ഹരി ചന്ദനം: ഭാഗം 24

ഹരി ചന്ദനം: ഭാഗം 24

എഴുത്തുകാരി: ശ്രുതി കൃഷ്ണ

യാത്രയിലെ ഓരോ കാഴ്ചകളും പുതിയ അനുഭവങ്ങളായിരുന്നു.കാറിൽ ഇൻസ്ട്രുമെന്റസ് മാത്രം ഉപയോഗിച്ചുള്ള ഒരു പ്രത്യേക മ്യൂസിക് പ്ലേ ചെയ്തു കൊണ്ടിരുന്നു.സ്റ്റിയറിങ്ങിൽ താളം പിടിച്ചു വളരെ ആസ്വദിച്ചു വണ്ടിയോടിക്കുന്ന H.P യെ നോക്കി നിൽക്കാൻ തോന്നി.ചുണ്ടിൽ ചെറിയൊരു പുഞ്ചിരി ഒളിഞ്ഞിരിപ്പുണ്ട്.എന്റെ നോട്ടം തിരിച്ചറിഞ്ഞു തിരിച്ചു നോക്കിയപ്പോളേക്കും ഞാൻ എന്റെ കണ്ണുകളെ പുറത്തേക്കു പായിച്ചു.കേരളം വിട്ടപ്പോളെക്കും ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു.കാറിന്റെ വിൻഡോ ഗ്ലാസ്സിലൂടെ ഇരച്ചെത്തുന്ന കാറ്റിൽ ചെറിയ മഴത്തുള്ളികൾ എന്റെ മുഖത്തും മുടിയിലും തട്ടി തെറിച്ചു.

വല്ലാത്തൊരു സന്തോഷം മനസ്സിൽ നിറയുന്ന പോലെ.ഇടയ്ക്ക് വച്ച് ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ കയറി.ഞാൻ ഫിൽറ്റർ കോഫിയും മസാല ദോശയും ആണ് ഓർഡർ ചെയ്തത് ആള് ഇഡ്ഡലിയും ഗ്രീൻ ടീയും.ദോശ നമ്മുടെ നാടൻ തട്ടുകടകളിൽ കിട്ടുന്നത്ര കൊള്ളില്ലായിരുന്നു.ഇഡ്ഡലിയും അത്ര പോരെന്നു H.P യുടെ മുഖം കണ്ടാലറിയാം.പക്ഷെ കോഫി ഒരു രക്ഷേം ഇല്ലായിരുന്നു.ആ ഒരു സ്മെൽ തന്നെ മതിയായിരുന്നു വയറു നിറയാൻ.ആ ഒരു സുഗന്ധം ആസ്വദിച്ചു ഞാൻ കോഫി ഊതി ഊതി കുടിക്കുന്നത് ഓപ്പോസിറ്റ് ചെയറിൽ ഇരുന്ന് H.P വിടർന്ന കണ്ണുകളോടെ നോക്കി കാണുകയായിരുന്നു.നോട്ടം കണ്ടാലറിയാം അധികം വൈകാതെ എനിക്ക് വയറു വേദന ഉറപ്പാണെന്ന്.

ഇങ്ങനെ കൊതിച്ചിരിക്കാതെ അങ്ങേർക്കും ഇതൊക്കെ വാങ്ങി കഴിച്ചൂടെ.അങ്ങേർക്കു കണ്ടിരിക്കാൻ ഒരു രസത്തിന് അധികം കൊള്ളില്ലാത്ത ദോശ വരെ ഞാൻ നല്ല എക്സ്പ്രെഷൻ ഇട്ട് ആസ്വദിച്ചു കഴിച്ചു.അങ്ങേരുടെ വായിലും കപ്പലോടട്ടെന്നെ…ഫുഡൊക്കെ കഴിഞ്ഞ് വീണ്ടും യാത്ര തുടർന്നു.വയറു നിറഞ്ഞതു കൊണ്ടും ഇന്നലത്തെ ഉറക്കം ശരിയാവാത്തതു കൊണ്ടും പിന്നീടുള്ള യാത്രയിൽ ഞാൻ കിടന്നുറങ്ങി.മാത്രമല്ല നഗരത്തോടടുക്കും തോറും കാഴ്ചകളുടെ ഭംഗിയും കുറഞ്ഞുകൊണ്ടിരുന്നു. വൈകുന്നേരത്തോടടുത്തു ബാംഗ്ലൂരിൽ എത്തി.എത്തിയ വിവരം അമ്മയെ വിളിച്ചറിയിക്കുമ്പോൾ സമയം കണ്ടെത്തി എന്നെ പുറത്തൊക്കെ കൊണ്ടു പോണം എന്ന് H.P യോട് അമ്മ നിർദേശം വയ്ക്കുന്നുണ്ടായിരുന്നു.

