ഹരി ചന്ദനം: ഭാഗം 30

ഹരി ചന്ദനം: ഭാഗം 30

എഴുത്തുകാരി: ശ്രുതി കൃഷ്ണ

വേഗത്തിൽ നടക്കുന്നതിനിടയ്ക്കു H.P ആരെയോ ഫോൺ ചെയ്ത് എന്തൊക്കെയോ അന്വേഷിക്കുന്നുണ്ടായിരുന്നു.മറുപുറത്തുള്ള ആള് പറയുന്ന നിർദേശങ്ങൾക്കനുസരിച്ചാണ് H.P മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതെന്നു തോന്നി.ആ പോക്ക് അവസാനിച്ചത് ചില്ലുവാതിൽ കൊട്ടിയടച്ച ഒരു റൂമിന് മുൻപിലാണ്. റൂമിന് പുറത്ത് അക്ഷമനായി ഒരു മധ്യവയസ്‌കൻ ഫോണും കയ്യിൽ പിടിച്ച് കാത്തു നിൽപ്പുണ്ടായിരുന്നു.ആയാളോടാണെന്നു തോന്നുന്നു H.P ഇത്രയും നേരം സംസാരിച്ചത്.ഞങ്ങളെ കണ്ടയുടനെ അയാളുടെ മുഖത്ത് നേരിയ ആശ്വാസം നിഴലിക്കുന്നുണ്ടായിരുന്നു. H.P അയാളുടെ അടുത്തെത്തുമ്പോളേക്കും ഞാനും ഓടിപ്പാഞ്ഞു അവർക്കടുത്തെത്തി. “എന്താ….എന്താ പറ്റിയത്? ” “ഇവിടെ എത്താറായപ്പോൾ ചെറിയൊരു തളർച്ച പോലെ തോന്നി.അപ്പോൾ നേരെ ഇങ്ങോട്ട് വച്ചു പിടിച്ചു.പേടിക്കാനൊന്നുല്ലെന്നാ ഡോക്ടർ പറഞ്ഞത്.ബി.പി കൂടിയതാ…. പിന്നേ ഹാർട്ട്‌ ബീറ്റിലും ചെറിയൊരു വാരിയേഷൻ അതു കൊണ്ട് ഒബ്സെർവഷനിൽ കിടത്തിയെന്നേ ഉള്ളൂ.ഇപ്പോൾ കുഴപ്പൊന്നുല്ല ആള് ഇപ്പോൾ നോർമൽ ആണ്. ” അത്രയും കേട്ട് ഗ്ലാസ്സിനുള്ളിലൂടെ ഉള്ളിലേക്ക് നോക്കുമ്പോൾ യന്ത്രങ്ങൾക്കു നടുവിൽ തളർന്നുറങ്ങുന്ന അമ്മയെ കണ്ടു.

