വിവാഹ മോചനം : ഭാഗം 13

വിവാഹ മോചനം :  ഭാഗം 13

എഴുത്തുകാരി: ശിവ എസ് നായർ

കോളേജിൽ വച്ച് അപർണ്ണയെ റേപ്പ് ചെയ്യാൻ ശ്രമിച്ചവനെ കണ്ടെത്തിയെന്ന് അറിയിക്കാനാണ് മഹി വിളിച്ചതെന്ന് രാഹുൽ മനസിലുറപ്പിച്ചു. “അപ്പു നിനക്ക് ഞാൻ തന്ന വാക്ക് പാലിക്കുകയാണ്… ഞാൻ അവന്റെ തൊട്ടടുത്തെത്തി കഴിഞ്ഞു…” രാഹുൽ സ്വയം പിറുപിറുത്തു. കാറ്റിൽ മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകളെ ഇടം കൈകൊണ്ട് ഒതുക്കി പുറത്തെ കാഴ്ചകളിൽ മുഴുകിയിരിക്കുന്ന അവളെ രാഹുൽ പ്രണയപൂർവം നോക്കി. പിന്നെ മെല്ലെ മുഖം തിരിച്ചു ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അരമണിക്കൂറത്തെ യാത്രയ്ക്കൊടുവിൽ ഇരുവരും മഹിയുടെ വീട്ടിലെത്തിച്ചേർന്നു.

രാഹുലിന്റെ വണ്ടിയുടെ ഹോണടി ശബ്ദം കേട്ട് മഹി വേഗം വന്ന് ഗേറ്റ് മലർക്കേ തുറന്നു കൊടുത്തു. രാഹുൽ തന്റെ കാർ അകത്തേക്ക് ഓടിച്ചു കയറ്റി. രാഹുലും അപർണ്ണയും ഡോർ തുറന്നു പുറത്തേക്കിറങ്ങുമ്പോൾ അവരുടെ അടുത്തേക്ക് പുഞ്ചിരിയോടെ നടന്നു വരുകയായിരുന്നു മഹി. ഇരുവരെയും ഒരുമിച്ചു കണ്ടതിന്റെ സന്തോഷത്തിലായിരുന്നു അവൻ. “രണ്ടാളും അകത്തേക്ക് വാ…” ചിരിയോടെ അവൻ പറഞ്ഞു. രാഹുലും അപർണ്ണയും അവന്റെ പിന്നാലെ അകത്തേക്ക് നടന്നു. “അന്ന് വിവാഹത്തിന് കണ്ടതാ നിന്നെ… പിന്നെ ഇപ്പോഴാണോടാ നിനക്കെന്നെ ഓർമ വന്നത് ” മഹി പരിഭവത്തോടെ ചോദിച്ചു.

“എല്ലാം നിനക്കറിയാവുന്നതല്ലേ മഹി… അന്നത്തെ ഒരു ടെൻഷന്റെ ഇടയ്ക്ക് ഒന്നിനും നേരമില്ലായിരുന്നു. പിന്നെ ഓഫീസ് കാര്യങ്ങൾ ഒക്കെ ആയിട്ട് തിരക്കായി പോയെന്ന് വേണം പറയാൻ. ഇങ്ങോട്ടൊന്നു ഇറങ്ങാൻ സമയം കിട്ടാഞ്ഞിട്ടല്ലേ എങ്കിലും നിന്നെ ഞാൻ വിളിക്കാറുണ്ടായിരുന്നല്ലോ… വേണമെങ്കിൽ അങ്ങോട്ടൊക്കെ നിനക്കും വരാമായിരുന്നു..” രാഹുൽ അപർണ്ണയെ ഒന്ന് നോക്കിയ ശേഷം അവനോടു പറഞ്ഞു. “ഏതായാലും വന്നപ്പോൾ രണ്ടാളും ഒരുമിച്ചു വന്നതിൽ ഒത്തിരി സന്തോഷം. അപർണ്ണയുടെ തെറ്റിദ്ധാരണകൾ ഒക്കെ മാറിയോ.” മഹി അവളെ നോക്കി. “ഉം മാറി… തെറ്റിദ്ധാരണകൾ ആർക്കും പറ്റാവുന്നതല്ലേ… അന്നത്തെ സാഹചര്യത്തിൽ അങ്ങനെ പറ്റിപ്പോയി.”