നേരത്തെ ബുക്ക്‌ ചെയ്ത ഹോട്ടലിൽ മുറിയെടുത്തു അവിടുന്ന് തന്നെ ഭക്ഷണവും കഴിച്ച് ഫ്രഷായി അല്പം കൂടി കിടന്നുറങ്ങി.ഒരു എട്ടു മണിയോടടുത്തു രണ്ടാളും എണീറ്റു.വരും ദിവസങ്ങളിൽ തിരക്കാവും എന്നോർമിപ്പിച്ചു H.P എന്നെയും കൂട്ടി റൂമും പൂട്ടി വെറുതെ കറങ്ങാൻ ഇറങ്ങി.H.P വണ്ടിയെടുക്കാൻ തുനിഞ്ഞെങ്കിലും എല്ലാം നടന്നു കാണാം എന്ന നിർദേശം വച്ചത് ഞാനായിരുന്നു.ഹോട്ടലിൽ നിന്ന് ഇത്തിരി വിട്ട് നടക്കാൻ തുടങ്ങിയപ്പോളേക്കും റോഡിലെ തിരക്കേറി വന്നു.പോകെ പോകെ ഫൂട്ട്പാത്തിലൂടെ രണ്ടു പേർക്ക് നിരക്കെ പോകാൻ പറ്റാത്ത സാഹചര്യമായപ്പോൾ H.P യുടെ പുറകിലായി നടക്കുന്ന എന്റെ കൈകൾ അദ്ദേഹം പിടിച്ചു.

അത്രയും നേരം ഇരുവശങ്ങളിലെ കാഴ്ചകളിൽ മുഴുകി നടന്നു കൊണ്ടിരുന്ന എനിക്ക് അതൊരു വലിയ ഞെട്ടൽ തന്നെയായിരുന്നു സമ്മാനിച്ചത്.ഒട്ടും പ്രതീക്ഷിക്കാത്തതാണെങ്കിലും അങ്ങനൊരു നീക്കം എന്നെ സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തിച്ചിരുന്നു. ചുറ്റുമുള്ള കാഴ്ചകളൊക്കെ മങ്ങുന്നത് പോലെ തോന്നി.എന്റെ കൈ മുറുകെ പിടിച്ചു കൊണ്ട് മുൻപിൽ നടക്കുന്ന H.P മാത്രം ആ കാഴ്ചയിൽ മിഴിവോടെ തെളിഞ്ഞു.അദ്ദേഹത്തിന്റെ ഉള്ളം കയ്യിൽ നിന്നും എന്നിലേക്ക്‌ വ്യാപിക്കുന്ന ചൂട്‌ എന്നോടുള്ള കരുതലിന്റെ അടയാളമായി തോന്നി.സന്തോഷക്കണ്ണീര് വന്ന് കണ്ണ് നിറച്ചപ്പോൾ പപ്പയുടെ കയ്യിൽ തൂങ്ങി നടക്കുന്ന ഒരു കൊച്ചുടുപ്പുകാരി ചന്തുവിനെ എനിക്ക് കാണാമായിരുന്നു.

അടുത്ത നിമിഷം ആ കാഴ്ച മറഞ്ഞു പകരം H.P യുടെ കൈ പിടിച്ച് കല്യാണ മണ്ഡപത്തിനു ചുറ്റും വലം വയ്ക്കുന്ന എന്നെ തന്നെ കാണുകയായി.ഓർമകളുടെ കുത്തൊഴുക്കിൽ അലയുകയായിരുന്ന എന്നെ ഉണർത്തിയത് H.P യുടെ ചോദ്യമായിരുന്നു. “തന്റെ കണ്ണിനെന്തു പറ്റി? കലങ്ങിയിരിക്കുന്നു… ” “ഏയ്… അതൊന്നുല്ല. കരട് വീണതാ… ” “കഴുകാൻ വെള്ളം വേണോ ” “വേണ്ട ” അത്രയും പറഞ്ഞ് ഞാൻ കണ്ണ് തുടച്ചു. “അല്ല… താൻ ഞാൻ ആദ്യം ചോദിച്ചതിന് മറുപടി പറഞ്ഞില്ല. ” “എന്താ….എന്താ… ചോദിച്ചത് ” “താൻ ഈ ലോകത്തൊന്നും അല്ലേ.ഇങ്ങനെ സ്വോപ്നം കണ്ട് നടന്ന് അമ്മയുടെ അടുത്ത് പോയി ഒന്നും കാണിച്ചില്ലെന്നും പറഞ്ഞ് എന്നെ വഴക്ക് കേൾപ്പിക്കരുത് ” “സോറി… ഞാൻ കാഴ്ചകൾ കാണുന്ന എക്സൈറ്റ്മെന്റിൽ ശ്രദ്ധിക്കാത്തതാ…

