ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 18

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 18

എഴുത്തുകാരി: ദിവ്യ കഷ്യപ്പ്

“ഗൗരി… ഗൗരി… “തളർന്നു കുഴഞ്ഞു തന്റെ നെഞ്ചിലേക്ക് വീണ ഗൗരിയെ നവി കുലുക്കി വിളിച്ചു… എത്ര വിളിച്ചിട്ടും അവൾ ഉണരാത്തത് കണ്ടു നവിക്ക് ഭയമായി… മുകളിലെ നീണ്ട ഒരിലയിൽ നിന്ന് ഇറ്റ് വീണു കൊണ്ടിരുന്ന വെള്ളം കൈക്കുമ്പിളിൽ പിടിച്ച് നവി അവളുടെ മുഖത്തേക്ക് തളിച്ചു… ഒന്ന് രണ്ട് വട്ടം അങ്ങനെ ചെയ്തപ്പോൾ അവൾ മെല്ലെ കണ്ണ് തുറന്നു… കണ്ണ് തുറന്നതും അവൾ വീണ്ടും കണ്ണ് മിഴിച്ചു കൊണ്ടു ആ മഹാദേവന്റെ പച്ചകുത്തിലേക്കു നോക്കി… അവളുടെ നോട്ടം കണ്ടു നവി തന്റെ നെഞ്ചിലേക്ക് നോക്കി.. “എന്തെ …. മഹാദേവനെ കണ്ടിട്ടില്ലേ…? ”

“അല്ല നവിയേട്ടാ… ഇത്… ഇതു ഞാൻ മുൻപ് കണ്ടിട്ടുണ്ട്… ഇത് തന്നെ… ഇവിടെ വെച്ച് കാൽ വഴുതി വീണു ഈ നെഞ്ചിലെ മഹാദേവന്റെ രൂപത്തിലേക്ക് വീഴുന്നത്… ” “എന്തൊക്കെയാ ഗൗരി നീയി പറയുന്നേ “? “ഞാനിത് സ്വപ്നം കണ്ടിട്ടുണ്ട് നവിയേട്ടാ… വിശ്വസിക്കില്ല ആരും.. പറഞ്ഞാൽ… “ഗൗരി സങ്കടത്തോടെ മിഴികളടച്ചു…. “നീ പറഞ്ഞത് കൊണ്ടു ഞാൻ വിശ്വസിക്കും ഗൗരി… “നവി ഗൗരിയെ ചേർത്തുപിടിച്ചു “എന്നെയാണോ സ്വപ്നത്തിൽ കണ്ടത്.. ” “മുഖം വ്യക്തമായില്ല… പക്ഷെ ഈ പച്ച കുത്തും നവരത്നമോതിരവും… “ഗൗരി വീണ്ടും മിഴികളടച്ചു “സാരല്ല… പോട്ടേ… “നവി അവളെ ചേർത്ത് പിടിച്ചു ..

ഒപ്പം മനസ് സന്തോഷത്താൽ മതി മറന്നു പോയിരുന്നു… എന്തോ ഒരു നിയോഗം…. എന്നിലൂടെ.. ഇവൾക്കുണ്ട്… അവനോർത്തു കുറച്ചു നേരം കൂടി അവളുമായി അവിടിരുന്നതിനു ശേഷം അവൻ എഴുന്നേറ്റു.. മഴയപ്പോഴും ചാറുന്നുണ്ടായിരുന്നു…. മുന്നോട്ടുള്ള യാത്ര സുഗമമാണോ എന്ന് നവി നോക്കി… മുട്ടൊപ്പം ചെളിയാണ് മുകളിലേക്കെന്നു അവൻ മനസിലാക്കി… നടന്നു കയറാൻ പറ്റില്ല… തിരികെ ഇറക്കവും പാടാണ്… ഇന്നിനി പോക്ക് നടക്കില്ല എന്ന സത്യം നവി മനസിലാക്കി… “”അപ്പോൾ കൽക്കണ്ടക്കുന്നിന്റെ തമ്പുരാൻ കളി തുടങ്ങിയല്ലേ…” നവി മുകളിലേക്ക് നോക്കി കണ്ണിറുക്കി ചിരിച്ചു കൊണ്ടു ചോദിച്ചു…

