അദിതി : ഭാഗം 15

അദിതി : ഭാഗം 15

എഴുത്തുകാരി: അപർണ കൃഷ്ണ

എല്ലാ മനുഷ്യരുടെയും മനസ്സിൽ നന്മയും തിന്മയും ഉണ്ട്, അതിന്റെ ഏറ്റക്കുറച്ചിലുകളുടെ കണക്കെടുപ്പിനൊടുവിൽ ഒരാൾ നല്ലവനെന്നോ ദുഷ്ടനെന്നോ ഒക്കെ വിധിയെഴുതപെടുന്നു. എങ്കിലും പാറക്കിടയിലെ തെളിനീർ പോലെ ഏതൊരു ദുഷ്ടൻറെയും അഥവാ ദുഷ്ടൻ എന്ന് വിളിക്കപെടുന്നവന്റെയും ഉള്ളിൽ നന്മയുടെ കണങ്ങൾ കാണാതെയിരിക്കില്ല. കാലം പഠിപ്പിച്ചു തന്ന ഒരറിവാണത്. രോഹിതിനെ കുറച്ചു നാൾ മുൻപ് വരെ ഞാൻ എത്രത്തോളം എതിർത്തിരുന്നോ ഇന്ന് അത്രത്തോളം അല്ലെങ്കിൽ അതിലും അധികമായി ഞാൻ അവനെ സ്നേഹിക്കുന്നു.

മറ്റുള്ളവരുടെ മുന്നിൽ സ്വയം കെട്ടിയാടിയ സാത്താൻ വേഷം അഴിച്ചു വച്ചതോടു കൂടെ രോഹിത് വീണ്ടും ഒരു പത്തുവയസുകാരനായി മാറിയിരുന്നു. എന്റെ ‘അമ്മ അവനും അമ്മയാകുന്ന കാഴ്ച കണ്ടു നിൽക്കെ മനസ്സിൽ എന്തായിരുന്നു എന്ന് പറയാൻ അറിയില്ല. സ്വന്തം താൽപര്യങ്ങൾക്കു വേണ്ടി കുഞ്ഞുങ്ങളെ കൊല്ലുന്ന, കൊല്ലാൻ കൂട്ടുനിൽക്കുന്ന സ്ത്രികളെ കുറിച്ചോർത്തു പോയി. എങ്ങനെ കഴിയുന്നു മനസ്സിൽ ഇത്രത്തോളം വിഷം നിറയ്ക്കാൻ. എല്ലാവരും മനുഷ്യർ തന്നെ… ഒന്നിനൊന്നു മാറ്റമുള്ളവർ… രോഹിതിനെയും കൊണ്ട് ഡിഅഡിക്ഷൻ സെന്ററിൽ പോകുമ്പോൾ ഞാനും അമ്മയും അപ്പയും കൂടെ ഉണ്ടായിരുന്നു അവന്റെ അച്ഛനൊപ്പം.

രോഹിത് അച്ചനോടു ക്ഷമിക്കാനോ മിണ്ടാനോ ഇതുവരെ തയ്യാറായിരുന്നില്ല. അതിൽ വിഷമിച്ച അദ്ദേഹത്തെ അപ്പ സമാധാനിപ്പിച്ചു. അവനാദ്യം കുറച്ചു സമയം നൽകണം. മനസിലെ മുറിവുകൾ കാലം മായ്ക്ക തന്നെ ചെയ്യും. ഡ്രഗ് അഡിക്റ്റായ ഒരാൾ പെട്ടന്ന് അത് നിർത്തുമ്പോൾ ഉള്ള എല്ലാ പ്രശ്നങ്ങളും രോഹിതിനുണ്ടായിരുന്നു. അവന്റെ അസ്വസ്ഥതകൾ കൂടുന്നതിന് മുന്നേ ചികിത്സ ലഭ്യമാക്കണം എന്ന തീരുമാനം ആയിരുന്നു ഞങ്ങളുടേത്. കാറിലിരിക്കെ അവൻ അമ്മയുടെ തോളിൽ തല ചായ്ച്ചു കിടന്നു. മാനസികമായി ഒരുപാട് തകർന്നു പോയെന്നു തോന്നുന്നു. അല്ലെങ്കിലും ഇമ്മാതിരി അലമ്പ് കാണിച്ചു നടക്കുന്നവരിൽ പലരും മനോബലം ഇല്ലാത്തവരായിരിക്കും.

അവിടെ പോയി ഫാദറിന്റെ അടുത്ത് സംസാരിക്കുമ്പോഴും അഡ്മിഷന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുമ്പോഴും ഒരു കൊച്ചു കുഞ്ഞിനെ പോലെ രണ്ടു കയ്യും അവൻ അമ്മയുടെ കയ്യിൽ കോർത്തിട്ടുണ്ടായിരുന്നു. കൂട്ടം തെറ്റാതിരിക്കാനാണെന്ന വണ്ണം. അവിടെ അവനെ അഡ്മിറ്റ് ചെയ്തു അമ്മ ഒരുപാടു സമാധാനിപ്പിച്ചു, താമസിയാതെ കൂട്ടികൊണ്ടു പോകാൻ വരും എന്ന് ആശ്വസിപ്പിച്ചു. അവന്റെ അച്ഛൻ മിണ്ടാൻ ശ്രമിച്ചെങ്കിലും തലകുനിച്ചിരുന്നു കളഞ്ഞു. ഒടുവിൽ തന്റെ നിറഞ്ഞ കണ്ണുകൾ ആരെയും കാട്ടാതെ ഇരിക്കാൻ അദ്ദേഹം പുറത്തേക്കു നടന്നു. അമ്മയും യാത്ര പറഞ്ഞിറങ്ങുമ്പോൾ അവന്റെ കണ്ണുകളിൽ നിന്നും ജലം അനുസരണക്കേടു കാട്ടി പുറത്തുവരാൻ തുടങ്ങി.

