താന്തോന്നി: ഭാഗം 15- അവസാനിച്ചു

താന്തോന്നി: ഭാഗം 15- അവസാനിച്ചു

എഴുത്തുകാരി: അമ്മു അമ്മൂസ്

ഒടുവിൽ കല്യാണ മണ്ഡപത്തിലേക്കും അവന്റെ കൈയിൽ പിടിച്ചു ചെല്ലുമ്പോൾ താൻ വീണ്ടും ആ കൗമാരക്കാരിയായി എന്ന് പാറുവിന് തോന്നി.. ഏട്ടന്റേം ഭദ്രേച്ചിയുടെയും വിരലിൽ തൂങ്ങി നടന്ന ആ പഴയ കൗമാരക്കാരി… രുദ്രേട്ടന്റെ മുഖത്ത് വല്ലാത്ത സന്തോഷം ഉണ്ടായിരുന്നു… തന്നെ നോക്കി ചിരിയോടെ നിൽക്കുന്ന ആ മുഖം കണ്ടപ്പോൾ നാണത്തോടെ തല താഴ്ത്തി… കണ്ണുകൾ അടച്ചുകൊണ്ട് കൈകൾ കൂപ്പി ആ താലി ഏറ്റ് വാങ്ങുമ്പോഴും ആ വിരലുകൾ സീമന്തരേഖയെ ചുവപ്പിക്കുമ്പോഴും ഉള്ളിൽ പ്രാർത്ഥന മാത്രം നിറഞ്ഞു നിന്നു… വിഷ്ണുവേട്ടൻ തന്നെയായിരുന്നു കൈ പിടിച്ചു തന്നത്…

അപ്പോള മുഖം നിറയെ ഒരച്ഛന്റെ വാത്സല്യം നിറഞ്ഞു നിന്നിരുന്നു… തന്റെ ഭാഗത്ത്‌ നിന്നും ബന്ധുക്കളായി ആരും ഉണ്ടായിരുന്നില്ല. നരേഷിനെ കാമുകന്റെ കൂടെ ചേർന്ന് തല്ലിച്ചതച്ചവളെ ഇനിയാ കുടുംബത്തിന് വേണ്ടെന്ന് നാട്ടിൽ പലരോടും പറഞ്ഞതായി ശാരദ ചേച്ചിയിൽ നിന്നറിഞ്ഞു… അയാൾക്കിനി നടക്കാൻ ഉടനെയൊന്നും പറ്റില്ലത്രേ…. എന്ത് കാരണത്തലാണ് അയാളന്നു അവിടെ വന്നതെന്നോ എന്തിനാണ് തല്ലിയതെന്നോ അവർക്ക് അറിയേണ്ട ആവശ്യം ഇല്ലായിരുന്നു… അറിഞ്ഞപ്പോഴും വിഷമമൊന്നും തോന്നിയില്ല… അതിൽ കൂടുതലൊന്നും അവരിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല…

വിഷ്ണുവേട്ടന്റെ വിവാഹം നടക്കാത്തതിനാൽ ആഡംബരമായി ഒന്നും തന്നെ വേണ്ട എന്നുള്ളത് രുദ്രേട്ടന്റെ നിർബന്ധമായിരുന്നു… വിഷ്ണുവേട്ടൻ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഒടുവിൽ ആ വാശിക്ക് മുൻപിൽ തോൽക്കേണ്ടി വന്നു… അതിനാൽ വലിയ ആൾതിരക്കൊന്നും ഉണ്ടായില്ല… ചെറിയ ഒരു കൂട്ടം സദ്യ ആയിരുന്നു ഒരുക്കിയത്… ഇലയിൽ വിളമ്പിയ പാലട പായസം കണ്ടപ്പോൾ ഞെട്ടലോടെ രുദ്രേട്ടനെ നോക്കി… എന്നോ മറന്ന പഴയ ഇഷ്ടങ്ങൾ… പണ്ട് എന്റെ കൂടി രുദ്രേട്ടൻ പിടിച്ചു വാങ്ങുമായിരുന്നു.. രണ്ടാൾക്കും വേണം… ഒടുവിൽ അടിയാകും.. രണ്ടാൾക്കും കുടിക്കാൻ പറ്റില്ല… വിഷ്ണുവേട്ടന്റേം ചേച്ചിയുടെയും കൈയിൽ നിന്ന് വഴക്ക് കേട്ടിട്ടേ ആ തല്ല് അവസാനിക്കുമായിരുന്നുള്ളൂ…