“എന്നാൽ കേട്ടോ…എന്ന് എന്നെ ആ തിരുമുഖം കാണിച്ചു തരുന്നോ അന്ന് വരെ ഞാൻ കയറിക്കൊണ്ടിരിക്കും…അങ്ങ് കോട്ടയത്തു ഏറ്റുമാനൂര് എന്റെ വീടിന്റെ അടുത്തിരിക്കുന്ന ആൾ തന്നെയല്ലേ ഈ കുന്നിന്റെ മുകളിലും ഇരിക്കുന്നത്… അത് ഏറ്റുമാനൂരപ്പനും ഇത് കൽക്കണ്ടക്കുന്നപ്പനും ആണെന്ന വ്യത്യാസമല്ലേ ഉള്ളു… ആള് ഒന്ന് തന്നെയല്ലേ… ആ പുള്ളിക്ക് എന്നെ കണ്ടില്ലെന്നു നടിക്കാൻ പറ്റില്ല… അത് പോലെ തന്നെ ഇവിടേം… എന്റെ നേർക്ക് കണ്ണടക്കാൻ നിനക്ക് പറ്റില്ല മഹാദേവ…. ” “വാ… ഇനിയൊരിക്കൽ കയറാം… “അവൻ ഗൗരിയെ പിടിച്ചെഴുന്നേൽപ്പിച്ചു…

രണ്ട് പേരും കൂടി ഒരു വിധത്തിൽ നടന്നു പകുതി ദൂരം താഴെ എത്തി… വഴി വേർപെട്ട് പോയിടത്തു നിന്നും ശരിക്കുള്ള വഴിയിലേക്ക് ചരിഞ്ഞു കയറും വരെ മഴ തന്നെയായിരുന്നു… ശരിക്കുള്ള വഴിയിലേക്ക് കയറിയതും നവിയും ഗൗരിയും സ്തംഭിച്ചു നിന്ന് പോയി… മഴയുടെ നേരിയ ലാഞ്ഛന പോലുമില്ല എങ്ങും… നല്ല കരിവയിൽ… തെളിഞ്ഞ ആകാശം.. പ്രസന്നമായ അന്തരീക്ഷം.. വലിയ വൃക്ഷങ്ങൾക്കിടയിലൂടെ തിങ്ങി ഞെരുങ്ങി വരുന്ന തീവ്രമായ വെയിലേറ്റ് തലയിൽ തുണി കെട്ടി മലയിറങ്ങുന്ന ഭക്തർ…. “മഴ പെയ്താരുന്നോ… മുകളിൽ… “നവി ചോദിച്ചു ഒരാളോട്…. “മഴയോ… ഏയ്…

ഇന്ന് നല്ല അന്തരീക്ഷമല്ലേ… അല്ല.. നിങ്ങളിത് എങ്ങനെ നനഞ്ഞു…? “”അയാൾ അതിശയത്തോടെ ഗൗരിയെയും നവിയെയും മാറി മാറി നോക്കി… “ഒ.. ഒന്നുമില്ല… “കേട്ടത് വിശ്വസിക്കാനാവാതെ അയാളോട് എന്തോ മറുപടി പറഞ്ഞ് നവി ഗൗരിയേം കൂട്ടി താഴെക്കിറങ്ങി… “നവിയേട്ടാ… എന്തെങ്കിലും ആഗ്രഹിചാണോ മല കയറിയെ… “ഗൗരി പേടിയോടെ നവിയെ നോക്കി… “മ്മ്മ്.. “നവി മൂളി… “എന്തുവാ… “??? “അത് പറയാൻ പാടില്ലന്നല്ലേ… പറഞ്ഞാൽ ഫലം പോകുമെന്നല്ലേ… അത് കൊണ്ടു പറയാൻ പറ്റില്ലല്ലോ… നടക്കുമെങ്കിൽ പറയാം കേട്ടോ… “നവി അവളെ കണ്ണിറുക്കി കാണിച്ചു… “തടസങ്ങളുണ്ട് നവിയേട്ടാ… അതാ ഇങ്ങനെ…