വേറൊന്നും അല്ല” “മ്മ്…. ഒക്കെ..ഞാൻ ചോദിച്ചതെന്താണെന്നു വച്ചാൽ ദാ… ആ കാണുന്നത് ഇവിടുത്തെ ഷോപ്പിംഗ് സ്ട്രീറ്റ് ആണ്. ഒരു വിധം എല്ലാ ചീപ്പ്‌ സാധനങ്ങളും അവിടെ കിട്ടും.ഒന്നും വാങ്ങുന്നില്ലെങ്കിലും വെറുതെ കണ്ടു നടക്കാം.നമ്മുടെ മുൻപിൽ ഒരുപാട് സമയമുണ്ട്.തനിക്ക് താല്പര്യമില്ലെങ്കിൽ ഇത്തിരി കൂടി നടന്നാൽ ഇവിടുത്തെ ഫേമസ് മാൾ ഉണ്ട് നമുക്കങ്ങോട്ടു പോകാം. ” അദ്ദേഹം പറഞ്ഞ് നിർത്തിയപ്പോളേക്കും ഞാൻ സ്ട്രീറ്റിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞു.ചാരു പറഞ്ഞ് ഇവിടുത്തെ കുറിച്ച് ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്.ചാരു മിക്കവാറും വീകെന്റുകളിൽ ഇവിടെ വരാറുണ്ട്.ഉപ്പ് തൊട്ട് കർപ്പൂരം വരെ കിട്ടുമെന്ന് മാത്രമല്ല വെറൈറ്റി ഫുഡ് ഐറ്റംസിനും പ്രശസ്തമാണിവിടം.

ഇവിടെ ചുമ്മാ നടക്കുന്നതിന്റെ സുഖം പോലും ഒരു മാളിലും കിട്ടില്ലെന്നാണ് ചാരു പറയാറ്.അത് ശെരിയാണെന്ന് ആദ്യ കാഴ്ചയിൽ തന്നെ എനിക്കും തോന്നി.വഴി മുഴുവനായി അലങ്കാര ലൈറ്റുകൾ മിന്നി മറിയുന്നു.ഇരു ഭാഗത്തായുള്ള കടകളിൽ രാത്രിയായിട്ടു കൂടി നന്നേ തിരക്കാണ്.അതുകൊണ്ട് റോഡിൽ അധികം ആളുകൾ ഇല്ല.മുൻപിൽ നടന്ന് കൊണ്ട് ഇടയ്ക്കൊന്നു തിരിഞ്ഞപ്പോൾ കൈകൾ പാന്റ്സിന്റെ പോക്കറ്റിൽ തിരുകി പുറകിലായി H.P എന്നെ അനുഗമിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക് നടത്തത്തിന്റെ വേഗതയൊന്നു കുറച്ചു അദ്ദേഹമൊപ്പമെത്താനായി കാത്തു.ആ ഒരു സാവകാശത്തിലാണ് അടുത്തുള്ള കൊലുസിന്റെ കടയിലേക്ക് എന്റെ ശ്രദ്ധ പതിഞ്ഞത്.

പതിയെ കടയുടെ അടുത്തേക്ക് നീങ്ങി. നിറയെ കറുത്ത മുത്തുകളും കിലുങ്ങുന്ന മണികളും പതിപ്പിച്ച കൊലുസിലാണ് എന്റെ നോട്ടമുടക്കിയത്.എന്റെ നോട്ടം കണ്ടറിഞ്ഞു കടക്കാരൻ പയ്യൻ അത് എനിക്കായി എടുത്തു തന്നു.തിരിച്ചും മറിച്ചും നോക്കിയിട്ടും അത് സ്വൊന്തമാക്കാനുള്ള ആഗ്രഹം കൂടുന്നതല്ലാതെ അതവിടെ ഉപേക്ഷിക്കാൻ തോന്നിയില്ല.അപ്പോഴേക്കും H.P യും എന്റെ പുറകെ കടയിലേക്ക് കയറി. “താനിത് വാങ്ങാൻ പോവണോ? ” “ആഹ്… എനിക്കിതു വേണം.ഒത്തിരി ഇഷ്ടം തോന്നുന്നു. ” “അതേ… ഇവിടുന്നൊന്നും വാങ്ങാത്തതാണ് നല്ലത്.വില കുറയുന്നതിനനുസരിച്ചു ക്വാളിറ്റിയും കുറയും.നമുക്ക് മാളിൽ പോയി നോക്കാം.

