താന്തോന്നി: ഭാഗം 7

താന്തോന്നി: ഭാഗം 7

എഴുത്തുകാരി: അമ്മു അമ്മൂസ്

ഡ്രസ്സ്‌ വല്ലാതെ മുഷിഞ്ഞതിനാൽ എത്രയും പെട്ടെന്ന് മാറ്റണം എന്ന് തോന്നി… ഉടുപ്പൊക്കെ വച്ചിരുന്ന ബാഗ് തുറന്നു…. ഉടുപ്പിന്റെയൊക്കെ മുകളിലായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ ഒരു പൊതിയാണ് ആദ്യം കണ്ണിൽ ഉടക്കിയത്… താൻ വച്ചതായിരുന്നില്ല അത്… എന്തായിരിക്കും എന്നൊരു ആകാംഷ ഉള്ളിൽ നിറഞ്ഞു…. . വർണ്ണക്കടലാസിൽ ഭംഗിയായിപൊതിഞ്ഞു വച്ചിരിക്കുന്നു..കൈയിലേക്കെടുത്തു തുറന്നു നോക്കിയപ്പോളേക്കും ഹൃദയം ഇപ്പോൾ പുറത്ത് ചാടും എന്ന് തോന്നി അവൾക്ക്…. കറുത്ത നിറത്തിലുള്ള വട്ടപ്പൊട്ടിന്റെ രണ്ടു കവർ വച്ചിരിക്കുന്നു. അതിന്റെ കൂടെ തന്നെ കണ്മഷിയും…. ഇതെങ്ങനെ ഇതിനകത്തു വന്നു എന്നറിയാതെ നിന്നു കുറച്ചു നിമിഷം.

താനിതൊക്കെ ഉപയോഗിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു… രാവിലെ രുദ്രനോട് സംസാരിച്ച കാര്യങ്ങൾ ഓർമ്മയിൽ തെളിഞ്ഞപ്പോൾ അറിയാതെ ചുണ്ടിൽ ഒരു ചിരി വിടർന്നു.. തന്നെ ആ വീട്ടിൽ ഒറ്റക്ക് വിട്ടിട്ട് കടയിലേക്ക് പോയതിന് എത്രയൊക്കെ മറച്ചു പിടിക്കാൻ ശ്രമിച്ചാലും ഉള്ളിലൊരു നേരിയ പരിഭവം ഉണ്ടായിരുന്നു. എന്നാലിപ്പോൾ ആ സ്ഥാനത്തു സന്തോഷം വന്നു നിറയുന്നു… തന്റെ മനസ്സ് ഇവിടെയൊന്നുമല്ല എന്ന് തോന്നി അവൾക്ക്… അവനെ ഇപ്പോൾ തന്നെ കാണണം എന്ന് തോന്നി മുറിക്ക് പുറത്തേക്ക് നടക്കാൻ തുടങ്ങിയെങ്കിലും പെട്ടെന്ന് തോന്നിയ കുസൃതിയിൽ അത് വേണ്ടെന്ന് വിചാരിച്ചു.. വേഗം തന്നെ ബാഗിൽ നിന്നും ഒരു ചുരിദാർ എടുത്തു കുളിക്കാൻ കേറി.

രുദ്രൻ പറഞ്ഞതൊക്കെ കേട്ടിട്ട് ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു വിഷ്ണു… “”എന്നിട്ട്….. അവന്റെ കാലും കൂടി ഒടിച്ചൂടായിരുന്നോ നിനക്ക്… എന്ത് വന്നാലും ഞാൻ നോക്കിയേനെയല്ലോ…”” “”അവനിനി വരില്ല ഏട്ടാ…. അതിനുള്ളത് കൊടുത്തിട്ടുണ്ട്…. ഇനി വന്നാൽ ഇപ്പൊ കൊടുത്തതിന്റെ ഇരട്ടി കൊടുക്കുകയും ചെയ്യും.”” രുദ്രൻ ഉറപ്പോടെ പറഞ്ഞപ്പോൾ പിന്നെ വിഷ്ണു മറുത്തൊന്നും പറഞ്ഞില്ല… രുദ്രന്റെ നോട്ടം ഇടയ്ക്കിടെ വീടിന്റെ അകത്തേക്ക് പാളി വീഴുന്നത് കണ്ടു വിഷ്ണു അവനെ സംശയത്തോടെ നോക്കി. “”നിനക്കെന്താ പറ്റിയെ… കുറേ നേരമായല്ലോ വീടിന്റെ അകത്തേക്ക് തന്നെ നോക്കുന്നു…