യാത്ര പറഞ്ഞു ഇറങ്ങുന്ന ചടങ്ങ് എത്തിയപ്പോൾ ഉള്ളിൽ വീണ്ടും വേദന നിറയും പോലെ…. പ്രിയപ്പെട്ടവരെ കെട്ടിപ്പിടിച്ചു…. പോകില്ല എന്ന് വാശി പിടിച്ചു കരയുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ മനസ്സിലേക്ക് ഇരച്ചു വന്നു… പക്ഷേ തനിക്ക് മുൻപിൽ ശൂന്യതയാണ്… അനാഥത്വം ഒരു വേദനയാണ് എന്നവൾക്ക് തോന്നി… അമ്മയെങ്കിലും ഉണ്ടായിരുന്നു എങ്കിൽ…. താൻ ആ വീടുമായി പൊരുത്തപ്പെടും വരെ തന്നെ ഓർത്തു ആധി പിടിക്കാൻ ഒരാളെങ്കിലും…. രുദ്രേട്ടൻ കണ്ണ് തുടച്ചു തന്നപ്പോഴാണ് കരയുകയായിരുന്നു എന്ന് മനസ്സിലായത്. ആധിയോടെ തന്നെ നോക്കുന്നുണ്ട്… “”എന്താടാ…. എന്തിനാ കരയുന്നെ….””

വീണ്ടും വീണ്ടും നിറയുന്ന കണ്ണുകൾ ഇറുക്കെ അടച്ചു ആ തോളിലേക്ക് മുഖം പൂഴ്ത്തി ഏങ്ങി ഏങ്ങി കരഞ്ഞു… തന്റെ വേദന മനസ്സിലായിട്ടാകണം പിന്നൊന്നും ചോദിക്കാതെ രുദ്രേട്ടൻ പുറത്ത് തട്ടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. മുഖം ഉയർത്തി നോക്കിയപ്പോൾ ആദ്യം കണ്ടത് രണ്ടു കൈയും വിടർത്തി നിൽക്കുന്ന ശരദേച്ചിയെയാണ്.. ആ കണ്ണുകളും കലങ്ങിയിരുന്നു.. ഒരു നിമിഷം കൊണ്ട് ആ മാറിലേക്ക് വീണു കരയുമ്പോൾ ചേച്ചി തന്നെയും പൊതിഞ്ഞു പിടിച്ചിരുന്നു. ഒരു അമ്മയുടെ അതേ സ്നേഹം ഉണ്ടായിരുന്നു ആ കരുതലിൽ… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

വിളക്ക് പിടിച്ചു വലതുകാൽ വെച്ച് അകത്തേക്ക് കയറിയപ്പോൾ പക്ഷേ അപരിചിത്വം ഒന്നും തോന്നിയിരുന്നില്ല… എല്ലാവരും കൂടെ തന്നെ ഉണ്ടായിരുന്നു… കുറച്ചു കഴിഞ്ഞപ്പോൾ പിന്നെ രുദ്രേട്ടൻ കൂട്ടുകാരുടെ കൂടെ പുറത്തേക്ക് ഇറങ്ങി സംസാരിക്കാൻ വേണ്ടി… വല്ലാതെ ക്ഷീണിച്ചിരുന്നു ഫോട്ടോയെടുപ്പും കല്യാണവും ഒക്കെയായിട്ട്.. ദേഹമൊക്കെ വല്ലാതെ ചൂടാകും പോലെ.. ഒന്ന് കുളിച്ചാൽ മതി എന്ന് തോന്നി… അമ്മയ്ക്കും അത് മനസ്സിലായി തോന്നുന്നു… “”മോളിനി പോയി കുളിച്ചു വേഷം ഒക്കെ മാറിക്കോ…. എന്തായാലും ഇനി വിരുന്നൊന്നും ഇല്ലല്ലോ… രുദ്രൻ പുതിയ കുറച്ചു ഡ്രസ്സ്‌ വാങ്ങി വച്ചിട്ടുണ്ട് അലമാരയിൽ.. അതിൽ നിന്ന് ഏതെങ്കിലും എടുത്തു ഇട്ടോ…””