അവിടെ കിട്ടാതിരിക്കില്ല. ” H.P യുടെ താല്പര്യം ഇല്ലാത്ത സംസാരം മനസ്സിലായെന്ന പോലെ അതു വരെ ആ കൊലുസിനെ കുറിച്ച് വാചാലനായി കൊണ്ടിരുന്ന കടക്കാരൻ സംസാരം അവസാനിപ്പിച്ചു.ഞാനും ആകെ മൂഡ് ഓഫ്‌ ആയി.അതു മനസ്സിലാക്കിയെന്നോണം അധികം സംസാരിക്കാതെ H.P പൈസ കൊടുത്ത് ഇറങ്ങി.പുറകെ കൊലുസ് പാക്ക് ചെയ്തു വാങ്ങി ഞാനും. കുറച്ചു നേരം മൗനത്തിലായിരുന്നെങ്കിലും പോകെ പോകെ H. P ഓരോന്ന് ചൂണ്ടിക്കാണിച്ചു സംസാരം തുടങ്ങി.ഞാൻ എല്ലാം മൂളി കേട്ട് കൊണ്ട് പുറകെ കൂടി.ഓരോ കടകളിലും കയറിയിറങ്ങി എന്തെങ്കിലുമൊക്കെ വാങ്ങാൻ കൊതിച്ചെങ്കിലും H.P യുടെ മുറുമുറുപ്പ് ആലോചിച്ചപ്പോൾ വേണ്ടെന്നു വച്ചു.ആളുടെ സംസാരം കേട്ടാൽ തോന്നും പറയുന്ന സാധനം ഇപ്പോൾ എനിക്ക് കിട്ടുമെന്ന്.എവിടെ…

അടുത്ത നിമിഷം എന്തെങ്കിലും കുറ്റം കണ്ടു പിടിക്കുകയും ചെയ്യും.ആളേ സമ്പന്ധിച്ചിടത്തോളം വിലയുള്ളത് മാത്രമേ നല്ലതുള്ളൂ എന്നൊരു തെറ്റിദ്ധാരണയുണ്ട്.മുൻപും പലപ്പോഴും എനിക്കത് മനസ്സിലായിട്ടുണ്ടായിരുന്നു.ആള് ബ്രാൻഡഡ് സാധനങ്ങൾ മാത്രം ഉപയോഗിക്കുകയും റെക്കമന്റ് ചെയ്യുകയും ചെയ്യുന്ന കൂട്ടത്തിലാണ്. അങ്ങനെ കുറച്ച് ദൂരം കഴിഞ്ഞപ്പോൾ പിന്നെ പലതരം ഭക്ഷണസാധനങ്ങളുടെ കടകൾ തുടങ്ങുകയായി.ഇരു ഭാഗത്തു നിന്നും നല്ല വറുത്തതും പൊരിച്ചതുമായ ഭക്ഷ്യസാധനങ്ങളുടെ മണം മൂക്കിലേക്ക് ഇരച്ചു കയറിയപ്പോളേക്കും വിശപ്പിന്റെ വിളി വന്നു തുടങ്ങി.ഇടയ്ക്ക് ഫോൺ റിംഗ് ചെയ്തപ്പോൾ H.P അതു അറ്റൻഡ് ചെയ്ത് തിരക്കില്ലാത്ത ഒരു കോണിലേക്ക് മാറി നിന്ന് സംസാരിക്കുന്നുണ്ടായിരുന്നു.അദ്ദേഹത്തെ കാത്തു നിൽക്കുമ്പോഴാണ് ദീദി….

എന്നൊരു വിളി പുറകിൽ നിന്ന് വന്നത്.ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു കൊച്ചു പയ്യൻ അവന്റെ കയ്യിലുള്ള കോട്ടൺ ക്യാൻഡിയുടെ പൊതി എനിക്ക് നേരെ നീട്ടി കൊണ്ട് അതു വാങ്ങിക്കാൻ എന്നെ നിര്ബന്ധിക്കുന്നുണ്ടായിരുന്നു.ആദ്യമൊക്കെ നിരസിച്ചെങ്കിലും അവന്റെ നിഷ്കളങ്കമായ അപേക്ഷാ ഭാവം കണ്ടപ്പോൾ പിന്നെ ഒന്നും നോക്കിയില്ല രണ്ടു പാക്ക് തന്നെ വാങ്ങി.എന്റെ ഹാൻഡ് ബാഗിൽ നിന്ന് പൈസയെടുത്തു നീട്ടിയപ്പോൾ ഒത്തിരി സന്തോഷത്തോടെ അത് വാങ്ങിച്ചിട്ടു അടുത്ത ആളേ തേടി അവൻ പോയി.ഒരു പാക്ക് H.P യ്ക്ക് കൊടുക്കാൻ കയ്യിൽ കരുതി അടുത്തത് പൊളിച്ചു ഞാൻ വായിലിട്ടു.വായിൽ അലിഞ്ഞു ചേരുന്ന മധുരത്തോടൊപ്പം ചാരുവും സച്ചുവുമൊത്തുള്ള കറക്കങ്ങളും കുസൃതികളും ഓര്മയിലേക്കിരച്ചെത്തി.

