സഹയാത്രികയ്ക്ക്സ്‌നേഹ പൂർവം: ഭാഗം 28

സഹയാത്രികയ്ക്ക്സ്‌നേഹ പൂർവം: ഭാഗം 28

എഴുത്തുകാരി: ഗൗരി ലക്ഷ്മി

അവൻ വെറുതെ അവൾ സ്ഥിരം നിൽക്കുന്ന തൊഴുത്തിനരികിലേയ്ക്ക് നോക്കി.. ആ തൊഴുത്തിനരികിൽ പൈക്കളോട് കിന്നാരം പറഞ്ഞു ഭദ്രയുണ്ടായിരുന്നു.. വെച്ചു കെട്ടിയ നെറ്റിതടത്തിലെ ചോര കിനിയുന്ന മുറിവിനെ പോലും തെല്ല് അസൂയപ്പെടുത്തും വിധം അവളും അവളുടെ ഗൗരവം നിറഞ്ഞ വാക്കുകളും പൈക്കളോട് ചേർന്ന് നിന്നിരുന്നു.. കിച്ചുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. അവൻ വിമലിനെ നോക്കി. നല്ല ഉറക്കം പിടിച്ചിരിക്കുന്നു.. പതിയെ വാതിൽ തുറന്നു താഴേയ്ക്കിറങ്ങി.. ****

നിനക്കൊക്കെ സമയത്തു ആഹാരവും വെള്ളവും തരുന്നതിന്റെ കേടാ.. ഇതൊന്നും കിട്ടാതെ ചത്തൊടുങ്ങുന്ന ക്ടാക്കള് വരെയുണ്ട്.. നിനക്കൊക്കെ കൂടിപോകുന്നതുകൊണ്ടാ ഇങ്ങനെ ചവിട്ടി കമഴ്ത്തി കളയുന്നത്.. ഇന്നൊരീസം അല്ലെ ഞാൻ ആഹാരം തരാൻ വരാതെയുള്ളൂ.. എന്നിട്ടും സമയത്തിന് വിച്ചു കൊണ്ടു തന്നതല്ലേ. തട്ടി കമഴ്ത്തിയേയ്ക്കുന്നു.. അല്ല നിനക്കറിയോ ഒരു കിലോ കാലിത്തീറ്റയുടെ വില അറിയോ.. പിണ്ണാക്കിന്റെ വിലയറിയോ. ഈ കുടിക്കാൻ തരുന്ന കാടി വെള്ളം പോലും 42 രൂപയുടെ അരിയുടെ വെള്ളമാ.. എന്നിട്ടാ അഹങ്കാരി.. ഭദ്ര ക്ടാവിനോട് പറഞ്ഞുകൊണ്ട് വൈക്കോല് എടുത്തു കൊടുത്തു..

ഇതിനാണോ ആശുപത്രിയിൽ നിന്ന് കുറ്റീം പറിച്ചു വന്നത്.. പെട്ടെന്ന് ശബ്ദം കേട്ടതും ഭദ്ര വെട്ടിത്തിരിഞ്ഞു ചുറ്റും നോക്കി.. പേടിക്കേണ്ട ഞാനാ.. മതിലിനരികിൽ നിന്ന് കിച്ചു പറഞ്ഞു.. ഭദ്ര അവനെ നോക്കി.. ഈ തലയിട്ട് ആട്ടരുത് എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞതല്ലേ.. കിച്ചു ചോദിച്ചു.. അവൾ ചുറ്റും കണ്ണോടിച്ചു.. അയ്യോ എന്റെ ചികിത്സയുടെ കാര്യം ഡോക്ടർ അവിടുന്നിനെ കാവൽ ഏൽപ്പിച്ച കാര്യം ഞാൻ അറിഞ്ഞില്ലായിരുന്നെ.. ഭദ്ര പുച്ഛത്തോടെ പറഞ്ഞു.. താനെന്തിനാ ഈ പുച്ഛിക്കുന്നത്.. ഞാൻ പറഞ്ഞതൊരു നല്ല കാര്യമല്ലേ.. കിച്ചു ചോദിച്ചു.. താൻ തന്റെ കാര്യം നോക്ക്..

