താന്തോന്നി: ഭാഗം 9

താന്തോന്നി: ഭാഗം 9

എഴുത്തുകാരി: അമ്മു അമ്മൂസ്

“”ഞാനൊരിക്കലും നിന്റെ ഭാഗത്ത്‌ നിന്ന് ചിന്തിച്ചിട്ടേ ഇല്ല….. പക്ഷേ ഇന്നലെ നീ പറഞ്ഞ ഒരോ വാക്കും ഉണ്ടല്ലോ…. ഇനിയും മനസ്സിൽ നിന്നും പോയിട്ടില്ല….. ഇപ്പോഴും അതിങ്ങനെ എന്റെ മനസ്സിൽ കിടന്നു മുറിവേൽപ്പിക്കുവാ…. ഞാൻ ചെയ്തതെല്ലാം തെറ്റായിരുന്നു എന്ന് വിളിച്ചു പറഞ്ഞുകൊണ്ട്…… ഇനിയും നിന്നോട് ഇതൊന്നും പറഞ്ഞില്ല എങ്കിൽ മനസ്സമാധാനം കിട്ടില്ല എനിക്ക്….”” പറഞ്ഞു കഴിഞ്ഞു അവളെ നോക്കിയ കണ്ണുകളിൽ കണ്ണീരിന്റെ നനവിനോപ്പം കുറ്റബോധം കൂടി ഉണ്ടെന്ന് തോന്നി അവൾക്ക്.. അവളുടെ പ്രതികരണം അറിയാൻ വേണ്ടി അവളെ തന്നെ നോക്കി ഇരുന്നു രുദ്രൻ… നെഞ്ച് മിടിച്ചു മിടിച്ചു ഇപ്പോൾ പൊട്ടും എന്ന് തോന്നി…

കണ്ണിമയ്ക്കാതെ തന്നെ തന്നെ നോക്കി ഇരിക്കുന്നുണ്ടായിരുന്നു അവൾ… ആ കണ്ണുകളും ചെറുതായി നനഞ്ഞിട്ടുണ്ടായിരുന്നു… ഒരു ചെറിയ കുട്ടിയുടെ ആകാംഷയോടെ തന്റെ മറുപടി അറിയിവനായി നോക്കി ഇരിക്കുന്ന രുദ്രനെ കാണെ അവൾക്ക് ചിരി പൊട്ടി. ചുണ്ടിലൂറിയ ചിരി മറച്ചു പിടിച്ചു കപട ഗൗരവം മുഖത്തണിഞ്ഞു. തന്റെ മുഖത്ത് ഗൗരവം നിറഞ്ഞപ്പോൾ ആ മുഖത്തെ തെളിച്ചം പതിയെ മങ്ങും പോലെ തോന്നി. ഒരു ചിരി വരുത്താനായി ആള് വിഭലമായി ശ്രമിക്കുന്നുണ്ട്… അടുത്തേക്ക് നീങ്ങി ഇരുന്നു പതിയെ ആ കൈയിലേക്ക് വിരൽ കോർത്തു.

ആളൊന്ന് ഞെട്ടി നോക്കുന്നുണ്ട്…. അത് കാര്യമാക്കാതെ അങ്ങനെ തന്നെ ഇരുന്നു… തോളിലേക്ക് ചാരി കിടന്നപ്പോഴും ആള് അതേ ഞെട്ടലിൽ ആയിരുന്നു. “”എന്തിഷ്ടമാണെന്നറിയോ എനിക്ക്….”” അവളുടെ സ്വരം കേട്ടപ്പോൾ ശ്വാസം ഒന്ന് വിലങ്ങിയത് പോലെ തോന്നി രുദ്രന്. “”ദേഷ്യമല്ല… സങ്കടമായിരുന്നു…. എന്നോട് മാത്രം വെറുപ്പ് കാണിക്കുമ്പോൾ ഉള്ള സങ്കടം…. പിന്നെ ഞാനതിന് അർഹതപ്പെട്ടവൾ ആണെന്നുള്ള സ്വയം ഓർമ്മപ്പെടുത്തൽ…. എല്ലാം കൂടി ആയപ്പോൾ വല്ലാതെ ശ്വാസം മുട്ടുമായിരുന്നു….പ്രണയം കാണാൻ ആഗ്രഹിച്ച കണ്ണുകളിൽ വെറുപ്പ് മാത്രം നിറയുമ്പോൾ ജീവൻ പോകും പോലെ തോന്നും…..””