അവസാനം ഞാനും അവന്റെ അരികിൽ നിന്ന് പിന്തിരിയാൻ തുടങ്ങുമ്പോൾ പുറകിൽ നിന്നും ഒരു വിളി കേട്ടു. “ചേച്ചീ…” അത് അക്ഷരാർഥത്തിൽ എന്നെ എന്താണ് ചെയ്തതെന്ന് പറയാൻ എനിക്കറിയില്ല. അവൻ അലോഷി എന്നല്ല ചേച്ചി എന്നാണ് എന്നെ വിളിച്ചത്, എത്ര അടക്കി വയ്ക്കാൻ ശ്രമിച്ചിട്ടും അനുസരണ ഇല്ലാതെ കണ്ണുകൾ ഈറനണിഞ്ഞു. അവനരികിലേക്കു നടന്ന എന്റെ കൈ രണ്ടും കൂട്ടി പിടിച്ചു അതിലേക്കൊരു ചുംബനമർപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു “സോറി”……….. ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. ജീവിതത്തിന്റെ തന്നെ പാർട്ടാണ് എന്റെ കോളേജ് എനിക്കിപ്പോൾ.

അമൂല്യമായ പലതും എനിക്ക് ലഭിച്ച എന്റെ പ്രിയപ്പെട്ട കോളേജ്. അതിനെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നുവെന്നു പറയാൻ പോലും എനിക്കറിയില്ല. അദിതി, പീക്കിരികൾ, എന്റെ അദ്ധ്യാപകർ, രോഹിത്, പിന്നെ ഡേവിച്ചൻ. …. എന്റെ അദിതി, അവളെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നു എന്ന് ഞാൻ എങ്ങനെ ആണ് പറയുക. മൗനം പോലും വാചാലമാകുന്ന നിമിഷങ്ങളാണ് എനിക്കവൾ നൽകുന്നത്. അവൾ എനിക്ക് മരുന്നും കൂടെയാണ്. ഇപ്പോൾ നല്ല തലവേദനയോടെ ആണ് പുള്ളികാരിയുടെ അടുത്ത് പോയിരിക്കുന്നതെന്നു വച്ചോ, കുറച്ചു കഴിയുമ്പോൾ തലവേദന ഒക്കെ പമ്പ കടക്കും.

അത്രക്കും പോസിറ്റീവ് എനർജി ആണ് പുള്ളികാരിയിൽ നിറഞ്ഞു നിൽക്കുന്നത്. ഒരു പ്രൊപോസൽ ശ്രമം പാളിയത് കൊണ്ടാകണം ഡേവിച്ചൻ വീണ്ടും അതിനു മുതിർന്നിട്ടില്ല. എന്നെ കാണുമ്പോൾ ഒരേടങ്ങേറ് ചിരിയും ചിരിച്ചങ്ങു പോകും. അത് കണ്ടാൽ പിന്നെ കുറച്ചു നേരം ബോധം ഒന്നും കാണില്ല. വല്ലാത്ത ഭംഗിയാണ് ആ ചിരി കാണാൻ. എന്നായാലും പുള്ളിയെ അധികം അടുപ്പിക്കണ്ട എന്ന് തന്നെ ആയിരുന്നു എന്റെ തീരുമാനം. അത് കൊണ്ട് തന്നെ സീനിയർസ് ഇരിക്കുന്ന സ്ഥലത്തേക്ക് ഞാൻ പോകാറേ ഇല്ല. പക്ഷെ ഞാൻ നടക്കുന്ന ഇടനാഴികളിൽ, ലൈബ്രറിയിൽ , എന്റെ പ്രിയപ്പെട്ട മരചുവടുകളിൽ എല്ലാം ആ സാന്നിധ്യം അറിയാറുണ്ട്.

ഞാൻ പൂർവാധികം ഭംഗിയായി അലമ്പി നടന്നു. എന്റേം പീക്കിരികളുടേം ഒരു പ്രധാന വീക്നെസ് എന്താണ് എന്ന് വച്ചാൽ ലവ്ർസ് പാർക്കിൽ പോയിരുന്നു നല്ല ഉച്ചത്തിൽ പാട്ടുപാടും. അവിടാന്നേൽ കുട്ടികാമുകന്മാരും കാമുകിമാരും സൊള്ളാൻ വരുന്ന സ്ഥലം. ഞങ്ങൾടെ പാട്ടു ലവരെ ഒക്കെ ഇറിറ്റേറ്റ് ചെയ്യും. ഞങ്ങളെ നോക്കുമ്പോൾ പാട്ടു നിർത്തി ഒരു ടോണിൽ ചോദിക്കും “അയ്യോ ഡിസ്റ്റർബ് ആയോ” അവസാനം അവര് എഴുന്നേറ്റ് പോകും. ആഹ്ഹ എന്താ സുഖം. അങ്ങനെ പ്രണയജോഡികളുടെ പ്രാക്കുവാങ്ങി ഞങ്ങൾ മദിച്ചു നടന്നു. അദിതിയോടൊപ്പം ഒരു ദിവസം, അതെന്റെ വല്യ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. ഒരു ദിവസം ശനിയാഴ്ച്ച രണ്ടും കൽപ്പിച്ചു ചാടാം എന്ന് പറഞ്ഞു.

കാത്തുകാത്തിരുന്ന് ആ ദിവസം ഇങ്ങു എത്തി. രാവിലെ തന്നെ ബസ്‌സ്റ്റോപ്പിൽ പോയി നിന്നു. നോക്കി നിന്ന് കുറച്ചു നേരം കാണാതെ ആയപ്പോൾ എനിക്കങ്ങു ടെൻഷൻ ആയി. വേറെ ഒന്നും കൊണ്ടല്ല ഇത്രയും ആയിട്ടും ഓൾടെ നമ്പർ എന്റെ കയ്യിൽ ഇല്ല. എന്തൊരു കഷ്ടമാ എന്ന് നോക്കിക്കേ, ഇതും ഓർത്തു നിന്നപ്പോൾ ഉണ്ട് തോളിൽ ആരോ കൈ വയ്ക്കുന്നു. അദിതി. .. ഇളം റോസ് നിറമുള്ള ചുരിദാറിൽ പനിനീർപൂവ് പോലെ. ഞാൻ നമ്മട സ്ഥിരം വേഷം തന്നെ. കാണാം എന്ന് പറഞ്ഞതല്ലാതെ എന്താണ് കാര്യപരിപാടി എന്നൊന്നും നിശ്ചയിച്ചിരുന്നില്ല, സിനിമ, ഷോപ്പിംഗ്, പാർക്ക്, ബീച്ച്, പലതരം ചിന്തകൾ മനസിലൂടെ കടന്നു പോയി. ഷേയ് ഇതൊക്കെ സ്ഥിരമുള്ള ഏർപ്പാടല്ലേ…