ഷവറിന്റെ കീഴിൽ തണുത്ത വെള്ളം ദേഹത്തേക്ക് വീഴുമ്പോൾ ക്ഷീണം ഒക്കെ പോകും പോലെ തോന്നി അവൾക്ക്..കുളിച്ചിട്ട് ഒരുങ്ങി ഇറങ്ങിയപ്പോളേക്കും സന്ധ്യയോട് അടുത്തിരുന്നു… രുദ്രൻ ഇനിയും വന്നിട്ടില്ല മുറിയിലേക്ക്.. പുറത്ത് അവർ കൂട്ടുകാർ എല്ലാരും കൂടി ചേർന്നുള്ള ചിരിയും ബഹളവും ഒക്കെ കേൾക്കാമായിരുന്നു… വിഷ്ണുവേട്ടനും ഉണ്ടെന്ന് തോന്നുന്നു കൂടെ.. വിരുന്നൊന്നും ഇല്ലാതിരുന്നതിനാൽ വേറെ അങ്ങനെ ബന്ധുക്കൾ ഒന്നും ഉണ്ടായിരുന്നില്ല.. മിക്കവരും വന്നപ്പോൾ ഒന്ന് പരിചയപ്പെട്ടിട്ട് ഉടനേ പോയി… അമ്മയെ നോക്കി അടുക്കളയിലേക്ക് ചെന്നപ്പോൾ എല്ലാർക്കുമുള്ള ചായ ഇടുന്നത് കണ്ടു…അല്ലറ ചില്ലറ സഹായം ഒക്കെ ചെയ്തു അമ്മയെ ചുറ്റിപ്പറ്റി നിന്നു.

രാത്രി കഴിക്കാൻ ഇരിക്കുമ്പോൾ രുദ്രേട്ടന്റെ അടുത്തുള്ള കസേരയിൽ ഇരിക്കാൻ അമ്മയും ഏട്ടനും നിർബന്ധിച്ചപ്പോൾ ഒക്കെ വല്ലാത്ത മടി ആയിരുന്നു.. ഇതിന് മുൻപ് ഒരുപാട് ദിവസം അടുത്തിരുന്നു കഴിച്ചിട്ടുണ്ട് എങ്കിലും ഇപ്പോൾ വല്ലാത്ത ചമ്മൽ തോന്നുന്നു… മടിച്ചു മടിച്ചു ഇരുന്ന് പ്ലേറ്റിൽ നിന്നും മുഖം ഉയർത്താതെ കഴിക്കുന്ന അവളെ കണ്ടതും രുദ്രന് ചിരി പൊട്ടി… ഏട്ടൻ കണ്ണ് കൂർപ്പിച്ചു നോക്കിയതും ചിരിയമർത്തി മിണ്ടാതെ ഇരുന്നു. ഇടയ്ക്കിടെ രുദ്രേട്ടന്റെ നോട്ടം തനിക്കു നേരെ പാളി വീഴുന്നത് അറിയാമായിരുന്നു.. അപ്പോഴൊക്കെ വല്ലാത്ത ഒരു വിറയൽ ശരീരമാകെ കടന്നു പോകും…

അടക്കിപ്പിടിച്ച ചിരികളുടെയും ചുറ്റും കേൾക്കുന്ന കളിയാക്കലുകളുടെയും ഇടയ്ക്ക് ഇരുന്ന് ആഹാരം കഴിക്കാൻ നന്നേ പ്രയാസമായിരുന്നു. ഒടുവിൽ എങ്ങനെയൊക്കെയോ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു. രാത്രി വൈകുവോളം അടുക്കളയിൽ തപ്പിത്തടഞ്ഞു നിന്നെങ്കിലും പേടി മാറിയിരുന്നില്ല…. അമ്മ പാൽഗ്ലാസ് കൈയിലേക്ക് തരുമ്പോൾ കൈയും ദേഹവും എല്ലാം ഒരുപോലെ വിറയ്ക്കുന്നുണ്ടായിരുന്നു… മുറിയിലേക്ക് നടക്കുമ്പോൾ വിറച്ചു വിറച്ചു പാലൊക്കെ താഴെ പോകുമോ എന്ന് തോന്നി… മുറി പതിയെ തുറന്നു അകത്തേക്ക് കയറിയപ്പോൾ ആരെയും കണ്ടില്ല… ചുറ്റും നോക്കിയെങ്കിലും രുദ്രേട്ടനെ കാണാതിരുന്നപ്പോൾ ആശ്വാസത്തോടെ ശ്വാസം വിട്ട്…