എന്താ കാര്യം…”” അവന്റെ നോട്ടം പിന്തുടർന്ന് അകത്തേക്ക് നോക്കി വിഷ്ണു ചോദിച്ചു. ആരെയാണ് അവൻ നോക്കുന്നത് എന്ന് മനസ്സിലായിരുന്നു.. എങ്കിലും ഒന്നും മനസ്സിലാകാത്തത് പോലെ ഭാവിച്ചു… “”ഞ…. ഞാനോ ഞാനെന്ത് നോക്കാൻ…. അ.. അമ്മ അകത്തേക്ക് പോയിട്ട് എവിടെ എന്ന് നോ.. നോക്കിയതാ..”” പരിഭ്രമത്തോടെ പറഞ്ഞൊപ്പിച്ചിട്ട് തനിക്ക് നേരെ നോക്കാതെ മുഖമൊളിപ്പിച്ചു അകത്തേക്ക് കയറി പോകുന്ന രുദ്രനെ കാൺകെ വിഷ്ണു അറിയാതെ ചിരിച്ചു പോയി. അമ്മയും അവളും കിടന്ന മുറിയുടെ വാതിൽ അടഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ അവളതിനകത്തുണ്ടാകും എന്ന് തോന്നി.

ബാഗിൽ വെച്ച പൊതി അവൾ കണ്ടു കാണുമോ എന്നൊരു കൗതുകം അവനിൽ നിറഞ്ഞു. ഇപ്പോൾ ഓർക്കുമ്പോൾ വല്ലാത്തൊരു ചമ്മൽ… വേണ്ടിയിരുന്നില്ല.. ആ സമയത്തേ പെട്ടെന്നുണ്ടായ ഒരു തോന്നലിന്റെ പുറത്ത് ചെയ്തതാണ്. അവിടെ കിടന്ന പത്രമെടുത്തു തുറന്നു പിടിച്ചു അവളുടെ മുറിക്ക് അഭിമുഖമായി ഇരുന്നു. കണ്ണുകൾ ഇടയ്ക്കിടെ അടച്ചിട്ട വാതിലിലേക്ക് പാളി വീഴുന്നുണ്ടായിരുന്നു… വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും പെട്ടെന്ന് അവിടേക്ക് സഞ്ചരിക്കാൻ തുടങ്ങിയ കണ്ണുകളെ ശാസനയോടെ പിടിച്ചു നിർത്തി. പത്രം വായിക്കുകയാണ് എന്ന ഭാവത്തിൽ അലസമായി ഒന്ന് നോക്കി.

കുളിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. നനഞ്ഞ മുടിയൊക്കെ തോർത്ത്‌ കൊണ്ട് ചുറ്റികെട്ടി വച്ചിട്ടുണ്ട്. ഇടിച്ചതിന്റെ അടയാളം എന്ന പോലെ നെറ്റി ഇപ്പോഴും ചുവന്നു കിടക്കുന്നു. ചെറുതായി ഒന്ന് മുഴച്ചിട്ടുണ്ട് എന്ന് തോന്നി… നോട്ടം പതിയെ അവളുടെ കണ്ണുകളിലേക്ക് എത്തിയപ്പോൾ ഉള്ളിൽ നിരാശ വന്നു മൂടും പോലെ തോന്നി അവന്. മുൻപ് ഉണ്ടായിരുന്നത് പോലെ മഷിയുടെ ഒരംശം പോലും അതിൽ ഉണ്ടായിരുന്നില്ല.. അവനെ ഒന്ന് പാളി നോക്കി അവൾ അമ്മയുടെ അടുത്തേക്ക് നടക്കുമ്പോഴും മനസ്സ് അവളുടെ മഷി എഴുതാത്ത കണ്ണുകളിൽ കുരുങ്ങിക്കിടക്കുകയായിരുന്നു. ഇനി കണ്ടു കാണില്ലേ എന്നൊരു സംശയം തോന്നി…