പുതുതായി എന്ത് ചെയ്യാം എന്ന് ആലോചിച്ചു നിന്നപ്പോൾ ഉണ്ട്, കോട്ടയം ബസ് വരുന്നു. ഞാനും അദിതിയും പരസ്പരം നോക്കിയത് ഒന്നിച്ചായിരുന്നു. ശ്ശെടാ ഞാൻ ചിന്തിക്കുന്നത് തന്നെ ആണോ അവളുടെയും മനസ്സിൽ, കുറച്ചു നേരം മുഖത്തോടു മുഖം നോക്കി നിന്നിട്ട് “കേറിയാലോ” എന്ന് ചോദിച്ചതും ഒന്നിച്ചായിരുന്നു. ഇത് പൊളിക്കും, എന്റെ അധികം ആർക്കും അറിയാത്ത വിനോദങ്ങളിൽ ഒന്നായിരുന്നു ഏതേലും ഒരു ബസ്സിൽ കേറി അതിന്റെ ലാസ്റ്റ് സ്റ്റോപ്പിൽ ഇറങ്ങിട്ട് അടുത്ത ബസ് അല്ലേൽ ട്രെയിൻ പിടിച്ചു തിരിച്ചു വരിക എന്നത്. എന്തോ എനിക്ക് ബസിൽ ഇരിക്കാൻ അത്രക്കും ഇഷ്ടമാണ്.

കാഴ്ചകൾ ഒക്കെ കണ്ടു….അങ്ങനെ ഞങ്ങൾ രണ്ടും നേരെ ബസിൽ കേറി. ഇതുവരെ ഞാൻ കണ്ട അദിതി ആയിരുന്നില്ല ബസ്സിൽ. കലപില എന്ന് വർത്തമാനം. ഞാൻ കുറയ്ക്കുമോ? ഞാനും തുടങ്ങി, കണ്ടക്ടർ ടിക്കറ്റ് എടുക്കാൻ എ= വന്നപ്പോഴും ഇതൊന്നും അറിയാതെ തകർത്തുകൊണ്ടിരുന്നു. അവസാനം അങ്ങേരു സീറ്റിൽ തട്ടി വിളിച്ചപ്പോളാണ് ബോധം വന്നത്. ആള് ചുള്ളനായത് കൊണ്ട് കൊള്ളാം. ലേശം പഞ്ചാരയും. വല്ല ദേഷ്യക്കാരും ആയിരുന്നെങ്കിൽ ഇന്നേരം ഞങ്ങൾ രണ്ടിനെയും തൂക്കി പുറത്തു കളഞ്ഞേനെ. ഇഇഇ ന്നു ഒരു ഇളിഭ്യച്ചിരിയും പാസ് ആക്കി ഞാൻ കോട്ടയത്തിനു ടിക്കറ്റ് എടുത്തു.

ബാക്കി അവിടെ ചെന്നിട്ട് ആലോയിക്കാം… ഹല്ലാ പിന്നെ…. ഞങ്ങൾ വീണ്ടും തുടങ്ങി കലപില. ..എന്തൊക്കെ സംസാരിച്ചു എന്ന് ചോദിച്ചാൽ ഒരു പിടിയും ഇല്ല. മഴ മുതൽ മൻമോഹൻ സിംഗിനെ കുറിച്ച് വരെ… ആലുവാ മുതൽ അമേരിക്ക വരെ എന്നൊക്കെ വേണം എങ്കിൽ പറയാം. അങ്ങനെ ബസ്സിന്റെ പോക്കിനനുസരിച്ചു ചാടിയും കുലുങ്ങിയും മുന്നോട്ടും പിന്നോട്ടും ആഞ്ഞും ഞങ്ങൾ കോട്ടയത്ത് എത്തി. നേരം കുറച്ചായതു കൊണ്ട് തന്നെ വയറ്റിൽ കൂടെ എലി ഓടിക്കളിക്കുന്ന ഒരു ഫീലിംഗ്. നേരെ ഓടി ഒരു ഹോട്ടലിലേക്ക്. അവിടന്ന് മൂക്ക് മുട്ടെ ഫുഡും തട്ടി ഇരിക്കേ ഒരാൾ ഞങ്ങളെ കണ്ണിമയ്ക്കാതെ നോക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.

കർത്താവേ ഫുഡിനോടുള്ള ആർത്തി കണ്ടു നോക്കിയതാകും, എന്നാലും എനിക്കൊരു കുസൃതി തോന്നി, “അദിതി ദേ നിന്നെ ഒരുത്തൻ ലൈനിടുന്നു” അതാരാ എന്നുള്ള ചോദ്യത്തോടെ അവൾ തിരിഞ്ഞു നോക്കിയപ്പോൾ അവിടം ശൂന്യമായിരുന്നു. അങ്ങേരു കഴിച്ചേച്ചു പോയി കാണും. അവിടന്നിറങ്ങി ഞങ്ങൾ അടുത്ത വണ്ടി പിടിച്ചു നാട്ടിലേക്കു…. ഇതിന്റെ ഇടയ്ക്കു ജീവിതത്തിനെ മാറ്റിമറിക്കാൻ പോകുന്ന ചില സംഭവങ്ങൾക്കു തുടക്കം കുറിച്ചാണ് ആ മടക്ക യാത്ര എന്ന് ഞങ്ങൾ രണ്ടുപേരും ആ സമയം അറിഞ്ഞിരുന്നില്ല. ഞാനും അദിതിയും ഞങ്ങളുടെ സ്വന്തം ലോകത്തായിരുന്നു. ചുറ്റുപാടിനു യാതൊരു പ്രാധാന്യവും ഇല്ലാത്ത വണ്ണം ഞങ്ങളിൽ തന്നെ ലീനരായി…