ഭദ്രേടെ കാര്യം നോക്കാൻ ഭദ്രയ്ക്കറിയാം.. ഭദ്ര പറഞ്ഞു.. തന്റെ കാര്യം നോക്കാൻ വന്നതൊന്നുമല്ല ഞാൻ.. താനിവിടെ ഈ വയ്യാത്ത കോലത്തില് തണുപ്പുമടിച്ചു നിൽക്കുന്നത് കണ്ടിറങ്ങിയതാ.. കിച്ചു പറഞ്ഞു.. ഞാനെനിക്ക് തോന്നുന്നത് ചെയ്യും.. ഭദ്ര പറഞ്ഞു. കിച്ചു ഒന്നു പുഞ്ചിരിച്ചു.. എന്തേ പോണില്ലേ.. ഭദ്ര ചോദിച്ചു.. ഇല്ല.. ഞാനെന്റെ പറമ്പിലല്ലേ നിൽക്കണത്.. തനിക്കെന്താ.. കിച്ചു ചോദിച്ചു.. ഭദ്ര ദേഷ്യത്തോടെ മുഖം തിരിച്ചു.. താനെന്തിനാ ജിഷ്ണുവിനോട് കള്ളം പറഞ്ഞത്.. കിച്ചുവിന്റെ ചോദ്യം കേട്ടതും ഭദ്രഞെട്ടലോടെ അവനെ നോക്കി.. എന്ത് കള്ളം.. ഭദ്ര പതർച്ചയോടെ ചോദിച്ചു..

തനിക്ക് ആക്സിഡന്റ് ആയതാണെന്ന്.. കിച്ചു ചോദിച്ചു.. ആദ്യമായി ഭദ്ര തനിക്ക് മുൻപിൽ പതറുന്നത് അവൻ ശ്രദ്ധിച്ചിരുന്നു.. എനിക്ക് ആക്സിഡന്റ് ആയതാ.. ഭദ്ര പറഞ്ഞു.. ആ കാട്ടിൽ നിന്ന് തന്നെ അവര് എന്റെ കാറിന് മുന്പിലോട്ടാ തള്ളിയിട്ടത്.. കിച്ചു അവളുടെ മുഖത്തു നോക്കി പറഞ്ഞു.. അവൾ പതറി.. തന്റെ അമ്മയെ രക്ഷിക്കാൻ ആണോ താൻ കള്ളം പറഞ്ഞത്.. കിച്ചു ചോദിച്ചതും അവളുടെ മുഖം ദേഷ്യത്താൽ ചുവന്നു.. അവരെ ഞാൻ രക്ഷിക്കാനോ.. ഭദ്ര പുച്ഛത്തോടെ ചോദിച്ചു.. എന്നെ തൊട്ടവർക്കുള്ളത് ഞാൻ കൊടുത്തിട്ടുണ്ട്.. അതിനെനിക്ക് മറ്റൊരുത്തരുടെയും സഹായം വേണ്ട..

സംശയമുണ്ടെങ്കിൽ പൊള്ളാച്ചിയിലെ അന്ന് നിങ്ങളുടെ പെങ്ങൾ കിടന്ന ആശുപത്രിയിൽ ചെന്ന് നോക്ക്.. അവിടെ ജനറൽ വാർഡിൽ കിടപ്പുണ്ട് അവന്മാർ.. ഭദ്ര കണ്ണിൽ കനലുമായി പറഞ്ഞു. താനെന്താ ഗുണ്ടയോ.. കിച്ചു ചോദിച്ചു.. ഗുണ്ടയൊന്നും അല്ല.. പക്ഷെ എന്നെ വേദനിപ്പിക്കുന്നവരേയും അതുപോലെ വേദനിപ്പിച്ചേ ഭദ്ര അടങ്ങൂ.. ഭദ്ര പറഞ്ഞു.. വേദനിച്ചു നിന്നിട്ടുണ്ട്.. സഹിച്ചിട്ടും പൊറുത്തിട്ടുമുണ്ട്..പക്ഷെ അത് ഭദ്ര ആയിരുന്നില്ല.. ദേവ ആയിരുന്നു.. എന്റെ അച്ഛന്റെ ദേവ.. ആ ദേവ മരിച്ചിട്ട് വർഷങ്ങളായി.. സ്നേഹിച്ചവരും വിശ്വസിച്ചവരും എല്ലാം ചേർന്ന് ക്രൂരമായി കൊന്നു കളഞ്ഞു അവളെ..ഇപ്പോഴുള്ളത് ഭദ്രയാണ്.. ഭദ്ര മാത്രം.. ഒരിറ്റ് ദയയോ കരുണയോ സ്നേഹസഹതാപമോ ഭദ്രയ്ക്കില്ല..

