ഹരി ചന്ദനം: ഭാഗം 23

ഹരി ചന്ദനം: ഭാഗം 23

എഴുത്തുകാരി: ശ്രുതി കൃഷ്ണ

പിറ്റേന്ന് രാവിലെ എണീക്കാൻ ഞാനും അമ്മയും അല്പം വൈകി.ഇന്നലെ കഥകളൊക്കെ കേട്ട് എപ്പോഴോ ആണ് ഉറങ്ങിയത്.രാവിലെ കിച്ചു തിരിച്ചു പോവാൻ നേരത്ത് വിളിച്ചപ്പോൾ ആണ് പുലർന്നത് തന്നെ ഞങ്ങൾ അറിഞ്ഞത്.അമ്മയുടെ കാല് സുഖമാകുന്നത് വരെ ക്ലാസ്സിൽ ലീവ് എടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചിരുന്നു.അമ്മയോട് പറഞ്ഞപ്പോൾ അറ്റന്റൻസ് കളയണ്ട അമ്മ അഡ്ജസ്റ്റ് ചെയ്തോളാം എന്ന് പറഞ്ഞെങ്കിലും എനിക്ക് അമ്മയെ ഒറ്റയ്ക്ക് വിട്ട് പോവാൻ താല്പര്യം ഇല്ലായിരുന്നു.അതോടെ അമ്മയും വഴങ്ങി. രാവിലെ കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ H.P ഓട്ടം കഴിഞ്ഞെത്തിയതേ ഉണ്ടായിരുന്നുള്ളൂ.

ആളും ഇന്ന് വളരെ ലേറ്റ് ആയിരുന്നു.എന്നെ കണ്ട ഉടനെ നിന്ന് പരുങ്ങുന്നതു കണ്ടു.ഞാൻ നോക്കുന്നത് കണ്ടപ്പോൾ വേഗം ഫോണെടുത്തു കുത്താൻ തുടങ്ങി.സാദാരണ അങ്ങനെ ഒരു പതിവില്ലാത്തതാണ്.ഫോൺ കയ്യിലുണ്ടന്നെ ഉള്ളൂ ശ്രദ്ധ എന്നിലാണെന്നു കണ്ണാടിയിലൂടെ കാണാമായിരുന്നു.കണ്ണെഴുതി സിന്ദൂരം തൊട്ട് മുടിയൊതുക്കുമ്പോഴാണ് കവിളിലെ പാടിലേക്കു എന്റെ കണ്ണ് പെട്ടത്.കിച്ചുവിന്റെ മരുന്ന് കൊള്ളാം.തിണർപ് അല്പം കുറവുണ്ട്.വേദനയ്ക്കും ആശ്വാസമുണ്ട്.അണപ്പല്ലിനു ചെറിയ ഇളക്കം ഉണ്ടൊന്നെ ഇനി ഡൌട്ട് ഉള്ളൂ.പെട്ടന്നാണ് കണ്ണാടിക്കു മുൻപിലുള്ള ടേബിളിൽ കിച്ചു തന്ന ഓയിന്മെന്റ് കണ്ടത്.

പെട്ടന്ന് തോന്നിയ ബുദ്ധിയിൽ ഞാൻ വേഗം അല്പം അതിൽ നിന്നെടുത്തു നല്ല എക്സ്സ്പ്രെഷൻ ഇട്ടു പുരട്ടാൻ തുടങ്ങി.വിരല് കൊണ്ട് ഓരോ തവണ കവിളിൽ തൊടുമ്പോഴും എരിവു വലിച്ചു കൊണ്ട് അയ്യോ… അമ്മേ… എന്നൊക്ക പറഞ്ഞോണ്ടിരുന്നു.എന്റെ അഭിനയ മികവ് കൊണ്ടാണോ എന്തോ ഫോൺ കയ്യിലുള്ള കാര്യം പോലും മറന്നു H.P എന്നെ നോക്കിയിരിപ്പാണ്.അങ്ങനെ മരുന്ന് വെയ്പോക്കെ കഴിഞ്ഞ് ഞാൻ തിരിഞ്ഞപ്പോൾ ആള് വായും തുറന്ന് നോക്കി നിൽപ്പുണ്ട്.ഞാൻ നോക്കുന്നത് കണ്ട് പെട്ടന്ന് എന്തോ പറയാനാഞ്ഞതും ഞാൻ വേഗം മൈൻഡ് ചെയ്യാതെ ഒഴിഞ്ഞു മാറി റൂമിന്റെ വാതിൽ ഉച്ചത്തിൽ വലിച്ചടച്ചു പുറത്തിറങ്ങി.

