സിദ്ധാഭിഷേകം : ഭാഗം 51

സിദ്ധാഭിഷേകം :  ഭാഗം 51

എഴുത്തുകാരി: രമ്യ രമ്മു

ശരത് ഒരു അസ്വസ്ഥതയോടെ എണീറ്റു… ബാൽക്കണിയിലേക്ക് നടന്നു… അഭിയും പിന്നാലെ ചെന്നു… “എന്താ നിന്റെ മനസ്സില്.. നീ പറ.. നിന്നേക്കാൾ വലുതായി അല്ല എനിക്ക് സിദ്ധു.. അവനെക്കാൾ വലുതല്ല നീയും… ” “അത്.. ടാ.. ഈ ബന്ധം അത് ശരിയാവില്ലെടാ…” “കാരണം…” “അത്… ” “സിദ്ധുന്റെ പാസ്റ്റ്‌ ഓർത്താണോ.. എല്ലാം നിനക്ക് അറിയുന്നതല്ലേ .. നിന്നേക്കാൾ നന്നായി ആർക്കറിയാം…. ” “എനിക്ക് അറിയാം.. മനസിലാകുകയും ചെയ്യും… പക്ഷെ…” “എന്താ നിന്റെ പ്രശ്നം…” “സാന്ദ്രയ്ക്ക് ഇതൊന്നും അറിയില്ലല്ലോ.. അവർ ഒരുമിച്ച് ഒരു ജീവിതം തുടങ്ങുമ്പോൾ അവൾ എല്ലാം അറിഞ്ഞാൽ …

അതൊക്കെ അവൾക്ക് അംഗീകരിക്കാൻ പറ്റുമോ.. അവൾ കുട്ടിയല്ലേ… മനസിലാക്കാൻ കഴിയോ…” “അതൊക്കെ പിന്നീട് ഉള്ള കാര്യമല്ലേ.. സിദ്ധുവിനെ പാസ്റ്റ്‌ നോക്കിയല്ലല്ലോ അവൾ ഇഷ്ട്ടപ്പെട്ടത്.. അവൾക്ക് അറിയാലോ ഇപ്പൊ അവൻ ആരാണ് എന്ന്.. ” “ടാ.. ഞാൻ.. ഞാൻ.. ഉദ്ദേശിച്ചത്… ” “ഓഹ്… അമ്മു ആയിട്ടുള്ള ഇൻസിഡന്റ് അല്ലേ…” “അങ്ങനെ അല്ലെടാ… അത്.. നിന്നെ പോലെ സാന്ദ്രയ്ക്ക് ഉൾക്കൊള്ളാൻ പറ്റുമോ… അത്രയ്ക്ക് പക്വത ഉണ്ടാവോ….. ഒരു പെണ്ണിന് അങ്ങനെ വൈഡ് ആയി ചിന്തിക്കാൻ പറ്റുമോ.. അവനെ കുറിച്ച് ഒന്നും അറിയാതെ അവന്റെ ഇഷ്ട്ടം അവൾ സ്വീകരിക്കരുതായിരുന്നു…”

“ഏട്ടനോട് ആര് പറഞ്ഞു സിദ്ധുവേട്ടന്റെ ഇഷ്ട്ടം ഞാൻ സ്വീകരിച്ചത് ആണെന്ന്… ” എല്ലാം കേട്ട് കൊണ്ട് സാന്ദ്ര അവരുടെ പിന്നിൽ തന്നെ ഉണ്ടായിരുന്നു… “പറ ഏട്ടൻ ഒറ്റയ്ക്ക് തീരുമാനിച്ചോ… ” “സാൻഡി ..ഞാൻ… ” “സിദ്ധുവേട്ടന്റെ പിറകെ ഇഷ്ട്ടം പറഞ്ഞ് നടന്നത് ഞാനാണ്…ഭയ്യയുടെ കല്യാണം മുതൽ… ആ മനുഷ്യനെ കുറിച്ച് ഒന്നും അറിയാതെ തന്നെയാ പിറകെ നടന്നതും… അതൊക്കെ പറഞ്ഞ് എന്നെ പിന്തിരിപ്പിക്കാൻ നോക്കീട്ടെ ഉള്ളു… സിദ്ധുവേട്ടൻ എന്നോട് ഇഷ്ട്ടമാണെന്ന് പറഞ്ഞത് ഇവിടെ നിന്നും പോകുന്ന അന്നത്തെ ദിവസമാണ്.. അന്നും ഒന്നേ പറഞ്ഞുള്ളൂ… കാത്തിരിക്കരുത് എന്ന്..

