ഹരി ചന്ദനം: ഭാഗം 25

ഹരി ചന്ദനം: ഭാഗം 25

എഴുത്തുകാരി: ശ്രുതി കൃഷ്ണ

റൂമിന്റെ കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്.H.P യെ കാത്ത് കാത്തിരുന്നു എപ്പോഴോ സോഫയിൽ ചാരി ചെറുതായി ഒന്ന് മയങ്ങി.കയ്യിലെ വാച്ചിലേക്ക് സമയം നോക്കിയപ്പോൾ എട്ടു മണിയായിരുന്നു.പതിയെ എണീറ്റു ഒത്തിരി നേരമായി ഒരേ കിടപ്പ് കിടന്നത് കൊണ്ട് കാലൊക്കെ ആകെ ഒരു തരിപ്പ് പോലെ തോന്നി.മെല്ലെ ചെന്ന് ഡോർ തുറന്നപ്പോൾ ഒരു ഇളിഞ്ഞ ചിരിയോടെ H.P നിൽക്കുന്നു.റെഡി ആയി നിൽക്കുന്ന എന്നെ ആള് അടിമുടിയൊന്നു നോക്കി.എനിക്കാകെ ദേഷ്യവും സങ്കടവും ഒക്കെ വരുന്നുണ്ടായിരുന്നു. “എടൊ… സോറി….

ഓഫീസിൽ നിന്നും നേരത്തേ ഒഴിവാകാൻ മാക്സിമം ശ്രമിച്ചതാണ്. കഴിഞ്ഞില്ല. പിന്നെ ഇവിടുത്തെ ട്രാഫിക് ബ്ലോക്കും” “എങ്കിൽ അതൊന്നു വിളിച്ച് പറയായിരുന്നു.ഞാൻ അങ്ങോട്ട്‌ ആവശ്യപ്പെട്ടതല്ലല്ലോ ഇങ്ങോട്ട് പറഞ്ഞതല്ലേ കൊണ്ടുപോവാമെന്നു. ” അത്രയും പറഞ്ഞപ്പോളേക്കും എന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു. “ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ കൊണ്ടു പോകാമെന്നു തന്നെയാണ് കരുതിയത്.ബട്ട്‌ ട്രാഫിക് ബ്ലോക്കിൽ പെട്ടു പോയി.തന്നെ ഫോണിൽ ട്രൈ ചെയ്‌തെങ്കിലും കിട്ടിയില്ല.അതോടെ ഞാൻ ആകെ ടെൻഷൻ ആയി. ” “ടെൻഷനോ നിങ്ങൾക്കോ?

എനിക്കെന്തു പറ്റിയാലും നിങ്ങൾക്കെന്താ??? ” “ലുക്ക്‌ ചന്ദന…. താൻ ഇത്രയ്ക്ക് ഇമോഷണൽ ആകാൻ മാത്രം ഒന്നും ഇവിടെ നടന്നില്ല.തനിക്ക് വിരോധമില്ലെങ്കിൽ ഇപ്പോൾ വേണമെങ്കിൽ ചാരുലതയെ മീറ്റ് ചെയ്യാം.ഞാൻ പറഞ്ഞു പോയില്ലേ കൊണ്ടു പോവാമെന്നു. ” “അയ്യോ… എനിക്ക് വേണ്ടി ആരും ബുദ്ധിമുട്ടേണ്ട.എന്നെ എങ്ങോട്ടും കൊണ്ടു പോവുകയും വേണ്ട.അല്ലെങ്കിൽ തന്നെ 7 മണിക്ക് ശേഷം വിസിറ്റർസ് അലോവെഡ് അല്ലാത്ത ഹോസ്റ്റലിന്റെ മതില് ചാടാനൊന്നും എന്നെ കൊണ്ട് വയ്യ. ” അത്രയും പറഞ്ഞു ഞാൻ റൂമിൽ കയറി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്ത് ഒരു നൈറ്റ്‌ ഡ്രസ്സ്‌ എടുത്തിട്ടിട്ടു കയറി കിടന്നു.H.P ഫ്രഷ്‌ ആയി വന്ന് താഴെ പോയി ഫുഡ് കഴിക്കാൻ വിളിച്ചെങ്കിലും ഞാൻ പോവുന്നില്ലെന്നു പറഞ്ഞു.