ആളുടെ സ്വൊഭാവം വച്ച് പുറകെ വരാൻ ചാൻസ് ഇല്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇന്ന് മുഴുവൻ നിഴലു പോലെ ഞാൻ അമ്മയുടെ കൂടെ ഉണ്ടായിരുന്നു.അമ്മയുടെ അസുഖം പ്രമാണിച്ച് H.P യും ഇന്ന് ലീവ് എടുത്തു. ഓരോ കാരണങ്ങൾ ഉണ്ടാക്കി അമ്മയുടെ അടുത്ത് കൂടിയെങ്കിലും അമ്മ മൈൻഡ് ആക്കിയില്ല. ഇടയ്ക്കിടെ എന്നെ കാണുമ്പോളൊക്കെ ഒരു നോട്ടം എനിക്ക് നേരെ പാളി വീഴുന്നത് അറിയുന്നുണ്ടായിരുന്നു.ഞാൻ നോക്കുമ്പോളൊക്കെ നോട്ടം മാറ്റി കളയും.അല്ലെങ്കിലും അങ്ങേരെ വാച്ച് ചെയ്യുതാനുള്ള മൂഡും നേരവും എനിക്കില്ലായിരുന്നു.

ആദ്യമായിട്ടു വീട്ട് ചുമതലകൾ ഒറ്റയ്ക്ക് ചെയ്യുന്നതിന്റെ ഒരു പൊരുത്തക്കേട് ആകെ മൊത്തം ഉണ്ടായിരുന്നു.മാളു ഉണ്ടായിരുന്നെങ്കിൽ കൂടി ബ്രേക്ക്‌ ഫാസ്റ്റ് അല്പം താമസിച്ചാണ് ഉണ്ടാക്കിയത്.ലഞ്ചിന്‌ അമ്മയ്ക്ക് കഞ്ഞി മതിയെന്ന് പറഞ്ഞു.എങ്കിൽ പിന്നെ ആകെ മൊത്തം കഞ്ഞി മയമാക്കാമെന്നു കരുതി.അതിന് പിന്നിൽ വേറൊരു കാരണം കൂടിയുണ്ട് H.P യ്ക്ക് കഞ്ഞി തീരെ ഇഷ്ടമല്ലെന്ന് മുൻപ് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.അപ്പോൾ പിന്നെ ചെറിയൊരു പണി കൊടുക്കൽ ലക്ഷ്യം ഇതിനു പിന്നിൽ ഇല്ലെന്ന് ചോദിച്ചാൽ ഇല്ലായ്കയില്ല അത്ര തന്നെ.

എനിക്കും കഞ്ഞി അത്ര ഇഷ്ടമൊന്നുമല്ല എന്നാലും H.P പെടുമല്ലോ എന്നോർത്തപ്പോൾ ചെറിയൊരു രോമാഞ്ചിഫിക്കേഷൻ. ഉച്ചയ്ക്ക് കറക്റ്റ് ടൈം ആയപ്പോൾ അതുവരെ ലാപ്ടോപ്പിൽ കുത്തിയിരുന്നു പണിഞ്ഞു കൊണ്ടിരുന്ന ആള് അടുക്കളയിൽ എത്തി.ഞാൻ പപ്പടം വറുത്ത മണം അങ്ങ് വരെ എത്തിയെന്നു തോന്നുന്നു.വരട്ടെ… വരട്ടെ….. ആള് വന്ന് ഫുഡ് ഒക്കെ ചെക്ക് ചെയ്തു.പക്ഷെ ഞാൻ പ്രതീക്ഷിച്ചൊരു നിരാശയൊന്നും ആ മുഖത്ത് കണ്ടില്ല.ആള് പെട്ടന്ന് തന്നെ വെജിറ്റബിൾസും റൈസും ഒക്കെ എടുത്ത് എന്തൊക്കെയോ പണിയുന്നുണ്ടായിരുന്നു.

