സ്‌നേഹതീരം: ഭാഗം 24

സ്‌നേഹതീരം: ഭാഗം 24

എഴുത്തുകാരി: ശക്തികലജി

” മ്.. മ്മാ…” എന്ന് പറഞ്ഞ് അപ്പൂസെൻ്റെ കവിളിൽ മുത്തി.. തിരിച്ചു അവൻ്റെ കവിളിൽ ഉമ്മാ എന്ന് പറഞ്ഞ് മുത്തി… അവൻ ചിരിയോടെ തോളിൽ മുഖം ചേർത്ത് കിടന്നു… കൂടെ കിടത്തി തരാട്ട് പാടിയുറക്കി.. ഉറക്കി കിടത്തിയിട്ട് ഗിരിയേട്ടൻ്റെ അമ്മയെ ഏൽപ്പിച്ചിട്ട് പതിവ് ജോലികളിൽ മുഴുകുമ്പോഴും ഗിരിയേട്ടൻ നഴ്സിനോട് പറഞ്ഞ വാക്കുകൾ മനസ്സിൽ തന്നെ തങ്ങി നിന്നു…. ജീവിതത്തിൽ എല്ലാം അസ്തമിച്ചു എന്ന് കരുതിയതാണ്… വീണ്ടും ജീവിക്കാൻ ഒരു അവസരം കൂടി…. അപ്പൂസിന് വേണ്ടി മനസ്സ് ആഗ്രഹിക്കുന്നുണ്ട്… പക്ഷേ ഇനിയൊരു വിവാഹജീവിതം സാധിക്കുമോ എന്നറിയില്ല… ”

എന്ത് ഇരിപ്പാണ് ചന്ദ്രാ ഇത്.. “.. എന്തൊക്കെയോ ആലോചിച്ച് കൂട്ടുന്നുണ്ടല്ലോ… എന്താണെന്ന് എന്നോടും കൂടി പറ കേൾക്കട്ടെ” എന്ന് രാഖി പറയുന്നത് കേട്ടാണ് ഞാൻ മുഖമുയർത്തി നോക്കിയത്… അവളെ കണ്ടതും സന്തോഷം കൊണ്ട് ഇറുകെ കെട്ടിപിടിച്ചു… “എപ്പോ വന്നു… വരുന്നൂന്ന് ഒന്ന് വിളിച്ച് പറഞ്ഞത് പോലുമില്ലല്ലോ ” ഞാൻ പരിഭവത്തോടെ പറഞ്ഞു.. “ഇന്നലെ ഗിരിയേട്ടൻ വിളിച്ചിരുന്നു… നിൻ്റെ മനസ്സറിയാൻ… പിന്നെ കുറെ കാര്യങ്ങൾ പറയാൻ ഏൽപ്പിച്ചിരുന്നു… ” രാഖി പറഞ്ഞപ്പോൾ തന്നെ കാര്യം എന്താവും എന്നറിയാവുന്നത് കൊണ്ട് മനസ്സ് അസ്വസ്ഥമായി… ” ഞാൻ…” വാക്കുകൾക്കായി പരാതി. “നിൻ്റെ അവസ്ഥ എനിക്ക് മനസ്സിലാവും…

പക്ഷേ ഗിരിയേട്ടൻ്റെ നല്ല മനസ്സ് നീ കാണാതെ പോകരുത്” രാഖി പറയുമ്പോൾ ഞാൻ മുഖം കുനിച്ച് നിന്നു… മുഖമുയർത്തി നിന്നാൽ എൻ്റെ മിഴികളിൽ നിന്ന് മനസ്സവൾ മനസ്സിലാക്കും എന്ന ഭയം ഉള്ളത് കൊണ്ട് ഇലയപ്പത്തിനുള്ള മാവ് കുഴയ്ക്കാൻ അരിപ്പൊടി പാത്രത്തിൽ എടുത്തു .. “നീ വന്നത് നന്നായി… നീയാ തേങ്ങയൊന്നു എടുത്ത് തന്നെ… ഞാൻ മിക്സിയിൽ അരച്ചോളാം” വിഷയം മാറ്റാനായി പറഞ്ഞു… ” ഉം… ശരി… പിന്നെ ഗിരിയേട്ടന് ഭാര്യയായിട്ടല്ല… അപ്പൂസിൻ്റെ അമ്മയായി നീ എന്നും കൂടെ വേണം എന്ന് ആഗ്രഹം…. എന്നും കൂടെ കാണുമെന്നതിന് ഒരുറപ്പ് വേണം…. അതിന് വേണ്ടിയാണ് ഒരു താലി കഴുത്തിൽ ചാർത്തണമെന്ന് പറയുന്നത്…..