പാർവതി പറയുന്ന ഒരോ വാക്കും ശ്രദ്ധിച്ചു ഇരിക്കുകയായിരുന്നു രുദ്രൻ… അവനിൽ നിന്നും പ്രതികരണം ഒന്നും ലഭിക്കാതെ ആയപ്പോൾ അവളൊന്ന് കൂടി അവനോട് ചേർന്നിരുന്നു… “”അറിയാം എന്നെ പോലെ ഒരു അനാഥപ്പെണിനു രുദ്രേട്ടന്റെ ഭാര്യ ആകാനുള്ള യോഗ്യത ഉണ്ടാകില്ല എന്ന്… പക്ഷേ ഇനി എങ്കിലും പറയാതിരിക്കാൻ പറ്റില്ല എനിക്ക്…. “” ഇടറിയ ശബ്ദത്തോടെ പറഞ്ഞതും ദേഷ്യത്തിൽ തോളിൽ ഇരുന്ന കൈ തട്ടി എറിഞ്ഞു എഴുന്നേറ്റു പോകുന്നത് കണ്ടു…. “”രുദ്രേട്ടാ…. നിൽക്ക്….”” പിന്നാലെ ഓടി ചെന്ന് കൈയിൽ പിടിച്ചു തടഞ്ഞു നിർത്തി എങ്കിലും.. “”കൈയെടുക്കടി…..”” എന്നൊരു അലർച്ചയോടെ അവൻ ബൈക്ക് എടുത്തു പോയിരുന്നു… 🔸🔸

അമ്മയുടെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നു വിഷ്ണു. കഴിഞ്ഞു പോയ കാലം മനസ്സിൽ തെളിഞ്ഞതും അവനിൽ ഒരു നനുത്ത പുഞ്ചിരി വിടർന്നു. പണ്ട് താനും രുദ്രനും തമ്മിൽ ആകെ വഴക്ക് കൂടുന്നത് അമ്മയുടെ മടിയിൽ കിടക്കാൻ വേണ്ടി ആയിരുന്നു… രണ്ടാൾക്കും ഒരേ സമയം തന്നെ കിടക്കണം…. ആരും വിട്ട് കൊടുക്കാൻ തയ്യാറുമല്ല… ഒടുവിൽ രണ്ടിൽ ആരെങ്കിലും പിണങ്ങുമ്പോൾ ആയിരിക്കും വഴക്ക് തീരുക… എത്രയോ ദിവസം രണ്ടു പേരെയും കിടത്താതെ ദേഷ്യം വന്നിട്ട് അമ്മ എഴുന്നേറ്റു പോയിരിക്കുന്നു…. ചെറിയൊരു പുഞ്ചിരിയോടെ തന്റെ മടിയിൽ കിടക്കുന്ന വിഷ്ണുവിന്റെ മുടിയിൽ കൂടി ജാനകിയമ്മ വെറുതെ വിരലോടിച്ചു തഴുകിക്കൊണ്ടിരുന്നു…

“”അമ്മയൊരു കാര്യം പറഞ്ഞാൽ മോന് ദേഷ്യം ആകുമോ… “” ഏറെ നേരത്തെ ആലോചനക്ക് ഒടുവിൽ ജാനകിയമ്മ പതിയെ ചോദിച്ചു… അമ്മ ഇനി ചോദിക്കാൻ പോകുന്ന കാര്യം എന്തായിരിക്കും എന്ന് മനസ്സിലായതും വിഷ്ണുവിൽ നിന്നൊരു നെടുവീർപ്പ് ഉയർന്നു… “”ഹ്മ്മ്…. “” വെറുതെ ഒന്ന് മൂളി… എന്നെങ്കിലും അമ്മയിത് സംസാരിക്കും എന്ന് ഉറപ്പുണ്ടായിരുന്നു… “”എത്ര കാലം എന്ന് വച്ച മോനെ നീ ഇങ്ങനെ…. നിനക്കും വേണ്ടേ ഒരു ജീവിതം…. ചേട്ടൻ നിൽക്കുമ്പോൾ എങ്ങനെയാ അനിയനെ കെട്ടിക്കുക…. രുദ്രനും കല്യാണപ്രായം ആയില്ലേ… പെണ്ണ് കാണാൻ ചെല്ലുമ്പോൾ അവരാദ്യം ചോദിക്കുക ചേട്ടനെ കുറിച്ചല്ലേ…”” അമ്മ പറഞ്ഞതൊക്കെ കേട്ടിട്ടും ചുണ്ടിൽ നിന്നും ആ ചിരി മാഞ്ഞിരുന്നില്ല…