ആൾക്ക് എന്തൊക്കെ എവിടെയൊക്കെ ഉണ്ടെന്നു വളരെ കറക്റ്റ് ആയി അറിയാം.ഞാൻ പോലും ഇതൊക്കെ പഠിച്ചു വരുന്നേയുള്ളൂ.എന്തായാലും കുറച്ച് കഴിഞ്ഞപ്പോൾ ആകെ മൊത്തം നല്ല സ്മെൽ വരാൻ തുടങ്ങി.അതോടെ എനിക്ക് പിടിച്ച് നിൽക്കാൻ പറ്റാത്ത അവസ്ഥയായി.ഞാൻ വേഗം അമ്മയ്ക്കുള്ള ഫുഡ് എടുത്ത് റൂമിലേക്ക്‌ നടന്നു. “കഞ്ഞി നന്നായിട്ടുണ്ട് കേട്ടോ… വേവൊക്കെ പാകം. എന്റെ ചന്തുട്ടൻ ഒരു കുക്കിംഗ്‌ എക്സ്പെർട്ട്‌ ആയല്ലോ. വേറെ എന്തൊക്കെയാ ഇന്നത്തെ സ്പെഷ്യൽ.ഇപ്പൊ നല്ല സ്മെൽ ഒക്കെ വരുന്നുണ്ടായിരുന്നല്ലോ അടുക്കളയിൽ നിന്ന്. ”

“ഞാൻ ഇന്ന് കഞ്ഞിയും പപ്പടവും മാത്രേ ഉണ്ടാക്കിയുള്ളൂ.പപ്പടം ചോദിക്കണ്ട കേട്ടോ ബി.പി ഉള്ളവർക്കൊന്നും തരത്തില്ല. ” “അയ്യോ എനിക്ക് വേണ്ടായേ. അപ്പൊ ഇന്ന് ഹരിക്കുട്ടന്റെ കാര്യം കഷ്ടമാണല്ലോ …? ” “അയ്യോ… അതൊന്നും പറയണ്ട.അടുക്കളയിൽ തകർത്തു പാചകം നടത്തുന്നുണ്ട്. ” “ഞാൻ പറഞ്ഞിട്ടില്ലേ… അവൻ ഈ കാര്യത്തിൽ എന്നെക്കാളും ഒരുപടി മുൻപിലാ… ” “അതെനിക്ക് തോന്നി… ” “എന്താ എന്റെ മോളുടെ മുഖത്തൊരു വാട്ടം? ” “എന്നാലും എന്റെ അമ്മേ…അങ്ങേരെ ഒന്ന് പട്ടിണിക്കിട്ടു വല്ല കാര്യസാധ്യവും ഉണ്ടാക്കാമെന്ന് വച്ചാൽ നടക്കില്ലല്ലോ. എല്ലാം പഠിപ്പിച്ചു കൊടുത്തേക്കുവല്ലേ.

എന്നോടീ ചതി വേണ്ടായിരുന്നു.” അത്രയും പറഞ്ഞ് ഞാൻ അമ്മയെ കണ്ണ് തുടയ്ക്കുന്നതായും മൂക്ക് പിഴിയുന്നതായും അഭിനയിച്ചു കാണിച്ചു.അതോടെ അമ്മ ഇരുന്ന് ചിരി തുടങ്ങി.അങ്ങനെ കുറേ നേരം കഥകളൊക്കെ പറഞ്ഞാണ് ഞാൻ തിരികെ താഴേക്ക് പോയത്.H.P കുക്കിംഗ്‌ ഒക്കെ കഴിഞ്ഞ് ഫുഡ് കഴിച്ചു പോയെന്നാണ്‌ ഞാൻ കരുതിയത്.പക്ഷെ എന്നെ കാത്തിരുന്ന പോലെ ആള് താഴെ ഉണ്ടായിരുന്നു.ഞാൻ അമ്മ കഴിച്ച പാത്രമൊക്കെ കിച്ചനിൽ കൊണ്ടു വച്ചു തിരികെ ടേബിളിൽ വന്നിരുന്ന് കഞ്ഞി കുടി തുടങ്ങി.