അപ്പോഴേക്കും സംസാരമൊക്കെ കഴിഞ്ഞ് H.P തിരിച്ചെത്തി.കാൻഡി കഴിക്കുന്ന എന്നെ കണ്ടപ്പോൾ H.P യുടെ മുഖത്ത് അല്പം മങ്ങലേറ്റപോലെ തോന്നിയെങ്കിലും പെട്ടന്ന് തോന്നിയ ഒരുൾപ്രേരണയുടെ പുറത്ത് കയ്യിൽ ശേഷിച്ചിരുന്ന പാക്കറ്റ് ആൾക്ക് നേരെ നീട്ടി.അത് കയ്യിൽ വാങ്ങിച്ചു വലിച്ചൊരൊറ്റ ഏറായിരുന്നു.അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ട് ചുറ്റുമുള്ളവരിൽ പലരും ഞങ്ങളെ തന്നെ നോക്കുന്നുണ്ടായിരുന്നു.ഞാനും കണ്ണുകളൊക്കെ നിറഞ്ഞ് വല്ലാതായി.ഞാൻ കരയുകയാണെന്നു തോന്നിയപ്പോൾ വാ എന്ന് വിളിച്ച് കൊണ്ട് അധികാരത്തോടെ കൈ പിടിച്ച് ആള് തിരിഞ്ഞു നടന്നു.പോയ വഴികളൊക്കെ പിന്നിട്ട് മാളിലേക്കുള്ള വഴി തിരിഞ്ഞതും ഞാൻ എന്റെ കൈ വിടുവിച്ചു.

“എനിക്ക് റൂമിലേക്ക്‌ തിരിച്ചു പോണം” “തനിക്ക് മാൾ കാണണ്ടേ? ” “എനിക്ക് ഇപ്പോൾ ഒന്നും കാണാനുള്ള മൂഡ് ഇല്ല. എനിക്ക് തിരിച്ചു പോയാൽ മതി. H. P വേണെങ്കിൽ മാളോക്കെ കണ്ട് പതിയെ വന്നോളൂ. ” “അത്രയും പറഞ്ഞ് ഞാൻ മുൻപിൽ വന്ന ഒരു ഓട്ടോയ്ക്ക് കൈ കാട്ടി.ഓട്ടോ നിർത്തിയപ്പോൾ കയറിയിരുന്നു താമസിക്കുന്ന ഹോട്ടലിന്റെ പേര് പറഞ്ഞു.ഞാൻ പ്രതീക്ഷിചതു പോലെ H.P യും കൂടെ കയറി. തിരികെ റൂമിലേക്ക്‌ പോണതിനു മുൻപ് താഴെയുള്ള റെസ്റ്റോറന്റിൽ കയറി ഭക്ഷണത്തിനു ഓർഡർ കൊടുത്തു.നല്ല വിശപ്പുള്ളതു കൊണ്ട് ഞാനും കൂടെ പോയി.ഒരു ടേബിളിനു ഇരു വശവും ഇരിക്കുമ്പോളും അദ്ദേഹത്തിന്റെ ഭാഗത്തേക്ക് നോക്കാൻ എന്റെ മനസ്സനുവദിച്ചില്ല.