പാൽ ഗ്ലാസ്‌ ടേബിളിലേക്ക് വെച്ച് തിരിയുമ്പോളേക്കും ആരോ പൂണ്ടടക്കം കെട്ടിപ്പിടിച്ചിരുന്നു… ഞെട്ടിത്തരിച്ചു കണ്ണു മിഴിച്ചു നോക്കിയപ്പോൾ തൊട്ട് മുന്നിൽ നിൽക്കുന്ന രുദ്രേട്ടനെയാണ് കണ്ടത്… രണ്ടു കൈയും അരയിലൂടെ ചുറ്റി ചേർത്ത് പിടിച്ചിരിക്കുന്നു… നാവ് വറ്റി വരളും പോലെ തോന്നി ഇത്രയും അടുത്ത് കണ്ടപ്പോൾ… നെറ്റിയുടെ ഇരു വശങ്ങളിലൂടെയും വിയർപ്പ് തുള്ളികൾ ചാലിട്ട് ഒഴുകാൻ തുടങ്ങിയിരുന്നു…. അവളുടെ മുഖത്താകെ പൊടിയുന്ന വിയർപ്പ് തുള്ളികളെ അവൻ കൗതുകത്തോടെ നോക്കി…. രണ്ടു കൈ കൊണ്ടും സാരിയിൽ മുറുക്കെ പിടിച്ചു വിയർത്തൊലിച്ചു തല താഴ്ത്തി നിൽക്കുന്ന അവളെ കണ്ടതും അവന് ചിരി വന്നു…. “”മുഖത്തോട്ട് നോക്കെടി….

“”ഇത്തിരി ശബ്ദം ഉയർത്തി പറഞ്ഞപ്പോൾ ഞെട്ടി നോക്കുന്നുണ്ട്… “”നിനക്കെന്നെ പേടിയാണോ….. “”അവളുടെ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി ചോദിച്ചു… ഒരു നിമിഷത്തേക്ക് അങ്ങനെ തന്നെ നിൽക്കുന്നത് കണ്ടു… അടുത്ത നിമിഷം പേടിയോടെ അല്ലെന്ന് തലയാട്ടുന്ന അവളെ കണ്ടപ്പോൾ ഉള്ളിൽ ചിരി പൊട്ടി എങ്കിലും നിയന്ത്രിച്ചു നിന്നു… “”അപ്പൊ നിനക്കെന്നെ പേടിയില്ല… “”അരയിൽ നിന്നും കൈ എടുത്തു മീശയൊന്ന് പിരിച്ചു വെച്ച് ഗൗരവത്തോടെ ചോദിച്ചു… എന്ത് പറയണം എന്നറിയാതെ കണ്ണും മിഴിച്ചു നിൽക്കുന്ന അവളെ കണ്ടപ്പോൾ ചിരിയാണ് വന്നത്…

മുഖം അടുപ്പിക്കുമ്പോൾ പേടിയോടെ കണ്ണുകൾ ഇറുക്കെ അടക്കുന്നത് കണ്ടു… ഒരിളം ചിരിയോടെ അവളുടെ നെറുകയിൽ പതിയെ ചുണ്ട് ചേർത്തു… നെറ്റിയിൽ തണുപ്പ് തോന്നിയപ്പോളാണ് പാറു കണ്ണ് തുറക്കുന്നത്…. കുസൃതി നിറഞ്ഞ ചിരിയോടെ അവളെ നോക്കി ചിരിക്കുന്ന രുദ്രനെ കാണെ പേടി നാണത്തിന് വക മാറിയിരുന്നു. “”ഇപ്പൊ പേടി മാറിയോ…”” അവന്റെ ചോദ്യത്തിന് മറുപടി പറയാതെ ആ നെഞ്ചിലേക്ക് ചാഞ്ഞു നിന്ന്… ആ കൈകൾ തന്നെ ചേർത്ത് പിടിക്കുമ്പോഴും വാരി എടുക്കുമ്പോഴും അവനിലേക്ക് തന്നെ കൂടുതൽ ചേർന്നിരുന്നു… നാണത്തോടെ… പ്രണയത്തോടെ….