പകയാണ്.. എല്ലാവരോടും പകയാണ്… ഭദ്ര പുലമ്പുന്നതുപോലെ പറഞ്ഞുകൊണ്ട് പശുവിനെ തഴുകി.. സ്നേഹത്തോടെ കിട്ടിയ തലോടലിൽ ആ പെണ്ണ് അവളോട് ചേർന്നു നിന്ന് ഒന്നു അമറി.. കിച്ചു അവളെ നോക്കി നിന്നുപോയി.. നന്ദിയുണ്ട് രക്ഷിച്ചതിന്.. ജിഷ്ണുവേട്ടനോട് എല്ലാം പറഞ്ഞു എന്നുമറിയാം.. ഭദ്ര അവനെ നോക്കി പറഞ്ഞു.. അത് ഞാൻ. തന്റെ പിന്നിൽ ശത്രുക്കളുണ്ടെന്നറിഞ്ഞപ്പോൾ.. സാരമില്ല.. ഞാൻ ജിഷ്ണുവേട്ടനോട് കള്ളം പറയാറില്ല…ഇന്ന് അങ്ങനെ പറയാനാണ് തോന്നിയത്.. അവൾ പറഞ്ഞു.. കിച്ചു അവളെ നോക്കി മൗനമായി നിന്നു.. തനിക്ക് അവർക്കെതിരെ കേസ് കൊടുത്തൂടെ.. അല്പനേരത്തെ മൗനത്തിനൊടുവിൽ കിച്ചു ചോദിച്ചു.. എന്തിന്.. കേസ് അവശ്യത്തിനുണ്ട്..

അവരതിൽ നിന്ന് രക്ഷപെടില്ല.. അങ്ങനെ രക്ഷപെടണമെങ്കിൽ ഭദ്രയെ അവരില്ലാതെ ആക്കണം.. അതിനല്ലേ അവർ ശ്രമിക്കുന്നത്.. ശ്രമിക്കട്ടെ.. ആര് ജയിക്കും എന്ന് കണ്ടറിയാം.. ഭദ്ര പകയോടെ പറഞ്ഞു.. മാഷിനും വിച്ചുവിനും താനല്ലേ ഉള്ളൂ.. വെറുതെ അപകടം ക്ഷണിച്ചു വരുത്തുന്നത്.. കിച്ചു പറഞ്ഞതും ഭദ്ര കിച്ചുവിനെ ഒന്നു നോക്കി.. അപകടം.. അതെവിടെയാ ഇല്ലാത്തത്.. ഭദ്ര ചോദിച്ചു.. കിച്ചു അവളെ സംശയത്തോടെ നോക്കി.. ഒരു മനുഷ്യായുസ് എത്ര നാളാ. ഭദ്ര ചോദിച്ചു.. 100 വയസ്സൊക്കെയല്ലേ.. കിച്ചു ചോദിച്ചു.. ആണോ..താൻ നൂറ് വയസ്സുവരെ ജീവിച്ചിരിക്കുമെന്ന് ആരാ ഗ്യാരന്റി തന്നത്.. ഭദ്ര ചോദിച്ചു.. കിച്ചു അവളെ നോക്കി.. പോട്ടെ നാളെ പുലർച്ചവരെ തനിക്കുറപ്പുണ്ടോ താൻ ജീവനോടെ ഉണ്ടാകുമെന്ന്..

പോട്ടെ അടുത്ത മണിക്കൂർ. അടുത്ത മിനിറ്റ്.. ഭദ്ര ചോദിച്ചു.. കിച്ചു ഇല്ല എന്ന് തലയാട്ടി. നേരം വെളുത്തു പാലുമായി പോകുമ്പോൾ ഒരു ലോറി വഴിമാറി വന്നാൽ മതി ഞാൻ തീരാൻ.. അതും വേണ്ട.. നിൽക്കുന്ന നിൽപ്പിൽ ശ്വാസമൊന്നു വിലങ്ങിയാൽ തീരുന്നതല്ലേ ഈ ജീവൻ.. അതിൽ ഞാനെന്തിന് മറ്റൊരുതരെ പേടിക്കണം.. ഭദ്ര ചോദിച്ചു.. കിച്ചുവിന് മറുപടി ഇല്ലായിരുന്നു.. അവൻ അത്ഭുതത്തോടെ അവളെ നോക്കി.. അത്രയും ശാന്തമായി അത്രയും സൗമ്യമായി അവളെ അവൻ ആദ്യമായി കാണുകയായിരുന്നു.. കുറച്ചുനേരം അവർ വെറുതേ നോക്കി നിന്നു.. ഭദ്ര ശ്വാസം എടുത്തു വിട്ടു.. അവരൊരമ്മയാണോ.. അവരെന്തിനാ തന്നോടിങ്ങനെ.. കിച്ചു എവിടെയോ നോക്കി ചോദിച്ചു.. അമ്മ..