കാരണം അപ്പൂസിന് വെറുതെ ആശ കൊടുത്തിട്ട് പെട്ടൊന്നൊരു ദിവസം ഇട്ടിട്ട് പോകരുതല്ലോ…. അതുമല്ല നാട്ടുകാരുടെ വായടിപ്പിക്കാൻ വേണ്ടി കൂടിയാണ്.. അപ്പൂസ് വളർന്ന് വരുകയല്ലേ…. ഭാവിയിൽ എന്താ അവസ്ഥ എന്ന് പറയാൻ പറ്റില്ലല്ലോ… ഒരു താലിയുടെ സംരക്ഷണം ജീവിതകാലം മുഴുവൻ തരാൻ ആഗ്രഹിക്കുന്നതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല… നിൻ്റെ നന്മയ്ക്ക് വേണ്ടിയാണ്…” രാഖി ജോലി ചെയ്തു കൊണ്ട് തന്നെ പറഞ്ഞു… “എനിക്കിനി ഒരു നന്മയും വേണ്ട രാഖി.. സ്വപ്നങ്ങൾ മുഴുവൻ ഒറ്റ ദിവസം കൊണ്ട് നഷ്ട്ടപ്പെട്ടവളാണ് ഞാൻ… ഭാഗ്യമില്ലാവൾ….

ആർക്കും പ്രതീക്ഷകൾ കൊടുക്കാൻ പേടിയാണ്… പക്ഷേ അപ്പൂസിനെ കാണുമ്പോൾ ഞാൻ എല്ലാം മറക്കും… മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല… അവനെന്നോടുള്ള സ്നേഹം കാണുമ്പോ അവൻ്റെ അമ്മയാകാൻ കഴിഞ്ഞെങ്കിൽ എന്ന് അറിയാതെ കൊതിച്ചു പോകും… പക്ഷേ എനിക്ക് ഗിരിയേട്ടൻ്റെ ഭാര്യയാകണ്ട രാഖി” എൻ്റെ മനസ്സിലെ കാര്യങ്ങൾ അവളോട് പറഞ്ഞപ്പോൾ ഒരാശ്വാസം തോന്നി… ” ഞാൻ പറഞ്ഞല്ലോ ചന്ദ്ര…ഗിരിയേട്ടന് ആവശ്യം അപ്പൂസിന് ഒരമ്മ മാത്രമാണ്.. ഭാര്യയുടെ ഒരവകാശങ്ങളും ചോദിച്ച് വരില്ല ഉറപ്പ് “.. പിന്നെ ഗിരിയേട്ടൻ്റെ അമ്മയും വല്ലാതെ ആഗ്രഹിക്കുന്നുണ്ട്….