അപർണ്ണ കുറ്റബോധത്തോടെ ശിരസ്സ് കുനിച്ചു. “എന്തായാലും തന്റെ ഭാഗ്യമാണ് ഇത്രയും സ്നേഹമുള്ളൊരു ഭർത്താവിനെ കിട്ടിയത്. ഇവനെന്റെ ഫ്രണ്ട് ആയത് കൊണ്ട് പറയുവല്ല ഞാൻ… ഒരു ഉറുമ്പിനെ പോലും നോവിക്കാൻ കഴിയാത്ത ഒരു പാവമാണ് ഇവൻ. ശത്രുക്കളെ പോലും സ്നേഹിക്കാനാണ് സുധാകരൻ മാഷ് ഇവനെ പഠിപ്പിച്ചത്. സ്വന്തം സുഖത്തെക്കാളുപരി മറ്റുള്ളവരുടെ സന്തോഷത്തിനാണ് ഇവൻ പ്രാധാന്യം നൽകുന്നത്.” “മഹി മതി… ” അവനെ തടഞ്ഞു കൊണ്ട് രാഹുൽ പറഞ്ഞു. “ഞാൻ ഉള്ളതല്ലെടാ പറഞ്ഞത്.. അതിനു നീയെന്തിനാ എന്നെ തടയുന്നത്.

നീ എങ്ങനെയുള്ള ആളാണെന്നു അപർണ്ണ അറിഞ്ഞു വച്ചോട്ടെ. നിന്നെപ്പറ്റി കുറ്റമൊന്നും ഇല്ലല്ലോ പറയാൻ.” “പിരിയാൻ നിൽക്കുന്നവരോട് ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യമാണ് ഉള്ളത് മഹി.” ഉള്ളിൽ തികട്ടി വന്ന സങ്കടം പുറത്തു പ്രകടമാക്കാതെ രാഹുൽ പറഞ്ഞു. “നീ… നീയിപ്പോ എന്താ പറഞ്ഞത്..” കേട്ടത് വിശ്വസിക്കാൻ കഴിയാതെ ഞെട്ടലോടെ മഹി ചോദിച്ചു. “ഞങ്ങൾ നിന്നെയിപ്പോ കാണാൻ വന്നത് തന്നെ ഞങ്ങളുടെ ഡിവോഴ്സ് കാര്യം നിന്നെക്കണ്ട് സംസാരിക്കാനാണ്.” രാഹുൽ പറഞ്ഞത് കേട്ട് തലയ്ക്കടിയേറ്റത് പോലെ മഹി ഇരുവരെയും നോക്കി. “ഇവൻ പറഞ്ഞതൊക്കെ സത്യമാണോ അപർണ്ണ??” മഹിയുടെ ചോദ്യം കേട്ട് അവൾ തലയുയർത്തി അവനെയൊന്ന് നോക്കി.

“രാഹുലേട്ടൻ പറഞ്ഞതൊക്കെ സത്യമാണ്. ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു.” ശാന്തമായ സ്വരത്തിൽ അവൾ പറഞ്ഞു. “നിങ്ങൾക്ക് എന്താ ഭ്രാന്തുണ്ടോ… വിവാഹമെന്ന് പറയുന്നത് കുട്ടിക്കളിയാണെന്നാണോ വിചാരം. ഈ കേസ് ഞാൻ ചെയ്യില്ല… ഇതിന് വേണ്ടിയാണ് നിങ്ങൾ വരുന്നതെന്ന് അറിഞ്ഞിരുന്നെങ്കിൽ ഇങ്ങോട്ട് വരാൻ നിന്നെ ഞാൻ സമ്മതിക്കില്ലായിരുന്നു രാഹുലേ.” മഹിയുടെ മുഖം കോപത്താൽ ചുവന്നു. “അപ്പുവിന് എന്നെയൊരിക്കലും ഇഷ്ടപ്പെടാൻ കഴിയില്ല… ഡിവോഴ്സ് നൽകാമെന്ന് ഞാൻ അവൾക്ക് വാക്ക് കൊടുത്തു പോയടാ. അവളുടെ ഇഷ്ടം പോലെ തന്നെ നടക്കട്ടെ…” രാഹുൽ ശബ്ദം വിറ പൂണ്ടു.