അമ്മയുടെ കൈ എടുത്തു തന്റെ കൈയിലേക്ക് പിടിച്ചു…. ചെറുതായി നനഞ്ഞ കണ്ണുകളോടെ തന്നെ നോക്കുന്ന ആ കണ്ണുകളിൽ നിറയെ പ്രതീക്ഷയാണെന്ന് അവനറിയാമായിരുന്നു. “”വിഷ്ണു ഈ ലോകത്തിൽ ഒരു പെണ്ണിനെ മാത്രേ സ്നേഹിച്ചിട്ടുള്ളു അമ്മേ…. അവളെ മാത്രേ എന്റെ പെണ്ണായി കണ്ടിട്ടുള്ളു… ഇനിയെത്ര കാലം കഴിഞ്ഞാലും എന്റെ ശ്വാസം നിലയ്ക്കുവോളം എന്റെ ഭദ്രക്ക് പകരം ആ സ്ഥാനത്തേക്ക് മറ്റൊരുവളെ കാണാൻ എനിക്ക് കഴിയില്ല… “” ഒരു ചെറിയ ചിരിയോടെ അമ്മയോട് പറയുമ്പോഴും മനസ്സിലാകെ നിറഞ്ഞു നിന്നത് ഭദ്ര മാത്രമായിരുന്നു…

“”അമ്മ നിർബന്ധിക്കുവല്ല മോനെ…. പക്ഷേ എത്ര കാലം നീ ഇങ്ങനെ തനിച്ചു….. പ്രായമാകുമ്പോൾ ഒന്ന് വയ്യാതെ വന്നാൽ…. അപ്പൊ എന്റെ കുട്ടിക്ക് ആരാ ഉള്ളേ….”” അവൻ പറഞ്ഞതൊക്കെ കേട്ടിട്ടും ഉള്ളിൽ നിന്നും ആശങ്ക വിട്ട് മാറിയിട്ടില്ല എന്ന് തോന്നി ജാനകിയമ്മക്ക്… അമ്മേടെ പരിഭവം നിറഞ്ഞ സ്വരം കേട്ടപ്പോൾ അവനൊന്നു ചിരിച്ചു… “”ആര് പറഞ്ഞു ഞാൻ ഒറ്റയ്ക്കാ എന്ന്…. “” കുസൃതി നിറഞ്ഞ ചിരിയോടെ അമ്മയെ നോക്കുമ്പോൾ ആ മുഖത്ത് സംശയം വിടരുന്നത് കണ്ടു… “”ഞാൻ ദാ ഇങ്ങനെ കണ്ണടച്ചു കിടക്കുമ്പോൾ ഉണ്ടല്ലോ…. എനിക്കെന്റെ ഭദ്ര കൊച്ചിനെ കാണാം…..

എന്റെ കണ്ണടയുവോളം അവളിങ്ങനെ എന്റടുത്തു വരും…. പിന്നെങ്ങനെയാ ഞാൻ ഒറ്റക്ക് ആകുന്നെ…. വയ്യാതായാലും അവളങ്ങു കൊണ്ട് പൊയ്ക്കോളും എന്നേ എന്നെ….”” “”നിന്നോട് പറഞ്ഞു ജയിക്കാൻ ഞാനില്ല… ഇഷ്ടം പോലെ ചെയ്യ്… “” ജാനകിയമ്മ നേരിയ പരിഭവത്തോടെ പറയുമ്പോളും അവരുടെ ഉള്ളിൽ വേദന നിറഞ്ഞിരുന്നു. ഇത് തന്നെ ആയിരിക്കും അവന്റെ മറുപടി എന്ന് മുൻപേ അറിയാമായിരുന്നു… ഭദ്രക്ക് പകരമായി ആരെയും കാണാൻ അവന് പറ്റില്ല എന്നും. മടിയിൽ കിടന്നു കണ്ണടച്ചു മയങ്ങി തുടങ്ങുന്ന അവന്റെ മുടിയിഴകളിൽ കൂടി വെറുതെ വിരലോടിച്ചു. മുടിയൊക്കെ ആകെ കോലം കെട്ടിരിക്കുകയാണ്… പഴയ വിഷ്ണുവിൽ നിന്ന് ഒരുപാട് മാറിയത് പോലെ. 🔸🔸