ഇങ്ങോട്ട് ഓർഡർ ചെയ്ത് വരുത്തിക്കട്ടെ എന്ന് ചോദിച്ചപ്പോളും വിശപ്പില്ലെന്നു പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറി.അങ്ങനെ H.P ഒറ്റയ്ക്ക് താഴെ പോയി ഫുഡ് കഴിച്ചു.നിസ്സാര കാര്യമായിരുന്നിട്ടു കൂടി എനിക്കിത്രത്തോളം ദേഷ്യം വരാൻ കാരണം ഇന്ന് മുഴുവൻ ഞാൻ അനുഭവിച്ച ഏകാന്തതയാണെന്ന് തോന്നി.പെട്ടന്ന് അമ്മയെ ഓർമ വന്നപ്പോൾ കണ്ണ് നിറഞ്ഞു.ഇന്ന് ഏറ്റവും കൂടുതൽ മിസ്സ് ചെയ്തത് അമ്മയെ ആണെന്ന് തോന്നി.ഇങ്ങോട്ട് വരേണ്ടിയിരുന്നില്ലെന്നു മനസ്സ് പറയുന്നുണ്ടായിരുന്നു.എന്നാൽ അതേ സമയം ഭർത്താവിനൊപ്പം ഇത്തരം കുഞ്ഞ് യാത്രകൾ ഏതൊരു ഭാര്യയുടെയും സ്വോപ്നമാണെന്ന് എന്റെ ബുദ്ധി മനസ്സിനെ തിരുത്തികൊണ്ടിരുന്നു.

അങ്ങനെ ബുദ്ധിയും മനസ്സും തമ്മിലുള്ള വാഗ്വാദങ്ങൾക്കിടയിൽ എപ്പോഴോ ഞാൻ ഉറങ്ങി. പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ പതിവുപോലെ H.P ഓഫീസിൽ പോയിരുന്നു.എണീറ്റ് ഫ്രഷ്‌ ആയി വന്നപ്പോളേക്കും കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു. H.P ഇത്ര പെട്ടന്ന് തിരിച്ചു വന്നോ എന്നാലോചിച്ചു വാതിൽ തുറന്നപ്പോൾ പുറത്ത് ഇളിച്ചു കാണിച്ചു ചാരു നിൽപ്പുണ്ടായിരുന്നു.കൂടെ കുറച്ചു മോഡേൺ ആയ വേറൊരു കുട്ടിയും.ഞാൻ പിണക്കം നടിച്ചു തിരിഞ്ഞു നടന്നപ്പോളേക്കും അവൾ പിന്നിലൂടെ വന്ന് കെട്ടിപ്പിടിച്ചു കുറേ തവണ സോറി പറഞ്ഞു.എന്നെ മീറ്റ് ചെയ്യാൻ വേണ്ടി ഇന്നത്തെ ക്ലാസ് കട്ട്‌ ചെയ്താണ് അവള് വന്നതെന്ന് പറഞ്ഞു ഏത്തമിടാൻ തുടങ്ങിയപ്പോളേക്കും എന്നോട് ചിരിച്ചു പോയി.

