സ്‌നേഹതീരം: ഭാഗം 23

സ്‌നേഹതീരം: ഭാഗം 23

എഴുത്തുകാരി: ശക്തികലജി

ജാനകിയമ്മ ഓട്ടോയിൽ തന്നെ തിരിച്ച് പോയ്ക്കോ… ഉച്ച കഴിഞ്ഞു ഇറങ്ങണ്ടേതല്ലേ ” എന്ന് പറഞ്ഞേൽപ്പിച്ചു ഗിരിയേട്ടൻ്റെ പുറകേ ഓടി…. ചെന്നപ്പോൾ കണ്ടത് ഡോക്റുടെ മുറിയിലേക്ക് കയറുന്ന ഗിരിയേട്ടനെ കണ്ടു.. ആ വാതിൽ അടഞ്ഞതും ഞാൻ ഓടി കയറാൻ ശ്രമിച്ചപ്പോൾ നഴ്സ് തടഞ്ഞു.. “ആരാ ” നഴ്സ് അൽപം ദേഷ്യത്തോടെ ചോദിച്ചു.. ” ഞാൻ….. ഞാൻ… അമ്മയാ… അപ്പൂസിൻ്റെ അമ്മ” വാക്കുകൾ ചിതറി വീഴവേ ഗിരിയുടെ അധരങ്ങളിൽ നറു പുഞ്ചിരി വിടർന്നു.. “അതെ അപ്പൂസിൻ്റെ അമ്മ തന്നെയാ “ഗിരിയുടെ അധരങ്ങൾ മന്ത്രിച്ചു…

നേഴ്സ് അവളെ സൂക്ഷിച്ചു നോക്കി അവൾ ഒരു പരിഭ്രമത്തോടെ ഗിരിയുടെ അരികിൽ കിടന്ന കസേരയിലേക്ക് കയറിയിരുന്നു . ഗിരിയുടെ കയ്യിൽ നിന്നും അപ്പൂസ് അവളുടെ മടിയിലേക്ക് കയറിയിരുന്നു ഡോക്ടർ നഴ്സിനോട് പനി നോക്കാൻ പറഞ്ഞു പനി നോക്കാൻ ആയിട്ട് അവർ ചന്ദ്രയുടെ അരികിൽ നിൽക്കുമ്പോഴും അവർ അവളെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.. അവരുടെ കണ്ണുകൾ മാറിമാറി കഴുത്തിലും നെറുകയിലും പരതി… ചന്ദ്രയ്ക്ക് അവരുടെ നോട്ടത്തിൽ വല്ലായ്മ തോന്നി.. അവൾ മുഖം കുനിച്ചു ഇരുന്നു….

“പനി ഉണ്ട് ഇപ്പോൾ 101 ഡിഗ്രി ഉണ്ട് .. നഴ്സ് പറഞ്ഞു.. “എന്തുപറ്റി ഇത്രയും പനി വരാൻ കാരണം . എന്തെങ്കിലും തണുപ്പുള്ള കഴിച്ചിരുന്നോ എന്ന് ഡോക്ടർ ചോദിക്കുമ്പോൾ ചന്ദ്ര അപ്പൂസിനെ മുറുക്കി പിടിച്ചു കൊണ്ട് ഒന്നും മിണ്ടാതെ ഇരുന്നതേയുള്ളു.. ചന്ദ്ര ഒന്നും പറയാതിരിക്കുന്നത് കണ്ട് ഗിരി അൽപം മുന്നോട്ട് കയറിയിരുന്നു.. ;രാവിലെ ഞങ്ങൾ അമ്പലത്തിൽ പോകുമ്പോൾ അവിടെ ചെറിയ ബഹളമൊക്കെ നടന്നു …ചിലപ്പോൾ അത് കണ്ട് പേടിച്ചതാണോ എന്നറിയില്ല.. അത്കഴിഞ്ഞ് പനി…