അവരുടെ മരണത്തിന് മുന്നേ ഗിരിയേട്ടൻ സന്തോഷമായി ജീവിക്കുന്നത് കണ്ടോട്ടേ ‘.. ” പാവം ആ അമ്മയ്ക്ക് വേണ്ടി… മിണ്ടാനാവാത്ത അപ്പൂസിന് വേണ്ടി സമ്മതിക്കണം… “നീ സമ്മതം പറഞ്ഞാൽ ആ നിമിഷം താലികെട്ട് നടത്താൻ എല്ലാരുo റെഡിയാണ്… ആരും വേണ്ട.. നമ്മൾ മാത്രം മതി… ചെറിയ ഒരു ചടങ്ങ്.. ചന്ദ്രയുടെ വീട്ടുകാരും പിന്നെ ഗിരിയേട്ടൻ്റെ വീട്ടിന്ന് ഏട്ടനും ഏട്ടത്തിയും വരും… ഞങ്ങൾ അടുത്ത ആഴ്ച്ച നല്ല മുഹൂർത്തം നോക്കി വച്ചിരിക്കുകയാണ്… നിൻ്റെ സമ്മതം മാത്രം മതി” രാഖി നിർത്താതെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്… ” അത് പിന്നെ.. ഇത്ര പെട്ടെന്ന് എങ്ങനെയാ രാഖി… ”

എന്ന് പറയുമ്പോൾ ശബ്ദo ഉയരുന്നില്ലായിരുന്നു… ” പെട്ടൊന്നൊന്നുമല്ലല്ലോ.. ഒരാഴ്ച്ച സമയമുണ്ടല്ലോ… പിന്നെന്താ….. “രാഖി യാതൊരു ഭാവഭേതമില്ലാതെ പറഞ്ഞു… ” ഞാനിങ്ങനെ ജീവിച്ചോളാം രാഖി… എനിക്കെന്തോ വല്ലാത്ത ഭയം… ശരത്തേട്ടൻ്റെ കണ്ണുകളിൽ എന്നോടു പക ഞാൻ കണ്ടതാണ്.. ഈ വീടും സ്ഥലവും അയാൾക്ക് കിട്ടുന്നത് വരെ എന്നെ ഇല്ലാതാക്കാൻ ശ്രമിക്കും എന്ന് എനിക്ക് ഉറപ്പാ…. ഞാൻ കാരണം ഗിരിയേട്ടനെ അയാൾ ഉപദ്രവിക്കുമോ എന്ന ഭയവും ഉണ്ട്” ഞാൻ പറഞ്ഞപ്പോൾ രാഖിയെൻ്റെ കയ്യിൽ പിടിച്ചു.. ”അതൊന്നും വെറുതെ ആലോചിച്ച് കൂട്ടണ്ട…

പിന്നെ നിനക്കിഷ്ട്ടമല്ല എന്ന് പറയുകയാണെങ്കിൽ ഗിരിയേട്ടൻ ട്രാൻസ്ഫർ വാങ്ങി വേറെ എങ്ങോട്ടെങ്കിലും പോയ്ക്കോളാം എന്ന് പറഞ്ഞിട്ടുണ്ട്… കാരണം അപ്പൂസിന് കൂടുതൽ ആഗ്രഹം കൊടുക്കരുതല്ലോ… .. “.. എന്ന് രാഖി പറഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു… ” ഗിരിയേട്ടൻ അങ്ങനെ പറഞ്ഞോ “… അപ്പൂസിനേയും കൊണ്ടു പോകുമോ…” ഞാൻ വിഷമത്തോടെ ചോദിച്ചു.. ” അപ്പൂസ് കുഞ്ഞല്ലേ… ഇപ്പോഴാണെങ്കിൽ അവൻ വേഗം മറന്നോളും … അവൻ്റെ മനസ്സിൽ നീയാഴത്തിൽ പതിഞ്ഞ് പോയാൽ പിന്നെ എല്ലാർക്കും ബുദ്ധിമുട്ടാവും…” നിനക്ക് താൽപര്യമില്ല വേണ്ട…സാരമില്ല ഞാൻ ഗിരിയേട്ടനോട് പറഞ്ഞോളാം” രാഖി പറഞ്ഞപ്പോൾ എനിക്ക് ഉറക്കെ കരയണമെന്ന് തോന്നിയെങ്കിലും നിയന്ത്രിച്ചു…

