ഗന്ധർവ്വയാമം: ഭാഗം 17

ഗന്ധർവ്വയാമം: ഭാഗം 17

എഴുത്തുകാരി: അഞ്ജലി അഞ്ജു

പിന്നീടുള്ള ഒരാഴ്ച്ച അഭിയോടൊപ്പമാണ് ആമി നിന്നത്. അച്ഛന്റെയും അമ്മയുടെയും സ്നേഹം മതിയാവോളം ആസ്വദിച്ചെങ്കിലും മനസ് അസ്വസ്ഥമായിരുന്നു. ആദ്യമൊന്നും അതിനുള്ള കാരണം അവൾക്ക് മനസ്സിലായിരുന്നില്ല. ഓഫീസിലേക്ക് പോകുമ്പോൾ തന്നെ നിഴല് പോലെ പിന്തുടർന്നിരുന്ന ആ രണ്ടു കണ്ണുകളെ കാണാതായപ്പോളാണ് അതിനുള്ള കാരണം വ്യക്തമായത്. മനഃപൂർവം പലപ്പോഴും വസുവിനെ ഒഴിവാക്കിയിരുന്നെങ്കിലും കാണാതെ ആയപ്പോൾ നെഞ്ചിലൊരു ഭാരം എടുത്ത് വെച്ചത് പോലെ.. മറ്റൊന്നിലും ശ്രദ്ധിക്കാൻ പോലും കഴിയുന്നില്ല. തനിച്ചിരിക്കാനാണ് മനസ് ആഗ്രഹിച്ചത്. അത് കൊണ്ടാണ് തിരികെ ഫ്ലാറ്റിലേക്ക് പോയത്. അഭിയും അമ്മയും കുറച്ച് ദിവസം കൂടി നിൽക്കാൻ നിർബന്ധിച്ചെങ്കിലും സ്നേഹത്തോടെ നിരസിച്ചു. ശരീരവും മനസും രണ്ടിടത്തായി ജീവിച്ചിട്ട് എന്ത് കാര്യമാണ് ഉള്ളത്? ഫ്ലാറ്റിലേക്ക് പോകുമ്പോളും കണ്ണുകൾ പ്രിയപ്പെട്ട ആരെയോ തേടുകയായിരുന്നു. വസുവിന്റെ ഫ്ളാറ്റിന് മുന്നിലെങ്കിലും അവൾ അവനെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ നിരാശയായിരുന്നു ഫലം.