മുറിയിലേക്ക് എത്തി നോക്കിയപ്പോൾ ബാഗ് അടച്ചു പൂട്ടി കട്ടിലിൽ തന്നെ വച്ചിട്ടുണ്ട്. ഉള്ളിൽ ദേഷ്യമോ നിരാശയോ എന്തൊക്കെയോ നിറയുന്നുണ്ടായിരുന്നു. പത്രം ഇതുവരെയിരുന്ന സോഫയിലേക്ക് തന്നെ എറിഞ്ഞിട്ട് ദേഷ്യത്തിൽ പുറത്തേക്ക് നടന്നു. ഉറഞ്ഞു തുള്ളി ഉമ്മറത്തേക്ക് ഇറങ്ങുന്ന രുദ്രനെ കണ്ടപ്പോൾ പാറു ചിരിയമർത്തി വാതിലിന്റെ മറവിൽ നിന്നും അടുക്കളയിലേക്ക് തന്നെ നടന്നു. “”അഹങ്കാരി… അതൊക്കെ ഒന്ന് ഇട്ടാൽ എന്താ അവൾക്ക്… പാവമല്ലേ വിചാരിച്ചു വാങ്ങി കൊടുത്തപ്പോൾ…. “”അവൻ ദേഷ്യത്തോടെ പറഞ്ഞുകൊണ്ടിരുന്നു…

മുന്നിൽ ആരോ നിൽക്കും പോലെ തോന്നിയപ്പോഴാണ് തലയുയർത്തി നോക്കിയത്. പാർവതിയാണ്… കൈയിൽ ഒരു ഗ്ലാസ്‌ ചായയും ഉണ്ട്. അത് അവന് നേരെ നീട്ടിയെങ്കിലും വാങ്ങിയില്ല… ദേഷ്യത്തോടെ അവളെ തുറിച്ചു നോക്കി ഇരുന്നു… ചുണ്ട് കൂട്ടിപ്പിടിച്ചു ചിരിയടക്കി നിൽക്കുന്നവളെ കണ്ടതും ദേഷ്യത്തോടെ മുഖം വെട്ടിച്ചു. “”ചായ…”” “”എനിക്ക് വേണ്ട…. “” അവളെ നോക്കാതെ ദേഷ്യത്തിൽ പറഞ്ഞു. പിന്നൊന്നും പറയുന്നത് കേട്ടില്ല.. കുറച്ചു കഴിഞ്ഞപ്പോൾ മുഖം ചെരിച്ചു നോക്കിയപ്പോളാണ് കുറച്ചു ദൂരേക്ക് മാറി ഇരുന്നു ആ ചായ ഊതി ഊതി കുടിക്കുന്ന അവളെ കാണുന്നത്.

പല്ല് ഞെരിച്ചു നോക്കിയിട്ടും അതൊന്നും ബാധിക്കാത്തത് പോലെ കൂസലില്ലാതെ ഇരിക്കുന്നത് കണ്ടു. അവളുടെ അടുത്തേക്ക് എഴുന്നേറ്റു പോകാൻ തുടങ്ങിയെങ്കിലും ഗേറ്റ് ന്റെ അടുത്ത് ആരോടോ സംസാരിച്ചു നിൽക്കുന്ന ഏട്ടനെ കണ്ടപ്പോൾ പിന്നെ അതിനു മുതിർന്നില്ല. “”എട്ടനുള്ളതിന്റെ അഹങ്കാരമാണ്.. ജന്തു…”” പിറുപിറുത്തുകൊണ്ട് അകത്തേക്ക് നടന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 രാത്രി ഊണ് കഴിഞ്ഞു ഉമ്മറപ്പടിയിൽ ഇരിക്കുകയായിരുന്നു വിഷ്ണു. അടുത്തായി തന്നെ രുദ്രനും ഉണ്ട്. രണ്ടാളും പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ല…