മഹിയുടെ നോട്ടം അപർണ്ണയുടെ നേർക്ക് നീണ്ടു ചെന്നു. “രാഹുലിനെ വേണ്ടെന്നു വയ്ക്കാനുള്ള കാരണം എന്താണ് അപർണ്ണ. നിങ്ങൾക്ക് തമ്മിൽ വേർപിരിയാൻ വ്യക്തമായ ഒരു കാരണമുണ്ടെങ്കിൽ ഈ കേസ് ഞാൻ തന്നെ ഏറ്റെടുക്കാം. അല്ലാതെ വാശിപ്പുറത്തു എടുത്തൊരു തീരുമാനം ആണെങ്കിൽ ഞാൻ ഇതിന് കൂട്ടു നിൽക്കില്ല.” “വ്യക്തമായ കാരണമുള്ളത് കൊണ്ടാണ് ഞാൻ ഇങ്ങനെയൊരു തീരുമാനം എടുത്തത്.” “എന്താണത്..??” മഹി ഉദ്വേഗത്തോടെ അവളെ നോക്കി. “ഞാൻ… ഞാൻ ചീത്തയാണ്. രാഹുലേട്ടന് ചേർന്ന പെണ്ണല്ല ഞാൻ. ഈ മനുഷ്യന്റെ കളങ്കമില്ലാത്ത സ്നേഹം അനുഭവിക്കാൻ യോഗ്യത എനിക്കില്ല.

അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തോട് ചെയ്തു പോയ തെറ്റിനൊക്കെ ഞാൻ മാപ്പ് ചോദിക്കുകയാ. രാഹുലേട്ടനെ മനസ്സറിഞ്ഞു സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ കിട്ടും. എനിക്കൊരിക്കലും ഇദ്ദേഹത്തെ സ്നേഹിക്കാനോ നല്ലൊരു ഭാര്യയാകാനോ കഴിയില്ല.” അപർണ്ണയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഒച്ച ഇടറി. കരച്ചിലടക്കാൻ കഴിയാതെ സാരിതുമ്പ് കൊണ്ട് വായ പൊത്തി അവൾ പുറത്തേക്ക് പോയി. “എന്താടാ രാഹുൽ ഞാൻ ഈ കേട്ടതൊക്കെ?? അവൾ പറഞ്ഞതിന്റെ അർത്ഥമെന്താണ്? നിങ്ങൾക്കിടയിലെ പ്രശ്നമെന്താണെന്ന് എനിക്ക് മനസിലാകുന്നില്ല.” “ഞങ്ങൾക്കിടയിലെ പ്രശ്നം അവനാ ശ്രീജിത്ത്‌” രാഹുൽ പറഞ്ഞു. “അതാരാ…” മഹി ജിജ്ഞാസയോടെ രാഹുലിനെ നോക്കി.

“അപർണ്ണയുടെ കാമുകൻ… ദുബായിൽ വച്ചുള്ള പ്രണയമാണ്. രണ്ടു വർഷത്തെ പ്രണയം. അവളുടെ മനസ്സിൽ അന്നും ഇന്നും എന്നും അവൻ മാത്രമേയുള്ളൂ. താലി കെട്ടി എന്നൊരു അവകാശമല്ലാതെ മറ്റൊന്നും എനിക്കില്ലടാ മഹി. അവൾ ഇപ്പോഴും സ്നേഹിക്കുന്നത് അവളെയാ. അവന് അവളെ ഇപ്പോഴും വേണമെന്നുണ്ട്. ഞാൻ അവളെ ഡിവോഴ്സ് ചെയ്താൽ സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാണ് ശ്രീജിത്ത്‌. ഞാൻ സ്നേഹിച്ചത് അവളെയാണെങ്കിലും അവൾ സ്നേഹിച്ചത് അവനെയാ. പരസ്പരം സ്നേഹിച്ചവർ തന്നെ സന്തോഷത്തോടെ ജീവിക്കട്ടെ. ഞാൻ ഇടയിൽ തടസ്സമായി നിൽക്കുന്നതെന്തിനാ…”