സന്തോഷം മാത്രമേ ഉണ്ടായിരുന്നുള്ളു മനസ്സിൽ, അത് കൊണ്ട് തന്നെ തിരികെ ഉള്ള വണ്ടിയിൽ ഞങ്ങൾക്കൊപ്പം കയറിയ ആളെ ഞങ്ങൾ രണ്ടുപേരും കണ്ടതുമില്ല. അദിതി താമസിക്കുന്ന വീട്ടിൽ അവളെ വിട്ട ശേഷം ഞാൻ വീട്ടിൽ എത്തിയപ്പോൾ എട്ടുമണി ആയിരുന്നു. അദിതി ഒരു വീട്ടിൽ പേയിങ് ഗസ്റ്റ് ആയിട്ടാണ് താമസിക്കുന്നത്. അന്നാമ്മ എന്റെ ചീട്ടു കീറുമോ എന്നൊരു ഭയം എനിക്കുണ്ടായിരുന്നു. എന്നായാലും വിളിച്ചു പറഞ്ഞിരുന്നു എന്താ സംഭവം എന്നു. വീട്ടിൽ കേറിയപ്പോൾ അമ്മയും അപ്പയും അടുക്കളയിൽ തമ്മിൽ കത്തി വച്ചോണ്ടിരിക്കുന്നു. എന്നെ കണ്ടിട്ട് ഒരു മൈൻഡ് ഇല്ല.

തൊണ്ട ഒക്കെ ശെരിയാക്കി നോക്കിയപ്പോൾ അപ്പ എന്റെ മുഖത്ത് നോക്കി സ്റ്റൈലിൽ ഹായ് എന്ന് പറഞ്ഞിട്ട് വീണ്ടും അവരുടെ സംസാരത്തിലേക്ക് പോയി. അമ്മയാണേൽ അതും ഇല്ല. ശ്ശെടാ ഇതിപ്പോ എന്താ സംഭവം എന്നോർത്ത് ഞാൻ റൂമിലേക്ക് പോയി. രാത്രി ഫുഡ് കഴിക്കണം എന്നില്ലാരുന്നു എങ്കിലും ഞാൻ പതിയെ പോയി. എന്തോ സംഭവിച്ചിട്ടുണ്ട്. അതാണ് രണ്ടിന്റേം മുഖം പൂർണചന്ദ്രൻ ഉദിച്ചത് പോലെ നിക്കുന്നത്. എന്നാൽ ഇപ്പോഴും എന്റെ മുഖത്തു നോക്കുന്നോ എന്തേലും ചോദിക്കുന്നോ ഇല്ല. എനിക്കങ്ങു ദേഷ്യം വന്നു. ഞാൻ ടീവിയിലേക്കു നോക്കി. കഴിക്കാൻ പ്ലേറ്റിലേക്കു തന്നെ നോക്കണം എന്ന് ഒരു നിർബന്ധവും ഇല്ലല്ലോ. കൈ കൃത്യമായി വായിൽ തന്നെ എത്തും.

ഹും കെട്ടിയോനും കെട്ടിയോൾക്കും എന്നാ ജാഡയാ. ടിവി കണ്മുന്നിൽ ഉണ്ടെങ്കിലും എന്റെ ശ്രദ്ധ അവരുടെ സംസാരത്തിൽ ആയിരുന്നു. ആരെയോ ഒക്കെ നല്ല ആളുകൾ എന്നൊക്കെ പറഞ്ഞു വർണിക്കുകയാണ്. “ആ പയ്യൻ എന്ത് നല്ല സ്വഭാവമാ അല്ലെ ഇച്ചായാ” “ആ അന്നാമ്മേ നല്ല പയ്യൻ” ഇതിപ്പോ ആരാ ഞാൻ ചെവി കൂർപ്പിച്ചു. .. “ഡേവിഡ്” തൊണ്ടയിൽ ഇരുന്ന ഭക്ഷണം എല്ലാം കൂടെ വിക്കി ഞാൻ ചുമക്കാൻ തുടങ്ങി. കണ്ണ് നിറഞ്ഞു. ആദ്യം ഒന്ന് ഞെട്ടിയ ശേഷം ‘അമ്മ തലയിൽ തട്ടി അപ്പ വെള്ളം എടുത്തു തന്നു. ചുമച്ചു മനുഷ്യന്റെ അടപ്പിളകി എങ്കിലും സാരമില്ല. ഇങ്ങനെ ഒരു മനുഷ്യജീവി ഇവിടെ ഉണ്ട് എന്ന് അവർക്ക് ബോധം ഉണ്ടായല്ലോ. ഞാൻ ഒന്ന് സമാധാനിച്ച ശേഷം ഒരു കള്ളച്ചിരിയോടെ അപ്പ ചോദിച്ചു.

“എന്നാ അല്ലിയെ ഡേവിഡിന്റെ പേര് കേട്ടിട്ടാണോ നിന്റെ കണ്ട്രോൾ പോയത്” ഹും അമ്മേടെ കെട്ടിയോനായി പോയി, അല്ലേൽ ഈ സാധനത്തിന്റെ ഇപ്പോ എടുത്ത് കിണറ്റിൽ ഇട്ടേനെ. ..പുറകെ അന്നാമ്മ എന്നേം എടുത്തെറിഞ്ഞു കളയും അത് കൊണ്ട് മാത്രം വെറുതെ വിടുന്നു. മകളെ ട്രോളുന്ന തന്ത. എന്റെ മനസ്സിൽ കൂടെ കടന്നു പോയതൊക്കെ മുഖത്ത് പ്രതിഫലിച്ചു എന്ന് തോന്നുന്നു, ഹി ഹി ഹി എന്ന് കിണിക്കാണ്. ബ്ലഡി ഫാദർ. അന്നത്തെ രാത്രി നിദ്രാദേവി എന്റെ അടുത്തൂടെ പോലും പോയില്ല. എത്ര കഷ്ടപ്പെട്ടാണ് ഞാൻ ഡേവിച്ചനെ അകറ്റി നിർത്തുന്നത് എന്ന് എനിക്ക് പോലും അറിയില്ല. അങ്ങനെയിരിക്കെ അപ്പ പോലും പുള്ളിയെ സപ്പോർട്ട് ചെയ്താൽ ഞാൻ എന്നാ ചെയ്യാനാ.