ആ വാക്കിനോട് എനിക്ക് പുച്ഛം തോന്നിയിട്ട് നാള് കുറെയായി.. ഭദ്ര സൗമ്യമായി പറഞ്ഞു.. അവൾ മറ്റെന്തോ ആലോചനയിലേയ്ക് പോയി എന്നവന് തോന്നി.. എന്റെ അമ്മയോടും ദേഷ്യാണോ തനിക്ക്.. കിച്ചു ചോദിച്ചു.. എന്തിന്.. അവൾ എടുത്തടിച്ചതുപോലെ ചോദിച്ചു.. നിങ്ങളോട് ആരോടും എനിക്ക് ദേഷ്യമില്ല.. കിച്ചു ഒന്നു പുഞ്ചിരിച്ചു.. സ്നേഹവും.. അവൾ കൂട്ടിച്ചേർത്തു.. കിടക്കുന്നില്ലേ താൻ.. കിച്ചു ചോദിച്ചു.. മ്മ്.. ഒന്നുകൂടി.. എന്റെമേൽ അമിത സ്വാതന്ത്ര്യം എടുക്കാൻ ശ്രമിക്കരുത്.. എനിക്കതിഷ്ട്ടമല്ല.. ഭദ്ര പറഞ്ഞു.. എന്റെ പ്രൈവസിയെ ഏറ്റവും വാല്യൂ ചെയ്യുന്ന ഒരാളാണ് ഞാൻ.. മറ്റൊരാളുടെ കാര്യത്തിലും അതാണ് എനിക്കിഷ്ടം.. കിച്ചു പറഞ്ഞു.. ഭദ്ര അവനെ നോക്കി..

എന്തെങ്കിലും പ്രശ്നമുണ്ടായാൽ ധൈര്യമായി പറയാം.. ഒരു അയൽവാസിയായോ സുഹൃത്തായോ സഹയാത്രികനായോ ഒക്കെ എന്നാൽ കഴിയുന്ന സഹായം ഞാൻ ചെയ്യാം.. കിച്ചു പറഞ്ഞു.. വേണ്ടി വരുമ്പോൾ അറിയിക്കാം.. ഭദ്ര ഒഴിവാക്കാൻ എന്നവണ്ണം പറഞ്ഞു.. കിച്ചു ഒന്ന് പുഞ്ചിരിച്ചു.. പശുവിനെ ഒന്നുകൂടി നോക്കി ബാക്കി വൈക്കോൽ കൂടി നീക്കിയിട്ട് കൊടുത്തു ഭദ്ര അകത്തേയ്ക്ക് നടന്നു.. അവളുടെ പോക്ക് നോക്കി കിച്ചു വെറുതെ നിന്നു.. പിന്നെ അകത്തേയ്ക്ക് നടന്നു.. റൂമിന്റെ വാതിൽ ചാരി കിടക്കായിലേയ്ക്ക് നോക്കിയപ്പോഴാണ് കണ്ടത് വിമൽ തന്നെ നോക്കിയിരിക്കുന്നത്.. കിച്ചു ഒന്നിളിച്ചു കാണിച്ചു.. സർ എവിടെയായിരുന്നു.. വിമൽ ചോദിച്ചു.. താഴെ.. അവൻ പറഞ്ഞു..

പകല് മുഴുവൻ തമ്മിൽ തല്ല് രാത്രിയായാൽ കണ്ണും കണ്ണും നോക്കി സൊള്ളൽ.. എന്ന് തുടങ്ങി ഇതൊക്കെ.. വിമൽ ചോദിച്ചു.. അയ്യേ.. നീ എന്തൊക്കെയാ വിമലേ പറയുന്നത്.. കിച്ചു ചോദിച്ചു.. ഇന്ന് ഞാൻ കണ്ടു സാറിന്റെ പരവേശവും വെപ്രാളവുമൊക്കെ..എന്തായിരുന്നു ആശുപത്രിയിൽ.. അപ്പോഴേ ഡൗട്ട് തോന്നി.. വിമൽ പറഞ്ഞു.. കിച്ചു പൊട്ടിച്ചിരിച്ചു.. അല്ല നീ എന്തിനാ അട്ടഹസിക്കുന്നത്..പ്രേമം മൂത്ത് ഭ്രാന്തായോ… വിമൽ ചോദിച്ചു.. എന്റെ പൊന്നു വിമലേ നിനക്കെന്താ… പ്രേമമോ.. എനിക്കോ.. അതും അവളോട്.. അല്ല മുന്നേ എന്താ പറഞ്ഞേ.. ആ സൊള്ളൽ.. ഓടി ചെന്നാൽ മതി.. അവൾ നിന്നു തരികേം ചെയ്യും.. ബെസ്റ്റ് പാർട്ടി.. കിച്ചു പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.. അവൾക്കെന്താ കുഴപ്പം.