വിഷ്ണു നക്ഷത്രക്കൂട്ടങ്ങളോട് മൗനമായി മനസ്സ് തുറക്കുമ്പോൾ അതിലും തെളിമയോടെയുള്ളയൊരു മുഖം തനിക്കുള്ളിൽ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു രുദ്രൻ. ചെറുതായി തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. “”ആഹാ…. രണ്ടാളും ഇവിടെ വന്നിരിക്ക്യ….”” പാർവതിയുടെ ശബ്ദം കേട്ടതും അവന്റെ മുഖം ഇരുണ്ടു… വീണ്ടും വൈകുന്നേരത്തെ പിണക്കം മനസ്സിലേക്ക് വന്നിരുന്നു… വിഷ്ണുവിന്റെ അടുത്തായി വന്നിരിക്കുന്ന അവളെ ദേഷ്യത്തോടെ നോക്കി.. “”നിന്നെ ആരാ ഇപ്പൊ ഇങ്ങോട്ട് വിളിച്ചത്….”” “”രുദ്രാ… ” വിഷ്ണു ശാസനയോടെ വിളിച്ചതും പിന്നെ ഒന്നും പറയാൻ പോയില്ല..

“”പിന്നെ…. നിങ്ങൾക്ക് മാത്രം സംസാരിച്ചാൽ മതിയോ എന്റെ ചേച്ചിയോട്… എനിക്കും പറയണം… “” അവനെ നോക്കി ചുണ്ട് കോട്ടിക്കൊണ്ടാണ് അത് പറഞ്ഞതെങ്കിലും അവളുടെ സ്വരം വല്ലാതെ ചിലമ്പിച്ചിരുന്നു…. അവളുടെ സ്വരത്തിലെ വ്യത്യാസം കേട്ടപ്പോൾ വേണ്ടിയിരുന്നില്ല എന്ന് തോന്നി രുദ്രന്… തല ചെരിച്ചു അവളെ നോക്കിയപ്പോൾ വിഷ്ണുവിന്റെ തോളിലേക്ക് തല ചായ്ച്ചു വെക്കുന്നത് കണ്ടു… കണ്ണുകൾ രണ്ടും അപ്പോഴും ഇമ വെട്ടാതെ ആകാശത്തിലേക്ക് തന്നെ ആയിരുന്നു… “”എ…. എന്നോട് ചേച്ചിക്ക് ഇപ്പോഴും പിണക്കം ആയിരിക്കുവോ വിഷ്ണുവേട്ട….””

ഇടറിയ ശബ്ദത്തോടെ ചോദിച്ചു… “”മോൾക്ക് തോന്നുന്നുണ്ടോ ചേച്ചി മോളോട് പിണങ്ങും എന്ന്….”” അവൻ ചെറിയ ഒരു ചിരിയോടെ അവളുടെ മുടിയിൽ കൂടി വിരലോടിച്ചു… “”പിന്നെ…. പിന്നെന്തിനാ എന്നേ മാത്രം ഒറ്റയ്ക്കാക്കിയേ…. ഞാനെത്ര വിളിച്ചതാ ചേച്ചിയേ എന്നേം കൂടി കൊണ്ട് പോകാൻ…..”” പറഞ്ഞു തീർന്നപ്പോഴേക്കും ഏങ്ങലടിച്ചു പോയിരുന്നു…. തൊണ്ടക്കുഴിയിൽ എന്തോ തടയും പോലെ തോന്നി രുദ്രന്…. ഇത്രയും കാലം താൻ വാക്കുകൾ കൊണ്ട് അവളെ കുത്തി നോവിച്ചതൊക്കെ മനസ്സിലേക്ക് ഇരച്ചു കേറും പോലെ…. ഏട്ടനും ചലനമില്ലാതെ ഇരിക്കുകയായിരുന്നു…. പക്ഷേ ആ കണ്ണുകൾ അവളോടൊപ്പം നിറയുന്നുണ്ടായിരുന്നു.