അപ്പോഴേക്കും H.P യും പുറകെ അയാളും വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ചു. കൂടെ ഞാനും.അമ്മയുടെ കിടപ്പ് കണ്ടിട്ട് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.ഞാൻ പോലുമറിയാതെ കണ്ണുകൾ നിറഞ്ഞു.H.P യുടെ കണ്ണുകളിലും നീർത്തിളക്കം കാണാമായിരുന്നു. “അമ്മേ….. അമ്മേ… ” ഇടറിയ ശബ്ദത്തോടെയുള്ള H.P യുടെ വിളിയിൽ പതിയെ അമ്മ കണ്ണുകൾ തുറന്നു.ഞങ്ങളെ കണ്ടതോടെ ആ കണ്ണുകൾ ചെറുതായി വികസിച്ചു.ചെറിയൊരു പുഞ്ചിരി അമ്മയുടെ മുഖത്ത് തെളിഞ്ഞു.H.P അമ്മയുടെ കൈ പതിയെ തലോടികൊണ്ടിരുന്നു.ഞാനും കട്ടിലിന്റെ മറുതലയ്ക്കലൂടെ ചെന്ന് ഡ്രിപ്പിട്ടിരിക്കുന്ന അമ്മയുടെ കൈ എടുത്ത് മടിയിൽ വച്ചു. “എനിക്കൊന്നുല്ല മക്കളെ…. വണ്ടിയിലിരിക്കുമ്പോൾ ചെറിയൊരു തളർച്ച പോലെ തോന്നി അത്രേ ഉള്ളൂ.ഞാൻ ഈ കിച്ചനോട് പറഞ്ഞതാ ഹോസ്പിറ്റലിൽ ഒന്നും പോവണ്ട വീട്ടിൽ ചെന്ന് B.P ടെ മരുന്ന് കഴിച്ച് ഒന്ന് കിടന്നാൽ മാറുന്നു.കേൾക്കണ്ടേ….ഇപ്പോൾ കണ്ടില്ലേ കിച്ചാ…. എന്റെ മക്കള് എനിക്കെന്തോ ഭയങ്കര പ്രശ്നമാണെന്ന് കരുതി പേടിചിരിക്കുന്നത്. “അതെന്താ B.P ടെ മരുന്ന് അമ്മ കഴിച്ചില്ലേ?” H.P യുടെ ചോദ്യത്തിന് ആദ്യം അമ്മ കിടന്ന് പരുങ്ങുന്നുണ്ടായിരുന്നു.പിന്നേ പതിയെ ശ്രദ്ധ എന്റെ നേർക്കു തിരിച്ചു. “അയ്യേ… എന്റെ ചന്തുട്ടൻ കരയാണോ.അമ്മയ്ക്കൊന്നുല്ലെടാ.ആഹ്…. പിന്നേ കിച്ചാ ഇതാ എന്റെ ചന്തു മോള്.ഹരിക്കുട്ടന്റെ…..പിന്നേ മോളെ ഇതാണ് കൃഷ്ണൻ….ഞങ്ങള് കിച്ചാന്ന് സ്നേഹത്തോടെ വിളിക്കും.

എന്റെ ഇളയമ്മേടെ മോനാ… മോള് കണ്ടു കാണില്ല.നിങ്ങളുടെ കല്യാണത്തിന് ഇവനങ് അമേരിക്കേലാ.നാട്ടിലെത്തിട്ടു ഇപ്പൊ കുറച്ചായെ ഉള്ളൂ. ” ഞാൻ അയാളെയും അയാൾ എന്നെയും പരിചയഭാവത്തോടെ നോക്കി ഒന്ന് പുഞ്ചിരിച്ചു. “അമ്മ ഞാൻ ചോദിച്ചതിന് മറുപടി പറഞ്ഞില്ല. ” “എന്താ ഹരിക്കുട്ട…? ” “അമ്മ മരുന്ന് കഴിച്ചില്ലെന്ന്? ” “അതു പിന്നേ ഹരിക്കുട്ടാ…പോവാനുള്ള വെപ്രാളത്തില് ഞാൻ മരുന്നെടുക്കാൻ വിട്ടു. ” “അപ്പോൾ ഈ പോയ രണ്ടു ദിവസവും അമ്മ മരുന്ന് കഴിച്ചില്ലല്ലേ? ” H.P വിടുന്ന മട്ടില്ല.അമ്മ ആണെങ്കിൽ പെട്ടു പോയി എന്ന മുഖത്തോടെ എന്നെയും കിച്ചൻ അങ്കിളിനെയും ദയനീയമായി നോക്കി. “മരുന്ന് മറന്നു പോയത് പോട്ടെന്നു വയ്ക്കാം.അമ്മയ്ക്ക് അവിടുന്ന് മരുന്ന് സങ്കടിപ്പിക്കാൻ പാടില്ലായിരുന്നോ.അവിടെ ആരെയെങ്കിലും ഏൽപ്പിച്ചാൽ പോരെ? ഒന്നുല്ലേലും എന്നെ എങ്കിലും ഒന്ന് വിളിച്ച് സൂചിപ്പിക്കായിരുന്നല്ലോ? മരുന്നവിടെ എത്തിക്കാനുള്ള വഴി ഞാൻ കണ്ടേനെ.” “അത്… ഞാൻ ആരെയും ബുദ്ധിമുട്ടിക്കണ്ടെന്നു കരുതിയാ…. ” “എന്നിട്ടിപ്പോ എന്തായി? എപ്പോഴും കൊച്ചു കുട്ടിയാണെന്നാ വിചാരം.മതി…ഇന്നത്തോടെ നിർത്തിക്കോളണം പൂജേം മന്ത്രോം ഒക്കെ.ഇനി വീട്ടിൽ അടങ്ങി ഒതുങ്ങി ഇരുന്നിട്ടുള്ള പ്രാർത്ഥന ഒക്കെ മതി. ” H.P പിന്നേം എന്തോ പറയാൻ തുനിഞ്ഞതും മതി….