കൂടെ വന്ന കുട്ടിയും ഞങ്ങളെ നോക്കിക്കണ്ടു ചിരിക്കുന്നുണ്ടായിരുന്നു.ആ കുട്ടിയുടെ പേര് ദിവ്യ ആണെന്ന് പറഞ്ഞപ്പോൾ എനിക്ക് ആളേ പിടികിട്ടി.ഫോൺ വിളിക്കുമ്പോൾ മിക്കപ്പോഴും ചാരു അവളെക്കുറിച്ചു പറയും.ഇവിടുത്തെ ചാരുവിന്റെ ഹോസ്റ്റൽ മേറ്റ്‌ ആണ് ദിവ്യ.ഇവിടെ തന്നെ ജനിച്ചു വളർന്ന കുട്ടി.അച്ഛൻ ഒരു മലയാളി ആയിരുന്നത് കൊണ്ട് കുറച്ച് മലയാളം ഒക്കെ അറിയാം. ഞങ്ങൾ റൂമിലിരുന്ന് ഇത്തിരി കഥയൊക്കെ പറഞ്ഞു.മിക്കതും ഞങ്ങളുടെ പഴയ കഥകൾ ആയിരുന്നെങ്കിലും ദിവ്യ അതെല്ലാം കേട്ട് ആസ്വദിക്കുന്നുണ്ടായിരുന്നു.ഇത്തിരി കഴിഞ്ഞപ്പോൾ മൂന്നാളും കൂടി പുറത്ത് പോകാൻ തീരുമാനിച്ചു.

ബാംഗ്ലൂർ നഗരത്തെ മുക്കും മൂലയും ഏകദേശം ദിവ്യയ്ക്ക് മനഃപാഠമായിരുന്നത് കൊണ്ട് അധികം ചിന്തിക്കേണ്ടി വന്നില്ല കൂടെ പോകാൻ.റെഡി ആയി പോകാൻ നേരത്ത് ചാരുവിന്റെ കൂടെ ഒന്ന് പുറത്ത് പോകുന്നെന്ന് മാത്രം H.P യ്ക്ക് മെസ്സേജ് അയച്ചു. ആദ്യം ഞങ്ങൾ പോയത് മാളിലേക്കാണ് അവിടെ ഇത്തിരി കറങ്ങി കാര്യമായൊന്നും വാങ്ങിയില്ല.എല്ലാത്തിനും ഭയങ്കര വിലയായിരുന്നു.അതു കൊണ്ട് ഇത്തിരി കഴിഞ്ഞു ഷോപ്പിംഗിനു സ്ട്രീറ്റിലേക്കു പോകാമെന്നു തീരുമാനിച്ചു.മാളിൽ നിന്നിറങ്ങി നേരെ ഒരു ഫിലിം തിയേറ്ററിൽ കയറി ഒരു അടിപൊളി റൊമാന്റിക് ഫിലിം കണ്ടു.അതു കഴിഞ്ഞിറങ്ങിയപ്പോളേക്കും നല്ല വിശപ്പ് തുടങ്ങി.

ഒരു ഓട്ടോ വിളിച്ച് നേരെ ഷോപ്പിംഗ് സ്ട്രീറ്റിലെ ഫുഡ് ഏരിയയിലേക്ക് വിട്ടു.എന്തൊക്കെ കണ്ണിൽ പെട്ടോ അതൊക്കെ കഴിച്ചു.പാനി പൂരി,പാവ് ബജി,മുളക് ബജി,കോളിഫ്ലവർ പൊരിച്ചത് അങ്ങനെ നീളുന്നു ലിസ്റ്റ്.കൂടെ ഇഷ്ടം തോന്നിയ വേറെയും എന്തൊക്കെയോ വാങ്ങി.എനിക്ക് ഡ്രസ്സ്‌ എടുക്കുന്ന കൂട്ടത്തിൽ H.P യ്ക്കും, അമ്മയ്ക്കും,കിച്ചുവിനും,ദിയയ്ക്കും കൂടി എടുത്തു.തിരിച്ചു പോവുമ്പോൾ ദിയയെയും കിച്ചുവിനെയും മീറ്റ് ചെയ്യാനുള്ളതല്ലേ.വെറും കയ്യോടെ പോവേണ്ടെന്നു കരുതി.എന്തായാലും നല്ല അടിപൊളി സാധനങ്ങൾ നല്ല വിലക്കുറവിൽ കിട്ടി.