രാഹുൽ കൈമുട്ടിൽ മുഖം താങ്ങി ഇരുന്നു. “അങ്ങനെ വല്ലവനും അവളെ വിട്ടുകൊടുക്കാൻ നിനക്ക് കഴിയുമോ? അവനും മുൻപേ നീയല്ലേ അവളെ സ്നേഹിച്ചത്. നിന്റെ സ്നേഹം ആത്മാർത്ഥമായതു കൊണ്ടല്ലേ ദൈവം അവളെ നിന്റെ കയ്യിൽ തന്നെ ഏൽപ്പിച്ചത്. വിവാഹത്തിന് മുൻപ് അവൾക്കൊരു പ്രണയമുണ്ടായിരുന്നു എന്ന് കരുതി നീ പഴയ കാമുകന് അവളെ വിട്ടുകൊടുക്കാതെ അവളുടെ മനസ്സ് മാറ്റിയെടുക്കാൻ ശ്രമിച്ചൂടെ. അവളുടെ ഹൃദയത്തിൽ നിനക്കൊരു സ്ഥാനം നേടിയെടുക്കാൻ കഴിയില്ലേ?? കഴിഞ്ഞതൊക്കെ മറക്കാൻ അവൾക്ക് അൽപ്പം സമയം നൽകികൂടെ???”

മഹിയുടെ ചോദ്യങ്ങൾ മുന്നിൽ ഉത്തരം മുട്ടി അവൻ നിന്നു. “ഈ പറഞ്ഞതൊന്നും ഒരിക്കലും നടക്കില്ല മഹി. ശ്രീജിത്ത്‌ അവളെ അത്രയേറെ സ്നേഹിക്കുന്നുണ്ട്. അവളുടെ മനസ്സ് അവന്റൊപ്പമാണ്. മാത്രമല്ല അപർണ്ണയും ആഗ്രഹിക്കുന്നത് ഡിവോഴ്സാണ്.” “നീ സമ്മതിച്ചു കൊടുക്കുവാണോടാ..” “അല്ലാതെ എനിക്ക് വേറെ വഴിയില്ല… അവളെ അവളുടെ ഇഷ്ടത്തിന് സ്വതന്ത്രയായി വിടുന്നതല്ലേ നല്ലത്.” തലേ ദിവസം ശ്രീജിത്തിന്റെ സുഹൃത്ത് ജിതിൻ കാണാൻ വന്നതും ജിതിന്റെ വീട്ടിലേക്ക് രാഹുലിനെ അവൻ കൂട്ടികൊണ്ട് പോയതും അവിടെ വച്ച് അപർണ്ണയെ കാണാനുണ്ടായ സാഹചര്യവും എല്ലാം രാഹുൽ മഹിയോട് പറഞ്ഞു.

“ഛേ ഇങ്ങനെയൊരു വൃത്തികെട്ട പെണ്ണാണ് അവളെന്നു ഞാൻ കരുതിയില്ല. നിന്റെ താലി കഴുത്തിലിട്ട് കൊണ്ട് കാമുകന് മുന്നിൽ കിടന്നു കൊടുത്ത അവളെ നിനക്കിനി വേണ്ട. നിന്നോട് ഇത്രയ്ക്കും ചെറ്റത്തരം കാണിച്ച അവളെയാണോ നീ ഇങ്ങനെ സ്നേഹിക്കുന്നത്. നിന്നോട് ഒരുതരി സ്നേഹം പോലും ഇല്ലാത്ത അവൾക്ക് വേണ്ടിയാണോ ഇങ്ങനെ കിടന്നു കരയുന്നത്. രാഹുൽ നീ ഇത്രയ്ക്കും പാവമാകരുത്.” എല്ലാം കേട്ട് കഴിഞ്ഞപ്പോഴുള്ള മഹിയുടെ പ്രതികരണം അതായിരുന്നു. “അപർണ്ണ അങ്ങനെ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല മഹി. അവൾ അങ്ങനെയൊരു പെണ്ണല്ല.

അവളെക്കൊണ്ട് അതിനു കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.” “നീയെന്തൊരു മണ്ടനാണ്… അവൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് നിന്നോട് ഡിവോഴ്സ് ആവശ്യപ്പെട്ടത്. നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ആറു മാസം കഴിഞ്ഞു. ഇത്രയും നാൾ നിന്നോടവൾ ഡിവോഴ്സ് ആവശ്യപ്പെട്ടോ?? ഇല്ലല്ലോ. ഇന്നലെ രാത്രി തന്നെ അവൾ നിന്നോട് ഡിവോഴ്സ് ആവശ്യപ്പെടണമെങ്കിൽ ജിതിന്റെ വീട്ടിൽ വച്ച് ശ്രീജിത്തും അവളും തമ്മിൽ എല്ലാം കഴിഞ്ഞിട്ടുണ്ടാകും. നിന്നെ വഞ്ചിച്ച അവളെ നിനക്ക് വേണ്ട.” “അഥവാ നീ പറഞ്ഞത് പോലെ സംഭവിച്ചിട്ടുണ്ടെങ്കിൽ അതിലെന്താ തെറ്റ്.