“”ചേച്ചി ശെരിക്കും ഭാഗ്യവതിയ വിഷ്ണുവേട്ട…. ഒരു നിമിഷം കൊണ്ട് അവളെങ്ങു പോയി…. പക്ഷേ എനിക്കങ്ങനെ പോകാൻ പറ്റിയില്ല….ഞാനും കൂടി പോയാൽ പിന്നെ എന്റെ അച്ഛനും അമ്മയ്ക്കും ആരാ…… ചിലപ്പോൾ തോന്നും അച്ഛനും അമ്മയും ചേച്ചി ടെ കൂടെ അങ്ങ് പോയി ന്ന്…. അവരുടെ ശരീരം മാത്രമാണ് എന്റെ കൂടെ ഇവിടെ എന്ന്…. ചിരിക്കാത്ത…. സംസാരിക്കാത്ത ആത്മാവില്ലാത്ത ശരീരങ്ങൾ…”” ഏതോ ഓർമ്മയിൽ എന്ന പോലെ അവൾ പറഞ്ഞുകൊണ്ടിരുന്നു… “”പേടിയായിരുന്നു വിഷ്ണുവേട്ട എനിക്ക്…. ബന്ധനങ്ങളോടുള്ള പേടി…. അമ്മയും ഞാനും തനിച്ചായതിൽ പിന്നെ ഉറങ്ങിയിട്ടില്ല….

ഞാനുറങ്ങിയാൽ ആ നേരം കൊണ്ട് അമ്മ ചിലപ്പോൾ ഇറങ്ങി പോകും…. എപ്പോഴും ശ്രദ്ധിക്കണം… കൊച്ചു കുട്ടികളെ പോലെ….”” അവളൊന്ന് ചിരിച്ചു…. “”ശെരിക്കും കൊച്ചു കുട്ടി തന്നെ ആയിരുന്നു…. വാശിയും ദേഷ്യവും കുരുത്തക്കേടും എല്ലാമുള്ള കൊച്ചു കുട്ടി…. ചിലപ്പോളൊക്കെ എന്നോട് പിണങ്ങി വഴക്കുണ്ടാക്കും… പക്ഷേ ഞാൻ കരയാൻ തുടങ്ങുമ്പോഴേക്ക് എന്റെ പഴയ അമ്മയായി എന്നേ വന്നു ആശ്വസിപ്പിക്കും…. ചേച്ചിയോട് ഞാൻ പിണക്കമായിരുന്നു വിഷ്ണുവേട്ട ആ സമയത്തൊക്കെ…. എന്നേ മാത്രം ഒറ്റയ്ക്ക് ആക്കിയതിന്… പക്ഷേ ഒത്തിരി നേരമൊന്നും പിണങ്ങി ഇരിക്കാൻ പറ്റില്ലാട്ടോ…

അപ്പോഴേക്കും എല്ലാം നീ കാരണമല്ലേ എന്ന് ചേച്ചി വന്നു പറയും പോലെ തോന്നും…. വിഷ്ണുവേട്ടനറിയുവോ ചേച്ചി പണ്ട് എപ്പോഴും പറയുമായിരുന്നു മരിച്ചു കഴിഞ്ഞാൽ നക്ഷത്രമായി പ്രിയപ്പെട്ടവരെ കാണാൻ വരുമെന്ന്… അമ്മയെയും ചേച്ചി കൂടെ കൂട്ടിയതിൽ പിന്നെ ഞാനെന്നും ഇങ്ങനെ ഉമ്മറത്തേക്ക് വന്നിരിക്കും… അവരെ നോക്കി നല്ല വഴക്ക് പറയും…. എന്നേ മാത്രം കൂട്ടിയില്ല പറഞ്ഞിട്ട്…. പിണങ്ങി.. മാറി ഇരിക്കും…. പിന്നെ അതേ കലഹത്തോടെ കിടന്നുറങ്ങും…. വല്ലാതെ ഭ്രാന്ത്‌ പിടിക്കുമ്പോൾ എന്റെ മുഖവും ഞാനാ നക്ഷത്രക്കൂട്ടങ്ങളുടെ ഇടയിൽ സങ്കല്പിച്ചു നോക്കും…. ചേച്ചി എന്നെയും വന്നു വിളിക്കുന്നതായി സ്വപ്നം കാണും….. പക്ഷേ ഉണരുമ്പോളേക്കും എല്ലാം മാഞ്ഞു പോയിട്ടുണ്ടാകും…