ഇഷ്ടപ്പെട്ട ഫുഡും വയറു നിറയെ ആസ്വദിച്ചു കഴിച്ചു.പരസ്പരം ഒത്തിരി വിശേഷങ്ങൾ പറഞ്ഞു.എല്ലാം നടന്ന് കണ്ടു ആസ്വദിച്ചു. അവിടെ രാത്രി കാഴ്ചകളാണ് കുറച്ചു കൂടി നല്ലത് എന്ന് തോന്നിയിരുന്നു.നിറയെ പല നിറങ്ങളിലുള്ള ലൈറ്റുകൾ ഒക്കെ തെളിയിച്ചു ആകെ കളർഫുൾ എന്ന് പറയും പോലെ.വൈകുന്നേരത്തോടടുത്തു അവിടെമാകെ തിരക്കു കൂടി വരുമ്പോളേക്കും ഞങ്ങൾ തിരിച്ചു പോവാനായി തയ്യാറെടുത്തിരുന്നു.മടങ്ങാൻ ഓട്ടോയിൽ കയറാൻ നേരത്ത് വയറിൽ ഇത്തിരി സ്ഥലം ബാക്കിയില്ലാഞ്ഞിട്ടു കൂടി H.P യോടുള്ള വാശിക്ക് രണ്ടു പാക്ക് കോട്ടൺ കാൻഡി കൂടി വാങ്ങി ഒറ്റയിരിപ്പിനു തട്ടി.ചുമ്മാ ഒരു മാനസിക സന്തോഷം.എന്നെ ഹോട്ടലിൽ ഇറക്കിയിട്ടു അതേ ഓട്ടോയിൽ തന്നെ ചാരുവും ദിവ്യയും മടങ്ങി.

പോവാൻ നേരത്ത് കെട്ടിപ്പിടിത്തവും യാത്രപറച്ചിലും ഒക്കെ ഉണ്ടായിരുന്നു. റൂമിൽ വന്ന് ഫ്രഷ്‌ ആയി ഒന്ന് ഉറങ്ങിക്കളയാം എന്ന് കണക്കു കൂട്ടിയപ്പോൾ ആണ് ഫോണിൽ H.P യുടെ മെസ്സേജ് വന്ന് കിടക്കുന്നതു കണ്ടത്.ആളുടെ ഇവിടുത്തെ പ്രോഗ്രാം ഒക്കെ കഴിഞ്ഞെന്നും. തിരിച്ചു വന്നാൽ ഉടനെ തിരിക്കാമെന്നുമായിരുന്നു മെസ്സേജ്.ഞാൻ വേഗം ബാഗ് ഒക്കെ പാക്ക് ചെയ്ത് റെഡി ആക്കി വയ്ച്ചു.സാദനങ്ങൾ ഒക്കെ വലിച്ചു വാരി കുത്തിക്കെട്ടിയിട്ടു ബാഗ് മാസം തികഞ്ഞു നിൽക്കുന്ന പോലെ ഉണ്ട്.H.P യുടെ ബാഗ് പിന്നെ കൊണ്ട് വന്നത് പോലെ തന്നെയുണ്ട്.അതെങ്ങനാ ഒന്നും പുറത്ത് വയ്ക്കില്ല.എന്തെടുത്താലും തിരികെ അതേ പോലെ തന്നെ വയ്ക്കും.