അപർണ്ണ സ്വയം അവന് മുന്നിൽ കീഴ്പ്പെട്ട് കൊടുക്കുമെന്ന് ഞാൻ വിശ്വസിക്കില്ല. അവൻ അവൾ നഷ്ടപ്പെട്ടു പോകാതിരിക്കാൻ ചിലപ്പോൾ കയ്യേറ്റം ചെയ്തതാകും. അതിന്റെ പേരിൽ അവളെ ഉപേക്ഷിച്ചു കളയാൻ എനിക്ക് മനസ്സ് വരുന്നില്ല മഹി. പെണ്ണിന്റെ ശരീരത്തിലല്ല മനസിലാണ് ശുദ്ധി വേണ്ടത്. അപർണ്ണ നല്ല കുട്ടിയാ. അവളെ നീ മോശക്കാരിയാക്കുന്നത് എനിക്ക് സഹിക്കില്ല. അവൾ ഇങ്ങോട്ട് ഡിവോഴ്സ് ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് ഞാൻ സമ്മതിച്ചത്. അല്ലെങ്കിൽ മറ്റൊരുത്തനും അവളെ ഞാൻ വിട്ടുകൊടുക്കില്ലായിരുന്നു.” “അപർണ്ണ തെറ്റ് ചെയ്തത് കൊണ്ടാണ് ബന്ധം വേർപെടുത്തണം എന്നവൾ ആവശ്യപ്പെട്ടത്.

എന്തായാലും അവൾ ചെയ്തത് നല്ലൊരു കാര്യമാണ്. നിന്നെ വഞ്ചിച്ചു കൊണ്ട് കാമുകനുമായി ബന്ധം സ്ഥാപിക്കാൻ ഒന്നും അവൾ ശ്രമിച്ചില്ലല്ലോ. ഒരു അധികപറ്റായി നിന്റെ ജീവിതത്തിൽ കടിച്ചു തൂങ്ങി നിൽക്കാതെ സ്വയം ഒഴിഞ്ഞു പോകാൻ തയ്യാറെടുത്തില്ലേ. അതൊരു നല്ല തീരുമാനമാണ്. നിന്നെ മാത്രം സ്നേഹിക്കുന്ന നല്ലൊരു പെണ്ണിനെ നിനക്ക് കിട്ടും രാഹുൽ. നീ തളരരുത്… ഇനി ഒരിക്കലും അപർണ്ണയെ ഓർത്തു നീ ദുഃഖിക്കരുത്.” മഹിയുടെ ആശ്വാസവാക്കുകൾക്കൊന്നും തന്നെ അവന്റെ ഉള്ളിൽ എരിഞ്ഞു കൊണ്ടിരുന്ന തീയെ കെടുത്താനായില്ല.

രാഹുലിനെയൊന്ന് നോക്കിയ ശേഷം മഹി എഴുന്നേറ്റു പുറത്തേക്ക് പോയി. അവൻ ചെന്ന് നോക്കുമ്പോൾ പുറത്തെ ഗാർഡനിൽ എന്തോ ചിന്തകളിൽ മുഴുകി നിൽക്കുകയായിരുന്നു അപർണ്ണ. “അപർണ്ണാ…” അവൻ സിറ്റ്ഔട്ടിൽ നിന്നും അവളെ പേരെടുത്തു വിളിച്ചു. അവന്റെ വിളി കേട്ടവൾ തിരിഞ്ഞു നോക്കി. മഹിയെ കണ്ടതും അവൾ വേഗം തൂവാല കൊണ്ട് കണ്ണുകൾ തുടച്ചു. “അകത്തേക്ക് വരൂ… കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.” മഹി പറഞ്ഞു. “ദാ വരുന്നു..” മുഖമൊന്നു അമർത്തി തുടച്ചു കൊണ്ട് അപർണ്ണ അവന്റെ അടുത്തേക്ക് ചെന്നു. അവളെയും കൂട്ടി അവൻ രാഹുലിന്റെ അടുക്കലേക്ക് പോയി.