പിന്നേം പിന്നേം തനിച്ചായത് പോലെ…. ഇനിയും വയ്യാ വിഷ്ണുവേട്ട എനിക്ക്…. ചേച്ചിയോട് ഒന്ന് പറയുവോ ഇനി ചേച്ചി ക്ക് ഇഷ്ടമല്ലാത്തത് ഒന്നും ഞാൻ ചെയ്യില്ല ന്ന് …. എന്റടുത്തോട്ട് ഒന്ന് വരാൻ പറ വിഷ്‌ണുവേട്ടാ…..”” പറഞ്ഞു തീരുമ്പോഴേക്കും അവന്റെ തോളിലേക്ക് മുഖം അമർത്തി ഏങ്ങലടിച്ചു കരഞ്ഞിരുന്നു…. അവളെ ചേർത്ത് പിടിക്കുമ്പോൾ വിഷ്ണുവിന്റെ കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു… നെഞ്ചിൽ ചാരി അലമുറയിട്ട് കരയുന്ന അവളുടെ മുടിയിൽ പതിയെ തഴുകി കൊടുത്തു… “”അയ്യേ… ഇങ്ങനെ കരയാമോ…. ഏട്ടനില്ലേ മോൾക്ക്…..ദേ…. നോക്കിയേ… ന്റെ ഭദ്രക്ക് ഇഷ്ടമല്ലാട്ടോ മോളിങ്ങനെ കരയുന്നത്……””

എന്തൊക്കെ പറഞ്ഞു ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും അതൊന്നും അവളെ ബാധിക്കുന്നില്ല എന്ന് തോന്നിയപ്പോൾ അവനും മൗനം സ്വീകരിച്ചു…. അവളെല്ലാം കരഞ്ഞു തീർക്കട്ടെ എന്ന് തോന്നി… തരിച്ചിരിക്കുകയായിരുന്നു രുദ്രൻ…. കണ്ണുനീർ തളം കെട്ടിയ കണ്ണുകൾ മുന്നിലെ കാഴ്ചയെ മറയ്ക്കുന്നു…. ശ്വാസം വിലങ്ങിയത് പോലെ…. ആഞ്ഞൊന്ന് ശ്വാസം വലിച്ചു നോക്കി….. ഇല്ല കിട്ടുന്നില്ല….. ഒന്നും പറയാതെ എഴുന്നേറ്റു അകത്തേക്ക് നടക്കുമ്പോൾ മനസ്സ് ശൂന്യമായിരുന്നു…. കാതിൽ അവളുടെ കരച്ചിലിന്റെ ശബ്ദം മാത്രം മുഴങ്ങിക്കൊണ്ടിരുന്നു… എങ്ങനെയൊക്കെയോ മുറിയിലേക്ക് എത്തി….

കട്ടിലിലേക്ക് കിടക്കുമ്പോൾ താനിത് വരെ അവളോട് പറഞ്ഞ വാക്കുകളിലായിരുന്നു മനസ്സ്…. എല്ലാത്തിനും കാരണം നീയാണെന്ന് പറഞ്ഞു താൻ വേദനിപ്പിക്കുമ്പോൾ ദൈന്യത്തോടെ തന്നെ നോക്കിയ ആ കണ്ണുകൾ ഇന്നിപ്പോൾ ഹൃദയത്തെ വരഞ്ഞു മുറിവേൽപ്പിക്കുന്നു… അന്ന് ശ്രദ്ധിക്കാതിരുന്ന അവളുടെ ഒരോ കണ്ണുനീരും ഇന്ന് ദേഹമാകെ പൊള്ളിക്കുന്നു…. തലയണയിലേക്ക് മുഖം പൂഴ്ത്തി കിടക്കുമ്പോഴും അവൾ മാത്രമായിരുന്നു മനസ്സിൽ നിറഞ്ഞു നിന്നത്… നിറഞ്ഞ കണ്ണുകളോടെ തന്നെ നോക്കി നിൽക്കുന്ന അവളുടെ രൂപം…. 🔸🔸🔸