വിമൽ ചോദിച്ചു…. അവൾക്കൊരു കുഴപ്പവുമില്ല.. എനിക്കും.. ഞങ്ങൾക്കിടയിൽ പ്രേമവുമില്ല ഒരു മണ്ണാംകട്ടയുമില്ല.. അവൾ അവിടെ മഞ്ഞും കൊണ്ട് പശുവിനോട് സംസാരിച്ചു നിൽക്കുന്നത് കണ്ടപ്പോൾ അവളെന്തിനാ ജിഷ്ണുവിനോട് കള്ളം പറഞ്ഞതെന്ന് അറിയാൻ ഒരാഗ്രഹം തോന്നി..അതിനാ ഇറങ്ങിപ്പോയത്.. കിച്ചു പറഞ്ഞു.. എന്നിട്ടറിഞ്ഞോ.. വിമൽ വിശ്വാസമാകാത്തതുപോലെ ചോദിച്ചു.. പിന്നേ.. അറിഞ്ഞു.. അപ്പോൾ അവളുടെ വായിൽ വന്നത് അതായതുകൊണ്ട് പറഞ്ഞതാണെന്ന്.. അത് മാത്രമല്ല അവളെ പിടിച്ചുന്തിയ ആളുകൾ പൊള്ളാച്ചിയിലെ ആശുപത്രിയിലാണെന്നും പറഞ്ഞു..എന്താണ് സംഭവിച്ചതെന്ന് അറിയില്ല.. കിച്ചു പറഞ്ഞു.. ഇവളെന്താടാ ഗുണ്ടയോ..

അല്ല ആശുപത്രിയിൽ കിടന്നതിനിടയിൽ അവളെങ്ങനെ അവരെ ആശുപത്രിയിലാക്കി.. വിമൽ ചോദിച്ചു.. അവളുടെ കയ്യിൽ മൊബൈൽ ഇല്ലേ.. അവൾക്ക് വല്ല ഗുണ്ടാ സംഘവുമായി കൂട്ടുണ്ടോ എന്നാ എന്റെ സംശയം.. കിച്ചു അതും പറഞ്ഞു കട്ടിലിൽ ഇരുന്നു.. എന്നാലും നീ ഹോസ്പിറ്റലിൽ കിടന്ന് കാണിച്ച വെപ്രാളം ഞാൻ കണ്ടതാ.. അതോണ്ട് നിങ്ങൾ തമ്മിൽ ഒന്നുമില്ലെന്ന് പറയേണ്ട.. വിമൽ പറഞ്ഞു.. ഒന്നുമില്ലാത്തിടത് ഇല്ലെന്നല്ലേ പറയാൻ പറ്റൂ.. എടാ..ഞാൻ പല ടൈപ്പ് പെണ്പിള്ളേരെ കണ്ടിട്ടുണ്ട്. ബോൾഡായ ആരെയും വെല്ലു വിളിച്ചു നടക്കുന്നവരെ വരെ കണ്ടിട്ടുണ്ട്.. പക്ഷെ ഇത്രയും വ്യക്തിത്വമുള്ള ഒരു പെണ്ണിനെ ഞാൻ ആദ്യമായി കാണുകയാ.. സത്യം പറയാമല്ലോ..

ഇവിടെ വന്ന് അവളിൽ നിന്നും ഞാനൊരുപാട് കാര്യങ്ങൾ പഠിച്ചു.. ജീവിതം പലപ്പോഴും തകർന്നു എന്നു തോന്നിയപ്പോഴൊക്കെ അവളുടെ ജീവിതം പാഠമാക്കുകയായിരുന്നു ഞാൻ..അവളോട് എനിക്ക് നന്ദിയുണ്ട്. പലപ്പോഴും തോറ്റ് പോകുമ്പോൾ ഒരു ശക്തിയായി അവളുടെ കഥയാണ് മനസ്സിൽ വരുന്നത്.. അതുപോലെ ആരാധനയുണ്ട്.. ഇത്രയും അവഗണിക്കുന്ന ഒരു സമൂഹത്തിനു മുൻപിൽ അന്തസ്സായി ജീവിക്കുന്നതിനു.. സ്നേഹമുണ്ട്.. ഒരുപാട് പ്രശ്‌നങ്ങൾ നേരിട്ട് ജീവിച്ചു കാണിക്കുന്നവളോടുള്ള സ്നേഹം.. നീയൊരിക്കൽ പറഞ്ഞതുപോലെ കിച്ചുവും ഭദ്രയും ഒരേ വള്ളത്തിലെ സഹായാത്രികരാണെന്ന് തോന്നിയിട്ടുണ്ട്..