എല്ലാം ഒന്നൊതുക്കി കഴിഞ്ഞ് വയറിനു ചെറിയ അസ്വസ്ഥത പോലെ തോന്നിയിട്ട് ഒന്ന് കിടന്നതേ ഉണ്ടായിരുന്നുളളൂ അപ്പോഴേക്കും H.P വന്നു.വാതിൽ തുറന്ന് കൊടുത്തപ്പോളെക്കും ചോദ്യം വന്നു “താൻ എല്ലാം പാക്ക് ചെയ്തില്ലേ? ” “Yes” “എങ്കിൽ വേഗം റെഡി ആയിക്കോളൂ. ഞാൻ ഒന്ന് ഫ്രഷ്‌ ആയിട്ട് വരാം. എന്നിട്ട് നമ്മൾക്കിറങ്ങാം ” “അപ്പോൾ ദിയയുടെയും കിച്ചുവിന്റെയും അടുത്ത് പോണമെന്നു അമ്മ പറഞ്ഞതോ? ” “അതിൽ മാറ്റമൊന്നും ഇല്ലേ. പോയേക്കാം.ആദ്യം ദിയയുടെ അടുത്തേക്ക്.അത് കഴിഞ്ഞ് കിച്ചുവിന്റെ അടുത്ത്.ഇന്ന് അവന്റെ കൂടെ തങ്ങാം എന്നാണ് പ്ലാൻ.” “പക്ഷെ ദിയയുടെ അടുത്തെത്താൻ ലേറ്റ് ആവില്ലേ? ഹോസ്റ്റൽ ടൈം കഴിഞ്ഞാൽ???… ”

“അതൊക്കെ ഞാൻ വിളിച്ച് സ്പെഷ്യൽ പെർമിഷൻ വാങ്ങിയിട്ടുണ്ട്. ” അതും പറഞ്ഞ് ആള് കുളിക്കാൻ കയറി.ഞാൻ ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്ത് റെഡി ആയി നിന്നു.സമയം പോകും തോറും വയറിൽ അസ്വസ്ഥത കൂടി കൂടി വരുന്നുണ്ടായിരുന്നു.കാറിൽ ഇരുന്ന് മയങ്ങിയാൽ ആശ്വാസം കിട്ടുമെന്നായിരുന്നു എന്റെ കണക്കു കൂട്ടൽ.അങ്ങനെ റൂം വെക്കേറ്റ് ചെയ്തു ഞങ്ങൾ തിരിച്ചു പുറപ്പെട്ടു.കാറിൽ ലഗേജ് വയ്ക്കുമ്പോൾ എന്റെ ബാഗിന്റെ അവസ്ഥ കണ്ട് H.P രൂക്ഷമായി എന്നെ നോക്കുന്നുണ്ടായിരുന്നു.അതിന് മറുപടിയായി ഞാൻ നന്നായിട്ടൊന്നു ഇളിച്ചു കാണിച്ചു. കാറിൽ കയറി ഉറങ്ങാൻ ശ്രമിക്കുമ്പോഴൊക്കെ കൂടി വരുന്ന വയറു വേദന കാരണം ആ ശ്രമം പാഴായി.

എന്റെ വയറു പൊത്തി പിടിച്ചുള്ള ഇരിപ്പു കണ്ട് പന്തികേട് തോന്നി H.P എന്തെങ്കിലും കുഴപ്പമുണ്ടോന്നു ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് പറഞ്ഞ് ഞാൻ ഒഴിവാക്കി.വൈകാതെ തന്നെ അതി കഠിനമായ വയറു വേദന കാരണം ഞാൻ കരയാൻ തുടങ്ങിയിരുന്നു.അതോടെ H.P കാർ ഒതുക്കി നിർത്തി കാര്യം അന്വേഷിച്ചു.അദ്ദേഹത്തോട് കാര്യങ്ങൾ പറയുമ്പോൾ വേദന കൊണ്ട് ഞാൻ പുളയുകയായിരുന്നു. എന്റെ ഇങ്ങനൊരു അവസ്ഥയിൽ ദിയയെ കാണാൻ പോവാൻ പറ്റില്ലെന്ന് മനസ്സിലായതോടെ അവളെ വിളിച്ച് കാര്യം പറഞ്ഞു.അങ്ങനെ പ്ലാൻ ചേഞ്ച്‌ ചെയ്ത് നേരെ കിച്ചുവിന്റെ അടുത്തേക്ക് പോകാമെന്നായി.സിറ്റി വിട്ട് കുറച്ചു ഉൾപ്രദേശത്തേക്ക് വന്നതിനാൽ ഒരു ഡോക്ടറെ കണ്ടു പിടിക്കാൻ നന്നേ ബുദ്ധിമുട്ടി.