രാത്രി കഴിക്കാൻ വന്നിരുന്നപ്പോൾ രുദ്രന്റെ മുഖത്ത് പതിവിലും കൂടുതൽ ഗൗരവം കണ്ടിട്ട് പാർവതിക്ക് ചിരി വന്നു… ഈ ഭാഗത്തേക്ക്‌ ഒന്ന് നോക്കുന്നു പോലും ഇല്ല. മുഖമൊക്കെ വീർത്തു കെട്ടി ഇരിക്കുന്നു. അടുത്ത് ചെന്ന് ചോറ് വിളമ്പാൻ തുടങ്ങിയതും കൈയിൽ നിന്നും ബലമായി പിടിച്ചു വാങ്ങി സ്വന്തമായി വിളമ്പുന്നത് കണ്ടു. രുദ്രന്റെ ഈ കാട്ടിക്കൂട്ടൽ ഒക്കെ കണ്ടിട്ട് കാര്യം അറിയാതെ അന്തിച്ചു നിൽക്കുകയായിരുന്നു വിഷ്ണു…. പാറുവിനെ നോക്കിയതും ഒന്നുമില്ല എന്ന് കണ്ണടച്ചു കാണിച്ചു. രണ്ടാളും വീണ്ടും ഉടക്കി എന്ന് മനസ്സിലായി… രണ്ടിനേം ഒന്ന് നോക്കി തലയ്ക്കു കൈ കൊടുത്തു പോയി…

“”നാളെ കാർത്തികയല്ലേ… രാവിലെ മൂന്നാളും കൂടി അമ്പലത്തിൽ പൊയ്ക്കോണം…”” അമ്മ പറഞ്ഞത് കേട്ടപ്പോഴാണ് കാർത്തികയാണ് എന്ന് ഓർത്തത്… വിളക്ക് തെളിയിക്കാമല്ലോ എന്ന സന്തോഷത്തിൽ പാറുവിന്റെ മുഖം വിടർന്നു… “”എനിക്ക് പറ്റില്ല… “”ഗൗരവത്തോടെ പറയുന്ന രുദ്രനെ കണ്ടതും ചുണ്ട് പിളർത്തി അമ്മയെ നോക്കി. “”അതെന്താ നിനക്ക് പറ്റാത്തെ…..”” ജാനകിയമ്മ ഗൗരവത്തോടെ നോക്കി രുദ്രനെ… “”വേറെ ജോലി ഉണ്ട് രാവിലെ…”” “”പിന്നെ… കളക്ടർ ഉദ്യോഗം അല്ലെ…. രാവിലെ കണ്ട ചെക്കന്മാരുടെ എല്ലാം കൂടെ കള്ളും കുടിച്ചു വായ്‌നോക്കി നടക്കാൻ….

മര്യാദക്ക് മൂന്നാളും കൂടി അമ്പലത്തിൽ പൊയ്ക്കോ… അല്ലെങ്കിൽ പച്ച വെള്ളം തരില്ല നിനക്ക് നാളെ ഇവിടുന്ന്…”” അമ്മ പറയുന്നത് കേട്ടപ്പോൾ വിഷ്ണുവും പാർവതിയും ചുണ്ട് കൂട്ടിപ്പിടിച്ചു ചിരിയടക്കി ഇരുന്നു….. രുദ്രൻ നിസ്സഹായതയോടെ അമ്മയെ നോക്കുന്നത് കണ്ടു… “”അമ്മേ…”” “”തല്ലു കിട്ടും രുദ്രാ നിനക്ക്….. പണ്ടെപ്പോഴോ വാങ്ങിയ ചൂരൽ ഇപ്പോഴും അലമാരയിൽ ഉണ്ട്… അതിട്ടു കിട്ടും… പോത്ത് പോലെ വളർന്നു എന്നൊന്നും ഞാൻ നോക്കില്ല…”” അമ്മ ദേഷ്യത്തിൽ ആണെന്ന് മനസ്സിലായതും രുദ്രൻ പിന്നെ ഒന്നും പറയാതെ പിണക്കത്തോടെ അവന്റെ പാത്രത്തിലേക്ക് നോക്കി ഇരുന്നു… 🔸🔸