പരീക്ഷിക്കാൻ നിൽക്കണ്ട… വിട്ടു കളഞ്ഞേക്ക്… വിധിച്ചതാണെങ്കിൽ കിട്ടിക്കോളും.. അല്ലാത്തത് നിർബന്ധിച്ചു വാങ്ങിക്കേണ്ട നവിയേട്ടാ… ദേവേട്ടന്റെ കാര്യത്തിലെ പോലായാലോ… കാര്യം സാധിച്ചു തന്നപ്പോൾ ആളിനെ അങ്ങ് എടുത്തില്ലേ….അത് പോലെ… ” എന്തോ ഞെട്ടൽ കിട്ടിയത് പോലെ നവി പെട്ടെന്ന് അവളുടെ വായ് പൊത്തി… “അങ്ങനെ പറയാതെ… എനിക്ക് ആ കാര്യം അങ്ങനെ വിട്ടു കളയാൻ പറ്റില്ല… നടക്കും.. നടത്തി തരും… ഇത്ര നാളും എന്റെ കൂടെ നിന്നിട്ടുള്ള ആളാ.. ഇത്… അവൻ ഇടനെഞ്ചിലെ പച്ചകുത്തിൽ ചൂണ്ടു വിരൽ കൊണ്ടൊന്നു കുത്തി… എന്നെ കണ്ടില്ലെന്നു നടിക്കാൻ മഹാദേവന് ആവില്ല…

കുഞ്ഞിന്നാള് മുതലുള്ള വിശ്വാസമാണ് അത്… ” താഴ്വാരത്ത് എത്തിയപ്പോൾ വൈകുന്നേരം ആയിരുന്നു… ഗൗരിക്ക് നന്നേ ദാഹിക്കുന്നുണ്ടായിരുന്നു… അടുത്തൊരു കടയിൽ നിന്നും ദോശയും ചായയും വാങ്ങി നൽകി നവി അവൾക്ക്… മുത്തശ്ശിയോടും അമ്മയോടും പറഞ്ഞിരുന്നില്ല മല കയറുന്ന കാര്യം… ഗൗരി കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നു എന്നാണ് പറഞ്ഞിരുന്നത്… രണ്ട് പേരും രണ്ടായിട്ടാണ് വീട്ടിൽ നിന്നും രാവിലെ ഇറങ്ങിയിരുന്നത്.. അത് കൊണ്ടു തന്നെ അവളെ വീട്ടിലേക്ക് പറഞ്ഞയച്ചിട്ട് അവൻ ദിവാകരേട്ടന്റെ ചായക്കടയിലേക്ക് കയറി… …………………………..🌷🌷

അവളുടെ മുന്നിൽ പ്രസന്നതയോടെ സംസാരിച്ചെങ്കിലും നവിയുടെ മനസ് ഇടിഞ്ഞു പോയിരുന്നു… ഒരു വിശ്വാസമുണ്ടായിരുന്നു ആദ്യം തന്നെ എല്ലാം നടക്കും എന്ന്… ഇതിപ്പോ…. അവൻ വൈഷമ്യത്തോടെ മുന്നിലെ ഡെസ്ക്കിലേക്ക് തല ചായ്ച്ചു…. കണ്ണടച്ച് കിടന്നപ്പോൾ അച്ഛമ്മയുടെ മുഖം മനസിലേക്ക് വന്നു… പെട്ടെന്ന് തന്നെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി… എടുത്തു നോക്കിയപ്പോൾ അച്ഛമ്മ… വല്ലാത്തൊരു ആശ്വാസം തോന്നി നവിക്ക്… അല്ലെങ്കിലും മനസ് വിഷമിക്കുമ്പോൾ അതറിഞ്ഞെന്ന വണ്ണം ഓടിയെത്തും മനസ്സറിഞ്ഞ.. വേണ്ടപ്പെട്ട ചിലർ.. ഒരു ശബ്ദമായി… തണുവായി… ❣