ലക്ഷ്യം നേടി കഴിഞ്ഞ് മുന്നോട്ട് ജീവിതം ഉണ്ടെങ്കിലേ ഈ കൈ പിടിക്കൂ എന്ന്…” അഭി കൈ കെട്ടി അവൾക്ക് പറയാൻ അവസരം കൊടുത്തു ചെറുചിരിയോടെ നിന്നു… അവന്റെ മനസ്സിൽ സിദ്ധുവിന്റെ രൂപം ഒന്ന് കൂടി തിളങ്ങി… “മോളെ ഞാൻ.. അതല്ല.. സിദ്ധു..” “എന്താ.. സിദ്ധുവേട്ടന്റെ പാസ്റ്റോ… എന്നോട് പലവട്ടം പറയാൻ പോയപ്പോഴും ഞാൻ തടഞ്ഞതായിരുന്നു.. എന്നാൽ എല്ലാം നീ അറിഞ്ഞാലേ മുന്നോട്ട് ഉള്ള ലൈഫ് സ്‌ട്രോങ് ആവൂ എന്നും പറഞ്ഞ് എന്നോട് എല്ലാം പറഞ്ഞു.. എനിക്ക് ഇപ്പോഴും എല്ലാം അറിഞ്ഞിട്ടും എന്റെ തീരുമാനം തെറ്റാണെന്ന് തോന്നിയിട്ടില്ല… ഇപ്പോ ഏട്ടന് സമ്മതമല്ല എന്ന് സിദ്ധുവേട്ടൻ അറിഞ്ഞാൽ ഒരു മടിയും കൂടാതെ എന്നെ മാറ്റി നിർത്തും..

എനിക്ക് അറിയാം ആ മനസ്സ്.. മറ്റാരേക്കാളും… അങ്ങനെ മാറ്റി നിർത്തിയാലും ഏട്ടന്റെ ഈ അനിയത്തിക്ക് വേറെ ജീവിതം ഉണ്ടാക്കി തരാൻ ഏട്ടൻ ശ്രമിക്കരുത്.. എനിക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് സിദ്ധാർത്ഥ് ശങ്കർ എന്ന ആളോടൊപ്പം മാത്രം ആണ്… ” ശരത് അവൾ പറഞ്ഞത് കേട്ട് ശരിക്കും അത്ഭുതപെട്ടു.. “സോറി..ടി മോളെ.. എന്റെ മോള് ഇങ്ങനെ പൊട്ടത്തരവും കുസൃതിയും ഒക്കെ ആയി നടന്നപ്പോൾ ഇത്രയും മെച്യുരിറ്റി ഉണ്ടെന്ന് ഏട്ടൻ മനസ്സിലാക്കിയില്ല.. നീ എനിക്ക് എന്നും കുഞ്ഞല്ലേ.. സോറി…” “എന്തിനാ ഏട്ടാ സോറി ഒക്കെ.. എന്റെ നല്ലതിന് വേണ്ടി മാത്രമേ ഏട്ടൻ ചിന്തിക്കൂ എന്ന് എനിക്ക് അറിഞ്ഞൂടെ…

ഏട്ടനോട് പറയാൻ തന്നെ ഇരുന്നതാ ഞാൻ…. പക്ഷെ ആ തെമ്മാടി പറഞ്ഞു പഠിച്ചു നല്ല മാർക്ക് വാങ്ങിയാൽ എന്നെ കെട്ടിച്ചു കൊടുക്കാൻ അങ്ങേര് തന്നെ ഏട്ടനോട് പറയാം എന്ന് .. അതോണ്ടാ ഞാൻ പറയാതിരുന്നെ… മാർക്ക് ഇത്തിരി കുറഞ്ഞാലും എന്നെ അങ്ങേരെ കൊണ്ട് തന്നെ കെട്ടിക്കണേ ഏട്ടാ… പ്ലീസ്…” അവളുടെ വർത്താനം കേട്ട് ശരത്തും അഭിയും പൊട്ടിച്ചിരിച്ചു.. അത് കണ്ട് അവൾ ചുണ്ട് കൂർപ്പിച്ചു അവരെ നോക്കി പേടിപ്പിച്ചു… “അവന് ഇതിനേക്കാൾ കൂടിയ ഒരു ശിക്ഷയും കിട്ടാനില്ല… അനുഭവിക്കട്ടെ…അല്ല പിന്നെ …” ശരത് ചിരിയോടെ പറഞ്ഞു.. “അവൻ നല്ലവനാണ്.. യൂ ആർ ലക്കി മോളെ.. ” “താങ്ക് യൂ ഏട്ടാ… ഉമ്മ… “അവൾ അവനെ കെട്ടിപിടിച്ചു കവിളിൽ അമർത്തി കടിച്ചു..