പരസ്പരം കൈമാറുന്ന ഒരോ ശ്വാസത്തിനും പ്രണയമുണ്ടെന്ന് തോന്നി… ശരീരത്തിലെ ഒരോ അണുവിലും അവൻ മാത്രം നിറയും പോലെ… അവന്റെ പേര് ചൊല്ലി വിളിക്കും പോലെ…. ഒടുവിലൊരു കിതപ്പോടെ ആ നെഞ്ചിലേക്ക് തന്നെ മുഖം ഒളിപ്പിക്കുമ്പോഴും ആ കൈകൾ പൊതിഞ്ഞു പിടിച്ചിരുന്നു… സുരക്ഷിതത്വത്തോടെ.. 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸 നഗ്നമായ അവന്റെ നെഞ്ചിൽ മുഖം അമർത്തി കിടക്കുകയായിരുന്നു പാറു… എന്തോ ഓർമ്മയിൽ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… കണ്ണുനീരിന്റെ നനവ് നെഞ്ചിൽ തട്ടിയപ്പോഴാണ് രുദ്രൻ കണ്ണ് തുറക്കുന്നത്…

“”പാറുവേ….. എന്താടാ… എന്തിനാ കരയുന്നെ…”” ഒരു കൈ കൊണ്ട് അവളുടെ മുഖം പിടിച്ചുയർത്തി ഇപ്പോഴും കണ്ണീർ തളം കെട്ടി നിൽക്കുന്ന ആ കണ്ണുകളിലേക്ക് അവൻ ആധിയോടെ നോക്കി. “”എന്റെ ചേച്ചിയുടെ അത്രയും ഭാഗ്യവതിയും നിർഭാഗ്യവതിയുമായ പെൺകുട്ടി വേറെ ഉണ്ടാകില്ല അല്ലെ രുദ്രേട്ടാ….. “”ചോദിച്ചു തീർന്നതും അറിയാതെ ഒന്ന് ഏങ്ങി പോയി… അവന്റെ കണ്ണുകളിലും വിഷാദം നിറഞ്ഞു… അവൾ വീണ്ടും അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു… “”അന്നങ്ങനെയൊന്നും ഉണ്ടായിരുന്നില്ല എങ്കിൽ ഇന്നീ ലോകത്തിലെ ഏറ്റവും സന്തോഷവാതിയാകുമായിരുന്നു ചേച്ചി…. പാവമായിരുന്നു…. എല്ലാരേം സ്നേഹിക്കാൻ മാത്രേ അറിയൂ പാവത്തിന്….

തല്ലിച്ചതക്കുമ്പോൾ പോലും എതിർത്തൊരു വാക്ക് പറഞ്ഞില്ല….”” അവൾ വീണ്ടും ആ പഴയ ഓർമ്മയിലേക്ക് പോകുന്നു എന്ന് കണ്ടപ്പോൾ രുദ്രൻ പതിയെ പുറത്ത് തട്ടിക്കൊടുത്തു. .””. ഇപ്പൊ എന്തിനാ അതൊക്കെ ആലോചിക്കുന്നേ…. വിഷമിച്ചാലോ കരഞ്ഞാലോ കഴിഞ്ഞു പോയതൊക്കെ തിരിച്ചു കിട്ടുമോ… ഏട്ടൻ ആ സത്യം അംഗീകരിച്ചു കഴിഞ്ഞു… അതുകൊണ്ടാണ് മടങ്ങി വന്നത്… നീയും ഇനി അംഗീകരിക്കണം പാറു… ഏട്ടൻ പറയും പോലെ ഏട്ടന്റെ പാറുട്ടൻ കരയാൻ പാടില്ല…. ഹ്മ്മ്…..”” “”ഏട്ടനെങ്ങനെയാ ഇങ്ങനെ ഒറ്റക്ക്…. എന്നെങ്കിലും ഒരു കൂട്ട് കിട്ടുമായിരിക്കും അല്ലെ…. “” രുദ്രൻ പറഞ്ഞത് കേട്ടില്ല എന്നതുപോലെ ദൂരേക്ക് മിഴി നട്ട് അവൾ പറഞ്ഞുകൊണ്ടിരുന്നു…