ഒഴുക്കിനെതിരെ നീന്താൻ ആ വള്ളത്തിൽ ശക്തിയായി ഭദ്ര തുഴയുന്നുമുണ്ട്… അതൊക്കെയുള്ളൂ..ഒരു സഹയാത്രികയോട് ഒരു ധൈര്യമുള്ള പെണ്ണിനോട് ഒരു സുഹൃത്തിനോട് ആരാധനയും സ്നേഹവും എനിക്കുണ്ട്.. അതിനപ്പുറം അതൊരിക്കലും ഒരു പ്രണയമായി ഇതുവരെ തോന്നിയില്ല.. കിച്ചു പറഞ്ഞു..വിമൽ അവനെ നോക്കിയിരുന്നു… അല്ലേൽ തന്നെ അവളെപോലൊരു പെണ്ണിന്റെ ജീവിതത്തിൽ കടന്നു ചെല്ലാൻ എന്തർഹതയാടാ എനിക്കുള്ളത്..എന്റെ ലക്ഷ്യങ്ങൾ വേറെയാണ്.. നിനക്കാറിയമല്ലോ എല്ലാം.. അതിനിടയിൽ ഞാൻ ഇങ്ങനെയൊക്കെ ചിന്തിക്കുമോടാ.

കിച്ചു ചോദിച്ചതും വിമലവനെ ചേർത്തു പിടിച്ചു.. വിട്ട് കളയെടാ. ചുമ്മാ ചോദിച്ചതാ.. വന്നു കിടക്ക്.. വിമൽ പറഞ്ഞു.. കിച്ചുവും അവനെ ചേർത്തുപിടിച്ചു.. നിന്നെപ്പോലെ ഒരു ധൈര്യമാടാ ഭദ്രയും എനിക്കിപ്പോൾ.. നീ എന്റെ തോളോട് ചേർന്നു നിൽക്കുമെങ്കിൽ അവൾ ഇവിടെ അമ്മയോടും ദേവുവിനോടും ചേർന്ന് നിൽക്കും.. അവൾ അവർക്കൊരു സംരക്ഷണമാണ്..അതോർത്ത് എനിക്കൊരു ധൈര്യമാണ്.. അവൻ പറഞ്ഞു.. വാ കിടക്കാം.. വിമൽ പറഞ്ഞതും കിച്ചുവും കിടന്നു..കണ്ണുകളെ അടച്ചിട്ടും ഭദ്രയായിരുന്നു കിച്ചുവിന്റെ കണ്ണുകൾ നിറയെ . ഉള്ളിൽ നിറയെ.. അലയടിക്കുകയായിരുന്നു അവളുടെ വാക്കുകൾ കാതിൽ നിറയെ.. *******

ദേവു എവിടെ അമ്മേ.. ആശ്രമത്തിലെ അശോക മരച്ചുവട്ടിൽ ഇരിക്കുന്ന രാധികയോടായി കിച്ചു ചോദിച്ചു.. രാധിക ഞെട്ടിത്തിരിഞ്ഞു..കിച്ചുവിനെയും വിമലിനെയും കണ്ടതും അവർ പുഞ്ചിരിച്ചു.. നീയിന്ന് നേരത്തെ ഓഫീസീന്ന് ഇറങ്ങിയോ.. രാധിക ചോദിച്ചു.. മ്മ്.. ദേവു എന്തിയെ.. കിച്ചു അവരുടെ അരികിൽ ഇരുന്നുകൊണ്ട് ചോദിച്ചു.. ധാരയുണ്ട്. അതിനു കൊണ്ടുപോയേയ്ക്കുകയാണ്.. രാധിക പറഞ്ഞു.. ആന്റി എന്താ വിഷമിച്ചിരിക്കുന്നത്.. വിമൽ ചോദിച്ചു.. ഹേയ്.. ഞാനിങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുവായിരുന്നു.. അല്ല വിമലേ.. ഇവൻ പോയാൽ നിനക്ക് ബോറടിക്കില്ലേ.. രാധിക ചോദിച്ചു.. സത്യം പറഞ്ഞാൽ ശെരിയാ ആന്റി.. പക്ഷെ കുഴപ്പമില്ല.. ഫോൺ റ്റി വി..