അല്ലാതെ വേറെ പ്രശ്നങ്ങളൊന്നുമില്ല… വേറൊന്നും കഴിച്ചതായി ഓർക്കുന്നില്ല . പിന്നെ ഞങ്ങൾ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി കേക്ക് കട്ട് ചെയ്തു കഴിച്ചു .. ഫ്രിഡ്ജിൽ വച്ചതല്ല .. ” എന്ന ഗിരി പറയുമ്പോഴും അവൾ അപ്പൂസിന് ചുറ്റിപ്പിടിച്ചു നിലത്തേക്ക് നോക്കിയിരുന്നു .. “ഇങ്ങോട്ട് വന്നേ നോക്കട്ടെ .. അപ്പൂസ് എന്നാണോ പേര് ” എന്ന് ഡോക്ടർ ചിരിയോടെ ചോദിച്ചു അപ്പൂസ് മിണ്ടാതെ ഡോക്ടറെ നോക്കി ഇരിക്കുന്നതേയുള്ളൂ .. “അവൻ ശരിക്കും സംസാരിച്ചു തുടങ്ങിയിട്ടില്ല ഇതുവരെ ഇന്ന് അവൻ്റെ അഞ്ചാം പിറന്നാളാണ്.. അഞ്ചു വയസ്സായി ഇതുവരെയും സംസാരിച്ചു തുടങ്ങിയിട്ടില്ല ..

എന്ന് ഗിരീയേട്ടൻ പറയുമ്പോൾ ഡോക്ടർ അവനെ അത്ഭുതത്തോടെ നോക്കി… അവനെ അരികിലേക്ക് വിളിച്ചു ..അപ്പൂസ് ചെല്ലാൻ മടി കാണിച്ചെങ്കിലും ചന്ദ്ര അവനെ മടിയിൽ നിന്നിറക്കി താഴെ നിർത്തി.. എഴുന്നേറ്റ് മേനേയും കൂട്ടി ഡോക്ടറുടെ അരികിലേക്ക് പോയി നിന്നു ..അടുത്തുള്ള സ്റ്റൂളിൽ ഇരിക്കാൻ ഡോക്ടർ പറഞ്ഞു.. അപ്പൂസിനെയും മടിയിലിരുത്തി സ്റ്റൂളിലിരുന്നു.. ഡോക്ടർ പരിശോധിച്ചു ” പുറമെ പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല സംസാരിക്കാതിരിക്കാൻ കാരണങ്ങളും ഒന്നും കാണുന്നില്ല ..ചിലപ്പോൾ അടുത്തുള്ള കുഞ്ഞ് പ്ലേ സ്കൂളിലോ മറ്റോ വിട്ടാൽ ചിലപ്പോൾ വേഗം സംസാരിക്കുo.

ചില കുട്ടികൾ താമസിച്ച സംസാരിക്കുമെങ്കിലും ഇത്രയും താമസിക്കാറില്ല .. സാധാരണ കുട്ടികൾ നാലഞ്ചു വയസ്സിനുള്ളിൽ എന്തായാലും സംസാരിക്കുമല്ലോ കൂടുതൽ കുട്ടികളുമായി ഇടപഴകാനുള്ള സാഹചര്യം ഒരുക്കി കൊടുക്കുക .. എന്നിട്ടും സംസാരിക്കുന്നില്ല എങ്കിൽ നമുക്ക് കൂടുതൽ ഡീറ്റെയിൽ ആയിട്ടുള്ള ചെക്കപ്പ് നടത്താo ” എന്ന് ഡോക്ടർ പറയുമ്പോൾ ഗിരിട്ടൻ ശരിയെന്ന് തലയാട്ടി . “സംസാരിക്കുന്നില്ല എങ്കിലും എന്നെ ഇപ്പോൾ ” ചാന്ദ് മാ…ച്ച എന്ന് ഒന്ന് രണ്ട് വാക്കുകൾ എന്ന് പറയുന്നുണ്ട്..