വീണ്ടും അവർ പഴയ സ്ഥാനങ്ങളിൽ ഇരിപ്പുറപ്പിച്ചു. “കാര്യങ്ങളെല്ലാം രാഹുൽ പറഞ്ഞ് ഞാനറിഞ്ഞു. അപർണ്ണ എടുത്തത് നല്ലൊരു തീരുമാനമാണ്. നിങ്ങളുടെ കേസ് ഞാൻ തന്നെ ഏറ്റെടുത്തോളം. ഡിവോഴ്സ് കിട്ടിക്കഴിഞ്ഞാൽ അപർണ്ണയുടെ നെക്സ്റ്റ് പ്ലാൻ എന്താണ്? മഹി അവളോട്‌ ചോദിച്ചു. “ഞാൻ തിരിച്ചു ദുബായിക്ക് പോകാനാണ് തീരുമാനിച്ചത്. ഇവിടെ നിന്നിട്ട് പ്രത്യേകിച്ച് യാതൊരു ഗുണവുമില്ല.” “താൻ പോയിക്കഴിഞ്ഞാലുള്ള രാഹുലിന്റെ അവസ്ഥയെ പറ്റി അപർണ്ണ എപ്പോഴെങ്കിലും ഒന്ന് ചിന്തിച്ചു നോക്കിയോ??” അവന്റെ ചോദ്യം കേട്ടതും അപർണ്ണ മുഖം കുനിച്ചു.

“രാഹുലേട്ടന് വേറൊരു നല്ല പെൺകുട്ടിയെ കിട്ടും. ഞാൻ കാരണം രാഹുലേട്ടന്റെ ജീവിതം തകരാൻ പാടില്ലെന്ന് കരുതി. ഞാൻ… ഞാൻ… പിഴച്ചവളാ… ഞാൻ ഏട്ടന് ചേരില്ല…” അപർണ്ണ സ്വയം കുറ്റപ്പെടുത്തി കൊണ്ടിരുന്നു. “ആറു മാസം കൂടി കഴിഞ്ഞാൽ നിങ്ങളുടെ വിവാഹം നടന്നിട്ട് ഒരു വർഷം തികയും. വിവാഹം നടന്നു ഒരു വർഷം കഴിഞ്ഞാൽ നമുക്ക് ജോയിന്റ് പെറ്റിഷൻ കോടതിയിൽ സമർപ്പിക്കാൻ കഴിയു. പെറ്റിഷൻ സമർപ്പിച്ചു കഴിഞ്ഞാലും പിന്നെയും ഒരു ആറു മാസം കൂടി കഴിയുമ്പോഴേ കോടതി നടപടികൾ ആരംഭിക്കു. എല്ലാത്തിനും കൂടി ഇനിയൊരു ഒരു കൊല്ലം കൂടി കാത്തിരിക്കണം.” “ഓഡിറ്റോറിയത്തിൽ വച്ചാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്.

അന്നത്തെ ബഹളത്തിന്ടയ്ക്ക് പഞ്ചായത്തിൽ പോയി വിവാഹം രജിസ്റ്റർ ചെയ്തിട്ടൊന്നുമില്ല. അതുകൊണ്ട് കോടതിയിൽ ഒന്നും പോകാതെ തന്നെ പരസ്പരം ഒരു ധാരണയിൽ പറഞ്ഞു പിരിഞ്ഞാൽ ഇത്രയും നാൾ കാത്തിരിക്കണ്ടല്ലോ. എത്രയും വേഗം ഇതിനൊരു തീരുമാനം ഉണ്ടായാൽ എനിക്ക് പെട്ടെന്ന് തന്നെ മടങ്ങി പോകാമായിരുന്നു.” അപർണ്ണയുടെ ഓരോ വാക്കുകളും രാഹുലിന്റെ ഹൃദയത്തെ വേദനിപ്പിച്ചു കൊണ്ടിരുന്നു. “ലുക്ക് അപർണ്ണ… ഹിന്ദു മാര്യേജ് ആക്ട് പ്രകാരം നിങ്ങൾ എവിടെ വച്ചു വിവാഹിതരായാലും കോടതിയിൽ അത് വാലിഡാണ്. അമ്പലത്തിലെയോ ഓഡിറ്റോറിയത്തിലെയോ ഒരു സർട്ടിഫിക്കറ്റ് മാത്രം മതി നിങ്ങൾ വിവാഹിതരായി എന്നതിന് തെളിവായി.