കർത്താവെ നീ കാത്തോളണേ. … എന്നെ തേടി വരുന്നത് അതെന്റെ ശരിയായ പാതി ആണെങ്കിൽ മാത്രം എന്നിലേക്ക്‌ വരാൻ അനുവദിക്കൂ. ഡേവിച്ചനെ അകറ്റി നിർത്താൻ വേണ്ടി കഴിഞ്ഞ വാലന്റൈൻസ് ഡേയ്ക്ക് കോളജിൽ പോകാതെ മുങ്ങിയവളാണ് ഞാൻ. ഫോണും ഓഫ് ചെയ്തു വീട്ടിൽ തന്നെ കുത്തിയിരുന്നു. എല്ലാരും ആ ദിവസം ആഘോഷിച്ചപ്പോൾ ഞാൻ അതിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ചു. എത്രത്തോളം മറക്കാൻ ശ്രമിച്ചാലും ആ മുഖം കടലുപോലെ എന്നിലേക്ക്‌ അടിച്ചു കേറുകയാണ്. പിറ്റേ ദിവസം കോളേജിൽ പോയപ്പോൾ ലൈബ്രറിയിൽ എന്നെ നിർനിമേഷം നോക്കി നിൽക്കുന്ന ഡേവിഡ് എന്നിൽ എന്തെന്നില്ലാത്ത അസ്വസ്ഥത പടർത്തി.

അവഗണയിൽ വേദനിക്കുന്ന ആ വലിയ പീലി നിറഞ്ഞ ചെമ്പൻ മിഴികൾ എന്റെ സ്വപ്നങ്ങളിലും കടന്ന് വരാൻ തുടങ്ങിയിരിക്കുന്നു. … ഓർത്തോർത്തു കിടന്നിട്ടും ഉറക്കം വരാതെ ആയപ്പോൾ ഞാൻ ഒരു ബുക്കും എടുത്ത് എന്റെ മാത്രം ലോകത്തിൽ ചേക്കേറി. നമ്മട ബെന്യാമിൻ എഴുതിയ ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’… എന്നെ ഒരുപാടു ചിന്തിപ്പിച്ച ഒരു പുസ്തകം. മനസ്സിൽ ഒരു കൊടുങ്കാറ്റടിക്കുമ്പോലെ തോന്നി വായിച്ചു തീർന്നപ്പോൾ. അൽ- അറേബ്യൻ നോവൽ ഫാക്ടറി എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം. പാകിസ്താനികളെ എല്ലാം ദുഷ്ടൻമാരും ശത്രുക്കളുമായി കാണാൻ ആണ് ഓരോ ഇന്ത്യനും ചിലപ്പോളൊക്കെ പഠിച്ചിട്ടുള്ളത്.

എന്നാൽ ഒരു പാകിസ്താനി പെൺകൊടിയുടെ ജീവിതത്തിലൂടെ അവർക്കും ഇതേ അവസ്ഥ തന്നെ ആണെന്നു പഠിപ്പിച്ചു തന്ന എഴുത്തുകാരൻ. എന്ത് കൊണ്ടാണ് തീവ്രവാദികൾ ഉണ്ടാകുന്നത്. പണ്ട് വിപ്ലവങ്ങൾ ഉണ്ടായ അതെ കാരണത്താൽ തന്നെ. അടിച്ചമർത്തലുകൾ. .. ഒരിക്കൽ ഇരയായിരുന്നവർ വേട്ടക്കാരാകുമ്പോൾ ഉള്ള പ്രതിഭാസം. അധികാരപ്രമത്തത ജീവിതങ്ങൾ നഷ്ടമാകുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ ഉണ്ടാകുന്ന സംഘങ്ങൾ. എന്നാൽ പാതയിലെവിടെയോ വച്ച് ലക്ഷ്യവും മാർഗവും നഷ്ടപ്പെടുമ്പോൾ അവർ, ഒന്നുമറിയാത്ത പാവം ജനങ്ങളുടെ ജീവിതത്തിനു ഭീഷണിയാകപെടുന്നു.

ശരിക്കും പറഞ്ഞാൽ അധികാരികളുടെയും തീവ്ര ആശയങ്ങൾ ഉള്ള സംഘത്തിന്റെയും ഇടയിൽ പെടുന്ന സാധാരണ മനുഷ്യരാണ് എല്ലാം അനുഭവിക്കേണ്ടി വരുന്നത്. ഒന്നുമറിയാതെ ഒരു തെറ്റും ചെയ്യാതെ പൊലിയുന്ന ജീവിതങ്ങൾ. ….. എന്താ പറയുക. .. സമീരയുടെ ജീവിതം അന്നത്തെ രാത്രി എനിക്ക് ബാക്കി ഉണ്ടായിരുന്ന നിദ്രയെ കൂടി അപഹരിച്ചു. തലേദിവസം ആരോടും പറയാതെ മുങ്ങിയതിന്റെ വാട്ടം തീർക്കാൻ അന്നത്തെ ഞായർ പീക്കിരികളുടെയും അമ്മയുടെയും അപ്പയുടെയും ഒപ്പം പള്ളിയിൽ പോകേണ്ടി വന്നു. കൂടെ ഇറങ്ങുമ്പോൾ ‘അമ്മ ചുരിദാർ ഇടമായിരുന്നു എന്ന് പറയുന്ന കേട്ടപ്പോൾ തന്നെ എനിക്ക് മനസിലായി ഇനി നടക്കാൻ പോകുന്ന തിരക്കഥ.