നേരത്തെ ഒട്ടും സംസാരിക്കില്ലായിരുന്നു… ഇപ്പോൾ ഒന്ന് രണ്ടു വാക്കുകൾ പറയുകയും സംസാരിക്കാൻ ശ്രമിക്കുന്നുമുണ്ട് “ചന്ദ്ര ഇടയിൽ കേറി പറഞ്ഞു . “അത് നല്ല സൂചനയാണ് ..അവന് വേണ്ടി സമയം മാറ്റി വയ്ക്കുക .തിരക്കൊക്കെ മാറ്റിവെച്ച് കുറച്ചുദിവസം അവനോടൊപ്പം കഴിയാനുള്ള സാഹചര്യം ഒരുക്കുക.. പിന്നെ ഞാൻ പറഞ്ഞ കാര്യവും അടുത്ത ഏതെങ്കിലും പ്ലേ സ്കൂൾ ഉണ്ടെങ്കിൽ അവിടെയും കൂടെ വിട്ടു കഴിഞ്ഞാൽ ചിലപ്പോൾ കുട്ടികൾ പരസ്പരം സംസാരിക്കുന്നത് കണ്ടു ഒരു പക്ഷേ വേഗം തന്നെ നന്നായി സംസാരിക്കും ..

” ഞാൻ നോക്കിയിട്ട് കാര്യമായ പ്രശ്നങ്ങൾ ഒന്നും കാണുന്നില്ലല്ലോ. അതുകൊണ്ട് പേടിക്കേണ്ട കാര്യമൊന്നുമില്ല .ഇപ്പോൾ പനിക്കുള്ള മരുന്ന് മാത്രം തരാം .. ഇൻഫക്ഷൻ ഒന്നും കാണുന്നില്ല അതുകൊണ്ട് ആൻറിബയോട്ടിക് തരുന്നില്ല.. പനിക്കുള്ള സിറപ്പ് തരാം.. രണ്ടു ദിവസം കണ്ടിന്യൂസ് ആറു മണിക്കൂർ ഇടവിട്ടു മരുന്നു കൊടുക്കണം. പിന്നെ പനി ഉണ്ടെങ്കിൽ കൊടുത്താൽ മരുന്ന് മതി” എന്ന് ഡോക്ടർ പറഞ്ഞു . ഡോക്ടർ മരുന്ന് ചീട്ടിൽ കുറിച്ച് തന്നു.. ഡോക്ടറോട് നന്ദി പറഞ്ഞ് അപ്പൂസിന് കൊണ്ട് പുറത്തിറങ്ങുമ്പോൾ നേഴ്സ് കൂടെ ഇറങ്ങി വന്നു..

നേഴ്സ് ചന്ദ്രയെ പിടിച്ചുനിർത്തി “നീ ആ സ്നേഹതീരത്തെ കൊച്ചല്ലേ ചന്ദ്ര “എന്ന് അവർ ചോദിച്ചതും അവളുടെ അവരുടെ മനസ്സിലുള്ള ചോദ്യം ഗിരി മുൻകൂട്ടി കണ്ടു ഗിരി ചന്ദ്രയുടെ മുൻപിൽ കയറി നിന്നു .. “ഞങ്ങളുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ് ഉടനെ വിവാഹം ഉണ്ടാവും .ശരത്ത് മായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ഉടനെ ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് “എന്ന് ഗിരി പറഞ്ഞു “അത് നന്നായി ഞങ്ങളൊക്കെ കുട്ടിക്ക് വേണ്ടി ഒരുപാട് പ്രാർത്ഥിച്ചിട്ടുണ്ട്..

ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കട്ടെ.. ഒരുപാട് കണ്ണീരു കുട്ടിച്ചതാണ് പാവം… കണ്ണ് നിറയാതെ നോക്കിക്കോണം.” എന്ന് നേഴ്സ് പറഞ്ഞു.. ” പിന്നെ ഒരു തുള്ളി കണ്ണീര് ആ കണ്ണിൽനിന്ന് വീഴാതെ ഞാൻ നോക്കിക്കോളാം പൊന്നുപോലെ.. ൻ്റെ അപ്പൂസിൻ്റെ അമ്മയായി മാത്രം വന്നാൽ മതി ”എന്ന് ഗിരി പറഞ്ഞുകൊണ്ട് ചന്ദ്രയുടെ കൈപിടിച്ച് മുൻപോട്ട് നടന്നു.. ചന്ദ്രയ്ക്ക് ചമ്മൽ തോന്നി… അവൾ ചുറ്റും നോക്കി ആരെങ്കിലും കാണുന്നുണ്ടോ എന്ന്.. പരിചയക്കാർ ആരെങ്കിലും കണ്ടാൽ എന്തെങ്കിലും വിചാരിക്കും എന്ന് അവൾ ഭയപ്പെട്ടു .

കൈ വിടുവിക്കാൻ നോക്കിയെങ്കിലും ഗിരി അവളുടെ കൈകൾ മുറുകെ പിടിച്ചിരുന്നു .. നേരെ ഫാർമസിയിൽ പോയി മരുന്ന് വാങ്ങി… ബൈക്കിൽ കയറി അപ്പൂസ് നെ അവൻ മുന്നിലിരുത്തി ചന്ദ്ര ബൈക്കിൽകയറാതെ മടിച്ചുനിന്നു.. “ഞാൻ നടന്നു വന്നോളാം അല്ലെങ്കിൽ ഓട്ടോയ്ക്ക് വന്നോളാം.. ഗിരിയേട്ടൻ കുഞ്ഞുമായ് വീട്ടിലേക്ക് പൊയ്ക്കോളൂ .. “ചന്ദ്ര പതർച്ചയോടെ ചുറ്റും നോക്കി കൊണ്ട് പാത്തു “എന്നാൽ പിന്നെ ഒരു കാര്യം ചെയ്യാo.. ബൈക്ക് ഇവിടെ വച്ച് നമുക്ക് എല്ലാവർക്കും ഒരുമിച്ച് നടന്നു പോകാം അതാ നല്ലത് ..

അന്ന് സൈക്കിളിൽ എല്ലാരും ഒരുമിച്ച് അല്ലേ പോയത് അന്നൊന്നും ഇല്ലാത്ത മടി എന്താ ഇന്ന് . വേഗം കേറിക്കേ അല്ലെങ്കിൽ അപ്പൂസിന് വിഷമം വരും.. വെറുതെ എന്തിനാ കുഞ്ഞിനെ വിഷമിപ്പിക്കുന്നത്… അവന് ഒന്നാതെ പനിയാ ” എന്ന് ഗിരി പറഞ്ഞതും ചന്ദ്ര മറുപടിയൊന്നും പറയാതെ ബൈക്കിനു പുറകിൽ കയറി . ഗിരിയെ മുട്ടാത്ത വിധം കമ്പിയിൽ പിടിച്ചിരുന്നു … അവളുടെ പരിഭ്രമം കണ്ടു അവന് ചിരിവന്നു .. വീട്ടിൽ വരുമ്പോൾ ജാനകിയമ്മയും ഗിരിയേട്ടൻ്റെ അമ്മയും കാത്തു നിൽക്കുന്നുണ്ടായിരുന്നു.. ഞാൻ വണ്ടിയിൽ നിന്നിറങ്ങി മോനെ എടുത്തു.. “എന്ത് പറഞ്ഞു ഡോക്ടർ ” ഗിരിയേട്ടൻ്റെ അമ്മ ചോദിച്ചു..