രാത്രി കിടന്നിട്ടും രുദ്രന് ഉറക്കം വരുന്നുണ്ടായിരുന്നില്ല….അവൾ പറഞ്ഞ ഒരോ വാക്കും ഇപ്പോഴും ചെവിയിൽ മുഴങ്ങും പോലെ… “”അനാഥപ്പെണ്ണ് ആണത്രേ… അവൾക്ക് യോഗ്യത ഇല്ലത്രെ….”” അവന് വല്ലാതെ ദേഷ്യം തോന്നിയിരുന്നു…. കണ്ണടച്ചു കിടന്നപ്പോൾ അവളുടെ രൂപം മനസ്സിൽ തെളിഞ്ഞു… രാത്രി എല്ലാവരോടും ചിരിച്ചു നിൽക്കുമ്പോഴും ആ കണ്ണുകളിലെ ചെറിയ നനവും…. തനിക്ക് നേരെയുള്ള പ്രതീക്ഷ നിറഞ്ഞ നോട്ടവും കണ്ടിരുന്നു…. അവ നേരിട്ട് ഹൃദയത്തിലേക്ക് എത്തും പോലെ…. വീണ്ടും വീണ്ടും അവളുടെ ചിന്തകൾ ഉള്ളിൽ നിറയുമ്പോൾ നാളത്തോടെ എല്ലാത്തിനും തീരുമാനം എടുക്കണം എന്ന് ഉറപ്പിച്ചിരുന്നു മനസ്സ്.. 🔸🔸

രാവിലെ ഉണരുമ്പോൾ വല്ലാത്തൊരു ഉത്സാഹം തന്നിൽ നിറയും പോലെ തോന്നി പാറുവിന്. രുദ്രന്റെ ഇന്നലത്തെ മുഖം ആലോചിച്ചുള്ള ചിരിയോടെ വേഗം പോയി കുളിച്ചൊരുങ്ങി. പണ്ട് വാങ്ങിയ ഒരു സെറ്റും മുണ്ടുമാണ് ഉടുത്തത്… സാരിക്ക് ചേരുന്ന കമ്മലും മാലയും ഒന്നും ഇല്ലല്ലോ എന്ന് ആലോചിച്ചപ്പോൾ ചെറിയ സങ്കടം തോന്നി. മൊട്ട് പോലെ ഒരു കമ്മലാണ് കാതിൽ കിടക്കുന്നത്… പണ്ട് അച്ഛൻ വാങ്ങി തന്നതാണ്… അതുകൊണ്ട് അത് ഇതുവരെ ആയിട്ടും മാറ്റി വേറെ വാങ്ങാൻ തോന്നിയിരുന്നില്ല….

മുടി അഴിച്ചിട്ടു കണ്ണെഴുതി പൊട്ടും തൊട്ടു… മുറിക്ക് പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും വിഷ്ണുവേട്ടൻ ഒരുങ്ങി കഴിഞ്ഞു ഹാളിൽ പത്രം വായിച്ചു ഇരിക്കുന്നത് കണ്ടു. രുദ്രനെ കാണാതെ കണ്ണുകൾ കൊണ്ട് നിരാശയോടെ ചുറ്റും പരതി… ഏട്ടനോട് ചോദിക്കാൻ തുടങ്ങുമ്പോഴേക്കും പിന്നിൽ നിന്നും നടന്നു വരുന്ന കാൽപ്പെരുമാറ്റം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു കറുത്ത ഷർട്ടും അതേ കരയുള്ള മുണ്ടും ഉടുത്തു നിൽക്കുന്നത്… മുഖത്ത് ഇപ്പോഴും തലേന്നത്തെ അതേ ഗൗരവം തന്നെ… സെറ്റും മുണ്ടിൽ തന്നെ കണ്ടപ്പോൾ ആ കണ്ണുകൾ വിടരുന്നത് കണ്ടു… പക്ഷേ ഒരു നിമിഷം കൊണ്ട് തന്നെ പഴയ ഗൗരവം വീണ്ടും മുഖത്ത് സ്ഥാനം പിടിച്ചിരുന്നു. “”ഇറങ്ങിയാലോ ഏട്ടാ….

ഇല്ലെങ്കിൽ പിന്നെ പൂജക്ക്‌ നട അടക്കും.”” നടന്നായിരുന്നു അമ്പലത്തിലേക്ക് പോയത്… വഴിയിൽ ഉടനീളം രുദ്രന്റെ മുഖത്ത് അതേ ഗൗരവം തന്നെയാണെന്നും ഇങ്ങോട്ടേക്കു നോക്കുന്നില്ല എന്ന് കണ്ടതും പാറുവിന് വല്ലാത്ത നിരാശ തോന്നി. കാര്യമായ എന്തോ ആലോചനയിൽ ആണെന്ന് തോന്നുന്നു കക്ഷി… വഴിയിൽ വെച്ച് ആരൊക്കെയോ വിഷ്ണുവേട്ടനെ കാണുമ്പോൾ കുശലം ചോദിക്കുന്നുണ്ടായിരുന്നു വിശേഷങ്ങൾ അറിയാൻ… “”നിങ്ങള് നടന്നോ…. തൊഴുതു തീരുമ്പോഴേക്കും ഞാനങ്ങു വന്നോളാം… “” ഏട്ടൻ പറഞ്ഞപ്പോൾ മുന്നോട്ട് നടന്നു… അപ്പോഴും രുദ്രേട്ടൻ ഇങ്ങോട്ടൊന്നു നോക്കിയിരുന്നില്ല…