പിന്നെ എനിക്ക് വർക്ക് ഉണ്ട്… ഒരു പ്രോജക്റ്റ് അടുത്തയാഴ്ച കൊടുക്കാനുണ്ട്.. അവൻ പറഞ്ഞു.. രാധിക പുഞ്ചിരിച്ചു.. ദേവുവിന് എങ്ങനെയുണ്ട് അമ്മേ.. നാളെ വീട്ടിൽ കൊണ്ടുപോകാമോ.. കിച്ചു ചോദിച്ചു. വല്യ മാറ്റം എന്നൊന്നും പറയാനില്ല.. എന്നാലും പഴയ വാശി കുറഞ്ഞിട്ടുണ്ട്.. മറ്റേത് രാവിലെ എഴുന്നേൽക്കാനും കുളിക്കാനും ഒക്കെ മടിയായിരുന്നു.. ഇപ്പൊ കാളിന്ദിയുമായി കൂട്ടായി.. ആ കുട്ടിയോടൊപ്പമാണ് എപ്പോഴും കറക്കം.. രാധിക പറഞ്ഞു.. കിച്ചുവും വിമലും പുഞ്ചിരിച്ചു.. ഭദ്രയ്ക്ക് എങ്ങനെയുണ്ട് ഇപ്പോൾ.. പുറത്തേയ്ക്കൊക്കെ ഇറങ്ങാൻ തുടങ്ങിയോ..നീ പിന്നെ കണ്ടോ.. രാധിക ചോദിച്ചു.. ഹാ ബെസ്റ്റ്.. ആക്സിഡന്റ് ആയ അന്ന് രാത്രി പശൂന് കാടി കൊടുക്കാൻ ഇറങ്ങിയവളാ.

ആ അവൾക്കാണോ ആക്സിഡന്റ് ആയി 2 ദിവസം കഴിഞ്ഞു പുറത്തിറങ്ങാൻ പ്രയാസം.. വിമൽ ചോദിച്ചു.. ചിലപ്പോഴൊക്കെ തോന്നും അവൾക്ക് മുൻപിൽ ഞാൻ വല്ലാതെ ചെറുതാകുന്നൂന്നു.. അന്ന് നിങ്ങളുടെ അച്ഛൻ പോയപ്പോൾ അടിമയെ പോലെ എന്റെ മക്കളെയും കൊണ്ട് ഞാനാ വീട്ടിൽ ജീവിച്ച സമയത്ത് എനിക്കും ആകാമായിരുന്നു എന്തെങ്കിലും ചെയ്യാൻ.. ഒന്നുമില്ലെങ്കിൽ കൂലിപ്പണി ചെയ്തിട്ടായിരുന്നെങ്കിലും അന്തസ്സായി ഇവനെ പഠിപ്പിക്കാനും എന്റെ കുഞ്ഞിനെ ചികിൽസിക്കാനും കഴിഞ്ഞേനെ.. മറ്റൊരാളുടെ ആട്ടും തുപ്പുമേറ്റ് ഒന്നുമല്ലാതാക്കി എന്റെ കുഞ്ഞിനെ വരെ അയാൾ മാറ്റി… അപ്പോഴും ഞാൻ ശ്രമിച്ചത് സഹിക്കാനാ..

പക്ഷെ അന്നേ അയാളെ ഞാൻ എതിർത്തിരുന്നെങ്കിൽ എന്റെ മോന് ഒരു ദിവസമെങ്കിൽ ഒരു ദിവസം പോലീസ് സ്റ്റേഷനിൽ കിടക്കേണ്ടി വരില്ലായിരുന്നു.. പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കാൻ 46ആം വയസ്സിലും ഞാൻ പഠിച്ചിട്ടില്ല.. പക്ഷെ 23 വയസ്സുള്ള അവൾ എനിക്ക് മുൻപിൽ ഒരു വലിയ ഉദാഹരമാണ്..എങ്ങനെയാകണം ഒരു പെണ്ണ് എന്നതിനുള്ള ഉദാഹരണം. രാധിക പറഞ്ഞു..കിച്ചുവും വിമലും അവരെ നോക്കി.. ഞാൻ ഇത്തിരികൂടി സ്‌ട്രോങ് ആയിരുന്നെങ്കിൽ അന്നത്തെ വിഷമ ഘട്ടത്തിലൊക്കെയും എന്റെ ശിവേട്ടന് ഒരു താങ്ങാകാൻ എനിക്ക് കഴിഞ്ഞേനെ.. എല്ലാ ഭാരവും ഒറ്റയ്ക്ക് താങ്ങി കുഴഞ്ഞിട്ടല്ലേ ശിവേട്ടൻ പോയത്.. രാധികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. അമ്മേ..