അതോടെ ആളും വേഗം എന്റെ ഓപ്പോസിറ്റ് വന്നിരുന്നു ഫ്രൈഡ് റൈസ് കഴിക്കാൻ തുടങ്ങി.ആള് എടുത്ത് കഴിഞ്ഞ് പാത്രം എന്റെ നേരെ നീക്കി വച്ചു പ്രതീക്ഷയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു.ഞാൻ പക്ഷെ മൈൻഡ് ചെയ്യാൻ പോയില്ല.മാത്രമല്ല കഞ്ഞി കുടിക്കുന്നതിനിടയിൽ കവിളിലെ വേദന കാരണം ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടുണ്ടെന്ന പോലെ നന്നായി അഭിനയിക്കുകയും ചെയ്തു.ആളുടെ കണ്ണുകൾ മിക്കവാറും സമയം എന്റെ മുഖത്തു തന്നെയായിരുന്നു.ചെറിയൊരു അസ്വസ്ഥത തോന്നിയെങ്കിലും അറിയാതെ പോലും എന്റെ നോട്ടം അങ്ങോട്ട്‌ പോവാതെ ഞാൻ ശ്രദ്ധിച്ചു.

ഭക്ഷണം കഴിഞ്ഞ് ആദ്യം എണീറ്റത് ആളായിരുന്നു.മൂപ്പര് കഴിച്ച പാത്രം കഴുകി കഴിഞ്ഞ് അടുക്കളയിൽ തന്നെ നിന്ന് താളം ചവിട്ടുന്നുണ്ടായിരുന്നു.ഞാൻ കഴിച്ച പാത്രം കഴുകി കിച്ചൻ വൃത്തിയാക്കാമെന്നു കരുതിയെങ്കിലും ആള് എന്തോ പറയാനായി തുനിയുന്നുണ്ടെന്നു തോന്നിയപ്പോൾ അത് മാറ്റി വച്ച് ഞാൻ അങ്ങേരെ മറി കടന്ന് അമ്മയുടെ അടുത്തേക്ക് പോയി.അമ്മയുടെ മരുന്ന് എടുത്ത് നൽകി ഞങ്ങൾ സംസാരിച്ചോണ്ടു ഇരിക്കുമ്പോളാണ് ഡോർ തുറക്കുന്ന ശബ്ദം കേട്ടത്. ആരാണെന്ന് നോക്കാൻ ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ സ്ലോ മോഷനിൽ H.P റൂമിലേക്ക്‌ കയറി വരുന്നുണ്ടായിരുന്നു.

എന്താണെന്ന അർത്ഥത്തിൽ ഞാനൊന്നു നോക്കിയപ്പോൾ അങ്ങേര് നിന്ന് വിക്കുന്നു. “അ.. അത്…. അമ്മ ഉറങ്ങിയോ? ” ഇങ്ങേർക്ക് കണ്ണ് കാണില്ലേ എന്നോർത്ത് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അമ്മ കണ്ണുമടച്ചു കിടക്കുന്നതാണ് കണ്ടത്.ഇത്തിരി മുൻപ് വരെ എന്നോട് വാതോരാതെ സംസാരിച്ചോണ്ടിരുന്ന ആളാണ്‌.ഇത്ര പെട്ടന്ന് ഉറങ്ങിയോ….അതും ചിന്തിച്ചു തിരിഞ്ഞപ്പോളേക്കും H.P വീണ്ടും നിന്ന് വിക്കുന്നുണ്ടായിരുന്നു. “അ… അതേ… എനിക്കൊരു കാര്യം…തന്നോട്..പറയാൻ… ” ഞാൻ കൈകൾ കെട്ടി ആളേ നോക്കി നിന്നു “അത്… പിന്നെ… ഇന്നലെ…. ”

ഇത് ഇന്നെങ്ങാനും പറഞ്ഞു തീരുമോ എന്ന് വിചാരിച്ചു നിൽക്കുമ്പോളേക്കും ആള് ഒരു ദീർഘ നിശ്വാസമെടുത്തു വീണ്ടും പറഞ്ഞു തുടങ്ങി. “ഇന്നലെ അപ്പഴത്തെ ദേഷ്യത്തിൽ പറ്റിപ്പോയതാണ്…. തെറ്റ് എന്റേതാണ്… l’m സോറി….” അത്രയും പറഞ്ഞു ആള് മിസൈല് പോലെ ഇറങ്ങി പോയി.ശെരിക്കും എനിക്ക് അതൊരു അത്ഭുതമായിരുന്നു. ഉള്ളിൽ വന്നു നിറഞ്ഞ സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.പുഞ്ചിരിച്ച മുഖത്തോടെ ഞാൻ തിരിഞ്ഞപ്പോൾ ഇത്തിരി മുൻപ് ഉറങ്ങി കിടന്ന ആളതാ കണ്ണും മിഴിച്ചിരിക്കുന്നു.എന്നെ കണ്ടപ്പോൾ അമ്മ എന്നെ ഒരു കണ്ണടച്ചു കാണിച്ചു.