എന്നിട്ട് അകത്തേക്ക് ഓടി… “ആഹ്..പട്ടി കുട്ടി… അവളെ നോക്കി പറഞ്ഞു.. പിന്നെ അഭിയെ നോക്കി… “സോറി മാൻ.. ” “ഒന്ന് പോടാ… അവിടുന്ന്.. അവന്റെ കോറി….” അവർ പരസ്പരം പുണർന്നു…. **** Dr.സായ് നന്ദ് സുദേവൻ, MBBS ഫിസിഷ്യൻ എന്ന ബോർഡിന് താഴെ ചന്ദ്രു കുറെ നേരമായി ഉള്ള കാത്തിരിപ്പിലാണ്… എല്ലാവരും പോകാൻ ആയി അവൻ വെയിറ്റ് ചെയ്യുകയായിരുന്നു… ഒടുവിൽ അവൻ അകത്തേക്ക് കടന്നു… അടുത്ത രോഗിയാണെന്ന് കരുതി നന്ദു അവൻ്റെ മുഖത്തേക്ക് നോക്കാതെ തന്നെ അവനോട് ഇരിക്കാൻ ആവശ്യപ്പെട്ടു.. ടേബിളിലെ പേപ്പറിൽ എന്തോ കുത്തി കുറിക്കുകയായിരുന്നു നന്ദു…

“പറയൂ…എന്താ പ്രശ്നം….” സ്വതവേ രോഗികളോട് കാണിക്കാറുള്ള ചെറുചിരിയോടെ അവൻ മുഖമുയർത്തി… ചന്ദ്രുവിനെ കണ്ടതും അവന്റെ മുഖം കടുത്തു.. “രോഗിയാണോ…” ഒട്ടും മയമില്ലാതെ അവൻ ചോദിച്ചു.. “അതേ…” “എന്താ അസുഖം..” “നെഞ്ചു വേദന…” “എത്ര നാളായി തുടങ്ങീട്ട്…” “ഒരാഴ്ചയോളം ആയി.. ” ചന്ദ്രു ഒട്ടും പതറാതെ അവന്റെ കണ്ണിൽ നോക്കി ആണ് പറഞ്ഞു കൊണ്ടിരുന്നത്… പെട്ടെന്ന് അവൻ പ്രതീക്ഷിക്കാതെ നന്ദു അവന്റെ കവിളിലേക്ക് കൈ വീശി അടിച്ചു… ചന്ദ്രു ഒന്ന് ഞെട്ടി എങ്കിലും പതിയെ ചിരിച്ചു.. “മരുന്ന് കിട്ടി.. ഡോസ് കുറഞ്ഞെങ്കിലേ ഉള്ളു.. ഇതിൽ മാറുമോ…”

“മാറിയില്ലെങ്കിൽ അപ്പോ വീണ്ടും തരാം.. ഡബിൾ ഡോസിൽ…. പോരെ…” ചന്ദ്രു നന്ദുവിന്റെ വെള്ളാരം കണ്ണിലേക്ക് തറപ്പിച്ചു നോക്കി… നന്ദു ഒട്ടും വിട്ടു കൊടുക്കാതെ അവനെ രൂക്ഷമായി നോക്കി.. “സോറി പറയെടാ….” ചന്ദ്രു പറഞ്ഞു… “എന്തിന്…” “എന്നെ തല്ലിയതിന്…” “എന്റെ പട്ടി പറയും…” “എന്നാ കാണാലോ…” “ഓഹ്..കാണാം.. എന്തിനാ ഇപ്പോ വന്നത്… ” “നെഞ്ചു വേദന…” “ഒലക്ക..” “ശരിക്കും.. നല്ല ഒരു ഫ്രണ്ടിനെ വേണം.. അന്വേഷിച്ചു വന്നതാ… കിട്ടുമോ…” “ഇല്ല…” ഒട്ടും ദയയില്ലാതെ തന്നെ മറുപടി കൊടുത്തു.. “എന്ത് പ്രായശ്ചിത്തം ചെയ്താൽ കിട്ടും…” “അതിനുള്ള ടൈം കഴിഞ്ഞു…” “സായ്..ഞാൻ…”

“വേണ്ടാ.. ഒരു കൺഫഷൻ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ സ്ഥലം മാറി പോയി…. പോകാം…” “ഓക്കേ.. ബൈ… ഞാൻ ഇനിയും വരും… ” അവൻ നടന്നു.. പിന്നെ എന്തോ ആലോചിച്ചു തിരിഞ്ഞു നിന്നു.. “സായ്… അഞ്ജലി….” “എന്തേ സൂസൻ പോയ വേക്കൻസി ഫിൽ ചെയ്യാനാണോ… ” അവൻ പുച്ഛിച്ചു… “അല്ല.. ഒരു കടം തീർക്കാൻ… ഒരിക്കൽ പറയാൻ പറ്റാത്ത ഒരു വാക്ക് പറയണം.. നേരിട്ട് കണ്ട്.. സോറി എന്ന്…” “ഹും… എങ്കിൽ നേരെ ജർമനിക്ക് വിട്ടോ.. അവിടെ ഉണ്ട്.. ഭർത്താവും കുട്ടികളുമായി സുഖമായി ജീവിക്കുന്നു… ” “ആണോ.. അവൾ ഹാപ്പി ആണല്ലോ… അത് മതി.. എനിക്ക് ഒരു ടെൻഷൻ ഉണ്ടായിരുന്നു… നിന്നെ കാണും വരെ.. അവൾ ഇപ്പോഴും… ” അവൻ മുഴുവിക്കാതെ നിർത്തി…