മുറിയിൽ ചെന്ന് തലയിണയിൽ മുഖം അമർത്തി കരയുമ്പോളും അവനെ ഒന്ന് കാണാൻ മാത്രമാണ് ആഗ്രഹിച്ചത്. നൂറു കുറ്റങ്ങൾ അവന് നേരെ തൊടുത്തു വിട്ടാലും അവനില്ലാതെ താൻ പൂർണയാവില്ലെന്ന സത്യം ആ നിമിഷങ്ങളിൽ അവൾ ഉൾക്കൊള്ളുകയായിരുന്നു. ആദ്യമായി വസുവിന്റെ ഭാഗം കേൾക്കാനായി കാതോർക്കുകയായിരുന്നു. കുറച്ചു വർഷത്തെ ഒറ്റപ്പെടൽ അനുഭവിച്ചപ്പോൾ വസുവിനെ കുറ്റപ്പെടുത്തിയ താൻ ഒരിക്കൽ പോലും ജന്മങ്ങളോളം തനിക്കായി കാത്തിരുന്ന അവന്റെ ഒറ്റപ്പെടലിനെ പറ്റി ചിന്തിച്ചിട്ടില്ല. ഈ ഭൂമിയിൽ അദ്ദേഹത്തെ പിടിച്ചു നിർത്തുന്ന ഒരേ ഒരു ഘടകം താനാണ്. വസുവിന് എത്രത്തോളം പ്രിയപ്പെട്ടതാണ് താനെന്ന് അവൾ മനസ്സിലാക്കുകയായിരുന്നു. തന്റെ നന്മയ്ക്കു വേണ്ടിയാണ് കുടുംബത്തിൽ നിന്ന് പോലും തന്നെ അകറ്റിയത്. എന്നിട്ട് എന്താണ് അവന് പ്രതിഫലം ലഭിച്ചത്?? ആമിക്ക് സ്വയം പുച്ഛം തോന്നി. വസുവിനെ പോലൊരാളുടെ സ്നേഹം ലഭിക്കാൻ പോലും യോഗ്യത ഇല്ലാത്തവളാണ് താനെന്ന് തോന്നി. വീണ്ടും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഇനിയും ഒരു ജന്മം കൂടെ തന്റെ പ്രണയത്തിനായി കാത്തിരിക്കാനുള്ള ക്ഷമ പോലും നഷ്ടമായിരിക്കുന്നു. വസു എവിടെ പോയാലും തനിക്കരികിലേക്ക് എത്തുമെന്ന വിശ്വാസം അവൾക്കുണ്ടായിരുന്നു ഇനിയും അവനെ തനിക്ക് നഷ്ടമാവില്ലെന്ന പ്രതീക്ഷയും. അവന്റെ ഫോണിലേക്ക് വീണ്ടും വീണ്ടും ഭ്രാന്തിയെ പോലെ വിളിച്ചു കൊണ്ടിരുന്നു. അല്പ സമയത്തെ ആലോചനയ്ക്ക് ശേഷം എന്തൊക്കെയോ മനസ്സിൽ തീരുമാനിച്ച് ഉറപ്പിച്ച് അവൾ ഫ്രഷ് ആവാനായി പോയി. കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ തന്റെ പ്രതിബിംബത്തിലൂടെ അവളുടെ കണ്ണുകൾ സഞ്ചരിച്ചു. വസു സമ്മാനിച്ച സാരിയായിരുന്നു അവൾ ധരിച്ചിരുന്നത്. കയ്യിലെ കുപ്പി വളകളും ചുവന്ന പൊട്ടും തനിക്ക് പതിവില്ലാത്ത വശ്യത നൽകിയതായി അവൾക്ക് തോന്നി. അഴിച്ചിട്ട മുടിയിഴകൾ മാടി ഒതുക്കി. കണ്ണുകൾ സമയ സൂചികയിലേക്ക് നീണ്ടു. പേഴ്സ് എടുത്ത് ഫോൺ വെച്ച് ഫ്ലാറ്റ് ലോക്ക് ചെയ്ത് ഇറങ്ങി. എങ്ങോട്ടേക്കാണ് പോകേണ്ടതെന്ന് നിശ്ചയം ഉണ്ടായിരുന്നില്ലെങ്കിലും തന്റെ ലക്ഷ്യത്തെ പറ്റി അവൾക്ക് ബോധ്യമുണ്ടായിരുന്നു. വസു തിരികെ വരുമെന്ന വിശ്വാസം അവളിൽ ആഴ്ന്നിറങ്ങിയിരുന്നു. ആളൊഴിഞ്ഞ വഴിയിലൂടെ നടക്കുമ്പോളും ചിന്തകളിൽ വസു മാത്രമായിരുന്നു.

ആ കണ്ണുകളിലെ തീഷ്ണതയും ഇടം പല്ലു കാട്ടിയുള്ള ചിരിയുമെല്ലാം അവളിൽ സന്തോഷം നിറച്ചു. ഒടുവിൽ മൂർച്ചയേറിയ വാക്കുകൾ കൊണ്ട് വേദനിപ്പിച്ചപ്പോൾ ആ കണ്ണുകളിൽ നിറഞ്ഞു കണ്ടത് നിസ്സഹായതയാണോ അതോ വേദനയോ? അറിയില്ല. പക്ഷെ ആ വേദനയും നിരാശയും അതിനേക്കാൾ പതിന്മടങ്ങായി തന്നെ ബാധിച്ചിരിക്കുന്നു. തല കുനിച്ച് എത്ര ദൂരം നടന്നെന്ന് ഓർമയില്ല. യാഥാർഥ്യ ബോധത്തിലേക്ക് തിരികെയെത്തിയപ്പോളാണ് തല ഉയർത്തി ചുറ്റും നോക്കിയത്. ഇരുണ്ട പാതയോരത്ത് തന്നെ കൂടാതെ മറ്റാരും ഉണ്ടായിരുന്നില്ല. അരണ്ട വെളിച്ചത്തിൽ സ്ഥലം തന്നെ മനസിലാക്കാൻ അൽപം ബുദ്ധിമുട്ടി. സാധാരണ ഈ അവസരങ്ങളിൽ ഭയം തോന്നേണ്ടതാണ് എന്ത് കൊണ്ടോ മനസ് നിർവികാരമായിരുന്നു. ചിലപ്പോൾ ചുറ്റും വ്യാപിച്ചതിനേക്കാൾ ഇരുട്ടും ഒറ്റപ്പെടലും തനിക്കുള്ളിൽ അനുഭവപ്പെടുന്നത് കൊണ്ടാവാം. ഇത്രയും കാലം സ്വന്തവും ബന്ധവും തിരിച്ചറിയാതെ കഴിഞ്ഞതിനേക്കാൾ ഒറ്റപ്പെടൽ വസു ഇല്ലാതായ ആ ദിവസങ്ങളിൽ താൻ അനുഭവിച്ചിട്ടുണ്ട്. അത്രത്തോളം തനിക്ക് പ്രിയപ്പെട്ടവനായിരുന്നു വസുവെന്ന് ബോധ്യമായത് തന്നെ അവനെ നഷ്ടപ്പെട്ടതിനു ശേഷമാണ്. തണുത്ത കാറ്റ് ശരീരത്തെ കുളിരണിയിച്ചപ്പോളാണ് വീണ്ടും ചിന്തകൾ ഉപേക്ഷിച്ചത്.