ചുരിദാർ ഇട്ടില്ലെന്നു മാത്രമല്ല, നല്ല ഡാർക്ക് നേവി ബ്ലൂ ലോങ്ങ് സ്ലീവ് ടി ഷർട്ടും ഇട്ട്. ബ്ലാക്ക് ജീൻസും പേരിനു ഒരു സ്കാർഫും ഇട്ടതല്ലാതെ, വേറെ ഒന്നും ചെയ്തില്ല. പോരാഞ്ഞിട്ട് എന്റെ സൺ ഗ്ലാസ് എടുത്ത് കയ്യിൽ പിടിച്ചു ആവശ്യം വന്നാലോ? മുടി എല്ലാം കൂടെ മുകളിൽ ഒരു ബൺ പോലെ കെട്ടി വച്ച എന്റെ കോലം കണ്ട അമ്മക്ക് കലി വന്നെങ്കിലും അപ്പ സമ്മതിപ്പിച്ചു. അപ്പ ആരാ മോൻ, മനഃപൂർവം ഉടക്കി പോകാതിരിക്കാൻ വേണ്ടി ആണ് ആ കോലത്തിൽ ഇറങ്ങിയത്. ഇതിപ്പോ അപ്പ ഒരുപാടു അപ്ഡേറ്റ് ആയിപോയി. പുതിയ പരിപാടികൾ കണ്ടു പിടിക്കേണ്ടി വരും. എനിക്ക് തെറ്റില, കുടുംബസമേതം എല്ലാരും ഉണ്ടായിരുന്നു. ചിരകാല പരിചിതരെ പോലെ പരസ്പരം സംസാരിക്കുന്നതു കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി പണി പാലും വെള്ളത്തിൽ കലക്കി കിട്ടാൻ പോകുവാ എന്ന്.

പീക്കിരികൾ ചുറ്റും നിരന്നു സംസാരിക്കുന്നുടെങ്കിലും കുറുക്കന്റെ കണ്ണ് ഇങ്ങോട്ടായിരുന്നു. ഹം ഞാൻ ഈ ലോകത്തൊന്നുമല്ലേ എന്ന മട്ടിൽ നിന്നു. മാസിനു നിന്നപ്പോൾ പോലും എനിക്കൊരു മനഃസമാധാനം കിട്ടിയില്ല. മനസ്സും ഞാനും അവിടെ യുദ്ധം നടത്തുകയായിരുന്നു. ഇളം നീല ഷർട്ടും ജീൻസും ആയി മൂപ്പരെ കാണാൻ ഭയങ്കര വൃത്തികെട്ട ലുക്ക്. മനസ്സ് പറയുന്നു “നോക്ക് നോക്ക്” ഞാൻ “ഇല്ല എന്റെ പട്ടി നോക്കും” മനസ് “ഷേയ് ഒന്ന് നോക്കെന്നേ” ഞാൻ “മിണ്ടാതിരി പുല്ലേ നോക്കുല എന്നല്ലേ പറഞ്ഞേ” മനസ് “ഒന്ന് നോക്കെന്നേ ഒരു നിമിഷം” എനിക്ക് ഇല്ല എന്ന് പറയാൻ അവസരം കിട്ടും മുന്നേ കാലിൽ ഉറുമ്പു കടിച്ചു ഒരു നിമിഷം ശ്രദ്ധ പതറി. നോക്കുമ്പോൾ ആഹാ ഇങ്ങോട്ട് നോക്കി ഇളിച്ചോണ്ട് നിക്കുന്നു.

കാണാൻ ഒട്ടും കൊള്ളാത്ത കൊണ്ടാകണം എന്റെ മനസ്സിൽ കൂടെ ഒരു മിന്നൽ കടന്നു പോയി. പിന്നെ നോക്കിയില്ല. പട്ടിയുറുമ്പു. അതിനു കടിക്കാൻ കണ്ട നേരം. പുറത്തിറങ്ങുന്ന നേരം മുങ്ങാൻ പറ്റുന്നേനു മുൻപേ ഡേവിച്ചന്റെ ‘അമ്മ എന്നെ പൂട്ടിയിരുന്നു. കർത്താവേ നീ ഒരുതരത്തിലും ജീവിക്കാൻ സമ്മതിക്കില്ല എന്ന് ഉറപ്പിച്ചാണോ? ഞാൻ ദയനീയതയോടെ നോക്കിയപ്പോൾ അങ്ങേരും ചിരിക്കുന്നു ഒരു ചിരി. എല്ലാം കുഴപ്പക്കാരാ. ഞായഴ്ച്ച അല്ലെ ഒരു ചേഞ്ച് ആയിക്കോട്ടെ എന്നും പറഞ്ഞു, പള്ളി മുറ്റത്തു വച്ച് അപ്പയും അമ്മയും അവരും കൂടെ ഒരു കാര്യപരിപാടി സെറ്റ് ചെയ്തു.

പുറത്തുന്നു ഫുഡും സിനിമയും ബീച്ചും…. ജാങ്കോ നീ അറിഞ്ഞോ ഞാൻ പിന്നെയും പെട്ടെടാ. … പീക്കിരികൾ എന്റെ അടുത്ത് പോലും വരുന്നില്ല. അമ്മയും അപ്പയും മുഖത്തും നോക്കുന്നില്ല. എനിക്കങ്ങു കലി വന്നു. ഇവരിതു എന്ത് ഉദ്ദേശിച്ചാണ്. എന്റെ മുഖം മൂടി കെട്ടിയതു പോലെ ഇരിക്കുന്ന ചോദിച്ചത്. ഒരു തലവേദന എന്ന് പറഞ്ഞു രക്ഷപെടാം എന്നോർത്ത് വാ തുറക്കുന്നേനു മുന്നേ, സിനിമ കാണിക്കാൻ കൊണ്ട് പോകാത്തതിന് അപ്പയോടു പിണങ്ങി നിക്കുവാരുന്നു എന്ന് വച്ച് കാച്ചി കളഞ്ഞു തന്തപ്പടി. എന്റെ പൊന്നോ ഇങ്ങനെയും നുണ പറയാൻ പാടുണ്ടോ എന്ന മട്ടിൽ ആ മുഖത്ത് നോക്കിയപ്പോൾ, നിന്റെ അല്ലെടി അപ്പൻ എന്ന ഭാവത്തിൽ ഒരു ചിരി. അത് കണ്ടതും എനിക്കും ചിരി വന്നു.

