ്രഹിച്ചിരുന്നു.

പക്ഷെ നിയമങ്ങൾ! പിന്നെ നിന്നെ നല്ല ഒരു നിലയിൽ എത്തിക്കാനുള്ള കഴിവ് അന്നെനിക്ക് ഉണ്ടായിരുന്നില്ല. അത് കൊണ്ടാണ്.. അല്ലെങ്കിൽ അമ്മ മോളെ വിട്ട് കൊടുക്കില്ലായിരുന്നു. പലപ്പോഴും മോളെവിടെ ആവുമെന്ന് ഞാൻ ഓർത്തിട്ടുണ്ട്. എവിടായാലും നന്നായി വരണമെന്ന് പ്രാർത്ഥിക്കാറുണ്ട് ഇപ്പോളും.” അവർ വാത്സല്യത്തോടെ അവളുടെ നെറുകയിൽ തലോടി. “മോള് ഏതായാലും വന്നല്ലോ. സന്തോഷായി.” പോകാനായി ഇറങ്ങുമ്പോളും ആ കണ്ണുകളിൽ അവളോടുള്ള വാത്സല്യം നിറഞ്ഞിരുന്നു. കാലു തൊട്ട് അനുഗ്രഹം വാങ്ങി ഇറങ്ങുമ്പോളും അവളുടെ മനസ്സിൽ നിർവചിക്കാനാവാത്ത വികാരമാണ് നിറഞ്ഞു നിന്നത്.

തന്റെ ജന്മ രഹസ്യങ്ങൾ ഇനിയും മറ നീക്കി പുറത്തു വന്നില്ലെങ്കിലും സ്വന്തമായ മറ്റെന്തൊക്കെയോ തിരിച്ചു കിട്ടിയത് പോലെയാണ് അവൾക്ക് തോന്നിയത്. അതിന്റെ സംതൃപ്തി അവളുടെ മുഖത്തും പ്രതിഫലിച്ചിരുന്നു. “താനെന്താ ആലോചിക്കണേ?” വസുവിന്റെ ശബ്ദമാണ് ചിന്തകളിൽ നിന്ന് ഉണർത്തിയത്. “വിഷമിക്കണ്ടെടോ നമുക്ക് എല്ലാവരെയും കണ്ടു പിടിക്കാം.” “എനിക്ക് സങ്കടം ഉണ്ടെന്ന് വസുവിനോട് ആരാ പറഞ്ഞേ?” ഒരു മന്ദഹാസത്തോടെയാണ് അവളത് പറഞ്ഞത്. “ബന്ധുക്കളെ കണ്ടെത്തണമെന്ന് അതിയായി ആഗ്രഹിക്കുന്നുണ്ട്. പക്ഷെ ഉപേക്ഷിച്ചു കളഞ്ഞവരിലും എത്രയോ ഉയരത്തിലാണ് ഇന്നും എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ആ അമ്മ. അവരെ കണ്ടെത്താനായില്ലേ..

അതിലും വലുത് മറ്റെന്താണ്.” അത് പറയുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു. “നീ വിചാരിക്കും പോലെയൊന്നും ആവില്ലെങ്കിലോ?” വസുവിന്റെ മറു ചോദ്യം കേട്ടതും അവൾ അവനെ ഉറ്റു നോക്കി. “എന്താ വസു ഉദ്ദേശിച്ചത്?” “നിന്റെ മാതാപിതാക്കൾ അറിഞ്ഞു കൊണ്ട് നിന്നോട് തെറ്റൊന്നും ചെയ്തിട്ടുണ്ടാവില്ലെങ്കിലോ?” “പിന്നെ..? അവർ അറിയാതെയാണോ ഞാൻ അമ്പലത്തിനു മുന്നിൽ എത്തിയത്? നീ ആരെയും വെള്ള പൂശാൻ ശ്രമിക്കണ്ട.” പുച്ഛ ഭാവത്തോടെയാണ് അവളത് പറഞ്ഞത്. അവളുടെ മറുപടി കേട്ടതും അവനിൽ കുറ്റബോധം നിറയുന്നുണ്ടായിരുന്നു. “അല്ല! വസു അപ്പോൾ എവിടെ സ്റ്റേ ചെയ്യും?” കുറച്ചു സമയത്തെ മൗനത്തിനു വിരാമമിട്ട് അവൾ ചോദിച്ചു.