“തനിക്ക് എന്തെങ്കിലും സ്‌പെഷ്യൽ ആയി ഓർഡർ ചെയ്യണോ? ” “വേണ്ട.. ” “താൻ വിഷമമൊന്നും വിചാരിക്കണ്ട.ഇങ്ങനെ റോഡ് സൈഡിന്നൊക്കെ കിട്ടുന്ന ഫുഡ് ഒട്ടും ഹൈജിനിക് ആയിരിക്കില്ല.ഞാൻ പറഞ്ഞതല്ലേ അവിടം ഒന്ന് കറങ്ങി കണ്ടിട്ട് നമുക്ക് മാളിൽ കയറാമെന്നു.തനിക്ക് ഇഷ്ടമുള്ളതെന്താണെങ്കിലും അവിടുന്ന് വാങ്ങി തന്നേനെ ” “അപ്പോൾ ഇവിടെ കിട്ടുന്ന ഫുഡ് ഒക്കെ വളരെ നല്ലതാണോ? ” “ഓഫ്‌കോഴ്സ്… അങ്ങനെ ആവണമല്ലോ. ഇവർക്ക് അതിനുള്ള സൗകര്യങ്ങൾ ഉണ്ടാവും.” ഓഹ് പിന്നെ നല്ല ഹെൽത്തി ഫുഡ് തരാൻ ഈ ഹോട്ടൽ എന്റെ അമ്മാവന്റെ വകയാണല്ലോ….ആത്മഗതം പറഞ്ഞതാണെങ്കിലും ഇത്തിരി പുറത്ത് കേട്ടോ എന്നൊരു ഡൌട്ട്.H.P മെനു കാർഡിൽ നിന്ന് തലപൊക്കി നോക്കിയപ്പോൾ ഒരു വഴക്ക് ഞാൻ പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.

എന്റെ ഡയലോഗ് കേട്ടില്ലല്ലോ എന്ന ആശ്വാസത്തിൽ ഞാൻ ഒരു ദീർഘ നിശ്വാസം വലിച്ചു വിട്ടു.ഫുഡ്‌ കഴിഞ്ഞ് റൂമിൽ ചെന്ന് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് കട്ടിലിൽ പോയി ഒരൊറ്റ വീഴ്ചയായിരുന്നു. കാലിനൊക്കെ നല്ല കഴപ്പ്. പിറ്റേന്ന് രാവിലെ എണീക്കാൻ ഒത്തിരി ലേറ്റ് ആയി.H. P റൂമിൽ ഉണ്ടായിരുന്നില്ല.ഓഫീസിൽ പോയി കാണും എന്ന് ഞാൻ ഊഹിച്ചു.എണീറ്റു വിൻഡോ ഗ്ലാസിന്റെ കർട്ടൻ നീക്കിയപ്പോൾ നഗരം ആ ദിവസത്തിന്റെ തിരക്കുകളിലേക്ക് കടന്നിരുന്നു.ചൂടു പിടിച്ചു കത്തി നിൽക്കുന്ന സൂര്യനെ പോലും വകവയ്ക്കാതെ ഓരോരുത്തരും അന്നന്നത്തെ അന്നത്തിനായി പാഞ്ഞു നടക്കുന്നു.ബ്രഷ് ചെയ്ത് ഫ്രഷ്‌ ആയി വന്നപ്പോളാണ് കണ്ടത്. ബ്രേക്ക്‌ ഫാസ്റ്റ് ഒക്കെ H.P ഓർഡർ ചെയ്ത് വരുത്തിച്ചു ടേബിളിൽ വെച്ചിട്ടുണ്ടായിരുന്നു.

അതൊക്കെ കഴിച്ച് ഇത്തിരി ടീവി കണ്ടപ്പോളേക്കും അമ്മ വിളിച്ച് വിശേഷങ്ങൾ ഒക്കെ ചോദിച്ചു.പറ്റിയാൽ തിരിച്ചു വരുമ്പോൾ ദിയയുടെയും കിച്ചുവിന്റെയും അടുത്ത് പോയിട്ട് വന്നാൽ മതിയെന്ന് പറഞ്ഞു.അമ്മയുടെ കാൾ വച്ചു കഴിഞ്ഞപ്പോളാണ് ശ്രദ്ദിച്ചത് ഫോണിൽ ചാരുവിന്റെ കുറേ മെസ്സേജുകൾ വന്ന് കിടക്കുന്നു.ആക്ച്വലി ഇന്ന് ആഫ്റ്റർനൂൺ ഇങ്ങോട്ട് വന്ന് മീറ്റ് ചെയ്യാമെന്ന് അവൾ പറഞ്ഞിരുന്നു.പക്ഷെ അവൾക്കു വരാൻ കഴിയില്ലത്രേ കോളേജിൽ എന്തോ പ്രോഗ്രാമിന്റെ ഡ്യൂട്ടി കിട്ടിയെന്നു പുറകെ കുറേ സോറിയും.ഇന്നലെ രാത്രിയിൽ അയച്ച മെസ്സേജ് ആണ്.H.P യോടുള്ള ദേഷ്യത്തിൽ വന്ന് കിടന്നത് കൊണ്ട് എന്റെ കണ്ണിൽ പെട്ടില്ലെന്നു മാത്രം.എന്തായാലും അവളുടെ വാക്ക് കേട്ട് ചാടിത്തുള്ളി വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ.അവളുടെ ഒരു കോറി….