“ഇപ്പോഴും നിനക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാവും എന്നോ.. ഈ നാട്ടിൽ നിന്നെ കുറിച്ച് അറിയാത്ത ഒരു കഥയും അവൾക്കില്ല.. എന്നിട്ടും നിനക്ക് വേണ്ടി കാക്കണം അല്ലേ…” “ഞാൻ അതല്ല ഉദ്ദേശിച്ചത്.. അവളെ ഞാൻ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്.. അതിന്റെ ശിക്ഷ എനിക്ക് കിട്ടി..അതിൽ എനിക്ക് പരാതിയില്ല… നിന്റെ ഫ്രണ്ട്ഷിപ്പ് എനിക്ക് തിരിച്ചു വേണം എന്ന് തോന്നി… അതിനാണ് തിരിച്ചു വന്നത്.. അല്ലാതെ ഒരെണ്ണം പോയ ദുഃഖം തീർക്കാൻ അവളെ കിടക്കയിലേക്ക് ക്ഷണിക്കാൻ അല്ല.. ” ചന്ദ്രുന് സങ്കടം വരുന്നുണ്ടായിരുന്നു… അവൻ കണ്ണ് നിറഞ്ഞിരുന്നു… “ആരറിഞ്ഞു അങ്ങനെ അല്ലെന്ന്… നീ എന്ത് അനുഭവിച്ചു… നിന്റെ ഈ കണ്ണീർ പോലും കള്ളമാണ്…

പോരുന്നതിന് മുന്പും ഞാൻ പറഞ്ഞതല്ലേ അവളെ കൂടെ കൂട്ടാൻ… നീ കേട്ടോ… എന്നിട്ട് ഇപ്പോ… ഇവിടെ വച്ച് നിന്നെ കണ്ടപ്പോൾ ഞാൻ ഓടി വന്നില്ലേ.. അന്ന് നീ ഒരു മിനുട്ട് എനിക്ക് തന്നിരുന്നെങ്കിൽ… ഓഹ്… പോട്ടെ… നീ പോയേ.. നിന്നെ പഴയ പോലെ മനസ്സ് തുറന്ന് സ്‌നേഹിക്കാൻ എനിക്ക് പറ്റില്ല… ” “നീ അഞ്ജലിയെ വിളിക്കാറുണ്ടോ… ” “ഉണ്ടെങ്കിൽ.. ” “എനിക്ക് ഒന്ന് നമ്പർ തരുമോ… ഞാൻ സംസാരിച്ചോളാം… ” നന്ദുന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു… അവൻ ചന്ദ്രുന്റെ നേരെ കുതിച്ചു വന്നു… അവന്റെ കോളറയിൽ പിടിച്ച് വലിച്ചു… “നിനക്കെന്താ അവളോട് പറയണ്ടേ മാപ്പോ… ഒരു മാപ്പ് പറഞ്ഞാൽ തീരുമോ നീ അവളോട് കാണിച്ച തെറ്റ്…

എങ്കിൽ ചെല്ല് അവളുടെ വീടിന്റെ ഏതോ മൂലയിൽ ആരോടും ഒന്നും മിണ്ടാതെ പുറത്തിറങ്ങാതെ ഒരു പെണ്ണ് കിടപ്പുണ്ട്.. നിന്നെ നഷ്ടപ്പെട്ടിട്ട് അല്ല.. നീ അവൾക്ക് കൊടുത്ത സമ്മാനം നഷ്ടപ്പെടുത്തിയിട്ട്…. നിനക്കൊക്കെ പ്രേമം അല്ലല്ലോ.. കാമം അല്ലേ.. അതൊക്കെ തീർക്കാൻ അല്ലേ ഒരു പെണ്ണിന്റെ ശരീരം… അവളെ നിഷ്കരുണം തള്ളുമ്പോൾ നിന്നെ പോലുള്ളവർക്ക് നഷ്ടപ്പെടാൻ ഒന്നുല്ല… പക്ഷെ ഈ സമൂഹം അവർക്ക് ചാർത്തി കൊടുക്കുന്ന ഒരു പേരുണ്ട്.. പിഴച്ചവൾ എന്ന്… ചെന്ന് നോക്ക്.. എന്നിട്ട് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വാ… എന്നിട്ട് നീ സൗഹൃദം അന്വേഷിച്ചു നടക്ക്… ” ചന്ദ്രു ഒരു ഞെട്ടലോടെ ആണ് അവൻ പറഞ്ഞത് ഒക്കെ കേട്ടത്… അവൻ രണ്ടു കൈ കൊണ്ടും തലയിൽ അടിച്ചു…