എന്ന്‌ കെഞ്ചി ഞാൻ കണ്ണുകാണിച്ചു.അതോടെ എന്നെയും രൂക്ഷമായി ഒന്ന് നോക്കിയിട്ട് ആള് വേഗത്തിൽ റൂമിൽ നിന്നും ഇറങ്ങി പോവുന്നത് കണ്ടു.അമ്മ ആശ്വാസത്തോടെ നെടുവീർപ്പിട്ടു എന്നെയും അങ്കിളിനെയും ഒന്നുമില്ലെന്ന മട്ടിൽ കണ്ണ് ചിമ്മി. എനിക്കും H.P യ്ക്കും വേണ്ടിയായിരുന്നല്ലോ അമ്മയുടെ ഈ സാഹസം എന്നോർത്തപ്പോൾ നെഞ്ചിൽ വല്ലാത്തൊരു വിങ്ങൽ പോലെ തോന്നി. “എങ്കിൽ പിന്നേ ഞാൻ ഇറങ്ങട്ടെ ചേച്ചി.ഇപ്പഴേ പുറപ്പെട്ടാലേ പാതിരായ്ക്ക് മുൻപേ എത്താൻ പറ്റൂ. എന്തു ആവശ്യം ഉണ്ടേലും വിളിക്കണം കേട്ടോ… ” “ശെരി കിച്ചാ…എന്നാലും നീ വളരെ കാലം കൂടി ഇത്രേടം വരെ വന്നിട്ട് വീട്ടിൽ കയറാൻ പറ്റില്ലല്ലോ.? ” “അത് സാരല്ല ചേച്ചി… ഞാൻ ഇനി കുറച്ചു കാലം നാട്ടിൽ തന്നെയുണ്ടല്ലോ. ഒരു ദിവസം എല്ലാരേം കൂട്ടി വരാം.എന്നാൽ ശെരി ഞാൻ പോവാണേ മോളെ….ഹരി മോനോട് ഞാൻ പോണ വഴിക്ക് പറഞ്ഞോളാം. ” എല്ലാരോടും യാത്ര പറഞ്ഞ് അങ്കിൾ ഇറങ്ങിയപ്പോൾ ഞാൻ പതിയെ ചെന്ന് ഡോർ അടച്ചു. “അമ്മയ്ക്ക് ഇപ്പോൾ എന്തെങ്കിലും വയ്യായ്ക ഉണ്ടോ? ” “ഇല്ല ചന്തു. ഇപ്പോൾ അമ്മയ്ക്ക് ഈ കുന്ത്രാണ്ടങ്ങൾ ഒക്കെ വച്ച് ഇവിടെ കിടക്കുന്ന അസ്വസ്ഥത ഒഴിച്ചാൽ മനസ്സ് നിറയെ സന്തോഷാ.അമ്മ ഉള്ളുരുകി പ്രാർഥിച്ചിട്ടുണ്ട് എന്റെ മക്കൾക്ക്‌ നല്ലത് വരുത്താൻ.പിന്നേ വണ്ടിയിൽ നിന്ന് വയ്യായ്ക തുടങ്ങിയപ്പോൾ ഒരു നിമിഷം അമ്മ പേടിച്ചു എന്നെ ദൈവം അങ്ങ് വിളിക്കാണോന്ന്.