അല്ലെങ്കിലും H.P യുടെ കൂടെ ഇറങ്ങി പുറപ്പെട്ടത് അബദ്ധമായെന്നു എനിക്ക് ഇന്നലയെ തോന്നിയിരുന്നു. ഇത്തിരി നേരം ബുക്ക്‌ എടുത്ത് വായിച്ചപ്പോളേക്കും എനിക്ക് ബോറടിച്ചു.കറക്റ്റ് ആയി ഫുഡും വെള്ളവും മാത്രം കിട്ടുന്നുണ്ട്.റൂമിൽ ഒറ്റയ്ക്കിരിക്കുമ്പോൾ വല്ലാതെ ബോറടിക്കുന്ന പോലെ തോന്നി.ഇടയ്ക്ക് ഇറങ്ങി ഓടാൻ വരെ തോന്നി.ഇത്തിരി കഴിഞ്ഞപ്പോൾ H.P വിളിച്ച് കാര്യങ്ങൾ ഒക്കെ ചോദിച്ചു.ചാരു വന്നിട്ടില്ലെന്ന് അറിഞ്ഞപ്പോൾ വയ്കിട്ടു H.P വന്നിട്ട് അങ്ങോട്ട്‌ പോയി മീറ്റ് ചെയ്യാമെന്ന് പറഞ്ഞു.എന്തായാലും അതെനിക്കിഷ്ടായി.അല്ലെങ്കിലും ഈ H.P ഇങ്ങനെയാണ് ഇടയ്ക്ക് തോന്നും ആള് അടിപൊളിയാണെന്ന്.

ഇടയ്ക്ക് തോന്നും വെറും മൂരാച്ചിയാണെന്നു.സത്യത്തിൽ അങ്ങേര് ആരാണാവോ…അങ്ങേര് ഫോൺ വച്ച് കഴിഞ്ഞ് ഇത്തിരി നേരം പപ്പയെ വിളിച്ച് യാത്രയുടെ വിശേഷങ്ങൾ പങ്കു വച്ചു.വൈകുന്നേരം ആയപ്പോഴേക്കും റെഡി ആയി H.P യ്ക്ക് വേണ്ടി കാത്തു നിന്നു. *************** “ഇതിപ്പോൾ എടിപിടിന്നു പോയിട്ടെന്താ ദിയക്കുട്ടി… നീയ് ഇന്നലെയിങ് വന്നല്ലേയുള്ളൂ.” “എന്റെ ചാച്ചാ ഇത് അവരുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു നമ്പറല്ലേ.ഇനിയെങ്ങാനും അവര് കാണാൻ വന്നാലോ… എന്തായാലും അവര് പോയിക്കഴിഞ്ഞു അടുത്ത നിമിഷം ഞാനിവിടെയെത്തും. ” “അല്ലേലും അവരറിയുന്നെങ്കിൽ അറിയട്ടെന്നെ.എത്രയൊക്കെ അറിഞ്ഞാലും നമ്മള് വിധിക്കുന്ന ശിക്ഷയിൽ നിന്ന് അവർക്കൊരു മോചനം ഇല്ല.

അല്ലെങ്കിൽ മോളൊരു കാര്യം ചെയ്യ്‌ ഹോസ്റ്റലിലേക്ക് വിളിച്ച് അവര് വരുമ്പോൾ പറഞ്ഞു ഒഴിവാക്കാൻ പറ്റിയ എന്തെങ്കിലും കാരണം പറയ്‌. ” “അയ്യോ അതു തീരെ പറ്റില്ല. ഒന്നാമതെ ആ ഹോസ്റ്റൽ വാര്ഡന് ഞാൻ ഈയിടെയായി അവിടെ നിൽക്കുന്നില്ല, ഹോസ്റ്റൽ ടൈം കഴിഞ്ഞ് വൈകി ചെല്ലുന്നു എന്നൊക്കെ പരാതിയുണ്ട്.മാത്രമല്ല അവർക്ക് H.P യെയും കിച്ചുവിനെയും പരിചയവും ഉണ്ട്.അതു കൊണ്ട് വിളിച്ച് പറഞ്ഞിട്ട് കാര്യമില്ല.എന്തായാലും ആ പെണ്ണുമ്പിള്ള കുളമാക്കും. ” “എന്താ… എന്താ…. ഇവിടെയൊരു ചർച്ച? ” “അല്ല… അലക്സി ഞാൻ ഇവളോട് പറയായിരുന്നു അവരെ പേടിച്ച് ഇങ്ങനെ പെട്ടന്ന് പോവേണ്ട കാര്യം ഉണ്ടോന്നു ” “അവള് പൊയ്ക്കോട്ടേ അൽഫോൺസേ…. ഞാനാ അവളോട് പോകാൻ പറഞ്ഞത്.പിടി കൊടുക്കാൻ സമയമായില്ല.