അവിടെ നിലത്തിരുന്നു… മുഖം പൊത്തി കരഞ്ഞു… നന്ദു ഇതൊന്നും കണ്ട് ഒരു കൂസലുമില്ലാതെ തന്നെ നിന്നു… അവന്റെ ഏങ്ങലടികൾ കൂടി വന്നു… കുറച്ചു നേരത്തിന് ശേഷം ചന്ദ്രു പതുക്കെ എണീറ്റ് നന്ദുവിന്റെ അടുത്തിരുന്നു… “എനിക്ക് അവളെ കാണണം…. ഒന്ന് കണ്ടാൽ മാത്രം മതി.. ഞാൻ ചെയ്ത തെറ്റ് ഇത്ര വലുതായിരുന്നു എന്ന് അറിഞ്ഞില്ലെടാ… ” “നിനക്ക് ഒന്നും അറിയില്ല…അവൾ അനുഭവിച്ചതൊന്നും നിനക്ക് അറിയില്ല.. അവളുടെ അച്ഛനും അമ്മയും അനുഭവിച്ചതും നിനക്ക് അറിയില്ല… നിന്റെ കുടുംബത്തിലേക്ക് പോലും ഞാൻ എന്റെ പെങ്ങളെ തരില്ലായിരുന്നു…

സിദ്ധു വന്ന് സംസാരിച്ചത് കൊണ്ട് മാത്രമാണ് അഭിയേട്ടന്റെ ആലോചനയ്ക്ക് ഞാൻ സമ്മതിച്ചത്… അവന് എല്ലാം അറിയാം… അതാണ് സൗഹൃദം… അവനെ പോലെ സ്നേഹിക്കാനോ ചിന്തിക്കാനോ നിനക്ക് ഈ ജന്മം പറ്റുമോ… ഞാൻ പഠിത്തം കഴിഞ്ഞ് വന്നപ്പോൾ വീട്ടുകാർ തമ്മിൽ പിണങ്ങി എങ്കിലും ഒരു പാതിരാത്രി അവൻ എന്നെ കാണാൻ വന്നു… തെറ്റ് ഏറ്റു പറഞ്ഞ് ഒരുപാട് കരഞ്ഞു.. അവൻ എന്റെ കാലിൽ വീണു.. നീ കൂടെ നഷ്ടപ്പെട്ടാൽ ജീവനോടെ ഇരിക്കില്ല എന്നും പറഞ്ഞ്…. ചെറുപ്പത്തിൽ കൂടെ കൂട്ടിയതാ.. അവനെ അങ്ങനെ ഉപേക്ഷിക്കാൻ എനിക്ക് പറ്റില്ലായിരുന്നു… ആരുമറിയാതെ ഞങ്ങളുടെ സൗഹൃദം മുന്നോട്ട് പോയി… അവന്റെ നിർബന്ധത്തിന് വഴങ്ങി മാത്രമാണ് ഞാൻ ആ കല്യാണത്തിന് ഞാൻ സമ്മതിച്ചത്…

ആ തീരുമാനം നല്ലതായിരുന്നു… ” “സായ്.. എനിക്ക്.. പ്ലീസ് ടാ.. ഞാൻ ഒരു തവണ കണ്ടോട്ടെ.. പ്ലീസ്…” “എനിക്ക് നിന്നോട് ഒട്ടും അലിവ് തോന്നുന്നില്ല ചന്ദ്രു… എന്റെ മനസ്സ് ഇത്ര ക്രൂരമായിരുന്നോ എന്ന് എനിക്ക് തന്നെ അതിശയം തോന്നുന്നു… അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്.. എന്നും… എന്നിട്ടും അവളെ എല്ലാം അറിഞ്ഞും ഞാൻ ക്ഷണിച്ചതാണ് എന്റെ ജീവിതത്തിലേക്ക്.. വരാൻ കൂട്ടാക്കിയില്ല.. അവളുടെ പഠിപ്പ്.. ജോലി.. സ്വപ്നങ്ങൾ എല്ലാം കൂടെയാണ് നീ വലിച്ചു കീറി കളഞ്ഞത്… നീ എങ്ങനെ അവളുടെ മുഖത്തു നോക്കും.. നിനക്ക് അത്ര മനക്കരുത്ത് ഉണ്ടാവോ.. നാളെ അവളുടെ സ്ഥാനത്ത് വേറെ ആരെങ്കിലും വന്നാൽ അവരെയും നീ മാപ്പ് പറഞ്ഞു കൂടെ കൂട്ടുമോ…