ആ ചോദ്യം അവനിൽ ഒരു മങ്ങിയ ചിരി വിരിയിച്ചു… ജനിച്ച അന്ന് മുതൽ കാണുന്നതാണ് ഏട്ടനെ… കാലമെത്ര കഴിഞ്ഞാലും ചില വേരുകൾ മാത്രം അറുത്തു മാറ്റാൻ പറ്റില്ല…. അവ ഹൃദയത്തോട് അത്രയും ചേർന്നിരിക്കും.. ആത്മാവ് വേർപ്പെടുമ്പോൾ അല്ലാതെ അതിൽ നിന്നൊരു മോചനം ഉണ്ടാകില്ല…. അവനവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു… “”അതൊന്നും എന്റെ പാറു ഇപ്പൊ ആലോചിക്കേണ്ട… ഇനിയും ഉറങ്ങിയില്ലെങ്കിലേ ഉച്ച ആകും എഴുന്നേൽക്കുമ്പോൾ… പിന്നെ ഏട്ടന്റേം അമ്മേടേം ചോദ്യത്തിനൊക്കെ സ്വയം മറുപടി കൊടുക്കേണ്ടി വരും…””. ചെറിയൊരു പൊട്ടിച്ചിരിയോടെ അവൻ പറയുന്നത് കേട്ടപ്പോൾ ആദ്യമൊന്ന് പരിഭവത്തോടെ മുഖം വീർപ്പിച്ചു എങ്കിലും ആ കണ്ണുകളിലെ കുസൃതി കണ്ടപ്പോൾ നാണത്തോടെ വീണ്ടും ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി…

പാറുവിനെ ചേർത്ത് പിടിച്ചു കിടക്കുമ്പോൾ രുദ്രന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…..ഏട്ടന് ഇനിയൊരു കൂട്ട് ഉണ്ടാകില്ല എന്ന് മറ്റാരേക്കാളും നന്നായി തനിക്കറിയാം… പക്ഷേ അതിലൊരിക്കലും വേദന തോന്നുന്നില്ല… അല്ലെങ്കിലും എല്ലാവർക്കും പകരമാകാൻ എല്ലാർക്കും പറ്റില്ല എന്ന പാഠം മനസ്സിനെ പഠിപ്പിച്ചിരുന്നു… നോവ് തോന്നുന്നത് ഭദ്രേച്ചിയെ ഓർക്കുമ്പോൾ മാത്രമാണ്… ഏട്ടനോളം തന്നെ സ്നേഹിച്ചവൾ… അമ്മയുടെ വാത്സല്യം പകർന്നു നൽകിയവൾ….. ആ സ്നേഹത്തിന് പകരമായി മറ്റാർക്കും ഏട്ടനിലേക്ക് കടന്നു വരാൻ പറ്റില്ല… ആ ഹൃദയം എന്നേ താഴിട്ട് പൂട്ടിയിരിക്കുന്നു… ഇനിയൊരിക്കലും തുറക്കാൻ പറ്റാതെ അതിന്റെ താക്കോൽ നഷ്ടപ്പെട്ടിരിക്കുന്നു….

തനിക്കുണ്ടായ നഷ്ടങ്ങളിൽ ആരോടും പരാതിയോ പരിഭവങ്ങളോ ഇല്ലാതെ ഇന്നും അതേ പ്രണയം സൂക്ഷിക്കുന്ന ആ മനുഷ്യന് മുന്നിൽ താൻ വളരെ ചെറുതാണെന്ന് തോന്നി രുദ്രന്….പരിചയപ്പെട്ട നാൾ മുതൽ വേദനിപ്പിച്ചിട്ടേ ഉള്ളൂ താനവളെ പലപ്പോഴും… പൊറുക്കാൻ പറ്റാത്ത വാക്കുകൾ പറഞ്ഞു കുത്തി നോവിച്ചിട്ടേ ഉള്ളൂ… അതും ഒരു തെറ്റ് പോലും ചെയ്യാതെ… താനൊരു അരിമണിയോളം ചെറുതാണ് എന്നവന് തോന്നി….. അവളെ ഒന്ന് കൂടി ചേർത്ത് പിടിക്കുമ്പോൾ പഴയ രുദ്രനിലേക്ക് ഇനിയൊരിക്കലും ഒരു മടങ്ങിപ്പോക്ക് ഇല്ലെന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു… 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