മോളെ പ്രേമിക്കാൻ പ്രേരിപ്പിക്കുന്ന അപ്പൻ. ബ്ലാഹ്. …. ഇങ്ങേരു ഹിന്ദി തെലുങ്ക് സിനിമകൾ ഒന്നും കണ്ടിട്ടില്ലേ. ദുരന്തം… അപ്പോളതാ അടുത്ത അപ്പൻ എന്റെ അല്ല ഡേവിഡിന്റെ “ഓഹ് ഇനി പിണക്കം ഒന്നും വേണ്ട നമുക്ക് പോകാല്ലോ ഫിലിം കാണാൻ” ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു. അല്ലാണ്ട് എന്ത് ചെയ്യാനാ. .. സന്തോഷായി രമണാ സന്തോഷായി. .. റോബർട്ട്…. അങ്ങെനെ വിളിക്കുന്നത് പുള്ളിക്കിഷ്ടല്ല, റോക്കി അതാണ് ലവന്റെ വിളിപ്പേര്. ഡേവിച്ചന്റെ പുന്നാര അനിയൻ. അവൻ ഒരു സംഭവം ആണ്. ചേട്ടനെ പോലെ ബോറിങ് ഒന്നുമല്ല. അടുത്തിരുന്നാൽ സമയം പോകുന്നത് അറിയേ ഇല്ല.

ഞങ്ങൾ മച്ചാ- മച്ചാ കമ്പനി ആയി. എന്റെ കർത്താവെ കൗണ്ടറടിയുടെ കാര്യത്തിൽ, എന്റെ അപ്പാപ്പൻ ആണ്. ഞാൻ ശിഷ്യപ്പെടേണ്ടിയിരിക്കുന്നു. പീക്കിരികൾ എന്റെ കയ്യേറ്റം പേടിച്ചു ഡേവിച്ചന്റെ അടുത്തുന്നു മാറുന്നില്ല. അവരെ കുറ്റം പറയാനും പറ്റില്ല. കുരങ്ങിന്റെ ജന്മം ആണ് എന്ന് പറഞ്ഞാണ് അവർ കളിയാക്കുന്നത്. അഞ്ചുപേരുടെയും കൈയ്യിൽ അവിടവിടെ ആയി ഞാൻ നഖം കൊണ്ട് നടത്തിയ ചിത്രപ്പണികളുടെ പാട് കാണാം. സുബിന്റെ കയ്യിൽ എന്റെ ട്രേഡ്മാർക്ക് പൂക്കളവും. എന്നെ കൊണ്ട് ഇത്ര ഒക്കെ പറ്റൂ. റോക്കി കൂടെ ഉണ്ടായിരുന്ന കൊണ്ട് സമയം പോകുന്നത് അറിഞ്ഞില്ല. ഞങ്ങൾ രണ്ടും കൂടെ അലമ്പി നടന്നു. എനിക്കൊരു കാര്യം ഉറപ്പായി അവൻ വീടുമാറി ജനിച്ചതാണ്.

എന്റെ അനിയൻ എങ്ങാനും ആയിരുന്നേൽ ഓഹ് ദൈവമേ പറയണോ….. സ്വാഹാ. ….. ലാലേട്ടൻ ഫാൻസും മമ്മൂട്ടി ഫാൻസും കൂടെ മുട്ടൻ അടി ആയിരുന്നു സിനിമ കാണുന്ന കാര്യത്തിൽ. എനിക്കതൊന്നും ഒരു വിഷയമേ അല്ല. കയ്യടിക്കേണ്ട ഇടത്തു കയ്യടിക്കും പിന്നെ കൂകും, കൂഒയ് ന്നു വിളിക്കും, എനിയ്ക്കിതൊക്കെ ചെയ്യാൻ പറ്റുമെങ്കിൽ ആരുടെ സിനിമ ആണേലും ഓക്കേ. പിന്നെ സല്ലുഭായുടെ മൂവി ആണേൽ പറയണ്ട. എനിക്കെന്തോ പുള്ളിയെ ഭയങ്കര ഇഷ്ടമാ. ഫേവറിറ്റ് ആക്ടർ srk ആണ് എങ്കിലും സല്ലു എനിക്ക് വീക്നെസ് ആണ്. ഷാരൂഖും സല്ലുവും കൂടെ പിണങ്ങിയപ്പോൾ ഞാൻ ആയിരിക്കും ഏറ്റവും ദുഃഖിച്ചത്, അത് മാറാൻ വേണ്ടി ഞാൻ എന്തോരം മെഴുകുതിരി കത്തിച്ചിട്ടുണ്ടെന്നോ. .

പുള്ളിടെ ഡാൻസ് ഒക്കെ കാണുമ്പോൾ ഒരു സന്തോഷം. പാട്ടിന്റെ കാര്യത്തിൽ പുലി ആണെങ്കിലും ഞാൻ ഡാൻസ് കളിക്കുന്നത് കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ല. എന്നും പറഞ്ഞു എനിക്കതിന്റെ അഹംഭാവം ഒന്നും ഇല്ല കേട്ടോ, ഞാൻ കളിക്കും ആളുകളെ വെറുപ്പിക്കാൻ കിട്ടുന്ന ഒരു അവസരം പോലും നമ്മൾ പാഴാക്കാൻ പാടില്ല. എനിക്ക് പറ്റിയ കുറെ സ്റ്റെപ്പുകൾ പുള്ളിടെ പല പാട്ടുകളിൽ നിന്നായി ഒപ്പിച്ചു വച്ചിട്ടുണ്ട്. എന്നായാലും ഫാൻസ്‌ അസോസിയേഷന്റെ അടി രമ്യതയിൽ ആകാത്ത കൊണ്ട് സാലുഭായ്‌ടെ മൂവി കാണാൻ കേറി. രോഗി ഇച്ഛിച്ചതും വൈദ്യൻ പുച്ഛിച്ചതും അല്ല കല്പിച്ചതും ചിക്കൻ ബിരിയാണി. ഹി ഹി ഹി. സിനിമ കണ്ടു ഇറങ്ങിയതോടെ ആന്റിക്കും അങ്കിളിനും എന്റെ ഏകദേശ സ്വഭാവം മനസിലായി കാണും. ഇനി പേടിക്കേണ്ട കാര്യം ഇല്ല.