ഡിവോഴ്സ് ലാഭിക്കാൻ ഈ രേഖകൾ മാത്രം മതിയാകും. പഞ്ചായത്തിലോ കോർപ്പറേഷനിലോ രജിസ്റ്റർ ചെയ്താൽ മാത്രമേ വിവാഹം വാലിഡ് ആകു എന്നില്ല. അതുകൊണ്ട് ഒരു വർഷം കാത്തിരുന്നേ മതിയാകു. കോടതിക്ക് നിങ്ങൾ വിവാഹിതരായി എന്നതിന് തെളിവായി പഞ്ചായത്ത് സർട്ടിഫിക്കറ്റ് വേണമെന്നില്ല.. ഞാൻ പറഞ്ഞത് അപർണ്ണയ്‌ക്ക് മനസിലായല്ലോ അല്ലെ.” “അപ്പോൾ വിവാഹമോചനം ലഭിക്കാൻ ഇനിയും ഒരു വർഷം കാത്തിരിക്കണം എന്നാണോ??” നിരാശയോടെ അവൾ ചോദിച്ചു. “അതേ… . ഞാൻ എന്തായാലും പേപ്പഴ്സ് ഒക്കെ ശരിയാക്കി വയ്ക്കാം.

വിളിക്കുമ്പോൾ വന്നു സൈൻ ചെയ്തു തന്നോളൂ. ആറുമാസം കഴിഞ്ഞു കോടതിയിൽ സമർപ്പിച്ചോളാം ഞാൻ. അപർണ്ണയ്‌ക്ക് പിന്നെയൊന്നും ചോദിക്കാനോ പറയാനോ ഉണ്ടായിരുന്നില്ല. എല്ലാം കേട്ടുകൊണ്ട് രാഹുൽ നിശബ്ദമായി ഇരുന്നു. “അപർണ്ണ പോയി കാറിൽ ഇരുന്നോളു. എനിക്ക് രാഹുലിനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.” മഹി ഇരുവരെയും ഒന്ന് നോക്കിയ ശേഷം പറഞ്ഞു. “എന്നാ ഞാൻ വണ്ടിയിലിരിക്കാം നിങ്ങൾ സംസാരിച്ചോളൂ.” രാഹുലിനോട് പറഞ്ഞിട്ട് അപർണ്ണ എഴുന്നേറ്റു പുറത്തേക്ക് നടന്നു. “രാഹുൽ നിനക്ക് കാണണ്ടേ അവനെ… അപർണ്ണയെ കോളേജിൽ വച്ച്….” പറഞ്ഞു വന്നത് പൂർത്തീകരിക്കാതെ മഹി അവനെ നോക്കി.

“വേണം… അപർണ്ണയ്‌ക്ക് ഞാൻ വാക്ക് കൊടുത്തതാ. അവനെ കണ്ടു പിടിച്ചു മുന്നിൽ കൊണ്ട് നിർത്തുമെന്ന്.” “അവൾ പിരിഞ്ഞു പോകാൻ നിൽക്കുവല്ലേ ഇനി അവനെ അറിഞ്ഞത് കൊണ്ട് നിനക്ക് പ്രത്യേകിച്ച് നേട്ടം ഒന്നുമില്ലല്ലോ.” “എനിക്ക് എന്തെങ്കിലും നേട്ടമുണ്ടാകാൻ വേണ്ടിയല്ലടാ. അവൾക്ക് കൊടുത്ത വാക്ക് എനിക്ക് പാലിക്കണം. എനിക്കറിയാം അവനെ കണ്ടു പിടിച്ചു മുന്നിൽ കൊണ്ട് നിർത്തിയെന്ന് പറഞ്ഞു അപർണ്ണ എന്നെ സ്നേഹിക്കാനൊന്നും പോകുന്നില്ലെന്ന്… അവളുടെ സ്നേഹം കിട്ടാനോ എന്നെ വിട്ടു പോകാതിരിക്കാനോ ഒന്നുമല്ല…. അവനെ കണ്ടെത്തേണ്ടത് എന്റെ കൂടി ആവശ്യമായി പോയി.