കിച്ചു വേദനയോടെ വിളിച്ചു.. ഇല്ല കിച്ചൂ.. നിന്റെ ‘അമ്മ ഒരു നല്ല കുടുംബനാഥ ആയിരുന്നില്ല.. മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കേണ്ടവളാണ് ഞാൻ എന്ന തോന്നലിൽ നിങ്ങളുടെ സൗഭാഗ്യങ്ങൾ പോലും നശിപ്പിച്ചവളാണ് ഈ ‘അമ്മ.. രാധിക പറഞ്ഞു.. ആന്റി എന്തൊക്കെയാ പറയുന്നത്.. ചുമ്മാ ഓരോന്നു ആലോചിച്ചു കൂട്ടുവാ… വിമൽ പറഞ്ഞു.. അല്ല മോനെ. സത്യമാ.. എല്ലാം സഹിച്ചും പൊറുത്തും ജീവിച്ചാൽ മതി അതാണ് നല്ലത് എന്നൊരു തോന്നലായിരുന്നു എനിക്ക്.. പക്ഷെ എല്ലാം സഹിക്കാൻ മാത്രമല്ല വേണ്ടിടത് പ്രതികരിക്കുകയും വേണമെന്നത് എന്നെ പഠിപ്പിച്ചത് ആ 23കാരിയാണ്.. രാധിക പറഞ്ഞു.. വിമൽ പുഞ്ചിരിച്ചു.. അവൻ കിച്ചുവിനെ നോക്കി.. ആ മുഖത്തും നിറഞ്ഞ ഒരു പുഞ്ചിരിയുണ്ടായിരുന്നു…

നിശ്ചദാർഢ്യത്തിന്റെ പുഞ്ചിരി.. നമ്മൾ അച്ഛന്റെ കമ്പനി തിരിച്ചുപിടിക്കും അമ്മേ.. അതിനെന്ത് വില കൊടുക്കേണ്ടി വന്നാലും..ഞാനത് തിരിച്ചു നേടിയിരിക്കും.. കിച്ചു പറഞ്ഞു.. എന്നിട്ട് നമ്മൾ അധ്വാനിച്ചു അങ്കിളിന്റെ സ്വപ്നം പോലെ ലോകത്തിൽ അറിയപ്പെടുന്ന ഒരു കമ്പനിയാക്കി അതിനെ മാറ്റും.. അല്ലെടാ.. വിമൽ ചോദിച്ചു.. പിന്നല്ലാതെ..എന്നിട്ട് വേണം എന്റമ്മയെ അച്ഛൻ പണ്ട് പറഞ്ഞതുപോലെ ആ എം ഡി സീറ്റിൽ കൊണ്ടു ഇരുത്താൻ..ഒരു മഹാറാണിയെ പോലെ അമ്മയിരുന്നു ഭരിക്കണം.. കിച്ചു രാധികയുടെ തോളിലൂടെ കയ്യിട്ട് പറഞ്ഞു.. രാധിക അവന്റെ കവിളിൽ ചെറുതായി തട്ടി..പിന്നെ അവന്റെ തോളിലേയ്ക്ക് ചാഞ്ഞു.. ഒന്നും വേണ്ട…

ശിവേട്ടനീ ജന്മം എനിക്ക് തരാവുന്നതിൽ വെച്ചേറ്റവും വലിയ സൗഭാഗ്യമല്ലേ തന്നിട്ട് പോയത്… എന്റെ ഈ രണ്ടു മക്കളും പിന്നെ കൂടെ പിറക്കാതെ പോയ കുടെപിറപ്പിനെയും കുടുംബത്തെയും.. അത് മതി ഈ അമ്മയ്ക്ക്.. നിങ്ങളിങ്ങനെ സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നത് കണ്ടാൽ മതി.. രാധിക നിറകണ്ണുകളോടെ പറഞ്ഞതും വിമലും അവരെ തോളിലൂടെ ചേർത്തു പിടിച്ചു.. വിദൂരതയിൽ നിന്നൊരു ആത്മാവിന്റെ സന്തോഷമെന്നോണം ഒരിളം കാറ്റ് അവരെ കടന്നുപോയി…..തുടരും

സഹയാത്രികയ്ക്ക്സ്‌നേഹ പൂർവം: ഭാഗം 27

Share this story