രാവിലെ മുഖത്തേക്ക് വെയിൽ അടിച്ചപ്പോഴാണ് പാർവതി കണ്ണ് തുറക്കുന്നത്. “”സമയം ഒരുപാടായെന്ന് തോന്നുന്നല്ലോ കൃഷ്ണ…”” കൈ എത്തിച്ചു ഫോണെടുത്തു നോക്കി… പത്തു മണി കഴിഞ്ഞിരിക്കുന്നു… വെപ്രാളത്തോടെ എഴുന്നേറ്റു…. ഇന്നലെ അത്രയും കരഞ്ഞതുകൊണ്ടാകാം കണ്ണിന് നല്ല ക്ഷീണം തോന്നുന്നുണ്ടായിരുന്നു… കണ്ണാടിയിലേക്ക് നോക്കിയപ്പോൾ ചെറുതായി വീർത്തിരിക്കുന്നു എന്ന് തോന്നി…. പക്ഷേ മനസ്സിന് വല്ലാത്ത ആശ്വാസം തോന്നിയിരുന്നു… ഇത്രയും കാലവും മനസ്സിൽ ഒളിപ്പിച്ചു വച്ച ഭാരമെല്ലാം എടുത്തു മാറ്റിയത് പോലെ…

ഈ മുഖത്തോടെ പോയാൽ അമ്മ കാര്യം അന്വേഷിക്കും എന്ന് തോന്നിയതുകൊണ്ട് കുളിച്ചിട്ട് പോകാം എന്ന് വിചാരിച്ചു… വേഗം പോയി കുളിച്ചിട്ട് വന്നു… മുടി തോർത്തുമ്പോഴാണ് ഇന്നലെ രുദ്രൻ വാങ്ങിയതൊക്കെ മേശപ്പുറത്തു ഇരിക്കുന്നത് കണ്ടത്… താനിതൊന്നും ഇടാതെ ഇരുന്നപ്പോൾ ഇന്നലെ ആ മുഖത്ത് കണ്ട പിണക്കം ഓർത്തപ്പോൾ ചിരി വന്നു… വേഗം തന്നെ മുടി തോർത്തിക്കഴിഞ്ഞു… ചുണ്ടിലൂറിയ ചിരിയോടെ ആ പൊതി തുറന്നു കണ്മഷി കൈയിലേക്ക് എടുത്തു…

വർഷങ്ങൾക്ക് ശേഷം എഴുതുന്നതുകൊണ്ട് തന്നെ ചെറിയൊരു അലോസരം ഉണ്ടായിരുന്നു കണ്ണുകൾക്ക്… രണ്ടു മൂന്ന് വട്ടം ഒന്ന് ചിമ്മി തുറന്നപ്പോൾ ശെരിയായെന്ന് തോന്നി. രണ്ടു കണ്ണും എഴുതിക്കഴിഞ്ഞു പൊട്ട് കൈയിലേക്ക് എടുത്തു… കറുത്ത കുഞ്ഞ് വട്ടപ്പൊട്ട് നെറ്റിയിലേക്ക് ഒട്ടിച്ചു…. കണ്ണാടിയിലേക്ക് നോക്കിയപ്പോൾ തന്റെ രൂപം ആകെ മാറിയത് പോലെ തോന്നി അവൾക്ക്…. ഒരു ചെറിയ ചിരിയോടെ ആ മാറ്റങ്ങൾ നോക്കി നിൽക്കുമ്പോൾ ഉള്ളിലാകെ നിറഞ്ഞു നിന്നിരുന്നത് അവൻ മാത്രമായിരുന്നു….. തുടരും

താന്തോന്നി: ഭാഗം 6

Share this story