“പനിക്ക് മരുന്നു തന്നു.. വേറെ കുഴപ്പമൊന്നുമില്ല” ഞാൻ മറുപടി പറഞ്ഞു. “എന്നാൽ പിന്നെ ഞാൻ ഇറങ്ങട്ടെ… ഞാൻ കൂടുതൽ ലീവ് പറഞ്ഞിട്ടില്ല.. ചന്ദ്രയ്ക്കറിയാല്ലോ അവിടുത്തെ കാര്യങ്ങൾ ” ജാനകിയമ്മ വിഷമത്തോടെ പറഞ്ഞു. “എന്നാൽ വേഗം ഞാൻ റെയിൽവേ സ്‌റ്റേഷനിൽ കൊണ്ടു വിട്ടേക്കാം ” ഗിരിയേട്ടൻ ബൈക്കിൽ നിന്നിറങ്ങാതെ പറഞ്ഞു.. “സാരമില്ല ഞാൻ ഇടയ്ക്ക് അങ്ങോട്ട് വരാം “.. ഇപ്പോ ഇറങ്ങിയാൽ ഉച്ചയ്ക്കത്തെ ട്രെയിൻ കിട്ടുമല്ലോ” വാ ഞാൻ പൊതികെട്ടി തരാം” എന്ന് പറഞ്ഞ് ഞാൻ അകത്ത് കയറി…

അപ്പൂസിനെ കട്ടിലിൽ ഇരുത്തി.. സിറപ്പിലെ അളവ് നോക്കി മരുന്ന് കൊടുത്തു… ” അപ്പൂസ് കുറച്ച് നേരം കിടന്നോട്ടൊ.. ഞാൻ കുറച്ച് കഞ്ഞി വച്ച് കൊണ്ടു വരാം ” എന്ന് പറഞ്ഞ് അപ്പൂസിനെ കട്ടിലിൽ കിടത്തിയിട്ട് അടുക്കളയിൽ ചെന്നു.. ജാനകിയമ്മയ്ക്ക് പൊതികെട്ടുന്നതിൻ്റെ ഗിരിയേട്ടനും കൂടി പൊതി കെട്ടി.. “ഗിരിയേട്ടന് ഉച്ചയ്ക്ക് വരാൻ സമയം കിട്ടില്ലല്ലോ .. അത് കൊണ്ട് ചോറ് പൊതി എടുത്തിട്ടുണ്ട് ” എന്ന് പറഞ്ഞ് കൈയ്യിൽ കൊടുത്തു.. ” അടുത്തത് നിങ്ങളുടെ നല്ല വിശേഷങ്ങൾ ഉടനെ ഉണ്ടെങ്കിൽ എന്നെ അറിയിക്കണം”..

ഞാൻ വരും ” ജാനകിയമ്മ സ്നേഹത്തോടെ എൻ്റെ കവിളിൽ തൊട്ടു. “എൻ്റെ ജീവൻ പോകും മുന്നേ നല്ലത് കാണാനുള്ള ഭാഗ്യം ദൈവം തരട്ടെ…. “ഗിരിയേട്ടൻ്റെ അമ്മ പറയുമ്പോൾ എനിക്ക് മറുപടി പറയാൻ വാക്കുകൾ കിട്ടുന്നില്ലായിരുന്നു.. ഒരമ്മയുടെ ഹൃദയത്തിൽ നിന്നുള്ള വേദന… ആ വേദന മാറ്റാൻ തനിക്ക് മാത്രമേ കഴിയു എന്നോർത്തപ്പോൾ നീർമുത്തുകൾ വീണ്ടും മിഴി കോണിൽ സ്ഥാനം പിടിച്ചു.. ഗിരിയേട്ടൻ്റെ അമ്മ എൻ്റെ കൈയ്യിൽ പിടിച്ചു… ആ മിഴികളിൽ നിന്നും മനസ്സിലെ ആഗ്രഹം വായിച്ചെടുക്കാം കഴിയും..