നിങ്ങടെ കാര്യത്തിൽ ഇനി അമ്മയ്ക്ക് പേടിയൊന്നുല്ല.പിന്നേ കിച്ചൂന്റെം ദിയമോളുടേം കാര്യം കൂടി വച്ച് താമസിപ്പിക്കാതെ ഒന്നാലോചിക്കണം.ഇങ്ങ് വരട്ടെ രണ്ടാളും.പിന്നെ…..” “പിന്നേ… എന്താ എന്റെ പാറൂട്ടന് ആഗ്രഹം.എന്തൊക്കെ ആഗ്രഹിച്ചാലും അതൊക്കെ നടത്തി തന്നിട്ട് ഇനിയും ഒരു പാട് കാലം ഞങ്ങളുടെ കൂടെ കൂടിട്ടെ വിടുള്ളൂ.” “അത്രയ്ക്കൊന്നും ഇനി ഇല്ലെന്നൊരു തോന്നലാ ഇപ്പോൾ ഉള്ളില്.പിന്നേ…ഒരു അത്യാഗ്രഹം കൂടി ഉണ്ട് ഈ വൃദ്ധയ്ക്ക്…ഒരു പേരക്കുട്ടി.കാണാൻ യോഗം ഉണ്ടാവൊന്നു അറിയില്ല. എന്നാലും അതിന്റെ കൊഞ്ചലും ചിരിയും ഒക്കെ കാണാനും കയ്യിലെടുത്തു താലോലിക്കാനും കൂടി അവസരം തന്നാൽ മതിയായിരുന്നു ഈശ്വരൻ. ” അത്രയും പറയുമ്പോളേക്കും ശബ്ദം ഇടറി അമ്മ കരഞ്ഞു പോയിരുന്നു.മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് പപ്പാ ആശുപത്രിയിൽ കിടന്ന ദിവസങ്ങളാണ് പെട്ടന്ന് ഓർമ വന്നത്.ജീവിതത്തിൽ നമ്മൾ ഏറ്റവും ദുര്ബലരാവുന്നതു സ്വൊന്തം മരണത്തെ കുറിച്ചോർക്കുമ്പോളാണെന്നു തോന്നുന്നു.ആർക്കും എപ്പോഴും സംഭവിക്കാം എങ്കിലും പല രോഗങ്ങളിലൂടെ മരണം നമ്മളെ മാടി വിളിക്കുമ്പോൾ പകച്ചു പോകും.തൊട്ടടുത്ത നിമിഷം ഞാൻ ഉണ്ടാവുമോ എന്നതാണ് ഇന്ന് ഏറ്റവും വലിയ കുഴപ്പിക്കുന്നതും ഉത്തരം കിട്ടാത്തതുമായ ചോദ്യം എന്ന്‌ തോന്നിപ്പോകുന്നു.അമ്മയുടെ കണ്ണുകൾ വീണ്ടും നിറയാൻ വിടാതെ ഞാൻ എന്റെ കൈകൾ കൊണ്ട് കണ്ണീരൊപ്പിയെടുത്തു.