അവസാനം തേടിപിടിച്ച് ഒരാളെ വീട്ടിൽ പോയി കണ്ടു.വയറു വേദന കാരണം നടക്കാൻ പോലും ബുദ്ധിമുട്ടിയ എന്നെ H.P താങ്ങി പിടിചാണ് ഡോക്ടറുടെ അടുത്ത് എത്തിച്ചത്.ആള് കാര്യമായി പരിശോദിച്ചു എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.അങ്ങനെ അവസാനം ഫുഡ് പോയ്സൺ ആണെന്ന് ആള് കണ്ടു പിടിച്ചു.ഇന്ന് എന്തായിരുന്നു കഴിച്ചതെന്ന ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാതെ ഞാൻ കുഴങ്ങി.എന്റെ ഉത്തരത്തിനായി ഡോക്ടറും H.P യും കാത് കൂർപ്പിച്ചിരിക്കുവായിരുന്നു.അവസാനം എന്റെ ഉത്തരം വന്നാലേ മരുന്ന് കിട്ടൂ എന്ന അവസ്ഥ വന്നപ്പോൾ ഞാൻ മനസ്സിലൊളിപ്പിച്ച ആ നീണ്ട ലിസ്റ്റ് പുറത്തെടുക്കേണ്ടി വന്നു.

ഞാൻ പറയുന്നത് കേട്ട് ഡോക്ടർ അന്തം വിട്ടു നിൽപ്പുണ്ടായിരുന്നു. H.P യാണെങ്കിലോ ഇപ്പോൾ പൊട്ടിത്തെറിക്കും എന്ന മട്ടിൽ ദേഷ്യത്തോടെ എന്നെ നോക്കി കൊണ്ടിരിക്കുവായിരുന്നു.അവസാനം വേദന കുറയാൻ ഒരു ഇൻജെക്ഷൻ എടുക്കാമെന്ന ധാരണയിലെത്തി.ഇതിപ്പോൾ കൂനിന്മേൽ കുരു എന്ന് പറയുന്ന പോലെ ഞാൻ പിന്നേം പെട്ടു.ഇൻജെക്ഷൻ എനിക്ക് പണ്ടേ പേടിയാ.സൂചി കൊണ്ട് എന്നെ കുത്തുന്നതും മറ്റുള്ളവരെ കുത്തുന്നതും കാണനോ സഹിക്കാനോ കഴിയാത്ത ഒരു അപൂർവ ഇനം കുട്ടിയാണ് ഞാൻ.എനിക്ക് ഇൻജെക്ഷൻ പേടിയാണെന്ന് മനസ്സിലാക്കിയതോടെ ഒരു ബലപ്രയോഗത്തിന് തന്നെ ഡോക്ടറും H.P യും തയ്യാറായി.

എന്റെ ബഹളങ്ങളൊന്നും വകവയ്ക്കാതെ എന്റെ ഇരു കൈകളും കൂട്ടിപ്പിടിച്ചു H.P ഡോക്ടർക്ക് സൗകര്യമുണ്ടാക്കി കൊടുത്തു.നടുവിലേക്ക് വേദനയോടെ സൂചി കുത്തിയിറക്കുമ്പോൾ H.P യുടെ കൈകളിൽ ഒതുങ്ങി കണ്ണ് മുറുക്കി ഇരിക്കുകയായിരുന്നു ഞാൻ.അങ്ങനെ ഇൻജെക്ഷൻ ഒക്കെ കഴിഞ്ഞ് അവിടെ അൽപനേരം കിടന്നപ്പോൾ വേദനയ്ക്ക് ഇത്തിരി സമാദാനം തോന്നി.എനിക്ക് ആശ്വാസമുണ്ടെന്നു പറഞ്ഞപ്പോൾ ഡോക്ടർ ഞങ്ങളെ തിരികെ വിട്ടു.അങ്ങനെ കിച്ചുവിന്റെ അടുത്തേക്കുള്ള യാത്ര ഞങ്ങൾ വീണ്ടും തുടർന്നു. എന്നെ ഒറ്റയ്ക്ക് കിട്ടാൻ കാത്തിരുന്ന പോലെയായിരുന്നു കാറിൽ കയറിയ ഉടനെ H.P യുടെ പെരുമാറ്റം.