മറുപടി ഒരു പുഞ്ചിരി മാത്രം നൽകി… “എന്നാൽ ഞാൻ ഇറങ്ങട്ടെ… ചെന്നിട്ട് വിളിക്കാം” എന്ന് പറഞ്ഞ് ജാനകിയമ്മ ഗിരിയേട്ടൻ്റെ ബൈക്കിൽ കയറി… അവർ പോകുന്നത് നോക്കി നിന്നു… ” ഞാൻ അപ്പൂസിന് കുറച്ച് കഞ്ഞി വയ്ക്കട്ടെ…” എന്ന് പറഞ്ഞ് ധൃതിയിൽ അടുക്കളയിലേക്ക് നടന്നു… ഇനി നിന്നാൽ ഗിരിയേട്ടൻ്റെ അമ്മ കൂടുതൽ ഓരോന്ന് പറഞ്ഞ് വിഷമിക്കും… കുക്കറിൽ പൊടിയരി കഴുകിയിട്ടു കൂടെ കുറച്ച് ചെറുപയറുo ജീരകപ്പൊടിയും ഉലുവാ പൊടിയും ഉപ്പും ഇട്ടു കുക്കർ അടച്ചു… തേങ്ങ എടുത്ത് കുറച്ച് പാൽ എടുത്തു വച്ചു.. കഞ്ഞി വെന്ത ശേഷം ചൂടു കഞ്ഞിയിൽ തേങ്ങാപ്പാൽ ഒഴിച്ച് ചെറിയ പാത്രത്തിൽ എടുത്തു….

അപ്പൂസ് കിടക്കുന്ന മുറിയിലേക്ക് നടന്നു.. അവിടെ ചെന്നപ്പോൾ ഗിരിയേട്ടൻ്റെ അമ്മയുടെ മടിയിൽ ഇരുപ്പുണ്ട്… കൈയ്യിൽ ചെറിയ ബോൾ മടിയിൽ ഇട്ട് ഉരുട്ടി കളിക്കുകയാണ്… കഞ്ഞി പാത്രം മേശയിൽ വച്ചു.. അപ്പൂസിൻ്റെ കഴുത്തിലും നെറ്റിയിലും തൊട്ടു നോക്കി… മരുന്ന് കൊടുത്തത് കൊണ്ട് ആവണം ചുട് അൽപ്പംകുറഞ്ഞിട്ടുണ്ട്.. ആദ്യം മടിച്ചെങ്കിലും കഞ്ഞി നിർബന്ധിച്ച് കുടിപ്പിച്ചു… കഞ്ഞി കുടിപ്പിച്ചിട്ട് അടുക്കളയിൽ കൊണ്ടുപോയി വാ കഴുകിച്ചു… “ഇനി കുറച്ച് നേരം മിടുക്കനായി ഉറങ്ങണം..

ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്ക് പനി പോകും കേട്ടോ ” ഞാൻ ചിരിയോടെ പറഞ്ഞു… ” മ്.. മ്മാ…” എന്ന് പറഞ്ഞ് അപ്പൂസെൻ്റെ കവിളിൽ മുത്തി.. തിരിച്ചു അവൻ്റെ കവിളിൽ ഉമ്മാ എന്ന് പറഞ്ഞ് മുത്തി… അവൻ ചിരിയോടെ തോളിൽ മുഖം ചേർത്ത് കിടന്നു… കൂടെ കിടത്തി തരാട്ട് പാടിയുറക്കി.. ഉറക്കി കിടത്തിയിട്ട് ഗിരിയേട്ടൻ്റെ അമ്മയെ ഏൽപ്പിച്ചിട്ട് പതിവ് ജോലികളിൽ മുഴുകുമ്പോഴും ഗിരിയേട്ടൻ നഴ്സിനോട് പറഞ്ഞ വാക്കുകൾ മനസ്സിൽ തന്നെ തങ്ങി നിന്നു….തുടരും

സ്‌നേഹതീരം: ഭാഗം 22

Share this story