തന്റെ പ്രതീക്ഷകൾ വിഭലമാകുമോ എന്ന ചിന്ത മനസ്സിൽ ഭയം നിറയ്ക്കാൻ തുടങ്ങിയിരുന്നു. ഇനി ഒരിക്കലും വസു തിരികെ വരില്ലെന്ന ചിന്ത ശരീരത്തെ പോലും തളർത്തിയതിനാലാണ് ബസ് സ്റ്റോപ്പിലെ സിമന്റ്‌ ബെഞ്ചിലേക്ക് ഇരുന്നത്. തണുപ്പ് അകറ്റാനായി കൈകൾ ശരീരത്തോട് പിണച്ചു കെട്ടി ദീർഘ സമയം കാത്തിരുന്നെങ്കിലും വീണ്ടും നിരാശയായിരുന്നു ഫലം. സമയം കടന്നു പോകും തോറും കരയിൽ പിടിച്ചിട്ട മത്സ്യത്തെ പോലെ ഹൃദയം പിടയ്ക്കുന്നുണ്ടായിരുന്നു. ഇനിയും എത്ര സമയം ഞാൻ കാത്തിരിക്കണം വസു… അതോ ഭദ്രയെ പോലെ ഞാനും നിന്നെ തേടി ഈ ജീവിതം അവസാനിപ്പിക്കണോ? ആത്മാവില്ലാത്ത ശരീരവുമായി മരിച്ചു ജീവിക്കുന്നതിനേക്കാൾ മെച്ചം അതാവും. അണപൊട്ടിയ മിഴിനീർ വാശിയിൽ തുടയ്ക്കുമ്പോഴും ആരോ ഉള്ളിലിരുന്ന് പറയുന്നുണ്ടായിരുന്നു ഇനിയും അല്പ സമയം കൂടെ കാത്തിരിക്കാൻ.. നാസികയിലേക്ക് ചെമ്പകത്തിന്റെ ഗന്ധം അടിച്ച് കയറിയപ്പോളാണ് തല ഉയർത്തി നോക്കിയത്. മിഴിനീരുകൾക്ക് ഇടയിലൂടെ അവ്യക്തമായി കണ്ട രൂപം വസുവാണെന്നതിൽ അവൾക്കു സംശയമൊന്നും ഉണ്ടായിരുന്നില്ല. ചാടി പിടഞ്ഞെഴുന്നേറ്റ് ആ മാറിലേക്ക് വീണ് കരയുമ്പോൾ തന്നെ ചേർത്ത് പിടിക്കുന്ന ആ കൈകളിലെ ചൂട് അവൾ അറിഞ്ഞു. മുടിയിഴകൾ ചെവിയോരത്തേക്ക് ചേർത്ത് വെച്ചു മിഴിനീര് തുടച്ചു കൊടുക്കുമ്പോൾ അവന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നത് അവളോടുള്ള വാത്സല്യമായിരുന്നു.