അവൻ ചെയ്ത നെറികേടിനു ഇത്രയും വർഷം അവളുടെ മനസ്സിൽ പ്രതി ഞാൻ ആയിരുന്നതല്ലേ… അവനെ കയ്യിൽ കിട്ടിയാൽ ആദ്യം രണ്ടു പൊട്ടിക്കണം. അപർണ്ണയോട് ക്രൂരത കാട്ടാൻ ശ്രമിച്ചവനോട് ക്ഷമിക്കാൻ എനിക്ക് കഴിയില്ല…” “എനിക്ക് അവന്റെ ഫോട്ടോ മാത്രമേ കിട്ടിയുള്ളൂ… അതും കോളേജിന്റെ പഴയ ഫേസ്ബുക് ഗ്രൂപ്പിൽ ഒക്കെ വെറുതെ ഒന്ന് അരിച്ചു പെറുക്കി നോക്കിയപ്പോൾ എംഎസ്സി കെമിസ്ട്രി ബാച്ചിന്റെ ടൂർ പോയ ഫോട്ടോസിന്റെ കൂട്ടത്തിൽ നിന്നും വീണു കിട്ടിയത്.” “ഫോട്ടോ മാത്രം മതി… ബാക്കി ഡീറ്റെയിൽസ് നമുക്ക് എളുപ്പത്തിൽ ഒപ്പിക്കാവുന്നതല്ലേയുള്ളു.” ” ഫേസ്ബുക് ഒക്കെ ഉള്ളത് കൊണ്ട് അധികം മിനക്കെടേണ്ടി വന്നില്ല.

വെറുതെ കോളേജ് ഗ്രൂപ്പിൽ കേറി തപ്പി നോക്കിയതായിരുന്നു. ആളെ കിട്ടുമെന്ന് വിചാരിച്ചില്ല. ദേ ഇവനാണ് ആള്…” മഹി തന്റെ ലാപ്ടോപ് രാഹുലിന് നേരെ തിരിച്ചു. ആകാംക്ഷയോടെ രാഹുൽ ലാപ്ടോപ്പിലേക്ക് നോക്കി. ലാപ്ടോപ്പിൽ തെളിഞ്ഞു വന്ന ഫോട്ടോസ് കണ്ട് രാഹുൽ നടുങ്ങി തരിച്ചു. “ഇത്… ഇത്… അവനല്ലേ..” രാഹുൽ ആരോടെന്നില്ലാതെ പറഞ്ഞു. “നിനക്കിവനെ അറിയാമോ?? എനിക്ക് അറിയില്ലായിരുന്നു…. ” മഹി അവനെ നോക്കി. “എനിക്കറിയാം…. ഇത് ഇത് ശ്രീജിത്താണ്.” രാഹുലിന്റെ മനസിലേക്ക് ശ്രീജിത്തിന്റെ മുഖം തെളിഞ്ഞു വന്നു. “ഏത് ശ്രീജിത്ത്‌…. നീ കുറച്ചു മുൻപ് പറഞ്ഞ അപർണ്ണയുടെ കാമുകനായ ശ്രീജിത്ത്‌ ആണോ ഇത്??” സംശയത്തോടെ മഹി ചോദിച്ചു.

“അതേടാ… അവൻ തന്നെയാ ഇത്… ആ ഫ്രോഡ് തന്നെയാ…” മുഷ്ടി ചുരുട്ടി ടേബിളിൽ ആഞ്ഞിടിച്ചു കൊണ്ട് രാഹുൽ പറഞ്ഞു. ഏതോ വെള്ളച്ചാട്ടത്തിന് മുന്നിൽ വച്ചെടുത്ത ഫോട്ടോസ് ആയിരുന്നു അത്. ശ്രീജിത്തിന്റെയും മറ്റു കുട്ടികളുടെയും ഒറ്റയ്ക്കും ഗ്രൂപ്പായുമുള്ള നിരവധി ഫോട്ടോസ്. രാഹുൽ ഓരോ ഫോട്ടോസും സസൂക്ഷ്മം പരിശോധിച്ചു. ഒന്ന് രണ്ടു ഫോട്ടോസിൽ ശ്രീജിത്തിന്റെ കഴുത്തിലെ മറുക് നല്ല വ്യക്തമായി തന്നെ കാണാമായിരുന്നു. അവന്റെ കണ്ണുകൾ കുറുകി വന്നു. പകയോടെ അവൻ ശ്രീജിത്തിന്റെ ഫോട്ടോയിലേക്ക് നോക്കി. “ചതിയൻ…” രാഹുലിന്റെ കടപ്പല്ലുകൾ ഞെരിഞ്ഞമർന്നു….തുടരും

വിവാഹ മോചനം: ഭാഗം 12

Share this story