“ആഹാ… കണ്ണുമടച്ചിരുന്നു ഭാര്യയും ഭർത്താവും സംസാരിക്കുന്നത് ഒളിച്ചു കേൾക്കുവാ ല്ലേ… കൊച്ചു കള്ളി.” അത്രയും പറഞ്ഞു ഞാൻ അമ്മയെ ചെന്ന് കെട്ടിപ്പിടിച്ചു. “ഓ… ഒരു വലിയ ഭാര്യയും ഭർത്താവും വന്നിരിക്കുന്നു. ” അതും പറഞ്ഞു അമ്മയും എന്നെ കെട്ടിപ്പിടിച്ചു. ആ നിമിഷം മുതൽ പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷം എന്നിൽ വന്നു നിറയുന്നുണ്ടായിരുന്നു.പിന്നീടുള്ള എന്റെ ഓരോ പ്രവർത്തിയിലും അത് പ്രതിഫലിക്കുന്നുണ്ടായിരുന്നു.വൈകിട്ട് ഡാഡി വിളിച്ചപ്പോളും സച്ചുവും ചാരുവും വിളിച്ചപ്പോളും വളരെ സന്തോഷത്തോടെ തന്നെയാണ് സംസാരിച്ചത്.

എന്റെ പെരുമാറ്റം അവർക്കും ഒത്തിരി ആശ്വാസമായിരുന്നു.അമ്മ വീണ കാര്യം മാത്രം എല്ലാരോടും പറഞ്ഞു ബാക്കി മനഃപൂർവം പറയാതെ ഒഴിവാക്കി.അല്ലെങ്കിലും മാപ്പ് പറഞ്ഞതോടെ അത് ഞാൻ വിട്ടു. ഇനി ഒന്നും കുത്തി പൊക്കെണ്ടെന്നു വിചാരിച്ചു.രാത്രിയിൽ ഞാൻ അമ്മയ്ക്ക് മരുന്ന് കൊടുക്കുമ്പോളാണ് അമ്മയുടെ അസുഖവിവരം അന്വേഷിക്കാൻ ദിയ വിളിച്ചത്.വിശേഷങ്ങൾ ഒക്കെ പറഞ്ഞ് അമ്മ എനിക്ക് നേരെ ഫോൺ നീട്ടി.ഞാൻ ഫോൺ കാതോട് ചേർത്തപ്പോളെക്കും അപ്പുറത്തു കാൾ കട്ടാക്കിയിരുന്നു.അവൾ ഒട്ടും വഴങ്ങുന്നില്ലല്ലോ എന്നോർത്തപ്പോൾ എന്തോ വല്ലാത്തൊരു അസ്വസ്ഥത തോന്നി.

അന്നും അമ്മയോടൊപ്പമാണ് കിടന്നത്.രാത്രി എന്തെങ്കിലും ആവശ്യം വന്നാലോ എന്ന് കരുതി. മൂന്നു നാല്‌ ദിവസം കൊണ്ട് അമ്മയുടെ കാല് നല്ലോണം ഭേദപ്പെട്ടു.എന്തായാലും അത്രേം ദിവസം അമ്മയുടെ വിളിപ്പുറത്ത് ഞാൻ ഉണ്ടായിരുന്നു.നിഴലു പോലെ എന്നെ പിന്തുടർന്നു H.P യുടെ കണ്ണുകളും.രാവിലെ ആള് ഓഫീസിൽ പോയി കഴിഞ്ഞാൽ പിന്നെ അത് എന്റെയും അമ്മയുടെയും ലോകമാണ്.അങ്ങനെ കുറച്ച് ദിവസത്തെ അവധിക്കു ശേഷം കോളേജിൽ പോക്ക് വീണ്ടും ആരംഭിച്ചു.ഒത്തിരി നോട്സും എഴുതാനും ബാക്കി വർകസും ഒക്കെ ഉണ്ടായിരുന്നു.രാത്രിയിൽ ഒത്തിരി വൈകിയിട്ടാണ് കിടക്കാറ്.

എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് H.P യും എനിക്ക് കൂട്ടിരിക്കും.ഇടയ്ക്ക് സ്റ്റഡി ടേബിളിൽ തല വച്ച് ഉറങ്ങി പോയാൽ ആള് വന്നു വിളിക്കും.മുമ്പത്തെപ്പോലെ കട്ടിലിൽ എന്റെ മുഖം കാണുമ്പോൾ തിരിഞ്ഞു കിടക്കുന്ന സ്വൊഭാവം ഒക്കെ മാറിയിരുന്നു.ഇപ്പോൾ അങ്ങേരുടെ നോട്ടം സഹിക്കവയ്യാതെ ഞാൻ മാറി കിടക്കേണ്ട അവസ്ഥയാണ്.ആ നോട്ടത്തിൽ പ്രണയമാണോ എന്നോടുള്ള കരുതലാണോ എന്നൊന്നും എനിക്കറിയില്ല.പക്ഷെ എന്തായാലും പണ്ടത്തെ പോലെ ദേഷ്യമില്ല എന്റെ മുഖം കാണുമ്പോളുള്ള ചതുർത്ഥിയില്ല എപ്പോഴും ശാന്തമായൊരു ഭാവം മാത്രം.പക്ഷെ എത്ര കാലത്തേക്കെന്നു മാത്രം അറിയില്ല.

അടുത്ത ആഴ്ച കിച്ചു വന്നില്ലെങ്കിലും അമ്മയെ കാണാൻ ദിയ എത്തിയിരുന്നു.എല്ലാം അറിഞ്ഞു കൊണ്ടുള്ള വരവാണെന്നു സംസാരത്തിൽ നിന്നും മനസ്സിലായി.ഇടയ്ക്കിടെ എന്റെ തെറ്റ് കൊണ്ടാണ് അമ്മയ്ക്ക് അങ്ങനെയൊക്കെ സംഭവിച്ചതെന്ന രീതിയിൽ എന്നെ കുറ്റപ്പെടുത്തി കുത്തി കുത്തി സംസാരിക്കുന്നുണ്ടായിരുന്നു.പക്ഷെ അമ്മയും H.P യും ശ്രദ്ധിക്കുന്നില്ലെന്നു കണ്ടപ്പോൾ തനിയെ വായടക്കി.ഞാറാഴ്ച ഉച്ചയ്ക്ക് ശേഷം തന്നെ അവൾ മടങ്ങിയപ്പോൾ വീട്ടിലാകെ വല്ലാത്തൊരു സമാദാനം കൈവന്നപോലെ തോന്നി.അമ്മ അവളെ ഒരു ദിവസം കൂടി നിൽക്കാൻ നിർബന്ധിക്കുന്നുണ്ടായിരുന്നെങ്കിലും അവള് വഴങ്ങരുതെ എന്നായിരുന്നു എന്റെ പ്രാർത്ഥന.

അല്ലെങ്കിലും അവള് നിൽക്കില്ല എന്ന് ഏകദേശം എനിക്കുറപ്പായിരുന്നു.കാരണം ഈയിടെയായി അവളുടെ പോക്കുവരവൊക്കെ അങ്ങനെയായിരുന്നു. ദാ…. വന്നു. ദേ… പോയി. പോയിക്കഴിഞ്ഞാൽ പിന്നെ ഒരൊന്നൊന്നര പോക്കാ….. അങ്ങനെ പിന്നെയും കുറച്ച് ദിവസങ്ങൾ കഴിഞ്ഞതോടെ എന്റെ സെമസ്റ്റർ എക്സാമിനുള്ള ലീവ് തുടങ്ങി.മോഡൽ എക്സാമൊക്കെ ശരവേഗത്തിലാണ് കടന്നു പോയത്.ആയിടയ്ക്കാണ് H.P യ്ക്ക് ബാംഗ്ലൂരിൽ ഒരു രണ്ടു ദിവസത്തെ എന്തോ പ്രോഗ്രാം ഉണ്ടെന്നു അറിഞ്ഞത്.ചാരുവുമായുള്ള സംസാരത്തിനിടയ്ക്കു അറിയാതെ അത് ഞാൻ പറഞ്ഞു പോയി.