അവളുടെ അടുത്ത് നിന്നും മാറി നിന്നു… ചായയിടാൻ പാത്രം അടുപ്പിൽ വച്ചു… അപ്പോഴേക്ക് രാഖി തേങ്ങാതിരുമി വച്ചിരുന്നു… തേങ്ങയും ശർക്കരയും പഴവും ഏലയ്ക്കയും ചുക്കും ഇട്ട് ഇളക്കി അരി പൊടിയിൽ ചേർത്ത് കുഴച്ചു… നല്ല ചപ്പാത്തി മാവ് പരുവത്തിൽ ആക്കി കുറച്ചൂടെ വെള്ളം ചേർത്തു മയപ്പെടുത്തി വച്ചു… ചായ തിളച്ചു പഞ്ചസാരയിട്ട് ഗ്ലാസ്സിൽ ഒഴിച്ചു.. “ദാ ചായ കുടിക്ക്… ഞാൻ പോയി കുറച്ച് വട്ടയില പറിച്ചോണ്ട് വരട്ടേ…” എന്ന് പറഞ്ഞ് ചായ അവളുടെ കൈയ്യിൽ കൊടുത്തു… ” ഞാനും വരുന്നു… വന്നിട്ട് ചായ കുടിച്ചോളാം” എന്ന് അവളും എൻ്റെ കൂടെ പറമ്പിലേക്ക് വന്നു…

ഇല നോക്കിയപ്പോൾ എല്ലാം മുകളിലാണ്… പിന്നെ ഒന്നും നോക്കിയില്ല.. സാരിയൊതുക്കി കെട്ടി പിച്ചാത്തി ഇടുപ്പിൽ തിരുകി മരത്തിൽ വലിഞ്ഞു കയറി… ” ടീ സൂക്ഷിച്ച് കയറണേ… ഉറുമ്പ് കാണും.. വല്ല ഏണിയോ തോട്ടിയോ ഉണ്ടാരുന്നേൽ എളുപ്പമായിരുന്നേനെ” എന്ന് രാഖി താഴേന്ന് വിളിച്ച് പറയുന്നുണ്ട്… “ഉറുമ്പൊന്നുമില്ല.. നീയെന്നെ പേടിപ്പിക്കാതിരുന്നാൽ മതി…ഇതിനൊക്കെ എന്തിനാ തോട്ടിയും ഏണിയും… എനിക്ക് കയറി പറിക്കാനുള്ളതേയുള്ളു…..” എന്ന് പറഞ്ഞ് ഞാൻ പിച്ചാത്തി എടുത്ത് ചെറിയ ചില്ലകൾ കോതിയിട്ടു കഴിഞ്ഞ് താഴേക്ക് നോക്കിയപ്പോൾ ഗിരിയേട്ടൻ ചിരിച്ച് കൊണ്ട് നിൽക്കുന്നു.. ” ഇത്ര പ്രായമായിട്ടും മരം കയറൽ ഉപേക്ഷിക്കാൻ വയ്യ അല്ലേ… മര്യാദയ്ക്ക് താഴെയിറങ്ങ് പെണ്ണേ…

താഴെ വീണ് വല്ലതും പറ്റിയാൽ ഞാൻ വേണം പൊക്കിയെടുത്തോണ്ട് പോകാൻ “ഗിരിയേട്ടൻ കണ്ണുരുട്ടി കൊണ്ട് പറഞ്ഞു… രാഖി അടുത്ത് നിന്ന് വാ പൊത്തി ചിരിക്കുന്നുണ്ട് ” അത് പിന്നെ അടയുണ്ടാക്കാൻ ഇല വേണമായിരുന്നു ” ഞാൻ മടിച്ചു കൊണ്ട് പറഞ്ഞു… “മ്…. എന്നാൽ താഴെയിറങ്ങി വാ “ഗിരിയേട്ടൻ ഗൗരവത്തിൽ പറഞ്ഞു… “ഗിരിയേട്ടൻ എന്താ നേരത്തെ വന്നത് “… ഞാൻ ചായയിട്ടു വച്ചിട്ടുണ്ട്… രാഖിയെടുത്ത് കൊടുത്തേ.. ഞാൻ പതിയെ താഴെയിറങ്ങി വന്നോളാം” ഞാൻ പതർച്ചയോടെ സാരിയൊതുക്കി പിടിച്ചു… ” ഞാൻ തിരിഞ്ഞ് നിന്നോളാം” ഇറങ്ങ് “ഗിരിയുടെ ശബ്ദത്തിൽ ദേഷ്യം വന്ന് തുടങ്ങിയിരുന്നു… ഗിരിയേട്ടൻ തിരിഞ്ഞ് നിന്നതും പിച്ചാത്തി താഴേക്കിട്ടിട്ട് മരത്തിൽ നിന്നും വെപ്രാളത്തോടെ ഇറങ്ങി…