നീ എന്റെ മുന്നിൽ നിന്നും പോയേ.. ഞാൻ എന്തെങ്കിലും ഒക്കെ വിളിച്ചു പറഞ്ഞു പോകും.. പ്ലീസ് ഗെറ്റ് ലോസ്റ്റ്‌… പ്ലീസ്…” ചന്ദ്രു വിറക്കുന്ന കാലടികളോടെ അവിടെ നിന്ന് ഇറങ്ങി… കാറിൽ കയറി സ്റ്റിയറിങ്ങിലേക്ക് മുഖം പൂഴ്ത്തി കിടന്നു…എത്ര നേരം അങ്ങനെ നിന്നുവെന്നറിയില്ല… കുറെ നേരത്തിനു ശേഷം ആരോ വന്ന് ഡോർ ഗ്ലാസ്സിന് തട്ടി.. നന്ദുനെ കണ്ട് മുഖം തുടച്ച് അവൻ ഗ്ലാസ് താഴ്ത്തി… “നിങ്ങളുടെ കമ്പനിയുടെ ലീഗൽ അഡ്വൈസർ കൃഷ്ണമൂർത്തി… അങ്കിളിന്റെ മകൾ ആണ് അഞ്ജലി… നീയാണ് അവളെ ഈ അവസ്ഥയിൽ ആക്കിയത് എന്ന് അവൾ ആരോടും പറഞ്ഞിട്ടില്ല..

ഇപ്പോ ആത്മാർഥമായ കുറ്റബോധം ആണെങ്കിൽ ധൈര്യമായി പോകാം… ” അതും പറഞ്ഞ് അവൻ മുന്നോട്ട് നടന്നു… ചന്ദ്രു ഇറങ്ങി വന്ന് അവന്റെ മുന്നിൽ നിന്നു.. “നീ കൂടെ വരുമോ…പ്ലീസ്… എന്നോട് നീ ക്ഷമിക്കണ്ട.. അവൾ ഏത് അവസ്‌ഥയിൽ ആണെന്ന് എനിക്ക് അറിഞ്ഞൂടാ.. പക്ഷെ ഏത് അവസ്ഥയിൽ ആണെങ്കിലും അവളെ ഞാൻ തിരിച്ചു കൊണ്ടു വരും.. എന്റെ കൂടെ നിന്നൂടെ അവൾക്ക് വേണ്ടി എങ്കിലും.. പ്ലീസ് ടാ…” നന്ദു പതുക്കെ അവന്റെ തോളിൽ തട്ടി.. മുന്നോട്ട് നടന്നു… “സായ്… ചന്ദ്രു ദയനീയമായി വിളിച്ചു.. നന്ദു തിരിഞ്ഞു നിന്നു.. “ഞാൻ ലീവ് പറഞ്ഞിട്ട് വരാം…” ചന്ദ്രുന്റെ മനസ്സ് ഒന്ന് തണുത്തു… അവൻ ശരിയെന്ന് തലയാട്ടി… ൦൦൦൦

രാത്രിയിൽ എല്ലാവരും അഭിയുടെ ഫ്ലാറ്റിലാണ് ഉള്ളത്.. രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചു പോകാനുള്ള പ്ലാനിംഗിൽ ആണവർ… അഭി അമ്മാളൂന്റെ മടിയിൽ കിടക്കുന്നു.. ശരത് ബാലയുടെ മടിയിലും… ചന്ദ്രനും ശർമിളയും സാന്ദ്രയും കൂടെ തന്നെ ഇരിക്കുന്നു.. സാന്ദ്രയെ കൊണ്ട് അവന്റെ കാല് മസാജ് ചെയ്യിക്കുകയാണ് അഭി… അവളുടെയും സിദ്ധുന്റെയും കാര്യം ഓക്കേ ആക്കാൻ ഉള്ള ചെറിയ അടിമ പണികൾ… കുറെ നേരമായി അവൾക്ക് ഒരു വക റെസ്റ്റ് കൊടുത്തിട്ടില്ല… ഇപ്പൊ എന്ത് പറഞ്ഞാലും അവൾ അനുസരിക്കും…. “ഹാ.. നന്നായി ചെയ്യ് പെണ്ണേ… ഇങ്ങനെ ചെറുതായി ഇടിക്ക് കാലിൽ… വേദനിപ്പിക്കാതെ… ” “ഭയ്യ.. മൊതലാക്കണല്ലേ… കഷ്ട്ടുണ്ട് ട്ടോ…” “പണി എടുക്കടി…”