നെറുകയിൽ ഞാനെന്റെ ചുണ്ടുകൾ ചേർത്തു പതിയെ തലയിൽ തലോടിയപ്പോളേക്കും അമ്മ ക്ഷീണം കാരണം മയക്കം പിടിച്ചിരുന്നു. അമ്മ നല്ല മയക്കമായപ്പോളേക്കും ഞാൻ റൂമിന് പുറത്തിറങ്ങി നോക്കി.അടുത്തു തന്നെ അടുക്കിയിട്ട കസേരകളിൽ ഒന്നിൽ H.P തല കുനിച്ചിരിക്കുന്നതു കണ്ടു. അടുത്ത് പോയിരുന്നു ചുമലിൽ കൈ ചേർത്തപ്പോളെക്കും എന്റെ തോളിലേക്ക് ചാഞ്ഞു.ചുടു കണ്ണീരിന്റെ നനവ് എന്റെ വസ്ത്രവും കടന്നു ചുമൽ നനയ്ക്കുന്നുണ്ടായിരുന്നു.അമ്മ എത്രത്തോളം ആ മനുഷ്യനിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നു ഒന്നു കൂടി ഞാൻ മനസ്സിലാക്കുകയായിരുന്നു.ഞാൻ ഒന്നും പറയാതെ ആളുടെ കയ്യിൽ കൈ ചേർത്ത് മുറുകെ പിടിച്ചു. പപ്പയുടെ ജീവന് വേണ്ടി പ്രാർത്ഥിച്ചു ഹോസ്പിറ്റൽ വരാന്തയിൽ തളർന്നിരുന്ന എന്നെ തന്നെയാണ് ഇന്ന് ഞാൻ അദ്ദേഹത്തിലും കണ്ടത്.ഇത്തിരി കഴിഞ്ഞപ്പോൾ ആൾ ഒന്ന് നോർമൽ ആയി. “ഇനി അമ്മയെ വഴക്കൊന്നും പറയല്ലേ..ഹരിയേട്ടാ ” “വേണമെന്ന് വെച്ചിട്ടല്ല ചന്തു.അമ്മയുടെ തളർന്ന മുഖത്ത് നോക്കി വഴക്ക് പറയുമ്പോൾ അതിന്റെ ഒരായിരം ഇരട്ടി എനിക്കും നോവുന്നുണ്ട്. ” “ഞാൻ കുറ്റപ്പെടുത്തിയതല്ല.ഒരു നിമിഷം അമ്മയും ഭയന്നു പോയിരുന്നു നമ്മളെ ഒക്കെ വിട്ട് പോവാനൊന്നു.പാവം ഒത്തിരി സങ്കടപ്പെടുന്നുണ്ട്.എന്തായാലും അത് കഴിഞ്ഞില്ലേ ഇനി വിട്ടേക്കു.ഇങ്ങനെ ഒക്കെ ആവും എന്ന്‌ അമ്മയും വിചാരിച്ചു കാണില്ല. ” “മ്മ്മ്… ” “പിന്നേ…. കിച്ചുനെ വിളിച്ചു പറഞ്ഞോ?