എന്തായാലും ഇത്രയും നമ്മള് കാത്തില്ലേ? നല്ലൊരു അവസരത്തിനായി ഇത്തിരി കൂടി കാക്കാം. ” “നിനക്ക് അങ്ങനെയാണ് തോന്നുന്നെങ്കിൽ അങ്ങനെ. ആട്ടെ.. ആരൊക്ക വരുന്നുണ്ട്? ” “വരുന്നത് H.P യും അയാളുടെ ധർമപത്നിയും.അങ്ങനാണ് നാട്ടിൽ നിന്നും വിളിച്ച് പറഞ്ഞത് ചാച്ചാ…. ” “എന്തെങ്കിലും പ്ലാൻ ഉണ്ടോ അലക്സി? ” “ഇപ്പോൾ ഒന്നും ഇല്ല.അല്ലെങ്കിലും ഇനി കളികൾ ഇവിടെയല്ല.അവിടെ… അങ്ങ് നാട്ടിൽ വച്ച്.അവർ ഇത്രയും കാലം തലയുയർത്തി ജീവിച്ചവർക്കിടയിൽ നാണം കെട്ട് തൊലിയുരിഞ്ഞു നിൽക്കണം.അത് കൺകുളിർക്കെ കണ്ടാലേ ഇത്രയും കാലം നാടും വീടും വിട്ട് ഞാൻ അനുഭവിച്ച അജ്ഞാത വാസത്തിന് തിരിച്ചടിയാകൂ.

പിന്നെ എന്റെ കൊച്ചിന്റെ അമ്മയുടെ മരണത്തിനു പകരം ചോദിക്കണ്ടേ? ” “എങ്കിൽ പിന്നെ ചാച്ചൻ വിടാം മോളെ… വാ ” “വേണ്ട ചാച്ചാ… ക്രിസ്റ്റി വരാമെന്നു പറഞ്ഞിട്ടുണ്ട്.ഞാൻ അടുക്കളയിൽ ചെന്ന് ആനിയമ്മയോട് യാത്ര പറഞ്ഞു ഇപ്പോൾ വരാവേ” അത്രയും പറഞ്ഞു ദിയ മുറി വിട്ട് പുറത്തിറങ്ങി.ജനൽ പാളിയിലൂടെ പുറത്തേക്ക് കണ്ണും നട്ടിരിക്കുന്ന അലക്സിയുടെ തോളിലൂടെ അൽഫോൺസ് കൈ ചേർത്തു. “ഇത്രയും അടുത്ത് കിട്ടിയിട്ട്… വെറുതെ വിടണോ? ” “വേണം….. ഇങ്ങനെ ചിന്തിച്ചല്ലേ അന്ന് അവന്റെ അച്ഛനെ കാണാൻ പോയത്.എന്നിട്ടെന്തായി ഒരു ഹാർട്ട്‌ അറ്റാക്ക് വന്ന് അയാൾ രക്ഷപെട്ടു.

നമ്മുടെ ഭാഗ്യം കൊണ്ടാണ് ഹോസ്പിറ്റലിൽ കിടന്ന അയാളുടെ നാവ് സത്യം പറയാനായി പിന്നെ പൊങ്ങാതിരുന്നത്.അയാളുടെ മരണം പോലും പിടിച്ചുലയ്ക്കാത്ത വിധത്തിൽ നമ്മളുടെ പ്ലാനുകൾ അപ്പാടെ തെറ്റിച് അവൻ ആ കുടുംബം താങ്ങി നിർത്തിയില്ലേ. ഇനി അങ്ങനൊരു പിഴവ് വന്നുകൂടാ. ഓരോ കരുക്കളും വളരെ ആലോചിച്ചേ നീക്കാവൂ.ഇനിയൊരു ഉയിത്തെഴുന്നേൽപ്പ്‌ ഇല്ലാത്ത വിധം ആ കുടുംബത്തിന്റെ സർവ്വ നാശം എനിക്ക് കാണണം. ” ദിയയെയും വഹിച്ചു കൊണ്ട് ക്രിസ്റ്റിയുടെ ബൈക്ക് ഗേറ്റ് കടന്ന് പോകുമ്പോൾ ജനൽ പാളിയിലൂടെ പുറത്തേക്കു വീക്ഷിക്കുകയായിരുന്ന അലക്സിയുടെ കണ്ണുകളിൽ പകയെരിയുകയായിരുന്നു…തുടരും…..

ഹരി ചന്ദനം: ഭാഗം 22

Share this story