“ഭാഭി പ്ലീസ്..ഒന്ന് പറ…” അവളുടെ അവസ്‌ഥ കണ്ട് എല്ലാരും ചിരി കടിച്ചു പിടിച്ചിരിപ്പാണ്… “സാൻഡി.. ഇനി ഇങ്ങോട്ട് വാ.. എന്റെ കാല് കൂടെ ചെയ്യ്…” ശരത് വിളിച്ചു.. “ഞാനെന്താ കുപ്പീന്ന് വന്ന ഭൂതമോ… ഇങ്ങനെ പണിയെടുപ്പിക്കാൻ… ” “വേണേൽ മതി… അല്ലേടാ…” അഭി ചോദിച്ചു… “അതെന്നെ…” “എന്നെ കൊണ്ടൊന്നും വയ്യ… ഞാൻ പോവുന്നു…” “പൊയ്ക്കോ.. പിന്നെ ഞങ്ങളുടെ പിറകെ വരണ്ട ആ കാര്യം പറഞ്ഞു കൊണ്ട്..” “വരുന്നില്ല.. എനിക്ക് എന്റെ ഭാഭി ഉണ്ട്.. ഇല്ലേ ഭാഭി….ഇതിന് ഭാഭി മതി.. ഹും… ” അവൾ വെട്ടിത്തിരിഞ്ഞു നടന്നു… “ടി.. പോയ ഉറപ്പായും ഞാൻ പാര വെക്കും പറഞ്ഞേക്കാം.. ”

അഭി ഭീഷണിപ്പെടുത്തി സാന്ദ്രയ്ക്ക് സഹികെട്ടു.. അവൾ അവരുടെ അടുത്തേക്ക് വന്നു ഇടുപ്പിൽ കൈ കുത്തി എല്ലാരേയും നോക്കി… ഒരു ദീർഘ ശ്വാസം എടുത്ത് വിട്ടു.. “അച്ഛാ …അമ്മാ.. ആന്റി… ഞാനും സിദ്ധുവേട്ടനും തമ്മിൽ ഇഷ്ട്ടത്തിൽ ആണ്.. എന്റെ പഠിപ്പൊക്കെ കഴിഞ്ഞിട്ട് നിങ്ങൾ ഞങ്ങളുടെ കല്യാണം നടത്തി തരണം.. ഇനിയും മുന്നോട്ട് ഇതു പോലുള്ള ഭീഷണികളെ നേരിടാൻ എന്റെ ബാല്യം പോരാതെ വരും .. അതു കൊണ്ടാണ്.. പ്ലീസ് ആരും എതിർത്തു പറയരുത്.. പിന്നെ ആന്റി ശ്രീയെ സിദ്ധുവേട്ടന് വേണ്ടി ആലോചിച്ചത്.. അത് നടക്കില്ല.. ഈ ശരത്തേട്ടൻ അവളെ നേരത്തെ ബുക്ക് ചെയ്തതാണ്.. സോ ആന്റി ഞാൻ എല്ലാം അറിഞ്ഞു കൊണ്ട് പാര വച്ചു എന്ന് വിചാരിക്കരുത്…

അതു കൊണ്ട് പറഞ്ഞതാ…” ഒറ്റശ്വാസത്തിൽ പറഞ്ഞ് അവൾ ഓടി റൂമിൽ കേറി വാതിൽ അടച്ചു കിതച്ചു… “എന്റമ്മോ… എന്നോടാ കളി… ഹും… മോനെ ശരത്തേട്ടാ.. എങ്ങനെ ഉണ്ട് എന്റെ പാര… എന്നെ അടിമ ആക്കും അല്ലേ..” ഹാളിൽ എല്ലാരും കിളിപോയ അവസ്ഥയിൽ ആയിരുന്നു.. ആരാ ഇപ്പോ പടക്കം പൊട്ടിച്ചത് എന്ന ഭാവമാണ് മുഖത്ത്.. പിന്നെ അതൊരു കൂട്ട ചിരിയായി… “ഇതിനിടയിൽ ഇങ്ങനെ ഒരു കാര്യം നടക്കുന്നുണ്ടായിരുന്നോ… എന്തായാലും ഞാൻ ഇത് നടത്താൻ സമ്മതം അറിയിക്കുന്നു.. ഇനി ചന്ദ്രേട്ടനും ബാലയും ആണ് തീരുമാനിക്കേണ്ടത്.. ശരത്തിന്റെയും ശ്രീയുടെയും കാര്യം ചന്ദ്രേട്ടൻ ദാസേട്ടനോട് സംസാരിക്കണം..