“എനിക്ക് ഇവിടെ ഫ്രണ്ട്‌സ് ഉണ്ട്.” അവിടെയൊക്കെ കറങ്ങിയിട്ട് വരുമ്പോൾ താൻ ഓണമൊക്കെ ആഘോഷിച്ചു നിൽക്ക്. “മ്മ്.” അഭിയോട് വഴിയൊക്കെ തിരക്കി എങ്ങനൊക്കെയോ അവളുടെ നാട്ടിലേക്ക് എത്തുമ്പോളേക്കും സന്ധ്യ കഴിഞ്ഞിരുന്നു. കാവുകളും പുഴകളുമുള്ള ഒരു ഗ്രാമത്തിനു ഉള്ളിലായി ആയിരുന്നു അവളുടെ തറവാട് നിലനിന്നിരുന്നത്. തറവാടിന്റെ മതിൽക്കെട്ടിന് അകത്തു കയറാതെ പുറമെ തന്നെ വണ്ടി നിർത്തിയതും അവൾ അവനെ സംശയത്തോടെ നോക്കി. “ഞാൻ അകത്തേക്ക് വരുന്നില്ല. ഏഹ് അതെന്നാ?” “താൻ പൊയ്ക്കോളൂ. ഞാനും വന്നാൽ ആരാ എന്താ എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് മറുപടി കൊടുക്കേണ്ടി വരും.”

“അതിനെന്താ? പറയണം.” “അതല്ലെടോ. പഴയ ആളുകളല്ലേ അവർക്ക് ഇതൊക്കെ പെട്ടെന്ന് മനസിലാവില്ല. ഇപ്പോ തല്ക്കാലം താൻ ഒറ്റക്ക് പോകു. എനിക്ക് ഇനിയും വരാമല്ലോ.” ഒന്നാലോചിച്ചപ്പോൾ അവൻ പറഞ്ഞതാണ് ശെരിയെന്ന് അവൾക്കും തോന്നി. അത് കൊണ്ടാണ് ഒന്നും മിണ്ടാതെ ബാഗുമായി ഇറങ്ങിയത്. “ആഹ് ഒരു കാര്യം മറന്നു.” അതും പറഞ്ഞ് അവൻ ബാഗിൽ നിന്ന് ഒരു പാക്കറ്റ് പുറത്തെടുത്തു. “ഇത് ആമിക്കുട്ടിക്ക് എന്റെ ഓണ സമ്മാനം.” സന്തോഷത്തോടെ അത് വാങ്ങി അവൾ മാറോടടക്കി പിടിച്ചു. സന്തോഷത്താൽ ആ കണ്ണുകൾ തിളങ്ങി നിന്നിരുന്നു. ക്ഷണ നേരം കൊണ്ട് തന്നെ അവളുടെ മുഖത്തു നിരാശ പടർന്നു. “വസുവിന് ഞാൻ ഒന്നും വാങ്ങിയില്ലല്ലോ.”

വാടിയ മുഖത്തോടെ അവളത് പറഞ്ഞതും അവൻ വാത്സല്യത്തോടെ അവളുടെ കൈകളിൽ പിടിച്ചു. “എന്റെ പെണ്ണിന്റെ കണ്ണുകളിൽ തെളിഞ്ഞ സന്തോഷം മാത്രം മതി എനിക്ക്.” അവളുടെ കണ്ണുകളിൽ നോക്കി അവൻ പറഞ്ഞു. “എന്നാലേ ദേ ഇത് കൂടെ സമ്മാനമായി കൂട്ടിക്കോ..” അതും പറഞ്ഞ് അവന്റെ കവിളിൽ അമർത്തി ചുംബിച്ചിട്ട് അവൾ അകത്തേക്ക് ഓടി. കൺവെട്ടത്ത് നിന്ന് അവൾ മറയും വരെ അവൻ അവളെ നോക്കി നിന്നു. നിഗൂഢതകൾ നിറഞ്ഞ ആ തറവാട്ടിലേക്ക് ഒന്ന് കൂടി അവന്റെ ദൃഷ്ടി പടർന്നു. നാല്‌ ദിക്കിലും പതിച്ചിരിക്കുന്ന പൂജിച്ച ഏലസുകളും കൂവള ചുവട്ടിലെ മൂർത്തികളും അവന്റെ ശരീരത്തെ ചുട്ടു പൊള്ളിക്കാൻ കാത്തിരിക്കുന്നതായാണ് അവന് തോന്നിയത്.