വെപ്രാളത്തോടെ ഇറങ്ങിയത് കൊണ്ടാവണം ഇറങ്ങാൻ കുറച്ച് ബാക്കി നിൽക്കേ കാൽ വഴുതി… “യ്യോ ” എന്ന കരച്ചിൽ കേട്ട് ഗിരി തിരിഞ്ഞ് നോക്കുമ്പോൾ മരചുവട്ടിൽ ചാരി കിടക്കുന്ന ചന്ദ്രയെയാണ്.. ഗിരിക്ക് ചിരി വന്നു പോയി.. “വല്ല കാര്യവുമുണ്ടായിരുന്നോ ” എന്ന് പറഞ്ഞ് ഗിരി ചിരിച്ചു. ” ഒന്നും പറ്റിയില്ല…” എന്ന് പറഞ്ഞ് ഒരു വിധത്തിൽ എഴുന്നേൽക്കുമ്പോഴും സാരി അഴിഞ്ഞു വീഴാതെ കൈ കൊണ്ട് ചുറ്റി പിടിച്ചു നിന്നു.. അവളുടെ അവസ്ഥ മനസ്സിലാക്കി ഗിരി തിരിഞ്ഞ് വീട്ടുമുറ്റത്തേക്ക് നടന്നു.. പോകുന്ന വഴി വീണു കിടക്കുന്ന ചെറിയ ചില്ലകൾ പെറുക്കിയെടുക്കുന്നുണ്ട്..

ആ സമയം കൊണ്ട് ചന്ദ്ര സാരി നേരെയാക്കി… ഉറുമ്പ് എവിടെയൊക്കെയോ കടിക്കുന്നുണ്ട്.. അവിടെയിവിടെയും തട്ടികളഞ്ഞ് വീണ് കിടന്ന ചില്ലകൾ എടുത്ത് രാഖിയോടൊപ്പം നടന്നു… ” ” കണ്ടോ എന്ത് മാന്യനാണ്…. വാക്ക് തന്നാൽ പാലിക്കും… നിന്നെ ഒന്നിനും നിർബന്ധിക്കില്ല” പോകുന്ന വഴി രാഖി പറഞ്ഞു.. ഞങ്ങൾ ചെന്നപ്പോഴേക്ക് ഗിരിയേട്ടൻ കൊണ്ടുപോയ ചില്ലകളിലെ ഇലകൾ എടുത്ത് വച്ചിരുന്നു. രാഖിയും സഹായിച്ചു.. ഗിരി വന്നത് കൊണ്ട് വിവാഹത്തെ കുറിച്ച് പിന്നീട് ഒന്നും സംസാരിച്ചില്ല.. കഴുകി വച്ച ഇലയിൽ കുഴച്ച് വച്ച മാവ് ഉരുളയാക്കി എടുത്ത് കൈവിരൽ കൊണ്ട് കട്ടി കുറച്ച് പരത്തി..