അവൻ ഇന്ന് വരുമെന്ന് പറഞ്ഞിരുന്നു. ഇനി ഇപ്പോൾ വീട്ടിൽ എത്തിയാൽ ആരെയും കാണാതെ വിഷമിക്കും ” “ഞാനത് മറന്നു.ഇപ്പോൾ തന്നെ വിളിച്ചേക്കാം ” സന്ധ്യ കഴിഞ്ഞപ്പോളേക്കും കിച്ചു എത്തി.അമ്മയെ വഴക്കൊന്നും പറയരുതെന്ന് ഞാൻ ചട്ടം കെട്ടിയിരുന്നത് കൊണ്ട് അവൻ അധികമൊന്നും സംസാരിച്ചില്ല.അന്ന് എല്ലാവരും ആശുപത്രിയിൽ തന്നെ തങ്ങി.പിറ്റേന്ന് ഉച്ച കഴിഞ്ഞപ്പോളേക്കും അമ്മയ്ക്ക് ഡിസ്ചാർജ് കിട്ടി.അമ്മയുടെ അസുഖ വിവരം അറിഞ്ഞത് പ്രകാരം വൈകുന്നേരം ആയപ്പൊളേക്കും ദിയയും വന്നിരുന്നു. എല്ലാവരെയും അടുത്ത് കിട്ടിയപ്പോൾ അമ്മ കുറച്ചൂടെ ഉഷാറായി. അത് പ്രകാരം H.P ഒഴികെ ബാക്കി എല്ലാവരും രണ്ടു മൂന്ന് ദിവസം കൂടി അമ്മയോടൊപ്പം ചിലവഴിക്കാൻ തീരുമാനിച്ചു.എങ്കിലും കുറച്ചു നേരം ഞങ്ങളുടെ കണ്ണ് തെറ്റുമ്പോളേക്കും ഓരോന്ന് ആലോചിച്ചു കണ്ണ് നിറയ്ക്കുന്നത് കാണാമായിരുന്നു. ഒരു ദിവസം രാത്രിയിൽ എല്ലാവരും കൂടി അത്താഴം കഴിക്കുമ്പോളായിരുന്നു അമ്മ ദിയയുടെയും കിച്ചുവിന്റെയും കല്യാണ കാര്യം എടുത്തിട്ടത്.ഇത്രയും പെട്ടന്ന് അങ്ങനൊരു തീരുമാനം വേണോ എന്നതായിരുന്നു എല്ലാവരുടെയും ചോദ്യം.പക്ഷെ അമ്മ തീരുമാനത്തിൽ ഉറച്ചു നിന്നു.ഇപ്പോൾ പെട്ടന്ന് വേണ്ട എന്ന് കിച്ചു വാശി പിടിച്ചെങ്കിലും അമ്മയുടെ മരണഭയം വെളിപ്പെടുത്തി അമ്മ അവനെക്കൊണ്ട് അടിയറവു പറയിപ്പിച്ചു.

അവസാനം തീരുമാനം ദിയയ്‌ക്കു വിട്ടു നൽകി. എന്നാൽ അവൾ വളരെ സീരിയസ് ആയി അവൾക്കു ആലോചിക്കാൻ സമയം വേണം എന്ന് പറഞ്ഞു മുകളിലേക്കു പോയി.രാത്രിയിൽ ഉറങ്ങാൻ വേണ്ടി ഞാൻ റൂമിലേക്ക്‌ പോകുമ്പോൾ ഫോണും പിടിച്ചു ദിയ ടെറസിലേക്ക് കയറി പോകുന്നത് കണ്ടു.കൂടെ കിച്ചു കാണുമെന്ന ധാരണയിൽ ഞാനും അത് കാര്യമാക്കിയില്ല. ഞാൻ റൂമിലെത്തുമോൾ പതിവുപോലെ H.P ലാപ്പിൽ നോക്കിക്കൊണ്ടിരിക്കുവായിരുന്നു.ഉറക്കം വരാത്തത് കൊണ്ട് ഞാൻ ആളെയും കാത്തിരുന്നു.അതിനിടയ്ക്ക് ചാരുവും സച്ചുവും വിളിച്ചപ്പോൾ പുതിയ കല്യാണ വിശേഷങ്ങൾ ഒക്കെ പറഞ്ഞു. ചാരുവിനു ഫീൽ ചെയ്യേണ്ടെന്ന് കരുതി സംഭാഷണം അധികം ധീർഘിപ്പിക്കാതെ അവസാനിപ്പിച്ചു.പണിയൊക്ക കഴിഞ്ഞു H.P വരുമ്പോളും ഉറക്കം കിട്ടാതെ എന്റെ ചിന്തകൾ പല വഴിക്ക് പാഞ്ഞുകൊണ്ടിരുന്നു. “എന്താണ് മാഡം….ഭയങ്കര ആലോചന? ” “ഏയ് ഒന്നുല്ല…” “എന്നാലും? ” “ഞാൻ ഓർക്കുവായിരുന്നു ഇതിപ്പോൾ ഒരു ഫാഷൻ ആയി മാറിയിരിക്കുകയാണല്ലോ? ” “എന്ത്…. ” “ഈ പെട്ടെന്ന് കല്യാണം ഉറപ്പിക്കൽ ഏർപ്പാട്.നമ്മുടെ പ്രിയപ്പെട്ടവർക്ക് പെട്ടന്ന് അസുഖം വരുന്നു.മരിച്ചു പോകുമോ എന്ന പേടി ഉണ്ടാവുന്നു.തങ്ങളുടെ ആശ്രിതർക്ക് ഒരു തുണ വേണം എന്ന് തോന്നുന്നു.പരിഹാരം വിവാഹം…. ” “നീ എന്തൊക്കെയാ ഈ പറയുന്നേ? ” “ആണെന്നെ…..