“നീ ഈ രാത്രിയിൽ ഇങ്ങനെ നടന്നാൽ മറ്റേതെങ്കിലും ഗന്ധർവ്വൻമാർ കണ്ണ് വയ്ക്കില്ലേ എന്റെ ആമിയെ…” കുസൃതിയോടെ അവനത് പറയുമ്പോൾ കണ്ണുകളിൽ പരിഭവം നിറച്ച് ആമി അവനെ തന്നെ നോക്കുകയായിരുന്നു. “എവിടായിരുന്നു വസു..?? ഞാൻ പേടിച്ചു പോയി..” ഏങ്ങലടികൾക്ക് ഇടയിൽ എങ്ങനെയോ അവൾ പറഞ്ഞൊപ്പിച്ചു. “എന്റെ ആമിക്കുട്ടിയോട് പറയാതെ ഞാൻ എവിടെ പോവാൻ ആണ്. ഇവിടൊക്കെ തന്നെയുണ്ടായിരുന്നു.” “പിന്നെ എന്താ എന്റെ അടുത്തേക്ക് വരാഞ്ഞത്?” ഇടറിയ ശബ്ദത്തോടെ അവൾ ചോദിച്ചു. “അത് കൊണ്ടല്ലേ നീ എന്നോടുള്ള സ്നേഹം മനസിലാക്കിയത്.” ചെറു ചിരിയോടെ വസു പറഞ്ഞു. കള്ള ദേഷ്യത്തോടെ അവന്റെ നെഞ്ചിൽ കുത്തിയപ്പോൾ അവളെ വീണ്ടും തന്റെ നെഞ്ചിലേക്ക് അവൻ വലിച്ചടുപ്പിച്ചു. നെറ്റിയിൽ അമർത്തി മുത്തുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. തിരികെ അവനോട് ചേർന്ന് ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ വാ തോരാതെ ആമി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അവളുടെ സ്നേഹം കാണുംതോറും സന്തോഷത്തേക്കാൾ അധികമായി ദുഖമാണ് വസുവിന്റെ മനസ്സിൽ നിറഞ്ഞത്. ഇനിയുമൊരു വിരഹം താങ്ങാൻ ആമിക്ക് കഴിയുമോ എന്ന ഭയവും അവനെ വന്നു മൂടുന്നുണ്ടായിരുന്നു.

തനിക്കും അതിന് കഴിയില്ലെന്ന ബോധ്യം അവന് ഉണ്ടായിരുന്നു. വസുവിന്റെ കയ്യിൽ തൂങ്ങി ഫ്ളാറ്റിന് മുന്നിൽ എത്തിയപ്പോളും അവനിൽ നിന്ന് അകന്നു മാറാൻ ആമിക്ക് തോന്നിയില്ല. ഇനിയുള്ള കാലം മുഴുവൻ അവനോടൊപ്പം കഴിയാൻ കൊതി തോന്നി. “ആമി.. നാളെ ഓഫീസിൽ പോവേണ്ടതല്ലേ.. സമയം ഒരുപാടായി.” മൗനത്തെ ഭേദിച്ച് വാസു പറഞ്ഞതും അവൾ മെല്ലെ അവനെ മുഖമുയർത്തി നോക്കി. ആ കണ്ണുകളിൽ അവനോടുള്ള പ്രണയം നിറഞ്ഞു നിന്നിരിന്നു. “ഇപ്പോൾ തന്നെ പോണോ??” മടിയോടെ അത് ചോദിക്കുമ്പോൾ അവളുടെ മുഖത്ത് നാണയത്തിന്റെ ചുവപ്പ് രാശി പടർന്നിരുന്നു. “ഈ ജന്മം മുഴുവൻ നിന്നോടൊപ്പം ഇങ്ങനെ നടക്കാൻ കൊതി തോന്നുവാ വസു.. ഈ ജന്മം അല്ല ഇനിയുള്ള ജന്മങ്ങളിലും..” അവളത് പറഞ്ഞതും വസുവിന്റെ മുഖത്തു നിറഞ്ഞ നിരാശ അവൾ ശ്രദ്ധിച്ചിരുന്നു. “ഇനിയും ഞാൻ നിന്നെ അകറ്റി നിർത്തുമെന്ന ഭയമാണോ ഈ മുഖത്തെ ഭാവമാറ്റത്തിന് കാരണം?” അവളുടെ ചോദ്യം കേട്ടതും മുഖത്തൊരു പുഞ്ചിരി വരുത്തി അവളുടെ നെറ്റിയിൽ തന്റെ ചുണ്ടുകൾ ചേർത്തു. “ഒരിക്കലുമല്ല. എന്തൊക്കെ സംഭവിച്ചാലും എത്ര നാൾ പിരിഞ്ഞിരുന്നാലും സമുദ്രത്തിലേക്ക് ലയിക്കാൻ വെമ്പുന്ന പുഴ പോലെ നീ എന്നിൽ ചേരുമെന്ന് എനിക്കറിയാം.. നീയില്ലാതെ ഞാനും അപൂർണനാണ് ആമി. നിനക്ക് വേണ്ടി ഇനിയും എത്ര കാലം വേണമെങ്കിലും കാത്തിരിക്കാനുള്ള ക്ഷമ എനിക്കുണ്ട്. നീയെന്ന ഓർമ പോലും എനിക്ക് മുന്നോട്ട് പോകാനുള്ള വിശ്വാസമാണ്..”…തുടരും..

ഗന്ധർവ്വയാമം: ഭാഗം 16

Share this story