ഇല മടക്കി… അതിനിടയിൽ പഴയ കാര്യങ്ങൾ പറഞ്ഞ് ചിരിച്ചു… ഗിരി അവരെ കൗതുകത്തോടെ നോക്കി നിന്നു… ഇലയിൽ പരത്തി വല്യ ഇഡലി പാത്രത്തിൽ പുഴുങ്ങാൻ വച്ചപ്പോഴേക്ക് അപ്പൂസ് ചിണുങ്ങി കരയുന്ന ശബ്ദം കേട്ടു… ഞാൻ പെട്ടെന്ന് അടുക്കളയിൽ നിന്നിറങ്ങിയോടി മുറിയിൽ എത്തിയപ്പോഴേക്ക് ഗിരിയേട്ടൻ മോനെ എടുത്ത് തോളിൽ കിടത്തിയിരുന്നു… എടുക്കാനായി കൈ നീട്ടിയതുo ഗിരി തിരിഞ്ഞു നിന്നു… ” വേണ്ട ചന്ദ്രാ.. അവൻ്റെ കുഞ്ഞു മനസ്സിൽ വെറുതെ ആശ കൊടുക്കണ്ട…. രാഖി പറഞ്ഞു എല്ലാം.. ഞാൻ ഇനി നിർബന്ധിക്കില്ല.. എല്ലാം ചന്ദ്രയുടെ ഇഷ്ട്ടം പോലെ “ഗിരിയേട്ടൻ പറയുമ്പോൾ വാതിലിൽ ചാരി മുഖം കുനിച്ച് നിന്നു പോയി… ഹൃദയം നുറുങ്ങിപ്പോകുന്ന വേദന..

മിഴിനീർ മുത്തുകൾ വീണ്ടും പെയ്യാൻ വെമ്പി നിന്നു…. ” അവൾ അങ്ങനെയൊക്കെ പറഞ്ഞാൽ ഉടനെ നമ്മൾ സമ്മതിച്ച് കൊടുക്കാൻ പോവല്ലെ… വിധുവേട്ടനും അമ്മയും വിവാഹ തിയതി കുറിപ്പിച്ചു… വരുന്ന ഞായർ ചടങ്ങ് നടക്കും… അതായത് രണ്ട് ദിവസം കഴിഞ്ഞു… നിൻ്റെ അമ്മ വിളിച്ച് പറഞ്ഞിട്ടാ ഞാൻ വന്നത് നിൻ്റെ കല്യാണം കൂടാൻ” രാഖി പറഞ്ഞപ്പോൾ ഞാൻ എന്ത് പറയണമെന്നറിയാതെ നിന്നു… “എന്തായാലും ചന്ദ്രയുടെ സമ്മതമില്ലാതെ നടക്കില്ലട്ടോ ” ഗിരിയേട്ടൻ പറഞ്ഞപ്പോൾ ഞാൻ അപ്പൂസിനെ ബലമായി പിടിച്ചു വാങ്ങി.. അപ്പൂസിനെയും കൂട്ടി പോകുന്ന കാര്യം ഓർത്തപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല… ”

അപ്പൂസില്ലാതെ എനിക്ക് പറ്റില്ല ” .എന്ന് മാത്രം പറഞ്ഞു വേഗം അടുക്കളയിലേക്ക് നടന്നു… ” അപ്പോൾ ചന്ദ്രയ്ക്ക് സമ്മതമാണ് ഗിരിയേട്ടാ.. അവൾക്ക് മനസ്സ് തുറന്ന് പറയാൻ പേടിയാണ്…” ഇനി ഒന്നും നോക്കണ്ട മനസ്സ് മാറും മുന്നേ വേഗം കെട്ട് നടത്താം… ഞാൻ അത് കഴിഞ്ഞേ തിരിച്ച് പോകുന്നുള്ളു… ” എന്ന് രാഖി പറയുമ്പോൾ ഗിരി കൺമുന്നിൽ നടന്നത് വിശ്വസിക്കാനാകാതെ നിൽക്കുകയായിരുന്നു……തുടരും

സ്‌നേഹതീരം: ഭാഗം 23

Share this story