“അച്ഛമ്മേ… ” “അമ്പാടിക്കുട്ടാ… എന്തായി അന്ന് പറഞ്ഞ കാര്യങ്ങൾ… ശരിയായോ…?? ” “പകുതി ശെരിയായി അച്ഛമ്മേ… പകുതി കൂടി ശെരിയാവണം… “അവൻ പറഞ്ഞു “ഇനി പറയ് എന്താ കുട്ടാ കാര്യം…?? “അച്ഛമ്മേ എനിക്കിവിടെ ഒരാളെ ഇഷ്ടായി.. ആ കാര്യമായിരുന്നു.. ” “എന്നിട്ട് ആളോട് പറഞ്ഞോ എന്റെ കണ്ണന് ഇഷ്ടമാണെന്ന്… “?? “മ്മ്.. പറഞ്ഞു…അവൾക്കും ഇഷ്ടമാണ്.. ഒരു പാവമാണ് അച്ഛമ്മേ… ഒരുപാട് പ്രാരാബ്ദങ്ങൾ ഒക്കെയുള്ള ഒരു പാവം പെൺകുട്ടി… ” “അതിനെന്താ… പാലാഴിയിലെ കുട്ടിയല്ലേ നീ..ചന്ദ്രമംഗലവും ഒട്ടും മോശമല്ല… നവിയുടെ അച്ഛന്റെ കുടുംബമാണ് ചന്ദ്രമംഗലം.. ”

നമുക്കെന്തിനാ കാശും പത്രാസുമൊക്കെ.. നിന്നെ ഇഷ്ടപ്പെടുന്ന നീ ഇഷ്ടപ്പെടുന്ന ഒരു കുട്ടി അത്രയേ അച്ഛമ്മക്ക് വേണ്ടൂ… ന്റെ അമ്പാടിയെ പൊന്നുപോലെ നോക്കണം… അത്രെയേ വേണ്ടൂ… ” “… അച്ഛനും അച്ഛമ്മയ്ക്കും അത്രയേ വേണ്ടൂ എന്ന് എനിക്കറിയാം… പക്ഷെ ഒരാൾ അവിടെ എത്തിയിട്ടുണ്ടല്ലോ… വന്നിട്ട് കാണാൻ ചെന്നില്ല എന്ന് പരാതി പറഞ്ഞത് കൊണ്ടു ചെന്നതാ രണ്ടാഴ്ച മുൻപ്… ഇല്ലാത്ത പ്രശ്നങ്ങൾ ഒന്നുമില്ല… അപ്പോൾ.. എങ്ങനെയെങ്കിലും തിരിച്ചുപോന്നാൽ മതീന്നെ ഉണ്ടായിരുന്നുള്ളു…. പിന്നെ അച്ഛൻ പറഞ്ഞത് കൊണ്ടു മാത്രം കുറച്ചു ദിവസം നിന്നു.. ” “അച്ഛമ്മ പ്രാർഥിക്കാം കുട്ടാ…

എല്ലാം ന്റെ കുട്ടന്റെ ആഗ്രഹം പോലെ നടക്കാൻ… ” “മ്മ്… തടസങ്ങളുണ്ട് അച്ഛമ്മേ… “അവൻ മുന്നേ പറഞ്ഞിരുന്നു അച്ഛമ്മയോട് കൽക്കണ്ടക്കുന്നിലെ മഹാദേവന്റെ കാര്യം.. ഇന്ന് കയറിയപ്പോൾ ഉണ്ടായ തടസങ്ങളെ കുറിച്ചും അവൻ അപ്പോൾ അച്ഛമ്മയോട് പറഞ്ഞു… “കഷ്ടായല്ലോ കുട്ടിയെ..സാരമില്ല.. പ്രാർഥനകൾ കൊണ്ടു തീരാത്തതായി ഒന്നുമില്ല… പ്രാർത്ഥിക്കൂ നീ.. മഹാദേവനോട് നിനക്ക് അവളെ തരാൻ.. അച്ഛമ്മയും പ്രാർഥിക്കാം…. ” “ഇപ്പൊ അതേയുള്ളു എനിക്ക് പ്രാർത്ഥിക്കാൻ.. “നവി നെടുവീർപ്പിട്ടു “അതുപോട്ടെ… മോളുടെ ഒരു ഫോട്ടോ അച്ഛമ്മയ്ക്ക് അയച്ചു തരുവോ…