വയറു വേദന കുറഞ്ഞ ആശ്വാസത്തിൽ വിശ്രമിച്ച എന്നെ അങ്ങേരിനി പറയാൻ ബാക്കി ഒന്നും ഇല്ല.ആള് മറന്നു തുടങ്ങിയ ഭരണിപാട്ട് പാടാൻ ഞാനായിട്ട് തന്നെ ഒരു അവസരം ഉണ്ടാക്കി കൊടുത്തു എന്ന് പറഞ്ഞാൽ മതിയല്ലോ.എല്ലാം കേട്ട് കൊണ്ട് തിരിച്ചൊന്നും പറയാതെ കണ്ണുകളടച്ചു ഞാൻ കിടന്നു. ഇത്തിരി ദൂരം കഴിഞ്ഞപ്പോളേക്കും വയറിൽ വീണ്ടും അസ്വസ്ഥത തോന്നിയിട്ടാണ് എണീറ്റിരുന്നത്.വോമിറ്റ് ചെയ്യാൻ തോന്നിയപ്പോൾ മടിച്ചു കൊണ്ട് H.P യോട് സൂചിപ്പിക്കാൻ തുടങ്ങിയതും ഞാൻ വോമിറ്റ് ചെയ്തതും ഒരുമിച്ചായിരുന്നു.അതോടെ H.P പെട്ടന്ന് കാർ ഒതുക്കി നിർത്തി.

ഞാൻ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി റോഡരുകിൽ പോയി ഇരുന്നു വോമിറ്റ് ചെയ്യാൻ തുടങ്ങി.പുറകെ വന്ന H.P എന്തു ചെയ്യണമെന്നറിയാതെ ഇത്തിരി നേരം പകച്ചു നിന്നെങ്കിലും പിന്നെ എന്റെ അവസ്ഥ കണ്ട് പുറത്ത് തടവി തന്നു.വോമിറ്റിങ് അല്പം ഭേദപെട്ടപ്പോൾ ആള് കാറിലുണ്ടായിരുന്ന വെള്ളം കുടിക്കാൻ തന്നു.അല്പം വെള്ളമൊക്കെ കുടിച്ച് മുഖമൊക്കെ കഴുകിയപ്പോൾ ഇത്തിരി ആശ്വാസം തോന്നി.എന്നെ താങ്ങി പിടിച്ച് കാറിൽ ഇരുത്തി ബാക്കി വന്ന വെള്ളവും കുറച്ച് ടിഷ്യുപേപ്പറും വച്ചു ആള് എങ്ങനൊക്കെയോ ഒരുവിധം കാർ ക്ലീനാക്കി. ഒരറപ്പും കൂടാതെ അങ്ങനെയൊക്കെ H.P ചെയ്യുന്നത് കണ്ടപ്പോൾ ആകെ കുറ്റബോധം തോന്നിയെനിക്ക്.