എന്റെ കല്യാണവും ഇങ്ങനൊക്കെ തന്നെയായിരുന്നു. ” “ഓഹ് അങ്ങനെ.എന്നിട്ടിപ്പോൾ നിനക്ക് നല്ലൊരു ഹസ്ബന്റിനെ കിട്ടിയില്ലേ??? ” “ഉവ്വ…. ഞാൻ നന്നാക്കിയെടുത്തു എന്ന് വേണം പറയാൻ.വേറെ വല്ലോരും ആയിരുന്നെങ്കിൽ എടുത്ത് കിണറ്റിലിട്ടേനെ. ” “ഞാൻ അത്രയ്ക്ക് കുഴപ്പാണോ? ” “കുഴപ്പായിരുന്നു എന്ന് പറയാം.അന്ന് കിട്ടിയ അടിയിൽ എന്റെ അണപ്പല്ലിന്റെ ഇളക്കം ഇനിയും മാറിയിട്ടില്ല. ” “അത് അന്ന്. ഇപ്പോൾ ഞാൻ ദേ ഇവിടെ നിന്റെ മനസ്സിൽ കേറി കുടിയിരിക്കുവല്ലേ? ” അത്രയും പറഞ്ഞു H.P എന്നെ നെഞ്ചിലേക്ക് വലിച്ചിട്ടു. “എന്നാലും ഈ വിവാഹം ഇത്തിരി നേരത്തെ ആയി പോയി.അവര് രണ്ടാളും പഠിക്കയല്ലേ.കല്യാണം കഴിഞ്ഞാലും കുറച്ചു കാലം രണ്ടു വഴിക്കാവും. ” “എന്റേം അഭിപ്രായം അത് തന്നെയാ പക്ഷെ അമ്മേടെ ആഗ്രഹം അല്ലേ? ” “ആഹാ അപ്പോൾ അമ്മേടെ എല്ലാ ആഗ്രഹവും സാധിച്ചു കൊടുക്കോ? എങ്കിലേ …. അമ്മയ്ക്ക് വേറൊരു ആഗ്രഹം കൂടി ഉണ്ട്. ” “അതെന്താ?… ഞാൻ അറിഞ്ഞില്ലല്ലോ…. ” “അതെന്നോട് മാത്രം പറഞ്ഞതാ ” “ഓഹോ രഹസ്യം…..എന്താണാവോ? ” “അമ്മയ്ക്ക് ഒരു പേരക്കുട്ടിയെ വേണമെന്ന്. ” H.P എന്നെ അത്ഭുതത്തോടെ നോക്കി.പതിയെ മുഖത്തൊരു കുസൃതിചിരി വിരിഞ്ഞു. “ഒന്ന് മതിയോ…..പക്ഷെ ഞാൻ കുറച്ചധികം കൊടുക്കാൻ ആഗ്രഹിക്കുന്നുണ്ട്. ” “അയ്യടാ…. ” അത്രയും പറഞ്ഞ് ആ കണ്ണുകളെ നേരിടാനാവാതെ കൈകൾ കൊണ്ട് ഞാൻ മുഖം മറച്ചു.