തെക്കേലെ കുട്ടിയെ കൊണ്ടു ഫോണിൽ നിന്ന് എടുപ്പിച്ചു കണ്ടോളാം ഞാൻ… ” അപ്പോഴാണ് നവി ഓർത്തത്… ഗൗരിടെ ഒരു ഫോട്ടോ പോലും കയ്യിലില്ല… വേണമെന്ന് തോന്നിയിട്ടില്ല… എന്നും വെളുപ്പിന് അഞ്ചു മണി നേരം ദേവി വിഗ്രഹം പോലെ മുന്നിൽ നിൽക്കുന്ന നിറദീപത്തിന്റെ ചിത്രം ഫോണിൽ സൂക്ഷിക്കുന്നത് എന്തിനാ…. അവനോർത്തു… “ഹഹ… അതൊന്നും വേണ്ടാ.. അച്ഛമ്മേ.. ഇനി നാട്ടാരെ കൂടി അറിയിക്കണ്ട… നേരിട്ട് ഒരു ദിവസം കാട്ടി തരാം ഞാൻ … ” “ശരി കുട്ടാ… എന്നാൽ വെച്ചോ…” അച്ഛമ്മയോട് ബൈ പറഞ്ഞു അവൻ ഫോൺ വെച്ചു .. ഇപ്പോഴവന് കുറച്ച് ആശ്വാസം തോന്നി…. ഒരു ഉന്മേഷവും…❣❣

നിരഞ്ജന കല്യാണം പ്രമാണിച്ച് ലീവ് ആപ്ലിക്കേഷൻ കൊടുത്തിട്ട് വരികയായിരുന്നു ആശുപത്രിയിലേക്ക്…. വന്നതും അവൾ നവിയുടെ അടുത്തേക്ക് ചെന്നു… “നവി അപ്പോൾ ഞാനിറങ്ങുവാ… എത്തിയേക്കുമല്ലോ… സമയത്ത്…. “?? “ഷോർ ഡാ… വന്നിരിക്കും… “നവി ചിരിച്ചു.. “ഗൗരിയേം കൊണ്ടു വരണേ .. ” “ഗൗരിയേയോ… “നവി അന്തം വിട്ടു… “മ്മ്… ഞാനവളെ കല്യാണം വിളിച്ചിട്ടുണ്ട്.. തന്റെ കൂടെ വരണമെന്നും പറഞ്ഞിട്ടുണ്ട്.. വി ആർ തിക് ഫ്രണ്ട്സ് നൗ… “അവൾ കണ്ണിറുക്കി ചിരിച്ചു കാട്ടി നവിയെ.. “എന്ന്…. എപ്പോൾ മുതൽ.. “??? നവി ഒന്നും അറിഞ്ഞിരുന്നില്ല… “അതേ… ഒക്കെ എനിക്കറിയാം…

എല്ലാം അന്നന്ന് ഞാനറിയുന്നുണ്ട് ട്ടോ… അവളുടെ തലയിൽ ചൂടിയിരുന്ന ചെമ്പകപ്പൂവ് ചോദിച്ചു മേടിച്ച കാര്യം വരെ എനിക്കറിയാം… പിന്നെ വേറെ ചിലതും… “നിരഞ്ജന അവനെ നോക്കി ഒരു പ്രത്യേക ഈണത്തിൽ പറഞ്ഞു കൊണ്ടു ആക്കി ചിരിച്ചു… നവി ചമ്മിപ്പോയി… ഒരു ചമ്മിയ ചിരി ചിരിച്ചു കൊണ്ടു അവൻ പോകാൻ എഴുന്നേറ്റു…നിരഞ്ചനയും ഒപ്പമിറങ്ങി… ………………………………❣ സന്ധ്യക്ക്‌ വിളക്ക് വെച്ചു നാമം ജപിച്ചു കഴിഞ്ഞു മുത്തശ്ശി പതിവുപോലെ തിണ്ണയിലേക്കിറങ്ങി ഇരുന്നു വീണ്ടും ഒന്ന് രണ്ട് കീർത്തനങ്ങൾ ഒക്കെ മൂളിയിരുന്നു… ഗൗരി അടുക്കളയിലേക്ക് അത്താഴത്തിനുള്ള പണിക്കും കയറി…