“”നീ നടന്നോ…. എനിക്കൊരാളെ കാണാനുണ്ട്….”” തന്നെ നോക്കാതെ ഗൗരവത്തിൽ പറഞ്ഞിട്ട് കമ്മിറ്റി ഓഫീസിന്റെ അടുത്തേക്ക് നടക്കുന്ന രുദ്രേട്ടനെ കാണെ ഉള്ളിൽ സങ്കടം വന്നു നിറയുന്നുണ്ടായിരുന്നു. തന്റെ കൂടെ ഒരുമിച്ചു തൊഴാതെ ഇരിക്കാനാണ് ഈ ഒഴിഞ്ഞുമാറ്റം എന്ന് മനസ്സിലായിരുന്നു. അകത്തേക്കു നടക്കുമ്പോൾ ഒരോ ചുവടുകൾക്കും ഭാരം കൂടി വരും പോലെ തോന്നി.. ആരൊക്കെയോ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് അറിയാമായിരുന്നു… അല്ലെങ്കിലും രുദ്രേട്ടന്റെ വീട്ടിലേക്ക് മാറി നിന്നതിൽ പിന്നെ പല കഥകളും നാട്ടിൽ പ്രചരിച്ചിട്ടുണ്ടാകും എന്ന് ഊഹിക്കാൻ കഴിയുന്നതെ ഉള്ളായിരുന്നു. “”ഗംഗേടെ മോളാ…. ഇപ്പൊ ചിറയ്ക്കലെ ആ ചെക്കന്റെ വീട്ടിലാ… തന്തേം തള്ളേം അങ്ങ് പോയില്ലേ….

ഇനിയിപ്പോ നിയന്ത്രിക്കാൻ ഒക്കെ ആരാ….. “” പിന്നിൽ നിന്നും ആരൊക്കെയോ പറയുന്ന വാക്കുകൾ ചെവിയിലേക്ക് വീണപ്പോൾ ഈയം ഉരുക്കി ഒഴിക്കും പോലെ തോന്നി… എത്രയൊക്കെ വേണ്ടെന്ന് വിചാരിച്ചിട്ടും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു… അപ്പോഴും ആരുടെയൊക്കെയോ സംസാരം കേൾക്കാമായിരുന്നു… വിതുമ്പലടക്കിക്കൊണ്ട് നടയ്ക്ക് നേരെ കൈകൾ കൂപ്പി നിന്നു. പ്രാർത്ഥിക്കാൻ ഒന്നും ഇല്ലാത്തത് പോലെ മനസ്സ് ശൂന്യമായിരുന്നു…. അവരുടെ വാക്കുകളാണോ അതോ രുദ്രേട്ടന്റെ അവഗണയാണോ കൂടുതൽ വേദനിപ്പിക്കുന്നത് എന്നറിയില്ല…

“”എന്റെ പെണ്ണിന്റെ കാര്യത്തിൽ എനിക്കില്ലാത്ത പേടിയൊന്നും ഇവിടാർക്കും വേണ്ട… “” പിന്നിൽ നിന്നും രുദ്രേട്ടന്റെ സ്വരം മുഴങ്ങിയപ്പോൾ ഞെട്ടലോടെ കണ്ണ് തുറന്നു… തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു അവരെയൊക്കെ നോക്കി ദേഷ്യം കൊണ്ട് വിറച്ചു നിൽപ്പുണ്ട്. രുദ്രേട്ടനെ കണ്ടപ്പോൾ പലരും ഒന്ന് പരുങ്ങിയത് പോലെ… തറഞ്ഞു നിൽക്കുകയായിരുന്നു പാർവതി. “” എന്റെ പെണ്ണ് “” ആ ശബ്ദം ഇപ്പോഴും തനിക്ക് ചുറ്റും മുഴങ്ങി കേൾക്കും പോലെ….. തുടരും

താന്തോന്നി: ഭാഗം 8

Share this story