ടെറസിൽ വിരിച്ചിട്ട പായയിൽ മലർന്ന് കിടന്നു ആകാശത്തിലേക്ക് നോക്കുമ്പോൾ ആ നക്ഷത്രങ്ങളൊക്കെ തന്നെ നോക്കി ചിരിക്കുന്നതായി തോന്നി വിഷ്ണുവിന്… അവന്റെ കണ്ണുകൾ അപ്പോഴും ഭ്രാന്തമായി തനിക്കെന്നും കൂട്ട് വരാറുള്ള ഏറ്റവും തെളിമയോടെ പ്രകാശിക്കുന്ന ആ നക്ഷത്രത്തെ കണ്ടു പിടിക്കുന്ന തിരക്കിൽ ആയിരുന്നു… ഒടുവിൽ തന്നെ മറഞ്ഞിരിക്കുന്ന മേഘങ്ങളെ മാറ്റി അവ തനിക്കായി പ്രകാശം ചൊരിയുമ്പോൾ അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു… വിശേഷങ്ങൾ ഓരോന്നും തന്റെ മൌനത്തിൽ ഒളിപ്പിച്ച ചിരിയോടെ അതിനോട് പറയുമ്പോൾ തിരികെ ഒരായിരം കഥകൾ പറയും പോലെ ആ നക്ഷത്രം കൂടുതൽ ശോഭയോടെ തിളങ്ങിയിരുന്നു..

ഒടുവിലെപ്പോഴോ മയങ്ങുമ്പോഴും ആ നക്ഷത്രം അതേ ശോഭയോടെ തിളങ്ങുന്നുണ്ടായിരുന്നു.. അവനായി മാത്രം പുഞ്ചിരിച്ചുകൊണ്ട്… ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അന്നേക്ക് അവനായി തന്റെ പ്രണയം മുഴുവൻ പകുത്തു വെച്ചുകൊണ്ട്…. ചില പ്രണയങ്ങൾ അങ്ങനെയാണ്… ഒരത്ഭുതമാണ്… ദേഹം യാത്ര ആയാലും ദേഹി ഒരിക്കലും അകന്നു പോകാത്ത പ്രണയം….മറ്റൊന്നിനും അവയ്ക്ക് പകരമായി ഒരിടം കണ്ടെത്താൻ കഴിയുകയില്ല… അവസാനത്തെ മിടിപ്പും നിലയ്ക്കും വരെയും കൂടുതൽ കൂടുതൽ ആഴത്തിലേക്ക് അവ നമ്മെ കൂട്ടിക്കൊണ്ട് പോകും. വരും ജന്മത്തിൽ അവരൊന്നാകട്ടെ… ഭദ്രയെന്നും വിഷ്ണുവിന്റേത് മാത്രമായി നിലനിൽക്കട്ടെ….

അവസാനിച്ചു. ഇപ്പോൾ ഈ 68 മത്തെ വയസ്സിലും 35 മത്തെ വയസ്സിൽ തന്നെ വിട്ട് പോയ ഭദ്രക്കായി ജീവിക്കുന്ന മാത്രം ഇന്നും വിഷ്ണുവിന് കഥയിൽ മറ്റൊരു കൂട്ട് കൊടുക്കാൻ തോന്നിയില്ല… വിഷ്ണുവെന്നും ഭദ്രയുടേതാണ്… ഭദ്രയുടെ മാത്രം… ഇഷ്ടമായെങ്കിലും ഇല്ലെങ്കിലും എനിക്കായി നാല് വരി കുറിക്കണേ..❤❤

താന്തോന്നി: ഭാഗം 14

Share this story