പിറ്റേന്ന് രാവിലെ വിവാഹത്തിന് സമ്മതമാണെന്ന് ദിയ അറിയിച്ചു.അവളുടെ തീരുമാനത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അമ്മയായിരുന്നു.അവളെ ഇറുകെ പുണർന്നു നന്ദി പറയുമ്പോളേക്കും അമ്മ കരഞ്ഞു പോയിരുന്നു.അന്ന് തന്നെ കിച്ചുവും ദിയയും മടങ്ങി. പിന്നേ എല്ലാം വളരെ പെട്ടന്നായിരുന്നു. അടുത്ത ആഴ്ച തന്നെ.നിശ്ചയം നടത്താൻ തീരുമാനിച്ചു.എല്ലാം വളരെ ലളിതമായി മതിയെന്ന സജ്ജെഷൻ വച്ചത് കിച്ചുവും ദിയയും തന്നെയായിരുന്നു.നിശ്ചയപ്രകാരം മൂന്നാഴ്ച കഴിഞ്ഞുള്ള മുഹൂർത്തത്തിൽ കല്യാണം നടത്തുവാൻ തീരുമാനമായി.  ഒട്ടും സമയമില്ലാത്തതു കൊണ്ട് തന്നെ എല്ലാം ഭംഗിയായി നടത്താനുള്ള ഓട്ടത്തിലായിരുന്നു എല്ലാവരും.ഡ്രെസ്സെടുപ്പും ആഭരണമെടുപ്പുമെല്ലാം ദിയയും കിച്ചുവും വരുന്ന മുറയ്ക്ക് നടത്തി.ഓഡിറ്റോറിയം ബുക്ക്‌ ചെയ്ത് ബാക്കി എല്ലാ കാര്യങ്ങളും ഇവന്റ് മാനേജ്മെന്റ്കാരെ ഏൽപ്പിച്ചു.വിവാഹക്ഷണം ആയിരുന്നു മറ്റൊരു ബുദ്ധിമുട്ട്. വളരെ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണ് ക്ഷണിച്ചത്.പപ്പയെയും മാമയെയും ക്ഷണിച്ചെങ്കിലും അവർക്കു വരാൻ കഴിയില്ലെന്നറിയിച്ചുകൊണ്ട് അവർ വരനും വധുവിനും ആശംസകൾ നേർന്നു.സച്ചുവിന് എക്സാം തിരക്കായതു കൊണ്ട് അവനും അവർക്കു ക്ഷണം സന്തോഷത്തോടെ നിരസിച്ചു ആശംസകൾ അറിയിച്ചു.

ചാരു കാരണങ്ങൾ ഒന്നും ഇല്ലാതെ തന്നെ മനഃപൂർവം ഒഴിവായി.H.P യും കിച്ചുവും അവളെ ക്ഷണിച്ചെങ്കിലും അവൾ വരില്ലെന്ന് എന്റെ മനസ് പറഞ്ഞിരുന്നു.അവളെ നിർബന്ധിച്ചു കൂട്ടാൻ എന്റെ മനസ്സും അനുവദിച്ചില്ല. മൂന്നാഴ്ചയായി തുടങ്ങിയ ഓട്ടപ്പാച്ചിലിനൊടുവിൽ ഒന്ന് നിവർന്നു നിന്നത് ഇന്ന് താലിമുറുക്കാൻ കിച്ചുവിനെ സഹായിക്കുമ്പോളാണ്.അങ്ങനെ ഇന്ന് പത്തിനും പതിനൊന്നിനും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ കിച്ചു ദിയയെ താലി ചാർത്തി തന്റെ നല്ലപാതിയായി കൂടെ കൂട്ടി….തുടരും…..

ഹരി ചന്ദനം: ഭാഗം 29

Share this story