പക്ഷെ ആമിയുടെ ജീവൻ ആ മതിൽക്കെട്ടിനുള്ളിൽ സുരക്ഷിതമാണെന്ന വിശ്വാസം അവനുണ്ടായിരുന്നു. വസുവിന്റെ ഓരോ പെരുമാറ്റങ്ങളും അവളെ പ്രണയത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരുന്നു. അതിന്റെ അടയാളമെന്നവണ്ണം ചുണ്ടുകളിൽ പുഞ്ചിരി തെളിഞ്ഞു നിന്നിരുന്നു. അപ്പോളാണ് സിറ്റ്ഔട്ടിലായി അവളെയും കാത്ത് നിൽക്കുന്ന അഭിയെ കണ്ടത്. “എത്ര നാളായി കണ്ടിട്ട്..” ഓടി വന്ന് അവളെ ചേർത്ത് നിർത്തി അത് പറയുമ്പോൾ അഭിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ആമിയുടെ സാമീപ്യം അവൾ എത്രത്തോളം ആഗ്രഹിച്ചിരുന്നെന്ന് ആ കണ്ണുകൾ വിളിച്ചോതിയിരുന്നു. വസു കൂടെ ഉണ്ടായിരുന്നപ്പോൾ അഭിയെ മറന്നതിനെ പറ്റി ചിന്തിച്ചപ്പോൾ ആമിക്ക് കുറ്റബോധം തോന്നി.

“എന്താ നിനക്ക് വയ്യേ?” അവളുടെ നെറ്റിയിൽ കയ്യമർത്തി അഭിയത് ചോദിച്ചതും ആമിയുടെയും കണ്ണുകൾ നിറഞ്ഞു. “ഒന്നൂല്ല. യാത്ര ചെയ്തതിന്റെയാവും.” എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു. അഭി അവളുടെ കയ്യിൽ പിടിച്ചു വലിച്ചു അകത്തേക്ക് കൂട്ടി കൊണ്ട് പോയി. ഹാളിലായി ബീനയും ജയരാജനും ഉണ്ടായിരുന്നു. “ആഹാ കാന്താരി വന്നോ? വന്നിട്ട് അനക്കം ഒന്നും കേട്ടില്ലല്ലോ?” ജയരാജൻ അത് പറഞ്ഞതും ഒരു മങ്ങിയ ചിരി പകരം നൽകിയിരുന്നു അവൾ. “അച്ഛാ അവൾക്ക് നല്ല സുഖമില്ല. യാത്ര ചെയ്തതിന്റെ ആവും. വിശേഷമൊക്കെ നാളെ പറയാം. അവളൊന്ന് ഫ്രഷ് ആയി റസ്റ്റ്‌ എടുക്കട്ടെ.”

“അയ്യോ മോൾക്ക് എന്താ പറ്റിയത്?” ബീന പരിഭ്രമത്തോടെ അവൾക്ക് അരികിലേക്ക് വന്നു. “ഒന്നുമില്ല അമ്മേ. ഇവൾ വെറുതെ ഓരോന്ന് പറയുന്നതാ. യാത്ര ചെയ്ത ഒരു ക്ഷീണം. അത്രേ ഉള്ളൂ.” ആമിയുടെ മറുപടി കേട്ടപ്പോളാണ് ബീനയ്ക്കും ആശ്വാസമായത്. മുകളിൽ അഭിയുടെ റൂമിന് അടുത്തുള്ള റൂമിലേക്കാണ് അഭി അവളെ കൂട്ടി കൊണ്ട് പോയത്. “ദേ ഇതാണ് റൂം. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ ദേ അപ്പുറത്തെ റൂമിൽ തന്നെ ഉണ്ട് ട്ടോ.” “മ്മ്.” “നീ ഫ്രഷ് ആവൂ. അപ്പോളേക്കും കഴിക്കാൻ എടുക്കാം.” അതും പറഞ്ഞു അഭി പുറത്തേക്ക് ഇറങ്ങി. ആമി മുറിയിലൂടെ കണ്ണോടിച്ചു.ഒരു സൈഡിലായി ഷെൽഫിൽ കുറേ പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു.

തടി അലമാരയും കൊത്തു പണികൾ ചെയ്ത കട്ടിലുമെല്ലാം കൗതുകം നിറയ്ക്കുന്നവയായിരുന്നു. മെല്ലെ പോയി അടഞ്ഞു കിടന്ന ജനാല തുറന്നു. ഒരു തണുത്ത കാറ്റ് അവളെ തഴുകി കടന്നു പോയി. ആ കാറ്റിന് ചെമ്പകത്തിന്റെ സുഗന്ധം ആയിരുന്നുവോ? അറിയില്ല! വീടിന് പുറകിലായി പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾ.. നിലാവെളിച്ചത്തിൽ എല്ലാം വ്യക്തമായി കാണുന്നുണ്ട്. പാടങ്ങൾക്കും പിന്നിലായി വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശത്തേക്ക് അവളുടെ ശ്രദ്ധ പതിഞ്ഞു. അങ്ങോട്ടേക്ക് തന്നെ എന്തൊക്കെയോ ആകർഷിക്കുന്നത് പോലെ. ചെമ്പകത്തിന്റെ വാസന ഇപ്പോൾ അവൾക്ക് നന്നായി തിരിച്ചറിയാമായിരുന്നു……തുടരും…

ഗന്ധർവ്വയാമം: ഭാഗം 8

Share this story