അങ്ങനെ മര്യാദയ്ക്ക് പഠിച്ചോണ്ടിരുന്ന എന്നെ നമുക്ക് മീറ്റ് ചെയ്യാം കറങ്ങാം..അങ്ങനെ ചെയ്യാം, ഇങ്ങനെ ചെയ്യാം എന്നൊക്കെ പറഞ്ഞ് ഇളക്കി വിട്ടത് അവളാണ്.സത്യം പറഞ്ഞാൽ അവള് അവിടുത്തെ കഥകളൊക്കെ പറയുമ്പോൾ ഇടയ്ക്കൊന്നു പോകാൻ ഞാനും ആഗ്രഹിച്ചിട്ടുണ്ട്. എന്തായാലും ആളോട് നേരിട്ടു ചോദിക്കാൻ എനിക്കെന്തോ മടി തോന്നി. അത് കൊണ്ട് അമ്മ വഴി തന്നെ കാര്യം സാദിപ്പിക്കാമെന്നു വിചാരിച്ചു. അടുക്കളയിൽ അമ്മയുടെ അടുത്ത് പോയി കുറച്ചു നേരം ചുറ്റി പറ്റി നിന്നു.സ്റ്റഡി ലീവ് തുടങ്ങിയതോടെ അമ്മ ആ വഴിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു.

അമ്മയുടെ അടുത്ത് പോയി ചാരു പറയാറുള്ളത് പോലെ ബാംഗ്ലൂർ നഗരത്തെ കുറിച്ച് ഒരിത്തിരി വർണിച്ചു.ചെറിയൊരു ഇൻട്രൊഡക്ഷൻ അത്രയേ ഉദ്ദേശിച്ചുള്ളൂ.പക്ഷെ ഞാൻ വാല് പൊക്കുന്നതിന് മുൻപേ അമ്മയ്ക്ക് കാര്യം പിടികിട്ടി.അവിടെ ജീവിച്ചു മടുത്ത അമ്മയോടാണ് ഞാൻ ചെന്ന് അവിടം വർണിച്ചു പാട്ട് പാടുന്നത്. എന്തായാലും ഉടനെ അമ്മയുടെ ചോദ്യം എത്തി “എന്റെ ചന്തുട്ടന് ഇപ്പൊ എന്താ വേണ്ടത്?ഹരിക്കുട്ടന്റെ കൂടെ പോണോ? ” ഞാൻ വേഗം ഒരു ഇളിഞ്ഞ ചിരി പാസ്സാക്കി അമ്മയെ നോക്കി “അമ്മയും അതിനെക്കുറിച് ആലോചിച്ചതാ. പിന്നെ മോൾക്ക്‌ എക്സാം അല്ലേ അതാ വിട്ടു കളഞ്ഞത്.

എന്റെ ചന്തുട്ടന് താല്പര്യം ആണെങ്കിൽ അമ്മ പറയാം അവനോടു” ഞാൻ സന്തോഷത്തോടെ തലയാട്ടി അമ്മയെ കെട്ടിപ്പിടിച്ചു. “ആഹാ… അധികം സ്നേഹ പ്രകടനം ഒന്നും വേണ്ട. പോയിരുന്നു പഠിക്കാൻ നോക്ക്. ” അമ്മ കപട ദേഷ്യത്തോടെ എന്നെ നോക്കി പറഞ്ഞപ്പോൾ തലയാട്ടി കൊണ്ട് ഞാൻ റൂമിലേക്ക്‌ നടന്നു. രാത്രിയിൽ ഭക്ഷണം കഴിക്കുമ്പോൾ അമ്മ തന്നെയാണ് ആ വിഷയം എടുത്തിട്ടത്. പ്രതീക്ഷിച്ച പോലെ ആദ്യം തന്നെ ആള് ശക്തമായി എതിർത്തു. “ശരിയാവില്ല അമ്മേ…. ഇവൾ കൂടി വന്നാൽ ഒട്ടും ശെരിയാകില്ല ” “അതെന്താ… ശരിയാകത്തെ?