ഞാനും പറയാം…എന്താ നിങ്ങളുടെ അഭിപ്രായം…” “ഞങ്ങൾക്ക് സന്തോഷമേ ഉള്ളൂ.. അറിയുന്ന ആൾക്കാർ തമ്മിൽ ആകുമ്പോൾ ടെൻഷൻ വേണ്ടല്ലോ… നീ എന്തു പറയുന്നു മധു…” “ചന്ദ്രേട്ടൻ പറഞ്ഞാൽ പിന്നെ എനിക്ക് എന്താണ് എതിർപ്പ്.. നമ്മൾക്ക് ഇത് നടത്താം.. ” “ആദിക്ക് ഇനി ആരെങ്കിലും ഉണ്ടോ ആവോ.. അത് കൂടി അറിഞ്ഞാൽ ശരത്തിന്റെയും ആദിയുടെയും ആദ്യം ഒരുമിച്ച് നടത്താം… എന്ത് പറയുന്നു… ” “ശ്രീമോൾടെ പഠിപ്പ്…” “അതിപ്പോ അമ്മാളൂ പോണില്ലേ.. അത് പോലെ കല്യാണം കഴിഞ്ഞാലും പോകാലോ.. ഇവൻ എറണാകുളത്തു തന്നെ അല്ലേ… പിന്നെന്താ…” “ദാസിനോട് കൂടി സംസാരിച്ചിട്ട് തീരുമാനിക്കാം… ”

“ആദിയുടെ കാര്യം കൂടി നോക്കണം…” “ആദിയേട്ടന് മിത്രയെ ഇഷ്ട്ടാണ്.. ഭാഭിയുടെ ഫ്രണ്ടിനെ..” സാന്ദ്ര വാതിലിന്റെ മറവിൽ നിന്ന് വിളിച്ചു പറഞ്ഞു.. എല്ലാരും ഒന്ന് കൂടി ഞെട്ടി.. അഭി അവളെ നോക്കി പേടിപ്പിച്ചു… “എന്നെ നോക്കണ്ട.. ഇവരെയൊക്കെ ഒരു ഭാഗത്ത്‌ ആക്കീട്ട് വേണം ഞങ്ങളുടെ കാര്യം നോക്കാൻ.. അതോണ്ടാ…” അവൾ ഇളിച്ചു കാണിച്ചു.. “ആ കുട്ടിയോ…. അംബിക… സംശയമാണ്…” അമ്മാളൂ ഒന്നും പറഞ്ഞില്ല.. അവൾക്കും പേടിയുണ്ട് അംബിക അറിയുമ്പോൾ എന്തായാലും സമ്മതിക്കില്ല.. എന്റെ മിത്തൂ കരയേണ്ടി വരുമോ… അവളുടെ ടെൻഷൻ അറിഞ്ഞെന്ന പോലെ അഭി എഴുന്നേറ്റ് അവളുടെ അടുത്തിരുന്നു..

തോളിലൂടെ കയ്യിട്ട് ചേർത്ത് പിടിച്ചു.. “ടെൻഷൻ ആവണ്ടാ.. ഞാൻ ഇല്ലേ കൂടെ… ആദി അവളെ ഉപേക്ഷിക്കില്ല… നമ്മൾക്ക് സംസാരിച്ചു നോക്കാം അംബികമ്മയോട്… ഉം… ” “ഉം…. അവൾ ആശ്വാസത്തോടെ ചിരിച്ചു… “നീ ഇങ്ങ് വന്നേ.. അച്ഛൻ ചോദിക്കട്ടെ മോളോട്…” ചന്ദ്രൻ സാന്ദ്രയെ അടുത്തേക്ക് വിളിച്ചു.. “അടിക്കോ…” “ഇല്ലെന്ന് വാ…” സാന്ദ്ര പേടിച്ചു പേടിച്ചു നടന്നു.. പെട്ടെന്ന് ശരത് ചാടി എണീറ്റ് അവളെ പിടിച്ച് അയാളുടെ മുന്നിലേക്ക് നിർത്തി കൊടുത്തു… അവൾ കിടന്ന് കുതറി..

ചന്ദ്രൻ അവളുടെ ചെവിക്ക് പിടിച്ചു തിരിച്ചു.. ” നീ ആരോട് ചോദിച്ചിട്ട് ആണെടി പ്രേമിച്ചത്.. പറയെടി…” “എന്റെ മനസ്സിനോട്.. വേറെ ആരും സപ്പോർട്ട് ചെയ്തില്ലെന്നേ… അച്ഛന് സങ്കടമായോ.. സോറി അച്ഛാ…” അവൾ അയാളെ കെട്ടിപിടിച്ചു.. “പോട്ടെ.. സാരില്ല ട്ടോ.. അച്ഛന് ഇഷ്ട്ടായി മരുമോനെ.. ഞാൻ വിളിച്ചു സംസാരിക്കുന്നുണ്ട്… ഉം…” “താങ്ക്സ് അച്ഛാ.. ലൗ യൂ….😘😘 ” എല്ലാവരിലേക്കും ആ സന്തോഷം നിറഞ്ഞു….തുടരും

സിദ്ധാഭിഷേകം : ഭാഗം 50

Share this story