അമ്മാതിരി അലമ്പല്ലേ ഞാനും റോക്കിം പീക്കിരികളും കൂടെ കാണിച്ചത്. ഡേവിച്ചൻ എന്ത് ചെയ്യാരുന്നു എന്ന് ചോദിക്കരുത്. അല്ലേലും സല്ലുവിനെ കണ്ടാൽ എനിക്ക് ചുറ്റും ഉള്ളതൊന്നും കാണാൻ കഴിയില്ല. ഇതേ സെയിം അലമ്പ് തന്നെ ആയിരുന്നു ഫുഡ് കഴിക്കണ സ്ഥലത്തും. അഥവാ ആരുടെ എങ്കിലും മനസ്സിൽ എന്തേലും ദുരുദ്ദേശം ഉണ്ടാരുന്നു എങ്കിൽ തന്നെ ഇതോടെ മാറി കാണും… എന്റടുത്താണ് കളി. ചെറിയൊരു ഷോപ്പിങ് എന്ന് പറഞ്ഞു മാളിൽ കേറിയതാണ് എല്ലാരും. പെണ്ണുങ്ങളെ കുറ്റം പറയുന്ന ആളുകൾ ഈ പുരുഷപ്രജകളെ കണ്ടിരുന്നെങ്കിൽ ബോധം പോയേനെ. ഓ കഷ്ടം. എനിക്ക് ബോറടിച്ചു. ഞാൻ റോക്കിനെയും പൊക്കി ഫുഡ് കോർട്ടിലേക്ക് നടന്നു.

ഞങ്ങൾ ഓരോ ഐസ്ക്രീമിമും തട്ടി അവിടന്ന് ബാക്കി പരിവാരങ്ങളുടെ അടുത്തേക്ക് നടന്നു. ഡേവിച്ചൻ ഷർട്ട് സെലക്ട് ചെയ്യുന്നു. കുറെ ചെക്ക് ഷർട്ടുകൾ നോക്കുന്നുണ്ട്. എനിക്കെന്തോ അതത്ര ഇഷ്ടമല്ല. പ്ലെയിൻ ഒറ്റ കളർ ആണ് എന്റെ ഫേവറിറ്. കുറച്ചു നേരം കൗതുകത്തോടെ നോക്കി നിന്നിട്ട് അങ്ങോട്ടേക്ക് നടന്നു. നല്ല ഡാർക്ക് റോയൽ ബ്ലൂ നിറമുള്ള ഒരു ഷർട്ട് എന്റെ കണ്ണിൽ പെട്ടു. ഡേവിഡ് ജോണിന് ഇതിട്ടാൽ പൊളിക്കും. അതെടുത്തു വരുംവരായ്കകൾ ഓർക്കാതെ പുള്ളിയുടെ മുന്നിൽ കൊണ്ട് വച്ച്. ആദ്യം എന്നെ ഒന്ന് ആശ്ചര്യത്തോടെ നോക്കിയിട്ട് പുള്ളി അത് കയ്യിലെടുത്തു. ഞാൻ വീണ്ടും പരതി കൊണ്ട് നിക്കുന്നെന്റെ ഇടയിൽ പുള്ളി ആ ഷർട്ടും ഇട്ടു വന്നു.

എന്റെ മുഖം അന്നേരം പൂത്തിരി കത്തിച്ച പോലെ ആയി എന്ന് എനിക്ക് തന്നെ തോന്നി… ഓഹ് എന്റെ സാറേ…… ഞാൻ ഒന്നും പറയുന്നില്ല. എന്നാൽ വടി കൊടുത്തു അടി വാങ്ങിക്കുവാരുന്നു എന്ന് എനിക്ക് പിന്നെ ആണ് മനസിലായത്. ഡേവിച്ചനു ഒരു തമ്പ്സ് അപ്പ് കൊടുത്തിട്ട് തിരിഞ്ഞതും ബാക്കി പരിവാരങ്ങൾ എല്ലാം കൂടെ ചിരിച്ചോണ്ട് നിക്കുന്നു. വെറും ചിരി അല്ല കൊലച്ചിരി. ഇനി അവിടെ നിന്നാൽ എല്ലാം കൂടെ എന്റെ ഫ്യൂസ് ഊരും എന്ന് ഉറപ്പുള്ളതിനാൽ ഞാൻ വേഗം പുറത്തേക്കു നടന്നു. സ്പീഡിൽ സ്റ്റെപ് ഇറങ്ങുന്നെന്റെ ഇടയിൽ ഞാൻ ആരെയോ പോയിടിച്ചു. കർത്താവേ ഇനീപ്പോ ഇങ്ങേരുടെ വായിൽ ഇരിക്കുന്നത് കേൾക്കണമല്ലോ എന്ന് പറഞ്ഞു തിരിഞ്ഞതും എതിരെ നിന്ന ആൾ ഇങ്ങോട്ട് സോറി പറഞ്ഞു ധൃതിയിൽ നടന്നു പോയി.

ഒരൊറ്റ നോട്ടമാണ് ഞാൻ ആളെ കണ്ടത്. ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടല്ലോ….. ചുരുണ്ട മുടി കഴുത്തറ്റം വരെ നീണ്ടു കിടക്കുന്നു. എവിടെയാണ് കണ്ടത്. … എവിടെയാണ് കണ്ടത് ….. ഓർത്തോർത്തു സ്റ്റെപ് ഇറങ്ങുന്നതിനിടയിൽ എനിക്കോർമ്മ വന്നു. ഇന്നലെ കോട്ടയത്ത് വച്ച്, ഫുഡ് കഴിക്കുന്നതിനിടയിൽ കണ്ട മനുഷ്യൻ. ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി. സ്റ്റെയറിനു മുകളിൽ എന്നെ നോക്കി അയാൾ നിൽപ്പുണ്ടായിരുന്നു. ഞാൻ കണ്ടു എന്നായതും മുഖം തിരിച്ചു നടന്നു പോയി. ആരാണിയാൾ, എന്തിനാണ് ഇപ്പോൾ നോക്കി നിന്നത്, ഞങ്ങളെ ഫോളോ ചെയ്തു വന്നതാകുമോ? ഒരായിരം ചോദ്യങ്ങൾ മനസ്സിൽ നിറഞ്ഞു.. തുടരും

Share this story