കല്യാണം കഴിഞ്ഞ് ഇത്രേം നാളായിട്ടു നിങ്ങൾ ഇതുവരെ എവിടേം പോയില്ലല്ലോ? ” “പക്ഷെ ഇത് ബിസ്സിനെസ്സ് ടൂറല്ല.തിരക്കിനിടയ്ക്കു എനിക്കിവളെ ശ്രദ്ധിക്കാൻ കൂടി പറ്റിയെന്നു വരില്ല. അതുമല്ല ഞാൻ ഇല്ലാത്തപ്പോൾ ഇവൾ ഒറ്റയ്ക്ക് ആവില്ലേ?എക്സാം അല്ലേ അവൾക്ക് പഠിക്കണ്ടേ? ” “അവള് കൊച്ചു കുട്ടിയൊന്നുമല്ലല്ലോ?അതൊക്കെ അവൾ അഡ്‌ജസ്‌റ് ചെയ്തോളും? പിന്നെ പഠിത്തം അത് അവൾ ശ്രദ്ധിച്ചോളും. അല്ലേ മോളെ? ” അമ്മ എന്നെ നോക്കി ചോദിച്ചപ്പോൾ തലയാട്ടിയെങ്കിലും H.P നോക്കുന്നത് കണ്ടപ്പോൾ ഞാൻ തല കുനിച്ചു. “വേറൊരു പ്രശ്നം കൂടിയുണ്ട്.

ഫ്ലൈറ്റ് ടിക്കറ്റ് ഒക്കെ ആൾറെഡി എടുത്ത് കഴിഞ്ഞു.ഇവൾ കൂടി വന്നാൽ ബുദ്ധിമുട്ടാണ്. ” “അതിന് നീ ഫ്ലൈറ്റിൽ പോകുന്നില്ലല്ലോ.അതങ്ങ് ക്യാൻസൽ ചെയ്തേക്കു.കാറെടുത്തു പോയാൽ മതി.തലേന്ന് തന്നെ പുറപ്പെട്ടോളൂ. ” “അമ്മേ…. പക്ഷെ…. അമ്മ ഒറ്റയ്ക്ക് ” “ഇനി നീ ഒരു ന്യായവും പറഞ്ഞ് മുടക്കാൻ നിൽക്കണ്ട.അല്ലെങ്കിലും നീ മുൻപും ഇങ്ങനെയുള്ള യാത്രകളൊക്കെ നടത്തിയിട്ടില്ലേ.അപ്പോൾ ചെയ്യുന്ന പോലെ ഞാൻ മാളുവിനെ വിളിച്ച് നിർത്തിക്കോളും.ഇപ്പോൾ തല്ക്കാലം നീ ഞാൻ പറയുന്നത് കേട്ടാൽ മതി. ” അത്രയും പറഞ്ഞ് അമ്മ എണീറ്റു.റൂമിലേക്ക്‌ ചെല്ലുമ്പോൾ ഇതിന്റെ പേരിൽ ഒരു വഴക്ക് ഞാൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

കൊണ്ട് പോകാൻ ഡ്രെസ്സും ബുക്കും ഒക്കെ പാക്ക് ചെയ്യാൻ മാത്രം പറഞ്ഞു.പപ്പ വിളിച്ചപ്പോൾ യാത്രയുടെ കാര്യം പറഞ്ഞു.ചാരുവിനും ഉടനെ കാണാമെന്നു മെസ്സേജ് അയച്ചു.ആകെ മൊത്തം സന്തോഷത്തിലാണ് അന്ന് കിടന്നുറങ്ങിയത്.പിറ്റേന്ന് പകൽ സമയം സന്തോഷം കൊണ്ട് സത്യത്തിൽ എനിക്കൊന്നും പഠിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.ഉച്ചയ്ക്ക് ശേഷം പാക്കിങ് ഒക്കെ നടത്തി സമയം കളഞ്ഞു.H.P യോടൊപ്പമുള്ള എന്റെ ആദ്യ ദൂരയാത്രയാണ് മിന്നിച്ചേക്കണേ എന്ന് പ്രാത്ഥിച്ചാണ് കിടന്നുറങ്ങിയത്. സന്തോഷം കൊണ്ട് ഉറക്കം പോലും പോയിക്കിട്ടി. പിറ്റേന്ന് അതിരാവിലെ തന്നെ ഞങ്ങൾ പുറപ്പെട്ടു, ബാംഗ്ലൂർ എന്ന മഹാനഗരത്തിലേക്കു..തുടരും…..

ഹരി ചന്ദനം: ഭാഗം 21

Share this story