നവിക്ക് ഇഷ്ടമുള്ള ചീരത്തോരൻ ഉണ്ടാക്കാൻ ചീരയില പറിക്കാൻ അടുക്കളപ്പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അടുക്കളപ്പുറത്തെ വരാന്തയിലേക്ക് നവി കയറി വന്നതും… അവൾ പുറത്തേക്കിറങ്ങുന്നതിനു മുൻപേ അവളെ ചുറ്റിപ്പിടിച്ചവൻ തിണ്ണയിലെ ഇരുൾ വീണ ഭാഗത്തേക്ക് നീങ്ങി നിന്നു…. “എന്ന് തുടങ്ങി നിരഞ്ജനയുമായുള്ള കള്ളക്കളി…. മ്മ്…?? അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു… “അത്… പിന്നെ… “എന്ത് പറയണമെന്നറിയാതെ ഗൗരി മുഖം താഴ്ത്തി.. “എന്തൊക്കെയാ അവളോട് പറഞ്ഞു കൊടുത്തിരിക്കുന്നെ ..?? ചൂടിയ ചെമ്പകപ്പൂവ് ചോദിച്ചു മേടിച്ച കാര്യം പറഞ്ഞൂല്ലേ…

പിന്നെന്തൊക്കെ പറഞ്ഞു… “??? ചോദിച്ചു കൊണ്ടു തന്റെ മുഖത്തിന്‌ നേർക്ക് മിഴികളൂന്നി വരുന്ന ആ മുഖവും കണ്ണുകളും നേരിടാനാവാതെ ഗൗരി മിഴികൾ ഇറുക്കെ പൂട്ടി… നവിയുടെ നിശ്വാസം അവളുടെ കഴുത്തിൽ തട്ടുന്നുണ്ടായിരുന്നു…. “ഇതും കൂടി പറഞ്ഞു കൊടുത്തേക്കു കേട്ടോ… “അവൻ അവളുടെ കഴുത്തിലേക്കു മുഖം പൂഴ്ത്തി അമർത്തി ചുംബിച്ചു… കുതറിമാറാനുള്ള ഗൗരിയുടെ ശ്രമത്തെ വിഫലമാക്കി കൊണ്ടു ദീർഘമായ ഒരു ചുംബനത്താൽ അവളുടെ അധരങ്ങളും കവർന്നു നവി… അവനെ തള്ളിമാറ്റി കൊണ്ടിരുന്ന ഗൗരിയുടെ കൈകൾ ബലം ക്ഷയിച്ചു അവനെ പുണർന്നു അവനിലേക്ക് തന്നെ ചാഞ്ഞു …

നവിയുടെ ഇടനെഞ്ചിലെ മഹാദേവൻ പതിവ് ഗൗരവം വെടിഞ്ഞു ഒരു കുസൃതി ചിരി ചിരിച്ചതും ആ നേരത്ത് തന്നെയായിരുന്നു… ❣പ്രാണന്റെ പാതിയെ തന്നോട് ചേർത്ത… ലോകം കണ്ട ഏറ്റവും വലിയ കാമുകനായ തന്നെക്കാൾ വലിയൊരു കാമുകൻ ഇവിടെയോ…..?? എന്നോർത്താവാം ദേവന്റെ ചുണ്ടിൽ ആ കുസൃതി ചിരി മിന്നിയത്…❣❣😊dk❣ ദിവ്യകശ്യപ് 🌷🌷

ഒരു ചെമ്പകപ്പൂവിന്റെ ഓർമ്മയ്ക്ക്: ഭാഗം 17

Share this story