വീണ്ടും യാത്ര തുടർന്നെങ്കിലും അതോടൊപ്പം എന്റെ വോമിറ്റിംഗ് കൂടി പുനരാരംഭിച്ചതോടെ കിച്ചുവിന്റെ അടുത്തേക്കുള്ള യാത്ര കൂടി മാറ്റിവയ്‌ക്കേണ്ടതായി വന്നു. അപ്പോഴേക്കും ഞാൻ തീർത്തും അവശയായിരുന്നു.കണ്ണുകൾ തുറക്കാൻ കൂടി കഴിയാത്ത അവസ്ഥ.അതികം ആൾ താമസമൊന്നും ഇല്ലാത്ത ആ ഏരിയയിൽ വളരെ പണിപ്പെട്ടു അവസാനം ഒരു കൊച്ചു ലോഡ്ജ് കണ്ടു പിടിച്ചു.ആദ്യം മുറിയൊന്നും ഇല്ലെന്ന് പറഞ്ഞു ഒഴിവാക്കാൻ അവർ ശ്രമിച്ചെങ്കിലും എന്റെ പരിതാപാവസ്ഥ വർണിച്ചു പറഞ്ഞു ഒരു കൊച്ചു മുറി H.P നേടിയെടുത്തു.ഒട്ടും വയ്യാത്ത എന്നെ കൈകളിൽ കോരിയെടുത്തു H.P റൂമിൽ കൊണ്ടു കിടത്തുന്നത് പാതി മയക്കത്തിലും അറിയുന്നുണ്ടായിരുന്നു.

ആളേ അള്ളിപ്പിടിച്ചു നെഞ്ചോടു ചേർന്നു കിടക്കാനല്ലാതെ വേറൊന്നിനും എനിക്ക് കഴിയില്ലായിരുന്നു.ബെഡിൽ കിടത്തുമ്പോൾ ഒരു നോക്ക് ഞാനാ കൊച്ചു മുറി കണ്ടു. രാത്രിയിൽ എപ്പോഴോ ശരീരമാകെ ഇരച്ചു കയറുന്ന തണുപ്പാണ് വീണ്ടും എന്നെ ഉണർത്തിയത്.കയ്യും കാലുമൊക്കെ തണുപ്പ് കൊണ്ടു മരവിക്കുന്നതു പോലെ തോന്നി.ചുണ്ടുകൾ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു.ഇത്തിരി നേരം പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും തണുപ്പ് അസഹനീയമായപ്പോൾ എന്റെ നീറുന്ന കണ്ണുകൾ വലിച്ചു തുറന്നു.റൂമിലെ ബൾബിന്റെ അരണ്ട വെളിച്ചത്തിൽ കട്ടിലിന്റെ റെസ്റ്റിൽ ചാഞ്ഞിരുന്നുറങ്ങുന്ന H.P യെ വളരെ ആയാസ്സപ്പെട്ടു ഒന്നു തട്ടി.

ആള് ഞെട്ടിപ്പിടഞ്ഞു എഴുന്നേൽക്കുമ്പോളേക്കും എന്റെ കണ്ണുകൾ വീണ്ടും അടഞ്ഞു പോകുന്നുണ്ടായിരുന്നു.പാതിമയക്കത്തിൽ എന്റെ കൈപ്പത്തിയിലും കാൽപ്പത്തിയിലും തിരുമ്മി ചൂടു പിടിച്ചു തരുന്നത് ഞാൻ അറിഞ്ഞു.ശരീരത്തിൽ പുതപ്പിന്റെ കനം കൂടിക്കൊണ്ടിരുന്നു.മുറിയിലെ ഫാനിന്റെ മുരൾച്ച പതിയെ പതിയെ നിശബ്ദമായി. ഇടയ്ക്ക് നെറ്റിയിലും കഴുത്തിലും തേടിയെത്തുന്ന ഒരു നനുത്തസ്പർശം ഒത്തിരി ആശ്വാസമായി തോന്നി.അവസാനം പൂർണമായും ബോധം മറയുമ്പോൾ കാതിലെക്കിരച്ചെത്തിയത് ചന്തൂ….. എന്ന കരുതലോടെയുള്ള ഒരു വിളിയായിരുന്നു……തുടരും…..

ഹരി ചന്ദനം: ഭാഗം 24

Share this story